വിൽഹെം ഡിൽഥെയ്
ജർമൻ തത്ത്വചിന്തകനായിരുന്നു വിൽഹെം ഡിൽഥെയ്. ഇദ്ദേഹത്തിന്റെ പ്രധാന സംഭാവന മാനവികശാസ്ത്രങ്ങളുടെ വിജ്ഞാനസിദ്ധാന്താധിഷ്ഠിത വിശകലനമാണ്. വിൽഹെം ഡിൽഥെയുടെ വീക്ഷണങ്ങളിൽ കാന്റ്, ഹെഗൽ, ഷെല്ലിങ് (Schelling), ഫ്രീഡ്രിക്ക് ഷ്ലയർമാഖർ തുടങ്ങിയവരുടെ സ്വാധീനം ദൃശ്യമാണ്.
ജനനം | Wiesbaden-Biebrich, Germany | 19 നവംബർ 1833
---|---|
മരണം | 1 ഒക്ടോബർ 1911 Seis am Schlern, Austria-Hungary | (പ്രായം 77)
കാലഘട്ടം | 19th-century philosophy |
പ്രദേശം | Western Philosophy |
ചിന്താധാര | Hermeneutics |
പ്രധാന താത്പര്യങ്ങൾ | Verstehen, literary theory, literary criticism, intellectual history, human sciences, hermeneutic circle, Geistesgeschichte, facticity |
വിദ്യാഭ്യാസവും ഉദ്യോഗവും
തിരുത്തുക1833 നവംബർ 19-ന് ബീബ്റിച്ചിൽ (Biebrich) ജനിച്ചു. വീസ്ബാദനി (Wiesbaden)ലെ ഗ്രാമർ വിദ്യാലയത്തിൽ പഠനം നടത്തിയതിനു ശേഷം ഹൈഡൽ ബർഗിൽ പോയി ദൈവശാസ്ത്രം പഠിച്ചു. തുടർന്ന് ബെർലിനിൽ ചരിത്രവും തത്ത്വശാസ്ത്രവും അഭ്യസിച്ചു. കുറച്ചു കാലം സെക്കൻഡറി സ്ക്കൂളധ്യാപകനായി സേവനമനുഷ്ഠിച്ചു. 1864-ൽ ഇദ്ദേഹത്തിനു ഡോക്ടറേറ്റ് ലഭിച്ചു. ബാസൽ (Basal), കീൽ (Kiel), ബ്രൗസ്ലൗ (Breslau) എന്നിവിടങ്ങളിൽ അധ്യാപനം നടത്തി. 1882-ൽ ഇദ്ദേഹം ബെർലിൻ സർവകലാശാലയിൽ അധ്യാപകനായി. 1905 വരെ അവിടെ തുടർന്നു.
തത്പര്യമുള്ള വിഷയങ്ങൾ
തിരുത്തുക- ആത്മീയവാദം
- സദാചാരതത്ത്വശാസ്ത്രം
- വിജ്ഞാന സിദ്ധാന്തം
- നവോത്ഥാനം
- ജർമൻ ആദർശവാദം
തുടങ്ങിയ നിരവധി വിഷയങ്ങളിൽ ഡിൽഥെയ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഈ വിഷയങ്ങളിലെല്ലാം ഇദ്ദേഹം നിരവധി ലേഖനങ്ങളും, പുസ്തകനിരൂപണങ്ങളും പ്രസിദ്ധപ്പെടുത്തി.
മനുഷ്യജീവൻ തത്ത്വശാത്രത്തിൽ
തിരുത്തുകഡിൽഥെയുടെ അഭിപ്രായത്തിൽ തത്ത്വശാസ്ത്രത്തിൽ പ്രതിപാദിക്കപ്പെടേണ്ട ഏകവിഷയം ജീവനാണ്. മനുഷ്യജീവിതം വളരെ സങ്കീർണവും സംഭവബഹുലവുമാണ്. മനുഷ്യന്റെ ചിന്തകളും, ആഗ്രഹങ്ങളും, ഭീതികളും, അവൻ സൃഷ്ടിക്കുന്ന നിയമങ്ങളും ആചാരങ്ങളും, വിശ്വാസങ്ങളും എല്ലാം ജീവന്റെ ഭാഗമായി വർത്തിക്കുന്നു. ജീവിതാനുഭവത്തിനുപരിയായി യാതൊന്നുമില്ലെന്ന് ഡിൽഥെയ് വാദിച്ചു. ജീവിതത്തെ അതിന്റെ സമ്പന്നതയിലും, വൈവിധ്യത്തിലും നാം പൂർണമായി അനുഭവിക്കുന്നു എന്ന് ഇദ്ദേഹം വ്യക്തമാക്കി. ഇന്ദ്രിയ സംവേദനങ്ങൾ മാത്രമാണ് അനുഭവം എന്ന വീക്ഷണത്തെ ഇദ്ദേഹം നിരാകരിക്കുകയാണ് ഉണ്ടായത്.
