റുഡോൾഫ് ഹോസ്
നാസി ഷുട്സ്റ്റാഫൽ പട്ടാളനേതാവും ഏറ്റവും കൂടുതൽ കാലം ഓഷ്‌വിറ്റ്സ് തടങ്കൽപ്പാളയത്തിന്റെ കാമാണ്ടാന്റും ആയിരുന്ന ആളാണ് റുഡോൾഫ് ഹോസ് (Rudolf Höss). നാസികളുടെ കീഴിലുള്ള യൂറോപ്പിലെ ജൂതന്മാരെ കൂട്ടക്കൊല ചെയ്യാനുള്ള ഹിറ്റ്‌ലറുടെ അന്തിമ പരിഹാരത്തിന് വേണ്ടി വളരെ ഫലപ്രദവും നൂതനങ്ങളുമായ മാർഗ്ഗങ്ങൾ നടപ്പിലാക്കിയ ആളാണ് ഹോസ്. കൂട്ടക്കൊലയ്ക്കായി ഹൈഡ്രജൻ സയനൈഡ് അടങ്ങിയ കീടനാശിനിയായ സൈക്കോൺ ബി ഇയാൾ പരീക്ഷിച്ചു. ഇത് ഉപയോഗിച്ച് ഇയാളുടെ പട്ടാളക്കാർക്ക് ഓഷ്‌വിറ്റ്സിൽ ഓരോ മണിക്കൂറും രണ്ടായിരത്തോളം ആൾക്കാരെ കൊല്ലാൻ കഴിഞ്ഞു. മനുഷ്യരെ കൊല്ലാനുള്ള ഇന്നേവരെ അറിയപ്പെട്ടിട്ടുള്ള ഏറ്റവും വലിയ സംവിധാനമായിരുന്നു ഇങ്ങനെ ഇയാൾ ഉണ്ടാക്കിയത്.[1]
റുഡോൽഫ് ഹോസ് | |
---|---|
ജനനം | Baden-Baden, ജർമനി | 25 നവംബർ 1901
മരണം | 16 ഏപ്രിൽ 1947 Oświęcim, പോളണ്ട് | (പ്രായം 45)
ദേശീയത | നാസി ജർമനി |
വിഭാഗം | ഷുട്സ്റ്റാഫൽ |
ജോലിക്കാലം | 1945 വരെ ഓഷ്‌വിറ്റ്സിൽ |
പദവി | ഷുട്സ്റ്റാഫൽ-Obersturmbannführer |
യൂനിറ്റ് | Totenkopfverbände |
Commands held | ഓഷ്‌വിറ്റ്സ് തടങ്കൽപ്പാളയത്തിന്റെ കമാണ്ടന്റ്, 4 മെയ്1940 – 1 ഡിസംബർ 1943, 8 മെയ്1944 – 18 ജനുവരി1945 |
നാസി പാർട്ടിയിൽ 1922 -ൽ ചേർന്ന ഇയാൾ ഷുട്സ്റ്റാഫലിൽ 1934 -ലും ചേർന്നു. ജർമനി യുദ്ധത്തിൽ തോൽക്കുന്നതിനു മുൻപ് ഓഷ്വിറ്റ്‌സിൽ ഇയാളുടെ കീഴിൽ 10 ലക്ഷത്തോളം തടവുകാർ കൊല്ലപ്പെട്ടു.[2][3] 1947 -ൽ വാഴ്സാ വിചാരണയ്ക്കൊടുവിൽ ഇയാളെ തൂക്കിക്കൊന്നു.
ജീവിതം
തിരുത്തുകബേഡൻ ബേഡനിലെ കടുത്തവിശ്വാസികളുള്ള ഒരു കത്തോലിക്കകുടുംബത്തിലാണ് ഹോസ് ജനിച്ചത്. ഏകമകനായ ഹോസ്സ് കുടുംബത്തിലെ മൂന്നുമക്കളിൽ മൂത്തവൻ ആയിരുന്നു. പട്ടാള അച്ചടക്കത്തോടെയും കഠിനമായ മതവിശ്വാസത്തിലും വളർത്തപ്പെട്ട ഹോസിനെ ഒരു പുരോഹിതൻ ആക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. അതീവമതവിശ്വാസത്തിൽ തന്നെ വളർന്ന ഹോസ്സ് പാപത്തിനെപ്പറ്റിയും കുറ്റബോധത്തെപ്പറ്റിയെല്ലാം വളരെ ആകുലനും അതിനെല്ലാം പരിഹാരങ്ങൾ ചെയ്യേണ്ടതാണെന്നുമെല്ലാമുള്ള മതവിശ്വാസത്തിൽ ആണു വളർന്നു വന്നതും. എന്നാൽ കുമ്പസാരത്തിൽ[4] പുരോഹിതനോടു താൻ പറഞ്ഞ രഹസ്യം തന്റെ പിതാവിനെ അറിയച്ച ഒരു സംഭവത്തോടെ ഹോസ് മതവിരോധി ആവുകയും തന്റെ പിതാവിന്റെ മരണത്തെ തുടർന്ന് പട്ടാളജീവിതത്തിലേക്ക് മാറുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധകാലത്ത് കുറച്ചുനാൾ ഒരു പട്ടാളആശുപത്രിയിൽ ജോലിചെയ്ത ഹോസ് പിന്നീട് പട്ടാളത്തിൽ പല റാങ്കിലും ജോലിചെയ്തു.
നാസി ജീവിതം
തിരുത്തുകമ്യൂണിച്ചിൽ വച്ച് ഹിറ്റ്‌ലറുടെ പ്രസംഗം കേട്ട ഹോസ് 1922 -ൽ 3240 -ആം നമ്പർ അംഗമായി നാസിപ്പാർട്ടിയിൽ ചേർന്നു. ഒരു രാഷ്ട്രീയവധത്തിൽ പങ്കാളിയായ ഹോസ് 6 വർഷം ജയിൽ ജീവിതവും അനുഭവിച്ചിട്ടുണ്ട്.[4] പിന്നീട് ഹിറ്റ്‌ലറുടെ പ്രൈവറ്റ് സെക്രട്ടറി ആയ ബോർമാന്റെ ആഗ്രഹപ്രകാരം 1923 മെയ് 31 -ന് മെക്‌ളൻബർഗിൽ വച്ച് ഹോസും കൂട്ടാളികളും ചെർന്ന് ഒരു സ്കൂൾ അധ്യാപകനായ വാൽത്തർ കഡോവിനെ അടിച്ചുകൊന്നു.[5] അയാൾ ചാരപ്പണി നടത്തി എന്ന ആരോപണത്തെ തുടർന്നായിരുന്നു ഇത്. ഇതിനാണ് ഹോസ് ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നത്.
ഹിറ്റ്‌ലറോട് ഉള്ളതിനേക്കാൾ വിധേയത്തം ഹോസിന് ഹിംലറോട് ആയിരുന്നു. അയാൾ പറയുന്നതെന്തും വേദവാക്യമായിക്കരുതിയ ഹോസ് 1934 ഏപ്രിൽ ഇ -ന് എസ് എസ്സിൽ ചേർന്നു. 1934 ഡിസംബറിൽ ഡച്ചവു പീഡനകേന്ദ്രത്തിൽ നിയമിതനായ ഹോസ് പതിയെ ഉയർന്ന് വലിയ ഉത്തരവാദിത്തങ്ങൾ പേറാൻ മാത്രം യോഗ്യനാണെന്ന് തെളിയിക്കപ്പെട്ടപ്പോൾ തടവുകാരുടെ സ്വത്തുകൈകാര്യം ചെയ്യുന്ന ജോലിയിൽ നിയമിക്കപ്പെട്ടു.[6][7]
1940 മെയ് 1-ന് ഹോസിനെ ഓഷ്‌വിറ്റ്സ് ക്യാമ്പിന്റെ കമാണ്ടറാക്കി ചുമതലയേൽപ്പിച്ചു. അവിടെ നേതൃത്വം വഹിച്ച കാലയളവിൽ അയാൾ അതിനെ ഓഷ്‌വിറ്റ്സ്-ബിർകെനൗ കോൺസൻട്രേഷൻ ക്യാമ്പ് എന്ന് പിന്നീട് അറിയപ്പെട്ട ഒരു വലിയ സമുച്ചയം ആക്കി മാറ്റിയെടുത്തു. പതിനായിരത്തോളം തടവുകാരെ പാർപ്പിക്കാൻ പറ്റിയ ഒരു സ്ഥലം ഉണ്ടാക്കാനുള്ള നിർദ്ദേശത്തോടെ അവിടെ എത്തിയ ഹോസ്, കാര്യങ്ങൾ തന്റേതായ രീതിയിൽ വ്യത്യസ്തമായി ചെയ്യാൻ തീരുമാനിച്ചു. താൻ നേരത്തെ ജോലിചെയ്ത പീഡനകേന്ദ്രങ്ങളേക്കാൾ കാര്യക്ഷമമായ ഒന്നാക്കി ഇതിനെ മാറ്റിയെടുക്കാൻ ഹോസ് തീരുമാനിച്ചുറച്ചു.[8] ഓഷ്‌വിറ്റ്‌സിൽത്തന്നെ ഒരു വില്ലയിൽ ആയിരുന്നു ഹോസ് തന്റെ ഭാര്യയോടും അഞ്ചു മക്കളോടുമൊപ്പം താമസിച്ചിരുന്നത്.[9]
തുടക്കത്തിൽ ഇവിടെ ഉണ്ടായിരുന്ന തടവുകാരിൽ കൂടുതലും കർഷകരും ബുദ്ധിജീവികളും ഉൾപ്പെടെയുള്ള സോവിയറ്റ് യുദ്ധത്തടവുകാരും പോളിഷ് തടവുകാരും ആയിരുന്നു. 1940 ജൂണിൽ എത്തിയ 700 പേരാണ് അവിടെ എത്തിയ ആദ്യ തടവുകാർ. ഏറ്റവും തിരക്കുള്ള രീതിയിൽ പ്രവർത്തിച്ച കാലത്ത് ഓഷ്‌വിറ്റ്സിൽ മൂന്ന് തരത്തിലുള്ള വിഭാഗങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ഓഷ്‌വിറ്റ്സ് I, ഓഷ്‌വിറ്റ്സ് II-ബിർകെന്യൂ, ഓഷ്‌വിറ്റ്സ് III-മോണോവിറ്റ്-സ്. ഇതു കൂടാതെ പല ചെറുവിഭാഗങ്ങളും 20000 ഏക്കർ പരന്നു കിടന്ന ഈ ക്യാമ്പിൽ ഉണ്ടായിരുന്നു. ക്യാമ്പുകൾ ഉണ്ടാക്കാനായി അവിടങ്ങളിൽ താമസിച്ചിരുന്നവരെ നിർബന്ധമായി ഒഴിപ്പിക്കുകയായിരുന്നു.[6] ഓഷ്‌വിറ്റ്സ് 1 -ൽ ഭരണകാര്യങ്ങളുടെ സമുച്ചയങ്ങൾ ആയിരുന്നപ്പോൾ ഓഷ്‌വിറ്റ്സ് 2 -ൽ ആയിരുന്നു പ്രധാന കൂട്ടക്കൊലകൾ നടന്നത്. ഓഷ്‌വിറ്റ്സ് 3 തടവുകാരെക്കൊണ്ട് അടിമപ്പണി എടുപ്പിക്കുന്ന ജർമൻ വ്യവസായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന ഇടമായിരുന്നു.
തന്റെ വിചാരണയിലെ പ്രസ്താവനകളിൽ നിന്നും മനസ്സിലാകുന്നതു പ്രകാരം ഹോസിനെ 1941 ജൂണിൽ ഹിംലറെ കാണുവാനായി ബെർലിനിലേക്ക് വിളിച്ചുവരുത്തി. ജൂതപ്രശ്നത്തിന്റെ പരിഹാരത്തിനായി അന്തിമ പ്രതിവിധി നടപ്പിലാക്കാൻ ഹിറ്റ്‌ലർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അതിനായി യൂറോപ്പിലെ ജൂതന്മാരെ കൂട്ടക്കൊല ചെയ്യാൻ ഓഷ്‌വിറ്റ്‌സാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും ഹിംലർ ഹോസിനോട് വെളിപ്പെടുത്തി. എളുപ്പത്തിൽ തീവണ്ടിമാർഗ്ഗം എത്തിച്ചേരാനും ധാരാളം വിസ്താരമുള്ള പ്രദേശമായതിനാൽ പുറത്തുള്ളവരിൽ നിന്നും രഹസ്യമായി വയ്ക്കാനും യോജിച്ച ഇടമായതിനാലാണ് ഓഷ്‌വിറ്റ്‌സ് തെരഞ്ഞെടുത്തത്. ഇക്കാര്യത്തെപ്പറ്റി വേറെ ഒരാളോടു പോലും സംസാരിക്കാൻ പാടില്ലെന്നാണ് ഹോസിനു ലഭിച്ച നിർദ്ദേശം. 