തർപ്പണം

മരിച്ചു പോയ പിതൃക്കൾക്കായി ഹൈന്ദവർ ചെയ്യുന്ന ഒരു കർമ്മമാണ് തർപ്പണം
(പിതൃബലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മരിച്ചു പോയ പിതൃക്കൾക്കായി ഹൈന്ദവർ ചെയ്യുന്ന ഒരു കർമ്മമാണ് തർപ്പണം. അരി, പൂവ്, ജലം, എള്ള് തുടങ്ങിയവയാണ് തർപ്പണം ചെയ്യുക. സ്വന്തം പിതാവ് മരിച്ചവർക്കുമാത്രമേ തർപ്പണം ചെയ്യാവൂ എന്നാണ്‌ വിധി. തർപ്പണം ഒരുവന്റെ മൂന്ന് തലമുറയിലെ പിതൃക്കൾക്ക് അതായത് പിതാവ്/മാതാവ്, മുത്തച്ഛൻ/മുത്തശ്ശി, മുതുമുത്തച്ഛൻ/മുതുമുത്തശ്ശി അവരുടെ ഭാര്യമാരോടൊപ്പവും പിന്നെ മാതൃ പിതാവിനും മുത്തച്ഛനും മുതുമുത്തഛനും മാത്രമേ ചെയ്യുകയുള്ളൂ. ഇത് ചെയ്യുന്നത്‌ കറുത്തവാവ്, ഗ്രഹണം എന്നീ നാളുകളിലാണ്‌. ശ്രാദ്ധ കർമ്മം തർപ്പണവുമായി വിഭിന്നമാണ്‌. ശ്രാദ്ധം പിതാവ് മരിച്ച നാൾ (അഥവാ തിഥി) വരുന്ന ദിവസാമാണ്‌ ചെയ്യേണ്ടത്. എല്ലാ മാസത്തിലെയും കറുത്ത വാവു ദിവസം പിതൃക്കൾക്കായി തർപ്പണം ചെയ്യാം. എന്നാൽ, കർക്കിടകമാസത്തിലെയും തുലാമാസത്തിലെയും അമാവാസികൾക്കു കൂടുതൽ പ്രാധാന്യമുണ്ട്. കേരളത്തിലെ ശിവക്ഷേത്രങ്ങളിൽ ജനങ്ങൾ ഈ നാളുകളിൽ കൂട്ടമായി ചെന്ന് തർപ്പണം ചെയ്യുന്നു. [1] ആലുവാ ശിവരാത്രി ഇത്തരത്തിൽ ഒരു പ്രധാന ഉത്സവമാണ്.

തർപ്പണത്തിന്റെ ചടങ്ങുകളിൽ നിന്ന്
Wiktionary
Wiktionary
തർപ്പണം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
തർപ്പണത്തിന്‌ ഉപയോഗിക്കുന്ന പൂജാദ്രവ്യങ്ങൾ (അരി, കറുക പുല്ല്, എള്ള്, വാഴയില, ചെറൂള, തുളസി)

ബുദ്ധമതരാജ്യങ്ങളിലെല്ലാം തന്നെ ഇതിനു സമാനമായ പിതൃബലി അർപ്പിക്കുന്നു. ജപ്പാനിൽ ഇതിന് ഛയീ എന്നാണ് പറയുക. കേരളത്തിൽ കർക്കിടകവാവുബലി നിള, പെരിയാർ തുടങ്ങി നദിയോരങ്ങളിലുള്ള ക്ഷേത്രങ്ങളിലാണ് പ്രധാനമായും നടത്തപ്പെടുന്നത്. കേരളത്തിൽ പ്രബലമായ ഈ ആചാരാനുഷ്ഠാനം ബൌദ്ധരിൽ നിന്ന് ഏറ്റുവാങ്ങിയ ഏറ്റവും ഗഹനമായ പൈതൃകമാണ് എന്ന് പി.ഒ. പുരുഷോത്തമൻ ‍[2]അടക്കമുള്ള ചിലർ കരുതുന്നു.

