ജൈവവൈവിധ്യം
ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ പല തരം ജീവ രൂപങ്ങൾ കാണപ്പെടുന്നു എന്നതാണ് ജൈവവൈവിധ്യം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഒരു പ്രത്യേക ഭൗമ-കാലാവസ്ഥാ വ്യവസ്ഥയിലേയോ ഭൂമിയിലെ ആകെയോ ജീവജാലങ്ങളുടെ വൈവിദ്ധ്യവും ഇതുകൊണ്ട് അർത്ഥമാക്കപ്പെടുന്നുണ്ട്. സർവ്വ ജീവജാലങ്ങളും അടങ്ങിയതാണ് ജൈവവൈവിധ്യം. എല്ലാ ജീവജാലങ്ങളും, അവയുടെ ആവാസ വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു. ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം. കൂടുതൽ ജൈവവൈവിധ്യമുണ്ടങ്കിൽ ആവാസവ്യവസ്ഥ കൂടുതൽ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥയുടെ ഭാഗവും കൂടിയാണിത്. ധ്രുവപ്രദേശത്തേക്കാൾ സമശീതോഷ്ണമേഖലയിലാണ് കൂടുതൽ ജൈവവൈവിധ്യ സമ്പന്നതയുള്ളത്. ദ്രുതഗതിയിലുള്ള പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിദ്ധ്യത്തിന്റെ ശോഷണത്തിനും കാരണമാകുന്നുണ്ട്. ഒരു കണക്ക് കാണിക്കുന്നത്, ഭൂമിയിൽ മുൻപുണ്ടായിരുന്ന ജൈവവൈവിദ്ധ്യത്തിന്റെ ഒരു ശതമാനം മാത്രമേ ഇപ്പോൾ നിലനിൽക്കുന്നുള്ളൂ എന്നതാണ്.[1]
വാക്ക് വന്ന വഴി
തിരുത്തുകജൈവവൈവിധ്യം എന്ന പദം 1985ൽ വാൾട്ടർ ജി റോസൻ ആണ് ആദ്യമായി ഉപയോഗിച്ചത്. ബയോളജിക്കൽ ഡൈവേഴ്സിറ്റി എന്നതിന്റെ ചുരുക്ക രൂപമായാണ് ഇത് പ്രയോഗിച്ചത്. 1992ൽ നടന്ന റിയോ ഭൗമ ഉച്ചകോടിയിൽ ജൈവവൈവിധ്യ കൺവൻഷൻ നടന്നതോടെ ഈ വാക്ക് സാർവത്രിക അംഗീകാരം നേടി. ഒരു പ്രദേശത്തെ ജീനുകൾ, സ്പീഷീസുകൾ, ആവാസവ്യവസ്ഥകൾ ഇവയെല്ലാം കൂടിച്ചേർന്നതാണ് ജൈവവൈവിധ്യം എന്ന നിർവചനവാണ് IUCNഉം UNEPയും ഉപയോഗിക്കുന്നത്.
ജൈവവൈവിദ്ധ്യമെന്ന കാഴ്ചപ്പാട്
തിരുത്തുകഭൂമിയിലെ വ്യത്യസ്ത ജീവജാലങ്ങളും അവ രൂപം നൽകുന്ന പ്രകൃതിയുടെ ക്രമവുമാണ് ജൈവവൈവിദ്ധ്യം. ഇന്നു കാണുന്ന ജൈവവൈവിദ്ധ്യം കോടാനുകോടി വർഷങ്ങളിലൂടെ സംഭവിച്ച പ്രകൃതി പ്രതിഭാസങ്ങളുടെയും മനുഷ്യന്റെ ഇടപെടലിന്റെയും ഭാഗമാണ്. മനുഷ്യൻ ഉൾപ്പെടുന്ന ജീവന്റെ ശൃംഖലെയെ ജൈവവൈവിദ്ധ്യമാണ് രൂപപ്പെടുത്തുന്നത്. മനുഷ്യനും സസ്യ-ജന്തുജാലങ്ങളും സൂക്ഷ്മജീവികളുമൊക്കെ അടങ്ങുന്നതാണ് ഈ ശൃംഖല. ഏതാണ്ട് 1.75 ദശലക്ഷം ജീവികളെ ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന്റെ പതിന്മടങ്ങ് ജീവികളെ ഇനിയും തിരിച്ചറിയാനുണ്ട് എന്ന് ശാസ്ത്രജ്ഞർ പറയുന്നു. പ്രകൃതിയിലെ സമ്പന്നമായ വൈവിദ്ധ്യങ്ങളുടെ ഭാഗം മാത്രമാണ് മനുഷ്യൻ.വൻ മരങ്ങൾ മുതൽ സൂക്ഷ്മ ജീവികൾ വരെയുള്ള വൈവിദ്ധ്യത്തിൽ ഒന്നു മാത്രമാണ് മനുഷ്യൻ. മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ നിലനില്പ് ഈ ജൈവവൈവിദ്ധ്യത്തെ ആശ്രയിച്ചിരിക്കുന്നു. ജൈവവൈവിദ്ധ്യത്തിലെ ഇടക്കുള്ള കണ്ണികളുടെ പ്രാധാന്യം പോലും മനുഷ്യന് ഇല്ലെന്ന് വാദിക്കുന്നവരുണ്ട്. മനുഷ്യൻ ഇല്ലാതായാൽ ആവാസവ്യവസ്ഥയ്ക്ക് കാര്യമായ പരിക്കുകളൊന്നും വരില്ലെന്നും അവർ പറയുന്നു. ജൈവികമായ വൈവിദ്ധ്യം (biological diversity) എന്ന വാക്ക് ലോപിച്ചാണ് ജൈവവൈവിധ്യം (biodiversity) എന്ന വാക്കുണ്ടായത്.
വന്യജീവി ഗവേഷകനും വനസംരക്ഷകനും ആയിരുന്ന റെയ്മണ്ട് എഫ്. ദാസ്‌മാൻ ആണ് 1968 ൽ ജൈവികമായ വൈവിദ്ധ്യം എന്ന വാക്ക് പ്രയോഗിക്കുന്നത്. ഒരു ദശാബ്ദത്തിനുശേഷം ജീവശാസ്ത്ര രംഗത്ത് ഈ വാക്ക് സജീവ ചർച്ചയായിരിക്കെ 1985 - ൽ ഡബ്ലു.ജി റോസൻ ജൈവവൈവിധ്യം എന്ന വാക്ക് ഉപയോഗിച്ചു. പിന്നീട് ആ വാക്ക് ശാസ്ത്രരംഗത്ത് ചിരപ്രതിഷ്ഠ നേടി.
ജൈവവൈവിധ്യത്തെ പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു.
- ജനിതക വൈവിധ്യം (Genetic Diversity)
- ജീവജാതി വൈവിദ്ധ്യം (Species Diversity)
- ആവാസവ്യവസ്ഥാ വൈവിധ്യം
ജൈവവൈവിധ്യം നേരിടുന്ന ഭീഷണികൾ
