ഇന്ത്യയിലെ കേരളസംസ്ഥാനത്ത് 1966-ൽ കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകകേസാണ് മാടത്തരുവി കേസ് എന്ന് അറിയപ്പെടുന്നത്. വിധവയായ മറിയക്കുട്ടി എന്ന സ്ത്രീയുടെ ജഡം ഇന്നത്തെ പത്തനംതിട്ട ജില്ലയിൽ റാന്നി അടുത്തുള്ള മാടത്തരുവിയിൽ 1966 ജൂൺ 16-ൻ കാണപ്പെട്ടതാണ് കേസിനു ആധാരം. ബെനഡിക്‌ട്‌ ഓണംകുളം എന്ന സുറിയാനി കത്തോലിക്കാ പുരോഹിതനാണ്‌ കുറ്റവാളി എന്ന ആരോപണമാണ്‌ കേസിലേയ്ക്ക് വ്യാപകമായ മാധ്യമശ്രദ്ധയും ജനശ്രദ്ധയും ആകർഷിച്ചത്.

വിചാരണയും വിധികളും തിരുത്തുക

ബെനഡിക്ട് മറിയക്കുട്ടിയുമായി അനാശാസ്യബന്ധം പുലർത്തിയിരുന്നെന്നും അവരുടെ മരണസമയത്ത് രണ്ടുവയസ്സുണ്ടായിരുന്ന കുട്ടിയുടെ പിതാവ് അദ്ദേഹമാണെന്നും ആരോപിക്കപ്പെട്ടിരുന്നു. ഈ കേസിൽ 1966 ജൂൺ 24-ന്‌ ബെനഡിക്ടച്ചൻ അറസ്റ്റു ചെയ്യപ്പെട്ടു. ഒരു കത്തോലിക്കാപുരോഹിതൻ ഇത്തരം കുറ്റാരോപണത്തിൽ അറസ്റ്റുചെയ്യപ്പെടുന്ന കേരളത്തിലെ ആദ്യസംഭവമായിരുന്നു അത്. കൊല്ലത്തെ സെഷൻസ് കോടതിയിൽ നടന്ന വിചാരണയെ തുടർന്ന് 1966 നവംബർ 19 ന്‌ ബെനഡിക്‌ട്‌ അച്ചന്‌, സെഷൻസ് ജഡ്‌ജി കുഞ്ഞിരാമൻ വൈദ്യർ, അഞ്ചുവർഷത്തെ കഠിനതടവും വധശിക്ഷയും വിധിച്ചു. കേസ് അന്വേഷിച്ച രീതിയിൽ പലതരം വീഴ്ചകളും കണ്ടെങ്കിലും, പ്രതി പുരോഹിതനാണെന്നതിനാൽ കുറ്റകൃത്യത്തെ ഗൗരവമായെടുത്ത് കഠിനതരമായ ശിക്ഷ വിധിക്കുകയായിരുന്നു സെഷൻസ് കോടതി. കീഴ്‌ക്കോടതിയുട ഈ നിലപാട്, ബെനഡിക്ടിന്റെ അപ്പീൽ പരിഗണിച്ച കേരളാ ഹൈക്കോടതിയിലെ രണ്ടംഗ ബഞ്ച് അംഗീകരിച്ചില്ല. ന്യായാധിപന്മാരായ പി.ടി. രാമൻ നായരും വി.പി. ഗോപാലനുമായിരുന്നു ആ ബെഞ്ചിലെ അംഗങ്ങൾ. നിയമത്തിന്റെ മുൻപിൽ എല്ലാവരും തുല്യരാണെന്നു കരുതിയ അവർ, മതിയായ തെളിവില്ലെന്ന കാരണം പറഞ്ഞ് 1967 ഏപ്രിൽ 7-ന്‌ പുറപ്പെടുവിച്ച വിധിയിൽ, ബെനഡിക്ടിനെ വെറുതേ വിട്ടു. അപ്പീൽ പരിഗണിച്ച രണ്ടംഗ ബെഞ്ചിലെ ജഡ്ജിമാരിൽ ഒരാളായിരുന്ന പി.ടി. രാമൻ നായർ, ന്യായാധിപനെന്ന നിലയിൽ തനിക്കു കൈകാര്യം ചെയ്യേണ്ടി വന്നതിൽ ഏറ്റവും വിഷമം പിടിച്ച കേസ് ഇതായിരുന്നെന്ന് പിന്നീട് ഒരഭിമുഖത്തിൽ പറഞ്ഞു.[1]

ചലച്ചിത്രങ്ങൾ തിരുത്തുക

മാടത്തരുവി കൊലക്കേസിനെ ആധാരമാക്കി "മാടത്തരുവി", "മൈനത്തരുവി കൊലക്കേസ്" എന്നീ പേരുകളിൽ രണ്ടു മുഴുനീള ചലച്ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. മാടത്തരുവി എന്ന ചിത്രത്തിൽ കൊല ചെയ്യപ്പെട്ട സ്ത്രീയായി വേഷമിട്ടത് മലയാളത്തിലെ പ്രസിദ്ധ അഭിനേത്രി ഷീല ആയിരുന്നു. കേസിലെ പ്രതിയായ പുരോഹിതനെ രണ്ടു ചിത്രങ്ങളിലും, മരണമടഞ്ഞ സ്ത്രീയോടു കാട്ടിയ കാരുണ്യം മൂലം കുഴപ്പത്തിൽ പെട്ട നിരപരാധിയായാണ്‌ ചിത്രീകരിച്ചിരുന്നത്.

'വെളിപ്പെടുത്തൽ' തിരുത്തുക

ഈ കേസുമായി ബന്ധപ്പെട്ട് 2000-മാണ്ടിൽ നടന്നതായി പറയപ്പെടുന്ന ഒരു വെളിപ്പെടുത്തൽ അതിലേയ്ക്ക് വീണ്ടും ജനശ്രദ്ധയാകർഷിച്ചു. ഒരു എസ്റ്റേറ്റുടമയുടെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന മറിയക്കുട്ടി മരിച്ചത് അയാളുടെ ആവശ്യമനുസരിച്ച് ഒരു ഡോക്ടർ നടത്തിയ ഗർഭഛിദ്രശസ്ത്രക്രിയയെ തുടർന്നായിരുന്നെന്ന് ആ ഡോക്ടറുടെ 93 വയസ്സുള്ള പത്നിയും രണ്ടു മക്കളും ആദ്യം ബെനഡിക്ടിനോടും പിന്നീട് ചില മാധ്യമങ്ങളോടും വെളിപ്പെടുത്തിയതായി പറയപ്പെടുന്നു. എസ്റ്റേറ്റുടമയും ഡോക്ടറും നേരത്തേ മരിച്ചിരുന്നു. ഭർത്താവിന്റെ മരണത്തെ തുടർന്ന് കുടുംബത്തിൽ തുടരെ ഉണ്ടായിക്കൊണ്ടിരുന്ന അനിഷ്ടസംഭവങ്ങളിൽ ആത്മീയസാന്ത്വനം തേടി ഒരു കത്തോലിക്കാ പ്രാർത്ഥനാകേന്ദ്രത്തിൽ ധ്യാനത്തിനെത്തിയ ഡോക്ടറുടെ പത്നി പ്രാർത്ഥനാകേന്ദ്രത്തിന്റെ തലവന്റെ അന്വേഷണത്തോടു പ്രതികരിച്ച് ഭർത്താവിന്റെ കുറ്റം സമ്മതിക്കുകയും[൧] [൨], തുടർന്നു കിട്ടിയ നിർദ്ദേശമനുസരിച്ച് ബെനഡിക്ടിനെ സന്ദർശിച്ച്, മറിയക്കുട്ടിയുടെ മരണപശ്ചാത്തലം വെളിപ്പെടുത്തി അദ്ദേഹത്തോട് മാപ്പിരക്കുകയുമാണത്രെ ഉണ്ടായത്.[2]

