ഇന്നത്തെ സോമാലിയ, എത്യോപ്യ, എരിട്രിയ പ്രദേശങ്ങളിലായി ബി.സി.ഇ. മൂന്നാം സഹസ്രാബ്ദത്തിൽ നിലനിന്നിരുന്ന ഒരു രാജ്യമാണ് പുന്ത്.[1] ഇന്നത്തെ അറേബിയൻ ഉപദ്വീപിന്റെ സമീപഭാഗങ്ങളും ഈ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു എന്നു കരുതുന്നവരുമുണ്ട്. ഇവിടെ നിന്ന് സ്വർണ്ണം, സുഗന്ധവസ്തുക്കൾ, ആനക്കൊമ്പ്, മരം, ജിറാഫ്, ബബൂൺ തുടങ്ങിയവയും അപൂർവ സസ്യങ്ങളും ഫറവോമാരുടെ കാലത്ത് പുരാതന ഈജിപ്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടിരുന്നതിന് തെളിവുകൾ കിട്ടിയിട്ടുണ്ട്. ചില ഈജിപ്ഷ്യൻ രേഖകളിൽ ഈ സ്ഥലത്തിനെ "ദൈവത്തിന്റെ നാട്" എന്ന് വിളിക്കുന്നുണ്ട്.

പുന്ത് നിലനിന്നിരുന്നുവെന്ന് പറയപ്പെടുന്ന പ്രദേശങ്ങൾ

ആഫ്രിക്കയുടെ എറിട്രിയൻ തീരവും അറേബിയയുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളും പേഴ്സ്യയുടെ തെക്കൻ ഭാഗങ്ങളും പണ്ടുകാലത്ത് ചേർന്നുകിടന്നിരുന്നു എന്നും എണ്ണായിരം വർഷങ്ങൾക്കു മുമ്പ് അവക്കിടയിൽ ഭൂമി താഴ്ന്നുപോയി ചെങ്കടലും പേർഷ്യൻ ഉൾക്കടലും രൂപം കൊണ്ടുവെന്നും കേസരി ബാലകൃഷ്ണപിള്ള സിദ്ധാന്തിക്കുന്നുണ്ട്.[2] അവിടെയാണ് പുന്ത് നിലനിന്നിരുന്നത് എന്നും പിന്നീട് അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

പുരാതന ഈജിപ്തും പുന്തും

തിരുത്തുക

നാലാം രാജവംശത്തിലെ കുഫു ചക്രവർത്തിയുടെ കാലത്തുതന്നെ പുന്തിൽ നിന്ന് സ്വർണ്ണം പുരാതന ഈജിപ്തിൽ എത്തിയിരുന്നതിനെപറ്റി പരാമർശമുണ്ട്. ഈജിപ്തിൽ നിന്ന് പുന്തിലേക്ക് അറിയപ്പെടുന്ന ആദ്യ യാത്ര സംഘടിപ്പിക്കുന്നത് ബി.സി.ഇ. 2500 നോടടുപ്പിച്ച് അഞ്ചാം രാജവംശത്തിലെ ഒരു രാജാവാണ്.

 
പുന്തിലെ രാജ്ഞി, ഹഷെപ്സൂട്ടിന്റെ ക്ഷേത്രച്ചുമരിൽ നിന്ന്.

ബി.സി.ഇ. 15-ആം നൂറ്റാണ്ടിൽ ഹഷെപ്സൂട്ട് രാജ്ഞി പുന്തിലേക്ക് ഒരു വമ്പൻ യാത്ര നടത്തിയതിനും തുടർന്ന് ആ രാജ്യവുമായി നിരന്തരം കച്ചവടം നടത്തിയിരുന്നതിനും തെളിവുകളായി ലക്സർ നഗരത്തിനെതിരെ, നൈൽ നദിയുടെ പടിഞ്ഞാറേക്കരയിൽ, ഈ രാജ്ഞിയുടെ ശവകുടീരത്തോടുചേർന്നുള്ള ക്ഷേത്രത്തിന്റെ ചുമരുകളിലെ ലിഖിതങ്ങളും ചിത്രങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്[3].

  1. Simson Najovits, Egypt, trunk of the tree, Volume 2, (Algora Publishing: 2004), p.258.
  2. കേസരിയുടെ ചരിത്രഗവേഷണങ്ങൾ, വാള്യം ഒന്ന്, പ്രൊ. എം എൻ. വിജയന്റെ അവതാരിക, പേജ് xiii
  3. http://en.wikipedia.org/wiki/Land_of_Punt
"https://ml.wikipedia.org/w/index.php?title=പുന്ത്&oldid=3984881" എന്ന താളിൽനിന്ന് ശേഖരിച്ചത്