ഫ്രാൻസിസ് ഇട്ടിക്കോര

ടി.ഡി. രാമകൃഷ്ണൻ എഴുതിയ മലയാളനോവൽ

ടി.ഡി. രാമകൃഷ്ണൻ എഴുതിയ മലയാളം നോവലാണ്‌ ഫ്രാൻസിസ് ഇട്ടിക്കോര. ഒന്നാം അദ്ധ്യായം മാത്രമായി ആദ്യം പാഠഭേദം മാസികയിലും തുടർന്ന് മുഴുവനും ഖണ്ഡശ്ശ: മാധ്യമം ആഴ്ചപ്പതിപ്പിലും വെളിച്ചം കണ്ട മുപ്പത് അദ്ധ്യായങ്ങളുള്ള ഈ കൃതി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത് 2009 ഓഗസ്റ്റിൽ ഡി.സി. ബുക്ക്സ് ആണ്‌.[1] മലയാള വായനക്കാരുടെ ഉറക്കം കെടുത്താൻ പോന്ന പ്രഹരശേഷി ഉൾക്കൊള്ളുന്നതെന്ന നിരൂപക പ്രശംസ നേടിയ[2] ഈ നോവലിലെ കേന്ദ്രകഥാപാത്രം, 1456-ൽ കേരളത്തിലെ കുന്നംകുളത്ത് ജനിച്ച്, 1517-ൽ ഇറ്റലിയിലെ ഫ്ലോറൻസിൽ മരിച്ചതായി ചിത്രീകരിക്കപ്പെടുന്ന ഫ്രാൻസിസ് ഇട്ടിക്കൊരയെന്ന ആഗോള കുരുമുളക് വ്യാപാരിയാണ്. ഇട്ടിക്കോരയുടേയും അയാളുടെ പൈതൃകം അവകാശപ്പെടുന്ന "പതിനെട്ടാം കൂറ്റുകാർ" എന്ന രാഷ്ട്രാന്തര ഗോത്രത്തിന്റേയും കഥയുടെ പശ്ചാത്തലത്തിൽ കേരളീയ, യൂറോപ്യൻ ഗണിതശാസ്ത്രപാരമ്പര്യങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണവും, കച്ചവടത്തിന്റെ ദർശനത്തെ അടിസ്ഥാനമാക്കിയുള്ള ആഗോള സമ്പദ്‌-രാഷ്ട്രീയ വ്യവസ്ഥകളുടെ വിമർശനവും ഈ കൃതി ഉൾക്കൊള്ളുന്നു.

ഫ്രാൻസിസ് ഇട്ടിക്കോര
ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ടി.ഡി.രാമകൃഷ്ണന്റെ "ഫ്രാൻസിസ് ഇട്ടിക്കോര" എന്ന നോവലിന്‌ എൻ.അജയൻ തയ്യാറാക്കിയ പുറംചട്ട
കർത്താവ്ടി.ഡി. രാമകൃഷ്ണൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർഇന്ത്യ ഡി.സി. ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
2009 ഓഗസ്റ്റ്
മാധ്യമംഅച്ചടി (ഹാർഡ്‌കവർ, പേപ്പർബാക്ക്)
ഏടുകൾഇന്ത്യ 308

ഇംഗ്ലീഷ് വിക്കിപീഡിയയിലെ വിവിധ ചരിത്ര/ജീവചരിത്ര ലേഖനങ്ങളിൽ നിന്നുള്ള ഉള്ളടക്കത്തെ ലോഭമില്ലാതെ ആശ്രയിച്ച് കഥ പറയുന്ന രാമകൃഷ്ണൻ, ചരിത്രത്തെ തിരുത്തിയെഴുതാനുള്ള (റീ-റൈറ്റ് ഹിസ്റ്ററി) ഉമ്പർട്ടോ എക്കോയുടെ ആഹ്വാനത്തിന്റെ ജാമ്യത്തിൽ, മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ ലോകപ്രശസ്തരുടെ ചരിത്രത്തെ യാതൊരു കലാബോധവുമില്ലാതെ അപഹസിക്കുകയാണ്‌ ഈ നോവലിൽ ചെയ്യുന്നതെന്ന് വിമർശിക്കപ്പെട്ടിട്ടുമുണ്ട്.[3]

ഗ്രന്ഥകാരൻ

തിരുത്തുക

1961-ൽ തൃശൂർ ജില്ലയിലെ എയ്യാലിൽ ജനിച്ച ടി.ഡി. രാമകൃഷ്ണൻ ഭാരതീയ റെയിൽ‌വേയുടെ പാലക്കാട് ഡിവിഷനിൽ ഡെപ്യൂട്ടി ചീഫ് കൺ‌ട്രോളറാണ്‌. "ആൽഫ" എന്ന നോവലാണ്‌ അദ്ദേഹത്തിന്റെ മുൻപ് പ്രസിദ്ധീകരിച്ച പ്രധാന കൃതി. ഔദ്യോഗികജീവിതത്തിന്റെ ഏറിയ ഭാഗം തമിഴ്‌നാട്ടിൽ കഴിച്ച രാമകൃഷ്ണൻ തമിഴ് സാഹിത്യവുമായി ഗാഢബന്ധം പുലർത്തുന്നു. തമിഴ്‌ സാഹിത്യരചനകളെ പരിഭാഷകളിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തുന്ന അദ്ദേഹം[അവലംബം ആവശ്യമാണ്], മികച്ച തമിഴ്-മലയാള വിവർത്തകനുള്ള 2007-ലെ ഇ.കെ. ദിവാകരൻ പോറ്റി അവാർഡും "നല്ലി ദിശൈ എട്ടും" അവാർഡും നേടിയിട്ടുണ്ട്. ആഗോളതലത്തിൽ കച്ചവടമുതലാളിത്തം വിജയക്കൊടിനാട്ടാൻ തുടങ്ങിയ 1990-കളുടെ ആരംഭത്തിൽ മനസ്സിൽ രൂപപ്പെട്ട കഥാബീജത്തെ ആധാരമാക്കി രചിച്ച "ഫ്രാൻസിസ് ഇട്ടിക്കോര" മൂന്നു നോവലുകളുടെ ഒരു പരമ്പരയിൽ ആദ്യത്തേതായിരിക്കാമെന്ന് ഒരു അഭിമുഖ സംഭാഷണത്തിൽ രാമകൃഷ്ണൻ സൂചിപ്പിച്ചു.[4]

തുടക്കം

തിരുത്തുക

ഫ്രാൻസിസ് ഇട്ടിക്കോരയുടെ സന്തതിപരമ്പരയിൽ ഫ്ലോറൻസിൽ ജനിച്ച് അമേരിക്കയിലെ ബ്രൂക്ക്‌ലീനിനേയ്ക്കു കുടിയേറിപ്പാർത്ത ഒരമ്മയുടെ മകനായ സേവ്യർ ഫെർണൻഡസ് ഇട്ടിക്കോര എന്ന 24-കാരനെ അവതരിപ്പിച്ചാണ്‌ നോവൽ തുടങ്ങുന്നത്. ഇറാക്ക് യുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിൽ ചേർന്ന അയാൾ, ഫലൂജയിലെ ഒരു തെരച്ചിലിനിടെ നടത്തിയ ബലാൽസംഗത്തിൽ ഒരിറാക്കി പെൺകുട്ടി മരിച്ചു. തുടർന്ന് സേവനനിവൃത്തനാക്കപ്പെട്ട സേവ്യർ ഇട്ടിക്കോര ഒരു വർഷത്തെ മനോരോഗചികിത്സയ്ക്കു ശേഷം സാധാരണനിലയിൽ ആയെങ്കിലും അയാളുടെ ലൈംഗികശേഷി നഷ്ടപ്പെട്ടിരുന്നു. ന്യൂയോർക്കിലെ "കാനിബാൾസ്.കോം"-കാരുടെ സങ്കേതത്തിൽ ആഴ്ചയിൽ ഒരിക്കലുള്ള മനുഷ്യമാംസവിരുന്നും മറ്റുമായി കഴിയുമ്പോൾ, ലൈംഗികശേഷി തിരികെ കിട്ടാൻ വേണ്ടി അയാൾ നടത്തിയ ഇന്റ്ർനെറ്റ് തെരച്ചിൽ കൊച്ചിയിൽ ഉന്നതന്മാർക്കു വേണ്ടി അഭ്യസ്തവിദ്യരായ മൂന്നു സ്ത്രീകൾ നടത്തിയിരുന്ന "ദ് സ്കൂൾ" എന്ന 'ഹൈടെക്ക്' രതിവിപണന സ്ഥാപനത്തിൽ ചെന്നെത്തി‌. കൊച്ചി സന്ദർശിക്കുന്നതിനുള്ള തയ്യാറെടുപ്പിൽ "ദ് സ്കൂൾ"-ന്റെ തലപ്പത്തിരുന്ന രേഖയ്ക്ക് സേവ്യർ ഇട്ടിക്കോര അയക്കുന്ന ഈ മെയിലുകളും, ഇന്റർനെറ്റ് തെരച്ചിലിൽ തന്നെ അയാൾ കണ്ടെത്തിയ പെറുവിലെ ഗോത്രവർഗ്ഗക്കാരി കത്രീനവഴി പരിചയപ്പെട്ട ഹഷിമോട്ടോ മൊറിഗാമി എന്ന ജപ്പാൻ വംശജയായ ഗണിതശാസ്ത്ര ഗവേഷകയുടെ ബ്ലോഗ് പോസ്റ്റുകളും മറ്റും വഴിയാണ്‌ നോവലിലെ കഥയും ഫ്രാൻസിസ് ഇട്ടിക്കോരയുടെ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നത്. ("ഇ-ലോകത്തിന്റെ നോവൽ" എന്നു ഈ ഗ്രന്ഥം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[അവലംബം ആവശ്യമാണ്])

ഫ്രാൻസിസ് ഇട്ടിക്കോര

തിരുത്തുക

വ്യാപാരസംബന്ധമായ യാത്രകളിലൊന്നിൽ പിതാവ് നൂറുസ്വർണ്ണനാണയത്തിനു വിലയ്ക്കു വാങ്ങിയ ഹൈപ്പേഷിയൻ വംശജയായ യവനബാലികയായിരുന്നു കേന്ദ്രകഥാപാത്രമായ ഫ്രാൻസിസ് ഇട്ടിക്കോരയുടെ അമ്മ. ഒരു ക്രിസ്മസ് രാത്രിയിൽ ഇട്ടിക്കോരയെ പ്രസവിച്ച ഉടനെ അവൾ മരിച്ചു. മകനെപ്പോലെ തന്നെ ആഗോള വ്യാപാരി ആയിരുന്ന പിതാവിന്റെ ഉത്സാഹത്തിൽ അലക്സാണ്ട്രിയയിലെയും പശ്ചിമാഫ്രിക്കയിൽ മാലിയിലെ റ്റിംബക്റ്റൂവിലേയും രഹസ്യ ഹൈപ്പേഷ്യൻ വിദ്യാലയങ്ങളിൽ പരിശീലം ലഭിച്ചവനായിരുന്നു ഇട്ടിക്കോര. വ്യവസ്ഥാപിത ക്രിസ്തുമതത്തിനു അസ്വീകാര്യമായ വിശ്വാസങ്ങൾ പിന്തുടരുകയും പഠിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ ക്രിസ്ത്വബ്ദം നാലാം നൂറ്റാണ്ടിൽ സഭാനേതൃത്വത്തിന്റെ സമ്മതത്തോടെ നിഷ്ടൂരമായി വധിക്കപ്പെട്ട അലക്സാണ്ഡിയയിലെ യവനചിന്തകയും ഗണിതശാസ്ത്രജ്ഞയുമായ ഹൈപ്പേഷിയയുടെ ചിന്തയും ആശയങ്ങളുമാണ്‌ ഈ വിദ്യാഭ്യാസം അയാൾക്കു പകർന്നു കൊടുത്തത്. വ്യാപാരിയെന്നതിനു പുറമേ വിവിധ വിജ്ഞാന ശാഖകളിൽ, പ്രത്യേകിച്ച് ഗണിത ശാസ്ത്രത്തില്‍, അവഗാഹമുള്ളവനും പ്രായോഗിക ബുദ്ധിയും ആയിത്തീർന്ന ഇട്ടിക്കോര‍ കേരളത്തിലെ കറുത്തമുത്തായ കുരുമുളകും സീഷെൽസ് ദ്വീപുകളിൽ മാത്രം വളരുന്ന കൊക്കാ ഡി മെർ എന്ന കടൽത്തെങ്ങിന്റെ "വിശുദ്ധവിത്തും"[ക] മുതൽ അടിമപ്പെണ്ണുങ്ങൾ വരെ കച്ചവടം ചെയ്തു കേരളത്തിനും യൂറോപ്പിനും ഇടയിൽ നിരന്തരം യാത്രകളിൽ മുഴുകി.

കുന്നം കുളത്തിനും ഫ്ലോറൻസിനും ഇടയ്ക്കുള്ള യാത്രകൾക്കിടയിൽ കേരളത്തിലെയും യൂറോപ്പിലേയും ഉന്നതന്മാരുടെയും പ്രതിഭാശാലികളുടേയും സൌഹൃദവും ആദരവും അയാൾ നേടി. കേരളത്തിലെ സാമൂതിരി മുതൽ ഫ്ലോറൻസിലെ ഭരണാധികാരി മെഡിച്ചിയും ഇറ്റാലിയൻ നവോത്ഥാന നായകന്മാരായ ഡാവിഞ്ചിയും, മൈക്കെലാഞ്ചലോയും, റഫേലും വരെ ഇട്ടിക്കോരയുടെ സുഹൃത്തുക്കളായി. അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ മുതൽ ലോറൻസോ മെഡിച്ചി വരെയുള്ളവരുടെ കൂട്ടിക്കൊടുപ്പുകാരനായും അയാൾ പ്രവർത്തിച്ചു.[അവലംബം ആവശ്യമാണ്] 1598-ൽ വാസ്കോ ഡ ഗാമയുടെ കേരളയാത്രയെ തുടർന്ന് ഗാമയുടെ കൂട്ടരുമായുള്ള ഏറ്റുമുട്ടലിൽ കപ്പലുകൾ നഷ്ടപ്പെടുകയും ചുമലിൽ വെട്ടേറ്റ് ഒരു കയ്യുടെ സ്വാധീനം കുറയുകയും ചെയ്തതിനെ തുടർന്ന് ഇട്ടിക്കോര കേരളത്തിലേയ്ക്കു മടങ്ങാതെ ഫ്ലോറൻസിൽ സ്ഥിരതാമസമാക്കി. എന്നാൽ ഏറ്റുമുട്ടലിൽ പരാജയപ്പെട്ട മതവിരുദ്ധനായ ഇട്ടിക്കോര, ചിറകുള്ള കരിമ്പുലിയായി ആകാശത്തേയ്ക്കു പറന്നുപോയി എന്ന കള്ളക്കഥ പോർത്തുഗീസുകാർ പ്രചരിപ്പിക്കുകയും കേരളത്തിൽ വിശ്വസിക്കപ്പെടുകയും ചെയ്തു. യഥാർത്ഥത്തിൽ, ഡാവിഞ്ചി ഡിസൈൻ ചെയ്ത്, മൈക്കലാഞ്ജലോയും ബോട്ടിസെല്ലിയും പരിഷ്കാരങ്ങൾ വരുത്തിയ "പാലസോ കോര" എന്ന ഫ്ലോറൻസിലെ തന്റെ കൊട്ടാരത്തിൽ ശിഷ്ടജീവിതം നയിക്കുകയായിരുന്നു ഇട്ടിക്കോര ചെയ്തത്. എല്ലാറ്റിനുമുപരി രതിജീവിതത്തിൽ പ്രാഗല്ഭ്യം കാട്ടിയ ഇട്ടിക്കോരയ്ക്ക് പതിനെട്ടു നാടുകളിൽ പതിനെട്ടു സ്ത്രീകളിൽ നിന്നായി 79 സന്താനങ്ങൾ പിറന്നു. 1517-ൽ ഒരു രാത്രിയിലെ അമിതസംഭോഗത്തെ തുടർന്നുണ്ടായ അസുഖം മൂലമായിരുന്നു ഇട്ടിക്കോരയുടെ മരണം.

ഇട്ടിക്കോരയും ഗണിതചരിത്രവും

തിരുത്തുക

കച്ചവടക്കാരനും രതിലോലുപനുമായിരുന്നതിനൊപ്പം തന്റെ കാലത്ത് ഇറ്റലിയിൽ വേരെടുത്ത രഹസ്യ ഹൈപ്പേഷിയൻ വിദ്യാലയങ്ങളുടെ മുഖ്യ പ്രചോദകനും ആയിരുന്നു ഇട്ടിക്കോര. അലക്സാണ്ഡ്രിയയിലേയും റ്റിംബക്റ്റൂവിലേയും വിദ്യാഭ്യാസം വഴി തനിക്കു പകർന്നു കിട്ടിയ ഹൈപ്പേഷിയൻ ആശയങ്ങൾ ഇട്ടിക്കോര രഹസ്യ ഹൈപ്പേഷിയൻ വിദ്യാലയങ്ങൾ വഴി ഇറ്റലിയിലും, വ്യാപാരത്തിൽ തന്റെ സഹായികളായി നിയോഗിച്ച നീലകണ്ഠൻ നമ്പൂതിരിയെപ്പോലുള്ളവർ വഴി കേരളത്തിലും പ്രചരിപ്പിച്ചു. മദ്ധ്യകാലാനന്തര കേരളത്തിലേയും യൂറോപ്പിലേയും ഗണിതശാസ്ത്രമുന്നേറ്റം ഹൈപ്പേഷിയൻ പാരമ്പര്യത്തോടു കടപ്പെട്ടിരിക്കുന്നെന്നും ആ പാരമ്പര്യം ഇട്ടിക്കോരവഴി പകർന്നുകിട്ടിയതാണെന്നുമാണ്‌ ഈ നോവലിലെ വാദം‌. വിവിധ ഗണിതശാസ്ത്രസിദ്ധാന്തങ്ങളേയും കേരളീയ, യൂറോപ്യൻ ഗണിതശാസ്ത്രങ്ങളുടെ ചരിത്രത്തേയും സംബന്ധിച്ച ദീർഘമായ ചർച്ചകൾ ഈ നോവലിന്റെ ഒരു പ്രത്യേകതയാണ്‌. സംഗമഗ്രാമമാധവൻ, പരമേശ്വരൻ, നീലകണ്ഠസോമയാജി, ജ്യേഷ്ഠദേവൻ, അച്യുതപ്പിഷാരടി, ആധുനികനും "മയൂരശിഖ" (ക്രെസ്റ്റ് ഓഫ് ദ് പീക്കോക്ക്) എന്ന ഗ്രന്ഥത്തിന്റെ കർത്താവുമായ ജോർജ്ജ് ഗീവർഗീസ് ജോസഫ് തുടങ്ങിയ കേരളീയ ഗണിതശാസ്ത്രജ്ഞന്മാരും, ന്യൂട്ടൻ, ലീബ്നീസ്, ഫിബോനാച്ചി, ഫെർമാറ്റ് തുടങ്ങിയ പാശ്ചാത്യ ഗണിതശാസ്ത്രജ്ഞന്മാരും ഈ ചർച്ചകളിൽ പരാമർശിക്കപ്പെടുന്നു. പാൾ എയർദോഷ്, അലക്സാണ്ടർ ഗ്രോഥൻഡീക്ക് തുടങ്ങിയ ആധുനിക പാശ്ചാത്യ ഗണിതശാസ്ത്രജ്ഞന്മാർ ഇതിലെ കഥാപാത്രങ്ങൾ തന്നെയാണ്‌.

പതിനെട്ടാം കൂറ്റുകാർ

തിരുത്തുക

ഫ്രാൻസിസ് ഇട്ടിക്കോരയുടെ 79 സന്താനങ്ങളുടെ പിൻ‌ഗാമികളായ "പതിനെട്ടാംകൂറ്റുകാർ" [ഖ] എന്ന ഒരു ആഗോളഗോത്രം കേരളത്തിലെ കുന്നംകുളത്തും പെറുവിലെ എസ്ട്രാപിലും ഇസ്താംബുളിലെ തർലബാസിയിലും പാരിസിലെ സെൻ‌ദെനിയിലുമെല്ലാമായി ഇന്നും വ്യാപിച്ചു കിടക്കുന്നതായി നോവലിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നു. വ്യവസ്ഥാപിത ക്രിസ്തുമത വിഭാഗങ്ങളിൽ പെട്ടവരായി പുറമേ കാണപ്പെടുന്ന ഇതിലെ അംഗങ്ങൾ യഥാർത്ഥത്തിൽ പിന്തുടരുന്നത് ഇട്ടിക്കോരയിൽ നിന്നു ലഭിച്ചതായി വിശ്വസിക്കപ്പെടുന്ന കച്ചവടത്തിന്റേയും ലാഭത്തിന്റേയും സുവിശേഷമാണ്‌. ഇട്ടിക്കോരയെ അവർ "കോരപ്പാപ്പൻ" എന്നു വിളിക്കുന്നു. "ആകുന്നവനും ആയിരിക്കുന്നവനും പരിശുദ്ധനുമായ കോരപ്പാപ്പാ.... അങ്ങ് ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ... എന്നെന്നും പൊന്നും പണവും സന്തോഷവും തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ..."[5] എന്നും മറ്റുമാണ്‌ അവരുടെ പ്രാർത്ഥന. വിചിത്രവും അമ്പരപ്പിക്കുന്നതുമായ വേറെ ഒരുപറ്റം ആചാരാനുഷ്ടാനങ്ങളും ഇവർ അതീവരഹസ്യമായി അനുഷ്ടിക്കുന്നു‌. ഗോത്രത്തിലെ ഓരോ പെൺകുട്ടിയേയും ഋതുമതിയാകുന്നതിനടുത്ത ക്രിസ്മസ് രാത്രിയിൽ കുന്നംകുളത്തെ പതിനെട്ടാംകൂറ്റുകാരുടെ ഒന്നാം വീട്ടിലെ നിലവറയിൽ ഇട്ടിക്കോരയുമായുള്ള സം‌യോഗത്തിന്‌ സമർപ്പിക്കുന്ന 'കോരയ്ക്കു കൊടുക്കൽ" എന്ന ചടങ്ങ് ഇവയിൽ പ്രധാനമാണ്‌‌. ഗോത്രാംഗങ്ങൾ വരുമാനത്തിന്റെ പത്തിലൊന്ന് വർഷം തോറും "കോരപ്പണം" ആയി ഒന്നാം വീട്ടിൽ എത്തിക്കണമെന്ന അലംഘ്യനിയമവും ഇവർ പാലിക്കുന്നു. ആഴ്ചയിലൊരിക്കൽ മനുഷ്യമാംസഭോജനവും ഇവർക്ക് നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു. കർക്കശമായ രഹസ്യസ്വഭാവമുള്ളൊരു ആഗോളകൂട്ടായ്മയാണ് ഈ നോവലിലെ പതിനെട്ടാം കൂറ്റുകാർ‌. വെളിയിലുള്ളവർക്ക് രഹസ്യങ്ങൾ വെളിപ്പെടുത്തിയെന്ന് സംശയിക്കപ്പെട്ട ഗോത്രാംഗങ്ങളേയും വെളിയിൽ നിന്ന് രഹസ്യങ്ങൾ ചോർത്താൻ ശ്രമിക്കുന്ന മറ്റുള്ളവരേയും ഇവർ അതിക്രൂരമായി കൈകാര്യം ചെയ്യുന്നു.

പതിനെട്ടാം കൂറ്റുകാർ പൊതുവേ സമ്പന്നരും അധികാരസ്ഥാനങ്ങളുമായി അടുപ്പമുള്ളവരുമാണ്‌. കുന്നംകുളത്തെ ഒരു പതിനെട്ടം കൂറ്റുകാരൻ, നോവലിൽ കേന്ദ്രമന്ത്രിസഭയിലെ അംഗം പോലുമാണ്‌‌.

