പൂങ്കുന്നം സീതാരാമസ്വാമിക്ഷേത്രം

കേരളത്തിൽ തൃശ്ശൂർ നഗരത്തിനടുത്ത് പൂങ്കുന്നത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ സീതാരാമസ്വാമിക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ പത്നിയായ സീതയോടും അനുജൻ ലക്ഷ്മണനോടും ദാസനായ ഹനുമാനോടും ചേർന്നിരിയ്ക്കുന്ന ഭാവത്തിലാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കൂടാതെ, ക്ഷേത്രമതിലകത്തുതന്നെ കാവുതീയാട് ക്ഷേത്രം എന്ന പേരിൽ പ്രത്യേകമായ ഒരു ശിവക്ഷേത്രവുമുണ്ട്. കേരളത്തിൽ സ്വർണ്ണരഥമുള്ള ഏക ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളോട് സമാനമായ രീതിയിലുള്ള പൂജകളും ആചാരങ്ങളും കൊണ്ട് വ്യത്യസ്തമായ ഈ ക്ഷേത്രത്തിലെ വസന്തോത്സവം, രാമനവമി ആഘോഷങ്ങൾ ശ്രദ്ധേയമാണ്. ക്ഷേത്രത്തിനുചുറ്റും തമിഴ് ബ്രാഹ്മണരുടെ അഗ്രഹാരമാണ്. കേരളത്തിലെ ഏറ്റവും വലിയ ഹനുമാർ പ്രതിമ, ഈ ക്ഷേത്രത്തിന് മുന്നിലാണ് സ്ഥിതിചെയ്യുന്നത്. 55 അടി ഉയരമുള്ള ഈ പ്രതിമ 2023-ലാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായഗ്രൂപ്പുകളിലൊന്നായ കല്യാൺ ഗ്രൂപ്പിന്റെ കുടുംബക്ഷേത്രം കൂടിയാണിത്.

ചരിത്രം

തിരുത്തുക

കൊച്ചി രാജ്യത്തെ കോടതിയിലെ ജഡ്ജിയായിരുന്ന ദിവാൻ ബഹാദൂർ ടി.ആർ. രാമചന്ദ്ര അയ്യരാണ് ഈ ക്ഷേത്രം പണിത് ഇവിടെ പ്രതിഷ്ഠ നടത്തിയത്. തമിഴ്നാട്ടിലെ കുംഭകോണത്തുനിന്ന് തൃശ്ശൂരിലേയ്ക്ക് കുടിയേറിപ്പാർത്ത ബ്രാഹ്മണകുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹത്തിന്റെ കുടുംബ ഉപാസനാമൂർത്തിയായിരുന്നു ശ്രീരാമൻ. നിത്യവും തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിൽ ദർശനം നടത്തുമായിരുന്ന അദ്ദേഹത്തെ, അവിടെയുള്ള ശ്രീരാമപ്രതിഷ്ഠ വളരെയധികം ആകർഷിച്ചു. ക്ഷേത്രനിർമ്മാണത്തിന് നല്ലൊരു സ്ഥലം അന്വേഷിച്ചുനടന്ന രാമചന്ദ്ര അയ്യർക്ക് ഒടുവിൽ ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം ലഭിയ്ക്കുകയായിരുന്നു. പ്രസ്തുത സ്ഥലം അന്ന് കാടുപിടിച്ചുകിടക്കുകയായിരുന്നു. ആ സ്ഥലം മുഴുവൻ വെട്ടിത്തെളിച്ച അദ്ദേഹത്തിന്, പുരാതനമായ ഒരു ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കാണാനിടയായി. പ്രസ്തുത ശിവക്ഷേത്രത്തോടുചേർന്നുതന്നെയാകണം ശ്രീരാമസ്വാമിയ്ക്ക് ക്ഷേത്രം പണിയാൻ എന്ന് അദ്ദേഹം അപ്പോൾ തീരുമാനിയ്ക്കുകയായിരുന്നു. തുടർന്ന് ശിവക്ഷേത്രത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ അദ്ദേഹം, അതിനൊപ്പം തന്നെ തന്റെ ഉപാസനാമൂർത്തിയ്ക്കുള്ള ക്ഷേത്രവും പണിയിച്ചുതുടങ്ങി. കൃത്യസമയത്തുതന്നെ രണ്ടിന്റെയും പണി പൂർത്തിയാകുകയും പ്രതിഷ്ഠാകർമ്മം ഭംഗിയായി നടക്കുകയും ചെയ്തു. 1895 ജൂൺ 13-ന് ശ്രീരാമന്റെ ജന്മനക്ഷത്രമായ പുണർതം നാളിലാണ് പ്രതിഷ്ഠ നടത്തിയത്.

