സുൽത്താൻ ബത്തേരി
11°40′N 76°17′E / 11.67°N 76.28°E കേരളത്തിൽ വയനാട് ജില്ലയുടെ തെക്കുകിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് സുൽത്താൻ ബത്തേരി. സുൽത്താൻ ബത്തേരി നഗരസഭ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്, സുൽത്താൻ ബത്തേരി താലൂക്ക്, എന്നിവയുടെ ആസ്ഥാനം ഇവിടെയാണ്.
സുൽത്താൻ ബത്തേരി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | വയനാട് |
മുൻസിപ്പാലിറ്റി ചെയർമാൻ | ശ്രീ. ടി കെ രമേശ് |
ജനസംഖ്യ • ജനസാന്ദ്രത |
45,417 (2011[update]) • 444/km2 (1,150/sq mi) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
102.24 km² (39 sq mi) • 907 m (2,976 ft) |
വയനാട് ജില്ലയിൽ ആകെയുള്ള മൂന്ന് താലൂക്ക്, നിയമസഭാമണ്ഡലം, നഗരസഭ എന്നിവയിലൊന്നാണ് സുൽത്താൻ ബത്തേരി. കൽപ്പറ്റ, മാനന്തവാടി എന്നിവയാണ് മറ്റുള്ള രണ്ടെണ്ണം.
വയനാട് ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ഇവിടം തമിഴ്നാട്, കർണ്ണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രമാണ് കേരളത്തിലെ എല്ലാ സഥലങ്ങളിൽ നിന്നും ജനങ്ങൾ കുടിയേറിപ്പാർക്കുന്ന പ്രദേശം. ഏതെങ്കിലും ഒരു വിഭാഗത്തിനു ഭൂരിപക്ഷമുണ്ടെന്ന് പറയാൻ കഴിയില്ല. ജനസംഖ്യയിൽ മൂന്നിലൊന്ന് മുസ്ലീങ്ങളും, അഞ്ചിലൊന്നു ക്രിസ്ത്യാനികളും ആണ്. ശേഷിക്കുന്നവർ ഹിന്ദുക്കളും ആദിവാസികളുമാണ്. ഹിന്ദുക്കളിലെ എല്ലാ ജാതിക്കാരും ഇവിടെയുണ്ട്. വിവിധ വിഭാഗം ജനങ്ങൾ തമ്മിൽ പരസ്പരം നല്ല ബന്ധമാണുള്ളത്.
ആദിവാസികൾ
തിരുത്തുകകേരളത്തിലെ ആദിവാസികളിൽ ഭൂരിഭാഗവും ഇന്ന് താമസിക്കുന്നത് സുൽത്താൻ ബത്തേരി ഉൾപ്പെട്ട വയനാട് ജില്ലയിലാണ്. പണിയ,കാട്ടു നായ്ക്ക,കുറുമ,ഊരാളി എന്നീ വിഭാഗം ആദിവാസികളാണ് ഇവിടെയുള്ളത്. ഇതിൽ കുറുമർ സ്വന്തമായി ഭൂമിയുള്ളവരും വിദ്യാഭ്യാസപരമായി ഉയർന്നവരുമാണ്. വർധിച്ച ആദിവാസി ജനസംഖ്യ കണക്കിലെടുത്ത് സുൽത്താൻ ബത്തേരി' നിയമസഭാ മണ്ഡലം ആദിവാസികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. കുടിയേറ്റത്തിന്റെ ഫലമായി ഏറ്റവുമധികം ദുരിതമനുഭവിച്ചത് ആദിവാസികളാണ്.
കാലാവസ്ഥ
തിരുത്തുകമിത-ശീതോഷ്ണ കാലാവസ്ഥയാണുള്ളത്. വർഷം മുഴുവൻ അമിതമായ ചൂടോ അമിതമായ തണുപ്പോ ഇവിടെ അനുഭവപ്പെടാറില്ല. വർഷത്തിൽ 2322 മില്ലിമീറ്റർ ശരാശരി മഴ ലഭിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി അന്തരീക്ഷ താപം 290Cനും 180Cനും ഇടക്ക് ആണു. ഹുമിഡിറ്റി മൺസൂൺ കാലത്ത് 95% വരെ എത്താറുണ്ട്. കാലാവസ്ഥയെ പ്രധാനമായും നാലു ഋതുക്കളായി തിരിക്കാം.1.തണുപ്പുകാലം (ഡിസംബർ-ഫെബ്രുവരി)2.ചൂടു കാലം (മാർച്ച്-മെയ്) 3 തെക്കു പടിഞ്ഞാറൻ മൺസൂൺ(ജൂൺ-സെപ്റ്റംബർ)4 വടക്കു കിഴക്കൻ മൺസൂൺ ഒൿടോബർ-നവംബർ)
വർഷപാതം
തിരുത്തുകമാസം | ജനുവരി | ഫെബ്രുവരി | മാർച്ച് | ഏപ്രിൽ | മെയ് | ജൂൺ | ജൂലായ് | ഓഗസ്റ്റ് | സെപ്റ്റംബർ | ഒക്ടോബർ | നവംബർ | ഡിസംബർ |
മഴ വർഷം മില്ലിമീറ്ററിൽ. | 13.6 | 13.6 | 13.6 | 118.1 | 58.4 | 607.9 | 378.1 | 626 | 249.9 | 122.4 | 43.3 | 1 |
പേരിനു പിന്നിൽ
തിരുത്തുകപോർച്ചുഗീസ് ഭാഷയിലെ ബത്തേറിയ (Batteria) എന്ന പദത്തിൽ നിന്നാണ് ബത്തേരിയെന്ന പേര് ഉണ്ടായത്. മുൻപ് കന്നഡ ഭാഷയിൽ ഹന്നരഡു വീധി[1] എന്നറിയപ്പെട്ട ഈ സ്ഥലത്തെ ടിപ്പു സുൽത്താൻ ഒരു ആയുധപ്പുര (ബാറ്ററി) ആയി ഉപയോഗിച്ചിരുന്നത്. സുൽത്താന്റെ ആയുധ പുര (സുൽത്താൻസ് ബാറ്ററി) എന്ന് അർത്ഥത്തിൽ കാലക്രമത്തിൽ അത് സുൽത്താൻ ബത്തേരിയെന്നാവുകയായിരുന്നു.
എങ്ങനെ എത്തിച്ചേരാം
തിരുത്തുകകേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും 476 കിലോമീറ്റർ അകലെയാണ് സുൽത്താൻ ബത്തേരി. കോഴിക്കോട് പട്ടണത്തിൽ നിന്നും 96 കിലോമീറ്ററും മൈസൂരിൽ നിന്ന് 115 കിലോമീറ്ററും ആണ് സുൽത്താൻ ബത്തേരിയിലേക്കുള്ള ദൂരം. കോഴിക്കോട് നിന്ന് മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ സുൽത്താൻ ബത്തേരി വഴിയാണ് കടന്നു പോകുന്നത്. മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക താലൂക്കാണ് സുൽത്താൻ ബത്തേരി. സുൽത്താൻ ബത്തേരിയിലേക്കു ബാംഗളൂർ, മൈസൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും എപ്പോഴും ബസ്സുകൾ ലഭ്യമാണ്.
ചരിത്രം
തിരുത്തുക
വയനാട്ടിലെ ബ്രിട്ടീഷ് ഭരണത്തിന് രണ്ട് കാലഘട്ടങ്ങളുണ്ട്. ആദ്യത്തേത് പഴശ്ശിരാജയുടെ കൈയിൽനിന്ന് ലഭിച്ച വയനാടൻ പ്രദേശങ്ങൾ ഭരിച്ചിരുന്ന ഈസ്റിന്ത്യാ കമ്പനി ഭരണകാലം. 1858-ൽ ഈസ്റിന്ത്യാ കമ്പനിയുടെ കൈയിൽ നിന്ന് രാജ്ഞി നേരിട്ട് ഭരണം ഏറ്റെടുക്കുന്നതുവരെ അത് തുടർന്നു. പിന്ന 1947 വരെ മലബാർ കലക്ടറുടെ ബ്രിട്ടീഷ് ഭരണമായിരുന്നു വയനാട്ടിൽ. വയനാട്ടിലെ ബ്രിട്ടീഷ് ആധിപത്യത്തിന് മുമ്പു തന്ന സമ്പന്നമായ ഒരു ജനപദസംസ്കാരം വയനാടിനുള്ളതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. നവീനശിലായുഗ സംസ്കാരം വയനാട്ടിൽ നിലനിന്നിരുന്നതിന്റെ തെളിവായി എടക്കൽ ഗുഹാചിത്രങ്ങളും നിലകൊള്ളുന്നു. വയനാട്ടിൽ ആദ്യമായി ഒരു റവന്യു സെറ്റിൽമെന്റിന് തുടക്കം കുറിച്ചത് തലശ്ശേരി സബ്ബ്കലക്ടറായിരുന്ന റ്റി.എച്ച്.ബാലൻ ആണെന്ന് എച്ച്.എസ് ഗ്രാമെയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. [അവലംബം ആവശ്യമാണ്]ഗ്രാമെയുടെ കാലത്ത് മുന്നനാട്, മുത്തൂർനാട്, ഇളങ്കൂർനാട്, നല്ലൂർനാട്, ഇടനാശങ്കൂർ, പോരന്നൂർ, കുറുമ്പാല, വയനാട്, നമ്പിക്കൊല്ലി, ഗണപതിവട്ടം എന്നീ ഡിവിഷനുകളാണ് ഉണ്ടായിരുന്നത്. ഭരണസൌകര്യത്തിനുവേണ്ടി ഇവയെ പുതിയ അംശങ്ങളായി വിഭജിക്കുകയും ഉണ്ടായി. ഗണപതിവട്ടമെന്ന സ്ഥലത്തിന്റെ പ്രാധാന്യവും പ്രസക്തിയും പലപ്പോഴായി റിപ്പോർട്ടുകളിൽ സൂചിപ്പിക്കപ്പെടുന്നുണ്ട്. ‘ഗണപതിപാളയം’[അവലംബം ആവശ്യമാണ്] എന്ന സ്ഥലത്തെ പോലീസ് പിക്കറ്റിനെകുറിച്ചും ബ്രിട്ടീഷ് രേഖകളിൽ പരാമർശിപ്പെടുണ്ട്.ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടക്കാലത്ത് പാതയോരത്ത് നിലനിന്നിരുന്ന ഗണപതിവട്ടമെന്ന സ്ഥലമാണ് പിൽക്കാലത്ത് സുൽത്താൻ ബത്തേരി ആയിമാറിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗണപതി ക്ഷേത്രം തന്നയാണ് ഈ പ്രദേശത്തെ ഗണപതിവട്ടമാക്കി മാറ്റിയത് എന്നു വിശ്വിസിക്കുന്നു. ചെറിയ ജനപദമെന്ന രീതിയിൽ ദശാബ്ദങ്ങൾ അറിയപ്പെട്ടിരുന്ന ഗണപതിവട്ടം എന്ന സ്ഥലത്ത് ടിപ്പുസുൽത്താന്റെ ആയുധപ്പുര ഉണ്ടായിരുന്നതുകൊണ്ടാവണം പിൽക്കാല ചരിത്രമെഴുതിയ ബ്രിട്ടീഷുകാർ സുൽത്താന്റെ ആയുധപ്പുര എന്നർത്ഥത്തിൽ സുൽത്താൻസ് ബാറ്ററി എന്ന പേരിട്ടത്. പ്രസ്തുത കാലഘട്ടത്തിലെ ഒരു വാണിജ്യ കേന്ദ്രമായും മൈസൂറിലേക്കുള്ള പാതയിലെ ഒരിടത്താവളമായും വനഭൂമിക്കിടയിലെ ഈ നാട്ടുതുരുത്ത് അറിയപ്പെട്ടുവെന്നു വിശ്വസിക്കാം. മദ്ധ്യകാലഘട്ടത്തിലെ നഗരങ്ങൾ വളർന്നുവന്ന രീതിയിൽ നാലും കൂടിയ വഴിക്ക് ചുറ്റുമായും, പ്രധാന പാതയോരത്തായും, ആരാധനാകേന്ദ്രത്തിന് ചുറ്റുമായും ഗണപതി വട്ടം വളരുകയായിരുന്നു. 1934-ൽ കിടങ്ങനാട് പഞ്ചായത്ത് സ്ഥാപിക്കപ്പെട്ടു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ ഭരണത്തിൽ നിന്ന,് ഗണപതിവട്ടം കിടങ്ങനാട് പഞ്ചായത്തിന്റെ ഭരണത്തിലേക്ക് മാറി. കിടങ്ങനാട് പഞ്ചായത്ത് വിഭജിച്ചാണ് 1968 ൽ നൂൽപ്പുഴ പഞ്ചായത്തും 1974 ൽ നെൻമേനി പഞ്ചായത്തും 1968 ൽ സുൽത്താൻബത്തേരി പഞ്ചായത്തും രൂപീകരിക്കപ്പെട്ടത്. ഹിന്ദു, മുസ്ളീം, ക്രിസ്ത്യൻ ജനവിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ പുതിയ ആരാധനാ കേന്ദ്രങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നു വന്നു. സുൽത്താൻബത്തേരി സംസ്കാരങ്ങളുടെ സംഗമമായിരുന്നന്നതിന് പഴയ ചരിത്രത്തിന്റെ സ്മാരകമായി നിലകൊളളുന്ന ഗണപതിക്ഷേത്രവും, ജൈന ആരാധനാ ക്ഷേത്രവും, മലങ്കര പള്ളിയും ഉദാഹരണങ്ങളാണ്. തമിഴ്, കർണ്ണാടക, കുടക് ഗ്രാമങ്ങളിലൂടെയായി മദ്ധ്യകാലം മുതലേ സുൽത്താൻബത്തേരിയും വയനാടിന്റെ ഇതരഭാഗങ്ങളും ബന്ധം പുലർത്തിയിരുന്നതായി തെളിവുകളുണ്ട്. മദ്ധ്യകാല ജനപ്രയാണങ്ങളുടെ കഥപറയുന്ന വീരക്കല്ലുകൾ, കാടിനുള്ളിൽ ചിതറികിടക്കുന്ന പഴയ തടയണകളുടെ മാതൃകകൾ, എല്ലാം സുൽത്താൻബത്തേരിയെ പ്രാചീന ചരിത്ര സംസ്കാരങ്ങളുടെ സംഗമസ്ഥാനമെന്ന് വിളിക്കുന്നു.നവീന ശിലായുഗം മുതൽ ബത്തേരിയിൽ സമ്പന്നമായ ഒരു സംസ്ക്കാരം ഊട്ടി വളർത്തിയത് ആദിവാസികളാണ്, ബ്രിട്ടീഷ് ഭരണവർഗ്ഗവും, കുടിയേറ്റ ജനങ്ങളും, സൈനിക സേവനത്തിനായി ജീവിതം ഉഴിഞ്ഞു വെച്ചതിന് പ്രതിഫലമായി കിട്ടിയ മണ്ണിലേക്കെത്തിയ കോളനിക്കാരും, ഉദ്യോഗസ്ഥ വർഗ്ഗവും എല്ലാം ചേർന്നാണ് സുൽത്താൻ ബത്തേരിയുടെ ചരിത്രത്തെ പൂർണ്ണമാക്കുന്നത്. 20ാംനൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ തന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ആദ്യ തുടിപ്പുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 1920 കളിലെ ശ്രമഫലമായി മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ സുൽത്താൻ ബത്തേരിയിൽ ഒരു എൽ.പി.സ്കൂൾ ഉയർന്നുവന്നു.സുൽത്താൻ ബത്തേരിയിലേക്ക് പ്രധാന നഗരമായ കോഴിക്കോട്ടുനിന്നുള്ള യാത്ര 1940 വരെ കാളവണ്ടിയിൽ ആയിരുന്നങ്കിലും അതിനുശേഷമുള്ള കാലത്താണ് ആധുനിക ബസ് സർവ്വീസ് നിലവിൽ വന്നത്. അന്നുമുതൽ ഇന്നുവരെയുള്ള കാലയളവിൽ നാടിന്റെ പുരോഗതി അസൂയാവഹമായിരുന്നു. പണ്ടുമുതൽ തന്ന ഈ പ്രദേശം തികച്ചും ഇവിടുത്തെ ആദിവാസികളായ ചെട്ടിമാർ, പണിയർ, കുറുമർ, ഊരാളി നായ്ക്കർ എന്നീ വിഭാഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നു. ആദിവാസികളിൽ പല വിഭാഗീയ ജാതികളുണ്ടെങ്കിലും അവരുടെ പ്രധാന തൊഴിൽ കൃഷി ആണ്. സുൽത്താൻ ബത്തേരിയിൽ 26 ക്ഷേത്രങ്ങളും 15 ക്രിസ്ത്യൻ പള്ളികളും 15 മുസ്ളിം പള്ളികളുമുണ്ട്. ഏകദേശം 2000 വർഷത്തിലേറെ പഴക്കം ചെന്ന ജൈനക്ഷേത്രം സുൽത്താൻബത്തേരിയിൽ ഉണ്ട്. പുരാവസ്തു വകുപ്പിന്റെ കൈവശം ഉള്ള ഈ കേന്ദ്രത്തിൽ ക്ഷേത്രാചാരങ്ങൾ അല്ലാതെ ഉത്സവാഘോഷങ്ങൾ നടക്കാറില്ല. ഉത്സവാഘോഷങ്ങളിൽ എടുത്ത് പറയാവുന്നത് സുൽത്താൻ ബത്തേരി മാരിയമ്മൻ കോവിലിലെ ഉത്സവമാണ്. ഇത് ബത്തേരിയുടെ ദേശീയോത്സവമായി കണക്കാക്കപ്പെടുന്നു. ഇതുപോലെ ബത്തേരി മഹാഗണപതിക്ഷേത്രം, കുപ്പാടി ദേവീക്ഷേത്രം, കരിവള്ളിക്കുന്ന് ക്ഷേത്രം എന്നിവിടങ്ങളിൽ വളരെ ആഘോഷപൂർവ്വം ഉത്സവങ്ങൾ നടന്നുവരാറുണ്ട.് പഴപ്പത്തൂർ ക്ഷേത്രത്തിൽ തെയ്യവും ഉണ്ടാകാറുണ്ട്. [2]
1400 എ ഡി മുതൽ ഈ പട്ടണത്തിൽ ജനവാസം ആരംഭിച്ചതായി തെളിഞ്ഞിട്ടുണ്ട്. കർണ്ണാടകത്തിൽ നിന്നും വന്ന ജൈനരാണ് ഇവിടുത്തെ ആദ്യ കുടിയേറ്റക്കാർ എന്നു കരുതപ്പെടുന്നു. നേരത്തെ ആദിവാസികൾ മാത്രമുണ്ടായിരുന്ന സുൽത്താൻ ബത്തേരിക്ക് ഹെന്നരു ബീഡികെ എന്ന പേരു നൽകിയതു ജൈനരാണ്. ഇവർ ഗതാഗതത്തിനു ഉപയോഗിച്ചിരുന്ന കാനന പാത പിന്നീടു ടിപ്പു സുൽത്താൻ വികസിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാതകളിലൊന്നായ ഈ പാത പിന്നീടു വി പി സിങിന്റെ ഭരണ കാലത്ത് ഉപരിതല ഗതാഗത മന്ത്രിയായിരുന്ന കെ പി ഉണ്ണിക്കൃഷ്ണൻ ദേശീയ പാതയാക്കി (ദേശീയപാത 212 ) ഉയർത്തി. എന്നാൽ ഇപ്പോൾ രാത്രി കാലങ്ങളിൽ ഈ പാത കർണാടക സർക്കാർ അടയ്ക്കുന്നതിനാൽ ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടിലാണ്. 1980 മുതൽ ഈ പട്ടണത്തിന്റെ വളർച്ച പെട്ടെന്നായിരുന്നു. മൂന്നു പതിറ്റാണ്ടുകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് പദവിയിലിരുന്ന മുസ്‌ലിം ലീഗ് മുൻ ജില്ലാ ജനറൽ സെക്രട്ടറി പി.സി അഹമ്മദ് ഹാജി വയനാടിന്റെയും സുൽത്താൻ ബത്തേരിയുടെയും സമഗ്രവികസനത്തിലും പുരോഗതിയിലും സുപ്രധാന പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു. പഞ്ചായത്ത് ഓഫിസ് കെട്ടിടം, ബസ് സ്റ്റാൻഡ്, മത്സ്യ-മാംസ മാർക്കറ്റ്, താലൂക്ക് ഗവ. ആശുപത്രി, പഞ്ചായത്ത് സ്റ്റേഡിയം, കമ്മ്യൂനിറ്റി ഹാൾ, കേരളത്തിലെ ആദ്യത്തെ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, കേരളത്തിലെ ആദ്യത്തെ ലക്ഷംവീട് കോളനി തുടങ്ങി ഒട്ടേറെ ചെറുതും വലുതുമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞ പി.സി ആധുനിക സുൽത്താൻ ബത്തേരിയുടെ ശിൽപ്പിയാണ്
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ടെക്നിക്കൽ ഹൈ സ്കൂൾ സുൽത്താൻ ബത്തേരി
- ദ ഗ്രീൻഹില്സ് പബ്ലിക് സ്കൂൾ, മൂലങ്കാവ്
- ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കല്ലൂർ
- സർവ്വജന ഹയർ സെക്കണ്ടറി സ്കൂൾ
- അസംപ്ഷൻ സ്കൂൾ
- സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ്
- സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം വിദ്യാലയം
- ഐഡിയൽ ഇംഗ്ലിഷ് സ്കൂൾ
- ഡോൺ ബോസ്കോ കോളേജ് സുൽത്താൻ ബത്തേരി
- ഡോൺ ബോസ്കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്�, സുൽത്താൻ ബത്തേരി
- മാർ ബസലിഔസ് ബി.എഡ് കോളേജ്, സുൽത്താൻ ബത്തേരി
- WM0 ദാറുൽ ഉലൂം അറബിക് കോളേജ് സുൽത്താൻ ബത്തേരി
- w mo CBSC ഇംഗ്ലീഷ് സീനിയർ സെക്കണ്ടറി സ്കൂൾ , ബത്തേരി
- ഭാരതീയ വിദ്യാഭവൻ ബത്തേരി
- ഗവ.ഹൈസ്കൂൾ കുപ്പാടി
നഗരസഭ
തിരുത്തുകഎൽ.ഡി.എഫ് ആണ് നഗരസഭ ഭരിക്കുന്നത്. എൽ.ഡീ.എഫ് ന് 23 ഉം യൂ.ഡീ.എഫ് നു 11 സീറ്റും ആണുള്ളത്.
▪️ ചെയർമാൻ: ശ്രീ. ടി കെ രമേശ്
▪️ വൈസ് ചെയപേഴ്സൺ: ശ്രീമതി. എൽസി പൗലോസ്
നമ്പർ: | പേര് | പാർട്ടി | വർഷം | ഡിവിഷൻ |
---|---|---|---|---|
1 | സി.കെ സഹദേവൻ | സി.പി.ഐ(എം) | 2015 - 2018 | ബീനാച്ചി |
2 | ടി. എൽ സാബു | കേരളാകോൺഗ്രസ് (മാണി) | 2018 - 2020 | കട്ടയാട് |
3 | ടി കെ രമേശ് | സി.പി.ഐ(എം) | 2020 - തുടരുന്നു | ദോട്ടപ്പങ്കുളം |
1962ൽ സ്ഥാപിതമായതു മുതൽ ബത്തേരി പഞ്ചായത്ത് യു.ഡി.എഫിന്റെ കുത്തകയായിരുന്നു. പി.സി. അഹമ്മദ് ഹാജി ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. ഡി.ഐ.സി.യുടെ സഹായത്തോടെ 2005ൽ എട്ടുമാസം മാത്രമാണ് എൽ.ഡി.എഫ് ഭരണത്തിലിരുന്നത്. സി.കെ. സഹദേവനായിരുന്നു പ്രസിഡന്റ്. 2015 ൽ ആണ് നഗരസഭയായത്.
