ധർമ്മപുരാണം
ഒ.വി. വിജയൻ രചിച്ച മലയാളത്തിലെ രാഷ്ട്രീയ ആക്ഷേപഹാസ്യ നോവൽ ആണ് ധർമ്മപുരാണം. ധർമ്മപുരിയിലെ ഭരണാധികാരിയായ പ്രജാപതിയെയും അയാളുടെ അശ്ലീലം നിറഞ്ഞ അധികാരപ്രയോഗത്തിന് കൂട്ടുനിൽക്കുന്ന ആശ്രിതരേയും നിസ്സഹായരായ പ്രജകളെയും ചിത്രീകരിക്കുന്ന ഈ നോവലിലെ നായകൻ സിദ്ധാർത്ഥൻ എന്ന ബാലനാണ്. ഞെട്ടിപ്പിക്കുന്ന വിസർജ്ജ്യ, സംഭോഗ ബിംബങ്ങൾ ചേർന്ന ആഖ്യാന ശൈലിയാണ് ഈ രചനയിൽ വിജയൻ സ്വീകരിച്ചിരിക്കുന്നത്. 1977 മുതൽ മലയാളനാടുവാരികയിൽ ഖണ്ഡശ്ശ: വെളിച്ചം കണ്ട ഈ കൃതി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത് വർഷങ്ങൾക്കുശേഷം, ഒട്ടേറെ മാറ്റങ്ങളോടെ 1985-ൽ ആണ്.[1]
രചനാചരിത്രം
തിരുത്തുക1970-കളുടെ തുടക്കത്തിൽ ഈ കഥയുടെ കേന്ദ്രബിംബങ്ങൾ തന്റെ മനസ്സിൽ മുളയെടുത്തെന്നും 1974 ആയപ്പോൾ നോവൽ ഏറെക്കുറെ എഴുതിക്കഴിഞ്ഞിരുന്നെന്നും നോവലിനെഴുതിയ ആമുഖത്തിൽ ഒ.വി. വിജയൻ പറയുന്നു. അവശേഷിച്ച മിനുക്കു പണികൾ പൂർത്തിയായപ്പോൾ മലയാളനാടുവാരികയിൽ നോവൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കാൻ നിശ്ചയിക്കുകയും 1975 ജൂലൈ 25 മുതൽ പ്രകാശനം ആരംഭിക്കുമെന്ന് പരസ്യപ്പെടുത്തുകയും ചെയ്തു. എന്നാൽ പ്രകാശനത്തിന്റെ തുടക്കത്തിനായി നിശ്ചയിച്ച ദിവസത്തിനു കൃത്യം ഒരു മാസം മുൻപ് (1975 ജൂൺ 25) ഇൻഡ്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ നടപ്പാക്കിയതോടെ "ധർമ്മപുരാണം, കലവറയിലേയ്ക്കു സ്ഥലം മാറി". അടിയന്തരാവസ്ഥയുടെ അന്ത്യമായപ്പോൾ, അതിന്റെ അസുഖകരമായ നിരവധി അനുഭവങ്ങൾ തന്റെ കാഴ്ചപ്പാടിനെ വികലമാക്കിയിരുന്നെന്നും, കഥയുടെ പുറംതോടിനെ അവിടെയും ഇവിടെയും ചികഞ്ഞു തുറന്ന് ആ വൈകല്യങ്ങളെയൊക്കെ താൻ അതിനകത്തു കുത്തി നിറച്ചു എന്നും നോവലിസ്റ്റ് ഏറ്റു പറയുന്നു. മലയാളനാടിൽ നോവൽ പ്രസിദ്ധീകരിച്ചു വന്നത് ആ രൂപത്തിലാണ്.[ക]
ഖണ്ഡശ്ശ: ഉള്ള പ്രസിദ്ധീകണം ഉളവാക്കിയ പ്രതികരണങ്ങൾ കണക്കിലെടുത്ത്, നോവൽ പുസ്തകരൂപത്തിൽ ഇറക്കാൻ രചയിതാവ് അമാന്തിച്ചു. ഒടുവിൽ അത് പുസ്തകമായിറക്കിയത്, കഥാഘടനയുടേയും കഥനശൈലിയുടെയും പുതുക്കലിൽ കലാശിച്ച ഒരു "ശസ്ത്രക്രിയക്കു" ശേഷം 1985-ൽ ആണ്. ഇങ്ങനെ വരുത്തിയ മാറ്റങ്ങളിൽ പ്രധാനമായത്, നോവലിലെ നായകനായ സിദ്ധാർത്ഥന്റെ പാത്രപരിണാമമായിരുന്നു. സിദ്ധാർത്ഥനെ ഗുരുവായും അയാളുടെ വിപ്ലവസ്പർശത്തെ ഗുരുപ്രസാദമായും പരിവർത്തനം ചെയ്യുന്നതിനു തന്നെ പ്രേരിപ്പിച്ചത്, തിരുവനന്തപുരത്തെ ശ്രീശാന്തിഗിരി ആശ്രമത്തിലെ കരുണാകരഗുരുവുമായി ഇടക്കാലത്തുണ്ടായ സമ്പർക്കമാണെന്ന് നോവലിസ്റ്റ് പറയുന്നു. നോവലിലെ മുഖ്യകഥാപാത്രവും പ്രതിനായകനുമായിരുന്ന "രാഷ്ട്രപതി"-യുടെ പേര് "പ്രജാപതി" എന്നായതും ഈ തിരുത്തിയെഴുത്തിലാണ്.[ഖ]
ഉള്ളടക്കം
തിരുത്തുകപ്രജാപതി
തിരുത്തുകഗുരുപ്രതീകമായ സിദ്ധാർത്ഥൻ കപിലവസ്തു വിട്ട് അതിർത്തി കടന്ന രാത്രിയിൽ, "സ്ഥലരാശിയുടെ ഇരുൾപ്പരപ്പുകളിലെവിടെയോ അസാധാരണമായ നക്ഷത്രങ്ങളുദിച്ച്" ധർമ്മപുരിയുടെ ആകാശങ്ങളിലേയ്ക്ക് പ്രയാണം തുടങ്ങുന്നത് വിവരിച്ചാണ് നോവൽ തുടങ്ങുന്നത്. ആ ദേവസ്പർശത്തിന്റെ അറിവ് നൽകിയ ആനന്ദത്തിൽ സസ്യവും മൃഗവും കാത്തിരുന്നെങ്കിലും ധർമ്മപുരിയുടെ ഭരണാധികാരിയായ പ്രജാപതിയെ നക്ഷത്രങ്ങളുടെ ഈ സൂചന അസ്വസ്ഥനാക്കി. ഭയം അയാളുടെ കുടലുകളെ ഞെരിച്ചതോടെ "പ്രജാപതിയ്ക്ക് തൂറാൻ മുട്ടി". തുടന്ന് ധർമ്മപുരിയിലെ രാഷ്ട്രവ്യവഹാരത്തിന്റെ ആഭാസചിത്രങ്ങൾ ഒന്നൊന്നായി നോവലിസ്റ്റ് അവതരിപ്പിക്കുന്നു. പ്രജാപതിയുടെ അസമയത്തെ വിസർജ്ജനവും അതിന്റെ ചട്ടവട്ടങ്ങളും വലിയ വാർത്തയായി. അയാളുടെ വിസർജ്ജ്യം പാദസേവകർക്കും, ഭരണകക്ഷിയായ ആധ്യാത്മകക്ഷിക്കാർക്കും, നാട്ടുകാരായ പത്രലേഖകർക്കും, പ്രതിപക്ഷത്തിനും പോലും വിശിഷ്ടഭോജ്യമായിരുന്നു. വിദേശലേഖകരും, വൻശക്തികളായ താർത്താരിക്കുടിയരശിലേയും വെള്ള സംയുക്തനാടുകളിലേയും നയതന്ത്രപ്രതിനിധികളും നേതാക്കന്മാരും[ഗ] പോലും അതിന്റെ വൈശിഷ്ട്യം അംഗീകരിക്കുന്നതായി അഭിനയിച്ചു.
പ്രതിസന്ധി
തിരുത്തുകഇതിനിടെ ധർമ്മപുരിയിലെത്തിയ സിദ്ധാർത്ഥൻ, ജയ്‌വിളിക്കുന്ന അൾകൂട്ടത്തിനു മുൻപിൽ പ്രജാപതിയുടെ രത്നം പതിച്ച വിസർജ്ജ്യഘണ്ഡം ആഘോഷപൂർവം എഴുന്നെള്ളിച്ചുകൊണ്ടുപോയിരുന്ന സർവസൈന്യാധിപൻ പരാശരന്റെ ദേഹത്ത് പതിച്ചിരുന്ന കീർത്തിമുദ്രകളുടെ തമാശ കണ്ട് അറിയാതെ ചിരിച്ചുപോയി. ആ ചിരി ജനക്കൂട്ടത്തിനിടയിൽ പരന്നപ്പോൾ നിലതെറ്റി സന്ദേഹിയായ പരാശരൻ, ഘോഷയാത്ര ഉപേക്ഷിച്ച് ഓടിപ്പോയി. തുടർന്നുണ്ടായ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച്, ദേശീയപതാകകൊണ്ട് കോണകമുടുത്ത് മറ്റുടുതുണിയില്ലാതെ ഒരു കട്ടിലിൽ കിടന്ന പ്രജാപതി മന്ത്രിമാരുമായി ചർച്ച നടത്തി. തന്റെ കക്ഷി പരാജയപ്പെട്ടാൽ, സംയുക്തനാടൻ പാണ്ടികശാലകളിൽ നിന്ന് തനിക്ക് കിട്ടുന്ന സമ്മാനങ്ങളുടേയും ആനുകൂല്യങ്ങളുടേയും വരവു നിലയ്ക്കുമെന്ന അറിവ് പ്രജാപതിയെ ഭയപ്പെടുത്തി. ആ ഭയത്തിൽ ഞെളിപിരികൊണ്ട അയാളിൽ നിന്ന് ഒരു പെരുച്ചാഴിയോളം വലിപ്പത്തിൽ പുറത്തു വന്നത്, രാജ്യത്തിന്റെ അടിസ്ഥാന നിയമമായ "ശാകുന്തളം" അപകടത്തിലായിരിക്കുകയാൽ നാട്ടിലാകെ പ്രതിസന്ധി പ്രഖ്യാപിക്കുന്നു എന്ന അറിയിപ്പായിരുന്നു.
ലാവണ്യ
തിരുത്തുകസൈന്യാധിപൻ പരാശരന്റെ ഒളിച്ചോട്ടത്തിനു ശേഷവും ആഘോഷങ്ങൾ തുടർന്നു. അവയുടെ സമാപനത്തിൽ പ്രജാപതിയും മന്ത്രിമാരും വിശ്രമിച്ചു. ആ സമയത്ത് കിഴവനായ പ്രതിരോധമന്ത്രി രുമണ്വാൻ[ഘ] , ലാവണ്യ എന്ന നിസ്സഹായയായ അടുക്കളക്കാരിയെ തന്റെ വിഫലഭോഗത്തിന്റെ ലക്ഷ്യമാക്കി. അതിന്റെ പൂർത്തിയിൽ വൈകി വീട്ടിൽ എത്തിയ അവൾ, അയൽരാജ്യമായ സമർഖണ്ഡിൽ നിന്നും ധർമ്മപുരിയെ രക്ഷിക്കാൻ അതിർത്തിയിൽ കാവൽ നിൽക്കുകയായിരുന്ന ഭർത്താവ് വാതസേനൻ മടങ്ങി വന്നിരിക്കുന്നതായും അവരുടെ മകൻ സുനന്ദന് പനി പിടിച്ചിരിക്കുന്നതായും കണ്ടു. അതിർത്തി കാവലിൽ നിന്ന് ഒളിച്ചോടി വന്ന വാതസേനനെ രഹസ്യപ്പോലീസുകാർ പിടിച്ചുകൊണ്ടു പോയി. അയാളെ രക്ഷിക്കാനും മകന് മരുന്നു വാങ്ങുവാനുമായി ഇറങ്ങിത്തിരിച്ച ലാവണ്യയ്ക്ക് കൂടുതൽ അപമാനം നേരിടേണ്ടി വന്നു. രാഷ്ട്രത്തെക്കുറിച്ചും രാഷ്ട്രനീതിയെക്കുറിമുള്ള ഈ "സംഭാഷണങ്ങൾക്കൊടുവിൽ" ദേശസ്നേഹം അവളുടെ ചുണ്ടുകളിൽ നീറുകയും മുലകളിലും നാഭിക്കടിയിലും വേദനിക്കുകയും ചെയ്തു.(പുറം 68)
രാഷ്ട്രനീതി
തിരുത്തുകഭരണാധികാരികളുടെ ക്രൂരതയുടേയും നുണകളുടേയും കാപട്യത്തിന്റേയും, യുദ്ധത്തിന്റെ വ്യർത്ഥതയുടേയും ഒട്ടേറെ ചിത്രങ്ങൾ ധർമ്മപുരാണത്തിലുണ്ട്. ആശുപത്രികൾ ചിലപ്പോൾ, മനുഷ്യശരീരങ്ങളെ ശവങ്ങളാക്കി വിദേശസർവകലാശാലകൾക്ക് ഗവേഷണത്തിനായി വിൽക്കുന്ന തൊഴിൽ ശാലകളായി പ്രവർത്തിച്ചു. പാകം ചെയ്ത മനുഷ്യമാംസത്തിന്റെ കയറ്റുമതി വഴി വിദേശനാണ്യം നേടുന്നതുപോലും രാഷ്ട്രഹിതത്തിന്റേയും സാമ്രാജ്യത്വവിരുദ്ധതയുടേയും പേരിൽ നീതീകരിക്കപ്പെട്ടു. സൈനികബലത്തിൽ അളവറ്റ് ആശ്രയിക്കുകയും നിരന്തരം യുദ്ധങ്ങളിൽ ഏർപ്പെടുകയും ചെയ്തെങ്കിലും തങ്ങളുടെ നയം സമ്പൂർണ്ണസമാധാനമാണെന്നും തങ്ങൾക്ക് ഒരു സൈന്യം പോലും ഇല്ലെന്നും ആയിരുന്നു ധർമ്മരാജ്യം അവകാശപ്പെട്ടിരുന്നത്. സൈനികരെ അവർ ഉപദേഷ്ടാക്കളെന്ന് വിളിച്ചു. യുദ്ധത്തിന് "ദുഃഖം" എന്നായിരുന്നു പേര്. ആര്യദത്തനും ഘൃണിയും കുടുംബത്തെ പിരിഞ്ഞ് അതിർത്തികളിൽ വ്യർത്ഥമായ കാവലിന് നിർബ്ബന്ധിക്കപ്പെട്ടപ്പോൾ അവരുടെ ഇണകളായ, മന്ദാകിനിയും ശ്രീലതയും വിരഹികളായി കഴിഞ്ഞു. അവരുടെ സങ്കടത്തെക്കുറിച്ചുള്ള അറിവ് പ്രജാപതിയിൽ ഉളവാക്കിയത് ലൈംഗികമായ ഉത്തേജനം മാത്രമായിരുന്നു[ങ] (പുറം 72). പ്രതിസന്ധിഘട്ടങ്ങളിൽ ജനങ്ങളുടെ ശ്രദ്ധതിരിക്കാനായി ഭരണകൂടം, അയൽരാജ്യമായ സമർഖണ്ഡുമായി ഉഭയസമ്മതത്തോടെ യുദ്ധം ചെയ്യുക പോലും ചെയ്തു. രാഷ്ട്രത്തിന്റെ വിഭവങ്ങളെല്ലാം സൈനികശക്തിയ്ക്കായി ഉപയോഗിച്ചതിനാൽ ജനങ്ങളെ ദാരിദ്ര്യവും ജീവകക്കുറവും വലച്ചു. അമ്മയുടെ ഗർഭത്തിലായിരിക്കെ ജീവകക്കുറവിൽ അന്ധയായിത്തീർന്ന കാഞ്ചനമാല എന്ന ബാലിക നോവലിൽ പലവട്ടം പ്രത്യക്ഷപ്പെടുന്നുണ്ട്. ധർമ്മപുരിയുടെ പഴയ ആദർശപുരുഷൻ ഗോസായി അമ്മാവൻ മരിച്ചുപോയെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. അദ്ദേഹം തിരിച്ചുവരുമെന്ന് ചിലരെങ്കിലും വിശ്വസിച്ചിരുന്നെങ്കിലും, അങ്ങനെ വിശ്വസിക്കുന്നത് രാജ്യദ്രോഹമായിരുന്നു. യഥാർത്ഥത്തിൽ ഗോസായി അമ്മാവൻ ജെയിലിലായിരുന്നു.
രാഷ്ട്രവ്യവഹാരത്തിന്റെ നയവും ലക്ഷ്യവും ഭരണവർഗ്ഗത്തിന്റെ ഭോഗപരതയ്ക്ക് സൗകര്യം സൃഷ്ടിക്കുകയായിരുന്നു. പ്രജാപതിയുമായുള്ള ഒരു സംഭാഷണത്തിനിടെ, അയാളുടെ ചാരത്തലവൻ ശകുനി നടത്തുന്ന നിരീക്ഷണം(പുറം 173) ഇതാണ്:-
“ | അവിടുത്തെ ലിംഗം ദൃഢമാവുമെങ്കിൽ അടിയൻ അതിൽ അഹ്ലാദിക്കും. ഈ യുദ്ധവും കൂട്ടക്കൊലയുമൊക്കെ അവിടുത്തേയ്ക്ക് അനായാസം സംഭോഗം ചെയ്യുന്നതിനുള്ള പരിസരം സൃഷ്ടിക്കുന്നതിനു മാത്രമല്ലേ? രാഷ്ട്രമീമാംസകർക്കു മാത്രമേ ഈ സത്യം അറിയൂ എങ്കിലും." | ” |
മോചനം, പരിണാമം
തിരുത്തുകഇടയ്ക്ക് അടുക്കളക്കാരനായ ഹയവദനൻ എന്ന ആൺവേശ്യയിലും അവന്റെ ഭാര്യ പ്രിയംവദയിലും സംതൃപ്തി കണ്ടെത്തിയ പ്രജാപതി, രുമണ്വാന്റെ സ്ഥാനത്ത് ഹയവദനനെ പ്രതിരോധമന്ത്രി സ്ഥാനത്തേയ്ക്കുയർത്തിയിരുന്നു. അതറിഞ്ഞു വാവിട്ടു കരഞ്ഞ രുമണ്വാനിൽ കരുണതോന്നിയ പ്രജാപതി, പഴയ സുഖങ്ങൾക്ക് കുറവു വരാതെ വകുപ്പില്ലാമന്ത്രിയായി തുടരാൻ അയാളെ അനുവദിച്ചു.
അടിമകളുടെ രാത്രിയിൽ ജെയിൽ ചാടിയിറങ്ങിയ ലാവണ്യയുടെ ഭർത്താവ് വാതസേനൻ ആ രാത്രിയുടെ അവസാനം കൊല്ലപ്പെട്ടു. ആ രാത്രിയുടെ സ്വാതന്ത്ര്യത്തിലും ജെയിലിൽ തന്നെ കഴിഞ്ഞ ഗോസായി അമ്മാവനേയും ഭരണകൂടം കൊന്നു. അടിമകളുടെ രാത്രിയ്ക്കൊടുവിൽ ഒളിച്ചോട്ടത്തിൽ നിന്ന് തിരിച്ചു വന്ന സൈന്യാധിപൻ പരാശരൻ, സിദ്ധാർത്ഥനെ കണ്ടുമുട്ടുന്നു. ആ കൂടിക്കാഴ്ചയ്ക്കു ശേഷം സൈന്യങ്ങളോടൊത്ത് പ്രതിരോധമന്ത്രി ഹയവദനന്റെ വീട്ടിലെത്തിയ പരാശരൻ ഹയവദനനെ പിടികൂടി. ഒരു യുദ്ധമുന്നേറ്റത്തിന്റെ ഒരുക്കത്തിലായിരുന്നു സൈന്യം അപ്പോൾ. യുദ്ധം നിർത്തി വയ്ക്കാൻ ഉത്തരവിട്ട പരാശരൻ പ്രവിശ്യകളേയും പ്രദേശങ്ങളേയും പ്രജാപതി ഭരണത്തിൽ നിന്ന് മോചിപ്പിച്ചു. എന്നാൽ മോചനം താൽക്കാലികമായിരുന്നു. ഏറെ താമസിയാതെ സൈനികർ പടനായകനെതിരെ പടയ്ക്കു വന്നു. സ്വാതന്ത്ര്യം ജനങ്ങൾക്ക് താങ്ങാൻ കഴിഞ്ഞില്ല.
“ | സ്വാതന്ത്ര്യം ജനങ്ങളെ ഭയവിഹ്വലരാക്കി. അവർ ഭരണത്തിന്റേയും അടിമത്ത്വത്തിന്റേയും സാന്ത്വനത്തിലേയ്ക്ക്, തീട്ടത്തിന്റെ ഇതിഹാസവിഭ്രാന്തിയിലേയ്ക്ക്, പിന്മടങ്ങാൻ വെമ്പൽ കൊണ്ടു. ആകാശം മുകളിൽ തെളിഞ്ഞുകണ്ട തൊഴിലാളിയും സത്യത്തിന്റെ സ്പർശമേറ്റ പുരവാസിയും പരിഭ്രാന്തരായി പരിചിതങ്ങളായ അധമതകളിലേയ്ക്ക് തിരിച്ചു നടന്നു. പ്രജാപതിയുടെ പടക്കളത്തിലേയ്ക്ക് തിരിച്ചുനടക്കുന്ന പടയാളിയുടെ കൂടെ, പ്രാചീനതമസ്സുകൾ ചുവടൊത്തു നടന്നു."(പുറം 182) | ” |
ഒടുവിൽ ലാവണ്യയെ ബലാൽസംഗം ചെയ്തു കൊന്നു. മന്ദാകിനിയേയും ശ്രീലതയേയും പടക്കളത്തിലെ തേവിടിശ്ശിപ്പാളയത്തിലേയ്ക്കു മാറ്റി. ഘൃണിയെ പടനായകന്മാരുടെ ആൺവേശ്യയാക്കി(പുറം 192). "നരമാംസവാണിഭത്തിന്റെ അറിവുകളിലൂടെ അറവുമൃഗങ്ങളെപ്പോലെ നടന്ന ജനം"(പുറം 187), മനുഷ്യജഡങ്ങളെ പാകം ചെയ്തു ഭക്ഷണപദാർത്ഥമാക്കി വിദേശനാണ്യം സമ്പാദിക്കുന്ന തൊഴിൽ ശാലയ്ക്കെതിരെ പ്രതിക്ഷേധിച്ച മനുഷ്യനെ രാജ്യദ്രോഹിയെന്നു വിളിച്ചു(പുറം 185).
സിദ്ധാർത്ഥന്റെ ദർശനം
തിരുത്തുക31 അദ്ധ്യായങ്ങളുള്ള നോവലിന്റെ 30-ആം അദ്ധ്യായം രാഷ്ട്രവ്യവഹാരത്തിന്റെ യുക്തിരാഹിത്യം സൂചിപ്പിക്കുന്ന ഒരു ദർശനമാണ്. അതിൽ സിദ്ധാർത്ഥൻ ഒരു ബഹുനിലമാളിക കണ്ടു. മാളികയുടെ ഒന്നാം നിലയിൽ ഇരുന്ന സേനാപതികളോട് അദ്ദേഹം ചോദിച്ചു: "പറയൂ സേനാപതികളെ, യുദ്ധം ആർക്കുവേണ്ടിയാണ്?". അതേവരെ ആരും ചോദിച്ചിട്ടില്ലാത്ത ആ ചോദ്യത്തിന്റെ ഉത്തരം അറിഞ്ഞുകൂടാതിരുന്ന അവർ സിദ്ധാർത്ഥനോട്, മുകളിലെ നിലയിൽ അന്വേഷിക്കാൻ പറഞ്ഞു. തൊട്ടുമുകളിലെ നിലയിലെ ശാസ്ത്രജ്ഞന്മാരും അതിനു മുകളിലെ നിലയിലെ വണിക്കുകളും സിദ്ധാർത്ഥനെ മറുപടിക്കായി അടുത്ത നിലകളിലേയ്ക്ക് പറഞ്ഞുവിട്ടു. പിന്നത്തെ നിലയിലെ ദാർശനികന്മാർ ഉത്തരം പറയാൻ വിസമ്മതിച്ചു. പിന്നത്തെ നിലകളിലെല്ലാം സിദ്ധാർത്ഥൻ ചോദ്യം ആവർത്തിച്ചു: "യുദ്ധം ആർക്കുവേണ്ടിയാണ്; അണുസ്ഫോടനം കൊണ്ടു സമ്പന്നമാകുന്നത് ഏതു കുടുംബമാണ്?". ഒരു നിലയിലും മറുപടി കിട്ടാതെ സിദ്ധാർത്ഥൻ ഏറ്റവും മുകളിലെ നിലയ്ക്കു മുൻപിലെത്തി. അവിടെ ചോദ്യം ആവർത്തിച്ചപ്പോൾ കിട്ടിയ മറുപടി, ആ അ അ അ ആ, ഈ ഇ ഇ ഇ ഈ, ഊ ഉ ഉ ഉ ഊ എന്നിങ്ങനെ കുറേ അസംബന്ധസ്വരങ്ങളായിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ മാളികയുടെ ആ നിലയിൽ അദ്ദേഹം കണ്ടത് "ചരിത്രത്തിന്റെ വൃദ്ധമായ ചുരുളുകൾ" പിച്ചിചീന്തിയെറിയുന്ന ഒരു മൊച്ചക്കുരങ്ങനെയാണ്.(പുറം 190)
അവസാനം
തിരുത്തുകഅവസാനത്തെ അദ്ധ്യായത്തിന്റെ തുടക്കം, തന്റെ കലാപത്തിന്റെ പരാജയം മുന്നിൽ കണ്ട സൈന്യാധിപൻ പരാശരനും സിദ്ധാർത്ഥനും തമ്മിലുള്ള ചർച്ചയിലാണ്. കുഞ്ഞു ജഡങ്ങളെ പാകപ്പെടുത്തി ഭക്ഷണമാക്കുകയും ചെറുപ്പക്കാർക്ക് ഷണ്ഡത്വവും വൈധവ്യവും കൊടുക്കുകയും ചെയ്യുന്ന ഭരണത്തെ ജനങ്ങൾ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് ദുഖിച്ച പരാശരനെ സിദ്ധാർത്ഥൻ ആശ്വസിപ്പിക്കുന്നത് "എല്ലാം വിഭ്രാന്തികളുടെ ലീല മാത്രമാണ്" എന്നു പറഞ്ഞാണ്. സ്വന്തം ജീവൻ രക്ഷിക്കാനുള്ള സ്വാർത്ഥം പോലും മനുഷ്യർക്കില്ലാതിരിക്കുന്നത് അവരുടെ പിറവി ചരിത്രത്തിലെന്നതിനു പകരം അനാദിയായ കാലത്തിലായതു കൊണ്ടാണെന്ന് അദ്ദേഹം വിശദീകരിച്ചു. "സൃഷ്ടിയുടെ തെറ്റുകൾ അവർ ഏറ്റുവാങ്ങുന്നു. അവർ ദൈവത്തിനു വേണ്ടി പ്രായശ്ചിത്തം ചെയ്യുന്നു."(പുറം 192). തുടർന്ന് സിദ്ധാർത്ഥൻ ജാഹ്നവീതീരത്തെ അസ്തമയത്തിൽ അപ്രത്യക്ഷനാവുകയും പരാശരൻ നിശ്ചേഷ്ടനായി വീഴുകയും ചെയ്തു.
ഈ സമയം നാരമാംസ സംസ്കരണശാലയിലെ ഒരു യന്ത്രപ്പട്ടമേൽ കഴുകി വെടിപ്പാക്കപ്പെട്ട ശരീരവുമായി കിടന്ന ലാവണ്യയുടെ മകൻ സുനന്ദൻ, തന്റെ ശരീരത്തിലെ ധാതുക്കൾ ഒരു സുന്ദരിയായ പെൺകുട്ടിയുടെ ഉടലിൽ വീണ്ടും പിറവി കൊണ്ടേക്കുമെന്നുള്ള സ്വപ്നത്തിൽ ആശ്വാസം കണ്ടെത്തി. താമസിയാതെ, ജാഹ്നവീതീരത്ത് ഉറക്കമുണർന്ന പരാശരനാകട്ടെ, തനിക്കു മുകളിൽ സിദ്ധാർത്ഥൻ അപാരമായൊരു വടവൃക്ഷമായി പടർന്നു നിൽക്കുന്നതു കണ്ടു. നോവൽ അവസാനിക്കുന്നത് ഈ (പുറം 194) വരികളിലാണ്:-
“ | ഒറ്റയ്ക്ക്, പടനായകൻ ആ മഹാസസ്യത്തിന്റെ ചുവട്ടിൽ ഇരുന്നു. മൃഗസൃഷ്ടിയുടെ തീരാദുഃഖത്തിൽ പരാശരൻ പിന്നെയും പിന്നെയും കരഞ്ഞു. അയാളുടെ ചുമലിൽ ഞാന്നു കിടന്ന ആയുധം ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങി. | ” |
വിലയിരുത്തൽ
തിരുത്തുകധർമ്മപുരാണത്തിനുണ്ടായ വിമർശനങ്ങൾ മിക്കവയും അതിലെ വിസർജ്ജ്യ, രതി ബിംബങ്ങളുടെ ബാഹുല്യം പരിഗണിച്ചു. "ചരിത്രത്തിന്റെ കാരുണ്യം നിറഞ്ഞ വസ്ത്രാക്ഷേപം" എന്ന് കെ.