കഥാന്ത്യം

തിരുത്തുക

കൊച്ചിയിലെ രതിവിപണനസ്ഥാപനമായ "ദ് സ്കൂൾ" സന്ദർശിക്കാനായി ഇട്ടിക്കോര ഗോത്രത്തിന്റെ ഇങ്ങേത്തലയിലുള്ള സേവ്യർ ഇട്ടിക്കോര കേരളത്തിലേയ്ക്കു പുറപ്പെടുന്നുവെന്നറിഞ്ഞ്, ആ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ രേഖയും, ബിന്ദുവും, രശ്മിയും അയാൾക്കു നൽകാനായി പതിനെട്ടാം കൂറ്റുകാരെക്കുറിച്ചുള്ള വിവരങ്ങൾ തിരക്കിട്ട് അന്വേഷിക്കുകയായിരുന്നു. ആ ദിവസങ്ങളിൽ പതിനെട്ടാംകൂറ്റുകാരുടെ ഒരു പെൺകുട്ടിയുടെ "കോരയ്ക്കു കൊടുക്കൽ" ചടങ്ങ് കുന്നംകുളത്തെ ഒന്നാം വീട്ടിൽ നടക്കുന്നുവെന്നറിഞ്ഞ ബിന്ദുവും എഴുത്തുകാരനായൊരു പുരുഷസുഹൃത്തും കൂടി ഓസ്ട്രേലിയയിൽ നിന്നെത്തിയ പതിനെട്ടാംകൂർ ദമ്പതിമാരാണെന്ന് ഭാവിച്ച് ഒന്നാം വീട്ടിലെത്തി. അവിടെ അവർ തിരിച്ചറിയപ്പെട്ടതിനെ തുടർന്ന് ബിന്ദുവിനെ പതിനെട്ടാംകൂറുകാർ വധിക്കുന്നു. ഏതാനും മണിക്കൂറുകൾക്കകം, സുഹൃത്തും ഗവേഷകയുമായ ഹസിമോട്ടോ മൊറിഗാമിയോടൊപ്പം കൊച്ചിയിലെ നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയ സേവ്യർ ഇട്ടിക്കോരയും വെടിവച്ചുകൊല്ലപ്പെടുന്നു. പതിനെട്ടാം കൂറ്റുകാർ തന്നെയാണ്‌ അമേരിക്കൻ പൗരനായ സേവ്യർ ഇട്ടിക്കോരയുടെ കൊലപാതകത്തിന്‌ പിന്നിലെന്ന് വ്യക്തമായിരുന്നെങ്കിലും മാധ്യമങ്ങൾ ആ സംഭവത്തെക്കുറിച്ച്, "ദ് സ്കൂളിനെ" കേന്ദ്രീകരിച്ച് നിറപ്പകിട്ടുള്ള സചിത്രലേഖനങ്ങൾ എഴുതി വിട്ടു. അന്വേഷണത്തിന്റെ ചുമതല കിട്ടിയ അധികാരികളാകട്ടെ, മുസ്ലിം തീവ്രവാദികളാണ്‌ കൊലപാതകത്തിനു പിന്നിലെന്ന് കണ്ടെത്തിയതായി അവകാശപ്പെട്ട്, അത്തരക്കാരെന്ന് ആരോപിക്കപ്പെട്ട ചിലരെ പിടികൂടി. ഇതിനെതിരെ ഒരു പ്രഭാഷണത്തിൽ ശബ്ദമുയർത്തിയ ഗവേഷക മൊറിഗാമി കൂടി അറസ്റ്റു ചെയ്യപ്പെടുന്നതോടെ നോവൽ അവസാനിക്കുന്നു.

വിലയിരുത്തൽ

തിരുത്തുക

'ആപത്‌സൂചന'

തിരുത്തുക

"കത്തോലിക്കാസഭയുടെ മതാത്മക ജ്ഞാനാധികാരാധിപത്യത്തെ തകർക്കുകയും ശാസ്ത്രീയമായ അറിവധികാരത്തിന്റെ കേരളീയ ബ്രാഹ്മണിക്കൽ അധീശത്വത്തെ കൃത്യമായി പൊളിക്കുകയും ചെയ്യുന്ന പ്രാദേശിക-അഗോള ക്രിസ്തീയ മിത്ത്" [6] "ചരിത്രവും ഗണിതശാസ്ത്രവും സംഗീതസാന്ദ്രമാകുന്ന രതിസാമ്രാജ്യം" [7] എന്നൊക്കെ ഈ നോവൽ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒ.വി. വിജയന്റെ ധർമ്മപുരാണത്തിനുശേഷം ഇത്രയും ഭീകരമായ നരമാംസാസ്വാദനം ഒരു കൃതിയിലും സംഭവിച്ചിട്ടില്ലെന്ന് ഈ കൃതിയുടെ അവതാരികയിൽ പ്രസിദ്ധനിരൂപകൻ ആഷാ മേനോൻ ചൂണ്ടിക്കാട്ടുന്നു. അനന്തത വരെ ചെല്ലുന്ന ഗണിതസൂത്രങ്ങളിൽ അഭിരമിക്കുന്ന മനുഷ്യചേതന അതേസമയം തന്നെ നിർദ്ദയമായ രാസകേളികളിൽ ഏർപ്പെടുന്നതിലെ വൈരുദ്ധ്യത്തിന്റെ കഥയെന്നതിനൊപ്പം അതിലടങ്ങിയിരിക്കുന്ന ആപത്കരമായ വിപരിണാമത്തിന്റെ ദുഃസ്സൂചന കൂടിയാണ്‌ ഈ കൃതിയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