1942 അവസാനം ഹോസ് ഈ രഹസ്യം തന്റെ ഭാര്യയോടു മാത്രമാണ് വെളിപ്പെടുത്തിയത്. നാലാഴ്ചയ്ക്കു ശേഷം ക്യാമ്പിൽ എത്താൻ പോകുന്ന എയ്ക്‌മാൻ അവിടെ ചെയ്യേണ്ടകാര്യങ്ങളെപ്പറ്റി വേണ്ട നിർദ്ദേശങ്ങൾ തന്നുകൊള്ളുമെന്ന് ഹിംലർ ഹോസിനെ അറിയിച്ചു.[6]
കൂട്ടക്കൊലയ്ക്ക് ഏറ്റവും ഫലപ്രദമായ രീതി കണ്ടെത്താനുള്ള പരീക്ഷണങ്ങൾ ഹോസ് 1941 സെപ്തംബർ 3 -ന് ആരംഭിച്ചു[10]. ഇയാളുടെ പരീക്ഷണങ്ങൾ ഓഷ്‌വിറ്റ്‌സിനെ[11] ഹോളോകോസ്റ്റിലെ ഏറ്റവും ഫലപ്രദമായ കൂട്ടക്കൊലയുടെ സ്ഥലം ആക്കിമാറ്റി. ഹോസ് തന്നെ പറഞ്ഞതിൻപ്രകാരം സാധാരണ സമയങ്ങളിൽ രണ്ടോ മൂന്നോ തീവണ്ടികൾ ഓരോന്നിലും 2000 തടവുകാരെയും കൊണ്ട് എത്തും. ഇങ്ങനെ ഓരോ തീവണ്ടിയും എന്നും തുടർച്ചയായി നാലോ ആറോ ആഴ്ച്ച എത്തിക്കൊണ്ടിരിക്കും. ഇവരെ ബിർകനൗ ക്യാമ്പിൽ ഇറക്കും. പണിയെടുക്കാൻ യോഗ്യരായവരെ അതിനുപറ്റിയ ഏതെങ്കിലും ക്യാമ്പിലേക്ക് മാറ്റും. അല്ലാത്തവരെ അപ്പോൾത്തന്നെ ഗ്യാസ് ചേമ്പറിലേക്ക് വിടും. ആദ്യമാദ്യം മറ്റാരും കണ്ടുപിടിക്കാതിരിക്കാൻ ഉൾക്കാടിനുനടുവിലുള്ള ചെറിയ ബങ്കറുകളിലേക്കാണ് കൊല്ലാനായി വിട്ടിരുന്നത്. പിന്നീട് വളരെ വലിയ അളവിൽ ആൾക്കാരെ കൂട്ടക്കൊല ചെയ്യേണ്ടിവന്നപ്പോൾ നാലു വലിയ ഗ്യാസ് ചേമ്പറുകളും ചൂളകളും ബിർകെനൗവിൽ ഉണ്ടാക്കുകയും കൊല്ലുന്നത് കൂടുതൽ ഫലപ്രദമാക്കാൻ കഴിയുകയും ചെയ്തു.[6]
കൊല്ലുന്നത് സാങ്കേതികമായി അത്ര വിഷമമുള്ള ഏർപ്പാടല്ല, ഇതിലും കൂടുതൽ വേണമെങ്കിലും എളുപ്പം ചെയ്യാവുന്നതേയുള്ളൂ. കൊല്ലാൻ വളരെക്കുറച്ചു സമയമേ വേണ്ടിവരികയുള്ളൂ. 2000 എണ്ണത്തെ കൊല്ലണമെങ്കിൽ അര മണിക്കൂറേ വേണ്ടൂ. ഒന്നു കത്തിച്ചുകളയാനാണ് സമയം മുഴുവൻ എടുക്കുന്നത്. കൊല്ലാൻ വേണ്ടി അവരെ കൊണ്ടുപോകാൻ പട്ടാളക്കാർ പോലും വേണ്ട, അവിടെ ഷവറിലേക്കാണെന്നു പറയുകയേ വേണ്ടൂ. അവിടെ എത്തുമ്പോൾ വിഷവാതകം തുറക്കേണ്ട പണിയേ ഉള്ളൂ. ഒക്കെ വളരെവേഗം നടക്കും.[12]
പലതരം മാരകവാതകപരീക്ഷണങ്ങൾ ഹോസ് നടത്തിയിരുന്നു. 1961 -ൽ എയ്ക്മാന്റെ വിചാരണയിൽ ഹോസ് സൾഫ്യൂരിക് ആസിഡിൽ പഞ്ഞി അരിപ്പകൾ വച്ചാണ് ആദ്യം പരീക്ഷണങ്ങൾ നടത്തിയതെന്ന് തന്നോടുപറഞ്ഞിട്ടുണ്ടെന്ന് എയ്ക്മാൻ പറയുകയുണ്ടായി. 1941 -ൽ തന്റെ കീഴുദ്യാഗസ്ഥൻ ആയ കാൾ ഫ്രിഷ് ഒരുകൂട്ടം റഷ്യൻ തടവുകാരിൽ[13] ഹൈഡ്രജൻ സയനൈഡ് പരീക്ഷിച്ച് വിജയിച്ചതിനുശേഷമാണ് ഹോസ് അതുപയോഗിച്ച് കൂട്ടക്കൊല തുടങ്ങിയത്. ഇതുപയോഗിച്ച് കൊല്ലാൻ 3 മുതൽ 15 മിനുട്ട് വരെയേ വേണ്ടിയിരുന്നുള്ളുവെന്നും "അവരുടെ അലർച്ച നിലയ്ക്കുമ്പോൾ അവർ മരിച്ചുകഴിഞ്ഞു" എന്നു തങ്ങൾക്ക് എളുപ്പം മനസ്സിലാകുമായിരുന്നെന്നും ഹോസ് പറയുകയുണ്ടായി.[14]
ഓഷ്‌വിറ്റ്സിനു ശേഷം
തിരുത്തുക1943 നവംബർ 10 -ന് ഓഷ്‌വിറ്റ്‌സ് ചുമതല ഒഴിഞ്ഞശേഷം ഹോസ് ക്യാമ്പുകൾ പരിശോധിക്കുന്ന ചുമതലയിൽ നിയമിതനായി. 1944 മെയ് 8 -ന് ഓഷ്വിറ്റ്‌സിൽ ഹംഗറിക്കാരായ ജൂതന്മാരെ വകവരുത്തുന്ന ഒരു പദ്ധതിക്ക് മേൽനോട്ടം വഹിക്കാൻ ഹോസ് തിരിച്ചെത്തി. ഈ പരിപാടിയിൽ 430000 ജൂതന്മാരെ മെയ്-ജൂലൈ മാസങ്ങളിൽ വെറും 56 ദിവസം കൊണ്ടു കൊന്നുതീർത്തു. ഹോസിന്റെ പരിഷ്കരിച്ച ചൂളയ്ക്കുപോലും ഇത്രയധികം പേരെ കത്തിച്ചുതീർക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. അതിനാൽ ഉദ്യാഗസ്ഥർക്ക് തുറന്ന ഇടങ്ങളിൽ ശവശരീരങ്ങൾ കൂട്ടിയിട്ട് തീവയ്ക്കേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.[15]
പിടികൂടൽ, വിചാരണ, വധം
തിരുത്തുകയുദ്ധം അവസാനത്തോട് അടുക്കുമ്പോൾ വേഷം മാറി ഒളിച്ചുതാമസിക്കാൻ ഹോസിനോട് ഹിംലർ ഉപദേശിച്ചു. ഒരു വർഷത്തോളം ഇയാൾ ഒളിവിൽ കഴിഞ്ഞു. 1946 മാർച്ച് 11-ന് ബ്രിട്ടീഷ് പട പിടികൂടുമ്പോൾ ഒരു തോട്ടക്കാരനായി വേഷം മാറി ഫ്രാൻസ് ലാംഗ്[16] എന്ന പേരിൽ താമസിക്കുകയായിരുന്നു ഇയാൾ. തങ്ങളുടെ മകനെ സോവിയറ്റ് യൂണിയനിലേക്ക് അയയ്ക്കുമെന്നും പീഡിപ്പിക്കുമെന്നും ഭയന്ന് ഹോസ് എവിടെയാണ് ഉള്ളതെന്ന രഹസ്യം അയാളുടെ ഭാര്യ ബ്രിട്ടീഷുകരോട് വെളിപ്പെടുത്തി.[17] നാസിക്കാലത്ത് തന്റെ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് നാടുവിടേണ്ടിവന്ന ജൂതനായ ഒരു പോലീസ് ഉദ്യോഗസ്ഥനായ ഹാൻസ് അലക്സാണ്ടറാണ്[18] ഹോസിനെ പിടികൂടിയത്. ആദ്യം താനാരാണെന്ന് രഹസ്യം വെളിപ്പെടുത്താൻ ഹോസ് തയ്യാറായില്ല, അപ്പോൾ അയാളുടെ മോതിരം ഊരിക്കാണിക്കാൻ ഹാൻസ് ആവശ്യപ്പെട്ടപ്പോൾ അതു മുറുകിക്കിടക്കുകയാണെന്നും പറഞ്ഞ് ഊരാൻ ഹോസ് തയ്യാറായില്ല. വിരൽ മുറിച്ചെടുക്കുമെന്നുള്ള അലക്സാണ്ടറുടെ ഭീഷണിയെത്തുടർന്നാണ് ഒടുവിൽ അയാൾ മോതിരം ഊരിയത്. ഹോസിന്റെയും ഭാര്യയുടെയും പേരുകൾ മൊഠിരത്തിന്റെ ഉൾഭാഗത്ത് കൊത്തിയിട്ടുണ്ടായിരുന്നു.[16] ചോദ്യം ചെയ്യലിനും മർദ്ദനത്തിനും ഒടുവിലാണ് താൻ ഹോസുതന്നെയാണെന്ന് അയാൾ വെളിപ്പെടുത്തിയത്.[16][19]