പേരിനു പിന്നിൽ

തിരുത്തുക

തർപ്പൺ എന്ന സംസ്കൃതപദത്തിൽ നിന്നാണ് തർപ്പണം ഉണ്ടായത്[3]. അർത്ഥം സംതൃപ്തിയേകുന്ന ഭക്ഷണദാനം. എള്ളും ജലവും ചേർത്ത അർപ്പണത്തെയാണ് തർപ്പണം എന്ന് തന്ത്രവിധികളിൽ.

ഐതിഹ്യം

തിരുത്തുക

മരിച്ചവർ ചന്ദ്രന്റെ അന്ധകാരമാനമായ ഭാഗത്തുള്ള പിതൃ ലോകത്തേക്ക് ഉയർത്തപ്പെടുന്നു എന്ന് ഹൈന്ദവർ വിശ്വസിക്കുന്നു. അവിടെ നിന്ന് അവർ പുനർജ്ജനിക്കുകയോ അല്ലെങ്കിൽ മറ്റു ലോകങ്ങളിലേക്ക് പോകുകയോ മോക്ഷപ്രാപ്തി ലഭിച്ച് ദൈവത്തിനൊപ്പം സ്ഥാനം ലഭിക്കുകയോ ചെയ്യുന്നു. പിതൃ ലോകത്ത് വസു, രുദ്ര, ആദിത്യ എന്നീ‍ മൂന്ന് തരം ദേവതകൾ ഉണ്ട്. ഇവർ തർപ്പണങ്ങൾ സ്വീകരിച്ച് അത് അതത് പിതൃക്കൾക്കെത്തിക്കുകയും അത് സ്വർഗ്ഗത്തിലേക്കുള്ള യാത്രക്കിടയിൽ അവർക്ക് പാഥേയം ആയി ഭവിക്കുകയും ചെയ്യുന്നു. തർപ്പണം ആണ് പിതൃക്കൾക്കുള്ള ഏക ഭക്ഷണം എന്നും അത് കിട്ടാഞ്ഞാൽ പിതൃക്കൾ മറ്റു ജന്മമെടുക്കുമെന്നും അവരുടെ ശാപം വരൂം തലമുറകളെ ബാധിക്കുമെന്നും വിശ്വസിക്കുന്നു.

കേരളത്തിലെ പമ്പാ നദിയിൽ ശ്രീരാമൻ വാനപ്രസ്ഥകാലത്ത് ദശരഥന്‌ പിതൃതർപ്പണം ചെയ്തു എന്ന് ഐതിഹ്യമുണ്ട്. ഈ കാരണം കൊണ്ടാണ് ഇന്ന് ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തന്മാർ പമ്പയിൽ പിതൃതർപ്പണം നടത്തിയതെന്നും അതല്ല, അയ്യപ്പൻ തന്നെ തന്റെ വീരമൃത്യു പ്രാപിച്ച പോരാളികൾക്കായി തർപ്പണം ചെയ്തതിനാലാണ്‌ ഇത് എന്നും [4] അതുമല്ല ബുദ്ധൻ ഏർപ്പെടുത്തിയ ഉത്‍ലംബനം അതിൻറേതായ രീതിയിൽ പിന്നീട് ക്ഷേത്രം ഏറ്റെടുത്ത ആര്യവർഗ്ഗക്കാർ പിന്തുടരുകയായിരുന്നു എന്നും വിശ്വാസങ്ങൾ ഉണ്ട്.