സ്ത്രീപക്ഷവായന

തിരുത്തുക

പെൺ‌വിധേയത്വത്തിന്റെ അധികാരഘടനയേയും പ്രത്യയശാസ്ത്രപരിസരത്തേയും നിർണ്ണായകഘടകങ്ങളാക്കുകവഴി ലിംഗരാഷ്ട്രീയത്തിൽ ഒന്നും മറിയിട്ടെല്ലെന്നു തെളിയിക്കുന്ന കൃതി എന്ന സ്ത്രീപക്ഷവിമർശനം ഫ്രാൻസിസ് ഇട്ടിക്കോരയ്ക്കെതിരെ പ്രിയ ദിലീപ് ഉന്നയിച്ചിട്ടുണ്ട്. ഈ നിരൂപണമനുസരിച്ച്, അംഗപ്രത്യംഗവടിവുകളില്ലാത്ത സ്ത്രീകളുടെ അസാന്നിദ്ധ്യം 'ഇട്ടിക്കോര'-യുടെ വായനയിലുടനീളം തീവ്രമായ അസ്വാസ്ഥ്യം സൃഷ്ടിക്കുന്നു. അതിന്റെ ലോകത്ത് വിലോഭനീയരല്ലാത്തെ പെണ്ണുങ്ങൾ വരുന്നതേയില്ല. സൂക്ഷ്മവും കൃത്രിമവുമായി നിർമ്മിച്ചെടുക്കുന്ന രതിഭാവബിംബങ്ങളാണ്‌ ഇട്ടിക്കോരയുടെ പെണ്ണുങ്ങൾ. പുരുഷമേധാവിത്വത്തിന്റേയും, സ്ത്രീവിധേയത്വത്തിന്റേയും ഫോർമുല തെറ്റിക്കുന്ന ഏക സന്ദർഭം പോലും നോവലിൽ മിന്നലാട്ടം നടത്തുന്നില്ല. ഈ നോവലിന്റെ വ്യാകരണം ഉയർത്തിക്കാട്ടുന്നത് മുഖ്യധാരാലൈംഗികഛായകളുമായി ഒത്തുപോകുന്ന വിധേയ പെൺ‌രീതിയും സാങ്കല്പികകാമവാസനകളുമാണ്‌. പുരുഷലിംഗത്തെ താലോലിച്ച് ഉദ്ധരിപ്പിക്കൽ മാത്രമാണ്‌ പെണ്മ എന്ന അർത്ഥമേ നോവലിന്റെ ഓരോ ചുവടിലും വായിക്കാനാവൂ. ഹൈപ്പേഷ്യയുടെ ചരിത്രവ്യക്തിത്വത്തെ വികൃതവൽക്കരിച്ചതിനും നോവലിസ്റ്റിനെ ഈ നിരൂപണം കുറ്റപ്പെടുത്തുന്നു.[8]

വിക്കി വിവർത്തനങ്ങൾ

തിരുത്തുക

നോവലിൻസ്റ്റിന്റെ വിരുതിനെ മറയ്ക്കുന്ന രീതിയിൽ മുഴച്ചുനിൽക്കുന്ന വിക്കിപീഡിയ വിവർത്തനങ്ങൾ ദുർബ്ബലമാക്കിയ കൃതിയെന്ന് ഇതിനെ കെ.എം. പ്രമോദ് വിശേഷിപ്പിക്കുന്നു. നോവലിന്റെ അടുത്ത പതിപ്പിൽ, വിക്കിപീഡിയയിൽ നിന്നുള്ള വിവർത്തനങ്ങളോ, നോവലിസ്റ്റ് സ്വയം എഴുതിയ ഭാഗങ്ങളോ ഇറ്റാലിക്സിൽ അച്ചടിച്ച് വേർതിരിച്ചു കാണിക്കുന്നത് വായനക്കാർക്ക് ഉപകാരമായേക്കുമെന്നു പരിഹസിക്കുക പോലും ചെയ്യുന്നു ഈ വിമർശകൻ.[3]

കൃതികൾ നന്നേ കുറവായിരുന്ന 2009-ൽ ഡി.സി. ബുക്ക്സ് പുറത്തിറക്കിയ പുസ്തകങ്ങളിൽ ഏറ്റവുമധികം വിൽപന നേടിയത് ഫ്രാൻസിസ് ഇട്ടിക്കോര ആയിരുന്നു. പ്രസിദ്ധീകരണത്തെ തുടർന്നുള്ള ആദ്യത്തെ നാലുമാസങ്ങളിൽ മൂന്നു പതിപ്പുകൾ പുറത്തിറക്കി അതിന് റെക്കോഡ് സ്ഥാപിക്കാൻ കഴിഞ്ഞു.[1] കാസർകോട്ടെ തുളുനാടുമാസികയുടെ അഞ്ചാമത് സാഹിത്യ അവാർഡുകളിൽ, ഏറ്റവും നല്ല നോവലിനുള്ള ഹമീദ് കോട്ടിക്കുളം സ്മാരക നോവൽ അവാർഡ് നേടിയത് ഈ കൃതിയാണ്‌.[അവലംബം ആവശ്യമാണ്] മലയാള മനോരമ പത്രാധിപ സമിതി അംഗങ്ങളും ഇൻഡ്യയൊട്ടാകെയുള്ള സ്റ്റാഫ് ലേഖകരും ചേർന്ന് 2009-ലെ മികച്ച കൃതികളായി തെരഞ്ഞെടുത്ത രണ്ടു ഗ്രന്ഥങ്ങളിൽ ഒന്നാമത്തേതായി ഈ നോവൽ.[അവലംബം ആവശ്യമാണ്]

കുറിപ്പുകൾ

തിരുത്തുക

ക. ^ മനുഷ്യസ്ത്രീയുടെ അരക്കെട്ടിനെ അനുസ്മരിപ്പിക്കുന്ന ഈ വിത്തിന്റെ ആകൃതിയാണത്രേ യൂറോപ്പിലെ ഉപരിവർഗ്ഗത്തിന്‌ ഇത് ആകർഷകമായി തോന്നാൻ കാരണം.[9]

ഖ. ^ "പതിനെട്ടാം കൂറ്റുകാർ" എന്ന ഗോത്രനാമത്തിന്‌ എബ്രായ ഭാഷയിലെ ജീവിതം എന്ന് അർത്ഥമുള്ള "ഷായ്" എന്ന വാക്കുമായാണത്രെ ബന്ധം. ആ വാക്കിന്റെ സംഖ്യാമൂലമാണ്‌ പതിനെട്ട്. ഇട്ടിക്കോരയുടെ കച്ചവടക്കപ്പൽ സംഘത്തിൽ ഇട്ടിക്കോരയുടെ സ്വന്തം കപ്പലിന്റെ പേരായിരുന്നു ഷായ്.[10]

  1. 1.0 1.1 ബിജു പഴയമ്പള്ളി. "വായനകുറയുന്നു: പുസ്തകക്കച്ചവടം കൂടുന്നു". ദീപിക ദിനപത്രം. Archived from the original on 2011-09-28. Retrieved 2010 ഫെബ്രുവരി 20. {{cite news}}: Check date values in: |accessdate= (help)
  2. വെബ് ദുനിയാ, വായനയ്ക്ക് 2009 സമ്മാനിച്ച പുസ്തകങ്ങൾ
  3. 3.0 3.1 വിക്കി വിക്കി ഒരു ഇട്ടിക്കോര എന്ന ശീർഷകത്തിൽ 2010 മേയ് 7-ലെ സമകാലിക മലയാളം വാരികയിൽ പ്രമോദ് കെ.എം. എഴുതിയ ലേഖനം [1][പ്രവർത്തിക്കാത്ത കണ്ണി]. ഈ വിമർശനത്തിനുള്ള നോവലിസ്റ്റിന്റെ പ്രതികരണം ഇവിടേയും അതിന്‌ വിമർശകൻ പറഞ്ഞ മറുപടി ഇവിടേയും വായിക്കാം
  4. കൈരളി ടെലിവിഷനിലെ സാഹിത്യ ജാലകത്തിൽ മിനി നായരുമായുള്ള അഭിമുഖം: ഭാഗങ്ങൾ ഒന്ന്, രണ്ട്, മൂന്ന്
  5. ഫ്രാൻസിസ് ഇട്ടിക്കോര(നോവൽ), ടി.ഡി. രാമകൃഷ്ണൻ(അദ്ധ്യായം 27, പുറം 271)
  6. "ചരിത്ര ഫാന്റസിയുടെ ഗണിത വായന", 2009 ഒക്ടോബർ 25-31-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ(പുറങ്ങൾ 78-79) പി.കെ. ശ്രീകുമാർ എഴുതിയ പുസ്തക നിരൂപണം[2]
  7. 2009 നവംബർ മാസത്തിലെ പച്ചക്കുതിര മാസികയിൽ(പുറങ്ങൾ 61-62), കെ.എൻ ഷാജി എഴുതിയ ലേഖനം - "കോരപ്പാപ്പന്‌ ഒരു സ്തുതിഗീതം" [3]
  8. കറുത്ത പൊന്ന്, പെണ്ണ്, രതി, എവിടെ വിമുക്തസ്ത്രീ[പ്രവർത്തിക്കാത്ത കണ്ണി]....?, 2010 സെപ്തംബർ 17-ലെ സമകാലിക മലയാളം വാരികയിൽ പ്രിയ ദിലീപിന്റെ ലേഖനം
  9. ഫ്രാൻസിസ് ഇട്ടിക്കോര(നോവൽ), അദ്ധ്യായം 25 (പുറം 250)
  10. ഫ്രാൻസിസ് ഇട്ടിക്കോര(നോവൽ), ടി.ഡി. രാമകൃഷ്ണൻ(അദ്ധ്യായം 12, പുറം 127)
"https://ml.wikipedia.org/w/index.php?title=ഫ്രാൻസിസ്_ഇട്ടിക്കോര&oldid=3638620" എന്ന താളിൽനിന്ന് ശേഖരിച്ചത്