പാബ്ലോ നെരൂദ

ചിലിയിലെ കവിയും എഴുത്തുകാരനും കമ്യൂണിസ്റ്റ് പ്രവർത്തകനും

പാബ്ലോ നെരൂദ (ജൂലൈ 12, 1904 - സെപ്റ്റംബർ 23, 1973) ചിലിയിലെ കവിയും എഴുത്തുകാരനും കമ്യൂണിസ്റ്റ് പ്രവർത്തകനുമായ റിക്കാർഡോ എലിസെർ നെഫ്താലി റെയെസ് ബസോആൾട്ടോയുടെ തൂലികാനാമമാണ്.

പാബ്ലോ നെരൂദNobel Prize in Literature
തൊഴിൽPoet, Diplomat, Political figure
അവാർഡുകൾNobel Prize in Literature
1971

ആദ്യകാലം

തിരുത്തുക

ജനനം ചിലിയിലെ പാരാലിൽ (Parral) 1904 ജുലൈ‌ 12-ന്‌. യഥാർത്ഥപേര്‌ നെഫ്താലി റിക്കാർഡോ റെയസ്‌ ബസോൽറ്റോ. അച്ഛൻ ഡോൺ ജോസ്‌ ഡെൽ കാർമൻ റെയസ്‌ മൊറാൽസ്‌ ഡെൽ കാർമെൻ റെയിസ് മോറൽ ഒരു സാധാരണ റയിൽവേ ജോലിക്കാരൻ ആയിരുന്നു. അമ്മ റോസ്സാ ബസ്സാൾട്ടോ ഡി റെയിസ് ഒരു സ്കൂൾ അദ്ധ്യാപിക ആയിരുന്നു. നെരൂദ ജനിച്ച വർഷം തന്നെ ഓഗസ്റ്റ് മാസത്തിൽ അമ്മ‍ ക്ഷയരോഗം മൂലം മരിച്ചു. 1906 ൽ അച്ഛനോടൊപ്പം ടെമുക്കൊയിൽ ട്രിനഡാഡ് കാൻഡിയ മാർ വെഡർ എന്ന രണ്ടാനമ്മയോടൊപ്പം താമസമാക്കി. നെരൂദ എന്ന തൂലികാനാമത്തിൽ പത്ത് വയസ്സു മുതൽ തന്നെ കവിതയെഴുതിത്തുടങ്ങി. 12 മത്തെ വയസ്സിൽ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടായി. പ്രസിദ്ധ ചിലിയൻ കവിയായ ഗബ്രിയേല മിസ്റ്റ്രൽ അദ്ദേഹത്തിന്റെ സാഹിത്യാഭിരുചികളെ പരിപോഷിപ്പിക്കാൻ വളരെയധികം സഹായിച്ചു. 1920 ഒക്ടോബറിൽ പാബ്ലോ നെരൂദയെന്ന തൂലികാനാമം സ്വീകരിച്ചു. ആ പേരിൽ പ്രശസ്തനായി. ഇരുപതു വയസ്സായപ്പോഴേയ്ക്കും ചിലിയിലെങ്ങും കവിയെന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ചു.

ജീവചരിത്രം

തിരുത്തുക
 
പാബ്ലോ നെരൂദ

1927-ൽ അന്നത്തെ ബർമയുടെ തലസ്ഥാനമായ റാങ്കൂണിലെ ചിലിയൻ സ്ഥാനപതിയായി. 1928-ൽ കൊളംബോയിലെ സ്ഥാനപതിയായി. 1929-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിൽ സൗഹൃദപ്രതിനിധിയായി പങ്കെടുത്തു. 1931-ൽ സിംഗപ്പൂരിൽ സ്ഥാനപതിയായി. ഇക്കാലയളവിലും അദ്ദേഹം കവിതാരചന തുടർന്നിരുന്നു.

