പുലാമന്തോൾ ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം

(ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം, പുലാമന്തോൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ, മഹാവിഷ്ണുവിന്റെ അവതാരവും ആയുർവേദത്തിന്റെ ആധാരദേവനുമായ ധന്വന്തരിമൂർത്തി പ്രതിഷ്‌ഠയായിട്ടുള്ള  അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് മലപ്പുറം ജില്ലയിലെ പുലാമന്തോളിൽ സ്ഥിതിചെയ്യുന്ന ശ്രീ രുദ്ര-ധന്വന്തരി ക്ഷേത്രം[അവലംബം ആവശ്യമാണ്]. തൂതപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രുദ്രനായ പരമശിവനും ധന്വന്തരിമൂർത്തിയും തുല്യപ്രാധാന്യത്തോടെ കുടികൊള്ളുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്. അഷ്ടവൈദ്യന്മാരിലൊരാളായ പുലാമന്തോൾ മൂസ്സിന്റെ കുടുംബക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിൽ ഭജനമിരുന്നു മൃത്യുഞ്ജയഹോമവും ധന്വന്തരിപൂജയും നടത്തുന്നത് ആയുരാരോഗ്യത്തിന് ഉത്തമമാണെന്ന് ഭക്തർ വിശ്വസിക്കുന്നു.

ശ്രീ രുദ്ര-ധന്വന്തരി ക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:മലപ്പുറം ജില്ല
പ്രദേശം:പുലാമന്തോൾ
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::ധന്വന്തരി, ശിവൻ

ഐതിഹ്യംതിരുത്തുക

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പരാമർശിച്ചിട്ടുള്ളതാണ് ഈ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ. അതിങ്ങനെ:

ആദ്യകാലത്ത് ക്ഷേത്രത്തിൽ ശിവന്റെ പ്രതിഷ്ഠ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയിരിയ്ക്കേ ഒരിയ്ക്കൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവിനു കലശലായ വയറു വേദന പിടിപെട്ടു. വിവിധ വൈദ്യന്മാർ ചികിൽസിച്ചിട്ടും മാറിയില്ല. മഹാരാജാവ് തന്റെ സേവകനെ അഷ്ടവൈദ്യൻ പുലാമന്തോൾ മൂസ്സിന്റെ മനയിലേക്കു പറഞ്ഞയച്ചു. സേവകൻ വന്ന സമയത്ത് മനയിൽ ഉപനയനം കഴിയാത്ത ഒരു ബാലനും മാത്രമേ ഉണ്ടായിരുന്നുള്ളു. മാതാവിന്റെ നിർദ്ദേശപ്രകാരം കുടുംബ ക്ഷേത്രത്തിൽ 12 ദിവസം ഭജന കൂടിയ ശേഷമേ പോകാവൂ എന്ന് മഹാരാജാവിന്റെ സേവകനോട് പറഞ്ഞ ശേഷം ബാലൻ  കുടുംബക്ഷേത്രത്തിൽ 12 ദിവസം ഭജന ഇരുന്നു. പന്ത്രണ്ടാം ദിവസം ഒരു സന്യാസി രൂപത്തിൽ പ്രത്യക്ഷപ്പെട്ട ശിവഭഗവാൻ, മൂന്നു ഗുളികകൾ ബാലന് നൽകി. ഈ ഗുളികകൾ കഴിച്ച മഹാരാജാവിന്റെ വയറുവേദന നിശ്ശേഷം മാറി. സന്തോഷവാനായ മഹാരാജാവ് നൽകിയ സമ്മാനങ്ങൾ സ്നേഹത്തോടെ നിരസിച്ച മൂസ്സിന്റെ ആവശ്യപ്രകാരം ക്ഷേത്രത്തിനോട് ചേർന്ന് ഒഴുകുന്ന തൂതപ്പുഴയിൽ ഉണ്ടായിരുന്ന ധന്വന്തരിയുടെ വിഗ്രഹം കണ്ടെടുത്തു ശിവന്റെ ശ്രീകോവിലിനടുത്ത് പുതിയ ശ്രീകോവിൽ പണിയിച്ച് പ്രതിഷ്ഠിച്ചു. കാലാന്തരത്തിൽ ഇരു മൂർത്തികൾക്കും തുല്യപ്രാധാന്യം ലഭിച്ചു.[1]

അവലംബംതിരുത്തുക

  1. "Pulamanthole Sree Rudra Dhanwanthari Temple (പുലാമന്തോൾ ശ്രീ രുദ്ര-ധന്വന്തരി കോവിൽ) Pulamanthole, Malappuram" (ഭാഷ: ഇംഗ്ലീഷ്). desibantu. 2011-12-01. ശേഖരിച്ചത് 7 August 2018.