മനുഷ്യരാശിയുടെ ഗണിതശാസ്ത്ര പൈതൃകത്തിന്റെ അന്വേഷണം എന്ന നിലയിൽ ജോർജ്ജ് ഗീവർഗ്ഗീസ് ജോസഫ് എഴുതി 1992-ൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ്‌ മയൂരശിഖ. ഗണിതശാസ്ത്ര ജ്ഞാനം വികസിച്ചുവന്നത് യൂറോപ്പിനെ കേന്ദ്രീകരിച്ചാണെന്ന "വിഭാഗീയ" ധാരണ തിരുത്തിയെഴുനുള്ള ശ്രമമാണ്‌ ഈ ഗ്രന്ഥം.[1] "മയൂരശിഖ: ഗണിതശാസ്ത്രത്തിന്റെ യൂറോപ്യനല്ലാത്ത വേരുകൾ" (The Crest of the Peacock: The Non-European roots of Mathematics) എന്നാണ്‌ ഗ്രന്ഥത്തിന്റെ മുഴുവൻ പേര്‌.

ചരടുകളിൽ കെട്ടുകളിട്ട് സംഖ്യാസംബന്ധിയായ വിവരങ്ങൾ സൂക്ഷിക്കുന്ന ദക്ഷിണ അമേരിക്കയിലെ ഇൻകാകളുടെ "ക്വിപു"-വിന്റെ ഒരു മാതൃക


"മയൂരശിഖ" എന്ന ഗ്രന്ഥനാമം ക്രിസ്ത്വബ്ദാരംഭത്തിനു മുൻപ് അഞ്ചാം നുറ്റാണ്ടിൽ ഭാരതത്തിൽ എഴുതപ്പെട്ട വേദാംഗജ്യോതിഷം എന്ന സംസ്കൃത രചനയിലെ ഈ ശ്ലോകത്തെ ആശ്രയിച്ചുള്ളതാണ്‌:-

മയിലിന്‌ ശിഖയും നാഗത്തിന്‌ ശിരോമണിയും എന്നപോലെ, വേദാംഗ-ശാസ്ത്രങ്ങൾക്ക് ഗണിതവും മൂർദ്ധാവായി നിലകൊള്ളുന്നു എന്നാണ്‌ ഈ ശ്ലോകത്തിന്റെ അർത്ഥം.

ഗണിതശാസ്ത്രത്തിന്റെ ഇന്നത്തെ വികസിതാവസ്ഥയിൽ ഏറ്റവും പുരാതനമായവ തുടങ്ങി, ഒട്ടേറെ ജനതകളുടേയും സംസ്കാരങ്ങളുടേയും സംഭാവനകൾ ഉൾച്ചേർന്നിരിക്കുന്നതായി ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നു. ക്രിസ്ത്വബ്ദാരംഭത്തിന്‌ 35,000 വർഷങ്ങൾക്കു മുൻപ് ഭൂമധ്യരേഖയോട് ചേർന്നു കിടക്കുന്ന മദ്ധ്യാഫ്രിക്കയിലെ ജനങ്ങൾ അസ്ഥികളിൽ രേഖപ്പെടുത്തിയിരുന്ന ഗണനരീതി പരാമർശിച്ചണ്‌ ഗ്രന്ഥത്തിന്റെ തുടക്കം. അടുത്തതായി, ചരടുകളിൽ കെട്ടുകളിട്ട് സംഖ്യാസംബന്ധിയായ വിവരങ്ങൾ സൂക്ഷിക്കുന്ന ദക്ഷിണ അമേരിക്കയിലെ ഇൻകാകളുടെ "ക്വിപു"(Quipu) വ്യവസ്ഥയും, നൈജീരിയയിലെ പുരാതന നിവാസികളുടേയും, മദ്ധ്യ അമേരിക്കയിലെ മായൻ സംസ്കാരത്തിന്റേയും ഗണന വ്യവസ്ഥകളും പരിഗണിക്കപ്പെടുന്നു. തുടർന്ന്, ഈജിപ്തും ബാബിലോണും ഗ്രീക്ക് ഗണിതത്തിന്റെ വികാസത്തെ എപ്രകാരം സഹായിച്ചെന്നും ഗണിതശാസ്ത്രത്തിൽ അറബിജനതയുടെ സംഭാവന എത്ര വലുതാണെന്നും ഇൻഡ്യയിലേയും ചൈനയിലേയും സംസ്കാരങ്ങളുടെ ഗണിതശാസ്ത്രത്തിലെ കണ്ടെത്തലുകൾ എത്ര വലുതും വൈവിദ്ധ്യം നിറഞ്ഞതും മൗലികവുമാണെന്നും ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു. [3]

  1. It is a plea against "the parochialism that lies behind the Eurocentric perception of the development of mathematical knowledge" "ദ മാത്തമറ്റിക്കൽ ഇന്റലിജൻസർ"-ൽ E. KNOBLOCH-ന്റെ നിരൂപണം[1][പ്രവർത്തിക്കാത്ത കണ്ണി]
  2. ടി.ഡി.രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര എന്ന മലയാളം നോവലിന്‌ ആഷാ മേനോൻ എഴുതിയ അവതാരിക(പുറം 11)
  3. Princeton University Press[2]
"https://ml.wikipedia.org/w/index.php?title=മയൂരശിഖ&oldid=3640278" എന്ന താളിൽനിന്ന് ശേഖരിച്ചത്