നാമകരണനീക്കം തിരുത്തുക

നടപടി തിരുത്തുക

അതിരമ്പുഴയിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന ബെനഡിക്ടച്ചൻ ഒരു വർഷത്തിനുള്ളിൽ, 2001 ജനുവരി 11-ന്‌ അന്തരിച്ചു. അതിരമ്പുഴയിലെ വിശുദ്ധ മാതാവിന്റെ പള്ളിയോടു ചേന്നുള്ള വൈദികരുടെ സിമിത്തേരിയിൽ സംസ്കരിക്കപ്പെട്ടിരിക്കുന്ന ബെനഡിക്ടിന്റെ മദ്ധ്യസ്ഥതയിൽ പല അത്ഭുതങ്ങളും നടന്നതായി പിന്നീട് അവകാശവാദങ്ങൾ ഉയർന്നു. വിശ്വാസികളിൽ ചിലർ അദ്ദേഹത്തെ "സഹനദാസൻ" എന്നു വിളിക്കാനും തുടങ്ങി. തുടർന്ന്, കത്തോലിക്കാസഭയിൽ ലോകമൊട്ടാകെ വൈദികവർഷമായി അചരിക്കപ്പെട്ട 2009-10-ൽ ബെനഡിക്ടിന്റെ കല്ലറ പുനർനിർമ്മിക്കപ്പെടുകയും അദ്ദേഹത്തിന്റെ പേരുവിളിച്ചു പ്രാർത്ഥിക്കാൻ സഭ വിശ്വാസികളെ അനുവദിക്കുകയും ചെയ്തു. താമസിയാതെ, ഫാദർ ബെനഡിക്ടിനെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുവാനായുള്ള പ്രാരംഭ നടപടികൾക്കും കത്തോലിക്ക സഭ തുടക്കമിട്ടു.[3][4] [5]

തന്റേതല്ലാത്ത തെറ്റിന് നേരിടേണ്ടി വന്ന സഹനത്തിലൂടെ നിശ്ശബ്ദം കടന്നു പോയ പുണ്യപുരുഷനായി അദ്ദേഹത്തെ സഭാനേതൃത്വവും വിശ്വാസികളിൽ ഒരു വിഭാഗവും കാണുന്നു. അതിരമ്പുഴ പള്ളിയിൽ സന്ദർശകർക്കു വേണ്ടിയുള്ള പുസ്തകത്തിൽ തൃശൂർ അതിരൂപതയുടെ മുൻ മെത്രാപ്പോലീത്താ ജേക്കബ് തൂങ്കുഴി എഴുതിയ കുറിപ്പ് ഈ നിലപാടിനെ പ്രതിഫലിപ്പിക്കുന്നു: "വിശുദ്ധ അൽഫോൻസാ സഹനപുത്രിയായിരുന്നെങ്കിൽ ഫാദർ ബെനഡിക്ട് ഒരു സഹനപുത്രനായിരുന്നു, ആത്മാവിലും ശരീരത്തിലും. ഒരു കാലത്ത് അൽഫോൻസാമ്മയോടൊപ്പം അൾത്താരയിലേയ്ക്ക് അദ്ദേഹവും ഉയർത്തപ്പെടും എന്നു പ്രത്യാശിക്കാം, പ്രാർത്ഥിക്കാം."[6]

വിമർശനങ്ങൾ തിരുത്തുക

മാടത്തരുവി കൊലക്കേസിന് കത്തോലിക്കാ സഭ അവതരിപ്പിക്കുന്ന പുതിയ ഭാഷ്യം അവിശ്വസനീയവും പൊരുത്തക്കേടുകൾ നിറഞ്ഞതുമാണെന്ന്, കലാകൗമുദി വാരിക കവർ സ്റ്റോറിയായി പ്രസിദ്ധീകരിച്ച ഒരന്വേഷണത്തിൽ, സഭാനേതൃത്വത്തിന്റെ കടുത്ത വിമർശകനായ ജോസഫ് പുലിക്കുന്നേൽ വാദിക്കുന്നു. ഏതോ ധ്യാനമന്ദിരത്തിലെ അജ്ഞാതനായ തലവന്റെ 'ജ്ഞാനദൃഷ്ടി'യിൽ പിറന്ന കഥയാണിതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പുതിയ ഭാഷ്യത്തെ വിശദീകരിച്ച് കത്തോലിക്കാ മാസികയായ കർമ്മലകുസുമത്തിന്റെ മുൻ പത്രാധിപരും സി.എം.ഐ. വൈദികനുമായ എം.ജെ.കളപ്പുരയ്ക്കൽ എഴുതിയ 'അഗ്നിശുദ്ധി' എന്ന പുസ്തകത്തിൽ,[൩] [൪] മറിയക്കുട്ടിയുമായി ബന്ധമുണ്ടായിരുന്ന കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റു മുതലാളിയെ "മണിമലേത്ത് പൈലോച്ചൻ" എന്നു പേരെടുത്തു പറയുന്നു. എന്നാൽ പരേതനായ ആ വ്യക്തിയുടെ പുത്രൻ ഈ ആരോപണത്തെ ചോദ്യം ചെയ്തെഴുതിയ കത്തിനുള്ള മറുപടിയിൽ, കേസു നടക്കുന്ന കാലത്ത് തനിനിറം, മംഗളം തുടങ്ങിയ പത്രങ്ങൾ മത്സരബുദ്ധിയോടെ ഈ കേസിനെക്കുറിച്ചു കൊടുത്തിരുന്ന വാർത്തകൾ പകർത്തിയെടുത്തു പുസ്തകത്തിൽ ചേർക്കുകയാണ് താൻ ചെയ്തതെന്നു സമ്മതിച്ച കാര്യവും പുലിക്കുന്നേൽ പറയുന്നു. ഏതു പത്രത്തെയാണ് ആശ്രയിച്ചതെന്നു ഗ്രന്ഥകാരൻ കൃത്യമായി പറയുന്നില്ലെന്നും അദ്ദേഹം പരാമർശിക്കുന്ന മംഗളം ദിനപത്രം അക്കാലത്ത് നിലവിലുണ്ടായിരുന്നു പോലുമില്ല എന്നും പുലിക്കുന്നേൽ ചൂണ്ടിക്കാട്ടുന്നു.[6]

ഫാദർ ബെനഡിക്ടിന്റെ നാമകരണശ്രമം കേരളത്തിലെ ക്രിസ്തീയസഭകളുടെ വാണിജ്യവത്ക്കരണത്തെ ഉദാഹരിക്കുക മാത്രമേ ചെയ്യുന്നുള്ളു എന്നും സാമ്പത്തിക താത്പര്യങ്ങളാണ് ഇതിനു പിന്നിലുള്ളതെന്നും വിമർശിക്കപ്പെട്ടിട്ടുണ്ട്. ഇതിന് അടിസ്ഥാനമായി പറയപ്പെടുന്ന വെളിപ്പെടുത്തലുകളുടെ വാസ്തവികത, മാതൃഭൂമി ആഴ്ചപ്പതിപ്പിനു നൽകിയ ഒരഭിമുഖത്തിൽ, പ്രമുഖ അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ എ.ജയശങ്കറും ചോദ്യം ചെയ്തു. യഥാർത്ഥ പ്രതിയെന്ന് ആരോപിക്കപ്പെടുന്നയാളുടെ കുടുംബത്തിൽ മന്ദബുദ്ധികളും വികലാംഗരുമൊന്നുമില്ലെന്നും മറിച്ചുള്ള പ്രചരണം വാസ്തവവിരുദ്ധമാണെന്ന് ആ കുടുംബം പറഞ്ഞാൽ മാധ്യമങ്ങൾ അതിനെ അവഗണിക്കുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം ആരോപിക്കുന്നു.[7]കത്തോലിക്കാ സഭയുടെ വിശദീകരണത്തിലും പുതിയ പ്രതിയുടെ ആവിർഭാവത്തിലും

