ഹെന്റി ഒസാവ ടാനർ
ആഫ്രിക്കൻ-അമേരിക്കൻ ചിത്രകാരനായിരുന്നു ഹെന്റി ഒസാവ ടാനർ. 1859 ജൂൺ 21-ന് പിറ്റ്സ്ബർഗിൽ ജനിച്ചു. 1858 മുതൽ 1908 വരെ ആഫ്രിക്കൻ മെഥെഡിസ്റ്റ് എപ്പിസ്കോപ്പൽ ചർച്ച് ബിഷപ്പായിരുന്ന ബഞ്ചമിൻ ടക്കർ ടാനർ ആണ് പിതാവ്. ഇതു ഹെന്റിക്ക് ബാല്യത്തിലേ തന്നെ ബൈബിൾ ലോകവുമായി ഗാഢമായ ബന്ധമുണ്ടാകുന്നതിനു കാരണമായി. ഇദ്ദേഹത്തിന്റെ രചനകളിൽ ബൈബിൾ സ്വാധീനം ഗണ്യമായി കാണുന്നതിനുള്ള കാരണവും ഇതു തന്നെയാണ്.
ഹെന്റി ഒസാവ ടാനർ | |
---|---|
ജനനം | Henry Ossawa Tanner ജൂൺ 21, 1859 |
മരണം | മേയ് 25, 1937 Paris, France | (പ്രായം 77)
ദേശീയത | American |
അറിയപ്പെടുന്നത് | painting, drawing |
ചിത്രകലാ പഠനം
തിരുത്തുകഹെന്റി ടാനർ, ഫിലാഡൽഫിയയിലെ തോമസ് ഈക്കിൻസിനോടും, പാരീസിലെ ജെ. വി. ലോറൻസ്, ബെഞ്ചമിൻ കോൺസ്റ്റന്റ് എന്നിവരോടുമൊപ്പമാണ് ചിത്രകലാഭ്യസനം നടത്തിയത്. 1895-ൽ സാലനിലായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ ചിത്രപ്രദർശനം. എങ്കിലും ഫോണ (1878-79) എന്ന ചിത്രത്തിലൂടെ ഇദ്ദേഹം ശ്രദ്ധേയനായിക്കഴിഞ്ഞിരുന്നു. സമ്മോഹനമായൊരു പ്രകൃതി പശ്ചാത്തലത്തിലെ മാൻ ആണ് അതിൽ ചിത്രീകരിച്ചിരുന്നത്. പ്രകൃതിയും ജന്തുജാലങ്ങളും തമ്മിലുള്ള ഇഴുകിച്ചേരലിന്റെ ഈ ഭാവം പിൽക്കാല ചിത്രങ്ങളിലെല്ലാം ശൈലീഭേദത്തോടെയാണെങ്കിലും പ്രകടമായിട്ടുണ്ട്. ലയൺസ് ഒഫ് ദ് ഡെസർട്ട് (1897-98) ഇതിനു മികച്ച ഉദാഹരണമാണ്. നാച്വറലിസ്റ്റ് ചിത്രകലയുടെ ഉൾക്കാമ്പുള്ള മാതൃകകൾ ചമച്ച ഇദ്ദേഹം 20-ആം നൂറ്റാണ്ട് ആയപ്പോഴേക്കും ലോകശ്രദ്ധ പിടിച്ചുപറ്റി. ആദരണീയമായൊരു പദവി കൈവരിക്കുന്ന പ്രഥമ നീഗ്രോ ചിത്രകാരൻ കൂടിയാണ് ഇദ്ദേഹം. ബൈബിൾ ആധാരമാക്കിയുള്ള ചിത്രങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ വിഖ്യാതമായ രചനകളേറെയും. ഗുഡ് ഷെപ്പേഡാണ് (1922) ഏറെ ശ്രദ്ധേയമായത്. മറ്റുള്ളവയിൽ ദ് ബഞ്ചോലെസൻ പ്രസിദ്ധമാണ്. ബൈബിളിതര രചനകളിൽ ഛായാചിത്രങ്ങളും പ്രകൃതിദൃശ്യങ്ങളും മൃഗചിത്രങ്ങളുമാണ് മുഖ്യം. 1900 മുതൽ ബൈബിൾ ചിത്രങ്ങൾ മാത്രമായിരുന്നു രചിച്ചിരുന്നത്. ഇവയിൽ പ്രധാനപ്പെട്ടവ ടു ഡിസൈപ്പിൾസ് അറ്റ് ദ് ടൂംബ് (1905-06), മിറാക്യുലസ് ഫാൾ ഒഫ് ഫിഷസ് (1913-14), റിട്ടേൺ ഫ്രം ക്രൂസിഫിക്ഷൻ (1936) എന്നിവയാണ്. ഇദ്ദേഹം വരച്ച ബുക്കർ.ടി. വാഷിങ്ടന്റെയും (1917) സ്വമാതാവിന്റെയും ഛായാചിത്രങ്ങളാണ് ഏറെ ശ്രദ്ധേയം. 1930-ൽ രചിച്ച ഡിസൈപ്പിൾസ് ഹീലിംഗ് ദ് സിക് അതിന്റെ പരീക്ഷണാത്മകതയാൽ പ്രശംസിക്കപ്പെട്ടിട്ടുള്ള ഒന്നാണ്.
പുരസ്കാരങ്ങൾ
തിരുത്തുകനിരവധി പുരസ്കാരങ്ങൾ ഹെന്റിയെ തേടിയെത്തിയിട്ടുണ്ട്. 1915-ൽ ഫ്രഞ്ച് സാലൻ പദവി ലഭിച്ചു. 1923-ൽ ക്രോസ് ഒഫ് ദ് ലീജിയൻ എന്ന ബഹുമതിക്കും ഇദ്ദേഹം അർഹനായി.
കരുത്തുറ്റ രചനാശൈലി
തിരുത്തുകതിളക്കമാർന്നതും കരുത്തുറ്റതുമായ രചനാശൈലിയായിരുന്നു ഇദ്ദേഹത്തിന്റേത്. നിരവധി സ്രോതസ്സുകളിൽ നിന്നെന്ന മാതിരിയുള്ള വെളിച്ചത്തിന്റെ വിന്യാസം രചനകളിലെ മറ്റൊരു സവിശേഷതയാണ്. മിക്ക രചനകളിലും നീലയുടെയും ഹരിത നീലയുടെയും പ്രയോഗം ധാരാളമായിക്കാണുന്നു. ഇദ്ദേഹത്തിന്റെ പ്രമുഖ രചനകൾ ഫിലാഡൽഫിയ മ്യൂസിയം ഒഫ് ആർട്ട്, ലോസ് ആഞ്ചലസ് കൗണ്ടി മ്യൂസിയങ്ങൾ, ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചിക്കാഗോ, മെട്രോപ്പോളിയൻ മ്യൂസിയം ഒഫ് ആർട്ട് (ന്യൂയോർക്ക്) എന്നിവിടങ്ങളിലുണ്ട്.
ചിത്രരചനയിലൂടെ എന്നതു പോലെതന്നെ നിരവധി കലാസാംസ്കാരിക സംഘങ്ങളിലൂടെയും ഇദ്ദേഹം കലാരംഗത്തെ പരിപോഷിപ്പിച്ചിട്ടുണ്ട്. 1937 മേയ് 25-ന് പാരീസിൽ അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] Images for Henry Ossawa Tanner
- http://www.artchive.com/artchive/T/tanner.html
- http://www.pafa.org/tanner/ Archived 2012-04-18 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാനർ, ഹെന്റി ഒസാവ (1859 - 1937) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |