പ്രേമാനന്ദ ദത്ത
ബംഗാളിൽ നിന്നുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയാണ് പ്രേമാനന്ദ ദത്ത . ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയിട്ടുള്ള ഇദ്ദേഹം ചിറ്റഗോങ് കലാപത്തിൽ പങ്കെടുത്തിരുന്നു.[1] പ്രഭുല്ല ചക്രബർത്തി എന്ന പോലീസ് സബ്ബ് ഇൻസ്പെക്ടറെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും കോടതി ഇദ്ദേഹത്തെ നിരപരാധിയായി പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാർക്കെതിരെയുള്ള വിപ്ലവ പ്രവർത്തനങ്ങളിൽ വീണ്ടും സജീവമായതൊടെ പ്രേമാനന്ദയ്ക്കു വീണ്ടും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ജയിലിലെ ക്രൂരമർദ്ദനങ്ങൾ അദ്ദേഹത്തിന്റെ മാനസികാരോഗ്യം തകരാറിലാക്കി. മാനസികരോഗ ചികിത്സയ്ക്കായി റാഞ്ചിയിൽ എത്തിച്ചുവെങ്കിലും ഫലമുണ്ടായില്ല. അവിടെ വച്ചുതന്നെ അദ്ദേഹം അന്തരിച്ചു.
പ്രേമാനന്ദ ദത്ത | |
---|---|
ജനനം | ചിറ്റഗോങ്, ബ്രിട്ടീഷ് ഇന്ത്യ |
മരണം | റാഞ്ചി, ഇന്ത്യ |
ദേശീയത | ബ്രിട്ടീഷ് ഇന്ത്യ |
തൊഴിൽ | ചിറ്റഗോങ് തുറമുഖത്തിലെ ഉദ്യോഗസ്ഥൻ |
അറിയപ്പെടുന്നത് | ഇന്ത്യൻ സ്വാതന്ത്ര്യ സമരം |
മാതാപിതാക്ക(ൾ) | ഹരീഷ് ചന്ദ്ര ദത്ത (പിതാവ്) |
ആദ്യകാല ജീവിതം
തിരുത്തുകബ്രിട്ടീഷ് ഇന്ത്യയിലെ ചിറ്റഗോങ്ങിലാണ് (ഇന്നത്തെ ബംഗ്ലാദേശിൽ) പ്രേമാനന്ദ ദത്തയുടെ ജനനം. അദ്ദേഹത്തിന്റെ പിതാവ് ഹരീഷ് ചന്ദ്ര ദത്ത ബ്രഹ്മസമാജത്തിന്റെ ഒരു ആചാര്യനായിരുന്നു. ചിറ്റഗോംഗ് കോളേജിലെ ബിരുദപഠനം പൂർത്തിയാക്കിയ പ്രേമാനന്ദ ചിറ്റഗോങ് തുറമുഖത്തിൽ പോർട്ട് പ്രിവന്റീവ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. ചിത്തരഞ്ജൻ ദാസിന്റെ ഉപദേശപ്രകാരം ഈ ജോലി ഉപേക്ഷിച്ച പ്രേമാനന്ദ നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുക്കുകയും അതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ നിലപാടുകൾക്കെതിരെ അസം ബംഗാൾ റെയിൽവേയിലെ തേയില കർഷകർ നടത്തിയ സമരം ഉൾപ്പെടെ വിവിധ പ്രതിഷേധപരിപാടികളിൽ പങ്കെടുത്തതിന്റെ പേരിൽ പലപ്പോഴും പ്രേമാനന്ദയെ ജയിലിലടയ്ക്കുകയുണ്ടായി. 1923-ൽ പ്രേമാനന്ദയും കൂട്ടരും ചിറ്റഗോങ്ങിൽ ഒരു ജിംനേഷ്യവും ക്ലബ്ബും സ്ഥാപിച്ചു. ഇത് യഥാർത്ഥത്തിൽ സ്വാതന്ത്യസമര സേനാനികളുടെ ഒരു ഒളിത്താവളമായിരുന്നു.[2]
വിപ്ലവ പ്രവർത്തനങ്ങൾ
തിരുത്തുക1930-ൽ സൂര്യാ സെന്നിന്റെ നേതൃത്വത്തിൽ ചിറ്റഗോങ്ങിൽ ആരംഭിച്ച കലാപത്തിൽ പ്രേമാനന്ദയും പങ്കെടുത്തിരുന്നു. സുഹൃത്തും വിപ്ലവകാരിയുമായിരുന്ന അനന്ത സിങ്ങുമായി ചേർന്ന് ചില വിപ്ലവ സംഘടനകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പോലീസുകാരുടെ കണ്ണിൽപ്പെടാതെ ആയുധങ്ങളും ബോംബുകളും സൂക്ഷിക്കുക എന്നതായിരുന്നു പ്രേമാനന്ദയുടെ പ്രധാന കർത്തവ്യം. വിപ്ലവകാരികളെ പിടികൂടുന്നതിനായി സബ്ബ് ഇൻസ്പെക്ടർ പ്രഭുല്ല ചക്രബർത്തിയുടെ നേതൃത്വതത്തിൽ നടന്ന അന്വേഷണങ്ങൾക്കൊടുവിൽ അനന്ത സിംഗിനെ പോലുള്ള വിപ്ലവകാരികൾ പിടിക്കപ്പെട്ടു. സുഹൃത്തുക്കളെ അറസ്റ്റു ചെയ്ത പ്രഭുല്ല ചക്രബർത്തി എന്ന പോലീസുകാരനെ വധിക്കുവാനായി പ്രേമാനന്ദ ചില പദ്ധതികൾ ആസൂത്രണം ചെയ്തു. 1924 മേയ് 24-ന് ചിറ്റഗോങ്ങിലെത്തിയ പ്രഭുല്ല ചക്രബർത്തിയെ തന്റെ റിവോൾവർ ഉപയോഗിച്ച് പ്രേമാനന്ദ കൊലപ്പെടുത്തി.[3]
വിചാരണ
തിരുത്തുകമരിക്കുന്നതിനു തൊട്ടുമുമ്പ് സബ്ബ് ഇൻസ്പെക്ടർ പ്രഭുല്ല ചക്രവർത്തി സ്വന്തം മരണമൊഴി റോയി ബഹദൂർ സതീഷ് എന്നയാളെ അറിയിച്ചു. അതോടെ പ്രേമാനന്ദ ദത്തയെ പോലീസ് അറസ്റ്റു ചെയ്തു. കേസിന്റെ വിചാരണ നടക്കുമ്പോൾ പ്രേമാനന്ദ ദത്തയ്ക്കു വേണ്ടി അഡ്വ. ജതീന്ദ്ര മോഹൻ സെൻഗുപ്തയാണ് കോടതിയിൽ ഹാജരായത്. ഈ കൊലപാതക കേസിൽ പ്രേമാനന്ദ ദത്തയെ നിരപരാധിയായി പ്രഖ്യാപിച്ചുകൊണ്ട് കോടതി വിധി വന്നു.[4]
മരണം
തിരുത്തുകകൊലപാതകക്കേസിൽ നിരപരാധിയായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും നം. 1 ബെംഗാൾ ഓർഡിനൻസ് ആക്ടുമായി ബന്ധപ്പെട്ട് പ്രേമാനന്ദ ദത്ത വീണ്ടും ജയിലിലായി. ജയിലിലിനുള്ളിലെ ക്രൂരമായ പീഡനമുറകൾ അദ്ദേഹത്തിന്റെ മാനസികാരോഗ്യം തകരാറിലാക്കി. തുടർചികിത്സയ്ക്കായി റാഞ്ചിയിലേക്ക് കൊണ്ടുപോയെങ്കിലും 1924-ൽ പ്രേമാനന്ദ അന്തരിച്ചു.
അവലംബം
തിരുത്തുക- ↑ 1st Part, Subodhchandra Sengupta & Anjali Basu (2002). Sansad Bangali Charitavidhan (Bengali). Kolkata: Sahitya Sansad. p. 320. ISBN 81-85626-65-0.
{{cite book}}
: CS1 maint: numeric names: authors list (link) - ↑ Ananta Singha (1968). Agnigarbha Chattagram (Part I). Kolkata: Vidyadoy Library Private Limited. p. 184.
- ↑ Manasi Bhattacharya. Chittagong Summer 1930. HarperCollins publishers. pp. Timeline.
- ↑ 1st Part, Ananta Singha (1968). Agnigarbha Chattagram (Bengali). Kolkata: Bidyoday Library Pvt. Ltd. pp. 215, 216.
{{cite book}}
: CS1 maint: numeric names: authors list (link)