കർക്കിടകമാസവും വാവുബലിയും

തിരുത്തുക

ദക്ഷിണായനം പിതൃക്കൾക്കും ഉത്തരായനം ദേവന്മാർക്കും ഉള്ളതാണെന്ന് ശാസ്ത്രം. ജനുവരി 14 മുതൽ ആറ് മാസം ഉത്തരായനവും ശേഷം ദക്ഷിണായനവും ആണ്. ദക്ഷിണായനത്തിൽ മരിക്കുന്നവരാണ് പിതൃലോകത്തിൽ പോകുന്നത്. ഇതിന്റെ ആരംഭമാണ് കർക്കിടകമാസം. ഇതിന്റെ കറുത്തപക്ഷത്തിൽ പിതൃക്കൾ ഉണരുന്നു. ഭൂമിയിലെ ഒരു മാസം അവർക്ക് ഒരു ദിവസം ആകുന്നു. ഇങ്ങനെ പന്ത്രണ്ട് മാസം പന്ത്രണ്ട് ദിവസം. പന്ത്രണ്ട് ദിവസത്തിലൊരിക്കൽ, ഭൂമിയിൽ ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുജനങ്ങൾ പിതൃക്കൾക്ക് അന്നം എത്തിച്ച് കൊടുക്കണം. [അവലംബം ആവശ്യമാണ്] ഇതാണ് വാവുബലി. വാവുബലി മുടക്കുന്നവരോട് പിതൃക്കൾ കോപിക്കുന്നു എന്നാണ് മറ്റൊരു വിശ്വാസം.

ജലത്തിൽ പിതൃതർപ്പണം

തിരുത്തുക

പ്രപഞ്ചത്തിലെ പാതാളം മുതൽ സത്യലോകം വരെ പതിനാലു ലോകങ്ങളിൽ മദ്ധ്യഭാഗത്ത് ഭൂമിയും,ഭൂമിക്ക് നേർമുകളിൽ ഭുവർലോകം,സ്വർഗ്ഗലോകം എന്നിങ്ങനെയാകുന്നു. ഭുവർലോകം പിതൃക്കളുടെ ലോകമാകുന്നു. സ്വർഗ്ഗം ദേവന്മാരുടെയും. ഭൂമി ഏറ്റവും സ്ഥുലമായത് കൊണ്ട് ഇവിടെ സ്ഥുലരൂപത്തിലുള്ള ആഹാരമാണ് കഴിക്കാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ നമുക്ക് പാകപ്പെടുത്തുന്ന ആഹാരം കഴിച്ച് തൃപ്തിപ്പെടേണ്ടി വരുന്നു. എന്നാൽ ശരീരത്തിനുള്ളിൽ സൂക്ഷ്മശരീരമുണ്ട്. ഇത് പ്രാണമയമാണ്. ശരീരം വിടുന്ന ജീവൻ പ്രാണമാത്രമായി സ്ഥുലദേഹമില്ലാത്തവനായി പിതൃലോകത്ത് വസിക്കുന്നു. ഭൂമിക്ക് മുകളിലാണല്ലോ പിതൃലോകമായ ഭുവർലോകം. അത് ഭൂമിക്ക് മുകളിൽ സങ്കൽപ്പിക്കപ്പെടുന്ന ജലതത്വമാകുന്നു. പ്രാണനും ജലതത്വം തന്നെ. അപ്പോൾ പിതൃക്കൾക്ക് ജലത്തിലൂടെയേ ഭക്ഷണം കഴിക്കാനാകു എന്നു വ്യക്തം. ആ സങ്കൽപ്പത്തിലാണ് കർക്കിടക നാളിൽ കറുത്തവാവിന് ജലത്തിൽ പിതൃതർപ്പണം നടത്താറുള്ളത്.

ചരിത്രം

തിരുത്തുക

ഹിന്ദുമതവിശ്വാസപ്രകാരം മരണമടഞ്ഞവർ മോക്ഷപ്രാപ്തി നേടുകയാണ് ചെയ്യുന്നത്. വേദങ്ങളിൽ തർപ്പണം ചെയ്യുന്നതിന് വിധികൾ ഉണ്ട്. ആപസ്ഥംഭൻ [5], ബൌദ്ധായൻ, ദ്രഹ്യായനൻ തുടങ്ങിയവ പല ആചാര്യന്മാർ തർപ്പണത്തിന്റെ വിധികൾ പിന്നീട് ക്രോഡീകരിച്ചിട്ടുണ്ട്. ഋഗ് ‍വേദത്തിലും സാമവേദത്തിലും ഉള്ള മന്ത്രങ്ങൾ വ്യത്യാസമുള്ളവയാണ്. പല വിഭാഗങ്ങളിലും പലരീതിയിലുള്ള സങ്കല്പങ്ങൾ നിലവിലുണ്ട്. എന്നാൽ പിതൃലോകം എന്ന ഒരു വിശ്വാസം പുരാണഗ്രന്ഥങ്ങളിൽ ഒന്നും തന്നെയില്ല. ബുദ്ധമതത്തിലാണ് ഇത്തരം ലോകങ്ങൾ ഉണ്ട് എന്ന വിശ്വാസം ഉള്ളത്. ബുദ്ധമതത്തിൽ ഇത് തുടങ്ങിവച്ചത് ശ്രീ ബുദ്ധനാണ്. ഉല്ലംബനം (ഉത്‍ലംബനം) എന്നാണതിന്റെ പേര്. അതിന്റെ ചരിത്രം ബുദ്ധന്റെ ആദ്യത്തെ പത്ത് ശിഷ്യന്മാരിലൊരാളായ മൌദ്ഗല്യായനുമായൊ ബന്ധപ്പെട്ടാണ്. അതീന്ദ്രിയ ജ്ഞാനമുണ്ടായിരുന്ന അദ്ദേഹത്തിന് തന്റെ മരിച്ചു പോയ മാതാവ് ദുർഗ്ഗതി പ്രാപിച്ച് പ്രേതലോകത്ത് വീണു കരയുന്നതായി ജ്ഞാനം സിദ്ധിച്ചു. ഗുരുവിനോട് അമ്മയെ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച മൌദ്ഗല്യായന് സംഘം ചേർന്ന് ബലി അർപ്പിക്കണമെന്നും അതിനുള്ള ഏറ്റവും പറ്റിയ സമയമാണ് ആഷാഢത്തിലെ അമാവാസി നാൾ എന്നുമുള്ള ഉപദേശമാണ് ശ്രീബുദ്ധൻ നൽകിയത്. ആ വർഷം ഭിക്ഷുക്കൾ എല്ലാം ചേർന്ന് നദീ തീരത്ത് വച്ച് കൂട്ട ഉല്ലംബനം ചെയ്തു. (വീണ ജീവനെ നേരെ നീർത്തുക എന്നാണ് ഉല്ല്ലംബനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്). ഇന്ന് എല്ലാ ബുദ്ധമതരാജ്യങ്ങളിലും പിതൃബലി പ്രധാനപ്പെട്ട അനുഷ്ഠാനമാണ്. [2]

വിവിധ തർപ്പണങ്ങൾ

തിരുത്തുക
  1. കുണ്ഡ തർപ്പണം - ശേഷം കെട്ടിയ ആൾ, അതായത് ആരാണോ മരണാനന്തര ക്രിയ ചെയ്യൂന്നത് അയാൾ മരണത്തിന്റെ ആദ്യ പത്ത് ദിവസം വീട്ടുമുറ്റത്ത് തയ്യാറാക്കിയ കുഴിയിൽ (കുണ്ഡത്തിൽ) ചെയ്യേണ്ടതായ തർപ്പണം.
  2. ബ്രഹ്മ യജ്ഞ തർപ്പണം - ഇത് ബ്രാഹ്മണ പുരോഹിതർ ദിവസവും ചെയ്യുന്ന തർപ്പണമാണ്. ദേവന്മാർക്കും മഹർഷിമാര്ക്കും പിതൃക്കൾക്കുമാണ് ഇത് അർപ്പിക്കുന്നത്.
  3. പർഹേനി തർപ്പണം - വാർഷികമായി ചെയ്യേണ്ട ശ്രാദ്ധത്തിന്റെ അടുത്ത നാൾ ചെയ്യേണ്ട തർപ്പണം ആണിത്. പിതാവിന്റെ വംശത്തിന് മാത്രം നൽകപ്പെടുന്ന ഇത് ഇന്ന് ശ്രാദ്ധ നാളിൽതന്നെയാണ് ചെയ്യുന്നത്.
  4. സാധാരണ തർപ്പണം - അമാവാസികളിൽ ചെയ്യാവുന്ന തർപ്പണം. മേടം കർക്കിടകം, തുലാം, മകര വാവുനാളുകളിലും ഗ്രഹണനാളുകളിലും ചെയ്യാം. [6]

ആചാരങ്ങൾ

തിരുത്തുക

സാധാരണയായി ഒരു ആചാര്യൻ മുഖേനയാണ് ഇത്തരം ചടങ്ങുകൾ നടത്തുക. മന്ത്രങ്ങൾ അറിയാമെങ്കിലും ബ്രാഹ്മണരും ആചാര്യൻ മുഖേനയാണ് ഇത്തരം കർമ്മങ്ങൾ ചെയ്യുക.

