ഫ്രീഡ്രിക്ക് ഷ്ലയർമാഖർ

(Friedrich Schleiermacher എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രൊട്ടൻസ്റ്റന്റ് ക്രിസ്തീയതയെ യൂറോപ്യൻ ജ്ഞാനോദയത്തിന്റെ ആദർശങ്ങളുമായി സമരസപ്പെടുത്താൻ ശ്രമിച്ച ജർമ്മൻ ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമാണ് ഫ്രീഡ്രിക്ക് ദാനിയേൽ ഏണസ്റ്റ് ഷ്ലയർമാഖർ(21 നവംബർ 1768 - 12 ഫെബ്രുവരി 1834). ബൈബിൾ പഠനത്തിലെ ഉന്നതനിരൂപണം (Higher criticism) എന്ന രീതിയുടെ വികാസത്തിലും അദ്ദേഹം പങ്കുവഹിച്ചു. ഭാഷ്യതന്ത്രം(Hermeneutics) എന്ന ആധുനിക വിജ്ഞാനശാഖയിലെ അടിസ്ഥാനരചനകളായിരിക്കുന്നതും ഷ്ലയർമാഖറുടെ കൃതികളാണ്. പിൽക്കാല ക്രിസ്തീയചിന്തയിന്മേലുള്ള അദ്ദേഹത്തിന്റെ സ്വാധീനം മൂലം, ആധുനിക പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രത്തിന്റെ പിതാവെന്ന് ഷ്ലയർമാഖറെ വിശേഷിപ്പിക്കുക പതിവാണ്. ഇരുപതാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രത്തിൽ കാൾ ബാർട്ട് പ്രതിനിധാനം ചെയ്ത നവയാഥാസ്ഥിതിക പ്രസ്ഥാനം, ഷ്ലയർമാഖറുടെ സ്വാധീനത്തെ തകിടം മറിക്കാനുള്ള ശ്രമമായിരുന്നു.

ഫ്രീഡ്രിക്ക് ഷ്ലയർമാഖർ
ജനനം(1768-11-21)നവംബർ 21, 1768
Breslau, Silesia, Prussia
മരണംഫെബ്രുവരി 12, 1834(1834-02-12) (പ്രായം 65)
Berlin, Brandenburg, Prussia
കാലഘട്ടം18th/19th-century philosophy
പ്രദേശംWestern Philosophy
ചിന്താധാരRomantic Hermeneutics[1]
പ്രധാന താത്പര്യങ്ങൾTheology, psychology, New Testament exegesis, ethics (both philosophic and Christian), dogmatic and practical theology, dialectics (logic and metaphysics)

ബാല്യകൗമാരങ്ങൾ

തിരുത്തുക

പ്രഷ്യയിലെ സിലിഷ്യാ പ്രവിശ്യയിലെ ബ്രെസ്ലാവ് എന്ന് സ്ഥലത്താണ് ഷ്ലയർമാഖർ ജനിച്ചത്. നവീകൃതസഭാംഗമായ ഒരു സൈന്യപുരോഹിതനായിരുന്നു(chaplain) പിതാവ്. പുരോഹിതപാരമ്പര്യമുള്ള കുടുംബങ്ങളിൽ പെട്ടവരായിരുന്നു മാതാപിതാക്കൾ. നീസ്കി എന്ന സ്ഥലത്ത് "മൊറേവിയൻ സഹോദരന്മാർ" എന്ന ഭക്തസംഘം നടത്തിയിരുന്നു വിദ്യാലയത്തിലായിരുന്നു ആദ്യകാലവിദ്യാഭ്യാസം. ഗ്രീക്ക്, ലത്തീൻ ക്ലാസ്സിക്കുകളിലുള്ള ഷ്ലയർമാഖറുടെ ആജീവനാന്തരതാത്പര്യത്തിന്റെ തുടക്കം ഇവിടെയായിരുന്നു. തുടർന്ന്, ഹാലെയിലെ ബാർബി എന്ന സ്ഥലത്ത് അതേ സംഘടനയുടെ തന്നെ സ്ഥാപനത്തിൽ പഠിച്ചു. യേശുക്രിസ്തുവിലൂടെയുള്ള ആത്മമുക്തിയെക്കുറിച്ചുള്ള ആനന്ദത്തിലൂന്നിയ ഭക്തിയും, പഠനവും ഒത്തുചേർന്ന പരിശീലനമാണ് ഈ സ്ഥാപനങ്ങളിൽ നൽകിയിരുന്നത്. എന്നാൽ ഭക്തിയിലൂന്നിയ മൊറാവിയൻ ദൈവശാസ്ത്രം ഷ്ലയർമാഖറുടെ മനസ്സിലെ സന്ദേഹങ്ങൾക്ക് മറുപടി നൽകിയില്ല.

ഉപരിപഠനം

തിരുത്തുക

ഒടുവിൽ വൈമനസ്യത്തോടെയാണെങ്കിലും, വിദ്യാഭ്യാസത്തെ തീവ്രഭക്തിയുമായി കൂട്ടിക്കുഴക്കുന്നത് നിർത്തിയിരുന്ന ഹാലെ സർവകലാശാലയിൽ ചേർന്നു പഠിക്കാൻ പിതാവ് ഷ്ലയർമാഖറെ അനുവദിച്ചു. സഭാചരിത്രകാരനും ബൈബിൾ വ്യാഖ്യാതാവുമായ ജൊഹാൻ സലോമോ സെംലർ, ദൈവശാസ്ത്രജ്ഞനും ജനകീയദാർശനികനുമായ ജൊഹാൻ അഗസ്റ്റസ് എബർഹാർഡ്, ഭാഷാശാസ്ത്രജ്ഞനും നിരൂപകനുമായ ഫ്രീഡ്രിക്ക് ആഗസ്റ്റ് വുൾഫ് തുടങ്ങിയവർ അവിടെ അദ്ദേഹത്തിന്റെ അദ്ധ്യാപകരായിരുന്നു. ദൈവശാസ്ത്രവിദ്യാർത്ഥിയെന്ന നിലയിൽ ഷ്ലയർമാഖർ ഒരു സ്വതന്ത്ര പഠനപദ്ധതി പിന്തുടർന്നു. പഴയനിയമത്തിന്റേയും പൗർസ്ത്യഭാഷകളുടേയും പഠനത്തിൽ കാര്യമായി ശ്രദ്ധിക്കാതിരുന്ന ഷ്ലയർമാഖർ, സെംലറുടെ പ്രഭാഷണങ്ങളിൽ നിന്ന് പുതിയനിയമത്തിന്റെ ചരിത്രപരമായ നിരൂപണവുമായും എബർഹാർഡിൽ നിന്ന് പ്ലേറ്റോയുടേയും അരിസ്റ്റോട്ടിലിന്റേയും തത്ത്വചിന്തയുമായും പരിചയപ്പെട്ടു. അതേസമയം ഇമ്മാനുവേൽ കാന്റ്, ഫ്രീഡ്രെക്ക് ഹീൻറിച്ച് ജക്കോബി തുടങ്ങിയവരുടെ രചനകളും അദ്ദേഹം വായിച്ചു. ഗ്രീക്ക് ചിന്തകന്മാരുടെ ആശയങ്ങളുടെ സഹായത്തോടെ കാന്റിന്റെ ചിന്താവ്യവസ്ഥയെ പുനർസൃഷ്ടിക്കാൻ ഷ്ലയർമാഖർ ആഗ്രഹിച്ചു.

വിശ്വാസനഷ്ടം

തിരുത്തുക
 
ഷ്ലയർമാഖർ, യുവപ്രായത്തിലെ ഒരു ചിത്രം

വിദ്യാർത്ഥിയായിരിക്കെ സന്ദേഹഭാവത്തിന്റെ പിടിയിലായ ഷ്ലയർമാർക്കർക്ക്, ഒടുവിൽ യാഥാസ്ഥിതിക ക്രിസ്തുമതത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.[3] അക്കാലത്തെ യുവാക്കളിൽ പലർക്കുമുള്ള എണ്ണമറ്റ സംശയങ്ങളെക്കുറിച്ച് തന്റെ അദ്ധ്യാപകർക്ക് ഒന്നും പറയാനില്ലെന്ന്, പിതാവിനെഴുതിയ ഒരു കത്തിൽ ഷ്ലയർമാക്കർ സൂചിപ്പിച്ചു. അതിലെ സൂചന ഷ്ലയർമാക്കറുടെ പിതാവിന് മനസ്സിലായില്ല. സന്ദേഹവാദികളുടെ രചനകളിൽ ചിലതൊക്കെ താനും വായിച്ചിട്ടുണ്ടെന്നും അവയിൽ സമയം പാഴാക്കേണ്ട കാര്യമില്ലെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം മറുപടി എഴുതി. വിശ്വാസം ദൈവത്തിന് അവകാശപ്പെട്ട "രാജഭോഗം"(Regalia of the Godhead) ആണെന്നും അദ്ദേഹം മകനോടു പറഞ്ഞു. അടുത്ത ആറു മാസത്തേയ്ക്ക് മകൻ ഒന്നും എഴുതിയില്ല. പിന്നെ വന്നത് ഞെട്ടലുണ്ടാക്കുന്ന ഒരു കത്തായിരുന്നു. വികാരഭരിതമായ ഭാഷയിൽ എഴുതിയ ഒരു കത്തിൽ, നേരത്തേ താൻ സൂചിപ്പിച്ച സംശയങ്ങൾ തന്റേതു തന്നെയാണെന്ന് ഷ്ലയർമാക്കർ എഴുതി. വിശ്വാസം ദൈവത്തിന്റെ രാജഭോഗം ആണെന്ന പിതാവിന്റെ ഉപദേശത്തെ പരാമർശിച്ച് ഷ്ലയർമാക്കർ ഇങ്ങനെ എഴുതി:

ട്യൂട്ടർ, ചാപ്ലിൻ

തിരുത്തുക

വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷ്ലയർമാഖർ കൗണ്ട് ദോഹ്നാ ഷ്ലോബിറ്റൻ എന്നയാളുടെ കുടുംബത്തിൽ ട്യൂട്ടറായി ജോലി തുടങ്ങി. സാംസ്കാരികമായും സാമൂഹ്യമായും ഉന്നതനിലയിലിരുന്ന ആ കുടുംബത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം തന്റെ സാമൂഹ്യജീവിതത്തിന് തുടക്കമിട്ടു. രണ്ടുവർഷം കഴിഞ്ഞ് ഷ്ലയർമാഖർ ബെർലിനിലെ ചാരിറ്റി ആശുപത്രിയിൽ ചാപ്ലിനായി ചുമതലയേറ്റു. തന്റെ പ്രഭാഷണപാടവത്തിന് അവസരം കണ്ടെത്താനാവാതെ, അദ്ദേഹം നഗരത്തിലെ സംസ്കൃതസമൂഹത്തിലും ആഴമായ തത്ത്വചിന്താപഠനത്തിലും സംതൃപ്തി കണ്ടെത്തി. ഷ്ലയർമാഖറുടെ തത്ത്വചിന്താ-ധാർമ്മിക വ്യവസ്ഥകൾ രൂപപ്പെടാൻ തുടങ്ങിയത് ഇക്കാലത്താണ്. കല, സാഹിത്യം, ശാസ്ത്രം, ജനകീയസംസ്കൃതി എന്നിവയിലൊക്കെ ഇക്കാലത്ത് അദ്ദേഹം വ്യാപരിച്ചു. കാൾ വിൽഹെം ഫ്രീഡ്രിക്ക് ഷ്ലീഗൽ പ്രതിനിധാനം ചെയ്ത ജർമ്മൻ കാല്പനികത അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു.

ആദ്യരചനകൾ

തിരുത്തുക

കാല്പനികതയുമായുള്ള പരിചയം മനുഷ്യവികാരങ്ങൾക്കും ഭാവനയ്ക്കും കൂടുതൽ പ്രാധാന്യം കല്പിക്കാൻ ഷ്ലയർമാഖറെ പ്രേരിപ്പിച്ചു. സ്പിനോസയുടേയും പ്ലേറ്റോയുടേയും രചനകൾ പഠിച്ച അദ്ദേഹത്തെ ആ ചിന്തകന്മാർ കാര്യമായി സ്വാധീനിച്ചു. പല മൗലികകാര്യങ്ങളിലും കാന്റിനോട് വിയോജിച്ചെങ്കിലും കാന്റും ഷ്ലയർമാഖറെ സ്വാധീനിച്ചു. ജക്കോബി, ഫിച്ചെ, ഷെല്ലിങ്ങ് എന്നിവരും അദ്ദേഹത്തെ ആകർഷിച്ചു. ഇക്കാലത്ത് ഷ്ലയർമാഖറുടെ ചിന്തയ്ക്ക് സംഭവിച്ച ത്വരിതവികസനത്തിന്റെ ഫലമാണ് മതത്തിന്റെ പരിഷ്കൃതശത്രുക്കളോടുള്ള പ്രഭാഷണങ്ങൾ (On Religion: Speeches to Its Cultured Despisers) ആത്മഗതങ്ങൾ(Monologen) എന്നീ ഗ്രന്ഥങ്ങൾ. ഇവയിൽ ആദ്യത്തെ ഗ്രന്ഥത്തിൽ, മനുഷ്യപ്രകൃതിയെന്ന ദൈവികരഹസ്യത്തിന്റെ ഒഴിവാക്കാനാകാത്ത അംശങ്ങളിലൊന്നായി അദ്ദേഹം മതത്തെ ചിത്രീകരിച്ചു. ആ കൃതിയിൽ അദ്ദേഹം മതത്തിന്റെ നിലവിലുള്ള വികൃതരൂപങ്ങളെ വേർതിരിച്ചുകാട്ടുകയും യഥാർത്ഥധാർമ്മികതയുടെ കാലാതിശയിയായ സ്വഭാവങ്ങൾ വിശദീകരിക്കുകയും ചെയ്തു. പിൽക്കാലത്തെ അദ്ദേഹത്തിന്റെ ദൈവശാസ്ത്രവ്യവസ്ഥയുടെ സ്വഭാവം ഈ കൃതിയിൽ തെളിഞ്ഞു. കാല്പനികർ എന്നു സ്വയം വിശേഷിപ്പിക്കുന്നവർ, യഥാർത്ഥ ധാർമ്മികതയോട്, അവർ സ്വയം കരുതുന്നതിനേക്കാൾ അടുപ്പമുള്ളവരാണെന്ന് ഈ കൃതിയിൽ അദ്ദേഹം വാദിച്ചു. "അത്മഗതങ്ങൾ" സന്മാർഗശാസ്ത്രത്തിലെ ഷ്ലയർമാഖറുടെ പ്രകടനപത്രികയായിരുന്നു. അതിൽ അദ്ദേഹം, വ്യക്തിസ്വാതന്ത്ര്യത്തേയും, മനസ്സും ഐന്ദ്രികലോകവും തമ്മിലുള്ള ബന്ധത്തേയും കുറിച്ചുള്ള സ്വന്തം ആശയങ്ങൾ അവതരിപ്പിക്കുകയും, തന്റെ സങ്കല്പത്തിലെ ആദർശവ്യക്തിയേയും ആദർശസമൂഹത്തേയും വരച്ചുകാട്ടുകയും ചെയ്തു.

പാസ്റ്റർ, മറ്റൊരു കൃതി

തിരുത്തുക

ബെർലിനിൽ ഷ്ലയർമാഖർ വിവാഹിതകളായ ഹെൻറിയെറ്റെ വോൺ വില്ലിച്ച്, എലിയോനോർ ഗ്രുനൗ എന്നീ സ്ത്രീകളുമായി സൗഹൃദത്തിലായി. ഇതിൽ എലിയോനോറുമായുള്ള ബന്ധം ലോകാപവാദത്തിലും അസന്തുഷ്ടിക്കു കാരണമായപ്പോൾ അദ്ദേഹം ബെർലിൻ വിട്ടുപോയി. [5] 1802 മുതൽ 1804 വരെ ഷ്ലയർമാഖർ പോമറേനിയ പ്രവിശ്യയിലെ സ്റ്റോൾപ്പ് നഗരത്തിൽ പാസ്റ്ററായി പ്രവർത്തിച്ചു. നേരത്തേ ഷ്ലീഗലുമായി സഹകരിച്ച് പ്ലേറ്റോയുടെ രചനകളുടെ പരിഭാഷ തുടങ്ങിയിരുന്ന അദ്ദേഹം, ആ സം‌രംഭത്തിൽ നിന്ന് ഷ്ലീഗലിനെ പൂർണ്ണമായും മുക്തനാക്കി. (ആ പരിഭാഷയുടെ ആദ്യത്തെ അഞ്ചു വാല്യങ്ങൾ 1804-10 കാലത്തും ആറാം വാല്യം 1828-ലുമാണ് വെളിച്ചം കണ്ടത്.) 1803-ൽ ഷ്ലയർമാഖർ സന്മാർഗ്ഗസിദ്ധന്തങ്ങളുടെ വിമർശനത്തിന്റെ രൂപരേഖ (Outlines of a Critique of the Doctrines of Morality to date) എന്ന കൃതി പ്രസിദ്ധീകരിച്ചു. കാന്റിന്റേയും ഫിച്ചേയുടേതുമടക്കം അന്നേവരെയുള്ള എല്ലാ സന്മാർഗ്ഗസിദ്ധന്തങ്ങളുടേയും വിമർശനമായിരുന്നു അത്. പ്ലേറ്റോയുടേയും സ്പിനോസയുടേയും സന്മാർഗ്ഗവ്യവസ്ഥകളെയാണ് അതിൽ അദ്ദേഹം ഭാഗികമായെങ്കിലും പിന്തുണച്ചത്. ഒരു സന്മാർഗ്ഗവ്യവസ്ഥയെ വിലയിരുത്തേണ്ടത് ജീവിതത്തിന്റെ നിയമങ്ങളേയും ലക്ഷ്യങ്ങളേയും കുറിച്ചുള്ള അതിന്റെ നിലപാടിന്റെ പൂർണ്ണതയും, ഒരു മൗലികസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ വിഷയത്തിന്റെ സന്തുലിതമായ അവതരണവും കണക്കിലെടുത്തും വേണമെന്ന് ആ കൃതിയിൽ അദ്ദേഹം വാദിച്ചു. ഖണ്ഡനപരമായ വിമർശനം മാത്രം അടങ്ങിയതെങ്കിലും, ധാർമ്മികവ്യവസ്ഥകളുടെ ലക്ഷ്യത്തിന് ഊന്നൽ കൊടുത്ത ആ രചന, സന്മാർഗ്ഗശാസ്ത്രത്തിൽ ഷ്ലയർമാഖറുടെ പിൽക്കാലത്തെ പക്വമായ നിലപാടുകളുടെ മുന്നോടിയായിരുന്നു. എന്നാൽ ദുർഗ്രഹതയും ഖണ്ഡനമാത്രമായ സമീപനവും മൂലം ആ കൃതി ഉടനെ വിജയം കണ്ടില്ല.

പ്രൊഫസർ

തിരുത്തുക
 
1958-ൽ പശ്ചിമജർമ്മനി ഇറക്കിയ, ഷ്ലയർമാഖറുടെ ചിത്രമുള്ള തപാൽ സ്റ്റാമ്പ്

1804 മുതൽ 1807 വരെ ഷ്ലയർമാഖർ ഹാലെ സർവകലാശാലയിൽ പ്രൊഫസറായി പ്രവർത്തിച്ചു. അദ്ധ്യാപകൻ, പ്രഭാഷകൻ എന്നീ നിലകളിൽ ഇക്കാലത്ത് അദ്ദേഹം പ്രശസ്തനായി. നിരീശ്വരവാദി, സ്പിനോസവാദി, ഭക്തിവാദി എന്നീ വിരുദ്ധലേബലുകളിൽ അദ്ദേഹം വിമർശിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനം വളർന്നു. 1806-ൽ അദ്ദേഹം ക്രിസ്മസ് പൂർവസന്ധ്യ: മനുഷ്യാവതാരത്തെക്കുറിച്ചുള്ള സം‌വാദം (Christmas Eve: A Dialogue on Incarnation) എന്ന കൃതി പ്രസിദ്ധീകരിച്ചു. ഷ്ലയർമാഖറുടെ ആദ്യകൃതിയായ "മതത്തിന്റെ പരിഷ്കൃതവിമർശകരോടുള്ള പ്രഭാഷണം", പിൽക്കാലത്തെ പ്രശസ്തരചനയായ "ക്രിസ്തീയവിശ്വാസം" എന്നിവയുടെ മദ്ധ്യസന്ധിയായിരുന്നു ഈ രചന. ഈ സം‌വാദത്തിൽ അദ്ദേഹം അവതരിപ്പിക്കുന്ന പങ്കാളികൾ‍, ക്രിസ്തുമതത്തിനുനേരേ വർദ്ധിച്ചുവന്നുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ മതിപ്പിന്റെ വ്യത്യസ്തഘട്ടങ്ങളേയും അക്കാലത്തെ അദ്ദേഹത്തിന്റെ ദൈവശാസ്ത്രത്തിലെ വൈരുദ്ധ്യങ്ങളേയും സൂചിപ്പിച്ചു. പ്രഷ്യൻ സൈന്യം നെപ്പോളിയനിൽ നിന്ന് പരാജയം ഏറ്റുവാങ്ങിയ 1806 അവസാനത്തെ യേന യുദ്ധത്തെ തുടർന്ന്, ഷ്ലയർമാഖർ 1807-ൽ ബെർലിനിലേയ്ക്കു മടങ്ങി. അവിടെ അദ്ദേഹം ത്രിത്വത്തിന്റെ പള്ളിയിൽ പുരോഹിതനായി നിയമിക്കപ്പെട്ടു. അതേവർഷം, തന്റെ സുഹൃത്തും പട്ടാളത്തിൽ ചാപ്ലിനുമായിരുന്ന വോൺ വില്ലിച്ചിന്റെ വിധവ,[6] ഹെൻറിയേറ്റെ വോൺ വില്ലിച്ചിനെ ഷ്ലയർമാഖർ വിവാഹം കഴിച്ചു.


1810-ൽ ബെർലിൻ സർവകലാശാലയുടെ സ്ഥാപനത്തിൽ മുൻകൈ എടുത്ത അദ്ദേഹം അവിടെ ദൈവശാസ്ത്രവിഭാഗത്തിന്റെ തലവനും പ്രഷ്യൻ ശാസ്ത്ര അക്കാദമിയുടെ കാര്യദർശിയുമായി. പ്രഷ്യയിലെ ക്രിസ്തീയ സഭകളുടെ നവീകരണവും വിവിധ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുടെ ഏകീകരണവും അദ്ദേഹം ലക്ഷ്യമാക്കി. 1817-ൽ ആ ഏകീകരണം സാധിച്ചു. ബെർലിനിൽ 24 വർഷം നീണ്ടു നിന്ന തന്റെ സർവകലാശാലാദ്ധ്യാപനത്തിന് ഷ്ലയർമാഖർ തുടക്കം കുറിച്ചത് ദൈവശാസ്ത്രപഠനത്തിന്റെ രൂപരേഖ എന്ന കൃതിയോടെയാണ്. എല്ലാ ഞായറാഴ്ചകളിലും പ്രഭാഷണം നടത്തിയതിനു പുറമേ, അദ്ദേഹം ദൈവശാസ്ത്രത്തിന്റേയും തത്ത്വചിന്തയുടേയും എല്ലാ ശാഖകളിലും അദ്ധ്യാപനപ്രസംഗങ്ങളും നടത്തി. പുതിയനിയമത്തിന്റെ പാഠനിരൂപണം, പുതിയനിയമത്തിന്റെ അവതരണവും വ്യാഖ്യാനവും, സന്മാർഗശാസ്ത്രം, സഭാചരിത്രം, തത്ത്വചിന്തയുടെ ചരിത്രം, മനഃശാസ്ത്രം, സം‌വാദശാസ്ത്രം, രാഷ്ട്രമീമാംസ, അദ്ധ്യാപനശാസ്ത്രം, സൗന്ദര്യശാസ്ത്രം, വിവർത്തനശാസ്ത്രം, തുടങ്ങിയവ അദ്ദേഹം കൈകാര്യം ചെയ്ത വിഷയങ്ങളിൽ ചിലതായിരുന്നു.


രാഷ്ട്രനീതിയിൽ ഷ്ലയർമാഖർ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വേണ്ടി നിലകൊണ്ടു. നെപ്പോളിയന്റെ പതനത്തെ തുടർന്നുണ്ടായ കാലഘട്ടത്തിൽ അദ്ദേഹം കൈക്കൊണ്ട നിലപാടുകൾ പ്രഷ്യൻ സർക്കാരിനെ അരിശപ്പെടുത്തി.

'ക്രിസ്തീയവിശ്വാസം'

തിരുത്തുക

ഇതിനൊക്കെയൊപ്പം "പ്രൊട്ടസ്റ്റന്റ് സഭയുടെ സിദ്ധാന്തങ്ങൾ അനുസരിച്ചുള്ള കിസ്തീയ വിശ്വാസം" എന്ന തന്റെ മുഖ്യകൃതിയുടെ രചനയിലും അദ്ദേഹം മുഴുകി. കിസ്തീയ വിശ്വാസം എന്ന ചുരുക്കപ്പേരിലും ആ കൃതി അറിയപ്പെടുന്നു. സൈദ്ധാന്തിക ദൈവശാസ്ത്രത്തിന്റെ ഉറവിടവും അടിസ്ഥാനവും ആകേണ്ടത്, വിശ്വാസപ്രമാണങ്ങളോ, വേദഗ്രന്ഥങ്ങളുടെ അക്ഷരാർത്ഥമോ, യുക്തിയുടെ കണ്ടെത്തലുകളോ അല്ല, സഭയിലൂടെ യേശുക്രിസ്തു വെളിപ്പെടുത്തിയ ദൈവത്തിലുള്ള സമ്പൂർണ്ണ ആശ്രയയത്തെക്കുറിച്ചുള്ള ബോധമാണെന്നാണ് [7] ഈ കൃതിയുടെ വാദം. അതിനാൽ ഈ രചന മതബോധത്തിന്റെയും, ദൈവവുമായുള്ള ബന്ധപ്പെട്ടുള്ള മനുഷ്യന്റെ ആന്തരികജീവിതത്തിന്റെ ഘടനയുടേയും ഘട്ടങ്ങളുടേയും വിവരണമായിരിക്കുന്നു. പ്രൊട്ടസ്റ്റന്റ് യുക്തിരഹിതമായ അതിഭൗതികതയിൽ നിന്നും ഉപരിപ്ലവമായ യുക്തിചിന്തയിൽ നിന്നും നിരന്തരം മാറിക്കൊണ്ടിരുന്ന തത്ത്വചിന്താവ്യവസ്ഥകളിൽ നിന്നും മോചിപ്പിച്ച് ദൈവശാസ്ത്രത്തെ നവീകരിക്കുകയെന്നതായിരുന്നു ഈ കൃതിയുടെ ലക്ഷ്യം.

ജീവിതാന്ത്യം

തിരുത്തുക

"ക്രിസ്തീയവിശ്വാസം" ഗ്രന്ഥകർത്താവിനെ പ്രശസ്തനാക്കിയതിനൊപ്പം ഏറെ എതിർപ്പുകൾ വിളിച്ചുവരുത്തുകയും ചെയ്തു. ആ കൃതിയിൽ വിമർശിക്കപ്പെട്ട ദൈവശാസ്ത്രനിലപാടുകളിൽ വിശ്വസിച്ചിരുന്നവർ മാത്രമായിരുന്നില്ല അതിന്റെ വിമർശകർ. ഭരണകൂടങ്ങളുടേയും രാജക്കന്മാരുടേയും ഇടപെടൽ കൂടാതെ ആരാധനാക്രമം രൂപപ്പെടുത്താൻ സഭയ്ക്ക് അവകാശമുണ്ടെന്ന ഷ്ലയർമാഖറുടെ വാദം അധികാരികളെ അദ്ദേഹത്തിന്റെ എതിർചേരിയിലാക്കി. പ്രഭാഷണങ്ങളിലും അദ്ധ്യാപനപ്രസംഗങ്ങളിലും കേൾവിക്കാർ കുറഞ്ഞില്ലെങ്കിലും ഷ്ലയർമാഖർക്ക് താൻ ഒറ്റപ്പെട്ടതായി തോന്നി. ഈ പ്രശ്നങ്ങൾക്കിടയിലും അദ്ദേഹം പ്ലേറ്റോയുടെ പരിഭാഷ തുടരുകയും "ക്രിസ്തീയവിശ്വാസത്തിന്റെ" സമൂലം പരിഷ്കരിച്ച ഒരു പുതിയ പതിപ്പ് തയ്യാറാക്കുകയും ചെയ്തു. 1829-ൽ ഷ്ലയർമാഖറുടെ ഏകമകൻ നഥനിയേൽ ഡിഫ്‌ത്തീരിയ ബാധിച്ച് മരിച്ചു.[6] "സ്വന്തം ശവപ്പെട്ടിയിൽ ആണിയടിച്ചതുപോലെയായി എന്നാണ് അതേക്കുറിച്ച് അദ്ദേഹം പറഞ്ഞത്. 1834 ഫെബ്രുവരി 12-ന് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ മൂലം ഷ്ലയർമാഖർ മരിച്ചു.

  1. Kurt Mueller-Vollmer (ed.), The Hermeneutics Reader, Continuum, 1988, p. 72.
  2. Frederick C. Beiser, Late German Idealism: Trendelenburg and Lotze, Oxford University Press, 2013, p. 20.
  3. മൈക്കൽ ഏ.ജി. ഹൈകിൻ, ലിബറൽ പ്രൊട്ടസ്റ്റന്റുമതം, പുറം 3
  4. ബി.എ. ഗാരിഷ്, സഭയുടെ രാജകുമാരൻ: ഷ്ലയർമാക്കറും ആധുനിക ദൈവശാസ്ത്രത്തിന്റെ തുടക്കവും(ഫിലാഡെൽഫിയ, PA: Fortress Press, 1984), പുറം 25.
  5. ഫ്രീഡ്രിക് ദാനിയേൽ ഏണസ്റ്റ് ഷ്ലയർമാഖർ, സ്റ്റാൻഫോർഡ് തത്ത്വചിന്താവിജ്ഞാനകോശം [1]
  6. 6.0 6.1 ഫ്രീഡ്രിക്ക് ദാനിയേൽ ഏണസ്റ്റ് ഷ്ലയർമാഖർ, ജോൺ തമിലിയോ എഴുതിയ ലഘുജീവചരിത്രം, ബോസ്റ്റൻ കൊളാബൊറേറ്റീവ് വിജ്ഞാനകോശം [2]
  7. "Shleiermacher reduced religion to a feeling of dependence on God" പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും, എസ്.രാധാകൃഷ്ണൻ (പുറം 267)