ഭീമൻ മരച്ചിലന്തി

(ബനാന സ്പൈഡർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വലുതും ബലമുള്ളതുമായ വലകൾ നെയ്യുന്നയിനം ചിലന്തികളാണ് ഭീമൻ മരച്ചിലന്തികൾ (ഗോൾഡൻ സിൽക്ക് ഓർബ്-വീവർ). നെഫില എന്ന ജീനസിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്. ലോകമാകമാനം നെഫില ജനുസ്സിൽ പെട്ട സ്പീഷീസുകളെ കാണാൻ സാധിക്കും. ഗോൾഡൻ ഓർബ്-വീവർ, ജയന്റ് വുഡ് സ്പൈഡർ, ബനാന സ്പൈഡർ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്. വടക്കേ അമേരിക്കയിൽ ഇവ റൈറ്റിംഗ് സ്പൈഡർ എന്നും അറിയപ്പെടുന്നുണ്ട്. വലകളിലെ ഡിസൈനുകളാണ് ഈ പേരിന് കാരണം.

ഗോൾഡൻ സിൽക് ഓർബ്-വീവർ
Temporal range: മിഡിൽ ജൂറാസിക് - അടുത്തകാലം വരെ, 165–0 Ma
നെഫില
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
നെഫില

സ്പീഷീസ്

നെഫില ആന്റിപോഡിയാന
നെഫില ക്ലാവേറ്റ
നെഫില ക്ലാവിപെസ്
നെഫില എഡൂലിസ്
നെഫില ഇനൗറേറ്റ
നെഫില ജൂറാസിക്ക
നെഫില മഡഗാസ്കറിയെൻസിസ്
നെഫില പൈലിപെസ്
നെഫില പ്ലൂമിപെസ്
നെഫില സെനഗലെൻസിസ്
നെഫില കൊമാചി
 more

Diversity
150-ൽ കൂടുതൽ സ്പീഷീസുകൾ. (പുതിയവ എല്ലാ വർഷവും കണ്ടെത്തപ്പെട്ടുകൊണ്ടിരിക്കുന്നു.)
Giant wood spider, ഭീമൻ മരച്ചിലന്തി, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും

നെഫില ജുറാസിക്ക എന്ന ചിലന്തി 16.5 കോടി വർഷം മുൻപാണ് ജീവിച്ചിരുന്നത്. ഇവയുടെ കാലുകളുടെ അഗ്രം തമ്മിലുള്ള അകലം 15 സെന്റീമീറ്റർ ഉണ്ടായിരുന്നുവത്രേ. ഫോസിൽ അവശിഷ്ടം ലഭ്യമായതിൽ ഏറ്റവും വലിപ്പമുള്ള ചിലന്തിയാണിത്.[1]

പേരിന്റെ ഉദ്ഭവം

തിരുത്തുക

നെഫില എന്ന പദം പുരാതന ഗ്രീക്കിലെ നെയ്യാനിഷ്ടമുള്ളത് എന്നർത്ഥം വരുന്ന പ്രയോഗത്തിൽ നിന്ന് ഉദ്ഭവിച്ചതാണ്.[2] നെൻ എന്നാൽ നെയ്യുക (നെമ νήμα അഥവാ നൂൽ എന്ന വാക്കിനോട് ബന്ധമുള്ളത്) + φίλος (ഫിലോസ്) = "സ്നേഹിക്കുക".

രൂപസവിശേഷതകളും വിതരണവും

തിരുത്തുക
 
പെൺ നെഫില പൈലിപെസ് ചിലന്തിയും ധാരാളം ആൺ ചിലന്തികളും

നെഫില ഇനത്തിൽ പെട്ട ചിലന്തികൾ ചുവപ്പു കലർന്ന മഞ്ഞ മുതൽ പച്ച കലർന്ന മഞ്ഞ വരെയുള്ള നിറത്തിലാണ് കാണപ്പെടുന്നത്. വയറുമുതൽ സെഫാലോതൊറാക്സിന് എടുത്തുകാണിക്കുന്ന വെള്ളനിറമാണ്. അരാനിയോയ്ഡ കുടുംബത്തിലെ മറ്റു ചിലന്തികളെപ്പോലെ ഇവയ്ക്ക് ഇടവിട്ടുള്ള വരകളുള്ള നെയ്യാനുപകരിക്കുന്ന കാലുകളാണുള്ളത്. കാലുകളുടെ അഗ്രം ഉള്ളിലേയ്ക്ക് വളഞ്ഞാണിരിക്കുന്നത്. നടന്ന് ഇരതേടുന്ന ചിലന്തികൾക്ക് പുറത്തേയ്ക്ക് ചൂണ്ടിനിൽക്കുന്ന അഗ്രമാണുള്ളത്. കടുത്ത ബ്രൗൺ നിറം മുതൽ കറുപ്പുനിറം വരെയുള്ള ശരീരത്തിൽ പച്ചയോ മഞ്ഞയോ പാടുകൾ കാണുന്നത് ചിലന്തികളെ വേട്ടയാടുന്ന ജീവികളെ അകറ്റാനുപകരിക്കും.

കാലൊഴികെയുള്ള ശരീരത്തിന്റെ വലിപ്പം 4.8 മുതൽ 5.1 സെന്റീമീറ്റർ വരും. ആണുങ്ങൾക്ക് 2.5 സെന്റീമീറ്ററോളമാണ് നീളം. ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ ചിലന്തിക്ക് (നെഫില ക്ലാവിപെസ് ഇനത്തിൽ പെട്ടത്) 6.9 സെന്റീമീറ്റർ നീളമുണ്ടായിരുന്നു. ക്വീൻസ്‌ലാന്റിൽ നിന്നു ലഭിച്ച ഈ ചിലന്തിക്ക് ചെറിയ കുരുവികളെ പിടിച്ചുതിന്നാൻ സാധിക്കുമായിരുന്നു. 2012-ൽ ഒരു വലിയ ചിലന്തി 50സെന്റീമീറ്റർ നീളമുള്ള ഒരു ബ്രൗൺ മരപ്പാമ്പിനെ കൊന്നു തിന്നുന്നത് ഫോട്ടോയിൽ പകർത്തപ്പെട്ടിരുന്നു.[3][4] തായ്‌വാനിലെ ഇനങ്ങൾ കാലിന്റെ നീളമുൾപ്പെടെ 13 സെന്റീമീറ്റർ നീളം വയ്ക്കും.[5]

ചൂടുള്ള പ്രദേശങ്ങളിൽ ഈ ചിലന്തി വ്യാപകമായി കണ്ടുവരുന്നു. ഓസ്ട്രേലിയ, ഏഷ്യ, ആഫ്രിക്ക (മഡഗാസ്കർ ഉൾപ്പെടെ), അമേരിക്കൻ ഭൂഘണ്ഡങ്ങൾ എന്നിവിടങ്ങളിലൊക്കെ ഈ ചിലന്തി കാണപ്പെടുന്നുണ്ട്.

ചിലന്തികളിൽ ഇന്നുള്ളതിൽ ഏറ്റവും പഴക്കമുള്ള ജനുസ്സാണ് നെഫില. 16.5 കോടി വർഷം പഴക്കമുള്ള നെഫില ചിലന്തിയുടെ ഫോസിൽ ലഭിച്ചിട്ടുണ്ട്.[6]

സ്വഭാവസവിശേഷതകൾ

തിരുത്തുക

വല നെയ്യൽ

തിരുത്തുക
 
ഭീമൻ വല. ഇതിന് രണ്ടുമീറ്ററോളം വീതിയുണ്ടായിരുന്നു. ഇല കുടുങ്ങിക്കിടക്കുന്നത് മുന്നിലുള്ള താക്കീത് വലയിലാണ്.
 
വലയിലിരിക്കുന്ന ചിലന്തിയുടെ പാർശ്വദൃശ്യം

ഗോൾഡൻ സിൽക്ക് ഓർബ്-വീവർ എന്ന പേര് ചിലന്തിയുടെ നിറത്തെയല്ല, മറിച്ച് ചിലന്തിവലയുടെ നിറത്തെയാണ് സൂചിപ്പിക്കുന്നത്.

ചിലന്തിവലയ്ക്ക് മഞ്ഞ നിറമാണുള്ളത്. സൂര്യപ്രകാശത്തിൽ ഇത് സ്വർണം പോലെ തിളങ്ങുന്നതായി കാണാം. സാന്ത്യൂറെനിക് ആസിഡ്, രണ്ടുതരം ക്വിനോണുകൾ തിരിച്ചറിഞ്ഞിട്ടില്ലാത്ത നാലാമതൊരു സംയുക്തം എന്നിവ മഞ്ഞ നിറത്തിനു കാരണമാണ്. ഈ വലയ്ക്ക് രണ്ടു ഗുണങ്ങളാണുള്ളതെന്ന് പരീക്ഷണങ്ങ‌ൾ സൂചിപ്പിക്കുന്നു. സൂര്യപ്രകാശത്തിൽ തി‌ളങ്ങുന്ന വലയിലേയ്ക്ക് തേനീച്ചകൾ ആകർഷിക്കപ്പെടുമെന്നതാണ് ഒരു ഗുണം. നിഴലുള്ള സ്ഥലങ്ങളിൽ ഈ മഞ്ഞ നിറം തെളിഞ്ഞുകാണാത്തതിനാൽ വല മറഞ്ഞിരിക്കുകയും ചെയ്യും. നിറത്തിന്റെ തോത് നിയന്ത്രിക്കാൻ ചിലന്തിക്ക് കഴിവുണ്ട്.

 
വലയുടെ ഘടന

ഈയിനം ചിലന്തികളുടെ വലകൾ വളരെ സങ്കീർണ്ണമാണ്. അടുത്തിഴപാകിയ ഒരു ഭാഗം പശിമയില്ലാത്ത ഇഴകളിൽ കോർത്തുണ്ടാക്കുകയാണ് ചെയ്യുന്നത്. മദ്ധ്യത്തിലെ ഈ വല (ഓർബ്) ദിവസവും പുതുക്കിക്കൊണ്ടിരിക്കും. പഴക്കം കൂടുമ്പോൾ പശിമ കുറയുന്നതാണ് ഇതിനു കാരണം. കാലാവസ്ഥ നന്നായിരിക്കുമ്പോൾ (മഴ കാരണം ഓർബിന് നാശം സംഭവിച്ചിട്ടില്ലെങ്കിൽ), പ്രായപൂർത്തിയായ ചിലന്തികൾ വലയുടെ ഒരു ഭാഗം മാത്രമേ ദിനവും പുതുക്കിപ്പണിയുകയുള്ളൂ. മാറ്റേണ്ട ഭാഗം ഭക്ഷണമാക്കുകയും ഇതിനു പകരം പുതിയ ഇഴ പാകുകയുമാണ് ചിലന്തി ചെയ്യുന്നത്. ഇങ്ങനെ വലയുടെ ഒരു ഭാഗം മാത്രം പുനർനിർമ്മിക്കുന്നത് വലനെയ്യുന്ന മറ്റിനം ചിലന്തികൾ കാണിക്കാത്ത സ്വഭാവമാണ്. ഭീമൻ മരച്ചിലന്തികളുടെ വലയിൽ ഉറുമ്പുകളെ അകറ്റിനിർത്തുന്ന രാസവസ്തുക്കളുണ്ടെന്ന് 2011-ൽ കണ്ടെത്തുകയുണ്ടായി.[7]

പശിമയില്ലാത്ത സർപ്പിളാകൃതിയിലുള്ള ഒരു ഇഴ പാകിയതിനു ശേഷം [8] ഇടയിലുള്ള ഭാഗങ്ങൾ നികത്തുന്ന രീതിയിലാണ് വല നിർമ്മിക്കുന്നത്. മറ്റു മിക്ക ചിലന്തികളും പശിമയില്ലാത്ത ആദ്യ ഇഴ പിന്നീട് നീക്കം ചെയ്യുമെങ്കിലും നെഫില അത് ചെയ്യാറില്ല. ഇതാണ് കൈയ്യക്ഷരം പോലെ വലയിൽ പാടുകൾ കാണുന്നതിന് കാരണം. പശിമയു‌ള്ള ഇഴകൾ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുമ്പോൾ മറ്റിഴകൾ ഇതിനിടയിൽ ഒഴിഞ്ഞ ഭാഗം പോലെ കാണപ്പെടും.

വലയിലെ മദ്ധ്യഭാഗത്തുള്ള വൃത്താകൃതിയിലുള്ള ഭാഗം ഒരു മീറ്ററിൽ കൂടുതൽ വ്യാസമുള്ളതായിരിക്കും. വലയെ താങ്ങി നിർത്തുന്ന ഇഴകൾക്ക് ഇതിലും വളരെക്കൂടുതൽ നീളമുണ്ടായിരിക്കും. മനുഷ്യരുടെ ഉയരം മുതൽ മരങ്ങളുടെ മേലറ്റം വരെ ഏതുസ്ഥലത്തും വല നെയ്യപ്പെടാറുണ്ട്.

പ്രധാന വലയ്ക്ക് ഒരു വശത്തായി (മുന്നിലോ പിന്നിലോ) കൃത്യമായ രീതിയിലല്ലാതെയുള്ള ഇഴകൾ കാണപ്പെടും. ഇതിൽ ഇലകളോ പ്രാണികളുടെ ശവശരീരങ്ങളോ ചിലപ്പോൾ പ്രദർശിപ്പിക്കപ്പെടാറുണ്ട്. ഇത് ഇരപിടിക്കുന്ന ജീവികൾക്കുള്ള ഒരു താക്കീത് എന്ന നിലയ്ക്കായിരിക്കാം ഒരുപക്ഷേ നിർമ്മിക്കുന്നത്. കാറ്റിൽ പറന്നുവരുന്ന ഇലകളിൽ നിന്ന് വലയെ സംരക്ഷിക്കുക എന്ന ഉദ്ദേശവും ഒരുപക്ഷേ ഉണ്ടാവാം. ചിലന്തിയുടെ പഴയ വലയുടെ അവശിഷ്ടമാവാം ഒരുപക്ഷേ ഇത്.

ഇരപിടിക്കുന്ന മാർഗ്ഗങ്ങൾ

തിരുത്തുക

ഓസ്ട്രേലിയയിലെ ഇനമായ നെഫില എഡൂലിസ് കാറ്റുള്ളപ്പോൾ വലയുടെ കീഴ് ഭാഗത്ത് വലിയ ദ്വാരമുണ്ടാക്കി അതിലൂടെ കാറ്റു കടന്നുപോകാനനുവദിക്കുന്നതായി കാണപ്പെട്ടിട്ടുണ്ട്. ഇതുമൂലം വലിയ നാശമൊന്നും വലയ്ക്കുണ്ടാവുകയില്ലത്രേ. ചെറു കുരുവികളെപ്പോലും ഇവ ചിലപ്പോൾ ഭക്ഷിക്കാറുണ്ട്.[9][10] ചിലപ്പോൾ പാമ്പുകളെയും ആഹാരമാക്കാറുണ്ട്.[11]

പരാദജീവികൾ

തിരുത്തുക
 
ഫ്ലോറിഡയിൽ നെഫില ക്ലാവിപെസ് നിർമിച്ച വല

നെഫില ജനുസിലെ പല സ്പീഷീസ് ചിലന്തികളെയും ആർഗൈറോഡ്സ് എന്ന ജനുസ്സിൽ പെട്ട ചെറിയ കറുപ്പും വെള്ളിയും നിറമുള്ള ചിലന്തികൾ പരാദജീവികൾ എന്ന നിലയിൽ ഉപദ്രവിക്കാറുണ്ട്. ഇര മോഷ്ടിക്കുകയാണ് ഇവ ചെയ്യുക. പല ഡസൻ ആർഗൈറോഡ്സ് ചിലന്തികൾ ഒരു നെഫില ചിലന്തിവലയിൽ താമസമാക്കുകയും നെഫില പിടികൂടുന്ന ഇരകളെ ഇവ ഭക്ഷിക്കുകയും ചെയ്യും. വലകൾ ഇടയ്ക്കിടെ പുനർനിർമ്മിക്കുന്നതും ചിലപ്പോൾ ഉപേക്ഷിക്കുന്നതും ആർഗൈറോഡ്സ് ചിലന്തികളെ നിയന്ത്രിക്കാനുള്ള തന്ത്രമാണെന്ന് കരുതപ്പെടുന്നു. സ്പൈനി ഓർബ് വീവർ എന്നയിനം ചിലന്തികളും നെഫില ചിലന്തിയുടെ വലയിൽ ഭക്ഷണത്തിനായി എത്താറുണ്ട്.

ജീവിതചക്രം

തിരുത്തുക

ചിലന്തിക്കുഞ്ഞുങ്ങൾ

തിരുത്തുക
 
നെഫില ഇനൗറേറ്റ മഡഗാസ്കറിൽ നിന്ന്.

ചെറിയ ചിലന്തികൾ മഞ്ഞ നിറത്തിലുള്ള വല നെയ്യാറില്ല. നെഫില ചിലന്തിക്കുഞ്ഞുങ്ങളെ ല്യൂകൗജ് ഇനത്തിലെ ചിലന്തികളുടെ കുഞ്ഞുങ്ങളായി തെറ്റിദ്ധരിക്കാൻ സാദ്ധ്യതയുണ്ട്. രണ്ടിനും വെള്ളി വരകളോ പാടുകളോ വയറിൽ കാണാവുന്നതാണ്. വല നെയ്യുന്ന രീതിയാണ് ഇവ തമ്മിൽ തിരിച്ചറിയാനുള്ള എളുപ്പ മാർഗ്ഗം. ല്യൂകൗജ് തറയ്ക്ക് തിരശ്ചീനമായി വൃത്തിയുള്ള വൃത്താകൃതിയിലാണ് വല നെയ്യുന്നത്. നെഫില കുത്തനെ നിൽക്കുന്നതും എലിപ്സാകൃതിയുള്ളതുമായ വലകളാണ് നെയ്യുന്നത്. നെഫിലക്കുഞ്ഞുങ്ങളുടെ വലയുടെ മദ്ധ്യഭാഗത്തുള്ള ഓർബ് അപൂർണ്ണവുമായിരിക്കും.

ഇരപിടിക്കുന്ന ജീവികൾ അടുത്തുവരുന്നത് ശ്രദ്ധയിൽ പെട്ടാൽ ചിലന്തിക്കുഞ്ഞുങ്ങൾ അതിവേഗത്തിൽ ശരീരം വിറപ്പിക്കാറുണ്ട്.[12] വല ചലിപ്പിച്ചാൽ സെക്കന്റിൽ ഏകദേശം 40 പ്രാവശ്യം അവ ശരീരം വിറപ്പിക്കാറുണ്ടത്രേ. വീണ്ടും ഇരപിടിയൻ അടുത്തുവരുകയാണെങ്കിൽ വലയെ താങ്ങിനിർത്തുന്ന ഇഴയിലൂടെ ഇവ ചെടികളിലേയ്ക്ക് ഓടി രക്ഷപ്പെടും. ചിലപ്പോൾ വലയോട് ഒരു നൂലിഴ ബന്ധിപ്പിച്ച ശേഷം അതിൽ തൂങ്ങി രക്ഷപ്പെടാറുണ്ട്. ശരീരം ചലിപ്പിച്ച് വല അതോടൊപ്പം ചലിക്കുമ്പോഴുള്ള ആയം ചാടി രക്ഷപ്പെടാൻ സഹായകമാം വിധം ഇവ ഉപയോഗിക്കാറുണ്ട്.

ഈ ചിലന്തികൾ വിഷമുള്ളവയാണെങ്കിലും അത് മനുഷ്യരുടെ മരണമുണ്ടാക്കത്തക്ക വീര്യമുള്ളതല്ല. നാടീവ്യൂഹത്തെ ബാധിക്കുന്ന തരം വിഷമാണിതിനുള്ളത്. ബ്ലാക്ക് വിഡോ ചിലന്തിക്കും ഇത്തരം വിഷമാണുള്ളതെങ്കിലും നെഫിലയെ അപേക്ഷിച്ച് പല മടങ്ങ് വീര്യമുള്ളതാണ്. കടിയേറ്റ സ്ഥലത്ത് വേദനയും ചുവന്ന നിറവ്യത്യാസവും കുമിളിച്ച് പൊട്ടലും ഉണ്ടാകും. ഇത് സാധാരണഗതിയിൽ 24 മണിക്കൂറുകൾ കൊണ്ട് സുഖപ്പെടുന്ന രോഗലക്ഷണങ്ങളാണ്. ചില അവസരങ്ങളിൽ ആസ്തമ പോലെയുള്ള അസുഖങ്ങളുള്ളവരിൽ അലർജി മൂലം ശ്വാസതടസ്സവും മറ്റുമുണ്ടാകാറുണ്ട്. കടിയേറ്റസ്ഥലത്ത് വടുവുണ്ടാകാനുള്ള സാദ്ധ്യതയുമുണ്ട്.

മനുഷ്യരുമായുള്ള ബന്ധം

തിരുത്തുക

സാധാരണഗതിയിൽ ഇവ മനുഷ്യർക്ക് ഗുണമോ ദോഷമോ ഉണ്ടാക്കാറില്ല. ചെടികൾക്കിടയിൽ വലയുണ്ടാക്കുന്നതിനാൽ തോട്ടക്കാർക്ക് ഇവ ഒരു ശല്യമായേക്കാം. ചില ഫലവൃക്ഷങ്ങൾക്കടുത്തു‌ള്ള വലകൾ പഴയീച്ചയെ പോലുള്ള കീടങ്ങളെ അകറ്റുമെന്ന ഗുണമുണ്ട്.

സ്വർണ്ണ സിൽക്ക്

തിരുത്തുക
 
മഡഗാസ്കറിലെ നെഫില ചിലന്തികളുടെ വലയിൽ നിന്ന് നെയ്ത കയ്യില്ലാത്ത ഒരു കുപ്പായം: ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ 2012 ജൂണിൽ പ്രദർശിപ്പിച്ചിരിക്കുന്നു.[13]

നെഫില ചിലന്തിയുടെ സിൽക്കുപയോഗിച്ച് വസ്ത്രങ്ങളുണ്ടാക്കുവാൻ പല ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഒന്നും വിപണിയിൽ വിജയിച്ചിട്ടില്ല.[14] ഇത്തരത്തിൽ അവസാനമുണ്ടാക്കിയ വസ്ത്രം കിടയ്ക്കയ്ക്കുമുകളിൽ അലങ്കാരമായി തൂക്കിയിടുന്ന തരം രണ്ട് വസ്ത്രങ്ങളായിരുന്നു (ബെഡ് ഹാംഗിങ്). 1900-ലെ പാരീസിൽ നടന്ന എക്സിബിഷനിൽ ഇവ പ്രദർശിപ്പിച്ചിരുന്നു.[15] 2004-ൽ വസ്ത്രങ്ങൾ രൂപകൽപ്പനചെയ്യുന്ന സൈമൺ പീർസ് എന്നയാളും നിക്കോളാസ് ഗോഡ്ലി എന്ന ഒരു നിക്ഷേപകനും ചേർന്ന് മൂന്നുവർഷം കൊണ്ട് 12 ലക്ഷം ചിലന്തികളിൽ നിന്ന് ശേഖരിച്ച നൂലുകൊണ്ട് ഒരു ഷോൾ ഉണ്ടാക്കി. ഇത് 2009-ൽ അമേരിക്കൻ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയിൽ പ്രദർശിപ്പിച്ചിരുന്നു. ചിലന്തികളെ കാട്ടിൽ നിന്ന് പിടിച്ച് 30 മിനിട്ടുകൊണ്ട് നൂലെടുത്ത ശേഷം വെറുതേ വിടുകയായിരുന്നു ചെയ്തിരുന്നത്.[16][17] 2012-ൽ ഇവർ കയ്യില്ലാത്ത ഒരു കുപ്പായം ഇങ്ങനെ ഉണ്ടാക്കി. ഇതും ഷോളും ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നു.[18]

ടിഷ്യൂ എഞ്ചിനിയറിംഗ് എന്ന മേഖലയിൽ നെഫില സിൽക്കിന് സാദ്ധ്യതകളുണ്ട്. ഒരു പഠനം കാണിക്കുന്നത് കോശങ്ങൾ വളരാനുള്ള ചട്ടക്കൂടായി ഇതുപയോഗിക്കാമെന്നാണ്. ബലമുള്ളതും കോശങ്ങൾ തമ്മിൽ യോജിക്കുന്നതിനും കോശവിഭജനത്തിനും വല സഹായകരമാണത്രേ.[19] നാടികളുടെ വളർച്ചയെ ശരിയായ വഴിക്ക് നയിക്കാൻ വലയിഴകൾ ഉപയോഗിക്കാം.[20]

ഇന്ത്യാ മഹാസമുദ്രത്തിന്റെയും പസഫിക മഹാസമുദ്രത്തിന്റെയും തീർപ്രദേശങ്ങളിലെ മീൻപിടുത്തക്കാർ ഈ വല മത്സ്യബന്ധനത്തിനുപയോഗിക്കാറുണ്ട്. വല ചുരുട്ടി പന്തുപോലെയാക്കി കടലിലിടുകയും അത് കടൽ വെള്ളത്തിൽ വിടർന്ന മീനുകളെ ആകർഷിക്കുന്ന രീതിയിൽ കാണപ്പെടുകയും ചെയ്യുമത്രേ.[14]

പൊതുസംസ്കാരത്തിൽ നെഫില ചിലന്തികൾ

തിരുത്തുക

ജപ്പാനീസ് നാടൻ കഥകളിലെ ഒരു തരം യോകായി നെഫില ചിലന്തിയാണെന്നാണ് വിശ്വാസം. ഇതിന് രൂപം മാറി സുന്ദരിയായ സ്ത്രീയാകാൻ കഴിയുമത്രേ.