ജയശങ്കറിന്റെ വാദങ്ങൾ[8] തിരുത്തുക

ഫാ. ബനഡിക്ട് ഓണംകുളത്തെ കുറ്റവിമുക്തനാക്കി സഹനദാസനാക്കുന്നതിനുള്ള കത്തോലിക്കാ സഭയുടെ വാദങ്ങളിൽ അഡ്വ ജയശങ്കർ മുന്നോട്ട് വയ്ക്കുന്ന പൊരുത്തക്കേടുകൾ ഇവയാണ്.

  1. അച്ചന്റെ ജാരസന്തരി അദ്ദേഹത്തിന്റെതല്ല എന്ന ഡി എൻ എ ടെസ്റ്റ് ഋ
  2. നിയമവിരുദ്ധമായ ഗർഭച്ചിദ്രം മറച്ചുവയ്ക്കാൻ കൊലപാതകം എന്നത് അയുക്തിയാണ് കാരണം കൊലപാതകത്തേക്കാൾ ചെറിയ കുറ്റമാണ് നിയമവിരുദ്ധ ഗർഭച്ചിദ്രം.
  3. മരിച്ച മറിയക്കുട്ടിയുടേ മരണത്തിൽ പോലീസിന്റെ ഇങ്ക്വസ്റ്റിലും പോസ്റ്റ് മാർട്ടത്തിലും അവൾ ഗർഭിണിയല്ലെന്നാണ് ചേർത്തിട്ടുള്ളത്. അതുകൊണ്ട് നിയമവിരുദ്ധ ഗർഭച്ചിദ്രം എന്ന വാദം പൊളിയുന്നു.
  4. സാഹചര്യ സാക്ഷികളല്ലാതെ (ടാക്സിഡ്രൈവർ, പെട്രോൾ പമ്പ് ജീവനക്കാരൻ, പോലെ) അച്ചനെ നേരിട്ടറിയുന്ന ഒരു സാക്ഷിപോലും ഇല്ല, കുത്താൻ ഉപയോഗിച്ച കത്തിപ്രതിക്കുമാത്രം അറിയുന്ന സ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടില്ല എന്ന രണ്ട് സാങ്കേതിക പ്രശ്നങ്ങളുടെ മാത്രം ബലത്തിൽ ആണ് അച്ചൻ കുറ്റവിമുക്തനായത്. അച്ചനെ നേരിട്ട് അറിയുന്ന മറിയക്കുട്ടിയുടെ മകനെ ഒളിപ്പിച്ചു എന്നതാണ് ഉണ്ടായത്.
  5. ഡി എൻ എ റ്റെസ്റ്റ് ഉപയോഗിച്ച് ജാരസന്തരി അദ്ദേഹത്തിന്റെതല്ല എന്ന് തെളിഞ്ഞതാണ് അദ്ദേഹത്തെ വെറുതെവിടാൻ കാരണം എന്ന സഭയുടെ വാദം[9] അപക്വമാണ്. കാരണം ഡി എൻ എ റ്റെസ്റ്റ് 1984ൽ മാത്രം ആണ് വികസിപ്പിക്കപ്പെട്ടത്. 1967ൽ അദ്ദേഹം കുറ്റവിമുക്തനായി.
  6. മാതൃഭൂമി ലേഖകൻ മറിയക്കുട്ടിയുടെ മകളോട് സംസാരിച്ചപ്പോൾ അച്ചനെകാണാനാണ് അന്നമ്മ പോയത്. മോനെ കൊണ്ടുവരേണ്ടെന്ന് അച്ചൻ പറഞ്ഞതുകൊണ്ടാണ് ഇളയകുഞ്ഞിനെ കൊണ്ടുപോകാഞ്ഞത്. ഈ എസ്റ്റേറ്റ് മുതലാളിയെ പ്പറ്റി ഒരു കഥയും ഞങ്ങൾക്ക് അറിയില്ല എന്നാണ് പറഞ്ഞത്.
  7. പുതിയ പ്രതിയെപ്പറ്റിയുള്ള കഥ വെളിച്ചത്തുകൊണ്ടുവന്ന ജോർജ് ഡി മലയിൽ അച്ചനോട് സംസാരിച്ചപ്പോൾ മറിയക്കുട്ടിയെ അറിയാം. ചക്കരക്കടവ് പള്ളിയിൽ വരുമായിരുന്നു. ചങ്ങനാശ്ശേരിലേക്ക് മാറിയിട്ടും അവൾ വരാറുണ്ടായിരുന്നു. എന്നാണ്. എന്നാൽ കോടതിയിൽ ജഡ്ജിയോട് നേരിട്ട് പറഞ്ഞതായി കാണുന്നത് മറിയക്കുട്ടിയെ അറിയില്ല. ചക്കരക്കടവിലോ ചങ്ങനാശ്ശേരിയിലോ വന്നുകണ്ടിട്ടില്ല എന്നാണ്.
  8. പിന്നെ ഗർഭച്ഛിദ്രം നടത്തിയ ഡോക്ടറുടെ മക്കൾ ആണ് പിന്നീട് കുറ്റസമ്മതം നടത്തിയത് എന്ന പറയുന്നു. ആരാണ് കൊല നടത്തിയത്? എസ്റ്റേറ്റ് ഉടമയാണോ? ഡോക്ടർ ആണോ. എസ്റ്റേറ്റ് ഉടമ നടത്തിയ കൊലപാതകത്തിനു ഡോക്ടർ എന്ത് പിഴച്ചു. അതിനു ഡോക്ടറുടെ മക്കൾ കുമ്പസാരിക്കുന്നതെന്തിന്?