1946 ഏപ്രിൽ 15 -ന് ന്യൂറംബർഗിൽ വച്ചു നടന്ന വിചാരണയിൽ ഹോസു നൽകിയ പ്രസ്താവനയിൽ വിശദമായി തങ്ങൾ ഓഷ്‌വിറ്റ്‌സിൽ വച്ചു നടത്തിയ കൂട്ടക്കൊലകളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഈ മൊഴികൾ മറ്റു വിചാരണകളിലും ഉപയോഗിച്ചിട്ടുണ്ട്.
1946 ഏപ്രിൽ 5 -ന് കൊടുത്ത പ്രസ്താവനയിൽ നിന്നും:
1943 ഡിസംബർ 1 വരെ ഞാൻ ഓഷ്‌വിറ്റ്‌സിൽ കമാണ്ടർ ആയിരുന്നു. ഇക്കാലത്ത് അവിടെ 25 ലക്ഷം ഇരകളെ ഗ്യാസ് ചേംബറിൽ ഇട്ടും കത്തിച്ചും കൂട്ടക്കൊല ചെയ്തിട്ടുണ്ട്. കൂടാതെ മറ്റൊരു 5 ലക്ഷം പേർ പട്ടിണിയാലും ദാരിദ്ര്യത്താലും കൊല്ലപ്പെട്ടിട്ടുണ്ടാകും. അങ്ങനെ ആകെ ഒരു 30 ലക്ഷം പേർ അവിടെ കൂട്ടക്കൊലയ്ക്കിരയായി. ഓഷ്‌വിറ്റ്‌സിൽ എത്തിയ ആകെ തടവുകാരുടെ എണ്ണത്തിന്റെ 70-80 ശതമാനം വരും ഇത്. ബാക്കിയുള്ളവരെ അടിമപ്പണിക്കായി ക്യാമ്പിലെ വ്യവസായശാലകളിലേക്ക് തെരഞ്ഞെടുത്തു. കൂട്ടക്കൊല നടത്തി കത്തിച്ചവരിൽ ഏതാണ്ട് 20000 റഷ്യൻ യുദ്ധത്തടവുകാരും ഒരു ലക്ഷം ജർമൻ ജൂതന്മാരും പിന്നെ ഹോളണ്ട്, ഫ്രാൻസ്, ബെൽജിയം, പോളണ്ട്, ഹംഗറി, ചെക്കൊസ്ലോവാക്ക്യ, ഗ്രീസ്, മറ്റുരാജ്യങ്ങൾ എന്നിവയിലെ (കൂടുതലും ജൂതന്മാർ) ആൾക്കാരും ഉണ്ടായിരുന്നു. ഞങ്ങൾ 1944 -ലെ വേനലിൽ മാത്രം നാലു ലക്ഷത്തോളം ഹംഗറിയിൽ നിന്നുള്ള ജൂതന്മാരെ കൂട്ടക്കൊല ചെയ്തിട്ടുണ്ട്.[20]
1946 മെയ് 25 -ന് ഹോസിനെ പോളണ്ടിലെ അധികാരികൾക്ക് കൈമാറി. അവിടെ അയാൾ കൂട്ടക്കൊലയ്ക്ക് വിചാരണ ചെയ്യപ്പെട്ടു. 1947 മാർച്ച് 11 മുതൽ 29 വരെ, 35 ലക്ഷം മനുഷ്യരെ കൂട്ടക്കൊല ചെയ്ത കേസിലെ വിചാരണയ്ക്കിടയിൽ "35 ലക്ഷമല്ല, വെറും 25 ലക്ഷം മാത്രമാണ്, ശേഷിക്കുന്നവർ രോഗത്താാലും പട്ടിണിയിലുമാണ് മരിച്ചത്" എന്ന് ഹോസ് പറഞ്ഞു.[21] 1947 ഏപ്രിൽ 2 -ന് ഹോസിനെ തൂക്കിക്കൊല്ലാൻ വിധിച്ചു. ഏപ്രിൽ 16 -ന് ഓഷ്വിറ്റ്‌സ് കോൺസൻട്രേൻ ക്യാമ്പിലെ ചൂളയ്ക്ക് സമീപം അയാളെ തൂക്കിലേറ്റി. ഹോസിനെ വധിക്കാൻ മാത്രമായി ഉണ്ടാക്കിയ തൂക്കുമരം ക്യാമ്പിലെ ഗസ്റ്റപ്പോ സ്റ്റേഷൻ നിന്ന സ്ഥലത്തായിരുന്നു. അവിടെയുള്ള ഫലകത്തിലെ സന്ദേശം ഇങ്ങനെയാണ്.
