പീറ്റർ ചേനപ്പറമ്പിൽ

റോമൻ കത്തോലിക്കാസഭയിലെ ആലപ്പുഴരൂപതയുടെ രണ്ടാമത്തെ മെത്രാൻ

ആലപ്പുഴ രൂപതയുടെ രണ്ടാമത്തെ മെത്രാൻ ആയിരുന്നു, ഡോ. പീറ്റർ എം. ചേനപ്പറമ്പിൽ (ഡിസംബർ 8, 1929 – ഏപ്രിൽ 18, 2013).[1]

അഭിവന്ദ്യ 
ഡോ. പീറ്റർ എം. ചേനപ്പറമ്പിൽ
ആലപ്പുഴ രൂപതയുടെ ദ്വിതീയ മെത്രാൻ
മെത്രാസന പ്രവിശ്യകേരളം
രൂപതആലപ്പുഴ രൂപത
ഭരണം അവസാനിച്ചത്ഡിസംബർ 9, 2001 (സ്വയം വിരമിച്ചു)
മുൻഗാമിഡോ. മൈക്കിൾ ആറാട്ടുകുളം
പിൻഗാമിഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ
വൈദിക പട്ടത്വംജൂൺ 1, 1956
മെത്രാഭിഷേകംസെപ്റ്റംബർ 4, 1983
വ്യക്തി വിവരങ്ങൾ
ജനനം(1929-12-08)ഡിസംബർ 8, 1929
മനക്കോടം, ചേർത്തല, ആലപ്പുഴ, കേരളം, ഇന്ത്യ
മരണം2013 ഏപ്രിൽ 18
കബറിടംമൗണ്ട് കാർമൽ കത്തീഡ്രൽ, ആലപ്പുഴ
ദേശീയതഇന്ത്യൻ
വിഭാഗംറോമൻ കത്തോലിക്കാ സഭ
മാതാപിതാക്കൾമൈക്കിൾ
ജോസഫൈൻ

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ, അന്ധകാരനഴിക്കടുത്തുള്ള മനക്കോടം എന്ന കടലോരഗ്രാമത്തിൽ ചേനപ്പറമ്പിൽ മൈക്കിളിന്റെയും ജോസഫൈന്റെയും പുത്രനായി 1929 ഡിസംബർ 8നു ജനിച്ചു.[2]

കാന്റിയിലെ പേപ്പൽ സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കിയ പീറ്റർ എം ചേനപ്പറമ്പിൽ 1956 ജൂൺ 1നു വൈദികനായി അഭിഷിക്തനായി. ബി.എ, ബി.എഡ്. ബിരുദധാരിയാണ്. തുടക്കത്തിൽ കുറച്ചുകാലം ബോംബേ അതിരൂപതയിൽ സേവന്മനുഷ്ഠിച്ചു.[3]

തുടർന്ന് ആലപ്പുഴരൂപതയിലെത്തിയ അദ്ദേഹം, നിരവധി ദൈവാലയങ്ങളിൽ വികാരിയായി പ്രവർത്തിച്ചു. രൂപതയുടെ കീഴിലുള്ള സാമൂഹികപ്രവർത്തനസംഘടനയായ സോഷ്യൽ വർക്സിന്റെ ഡയറക്ടറായും രൂപതയുടെ കീഴിലുള്ള സ്കൂളുകളുടെ കോർപ്പറേറ്റ് മാനേജരായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് മാനേജരായും ആലപ്പുഴരൂപതയുടെ വികാരി ജനറലായും പീറ്റർ എം. ചേനപ്പറമ്പിൽ സേവനമനുഷ്ഠിച്ചു.

1982 നവംബറിൽ ആലപ്പുഴരൂപതയുടെ സഹായമെത്രാനായി നിയുക്തനായി. 1983 സെപ്തംബർ 4 ന് മെത്രാനായി അഭിഷിക്തനായ അദ്ദേഹം, 1984ൽ ഏപ്രിൽ 28ന് ബിഷപ്പ് ഡോ. മൈക്കിൾ ആറാട്ടുകുളം വിരമിച്ചതോടെ ആലപ്പുഴരൂപതയുടെ രണ്ടാമത്തെ അദ്ധ്യക്ഷനായി സ്ഥാനമേറ്റു.

റിട്ടയർമെന്റിന് സഭ നിശ്ചയിച്ച പ്രായമെത്തുന്നതിനു മുമ്പുതന്നെ തന്റെ പിൻഗാമിയായ ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിനെ രൂപതാഭരണമേൽപിച്ച്, വിശ്രമജീവിതത്തിലേയ്ക്കു പ്രവേശിക്കുകയുംചെയ്തു. 2013 ഏപ്രിൽ 18 ന്, വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്, അദ്ദേഹം അന്തരിച്ചു.[4]

സംഭാവനകൾ

തിരുത്തുക

സംഗീതജ്ഞനും വാഗ്മിയുമായിരുന്ന അദ്ദേഹമാണ്, മഴവെള്ളസംഭരണി എന്ന ആശയം കേരളത്തിൽ ആദ്യമായി നടപ്പാക്കിയത്. സൗരോർജ അടുപ്പുകൾ ജനപ്രിയമാക്കാനും പട്ടുനൂൽക്കൃഷി, മുട്ടക്കോഴി, മീൻവളർത്തൽപദ്ധതികൾ നടപ്പാക്കാനും അദ്ദേഹം ജീവിതത്തിൽ വലിയൊരു സമയം നീക്കിവച്ചു.[5] ആലപ്പുഴരൂപതയിലെ സാമൂഹികസേവനപ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ച അദ്ദേഹം, നാട്ടിലും വിദേശത്തുമുള്ള ഒട്ടേറെ സേവനപദ്ധതികളുമായി രൂപതയിലെ പ്രവർത്തനങ്ങളെ ബന്ധപ്പെടുത്തി സജീവമാക്കിയത്, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ജനങ്ങൾക്കു വളരെയേറെ സഹായകരമായി.

അദ്ദേഹം രൂപംകൊടുത്ത ടൌൺ ഇംപ്രൂവ്മെന്റ് ഫോറം ആലപ്പുഴയുടെ വികസനത്തിനുവേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും അവ നടപ്പാക്കുന്നതിനു സർക്കാരിൽ നിരന്തരസമ്മർദംചെലുത്തുകയുംചെയ്തു. പ്രതിഭാശാലികളായ വിദ്യാർത്ഥികളെക്കണ്ടെത്തി, അവർക്കു പ്രത്യേകപരിശീലനംനല്കുന്നതിനായി, അദ്ദേഹം ആവിഷ്ക്കരിച്ച യുവസ്വപ്ന എന്ന പദ്ധതി, വ്യക്തിത്വവികസനപരിശീലനരംഗത്ത്, ഇന്ന് ആലപ്പുഴരൂപതയിലെ സജീവസാന്നിധ്യമാണ്.[6]

ബോംബെയിലെ ഓണററി മജിസ്ട്രേറ്റുമാരിലൊരാളായി മഹാരാഷ്ട്ര സർക്കാർ അദ്ദേഹത്തെ നിയമിച്ചത് അദ്ദേഹത്തിന്റെ പൊതുജീവിതത്തിനുള്ള അംഗീകാരമായിരുന്നു.[7]

1970-കളിൽ ആലപ്പുഴ സ്പിന്നേഴ്സിലെ തൊഴിൽത്തർക്കത്തിന്, അനുരഞ്ജനചർച്ചയിലൂടെ പരിഹാരംകണ്ടെത്താൻ അദ്ദേഹത്തിനു കഴിഞ്ഞത്, പൊതുരംഗത്തെ അദ്ദേഹത്തിന്റെ നേതൃത്വത്തിനുള്ള അംഗീകാരമാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "ആലപ്പുഴ രൂപത". Archived from the original on 2013-05-27. Retrieved 2013-05-25. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. www.catholic-hierarchy.org/
  3. മാധ്യമം ദിനപത്രം[പ്രവർത്തിക്കാത്ത കണ്ണി]
  4. ബിഷപ് ഡോ. പീറ്റർ എം. ചേനപ്പറന്പിൽ കാലംചെയ്തു [പ്രവർത്തിക്കാത്ത കണ്ണി]
  5. മംഗളം ദിനപത്രം, 2013 ഏപ്രിൽ 13 വെള്ളി
  6. ആലപ്പുഴയുടെ വികസനം കൊതിച്ച നല്ലിടയൻ - ദേശാഭിമാനി ദിനപത്രം (ഏപ്രിൽ 19, 2013)
  7. "ബിഷപ് ഡോ. പീറ്റർ ചേനപ്പറമ്പിൽ വികസനം സ്വപ്നംകണ്ട പാവങ്ങളുടെ പിതാവ്". Archived from the original on 2016-03-05. Retrieved 2013-05-25. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
"https://ml.wikipedia.org/w/index.php?title=പീറ്റർ_ചേനപ്പറമ്പിൽ&oldid=4084521" എന്ന താളിൽനിന്ന് ശേഖരിച്ചത്