തിരുത്തുകഭൂമിയിൽ ജീവൻ തുടങ്ങിയതു മുതൽ അഞ്ച് വലിയ വംശനാശവും നിരവധി ചെറിയ വംശനാശവും ജൈവവൈധ്യത്തിന്റെ ശോഷണത്തിന് കാരണമായിട്ടുണ്ട്. 540 മില്യൺ വർഷങ്ങൾക്കു മുൻപ് കേംബ്രിയൻ വിസ്ഫോടനത്തിലൂടെ ഭൂമിയിൽ ബഹുകോശജീവികളുടെ വംശപരമായ പെരുപ്പം ഉണ്ടായതിന് ശേഷമാണ് ഇത്തരത്തിൽ വംശനാശങ്ങളെ ജെവവൈവിധ്യം അഭിമുഖീകരിച്ചത്. 251 മില്യൺ വർഷങ്ങൾക്ക് മുൻപുണ്ടായ പെർമിയൻ ട്രയാസ്സിക് വംശനാശം ആണ് ഇതിൽ ഏറ്റവും വലുത്. ഏകദേശം 30 ദശ ലക്ഷം വർഷം വേണ്ടി വന്നു ഇതിൽ നിന്നും നട്ടെല്ലുള്ള ജീവികൾക്ക് കര കയറാൻ. 65.5 മില്യൺ വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ക്രിറ്റേഷ്യസ് -ടേർഷ്യറി വംശനാശ (കേ - ടി വംശനാശം) സംഭവമാണ് അവസാനകാലത്തായുണ്ടായ അത്തരമൊരെണ്ണം. ദിനോസറുകളുടെ അന്ത്യം കുറിച്ച കാലമായിരുന്നു അത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ജൈവവൈവിധ്യ ശോഷണം മനുഷ്യന്റെ ആവിർഭാവത്തെ തുടർന്നുള്ളതാണ്. ഹോളോസീൻ വംശനാശം എന്ന് പേരിട്ടിരിക്കുന്ന ഇത് വാസവ്യവസ്ഥയുടെ നാശം ജനിതകവൈവിധ്യ ശോഷണം തുടങ്ങിയ പ്രത്യേകതകളോട് കൂടിയതാണ്.
ജൈവവൈവിധ്യ ശോഷണത്തിന് പ്രധാന കാരണങ്ങൾ താഴെപറയുന്നവയാണ്.
- അധിവാസക്രമത്തിലെ മാറ്റം
- പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം
- പരിസ്ഥിതിനാശം
- ജൈവ (അന്യ ജനുസുകളുടെ) അധിനിവേശം
- ആവാസ വ്യവസ്ഥയുടെ ചേരുവയിലുണ്ടായ മാറ്റം
- മലിനീകരണം
- ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും
ഭീഷണി നേരിടുന്ന ജീവി വർഗ്ഗങ്ങൾ
തിരുത്തുകലോകത്ത് 34,000 സസ്യങ്ങളും 5200 ജന്തുജാലങ്ങളും വംശനാശ ഭീഷണി നേരിടുന്നുവെന്നാണ് കണക്ക്. ലോകത്ത് പക്ഷികളുടെ എണ്ണത്തിൽ എട്ടിലൊന്ന് കുറവുണ്ടാകുന്നതായും പഠനങ്ങൾ പറയുന്നു. ഇതിൽ ഏകദേശം മുഴുവൻ ഭാഗവും ജീവജാലങ്ങളും മനുഷ്യന്റെ ഇടപെടലുകൾ കൊണ്ടാണ് വംശനാശം സംഭവിച്ചത്. ഡോഡോ പക്ഷി, പിന്റോ ആമ, തുടങ്ങിയവ വംശനാശം സംഭവിച്ച ജീവികളിൽ ചിലതാണ്.
ഐക്യ രാഷ്ട്രസഭ ജൈവവൈവിദ്ധ്യ ദശകം
തിരുത്തുക2011-2020 കാലഘട്ടം ജൈവവൈവിധ്യ ദശകമായി ഐക്യരാഷ്ട്ര പൊതുസഭ പ്രഖ്യാപിച്ചിട്ടുണ്ട്. ജൈവവൈവിധ്യത്തെക്കുറിച്ചു ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ജൈവവൈവിദ്ദ്യം സംരക്ഷിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിനും പ്രകൃതിയുമായി പൊരുത്തപ്പെട്ട ജീവിതത്തെക്കുറിച്ചുള്ള അവബോധമുണർത്തുന്നതിനും ലക്ഷ്യമാക്കിയാണ് ജൈവവൈവിധ്യ ദശകം ആചരിക്കുന്നത്. [2]
അവലംബം
തിരുത്തുക- ↑ Raup, D. M. (1994). "The role of extinction in evolution". Proceedings of the National Academy of Sciences. 91: 6758–6763.
- ↑ "2011-2020: United Nations Decade on Biodiversity".