1940-ൽ ചിലിയിൽ തിരിച്ചെത്തിയ നെരൂദ രാഷ്ട്രീയത്തിൽ സജീവമായി. ഒരു തവണ ചിലിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സെനറ്റ് അംഗമായിരുന്നു. 1945 മാർച്ച്‌ നാലിന്‌ ചിലിയൻ സെനറ്റിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. അന്റോഫഗസ്റ്റയിലെ ഖനിത്തൊഴിലാളികളുടെ അഭ്യർത്ഥനയനുസരിച്ചാണ്‌ നെരൂദ മത്സരിച്ചത്‌. ആ വർഷം ജുലൈ‌ എട്ടിന്‌ ചിലിയൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ അദ്ദേഹം അംഗമായി. 1946 ഡിസംബർ 28-ന്‌ പാബ്ലോ നേരൂദയെന്ന നാമം ഔദ്യോഗികമായി സ്വീകരിച്ചു. 1948-ൽ ചിലിയുടെ ഭരണസാരഥ്യമേറ്റ വലതുപക്ഷസ്വേച്ഛാധിപതി ഗോൺഥാലെ ഥ്‌വീഡെലായെ നെരൂദ കഠിനമായി വിമർശിച്ചത്‌, ഭരണകൂടത്തെ പ്രകോപിപ്പിച്ചു. ചിലിയിൽ കമ്യൂണിസം നിരോധിക്കുകയും നെരൂദയെ അറസ്റ്റുചെയ്യുവാൻ 1948 ഫെബ്രുവരി അഞ്ചിന്‌ ഒരു വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ചിലിയിലെ തുറമുഖ നഗരമായ വാൽ‌പരൈസോ എന്ന സ്ഥലത്ത് ഒരു വീടിന്റെ അടിത്തട്ടിൽ സുഹൃത്തുക്കൾ നെരൂദയെ മാസങ്ങളോളം ഒളിപ്പിച്ചു. ഒടുവിൽ നെരൂദ ഒരു ചുരം വഴി അർജന്റീനയിലേക്ക് രക്ഷപെടുകയായിരുന്നു. പിന്നീട് മെക്സിക്കോവിലേക്ക്‌, അവിടെനിന്ന്‌ പാരീസിലേക്ക്‌. ഈ അജ്ഞാതവാസക്കാലത്ത്‌ മഹാകാവ്യമായ 'കാന്റോജെനെറൽ' നെരൂദ പൂർത്തിയാക്കി. 1950-ൽ പ്രസിദ്ധീകരിച്ച ആ മഹാകാവ്യത്തിൽ പെട്ടതാണ്‌ 'മാക്ചൂ പിച്ചൂവിന്റെ ഉയരങ്ങളിൽ' എന്ന കവിതയും. കവിതയുടെ അതുവരെ അറിയപ്പെട്ട എല്ലാ രൂപങ്ങൾക്കും 'കാന്റോജെനറലി'ൽ മാതൃകകളുണ്ട്‌. പേരിന്റെ അർത്ഥം 'എല്ലാറ്റിനെയും കുറിച്ചുള്ളത്‌' എന്നാണ്‌. അത്‌ ആ മഹാകാവ്യത്തെ സംബന്ധിച്ച്‌ ശരിയുമാണ്‌.

പ്രവാസജീവിതം കഴിഞ്ഞ്‌ മടങ്ങിയെത്തിയ നെരൂദ 1958-ൽ ചിലിയിലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ സജീവമായി പ്രചാരണത്തിനിറങ്ങി. തൊഴിലാളികളുടെ റാലികളെ രാജ്യത്തുടനീളം സ്വന്തം കവിതകളുമായി അദ്ദേഹം അഭിസംബോധന ചെയ്തു. അറുപതുകളിൽ അദ്ദേഹം ലോകം മുഴുവൻ ചുറ്റിസഞ്ചരിച്ചു. നെരൂദയെത്തേടിയെത്തിയ ബഹുമതികൾക്ക്‌ കണക്കില്ല. അന്താരാഷ്ട്രസമാധാന സമ്മാനം, ലെനിൻ സമാധാനസമ്മാനം, ഓക്സ്ഫഡ്‌ സർവകലാശാലയുടെ ഓണററി ഡി ലിറ്റ്‌ ബിരുദം ഇങ്ങനെ പോകുന്നു അവ. ചിലിയുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഔദ്യോഗികസ്ഥാനാർത്ഥിയായിരുന്നു നെരൂദ. പിന്നീട്‌ തന്റെ ഉറ്റചങ്ങാതി സാൽവദോർ അല്ലെൻഡേ ആ സ്ഥാനത്ത്‌ നിയോഗിക്കപ്പെട്ടു. നെരൂദ പാരീസിൽ അംബാസഡറായി. അവിടെയായിരിക്കുമ്പോൾ, 1971-ൽ നെരൂദ നോബൽസമ്മാനത്തിന്‌ തിരഞ്ഞെടുക്കപ്പെട്ടു.