ജീവിതം ക്രമമുള്ള താകയാൽ അർഥവത്തുമായിത്തീരുന്നു. വ്യക്തികൾ അവരുടെ ലോകത്തിന് നൽകുന്ന അർഥത്തിൽ നിന്നുമാണ് തത്ത്വചിന്തകൻ പഠനം ആരംഭിക്കുന്നത്. സ്വന്തം അനുഭവങ്ങൾ തത്ത്വചിന്തകന് സഹായകമാകുന്നു. അനുഭവങ്ങളെ ക്രമീകരിക്കുവാൻ മനുഷ്യർ ചില തത്ത്വങ്ങൾ ഉപയോഗിക്കുന്നു. ഡിൽഥെയ് ഇവയെ ജീവന്റെ ഗണങ്ങൾ (Categories of life) എന്നാണ് വിളിച്ചത്.
ജീവന്റെ ഗണങ്ങൾ
തിരുത്തുകഅനുഭവത്തെ ക്രമീകരിക്കുവാൻ ചിന്തകൾ ഉപയോഗിക്കുന്ന തത്ത്വത്തെയാണ് കാന്റ് (Kant) ഗണം എന്നു വിവക്ഷിച്ചത്. കാന്റിന്റെ അപഗ്രഥനം ഭൗതികയാഥാർഥ്യങ്ങളുടെ അനുഭവത്തിൽ മാത്രം ഒതുങ്ങിനിന്നു. എന്നാൽ ഡിൽഥെയുടെ വിശകലനം ജീവന്റെ പൂർണതയെ ഉൾക്കൊള്ളുന്നതായിരുന്നു. ജീവിതത്തിന് അർഥം നൽകുന്ന ഗണങ്ങൾ നിരവധിയുണ്ടെന്ന് ഇദ്ദേഹം വാദിക്കുന്നു. ആന്തരികമാനവികപ്രവർത്തനങ്ങളും അവയുടെ ബാഹ്യപ്രകടനങ്ങളും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നത് ഇത്തരത്തിലുള്ള ഗണമാണ്. മറ്റൊന്ന് അധികാരം അഥവാ ശക്തിയുടെ ഗണമാണ്. നാം മറ്റുള്ള വ്യക്തികളിലും വസ്തുക്കളിലും, അവർ നമ്മിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഈ ഗണം നമുക്ക് അറിവ് നൽകുന്നു. പൂർണതയും വിഭാഗങ്ങളും, ലക്ഷ്യവും മാർഗവും, വികാസവും മറ്റു ചില ഗണങ്ങളാണ്. ഡിൽഥെയുടെ വീക്ഷണത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന മൂന്നു ഗണങ്ങളാണുള്ളത്. മൂല്യം (value), ഉദ്ദേശ്യം, (purpose), അർഥം (meaning) എന്നീ മൂന്ന് ഗണങ്ങൾ. മൂല്യത്തിലൂടെ നാം വർത്തമാനത്തെ അനുഭവിക്കുകയും, ഉദ്ദേശ്യത്തിലൂടെ ഭാവിയെ പ്രതീക്ഷിക്കുകയും, അർഥത്തിലൂടെ ഭൂതത്തെ ഓർമിപ്പിക്കുകയും ചെയ്യുന്നു. ഈ ഗണങ്ങൾ സാധാരണയായി അബോധാവസ്ഥയിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ ബോധപൂർവം ഗണങ്ങളെ ഉപയോഗിക്കുമ്പോഴാണ് മതങ്ങൾ ഐതിഹ്യങ്ങൾ, പഴഞ്ചൊല്ലുകൾ, കല, സാഹിത്യം, നിയമങ്ങൾ, ആചാരങ്ങൾ, തത്ത്വസംഹിതകൾ എന്നിവ രൂപംകൊള്ളുന്നത്.
വിജ്ഞാനസിദ്ധാന്തം
തിരുത്തുകഎല്ലാ മനുഷ്യരും ലോകത്തെക്കുറിച്ച് ഒരു ചിത്രം മനസ്സിൽ സൂക്ഷിക്കുന്നു. ജീവന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്നതാണ് യഥാർഥ തത്ത്വശാസ്ത്രവീക്ഷണം. ജീവന്റെ തത്ത്വശാസ്ത്രത്തിൽനിന്നും വിജ്ഞാനസിദ്ധാന്തം ഉദ്ഭവിക്കുന്നു. ഡിൽഥെയുടെ തത്ത്വശാസ്ത്രത്തിലെ ഒരു പ്രധാന ആശയമാണ് വിജ്ഞാനസിദ്ധാന്തത്തിന്റെ വികാസം.
എല്ലാ മാനവപ്രവർത്തനങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. ചരിത്രപരമായ കാഴ്ചപ്പാടിലൂടെയാണ് അവയെ വിശകലനം ചെയ്യേണ്ടത്. വ്യത്യസ്ത കാലഘട്ടങ്ങളുടേയും വ്യക്തികളുടേയും കാഴ്ചപ്പാടുകൾ അവയുടേതായ വീക്ഷണത്തിലൂടെ മാത്രമേ മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ. ചരിത്രകാരനും അദ്ദേഹത്തിന്റെ കാലഘട്ടത്തിന്റേതായ പരിമിതികൾ നേരിടേണ്ടിവരുന്നു.