ക്ഷേത്രനിർമ്മിതി

തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക

തമിഴ്നാട്ടിലെയും കേരളത്തിലെയും ക്ഷേത്രങ്ങളുടെ രൂപഘടനകളുടെ മിശ്രിതമായ സീതാരാമസ്വാമിക്ഷേത്രം, തൃശ്ശൂർ നഗരത്തിൽ നിന്ന് മൂന്നുകിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി പൂങ്കുന്നത്ത് സ്ഥിതിചെയ്യുന്നു. പൂങ്കുന്നത്തുള്ള ശിവക്ഷേത്രത്തിൽ നിന്ന് ഏകദേശം അര കിലോമീറ്റർ വടക്കുമാറിയാണ് ഈ ക്ഷേത്രം. നഗരപ്രാന്തമായിട്ടും നഗരത്തനിമ ഏശാതെ ഒരു തമിഴ് ഗ്രാമത്തിന്റെ പ്രൗഢിയോടെ പൂങ്കുന്നം ഗ്രാമം നിലകൊള്ളുന്നത് ശ്രദ്ധേയമാണ്. അരിപ്പൊടികൊണ്ട് കോലങ്ങളെഴുതിയ വീടുകളും കർണ്ണാടകസംഗീതം നിറയുന്ന ഗ്രാമവീഥികളും മനസ്സിന് ഒരു കുളിർക്കാഴ്ചയാണ്. ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം തമിഴ് ശൈലിയിൽ നിർമ്മിച്ചതാണ്. എന്നാൽ, ഇതിന് അത്ര വലുപ്പമില്ല. ഗോപുരത്തിന് നേരെ മുന്നിലാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമ കാണാൻ സാധിയ്ക്കുന്നത്. പീഠമടക്കം ഏകദേശം 55 അടി ഉയരം വരുന്ന ഈ ഹനുമാൻ പ്രതിമ, ഇടതുകയ്യിൽ ഗദ തലതിരിച്ചുപിടിച്ച് വലതുകൈ കൊണ്ട് അനുഗ്രഹിയ്ക്കുന്ന വീരഹനുമാന്റെ രൂപത്തിലാണ്. ആന്ധ്രാപ്രദേശിലെ അല്ലഗഡയിലാണ് പ്രതിമയുടെ നിർമ്മാണം നടന്നത്. ഒരു കോടിയിലധികം ചെലവ് വന്ന ഈ പ്രതിമ നാല്പതിലധികം ശില്പികൾ ചേർന്ന് നാലുമാസം കൊണ്ടാണ് പൂർത്തിയാക്കിയത്[1][2][3]. 2023 ഏപ്രിൽ 26-ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പ്രതിമ ഉദ്ഘാടനം ചെയ്തത്. ശനി, ഞായർ ദിവസങ്ങളിൽ രാത്രി എട്ടുമണിയ്ക്ക് ഈ പ്രതിമയിൽ ലേസർ ഷോ നടത്താറുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആളുകളെ ഇത് ആകർഷിച്ചിട്ടുണ്ട്.

പടിഞ്ഞാറേ ഗോപുരത്തിലെ പ്രവേശനകവാടത്തിന്റെ തൊട്ടുമുകളിൽ ശ്രീരാമ പട്ടാഭിഷേകരൂപം കൊത്തിവച്ചിട്ടുണ്ട്. അതിന്റെ മുകളിൽ വൈഷ്ണവചിഹ്നങ്ങളായ ശംഖും സുദർശനചക്രവും ഗോപിക്കുറിയും കാണാം. ശ്രീരാമപട്ടാഭിഷേകരൂപത്തിന്റെ വലതുവശത്ത് മാർക്കണ്ഡേയനെ രക്ഷിയ്ക്കാനായി കാലനെ വധിയ്ക്കുന്ന ശിവഭഗവാന്റെയും, ഇടതുവശത്ത് രാമേശ്വരത്ത് ശിവപ്രതിഷ്ഠ നടത്തുന്ന ശ്രീരാമഭഗവാന്റെയും സീതാദേവിയുടെയും രൂപങ്ങൾ കാണാം. ക്ഷേത്രത്തിന്റെ തൊട്ടുമുന്നിൽ വലിയ കുളമുണ്ട്. ഉത്സവാവസാനം ഭഗവാന്റെ ആറാട്ട് നടക്കുന്നത് ഈ കുളത്തിലാണ്. ക്ഷേത്രത്തോടനുബന്ധിച്ച് രണ്ട് ഓഡിറ്റോറിയങ്ങളുണ്ട് - സീതാരാമ കല്യാണമണ്ഡപവും ജാനകീനാഥ് ഹാളും. രണ്ടിലും വിശേഷദിവസങ്ങളിൽ പരിപാടികൾ നടക്കാറുണ്ട്. ക്ഷേത്രമതിലകത്തുതന്നെ വടക്കുഭാഗത്ത് ചെറിയൊരു ശിവക്ഷേത്രമുണ്ട്. ഇവിടെ പാർവ്വതീസമേതനായ ശിവഭഗവാനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും ഒപ്പം ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ തുടങ്ങിയ മൂർത്തികളും പുറത്ത് സർപ്പക്കാവുമുണ്ട്. ഇവിടെ പൂജ കേരളീയക്ഷേത്രങ്ങളിലേതുപോലെയാണ്. എന്നാൽ, രാമനവമി ഉത്സവത്തിന് ഇവിടെയുള്ള മൂർത്തികളും ശ്രീരാമഭഗവാനോടൊപ്പം ഉണ്ടാകും.

ഗോപുരം കടന്ന് അകത്തുകടക്കുമ്പോൾ ആദ്യം കാണുന്നത് വലിയ ആനക്കൊട്ടിലിലാണ്. ഇവിടെ വച്ചാണ് ഉത്സവക്കാലത്ത് ആനകളെ അണിനിരത്തിക്കൊണ്ട് എഴുന്നള്ളിപ്പുകൾ നടക്കുന്നത്. ഇതിനപ്പുറമാണ് ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന സ്വർണ്ണക്കൊടിമരം. 2010-ലാണ് ഇവിടെ സ്വർണ്ണക്കൊടിമരം പ്രതിഷ്ഠിച്ചത്. തിരുവമ്പാടി ക്ഷേത്രം കഴിഞ്ഞാൽ തൃശ്ശൂരിൽ സ്വർണ്ണക്കൊടിമരം വന്നത് ഇവിടെയാണ്. ഇതിനുശേഷം ക്ഷേത്രത്തിൽ എട്ടുദിവസത്തെ കൊടിയേറ്റുത്സവമായി രാമനവമി ആഘോഷിച്ചുവരാൻ തുടങ്ങി.

ഹനുമാൻ പ്രതിമ

തിരുത്തുക

പീഠം അടക്കം 55 അടി ഉയരമുള്ള ഒരു ഹനുമാൻ പ്രതിമ ക്ഷേത്രത്തിനു പുറത്ത് സ്ഥാപിച്ചിട്ടുണ്ട്. വലത് കൈ കൊണ്ട് അനുഗ്രഹിച്ചും ഇടത് കൈയിൽ ഗദ പിടിച്ചും നില്ക്കുന്ന രീതിയിലുള്ളതാണ് പ്രതിമ. ക്ഷേത്രത്തിലെ കുംഭാഭിഷേകത്തോട് അനുബന്ധിച്ചായിരുന്നു പ്രതിമ സ്ഥാപിച്ചത്. ഒറ്റക്കല്ലിൽ തീർത്തിട്ടുള്ള ഈ പ്രതിമ, ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരംകൂടിയ പ്രതിമയായി കണക്കാക്കുന്നു.

  1. "55 അടി ഉയരം; ചെലവ് ഒരു കോടി; സീതാരാമ സ്വാമി ക്ഷേത്രത്തിൽ ഹനുമാൻ പ്രതിമ". manoramanews.
  2. "ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമ തൃശൂരിൽ; ഉയരം 55 അടി". reporterlive. Archived from the original on 2023-04-23. Retrieved 2023-04-23. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. "പീഠം അടക്കം 55 അടി ഉയരം; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമ പൂങ്കുന്നം ക്ഷേത്രത്തിലേക്ക്". janamtv.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക