വിവാഹം

(കല്യാണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിവാഹം (Marriage) എന്ന സ്ഥാപനം പ്രധാനമായും ഒരു നിയമപരമായ ബന്ധമാണ്. ഒരുമിച്ചു താമസിക്കുന്ന വ്യക്തികളുടെ സ്വത്തിനും അവകാശങ്ങൾക്കും ഇത് നിയമാനുസൃതമായ സംരക്ഷണം നൽകുന്നു. പരമ്പരാഗത സമൂഹങ്ങളിൽ പ്രായപൂർത്തിയായവർ അവരുടെ ജാതിമതങ്ങളുടെയും മിക്കപ്പോഴും അവരുടെ ബന്ധുജനങ്ങളുടേയും അംഗീകാരത്തോടെ ഒന്നിച്ചു ജീവിക്കാനും ലൈംഗികബന്ധത്തിൽ ഏർപ്പെടാനും ആരംഭിക്കുന്നതിന്റെ ചടങ്ങ് കൂടിയാണ് വിവാഹം. ക്രമീകരിച്ച വിവാഹം, പ്രണയ വിവാഹം, മിശ്രവിവാഹം, തുറന്ന വിവാഹം എന്നിങ്ങനെ പല തരത്തിൽ കാണപ്പെടുന്നു. ലോകത്തിന്റെ വിവിധയിടങ്ങളിൽ വിവിധ രീതിയിലുള്ള വിവാഹങ്ങൾ കാണപ്പെടുന്നു. വ്യത്യസ്ത സമുദായങ്ങളിൽപ്പെടുന്ന പങ്കാളികളെ വിവാഹം ചെയ്യുന്നതിനെ മിശ്രവിവാഹം അഥവാ മതേതരവിവാഹം എന്ന് പറയുന്നു. ജാതിമത സംഘടനകളിൽ നിന്നോ ചിലപ്പോൾ ബന്ധുജനങ്ങളിൽ നിന്നോ ഇത്തരം വിവാഹത്തിന് എതിർപ്പ് നേരിടാറുണ്ട്. ഇവരുടെ കുട്ടികൾക്ക് പാരമ്പര്യ ജനതികരോഗങ്ങൾ കുറവായിരിക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു.

മിക്ക വിവാഹങ്ങളും മതപരവും ഗോത്രപരവുമായ ചടങ്ങുകളോടെയാണ് നടക്കുന്നതെങ്കിലും ചില വിവാഹങ്ങൾ അല്ലാതെയും നടത്താറുണ്ട്. ക്രമീകരിച്ച വിവാഹത്തിൽ സ്വന്തം ജാതിയിലും മതത്തിലും പെട്ട വ്യക്തികളെയാവും മിക്കവാറും ആളുകൾ പങ്കാളിയായി തിരഞ്ഞെടുക്കുക. പലപ്പോഴും ഇത് ബന്ധുജനങ്ങളുടെ അനുവാദത്തോടെ അല്ലെങ്കിൽ ബന്ധുജനങ്ങൾ തിരഞ്ഞെടുക്കുന്ന വ്യക്തി തന്നെയാവും ഇത്. 'പെണ്ണുകാണൽ' എന്നൊരു ചടങ്ങും ഇതിനുവേണ്ടി നടത്തപ്പെടുന്നു.

