പിയേർ ലൂയി ഡ്യൂലോൺ
ഒരു ഫ്രഞ്ച് രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായിരുന്നു പിയേർ ലൂയി ഡ്യൂലോൺ. അലക്സിസ് തേരേസ പെറ്റിറ്റുമായിച്ചേർന്ന് ആവിഷ്കരിച്ച പ്രസിദ്ധമായ ഡ്യൂലോൺ-പെറ്റിറ്റ് നിയമം (1819) അണുഭാരം നിർണയിക്കുന്നതിന് പ്രയോജനപ്രദമാണ്. 1785 ഫെബ്രുവരിയിൽ 12-നു റൂയനിൽ ഡ്യൂലോൺ ജനിച്ചു.
പിയേർ ലൂയി ഡ്യൂലോൺ | |
---|---|
![]() | |
ജനനം | റൗവെൻ | 12 ഫെബ്രുവരി 1785
മരണം | 19 ജൂലൈ 1838 പാരിസ് | (പ്രായം 53)
ഗവേഷകൻതിരുത്തുക
വൈദ്യശാസ്ത്രത്തിൽ പരിശീലനം നേടിയെങ്കിലും ഡ്യൂലോൺ രസതന്ത്ര, ഭൗതികശാസ്ത്ര അധ്യാപനത്തിലാണ് കൂടുതൽ ഉത്സുകനായത്. ഗവേഷണത്തിലുള്ള താത്പര്യം നിമിത്തം ആർക്വീലിലെ ബെർത്തലോ പരീക്ഷണശാലയിലെ പ്രശസ്തരായ ശാസ്ത്രജ്ഞരോടു ചേർന്ന് പ്രവർത്തനമാരംഭിച്ചു (1811). നൈട്രജൻ ട്രൈക്ലോറൈഡ് എന്ന സ്ഫോടക വസ്തുവിന്റെ കണ്ടുപിടിത്തമാണ് ഡ്യൂലോണിന്റെ ആദ്യത്തെ പ്രധാന സംഭാവന (1812). ഈ പരീക്ഷണങ്ങൾക്കിടെ ഇദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ചയും രണ്ടു വിരലും നഷ്ടപ്പെട്ടു. നൈട്രജൻ ട്രൈക്ളോറൈഡിന്റെ സ്ഫോടക സ്വഭാവത്തെക്കുറിച്ചുള്ള പഠനങ്ങൾ ഇദ്ദേഹത്തിന്റെ പിൽക്കാല താപരസതന്ത്ര പഠനങ്ങൾക്കു മുന്നോടിയായി. ബെർത്തലോയുടെ നിർദ്ദേശാനുസരണം രാസസംയോഗങ്ങളിൽ മൂലകങ്ങളുടെ അനുപാതങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തുന്നതിനിടയിൽ ഡ്യൂലോൺ ഹൈപോ ഫോസ്ഫറസ് അമ്ലം കണ്ടുപിടിച്ചു (1816).
ഡ്യൂലോൺ-പെറ്റിറ്റ് നിയമംതിരുത്തുക
ഇക്കാലത്താണ് ഗണിത-ഭൗതിക ശാസ്ത്രജ്ഞനായ അലക്സിസ് തെരേസ പെറ്റിറ്റുമായുള്ള ഡ്യൂലോണിന്റെ പ്രശസ്തമായ സഹയോഗം ആരംഭിച്ചത്. താപ-രാസ പഠനങ്ങളിലാണിവർ വ്യാപരിച്ചത്. താപീയ വികാസം (thermal expansion), താപമാപനം (temperature measurement) എന്നീ മേഖലകളിൽ ഇവർ നടത്തിയ ഗവേഷണങ്ങൾക്ക് അക്കാദമി ഒഫ് സയൻസസിന്റെ പുരസ്കാരം ലഭിക്കുകയുണ്ടായി (1818). ഏതാണ്ട് എല്ലാ ഖര മൂലകങ്ങളുടേയും അണുഭാരവും ആപേക്ഷികതാപവും തമ്മിലുള്ള ഗുണനഫലം ഒരു സ്ഥിരാങ്കം ആയിരിക്കും എന്ന് ഇവർ കണ്ടെത്തി. ഈ ആശയമാണ് ഡ്യൂലോൺ-പെറ്റിറ്റ് നിയമത്തിൽ ആവിഷ്കരിച്ചിരിക്കുന്നത് (1819). 1820-ൽ പെറ്റിറ്റിന്റെ മരണശേഷവും വാതകങ്ങളുടെ ആപേക്ഷിക താപത്തെക്കുറിച്ചുള്ള പഠനങ്ങൾ ഡ്യൂലോൺ തുടർന്നു കൊണ്ടിരുന്നു.
താപരസതന്ത്ര പഠനങ്ങൾതിരുത്തുക
താപരസതന്ത്രത്തിൽ മറ്റനവധി പഠനങ്ങളും ഡ്യൂലോണിന്റേതായി ലഭിച്ചിട്ടുണ്ട്.
- വാതകങ്ങളുടെ സംയോഗത്തെ സഹായിക്കുന്ന ചില ലോഹങ്ങളുടെ ഗുണധർമങ്ങൾ (1820)
- വാതകങ്ങളുടെ ഉച്ച താപസഹസ്വഭാവം (1826)
- വാതകങ്ങളുടെ ആപേക്ഷിക താപം (1829)
- ഉയർന്ന താപനിലകളിൽ നീരാവിയുടെ ഇലാസ്തികത (1830)
- താപമോചക രാസപ്രവർത്തനങ്ങൾ (1838)
എന്നിവ ഉദാഹരണങ്ങളാണ്. 1838 ജൂലൈ 18-ന് പാരിസിൽ ഡ്യൂലോൺ നിര്യാതനായി.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- http://encyclopedia2.thefreedictionary.com/Dulong,+Pierre+Louis
- http://www.cartage.org.lb/en/themes/biographies/mainbiographies/d/dulong/1.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡ്യൂലോൺ, പിയേർ ലൂയി (1785 - 1838) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |