മങ്ങലംകളി

മാവിലൻ, മലവേട്ടുവൻ സമുദായങ്ങളുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു സംഗീത- നൃത്തരൂപമാണ് മങ്ങലംകളി
(മംഗലം കളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാവിലൻ, മലവേട്ടുവൻ സമുദായങ്ങളുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു സംഗീത- നൃത്തരൂപമാണ് മങ്ങലംകളി. വിവാഹാഘോഷ ചടങ്ങുകളിൽ കാണുന്ന സവിശേഷതയാർന്ന ഒരു കലാരൂപമാണിത്. മലവേട്ടുവരും മാവിലരും പാടുന്ന പാട്ടുകളിൽ വ്യത്യാസം ഉണ്ടെങ്കിലും അവതരണത്തിൽ മൗലികമായ വ്യത്യാസം കാണാനില്ല. സ്ത്രീപുരുഷന്മാർ പാട്ടിന്റേയും തുടിയുടേയും താളത്തിനൊത്ത് നൃത്തം വെയ്ക്കുന്ന മങ്ങലംകളിയുടെ വാദ്യസംഘത്തിൽ പൊതുവേ തുടിയാണ് ഉപയോഗിക്കുന്നത്. പ്ലാവ്, മുരിക്ക് തുടങ്ങിയ മരങ്ങളുടെ തടിയാണ് തുടിയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഉടുമ്പ്, വെരുക് തുടങ്ങിയ മൃഗങ്ങളുടെ തോലാണ് ഇതിനുപയോഗിക്കുന്നത്. തുടിയുടെ ശബ്ദം ക്രമീകരിക്കാനുള്ള പ്രത്യേക സംവിധാനം ചെണ്ടയിലെന്ന പോലെ തുടിയിലുമുണ്ട്. ചെറുതും വലുതുമായ തുടികളുടെ ശബ്ദത്തിൽ വ്യത്യാസമുണ്ടാകും. മങ്ങലംകളിയിൽ ഏഴ് തുടികളാണ് സാധാരണയായി ഉപയോഗിക്കുന്നത്.

കാസർകോഡ് മടിക്കെ അമ്പലത്തുകരയിൽ നടന്ന മങ്ങലംകളി
മങ്ങലംകളി വീഡിയോ ദൃശ്യം

കല്യാണപന്തലിലാണ് മങ്ങലംകളി അരങ്ങേറുന്നത്. കാരണവന്മാരും മൂപ്പന്മാരും തദവസരത്തിൽ സന്നിഹിതരായിരിക്കും. കല്യാണപന്തലിലെ മധ്യഭാഗത്തുള്ള തൂണിനു ചുറ്റുമാണ് ആളുകൾ നൃത്തം ചവിട്ടുന്നത്. നൃത്തസംഘത്തിൽ മുപ്പതോളം ആളുകൾ ഉണ്ടാകും. വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നത് പുരുഷന്മാർ മാത്രമായിരിക്കും. രാത്രി മുതൽ പുലർച്ച വരെ കളി തുടർന്നുകൊണ്ടിരിക്കും. പകൽ കല്യാണപ്പെണ്ണിനേയും കൊണ്ട് ജന്മിഗൃഹങ്ങളിലേയ്ക്ക് പോകുന്ന സമയത്തും പാട്ട് പാടി നൃത്തം വയ്ക്കേണ്ടതാണ്.

മങ്ങലംകളിയുടെ അവസാന ചുവടുകൾ

മങ്ങലംകളിയിൽ പാടുന്ന പാട്ടുകളിൽ കല്യാണചടങ്ങുകളെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. മനുഷ്യജീവിതത്തിന്റെ വ്യക്തമായ പ്രതിഫലനം ചില പാട്ടുകളിൽ കാണാവുന്നതാണ്. ഓണം, വിഷു, കല്യാണം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും മറക്കുവാൻ അവർ ആടുകയും പാടുകയും ചെയ്യുന്നു. അത്തരം സന്ദർഭങ്ങളിൽ ഒരാളുടെ മനസ്സിൽ തോന്നുന്ന ആശയങ്ങൾ പാട്ടുകളായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്. മിക്ക പാട്ടുകൾക്കും അതിന്റേതായ ഈണവും ഉണ്ടാകും. ഒരു പാട്ടിൽ നിന്നും മറ്റൊരു പാട്ടിലേക്ക് കടക്കുമ്പോൾ താളം മാറ്റാനുള്ള അസാധാരണമായ കഴിവ് തുടി ഉപയോഗിക്കുന്നവർക്ക് ഉണ്ടാകും. ഓരോ പാട്ടിലും ഓരോ കഥയായിരിക്കും പ്രതിപാദിക്കുന്നത്. വൈവിധ്യമാർന്ന ആശയമുൾക്കൊള്ളുന്ന പാട്ടുകൾ തുളുവിലും മലയാളത്തിലുമാണുള്ളത്.

മങ്ങലം കളിപ്പാട്ട്

തിരുത്തുക

താനെ താനാനെ താനാനാനെ തനെ താനെ താനാനെ താനാനാനെ(2)

ഔള്ളുള്ളേരി ഔള്ളുള്ളേരി മാണി നങ്കേരെ ബിരാജ് പേട്ടേ ധുണ്ട് ഗയാ മാണി നങ്കേരെ (2)

മാണി നങ്കേരെ തെങ്കാട്ടി ഗുമര നങ്കേരേ ഗുമര നങ്കേരെ തെങ്കാട്ടി മാണി നങ്കേരെ(2)

താനെ താനാനെ താനാനാനെ തനെ താനെ താനാനെ താനാനാനെ(2)

മാണി നങ്കെരെ തങ്കച്ചി മ ധുംബ ളാ ധുണ്ടേയ്(4)

മാണി നങ്കേരെ തെങ്കാട്ടി ഗുമര നങ്കേരേ ഗുമര നങ്കേരെ തെങ്കാട്ടി മാണി നങ്കേരെ(2)

താനെ താനാനെ താനാനാനെ തനെ താനെ താനാനെ താനാനാനെ (2)

എണ്ണാ കൊണ്ട്വാ മഞ്ചള്ള് കൊണ്ട്വാ മാണി നങ്കെരെക്ക്ഹ് എണ്ണാ കൊണ്ട്വാ മഞ്ചള്ള് കൊണ്ട്വാ ചിക്കുട്ടി നങ്കെരെക്ക്ഹ് (2)

മാണി നങ്കേരെ തെങ്കാട്ടി ഗുമര നങ്കേരേ ഗുമര നങ്കേരെ തെങ്കാട്ടി മാണി നങ്കേരെ(2)

താനെ താനാനെ താനാനാനെ തനെ താനെ താനാനെ താനാനാനെ (2)

അഗളു ബന്ധനാബുജി ഇഗളു ബന്ധനാബുജി എന്നാ പാവേ പന്താടും എളുന്നെള്ളിപ്പാടും (2)

മാണി നങ്കേരെ തെങ്കാട്ടി ഗുമര നങ്കേരേ ഗുമര നങ്കേരെ തെങ്കാട്ടി മാണി നങ്കേരെ(2)

താനെ താനാനെ താനാനാനെ തനെ താനെ താനാനെ താനാനാനെ (2)

ഉള്ള തെന്നലിപ്പാടും എളുന്നെള്ളിപ്പാടും (4)

മാണി നങ്കേരെ തെങ്കാട്ടി ഗുമര നങ്കേരേ ഗുമര നങ്കേരെ തെങ്കാട്ടി മാണി നങ്കേരെ(2)

താനെ താനാനെ താനാനാനെ തനെ താനെ താനാനെ താനാനാനെ (2)

എള്ളുള്ളേരി എള്ളുള്ളേരി മാണി നങ്കേരെ ബിരാജ് പേട്ടേ ധുണ്ട് ഗയാ മാണി നങ്കേരെ (2)

മാണി നങ്കേരെ തെങ്കാട്ടി ഗുമര നങ്കേരേ ഗുമര നങ്കേരെ തെങ്കാട്ടി മാണി നങ്കേരെ(2)

താനെ താനാനെ താനാനാനെ തനെ താനെ താനാനെ താനാനാനെ(4)

സംസ്ഥാന സ്കൂൾ കലോത്സവം

തിരുത്തുക

2024 മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഒരു മത്സര ഇനമായി ഈ തദ്ദേശീയ കലാരൂപ രൂപത്തെ ഉൾപ്പെടുത്തി. [1]ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നിവയാണ് പുതുതായി ഉൾക്കൊള്ളിച്ചിട്ടുള്ളത്.

  • പുസ്തകം - (കാസർഗോഡിന്റെ ചരിത്രവും സമൂഹവും) - കാസർഗോഡ് ജില്ലാ പഞ്ചായത്ത്
  1. https://www.deshabhimani.com/news/kerala/school-kalolsavam/1143698
"https://ml.wikipedia.org/w/index.php?title=മങ്ങലംകളി&oldid=4133569" എന്ന താളിൽനിന്ന് ശേഖരിച്ചത്