സംഘകാല മഹാകാവ്യങ്ങളിലൊന്നായ ചിലപ്പതികാരത്തിലെ പ്രധാനകഥാപാത്രമാണ് കോവലൻ (Kovalan)(തമിഴ്: கோவலன்). 

കോവലൻ
Kovalan
Kovalan (right) with his wife Kannagi

കഥാസാരം തിരുത്തുക

നാഗപട്ടണം ജില്ലയിലെ പുഹാർ എന്ന പട്ടണത്തിലെ ഒരു ധനികവ്യാപാ‍രിയുടെ മകനാണ് കോവലൻ. മറ്റൊരു വ്യാപാരിയുടെ മകളും അതിസുന്ദരിയുമായ കണ്ണകിയെ വിവാഹം ചെയ്തു. കാവേരിപട്ടണം എന്ന നഗരത്തിൽ രണ്ടുപേരും സന്താഷത്തോടെ ജീവിച്ചു പോരുന്നതിനിടയിൽ, കോവലൻ നർത്തകിയും വേശ്യയുമായ മാധവി എന്ന സ്ത്രീയുമായി അടുപ്പത്തിലാവുകയും ചെയ്തു. പ്രണയഭരിതനായ കോവലൻ തന്റെ സമ്പത്തു മുഴുവൻ മാധവിക്കുവേണ്ടി ചിലവഴിക്കുന്നു. ഒടുവിൽ നിർദ്ധനനായ കോവലൻ തന്റെ തെറ്റുകൾ മനസ്സിലാക്കുകയും കണ്ണകിയുടെ അടുത്തേക്ക് തിരികെ എത്തുകയും ചെയ്തു. അവരുടെ ആകെ ബാക്കിവന്ന സമ്പാദ്യം കണ്ണകിയുടെ മാണിക്യങ്ങൾ നിറച്ച ഒരു ജോടി കാൽതളകൾ (ചിലമ്പ്) മാത്രമായിരുന്നു. കണ്ണകി പൂർണ്ണ സമ്മതത്തോടെ തന്റെ കാൽത്തളകൾ വിൽക്കുന്നതിനായി കോവലനു നൽകി. ഈ ചിലമ്പുകൾ വിറ്റ് വ്യാപാരം നടത്തുവാൻ കോവലനും കണ്ണകിയും മധുരയ്ക്കു പോയി.

അക്കാലത്ത് മധുരാപട്ടണം പാണ്ഡ്യനായ നെടുൻചെസിയനാണ് ഭരിച്ചിരുന്നത്. ആയിടക്കുതന്നെ പാണ്ഡ്യരാജ്ഞിയുടെ ഒരു ചിലമ്പ് നിന്നു മോഷണം പോയിരുന്നു. ചിലമ്പു വിൽക്കുന്നതിടയിൽ രാജഭടൻമാർ കോവലനെ പിടിച്ചുകെട്ടി രാജാവിനുമുമ്പിൽ ഹാജരാക്കി. തന്റെ നിരപരാധിത്വം തെളിയിക്കാൻ കോവലനു സാധിക്കാഞ്ഞതിനെത്തുടർന്ന് കോവലനെ ഇല്ലാത്ത മോഷണക്കുറ്റത്തിനു ഉടനടി വധശിക്ഷക്ക് വിധേയനാക്കി. ഇതറിഞ്ഞ കണ്ണകി രാജസദസ്സിൽ ഹാജരായി, രാജ്ഞിയുടെ നഷ്ടപ്പെട്ട മുത്തുകൾനിറച്ച ചിലമ്പല്ല തങ്ങളുടെ പക്കലുള്ളതെന്നും മറിച്ച് തങ്ങളുടെ പക്കലുള്ള ചിലമ്പിൽ മാണിക്യങ്ങളാണെന്നും കാണിച്ച്  തന്റെ ഭർത്താവിന്റെ നിരപരാധിത്വം  തെളിയിക്കുകയും ചെയ്തു. 

തങ്ങളുടെ തെറ്റു തിരിച്ചറിഞ്ഞ രാജാവും രാജ്ഞിയും പശ്ചാത്താപത്താൽ മരിച്ചു. ഇതിൽ മതിവരാതെ കണ്ണകി തന്റെ ഒരു മുല പറിച്ചെറിഞ്ഞ് മധുരയിലേക്ക് വലിച്ചെറിഞ്ഞ് നഗരം മുഴുവൻ വെന്തു വെണ്ണീറാവട്ടെ എന്നു ശപിച്ചു. കണ്ണകിയുടെ പാതിവ്രത്യത്താൽ ഈ ശാപം സത്യമായി.[1]


അവലംബം തിരുത്തുക

  1. "Silappathikaram Tamil Literature". Tamilnadu.com. 22 January 2013. Archived from the original on 2013-04-11. Retrieved 2017-04-14.

കൂടുതൽ വായനയ്ക്ക് തിരുത്തുക

"https://ml.wikipedia.org/w/index.php?title=കോവലൻ&oldid=3970756" എന്ന താളിൽനിന്ന് ശേഖരിച്ചത്