വടക്കന്തറ രാമപുരം മഹാവിഷ്ണുക്ഷേത്രം

കേരളത്തിൽ, പാലക്കാട് ജില്ലയിൽ പാലക്കാട് നഗരത്തിനടുത്തുള്ള വടക്കന്തറയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ രാമപുരം മഹാവിഷ്ണുക്ഷേത്രം. ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായ മഹാവിഷ്ണുഭഗവാൻ മുഖ്യപ്രതിഷ്ഠയായുള്ള ക്ഷേത്രം വടക്കന്തറ തിരുപുരായ്‌ക്കൽ ഭഗവതിക്ഷേത്രത്തിന്റെ തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. വിഷ്ണു അവതാരവും ആരോഗ്യദായകനും രോഗനിവാരണ ദൈവവുമായ ധന്വന്തരി ഇവിടുത്തെ ഒരു പ്രധാനപ്പെട്ട ഉപദേവനാണ്. ഭഗവതി ക്ഷേത്രത്തെക്കാൾ പഴക്കം ഈ ക്ഷേത്രത്തിനുണ്ട്. രണ്ടും ഒറ്റ ക്ഷേത്രമായാണ് ഇപ്പോൾ ഗണിയ്ക്കപ്പെടുന്നത്. ഉപദേവനായി ഗണപതി ക്ഷേത്രത്തിലുണ്ട്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

വടക്കന്തറ ശ്രീ രാമപുരം മഹാവിഷ്ണുക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:പാലക്കാട്
സ്ഥാനം:വടക്കന്തറ
വാസ്തുശൈലി, സംസ്കാരം
വാസ്തുശൈലി:കേരളീയ ക്ഷേത്രനിർമ്മാണശൈലി
ഭരണം:മലബാർ ദേവസ്വം ബോർഡ്

ഐതിഹ്യം തിരുത്തുക

ഏകദേശം അറുന്നൂറുവർഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നാണ് സൂചന. അതനുസരിച്ച് ഇവിടെയടുത്ത് കഴിഞ്ഞിരുന്ന ഒരു വാര്യർ കുടുംബവുമായി ബന്ധപ്പെട്ടാണ് കഥ പോകുന്നത്. രാമപുരത്ത് വാരിയം എന്ന് അറിയപ്പെട്ടിരുന്ന ഈ കുടുംബം വഴിയാണ് ക്ഷേത്രത്തിന് 'രാമപുരം' എന്ന പേരുവന്നത്. വാരിയത്തെ കാരണവർക്ക് ഒരുദിവസം പെട്ടെന്ന് വിഷ്ണുസാന്നിദ്ധ്യം അനുഭവപ്പെടുകയും തുടർന്ന് അദ്ദേഹം വാരിയത്തിനടുത്ത് ക്ഷേത്രം പണികഴിപ്പിയ്ക്കുകയുമായിരുന്നത്രേ.

പിന്നീട് കുറേക്കാലം കഴിഞ്ഞാണ് തിരുപുരായ്ക്കൽ ഭഗവതി വടക്കന്തറയിലെത്തിയത്. അതിനുമുമ്പ് സമീപസ്ഥലമായ മേലാമുറിയിലെ നടുപ്പതിമന്ദം ക്ഷേത്രത്തിലായിരുന്നു ഭഗവതിപ്രതിഷ്ഠ. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് നടുപ്പതിമന്ദം ക്ഷേത്രം തകർക്കപ്പെട്ടപ്പോൾ അവിടത്തെ ഭഗവതിയെ വടക്കന്തറയിലെ പ്രസിദ്ധ നായർ കുടുംബമായ തരവത്ത് തറവാട്ടിൽ കൊണ്ടുവരികയും കുറച്ചുകാലം കഴിഞ്ഞ് രാമപുരം ക്ഷേത്രത്തിലെ അത്തിമരച്ചുവട്ടിൽ പ്രതിഷ്ഠിയ്ക്കുകയുമായിരുന്നു. പിന്നീട് അത്തിമരം നിലനിർത്തിക്കൊണ്ടുതന്നെ ശ്രീകോവിലും പണിതു. അങ്ങനെയാണ് ഭഗവതിക്ഷേത്രമുണ്ടായത്. ഇന്ന് രണ്ടും ഒരുമിച്ചാണ് നടന്നുപോരുന്നത്.

ക്ഷേത്രനിർമ്മിതി തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും തിരുത്തുക

വടക്കന്തറ ദേശത്തിന്റെ ഒത്തനടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. കിഴക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രമൈതാനം പരന്നുകിടക്കുന്നു. വാഹനപാർക്കിങ് സൗകര്യവും അവിടെത്തന്നെയാണ്. വിഷ്ണുക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ് ഭഗവതിക്ഷേത്രമുള്ളത്. വിഷ്ണുനടയ്ക്കുനേരെ കൊടിമരവും ബലിക്കൽപ്പുരയും ആനക്കൊട്ടിലും ഗോപുരവുമെല്ലാം പണിതിട്ടുണ്ട്. ഇവയെല്ലാം താരതമ്യേന പുതിയതാണ്. ഏറെക്കാലം ജീർണ്ണാവസ്ഥയിലായിരുന്ന ഈ ക്ഷേത്രം 2006-ൽ പുനരുദ്ധരിച്ചിരുന്നു. അതിനുശേഷമാണ് ഇവ പണിതിട്ടുള്ളത്. ക്ഷേത്രക്കുളവും ദേവസ്വം ഓഫീസും ക്ഷേത്രമതിലകത്ത് വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. 'തിരുപുരായ്ക്കൽ ഭഗവതി-രാമപുരം വിഷ്ണു ദേവസ്വം' എന്ന ഒറ്റപ്പേരിൽ അറിയപ്പെടുന്ന ഇവിടത്തെ ദേവസ്വം മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള 'എ' ഗ്രേഡ് ദേവസ്വമാണ്. രണ്ടുനിലകളോടെ പണിത ക്ഷേത്രഗോപുരം പുതുമ മാറാതെ നിൽക്കുന്നു. ആനക്കൊട്ടിലിനകത്തുതന്നെയാണ് ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ സ്വർണ്ണക്കൊടിമരമുള്ളത്. തെക്കുഭാഗത്ത് ദേവസ്വം വക വഴിപാട് കൗണ്ടറുകൾ കാണാം.