ഗസ്റ്റപ്പോ ക്യാമ്പ് നിലനിന്നിരുന്ന സ്ഥലമാണിത്. ക്യാമ്പിൽ നിന്നും തടവുചാടാൻ ശ്രമിച്ചവരെയും അത്തരം കാര്യങ്ങളെപ്പറ്റിയുള്ള നീക്കം നടത്തിയ തടവുകാരെയും ചോദ്യം ചെയ്തിരുന്ന സ്ഥലമാണിത്. പല തടവുകാരും ഭേദ്യം ചെയ്തതിലോ അടികിട്ടിയിട്ടോ ഇവിടെ വച്ച് മരിച്ചിട്ടുണ്ട്. ഓഷ്‌വിറ്റ്സിലെ ആദ്യ കമാണ്ടന്റ് ആയ ഹോസിനെ വിചാരണ ചെയ്ത് വധശിക്ഷ വിധിച്ചശേഷം 1947 ഏപ്രിൽ 16 -ന് ഇവിടെ വച്ചാണ് തൂക്കിലേറ്റിയത്.
വിചാരണയുടെ സമയങ്ങളിൽ മിക്കവാറും തന്നോട് ആവശ്യപ്പെട്ടതു ചെയ്യുകമത്രമാണ് താനെന്നും കൊലയുടേ ഉത്തരവാദിത്തം തനിക്കല്ല എന്നപോലെയുള്ള നിലപാടുകളാണ് ഹോസ് എടുത്തത്.[22]}}
തൂക്കിക്കൊല്ലുന്നതിനു നാലുനാൾ മുന്നേ തന്റെ പ്രവൃത്തിയുടെ വലിപ്പം ഏറ്റെടുത്തുകൊണ്ട് ഹോസ്സ് ഇങ്ങനെ സമ്മതിക്കുകയുണ്ടായി.
താഴെപ്പറയുന്ന പ്രസ്താവൻ നടത്താൻ എന്റെ മനസാക്ഷി എന്നെ നിർബന്ധിതനാക്കുന്നു. എന്റെ ഏകാന്തമായ ജയിലറയിൽ ഇരിക്കുമ്പോൾ മാനവരാശിയോടു ഞാൻ ചെയ്തത് അത്യന്തം ഗുരുതരമായ തെറ്റാണെന്നു ഞാൻ മനസ്സിലാക്കുന്നു. ഓഷ്‌വിറ്റ്സിന്റെ കമാണ്ടർ എന്ന നിലയിൽ മൂന്നാം സാമ്രാജ്യത്തിന്റെ മനുഷ്യ ഉന്മൂലനത്തിൽ എന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. എന്റെ പ്രവൃത്തി മനുഷ്യകുലത്തിനാകെ മുറിവുണ്ടാക്കി. പോളണ്ടിലെ ജനങ്ങൾക്ക് പ്രത്യേകമായും ഞാൻ പറയാൻ അരുതാത്തത്ര പീഡനം നടത്തുന്നതിന് കാരണക്കാരനായി. എന്റെ ജീവൻ കൊണ്ട് ഞാൻ ഇതിനു വില നൽകണം. എന്റെ പ്രവർത്തിക്ക് ദൈവം ഒരിക്കൽ എന്നോട് ക്ഷമിക്കട്ടെ.[8]
മരണത്തിനു തൊട്ടുമുൻപ് ഹോസ് കത്തോലിക്ക സഭയിലേക്ക് തിരികെയെത്തി.[23]
കുറ്റസമ്മതത്തിന്റെ കൈയെഴുത്തുപ്രതി
തിരുത്തുകഹോസിന്റെ കുറ്റസമ്മതത്തിന്റെ കൈയെഴുത്തുപ്രതി വാഷിങ്‌ടൺ ഡി സി യിലെ ഹോളോകോസ്റ്റ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ Levy, Richard S. (2005). Antisemitism: A Historical Encyclopedia of Prejudice and Persecution (Two Vol. Set). ABC-CLIO. p. 324. ISBN 1-85109-439-3.