എല്ലാ മാനവികശാസ്ത്രങ്ങളും ഭൗതികശാസ്ത്രങ്ങളുടെ ഗവേഷണരീതികൾ അവലംബിക്കാറുണ്ട്. എന്നാൽ അതിനു പുറമേ, മാനസികപ്രവർത്തനങ്ങളും അവയുടെ ബാഹ്യപ്രകടനങ്ങളും മറ്റും മനസ്സിലാക്കുവാൻ കൂടി മാനവികശാസ്ത്രങ്ങൾ ശ്രമിക്കുന്നു.
ഡിൽഥെയുടെ വിജ്ഞാനസിദ്ധാന്തത്തിൽ മൂന്ന് പ്രധാന ആശയങ്ങളാണുള്ളത്. മനുഷ്യർ ജീവിതം അർഥവത്തായി അനുഭവിക്കുന്നു; ആ അർഥം അവർ പ്രകടിപ്പിക്കുന്നു. ഈ പ്രകടനങ്ങൾ മനസ്സിലാക്കാൻ കഴിയുന്നവയാണ്. ഇവയാണ് ഡിൽഥെയുടെ മൂന്ന് പ്രധാന ആശയങ്ങൾ.
പ്രധാനകൃതികൾ
തിരുത്തുകവിജ്ഞാനസിദ്ധാന്തത്തിൽ മൂന്ന് നിബന്ധനകളുള്ളതായി ഡിൽഥെയ് പറഞ്ഞു. അർഥം അനുഭവിക്കുകയും വ്യക്തമാക്കുകയും ചെയ്യുന്ന മാനസിക പ്രവർത്തനങ്ങൾ നമുക്ക് പരിചിതമായിരിക്കണം. ഇവ നടക്കുന്ന സാഹചര്യത്തെക്കുറിച്ച് നമുക്ക് അറിവുണ്ടായിരിക്കണം. സാമൂഹികവും സാംസ്കാരികവുമായ ചുറ്റുപാടിനെക്കുറിച്ചും അവഗാഹമുണ്ടായിരിക്കണം.
- ഇൻസ്പെക്ഷൻ റ്റു ദ് ഹ്യൂമൻ സയൻസ് (1883)
- ഫോർമേഷൻ ഒഫ് ദ് ഹിസ്റ്റോറിക്കൽ വേൾഡ് ഇൻ ദ് ഹ്യൂമൻ സയൻസ് (1910)
- ഇൻ ഐഡിയാസ് (1899)
- ഫിലോസഫി ഒഫ് ലൈഫ്
- ഫോർമേഷൻ
എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികൾ. ഇവയിലൂടെ ഡിൽഥെയ് തത്ത്വശാസ്ത്രാശയങ്ങൾ സാമൂഹിക-ചരിത്ര-സാംസ്കാരിക പശ്ചാത്തലത്തിൽ വിശകലനം ചെയ്തിട്ടുണ്ട്.
അഗീകാരം
തിരുത്തുകഡിൽഥെയുടെ വീക്ഷണങ്ങൾ സാമൂഹ്യ-മാനവിക ശാസ്ത്രങ്ങളിൽ വളരെയധികം സ്വാധീനം ചെലുത്തി. ഹൈദഗർ (Heidegger), ജാസ്പെർസ് (Jaspers), ഒർട്ടേഗ വൈ ഗാസ്റ്റ് (Orgeta Y gasset), എഡ്വാർഡ് സ്പ്രേങ്ങർ (Edward Spranger), മാക്സ് വെബർ (Max Weber) തുടങ്ങിയവർ ഡിൽഥെയുടെ വീക്ഷണങ്ങളോട് തങ്ങൾക്കുള്ള കടപ്പാട് വ്യക്തമാക്കിയിട്ടുണ്ട്. ജർമൻ വിദ്യാഭ്യാസരംഗത്തെയും ഡിൽഥെയ് സ്വാധീനിച്ചിട്ടുണ്ട്. 1911 ഒക്ടോബർ 1-ന് ഷ്ലേണിലെ സീസിൽ (Seis) ഇദ്ദേഹം അന്തരിച്ചു.
അവലംബം
തിരുത്തുക- ↑ Werner Jacob Cahnman, Joseph Maier, Judith Marcus, Zoltán Tarr (ed.), Weber & Toennies: Comparative Sociology in Historical Perspective: "Max Weber and the Methodological Controversy in the Social Sciences", Transaction Publishers, 1943, p. 42, note 21.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://plato.stanford.edu/entries/dilthey/
- http://www.erraticimpact.com/~19thcentury/html/dilthey.htm Archived 2012-11-13 at the Wayback Machine.
- http://www.reference.com/browse/Wilhelm+Dilthey[പ്രവർത്തിക്കാത്ത കണ്ണി]
- http://www.egs.edu/library/wilhelm-dilthey/biography/ Archived 2012-10-17 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡിൽഥെയ്, വിൽഹെം (1833 - 1911) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |