വുൾഫ് ടോണി അയർലണ്ടിലെ ദേശസ്നേഹിയായ വിപ്ലവകാരിയായിരുന്നു. തിയൊബാൾഡ് വുൾഫ് ടോണി എന്നാണ് അദ്ദേഹത്തിന്റെ പൂർണനാമം. പീറ്റർ ടോണിയുടെ മകനായി 1763 ജൂൺ 20-ന് ഇദ്ദേഹം ഡബ്ലിനിൽ ജനിച്ചു. ഡബ്ലിനിലെ ട്രിനിറ്റി കോളജിൽ നിന്നും ബിരുദമെടുത്തു (1785). തുടർന്ന് നിയമബിരുദമെടുത്ത് 1789-ൽ അഭിഭാഷകവൃത്തിയിലേർപ്പെട്ടു.

വുൾഫ് ടോണി
ജനനം20 June 1763
Dublin, Ireland
മരണം19 November 1798
Provost's Prison, Dublin, Ireland
ജോലിക്കാലം1791-1798
പദവിAdjutant General

രാഷ്ട്രീയ പ്രവേശനംതിരുത്തുക

രാഷ്ട്രീയത്തിൽ ആകൃഷ്ടനായ അദ്ദേഹം ഗവൺമെന്റിനെ വിമർശിച്ചുകൊണ്ട് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. കത്തോലിക്കരുടെ രാഷ്ട്രീയാവകാശങ്ങൾക്കുവേണ്ടിയും വാദിച്ചിരുന്നു. തോമസ് റസ്സലിനോടും ജെയിംസ് നാപ്പർ ടാൻഡിയോടും ചേർന്ന് അദ്ദേഹം ബെൽഫാസ്റ്റിൽ 1791 ഒക്ടോബറിൽ യുണൈറ്റഡ് ഐറിഷ് മെൻ എന്ന സംഘടനയ്ക്കു രൂപം നൽകി. ബ്രിട്ടനിൽനിന്ന് അയർലണ്ടിനെ സ്വതന്ത്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന രൂപവത്ക്കരിച്ചത്. ജനാധിപത്യ മാതൃകയിൽ പാർലമെന്ററി പരിഷ്ക്കാരങ്ങൾ നടപ്പാക്കുവാൻ സംഘടന ആദ്യം ശ്രമിച്ചു. ഫ്രഞ്ചുവിപ്ലവത്തിന്റെ സ്വാധീനം സംഘടനയെ വിപ്ലവമാർഗ്ഗത്തിലേക്കു നയിച്ചു. ഗ്രേറ്റ് ബ്രിട്ടനും ഫ്രാൻസും തമ്മിൽ യുദ്ധമുണ്ടായതിനെ(1793)ത്തുടർന്ന് സംഘടന വിപ്ലവമാർഗങ്ങൾ പ്രാവർത്തികമാക്കാൻ തുടങ്ങി.

പ്രവാസ ജീവിതംതിരുത്തുക

ഇക്കാരണത്താൽ അറസ്റ്റിൽനിന്നും ഒഴിവാകാൻ ഇദ്ദേഹത്തിന് അയർലണ്ടു വിടേണ്ടിവന്നു. 1795 ജൂണിൽ അമേരിക്കൻ ഐക്യനാടുകളിലേയ്ക്കു പോയി. അവിടെനിന്നും ഫ്രാൻസിലെത്തിയ (1796 ഫെബ്രുവരി) ഇദ്ദേഹം അയർലണ്ടിനു സ്വാതന്ത്ര്യം ലഭ്യമാക്കുന്നതിനുവേണ്ടുന്ന സഹായം നൽകാൻ ഫ്രഞ്ചു നേതാക്കളെ നിർബന്ധിച്ചു. അതിനുശേഷം ലസാറെ ഹോഷിയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ചുസേനയോടൊപ്പം ഇദ്ദേഹം അയർലണ്ടിലേക്കു തിരിച്ചു (1796 ഡിസംബർ). എങ്കിലും അയർലണ്ടിലേക്കു കടക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹം ഫ്രാൻസിലേക്കു മടങ്ങി. 1798 മേയ് മാസത്തിൽ ഉണ്ടായ ഐറിഷ് കലാപത്തിനിടക്ക് ഇദ്ദേഹം വീണ്ടും ഫ്രഞ്ചുസേനയോടൊപ്പം അയർലണ്ടിലേക്കു തിരിച്ചു. 1798 ആഗഗസ്റ്റിൽ ഇദ്ദേഹത്തെ ബ്രിട്ടിഷുകാർ അറസ്റ്റു ചെയ്യുകയും രാജ്യദ്രോഹകുറ്റം ചുമത്തി വിചാരണ ചെയ്ത് നവംബറിൽ വധശിക്ഷക്കു വിധിക്കുകയും ചെയ്തു. ഇതിനു വിധേയനാകാതെ 1798 നവംബർ 19-ന് ഡബ്ലിൻ ജയിലിൽ കഴുത്തറുത്ത് ഇദ്ദേഹം ആത്മഹത്യ ചെയ്യുകയാണുണ്ടായത്.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടോണി, വുൾഫ് (1763-98) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=വുൾഫ്_ടോണി&oldid=2697397" എന്ന താളിൽനിന്ന് ശേഖരിച്ചത്