കുറിപ്പുകൾ തിരുത്തുക

^ "മാനസികമായി തകർന്ന ഞങ്ങൾ ഒരു പ്രാർത്ഥനാലയത്തിൽ പോയി ഞങ്ങളുടെ പ്രയാസങ്ങൾ പറഞ്ഞു. എപ്പോഴെങ്കിലും റാന്നിയിൽ താമസിച്ചിട്ടുണ്ടോ എന്നു പ്രാർത്ഥനാകേന്ദ്രത്തിന്റെ തലവൻ ചോദിച്ചു. പിന്നെ അന്നു നടന്ന സംഭവങ്ങൾ ഓരോന്നായി വിവരിച്ചു. എല്ലാം സത്യമാണെന്നു ബോദ്ധ്യമായി" - 2000 നവംബർ 25-ലെ ദീപിക ദിനപത്രത്തിലെ റിപ്പോർട്ട്[6]

^ "ഒടുവിൽ ഒരു പ്രാർഥനാകേന്ദ്രത്തിൽ എത്തിയ കുടുംബാംഗങ്ങളോട് ധ്യാനഗുരു പറയുമ്പോഴാണ് അവർക്ക് തിരിച്ചറിവുണ്ടായത്. ഒരു വൈദികന്റെ കണ്ണീരിന്റെ ഫലമാണ് ഈ അനർഥങ്ങളെന്നും അദ്ദേഹത്തോട് മാപ്പു ചോദിക്കാനുമായിരുന്നു നിർദ്ദേശം"[10]

^ ക്രിസ്തീയസഭാ മതമേലദ്ധ്യക്ഷന്മാർക്കു പുറമേ 'സക്കറിയ'-യുടേയും പ്രശംസ പിടിച്ചു പറ്റിയ ഗ്രന്ഥമെന്ന 'അഗ്നിശുദ്ധി'-യിലെ അവകാശവാദത്തെ പ്രശസ്ത മലയാളസാഹിത്യകാരൻ സക്കറിയ ചോദ്യം ചെയ്തപ്പോൾ, പുസ്തകത്തെ പുകഴ്ത്തിയ വ്യക്തി മാന്നാനം സ്കൂളിലെ അദ്ധ്യാപകനായ ഒരു സി.എം.ഐ വൈദികനാണെന്ന വിശദീകരണമാണ് ഗ്രന്ഥകാരൻ നൽകിയതെന്നും പുലിക്കുന്നേൽ വെളിപ്പെടുത്തുന്നു.[6]

^ ഈ പുസ്തകത്തിന്റെ പേരിൽ ഗ്രന്ഥകാരനെ, കത്തോലിക്കാ വരികയായ കർമ്മലകുസുമം 2009-10 -ലെ കലാസാഹിത്യ-മാധ്യമ അവാർഡ് നൽകി ആദരിച്ചു. [11]

അവലംബം തിരുത്തുക

  1. 2010 മേയ് 26-ലെ ഹിന്ദു ദിനപത്രത്തിൽ വന്ന ലേഖനം, Justice P.T. Raman Nayar, a legal phenomenon, S. Anandan Archived 2012-11-10 at the Wayback Machine.
  2. The Herald of India-യിൽ എ.ജെ.ഫിലിപ്പിന്റെ ലേഖനം, Truly a Saint
  3. സൺഡേ ശാലോം ഫാ. ഓണംകുളത്തിന്റെ കബറിടത്തിലേക്ക്‌ വിശ്വാസികളുടെ പ്രവാഹം
  4. മലയാളമനോരമ ദിനപത്രം Archived 2016-03-04 at the Wayback Machine. ഫാ. ബെനഡിക്‌ട്‌ വിശുദ്ധരുടെ ഗണത്തിലേക്ക്
  5. The Nonsense file, The Road to Sainthood, Colonel, 2010 ഓഗസ്റ്റ് 1-ലെ ദ വീക്ക് വാരികയിലെ ലേഖനം
  6. 6.0 6.1 6.2 6.3 വിവാദമുയർത്തി വീണ്ടും മറിയക്കുട്ടി കോലക്കേസ്, അന്വേഷണം, ജോസഫ് പുലിക്കുന്നേൽ, 2011 ഫെബ്രുവരി 6-ലെ കലാകൗമുദി വാരികയിലെ കവർ സ്റ്റോറി (പുറങ്ങൾ 16-23)
  7. "നീതിയും ന്യായവും നഷ്ടമാവുന്ന വിധികൾ", അഡ്വ. എ. ജയശങ്കർ, ജസ്റ്റിൻ പാതാളിലുമായുള്ള അഭിമുഖം: 2011, ജനുവരി 23-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് (പുറം 27)
  8. https://www.youtube.com/watch?v=9qL-9sU7hPA കത്തോലിക്കാ സഭയുടെ ഉഡായിപ്പുകൾ
  9. https://www.youtube.com/watch?v=vZOO3d_XpWU നുണയന്മാരുടെ വിശുദ്ധൻ
  10. "അഗ്നിയിൽ സ്ഫുടം ചെയ്ത ജീവിതം Archived 2011-09-06 at the Wayback Machine." എന്ന ശീർഷകത്തിൽ രാജു കുടിലിൽ 2010 ഡിസംബർ 4-ലെ ദീപിക ദിനപത്രത്തിൽ എഴുതിയ ലേഖനം
  11. "12-12-2010 -ലെ ദീപിക ദിനപത്രത്തിൽ വന്ന വാർത്ത". Archived from the original on 2012-03-24. Retrieved 2021-08-16.
"https://ml.wikipedia.org/w/index.php?title=മാടത്തരുവി_കൊലക്കേസ്&oldid=3900090" എന്ന താളിൽനിന്ന് ശേഖരിച്ചത്