ചിത്രശാല

തിരുത്തുക
  1. Amos, Jonathan (20 April 2011). "Fossilised spider 'biggest on record'". BBC News. Retrieved 24 April 2011.
  2. Cameron, H. D. (2005). "Chapter 73: An etymological dictionary of North American spider genus names". In Ubick, Darrell; Paquin, Pierre; Cushing, Paula E.; Roth, Vince (eds.). Spiders of North America: An identification manual. American Arachnological Society. ISBN 9780977143900. OCLC 502287303.
  3. Serenc, Michael (19 April 2012). "Cairns man Ant Hadleigh snaps incredible pics of snake-eating spider". The Cairns Post. Retrieved 17 August 2012.
  4. Moran, Lee (25 April 2012). "Arachnophobes look away now! Incredible footage shows the moment a spider ate a snake for breakfast". The Daily Mail. London. Retrieved 17 August 2012.
  5. Gallagher, Terry. "Giant 'gentle spiders' collected in Taiwan for study at U-M-Dearborn". The University Record Online. University of Michigan. Archived from the original on 2012-09-18. Retrieved 2012-12-01. {{cite news}}: Text "accessdate" ignored (help); Unknown parameter |= ignored (help)
  6. "Fossilized spider biggest on record". BBC News. 2011-04-20. Retrieved 2011-04-20.
  7. Phillips, Campbell (23 November 2011). "Golden orb web spider spins ant-repellent silk". Australian Geographic. Archived from the original on 2012-12-25. Retrieved 16 August 2012.
  8. "Natasha, the Golden Silk Spider (Nephila clavipes)". Archived from the original on 2017-06-23. Retrieved 2010-06-02.
  9. Malkin, Bonnie (October 22, 2008). "Giant Spider Eating a Bird Caught on Camera". Telegraph. London. Archived from the original on 2012-04-21. Retrieved May 3, 2010.
  10. Asher, Josephine (29 October 2008). "Second giant bird-devouring spider strikes". ninemsn. Archived from the original on 2012-04-21. Retrieved 16 August 2012.
  11. O'Keefe, Emily (20 April 2012). "Giant Queensland spider devours snake". ninemsn. Archived from the original on 2012-10-05. Retrieved 16 August 2012.
  12. "Laura, Lumi and Anda, juvenile Banana Spiders or Golden Silk Spiders (Nephila clavipes)". Archived from the original on 2011-07-17. Retrieved 2010-06-02.
  13. Kennedy, Maev (24 January 2012). "Spider silk cape goes on show at V&A". The Guardian. London. Retrieved 17 August 2012.
  14. 14.0 14.1 Heimer, S. (1988). Wunderbare Welt der Spinnen. Urania. p.14
  15. "Spider silk at the V&A: A tangled (and exquisite) web they wove | The Economist". economist.com. 2012 [last update]. Retrieved 18 August 2012. 1900 Paris Exhibition {{cite web}}: Check date values in: |year= (help)CS1 maint: year (link)
  16. Leggett, Hadley (23 September 2009). "1 Million Spiders Make Golden Silk for Rare Cloth". Wired Science. Retrieved 17 August 2012.
  17. Rare Spider Silk on Exhibit at AMNH. Retrieved on 17 August 2012.
  18. "Spider silk at the V&A: A tangled (and exquisite) web they wove | The Economist". economist.com. 2012 [last update]. Retrieved 18 August 2012. Simon Peers, a textile designer, and Nicholas Godley, an entrepreneur, {{cite web}}: Check date values in: |year= (help)CS1 maint: year (link)
  19. "Biocompatible matrix for tissue engineering and wound dressing". 2010-07-19. Archived from the original on 2011-07-18. Retrieved 2011-02-23.
  20. "Tissue Engineering peripherer Nerven mit Spinnenseide" [Peripheral nervous tissue engineering with spider silk] (in ജർമ്മൻ). Hannover: Klinik für Plastische, Hand- und Wiederherstellungschirurgie der Medizinischen Hochschule Hannover. Archived from the original on 2012-12-03. Retrieved 17 August 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

പൊതുവിവരം

തിരുത്തുക

ചിത്രങ്ങൾ

തിരുത്തുക

വീഡിയോകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭീമൻ_മരച്ചിലന്തി&oldid=4105651" എന്ന താളിൽനിന്ന് ശേഖരിച്ചത്