പി. അപ്പൻ ഈ പശ്ചാത്തലത്തിൽ ഈ കൃതിയെ വിശേഷിപ്പിക്കുന്നു. പ്രതിക്ഷേധത്തിന്റെ ശിശുസഹജമായ മാർഗ്ഗങ്ങൾ സ്നേഹശൂന്യവും ജീർണ്ണവുമായ രാഷ്ട്രീയ സംസ്കാരത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ ബോധപൂർവമല്ലാതെ ഉപയോഗിക്കുകയാണ് വിജയൻ ഈ കൃതിയിൽ ചെയ്തതെന്ന് അപ്പൻ കരുതി. അതിനാൽ "സരളവും ശിശുസഹജവുമായ പ്രതിക്ഷേധത്തിന്റെ ഭാഗമായ തീട്ടത്തെക്കുറിച്ചുള്ള സ്തോത്രങ്ങൾ സങ്കേതമെന്ന നിലയിലും മനോഭാവമെന്ന നിലയിലും ഈ നോവലിന്റെ കലയിൽ സ്വീകാര്യമാണെന്നും" അദ്ദേഹം വാദിച്ചു. എങ്കിലും ഈ നോവലിൽ കാണപ്പെടുന്ന ശവരതിയും മറ്റും നോവലിസ്റ്റിന്റെ സൗന്ദര്യമുള്ള ശിരസ്സിലെ പ്രതിരോധിക്കപ്പെട്ട ജീർണ്ണസ്വപ്നമായിരിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല.[2] ധർമ്മപുരാണത്തെ "അഴുക്കിൽ ചാലിച്ച ഗീതാദുഃഖം" എന്ന് വിശേഷിപ്പിക്കുന്ന വി.രാജകൃഷ്ണൻ, അതിലെ വിസർജ്ജ്യദൃശ്യങ്ങളുടേയും, ലൈംഗികകല്പനകളുടേയും പെരുപ്പം പ്രമേയതലത്തിൽ മാത്രം വിശദീകരിക്കാവുന്നതല്ലെന്ന് കരുതി. വിജയന്റെ "ഉപബോധമനസ്സിൽ പരിഹരിക്കപ്പെടാതെ ബാക്കി കിടക്കുന്ന ഈഡിപ്പൽ സംഘർഷങ്ങളുമായും ആനൽ ഇറോട്ടിക്ക് വാസനകളുമായും മദ്ധ്യവയസ്സിലെ ലൈംഗികഭീതിയുമായൊക്കെ ബന്ധപ്പെട്ടു കിടക്കുന്നവയാണ് ഈ ഭാവബദ്ധതകൾ" എന്നു അദ്ദേഹം കരുതുന്നു. "അരം വരുത്തിയ തെറിപ്പാട്ടിൽ നിന്നു തുടങ്ങി കാരുണ്യത്തിന്റെ ആർദ്രസ്മിതം കാഴ്ചവച്ചവസാനിക്കുന്ന നോവൽ" എന്ന് ഈ കൃതിയെ വിശേഷിപ്പിക്കുന്നുമുണ്ട് ഈ വിമർശകൻ[3]
നോവലിലെ കഥയുടെ സ്ഥലകാല പശ്ചാത്തലങ്ങളും ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. ധർമ്മപുരാണം 1975-77 കാലഘട്ടത്തിൽ ഇന്ത്യയിൽ നടപ്പാക്കപ്പെട്ട ആഭ്യന്തര അടിയന്തരാവസ്ഥയുടെ കഥയാണെന്നും അതിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് ഇന്ത്യയിലെ ഭരണകൂടമാണെന്നുമുള്ള ധാരണയെ നോവലിസ്റ്റ് അതിനെഴുതിയ ആമുഖത്തിൽ തള്ളിപ്പറഞ്ഞിട്ടുണ്ട്. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് നടത്തിയ തിരുത്തിയെഴുത്തലുകൾക്കു പുറമേ, കാലികമായ അടയാളങ്ങൾ കഴിവതും എടുത്തുകളയാനായി നാലാം പതിപ്പിൽ നോവൽ വീണ്ടും തിരുത്തിയെഴുതപ്പെട്ടു. എന്നാൽ മേലെഴുത്തുകൾക്കിടയിൽ മൂലകഥ മിക്കവാറും എല്ലാ സന്ദർഭങ്ങളിലും തെളിഞ്ഞുനിൽക്കുന്നതിനാൽ, സമകാലീനരാഷ്ട്രീയത്തിന്റെ അന്യാപദേശത്തെ കാലാതീതമായ ഒരു കഥയാക്കി മാറ്റാനുള്ള ശ്രമം ധർമ്മപുരാണത്തെ ഒരൊറ്റ നോവൽ എന്നതിനുപകരം അനേകം നോവലുകൾ എന്ന രൂപത്തിലാക്കുക മാത്രമാണ് ചെയ്തതെന്ന് നിരൂപകനായ വി.സി.ശ്രീജൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.[4] "ഇന്ത്യൻ രാഷ്ടീയത്തിലെ ഇന്ദിരായുഗത്തെക്കുറിച്ചുള്ള ഇളവില്ലാത്ത വിധിപ്രസ്താവമായ" ധർമ്മപുരാണത്തിൽ വിജയൻ ഉരിച്ചുകാട്ടുന്നത്, രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിൽ ലിബറലിസത്തിന്റെ കപടാവരണമണിഞ്ഞ് രൂപപ്പെട്ട അർത്ഥഫാഷിസ്റ്റ് വ്യവസ്ഥിതിയുടെ വികൃതമാതൃകകളിൽ ഒന്നിനെയാണെന്ന് വി.രാജകൃഷ്ണൻ കരുതുന്നു.[3] എന്നാൽ "ബീഭത്സമായ കാമരൂപങ്ങൾ കൊണ്ടു നിറഞ്ഞ ഈ മഹാപുരാണത്തെ കാലത്തിന്റേയും സ്ഥലത്തിന്റേയും ചെറിയ അതിരുകളിൽ തളച്ചിടാൻ സാധ്യമല്ല" കെ.പി. അപ്പന്റെ പക്ഷം.[2]
കുറിപ്പുകൾ
തിരുത്തുകക.^ ഖണ്ഡശ്ശ: പ്രസിദ്ധീകരണത്തിൽ നോവലിനു കൊടുത്ത രൂപത്തിൽ താൻ ലജ്ജിക്കുകയോ കുറ്റബോധം കൊള്ളുകയോ ചെയ്യുന്നില്ലെന്നും വിജയൻ പറയുന്നുണ്ട്. അപ്പോൾ "ആ കഥാർസിസ്(catharsis) അനിവാര്യമായിരുന്നു" എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഖ.^ പ്രജാപതി എന്ന പേരു നിർദ്ദേശിച്ചത് പത്രലേഖകൻ ടി.എൻ. ഗോപകുമാറായിരുന്നെന്ന് ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നുണ്ട്.
ഗ.^ "മൂന്നാം ലോകത്തിന്റെ വിസർജ്ജിതപദാർത്ഥത്തെ ഞങ്ങൾ എന്നും അംഗീകരിച്ചിട്ടുണ്ട്"(പുറം 48) എന്നാണ് വെള്ള സംയുക്തനാടുകളുടെ ഭരണാധികാരി വെളുത്ത അപ്പൻ പ്രജാപതിയുടെ ബഹുമാനാർത്ഥം നൽകിയ ഒരു വിരുന്നിൽ അവകാശപ്പെട്ടത്.
ഘ.^ രുമണ്വാന്റെ ചിത്രം, ഇന്ത്യയുടെ മുൻ പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോന്റെ വ്യക്തിത്വത്തിലെ അസുന്ദരമായ ചില അംശങ്ങളുടെ ഹാസ്യാത്മകമായ പുന:സൃഷ്ടിയാണെന്ന് സാഹിത്യവിമർശകനായ വി.രാജകൃഷ്ണൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.[3]
ങ.^ ആ ഉത്തേജനത്തിൽ ആഹ്ലാദിച്ച്, പ്രജാപതിയ്ക്കു ചുറ്റുമുണ്ടായിരുന്ന സദസ്സ് ഹർഷാരവം മുഴക്കുകയും സംഘഗായകർ ഉചിതമായ ഒരു ദേശീയഗാനം പാടുകയും ചെയ്തു. "പോരാ, പോരാ നാളിൽ, നാളിൽ ദൂരദൂരമുയരട്ടെ" എന്നായിരുന്നത്രെ ആ ഗാനത്തിന്റെ തുടക്കം.(പുറം 72)
അവലംബം
തിരുത്തുക- ↑ ഒ.വി. വിജയൻ, ധർമ്മപുരാണം, 2008-ൽ പ്രസിദ്ധീകരിച്ച 15-ആം പതിപ്പ്(പ്രസാധകർ, ഡി.സി. ബുക്ക്സ്)
- ↑ 2.0 2.1 ചരിത്രത്തിന്റെ കാരുണ്യം നിറഞ്ഞ വസ്ത്രാക്ഷേപം, ഡി.സി.ബുക്ക്സ് പതിപ്പിൽ അനുബന്ധമായി ചേർത്തിരിക്കുന്ന കെ.പി. അപ്പന്റെ ലേഖനം
- ↑ 3.0 3.1 3.2 ധർമ്മപുരാണത്തിന്റെ ഡി.സി. ബുക്ക്സ് പതിപ്പിൽ അനുബന്ധമായി ചേർത്തിരിക്കുന്ന "അഴുക്കിൽ ചാലിച്ച ഗീതാദുഃഖം" എന്ന ലേഖനം
- ↑ ധർമ്മപുരാണം, ഡി.സി.ബുക്ക്സ് പതിപ്പിന്റെ തുടക്കത്തിൽ ചേർത്തിട്ടുള്ള "അതിവാദങ്ങളുടെ പുരാണം" എന്ന ലേഖനം