ഇന്ത്യയിൽ 'സ്പെഷ്യൽ മാര്യേജ് ആക്റ്റ്' പ്രകാരം മതാചാരങ്ങളോ മറ്റു ചെലവുകളോ ഒന്നുമില്ലാതെ പ്രായപൂർത്തിയായവർക്ക് വിവാഹം 'രജിസ്റ്റർ' ചെയ്യാവുന്നതാണ്. ഇതിനുവേണ്ടി നിശ്ചിത ദിവസങ്ങൾക്ക് മുൻപ് വ്യക്തികൾക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാവുന്നതാണ്. യാഥാസ്ഥിക സമൂഹങ്ങളിൽ ഒന്നിച്ചു ജീവിക്കാനും, ലൈംഗികബന്ധത്തിൽ ഏർപ്പെടാനും, അതുവഴി അടുത്ത തലമുറയെ സൃഷ്ടിച്ച് വളർത്താനും പങ്കാളികൾക്ക് മതപരമായും ഗോത്രപരമായും വിവാഹത്തോടെ അംഗീകാരം ലഭിക്കുന്നു എന്ന്‌ പറയാം. വിവാഹശേഷം ദമ്പതികൾ ഒന്നിച്ചു ചിലവഴിക്കുന്ന ആദ്യത്തെ രാത്രിയെ 'ആദ്യരാത്രി' എന്ന് പറയുന്നു. ചില സമൂഹങ്ങളിൽ ശാന്തിമുഹൂർത്തം എന്ന പേരിൽ ദമ്പതികളുടെ ആദ്യത്തെ ലൈംഗികബന്ധം അനുഷ്ഠിക്കപ്പെടുന്നു. വിവാഹശേഷമുള്ള ആദ്യനാളുകൾ മധുവിധു എന്നറിയപ്പെടുന്നു. ഈ കാലഘട്ടത്തിൽ ദമ്പതികൾ ഒരുമിച്ചു യാത്ര പോവുക, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബന്ധുജനങ്ങളെ സന്ദർശിക്കുക എന്നിവ ചെയ്യാറുണ്ട്. കൂടുതൽ സ്നേഹം പ്രകടിപ്പിക്കുക എന്നിവ സർവ സാധാരണമാണ്. കാലക്രമേണ ഇത്തരം സ്നേഹ പ്രകടനങ്ങൾ കുറഞ്ഞു വരികയും, ചിലപ്പോൾ ഇത് പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്.

മിക്ക രാജ്യങ്ങളിലും മതപരമായ-ഗോത്രപരമായ ആചാരങ്ങളിലൂടെ നടക്കുന്ന വിവാഹങ്ങളും എല്ലാ സർക്കാരുകളും അംഗീകരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ പള്ളികളിലും ക്ഷേത്രങ്ങളിലും വച്ചു നടക്കുന്ന വിവാഹങ്ങളും ഇത്തരത്തിലുള്ളതാണ്. ചില മതങ്ങളിൽ പള്ളി പോലെയുള്ള മത സ്ഥാപനങ്ങളിൽ വച്ചു മാത്രമേ വിവാഹം നടത്താൻ പാടുള്ളൂ എന്ന് നിഷ്ക്കർഷിക്കുന്നുണ്ട്. 'താലികെട്ട്' പോലെയുള്ള ചടങ്ങുകൾ മിക്ക ഭാരതീയ വിവാഹങ്ങളിലും കാണാം. താലി എന്നത് സ്ത്രീയുടെ പതിവ്രത്യവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. എന്നാൽ പുരുഷന് ഇത്തരം നിയന്ത്രണങ്ങൾ പൊതുവേ കാണപ്പെടുന്നില്ല.

വ്യക്തികൾ പരസ്പരം പ്രണയിച്ച്‌ നടത്തുന്ന വിവാഹങ്ങളെ 'പ്രണയവിവാഹം'(ലവ് മാര്യേജ്) എന്നറിയപ്പെടുന്നു. മനസിനിണങ്ങിയ ഇണയെ കണ്ടെത്താനുള്ള മനുഷ്യ പ്രകൃതിയുടെ ഒരു സവിശേഷതയാണ് പ്രണയം എന്ന് വിലയിരുത്തപ്പെടുന്നു. ഇത്തരം ചില മിശ്രവിവാഹങ്ങളിൽ പുരുഷന്റെ മതത്തിലേക്ക് സ്‌ത്രീ മാറേണ്ടുന്ന അല്ലെങ്കിൽ തിരിച്ചുമുള്ള സാഹചര്യം കാണപ്പെടുന്നു. പലപ്പോഴും ജാതി, മതം, സാമ്പത്തികം, വർണ്ണം തുടങ്ങിയവ പ്രണയ വിവാഹങ്ങൾക്ക് ഒരു തടസമാകാറുണ്ട്. വിവാഹബന്ധം വേര്പെടുത്തുക, പുനർവിവാഹം ചെയ്യുക തുടങ്ങിയവ ഒരു പാപമായി കണക്കാക്കുന്ന സമൂഹങ്ങളും ധാരാളമുണ്ട്. തീർത്തും ചേർന്ന് പോകാൻ കഴിയാത്ത ദമ്പതികൾ വിവാഹബന്ധം വേർപെടുത്തുന്നതാണ് പിന്നീടുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഉചിതം എന്ന് ഈ രംഗത്തെ വിദഗ്ദർ ശുപാർശ ചെയ്യുന്നു. വിധവകൾ, വിഭാര്യർ തുടങ്ങി പലർക്കും പുനർവിവാഹം ചെയ്യാൻ സാമൂഹികമായ തടസങ്ങൾ നേരിടേണ്ടി വരാറുണ്ട്. കൂടാതെ പല മധ്യവയസ്‌ക്കർക്കും, വൃദ്ധർക്കും രണ്ടാമതൊരു വിവാഹം ചെയ്യാൻ സാധിക്കാതെ വരാറുണ്ട്. മാതാപിതാക്കൾ പുനർവിവാഹം ചെയ്യുന്നത് മോശമായി കാണുന്ന മക്കളും കുറവല്ല. ഇന്ത്യയിൽ രാജാറാം മോഹൻ റോയ്, വിടി ഭട്ടതിരിപ്പാട് പോലെയുള്ള സാമൂഹിക പരിഷ്ക്കർത്താക്കൾ വിധവാവിവാഹം പ്രോത്സാഹിപ്പിച്ച ആളുകളാണ്.