പ്രധാന ആകർഷണങ്ങൾ
തിരുത്തുകവന്യ ജീവി സങ്കേതം.വയനാട് വന്യജീവി സങ്കേത്തിൽ ഉൾപെടുന്ന വനമേഖലയാണ് സുൽത്താൻ ബത്തേരിയുടെ വടക്കെ അതിർത്തി.നീലഗിരി ബയോസ്ഫിയർ മേഖലയിൽപ്പെട്ട ഇവിടുത്തെ കാട് കടുവ,പുലി ,ആന,കാട്ടുപോത്ത്,കരടി,മലയണ്ണാൻ,കാട്ടാട്,വിവിധതരംമാനുകൾ , കുരങ്ങുകൾ, രാജവെമ്പാല ഉൾപ്പെടെയുള്ള ഉരഗ ജീവികൾ, വ്യത്യസ്ത തരം പക്ഷികൾ ,അപൂർവ്വ ഔഷധസസ്യങ്ങൾ,വിവിധ തരം മരങ്ങൾ ,മുള ഉൾപ്പെടെയുള്ള പുല്ല് വർഗ്ഗങ്ങൾ എന്നിവയുടെ അപൂർവ്വ കലവറയാണ് . * ജൈനക്ഷേത്രം : ഇവിടെ മനോഹരമായ ചില കൊത്തുപണികൾ ഉണ്ട്. ഈ ജൈന ക്ഷേത്രത്തിനോടു ചേർന്നുള്ള കിണറിൽ നിന്ന് മൈസൂരിലേക്ക് ടിപ്പു സുൽത്താൻ ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. * അമ്പുകുത്തി മല: സുൽത്താൻ ബത്തേരിക്ക് 12 കിലോമീറ്റർ അകലെയായി ഉള്ള ഈ മലയിൽ ഏകദേശം 1 കിലോമീറ്റർ മുകളിലായി നവീന ശിലായുഗ കാലഘട്ടത്തിലെ ചുമർ ചിത്രങ്ങളുള്ള ഇടക്കൽ ഗുഹയുണ്ട്. ഇടക്കൽ ഗ്രാമത്തിൽ നിന്ന് 1 കിലോമീറ്റർ അകലെയാണ് അമ്പുകുത്തി മല.
വിവിധ സ്ഥലങ്ങളിലേക്കുള്ള ദൂരം
തിരുത്തുകബെംഗളൂരു | 240 |
മൈസൂരു | 115 |
കോഴിക്കോട് | 98 |
ഊട്ടി | 94 |
മീനങ്ങാടി | 12 |
കൽപ്പറ്റ | 25 |
മാനന്തവാടി | 45 |
പൂക്കോട് തടാകം | 42 |
എടക്കൽ ഗുഹ | 12 |
ചെമ്പ്ര പീക്ക് | 42 |
മുത്തങ്ങ | 16 |
കാരാപ്പുഴ ഡാം | 16 |
സൂചിപ്പാറ വെള്ളച്ചാട്ടം | 28 |
കുറുവ ദ്വീപ് | 37 |
പക്ഷിപാതാളം | 71 |
പൈതൃക മ്യൂസിയം | 10 |
ചങ്ങല മരം | 41 |
കോറോം പള്ളി | 38 |
പഴശ്ശി കുടീരം | 42 |
ജൈനക്ഷേത്രം | 0 |
ഇതും കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Wynad, its peoples and traditions by C. Gopalan Nair (Jan 1, 1911)
- ↑ https://sulthanbatherymunicipality.lsgkerala.gov.in/ml/history
- ↑ http://suprabhaatham.com/%E0%B4%93%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%86%E0%B4%A7%E0%B5%81%E0%B4%A8%E0%B4%BF%E0%B4%95-%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87/
ചിത്രശാല
തിരുത്തുക-
വയനാട് ചുരം
-
വയനാട് ചുരം രാത്രി
-
തേയിലത്തോട്ടം
-
എടക്കൽ ഗുഹാചിത്രങ്ങൾ
-
മൈസൂർ സുൽത്താൻ ബത്തേരി റോഡ്