- ↑ Commandant of Auschwitz (2000), Appendix 1, p. 193.
- ↑ Piper, Franciszek & Meyer, Fritjof. Overall analysis of the original sources and findings on deportation to Auschwitz. Review of article "Die Zahl der Opfer von Auschwitz. Neue Erkentnisse durch neue Archivfunde", Osteuropa, 52, Jg., 5/2002, pp. 631–641.
- ↑ 4.0 4.1 Höss, Rudolph; edited by Steven Paskuly; translated by Andrew Pollinger; foreword by Primo Levi (1996). Death dealer : the memoirs of the SS Kommandant at Auschwitz (Google Books) (1st Da Capo Press ed.). New York: Da Capo Press. p. 52. ISBN 0-306-80698-3.
{{cite book}}
:|first=
has generic name (help)CS1 maint: multiple names: authors list (link) - ↑ Shira Schoenberg (1990). "Martin Bormann". Retrieved 5 August 2011.
- ↑ 6.0 6.1 6.2 6.3 Prof. Douglas O. Linder, "Testimony of Rudolf Höß at the Nuremberg Trials, April 15, 1946" available online at Famous World Trials: The Nuremberg Trials: 1945-48, UMKC School of Law. OCLC 45390347
- ↑ Paul R. Bartrop (2014). "Rudolf Hoess". Encountering Genocide: Personal Accounts from Victims, Perpetrators, and Witnesses. ABC-CLIO. p. 111. ISBN 1610693310. Retrieved 27 February 2015.
- ↑ 8.0 8.1 Hughes, John Jay (25 March 1998). A Mass Murderer Repents: The Case of Rudolf Hoess, Commandant of Auschwitz. Archbishop Gerety Lecture at Seton Hall University. PDF file, direct download.
- ↑ BBC History of World War II. Auschwitz; Inside the Nazi State.
- ↑ Pressac, Jean-Claude (1989). AUSCHWITZ: Technique and Operation of the Gas Chambers Archived 2015-09-24 at the Wayback Machine. p. 132. First experimental gassing in Block 11.
- ↑ Commandant of Auschwitz (2000), pp. 106–157, and Appendix 1, pp. 183–200.
- ↑ Gilbert (1995), pp. 249–50.
- ↑ Commandant of Auschwitz (2000), p. 146.
- ↑ Hoess Affidavit for Nuremberg Trial Archived 2010-01-12 at the Wayback Machine. at Fordham.edu
- ↑ Wilkinson, Alec, "Picturing Auschwitz", The New Yorker, 17 March 2008, pp. 50–54.
- ↑ 16.0 16.1 16.2 "Nazi hunter: Exploring the power of secrecy and silence". The Globe and Mail. 7 November 2013. Retrieved 14 April 2014.
- ↑ "Hiding in N. Virginia, a daughter of Auschwitz by Thomas Harding". washington post. 7 September 2013. Retrieved 8 February 2015.
- ↑ "Hanns and Rudolf by Thomas Harding, review". The Telegraph. 9 September 2013. Retrieved 14 April 2014.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-05. Retrieved 2016-05-02.
- ↑ Modern History Sourcebook: Rudolf Hoess, Commandant of Auschwitz: Testimony at Nuremberg, 1946. http://www.fordham.edu/halsall/mod/1946Hoess.html Archived 2010-01-12 at the Wayback Machine.
- ↑ Applebome, Peter (14 March 2007). "Veteran of the Nuremberg Trials Can't Forget Dialogue With Infamy". The New York Times. Retrieved 15 March 2007.
- ↑ Gilbert (1995), p. 260
- ↑ PAP (16 April 2012). Kat Hoess nawrócił się w Wadowicach (Executioner's Repentance in Wadowice). (in Polish)