എന്നാൽ പ്രായപൂർത്തിയായ വ്യക്തികൾക്ക് വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചു ജീവിക്കുവാനും ഇന്ത്യയിൽ നിയമം അനുവദിക്കുന്നുണ്ട്.

പല രാജ്യങ്ങളിലും സ്വവർഗാനുരാഗികളും ട്രാൻസ്ജെൻഡറുകളും നിയമപരമായി വിവാഹം ചെയ്യാറുണ്ട്. ഇതിനെ വിവാഹ സമത്വം (Marriage equality) എന്നറിയപ്പെടുന്നു. അത്തരം രാജ്യങ്ങളിൽ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് (LGBTIQ) എതിർലിംഗാനുരാഗികളെ (Heterosexuals) പോലെ കുഞ്ഞുങ്ങളെ ദത്തെടുക്കാനും വാടക ഗർഭപാത്രം വഴി പുതുതലമുറയ്ക്ക് ജന്മം കൊടുക്കാനും തുടങ്ങിയ എല്ലാവിധ അവകാശങ്ങളും ലഭ്യമാണ്.

വിവാഹജീവിതം എന്ന സ്ഥാപനം സങ്കീർണ്ണമായ സാമ്പത്തിക ബന്ധങ്ങളിലൂടെ വികസിച്ചുവന്ന ഒന്നാണ്. അത് അതിലേർപ്പെടുന്ന വ്യക്തികളുടെ സ്വകാര്യസ്വത്തിന്റെ അവകാശക്രമങ്ങളേയും ദായക്രമങ്ങളേയും അത് വ്യക്തമാക്കുന്നുണ്ട്. സ്ത്രീധനം, മഹർ, അമിതമായി സ്വർണ്ണാഭരണങ്ങൾ ധരിച്ച വധു, ആഡംബരവിവാഹം തുടങ്ങിയവ ഇതിന്‌ ഉദാഹരണമാണ്. സ്വകാര്യ സ്വത്ത് എന്ന ആശയം വികസിച്ചിട്ടില്ലാത്ത സമൂഹങ്ങളിൽ ആധുനികകാലത്തെന്ന പോലുള്ള ബാന്ധവരീതികളല്ല ഉണ്ടായിരുന്നത്. ജാതിയും മതവും ഗോത്രവും ഇതിൽ വ്യക്തമായ പങ്കുവഹിക്കുന്നുണ്ട്. സംബന്ധം, പുടവകൊട തുടങ്ങിയ ചടങ്ങുകൾക്കായിരുന്നു പഴയ കാലത്ത് കേരളത്തിൽ പ്രാധാന്യം. സ്വയംവരം പോലെയുള്ള ചടങ്ങുകൾ നടത്തിയിരുന്ന സമൂഹങ്ങളും പല രാജ്യങ്ങളിലും ഉണ്ടായിരുന്നു. ചില രാജ്യങ്ങളിൽ ആളുകൾക്ക് ഇഷ്ടമുള്ള വ്യക്തികളോടൊത്തു ജീവിക്കാനും അനുവദിച്ചിരുന്നു. ചില രാജ്യങ്ങളിൽ ഇതൊരു ഉടമ്പടിയായും അംഗീകരിച്ചിരിക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളിൽ കുറേക്കാലം ഒരു പങ്കാളിയോടൊപ്പം ഒരുമിച്ചു താമസിച്ചതിന് ശേഷം, പിന്നീട് അവർക്ക് താല്പര്യമുണ്ടെങ്കിൽ മാത്രമേ വിവാഹം നടത്താറുള്ളു. ഇത്തരം വിവാഹങ്ങളിൽ പങ്കാളികളുടെ മക്കളും പങ്കെടുക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും മറ്റും കാണപ്പെടുന്ന പല വിവാഹങ്ങളും ഇത്തരത്തിൽ ഉള്ളതാണ്.

എന്നാൽ ആധുനിക പരിഷ്‌കൃത സമൂഹങ്ങളിൽ, പ്രത്യേകിച്ച് വികസിത രാഷ്ട്രങ്ങളിൽ, വ്യക്തികൾ ഒരുമിച്ച് താമസിക്കാൻ തീരുമാനമെടുക്കുകയും അതേ സമയം വിവാഹം എന്ന ഉടമ്പടിയിൽ നിന്നകന്നു നിൽക്കുകയും ചെയ്യുന്നു. ഇതിനെ സഹജീവനം (Living Together, Cohabitation) എന്ന് പറയുന്നു. ഇന്ത്യയിലും ധാരാളം മനുഷ്യർ ലിവിങ് ടുഗെതർ തുടങ്ങിയ രീതികൾ അവലംബിക്കാറുണ്ട്. വിവാഹമെന്ന വ്യവസ്ഥിതിയുടെ സങ്കീർണതകളും ന്യൂനതകളും ബാദ്ധ്യതകളും, മതത്തിനും ജാതിക്കും വർണ്ണത്തിനും കൊടുക്കുന്ന അമിതപ്രാധാന്യം, വ്യക്തിയുടെ അവകാശങ്ങൾക്ക് മേൽ ഉള്ള കടന്നുകയറ്റം, അമിതമായ സാമ്പത്തിക ചെലവുകൾ, സ്ത്രീധനവും മഹറും, സമത്വമില്ലായ്മ, പുരുഷാധിപത്യം, ലൈംഗികനീതിയില്ലായ്മ തുടങ്ങിയവയും മറ്റുമാണ് പരമ്പരാഗത വിവാഹം ഒഴിവാക്കുവാനായി അവർ ചൂണ്ടിക്കാട്ടുന്നത്.

പലതരത്തിലുള്ള വിവാഹ ബന്ധങ്ങൾ ഇന്ന് നിലനിൽക്കുന്നുണ്ട്. അതിൽ ഭൂരിപക്ഷവും തിരഞ്ഞെടുക്കുന്ന സാമ്പ്രദായിക വിവാഹം മാത്രമല്ല , സഹജീവനം, തുറന്ന ബന്ധം (ഓപ്പൺ റിലേഷൻഷിപ്‌), തുറന്ന വിവാഹം (ഓപ്പൺ മാര്യേജ്) തുടങ്ങിയവയും ഉൾപ്പെടുന്നു. ഇതിൽ വ്യക്തിഗത സ്വാതന്ത്ര്യവും ഒപ്പം സാമ്പത്തിക- വൈകാരിക കെട്ടുറപ്പും ഉറപ്പ് വരുത്താൻ പറ്റുന്നത് രണ്ടിലധികം പങ്കാളികളുള്ള തുറന്ന വിവാഹത്തിൽ ആണെന്ന് പറയപ്പെടുന്നു. തുറന്ന വിവാഹബന്ധത്തെ കുറിച്ച് പറഞ്ഞു കേൾക്കുന്ന ഒരു വിമർശനം ഇതിലെ പങ്കാളിക്കൾക്ക് പരസ്പരം ഉണ്ടാകാനിടയുള്ള അസൂയയെക്കുറിച്ചാണ്. ഈ അസൂയ ഒരു ജന്മസിദ്ധമായ കാര്യമല്ലെന്നും തീർത്തും സാംസ്കാരികമായ ഒരു നിർമ്മിതിയാണെന്നും, അതിനാൽ അതിനെ മറികടക്കാൻ സാധ്യവുമാണ്‌ എന്നും അഭിപ്രായമുണ്ട്.

ഒരേസമയം ഒന്നിലധികം ഭാര്യമാരെയും ഭർത്താക്കന്മാരേയും അംഗീകരിക്കുന്ന ഗോത്രങ്ങളും മതങ്ങളും നിലവിലുണ്ട്. ഉദാഹരണത്തിന് ഇസ്ലാം മതത്തിൽ പുരുഷന് ഒരേസമയം നാല് സ്‌ത്രീകളെ വരെ വിവാഹം ചെയ്യാവുന്നതാണ്. അതുപോലെ ചില ഗോത്രങ്ങളിൽ സ്ത്രീകൾക്കും ഒന്നിലധികം ഭർത്താക്കന്മാരെ സ്വീകരിക്കാം.

പ്രായപൂർത്തി ആകാത്ത കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനെ ശൈശവ വിവാഹം (Child marriage) എന്നറിയപ്പെടുന്നു. ബാലവിവാഹവും, നിർബന്ധിത വിവാഹവും ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. ശൈശവവിവാഹം നടത്തുന്നതും അതിൽ പങ്കെടുക്കുന്നതും ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്. ശൈശവവിവാഹത്തിന് ഇരയായ കുട്ടിയുമായി പങ്കാളി നടത്തുന്ന ലൈംഗികബന്ധം ബാലപീഡനത്തിന്റെ വകുപ്പിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രായപൂർത്തിയായ വ്യക്തികൾക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള അവകാശം വിവാഹജീവിതത്തിന് പുറമെ അനുവദിക്കാത്ത രാഷ്ട്രങ്ങളും നിലവിലുണ്ട്. അത്തരം സമൂഹങ്ങളിൽ വിവാഹപൂർവബന്ധം വലിയ പാപവും നിഷിദ്ധവുമാണ്. വിവാഹിതർ തമ്മിലുള്ള ലൈംഗികത ഒരു പുണ്യമായി കണക്കാക്കുന്ന മതപരമായ ശൈലിയും ഇവിടങ്ങളിൽ കാണാം. എന്നാൽ വിവാഹബന്ധത്തിന് ഉള്ളിൽ ആയാലും ധാരാളം ബലാത്സംഗങ്ങൾ നടക്കുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിനെ വൈവാഹിക ബലാത്സംഗം (മാരിറ്റൽ റേപ്പ്) എന്നറിയപ്പെടുന്നു. പല രാജ്യങ്ങളിലും വൈവാഹിക ബലാത്സംഗം ഒരു കുറ്റകൃത്യമാണ്.

വിവാഹപ്രായം തിരുത്തുക

ഓരോ രാജ്യത്തും വിവിധ മതവിഭാഗങ്ങൾക്കിടയിലും വ്യത്യസ്തപ്രായമാണ് വിവാഹത്തിനായി നിശ്ചയിച്ചിട്ടുള്ളത്. മിക്ക രാജ്യങ്ങളിലും വിവാഹം കഴിക്കുവാനുള്ള കുറഞ്ഞ പ്രായം 18 വയസാണ്. ഇന്ത്യയിൽ സ്ത്രീക്ക് 18 വയസ്സും പുരുഷന് 21 വയസ്സുമാണ് കുറഞ്ഞ വിവാഹപ്രായം. ഈ പ്രായവ്യത്യാസം പുരുഷമേധാവിത്വം നിലനിർത്താൻ വേണ്ടിയുള്ളതാണ് എന്ന് വിമർശകർ വാദിക്കുന്നു. അതിനാൽ സ്ത്രീപുരുഷന്മാരുടെ വിവാഹപ്രായം ഏകീകരിക്കണമെന്ന് ചില കോണുകളിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്.

എങ്കിലും 18 വയസ് കഴിഞ്ഞ സ്ത്രീപുരുഷന്മാർക്കും ട്രാൻസ്ജെൻഡർ ആളുകൾക്കും വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുവാൻ ഇന്ത്യൻ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ 18 വയസിൽ താഴെ ഉള്ളവരെ വിവാഹം ചെയ്യുന്നത് കുറ്റകരമാണ്. പ്രായപൂർത്തി ആകാത്ത കുട്ടികളെ വിവാഹം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്യുന്നത് പോക്‌സോ നിയമപ്രകാരം ബാലപീഡനത്തിന്റെ പരിധിയിൽ വരുന്ന ക്രിമിനൽ കുറ്റമാണ്. കൗമാര പ്രായത്തിലെ ഗർഭധാരണം, പ്രസവം എന്നിവമൂലം അമ്മയ്ക്കും കുഞ്ഞിനും ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ, വർധിച്ച മാതൃശിശു മരണനിരക്ക്, കുട്ടിയുടെ തൂക്കക്കുറവ് എന്നിവ കണക്കിലെടുത്താണ് ബ്രിട്ടീഷ് ഗൈനെക്കോളജിസ്റ്റ്കളുടെ ശുപാർശ പ്രകാരം അന്നത്തെ ഭരണകൂടം ഇന്ത്യയിൽ പെൺകുട്ടികളുടെ വിവാഹപ്രായം ആദ്യമായി ഉയർത്തിയത്.

പരമ്പരാഗത സമൂഹങ്ങൾ വിവാഹത്തിന് പലപ്പോഴും സ്ത്രീയുടെ പ്രായം പുരുഷനേക്കാൾ കുറഞ്ഞിരിക്കണം എന്ന് താല്പര്യപ്പെടാറുണ്ട്. എന്നാൽ പ്രായവ്യത്യാസം വിവാഹത്തിന് ഒരു തടസമല്ലെന്നും പങ്കാളികൾ തമ്മിലുള്ള മനപ്പൊരുത്തമാണ്‌ പ്രധാനഘടകമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു, പ്രത്യേകിച്ചും പുരുഷന്മാരുടെ ശരാശരി ആയുസ് സ്ത്രീകളെക്കാൾ കുറവായതിനാൽ പ്രായത്തിന് അല്പം ഇളയ പുരുഷനെ വിവാഹം ചെയ്യുന്നതാണ് സ്ത്രീകളുടെ ദീർഘമാംഗല്യത്തിന് അനുയോജ്യമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ആധുനിക കാലത്ത് പ്രായവ്യത്യാസം നോക്കാതെ വിവാഹം ചെയ്യുന്ന ധാരാളം വ്യക്തികളെ കാണാൻ സാധിക്കും. ഉദാ: അഭിഷേക്ബച്ചൻ-ഐശ്വര്യാറായി, സച്ചിൻ ടെണ്ടുൽക്കർ- ഡോ.അഞ്ജലി തുടങ്ങിയ പ്രമുഖരിൽ ഭാര്യമാർക്ക് ഭർത്താക്കന്മാരേക്കാൾ പ്രായം കൂടുതലാണ് എന്ന് കാണാൻ സാധിക്കും. ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവേൽ മക്രോൺ തന്നെക്കാൾ ഇരുപത്തിയഞ്ചു വയസ്സ് മുതിർന്ന അധ്യാപിക ബ്രിജിത്തയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.

വിവിധതരം വിവാഹങ്ങൾ തിരുത്തുക

  • സ്പെഷൽ മാരേജ് ആക്ട് 1954 - എല്ലാ പ്രായപൂർത്തിയായ ഇന്ത്യക്കാർക്കും, അവരുടെ മതം, ജാതി, ബന്ധുമിത്രാതികളുടെ അനുവാദം തുടങ്ങിയ യാതൊരു വിധ നിയന്ത്രങ്ങളുമില്ലാതെ, പൂർണ്ണമായും സർക്കാർ സംവിധാനത്തിലൂടെ വിവാഹം കഴിക്കുന്നതിനായി 1954 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ് സ്പെഷൽ മാരേജ് ആക്റ്റ് 1954.
  • ഹിന്ദു വിവാഹം
  • മുസ്ലീം വിവാഹം - നിക്കാഹ്
  • ക്രിസ്ത്യൻ വിവാഹം