 
പ്രദക്ഷിണം

തർപ്പണം (ശ്രാദ്ധമായാലും) ചെയ്യുന്ന ആൾ തലേ ദിവസം മുതൽ ശരിരം പരിശുദ്ധമാക്കാനുണ്ട്. ലൌകിക ജീവിതത്തിൽ നിന്ന് ഒഴിഞ്ഞ് നിൽകുകയും ഒരു നേരം മാത്രം ഭക്ഷണം കഴിക്കുകയും ചെയ്യണം. (ഇന്ന് ഒരു നേരം അരി ഭക്ഷണം മറ്റു നേരങ്ങളിൽ അരിയല്ല്ലാത്ത ഭക്ഷണം എന്നീ ഇളവുകൾ) കാണുന്നുണ്ട്. അടുത്ത ദിവസം ചന്ദ്രനുദിക്കുന്നതിനു മുന്നായിട്ടാണ് തർപ്പണം ചെയ്യേണ്ടത്. ആണുങ്ങൾക്ക് മാത്രമേ തർപ്പണം ചെയ്യാൻ പാടുള്ളൂ എന്നും ആൺ സന്താനത്തിലൂടെയാണ് പിതാവിന് മോക്ഷം കിട്ടൂ എന്നാണ് വിശ്വാസം[7] . എന്നാൽ ഇന്ന് പെണ്ണുങ്ങളും തർപ്പണം ചെയ്ത് വരുന്നുണ്ട്. തർപ്പണം കഴിയുന്നതുവരെ കുടിക്കുവാനോ ഭക്ഷിക്കുവാനോ പാടില്ല.

തർപ്പണ ദിവസം മറ്റു ആചാരങ്ങൾ മുറ പോലെ ചെയ്യേണ്ടതുണ്ട്. ഉദാ: സന്ധ്യാ വന്ദനം

താർ ഉടുത്താണ് തർപ്പണം ചെയ്യേണ്ടത്. ബ്രാഹ്മണർ ആ ദിവസം അലക്കി ഉണക്കിയ തുണി ഉടുക്കുന്നു. അല്ലെങ്കിൽ പട്ട് തുണി ഉടുക്കാം. ഉണങ്ങാത്ത തുണികൾ 7 പ്രാവശ്യം കുടഞ്ഞ് ധരിക്കണം. എന്നാൽ ഇക്കാലത്ത് രാവിലെ തുണി ഉണങ്ങിക്കിട്ടാൻ പ്രയാസാമായതിനാൽ ഈറനുടുത്ത് കർമ്മങ്ങൾ ചെയ്യാൻ ഇളവുകൾ ഉണ്ട്. മേൽവസ്ത്രം ഉപയോഗിക്കാറില്ല. എന്നാൽ കാശ്മീർ പോലുള്ള തണൂപ്പുള്ള സ്ഥലങ്ങളിൽ ഇതുപോലുള്ള കർമ്മങ്ങൾ മൂഴുവൻ വസ്ത്രത്തോടെ തന്നെയാണ് ചെയ്യപ്പെടുന്നത്.

പൂജാ ദ്രവ്യങ്ങൾ

തിരുത്തുക

വലിയ യജ്ഞത്തിനു വേണ്ടുന്ന സാമഗ്രികൾ ഈ കർമ്മത്തിന് ആവശ്യമില്ല; വിളക്ക്, ജലം (കിണ്ടിയിൽ), എള്ള്, അരി, പുഷ്പം, ധൂപം, കർപ്പൂരം, വാഴയില, ധർഭ പുല്ല് തുടങ്ങിയവയാണ് ഇതിനായി വേണ്ടത്. എന്നാൽ ബ്രാഹ്മണരുടെ തർപ്പണത്തിൽ അരി ഉണ്ടാകാറില്ല.

ദർഭ പുല്ല്

തിരുത്തുക

പുരാണങ്ങളില്ലും മറ്റും മുനിമാർ ഇരിക്കുക ദർഭകൊണ്ടുണ്ടാക്കിയ പായയിലാണ്. ഇതേ പ്രതീകത്തിലാണ് ഏഴോ ഒൻപതോ ദർഭപുല്ലുകൾ തർപ്പണം ചെയ്യുന്ന ഇലയിൽ വക്കുന്നത്. ഇതിനുശേഷം തുമ്പ് വളച്ചുകെട്ടിയ ദർഭപുല്ലുകളെ കൂർശം എന്ന പേരിൽ വയ്ക്കുന്നു. ഇത് പിതൃക്കളേ പ്രതിനിധാനം ചെയ്യുന്നു. പിതൃക്കളെ ഈ കൂർശ്ശത്തിൽ ആവാഹനം ചെയ്യുന്ന തരക്കാരും ഉണ്ട്. തർപ്പണം ചെയ്യുന്ന ആൾ പീഠത്തിലോ അല്ലെങ്കിൽ ദർഭപുല്ലിന്റെ പ്രതീകത്തിലോ ആണ് ഇരിക്കുക.

പവിത്രം

തിരുത്തുക

ദർഭപുല്ലുകൊണ്ടുള്ള പവിത്രധാരണം തർപ്പണത്തിലും ശ്രാദ്ധത്തിലും അവശ്യമാണ്. പവിത്രം പാപനാശകമാണ് എന്ന് കരുതുന്നു. ഇത് വലത്തേക്കയ്യിലെ മോതിര വിരലിൽ ആണ് ധരിക്കേണ്ടത്. ഇത് മൂന്ന് ദർഭപുല്ലുകൾ പ്രത്യേകരീതിയിൽ പിരിച്ച് കെട്ടി (പവിത്രക്കെട്ട്) ഉണ്ടാക്കുന്നു.

ചെയ്യുന്ന രീതി

തിരുത്തുക
  1. ആചമനം
  2. ഗണപതി ധ്യാനം
  3. പ്രാണായാമം
  4. സങ്കൽപം
  5. തില തർപ്പണം
  6. പിതൃ വർഗ്ഗ ആവാഹനം
    1. ആസനം
  7. മാതൃ വർഗ്ഗ ആവാഹനം
    1. ആസനം
  8. തർപ്പണം
    1. പിതൃ വർഗ്ഗം
    2. മാതൃവർഗ്ഗം
    3. പൂർവ്വ പിതൃക്കൾ
    4. അറിയപ്പെടാത്തവർക്ക്
  9. പ്രദക്ഷിണം


ഇതും കാണുക

തിരുത്തുക

ശ്രാദ്ധം

  1. "Thousands offer 'Bali Tharpanam' to propitiate departed souls" (in ഇംഗ്ലീഷ്). timesofindia. 9 Aug 2002. Retrieved 2007-. {{cite news}}: Check date values in: |accessdate= (help)
  2. 2.0 2.1 പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-07-15. Retrieved 2007-08-12.
  5. http://www.archive.org/details/AapasthambaSriVaishnavaChraadhaPrayogam
  6. രാമചന്ദർ പി.ആർ. "Introduction to Tharpanam (Oblations to the manes)". Archived from the original on 2007-07-05. {{cite web}}: Cite has empty unknown parameters: |accessyear=, |month=, |accessmonthday=, and |coauthors= (help)
  7. ഇ., ചന്ദ്രശേഖരൻ നായർ (2006). ഹിന്ദുമതം ഹിന്ദുത്വം. തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൌസ്. ISBN 81-7705-147-4. {{cite book}}: Cite has empty unknown parameter: |coauthors= (help)

കുറിപ്പുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തർപ്പണം&oldid=3814136" എന്ന താളിൽനിന്ന് ശേഖരിച്ചത്