വിവാഹപൂർവ കൗൺസിലിംഗ് തിരുത്തുക

കേരളത്തിൽ ചില സമുദായങ്ങൾക്ക് ഇടയിൽ വിവാഹം നടത്തണമെങ്കിൽ വിവാഹപൂർവ കൗൺസിലിംഗ് നിര്ബന്ധമാണ്. ഇത് പലപ്പോഴും മതപരമായ അദ്ധ്യാപനം കൂടിയാണ്. ദാമ്പത്യജീവിതത്തിലെ മുന്നൊരുക്കങ്ങൾ, സന്തുഷ്ടകുടുംബജീവിതം, വിവാഹത്തിലെ നിയമവശങ്ങൾ, വിവാഹശേഷമുള്ള പഠനവും തൊഴിലും, ദമ്പതികളുടെ മനസ്സും ശരീരവും, ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം, കുടുംബാസൂത്രണമാർഗങ്ങൾ തുടങ്ങിയവ അടങ്ങിയതാണ് ഇതിന്റെ പാഠ്യപദ്ധതി.

വിവാഹ രജിസ്ട്രേഷൻ തിരുത്തുക

കേരളത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ഇനിപ്പറയുന്ന നിയമപ്രകാരം ഒരു വിവാഹം രജിസ്റ്റർ ചെയ്യാം.

ഡേറ്റിംഗ് തിരുത്തുക

വിദേശ രാജ്യങ്ങളിലെന്ന പോലെ ഇന്ന്‌ ഇന്ത്യയിലും 'ഡേറ്റിംഗ്' (Dating) വ്യാപകമായിട്ടുണ്ട്. വിവാഹത്തിലേക്ക് അല്ലെങ്കിൽ പ്രണയത്തിലേക്ക് കടക്കുന്നതിന് മുമ്പായി പരസ്പരം അറിയാനും മനസിലാക്കുവാനുമാണ് ആളുകൾ 'ഡേറ്റിംഗ്' ഉപയോഗപ്പെടുത്തുന്നത്. ഇതിനായി പുറത്തുപോവുകയോ, ഒരുമിച്ച് സമയം ചെലവിടുകയോ ചെയ്യാറുണ്ട്. അധികവും പുറത്തുവച്ച് കണ്ട്, എവിടെയെങ്കിലും പോവുക, ഭക്ഷണം കഴിക്കുക, സംസാരിക്കുക എന്നിങ്ങനെയാണ് പൊതുവെ കാണപ്പെടുന്ന രീതി. ഒരു വ്യക്തി, മറ്റൊരു വ്യക്തിയെ പഠിക്കാനും മനസിലാക്കുവാനും വേണ്ടി എടുക്കുന്നൊരു സമയമായതിനാൽ തന്നെ ഈ സമയത്തിന് വിവാഹത്തിന് മുൻപ് വലിയ പ്രാധാന്യമുണ്ട്. ഈ ഘട്ടത്തിൽ കൂടെയുള്ള വ്യക്തിയെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ പെരുമാറിക്കഴിഞ്ഞാൽ അത് ബന്ധത്തിന്റെ മുന്നോട്ടുപോക്കിനെ പ്രതികൂലമായി ബാധിക്കാം. പരസ്പരം നല്ലരീതിയിൽ പെരുമാറുന്നതിന് ഒപ്പം തന്നെ ചുറ്റുമുള്ളവരോടും നല്ലരീതിയിൽ പെരുമാറേണ്ടതുണ്ട്. ഇതിൽ നിന്നുമാണ് പലരും ഈ വ്യക്തിയെ സ്വീകരിക്കണോ വേണ്ടയോ എന്ന് പോലും തീരുമാനിക്കുന്നത്. എന്നാൽ ഡേറ്റിംഗ് എന്ന രീതിക്ക് യഥാസ്തികരായ ആളുകളിൽ നിന്നും പലപ്പോഴും എതിർപ്പ് നേരിടേണ്ടി വരാറുണ്ട്.

അവലംബം തിരുത്തുക

ചിത്രസഞ്ചയം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
വിക്കിചൊല്ലുകളിലെ വിവാഹം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=വിവാഹം&oldid=4029814" എന്ന താളിൽനിന്ന് ശേഖരിച്ചത്