വർഷങ്ങൾക്കു ശേഷം ചിലിയുടെ സോഷ്യലിസ്റ്റ് പ്രസിഡന്റായ സാൽ‌വദോർ അലെൻഡെയുടെ അടുത്ത സുഹൃത്തായി മാറി. നോബൽ സമ്മാനം ലഭിച്ച് തിരിച്ചുവന്നപ്പോൾ അലെൻഡെ നെരൂദയെ ചിലിയിലെ ദേശീയ ഫുട്ബോൾ സ്റ്റേഡിയത്തിലേക്കു 70,000 ആളുകളുടെ മുന്നിൽ കവിത ചൊല്ലുവാനായി ക്ഷണിച്ചു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും അധികം ആളുകൾ കേട്ട കവിതാ പാരായണമായി ഇത് വിശേഷിപ്പിക്കപ്പെടുന്നു.

പക്ഷേ, അവസാനവർഷങ്ങൾ നെരൂദയെ സംബന്ധിച്ചിടത്തോളം ദുരന്തപൂർണമായിരുന്നു. സി.ഐ.എ.-യുടെ സഹായത്തോടെ നടന്ന പട്ടാള അട്ടിമറിയുടെ ഭാഗമായി 1973 സപ്തംബർ 11-ന്‌ ലാ മൊണേഡാ കൊട്ടാരത്തിൽ ബോംബ്‌ വീണു, അല്ലെൻഡേ മരിച്ചു. പിനോഷെ ഭരണം ഏറ്റെടുത്തു. അല്ലെൻഡേയുടെ മരണം നെരൂദയ്ക്ക്‌ താങ്ങാവുന്നതിലും അധികമായിരുന്നു. മാതൃരാജ്യത്തിനേറ്റ ആഘാതത്തിൽ മനംനൊന്ത്‌ 1973 സപ്തംബർ 23-ന്‌ ആ കാവ്യജീവിതം അവസാനിച്ചു. നെരൂദയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ചിലിയിലെ സൈനികഭരണകൂടത്തിനെതിരെയുള്ള ആദ്യപ്രതിഷേധപ്രകടനം കൂടിയായി. പട്ടാളം സാന്തിയാഗോവിലെ നെരൂദയുടെ വീടു തകർത്തു. പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും നശിപ്പിക്കപ്പെട്ടു. അവസാനകാലത്ത്‌ നെരൂദയെഴുതി: 'ഇനി ഒന്നും വ്യാഖ്യാനിക്കാനില്ല, ഇനി ഒന്നും പറയാനുമില്ല. എല്ലാം അവസാനിച്ചിരിക്കുന്നു, വിപിനത്തിന്റെ വാതിലുകൾ അടഞ്ഞിരിക്കുന്നു. സൂര്യൻ ഇലകൾ വിരിയിച്ചു ചുറ്റിക്കറങ്ങുന്നു, ചന്ദ്രൻ വെളുത്ത ഒരു പഴംപോലെ ഉദിച്ചുയരുന്നു. മനുഷ്യൻ സ്വന്തം ഭാഗധേയത്തിനു വഴങ്ങുന്നു.'

ആഗസ്റ്റോ പിനോഷെയുടെ പട്ടാള വിപ്ലവം കഴിഞ്ഞ് 12 ദിവസത്തിനുശേഷം നെരൂദ ഹൃദയാഘാതം മൂലം മരിച്ചു. ജീവിതകാലത്തു തന്നെ ഒരു ഇതിഹാസമായിരുന്ന നെരൂദയുടെ മരണം ലോകമെമ്പാടും പ്രകമ്പനം സൃഷ്ട്രിച്ചു. പിനോഷെ നെരൂദയ്ക്ക് പൊതുസംസ്കാരം നടത്തുവാൻ അനുമതി നിഷേധിച്ചെങ്കിലും ആയിരക്കണക്കിന് ആളുകൾ കർഫ്യൂ ലംഘിച്ച് ആദരസൂചകമായി ചിലിയിലെ തെരുവുകൾ നിറച്ചു. നെരൂദയുടെ മരണം ചിലിയിലെ സ്വേഛാധിപത്യത്തിനെതിരായ ആദ്യത്തെ പ്രതിഷേധമായി.

മരണത്തിലെ ദുരൂഹത

തിരുത്തുക

നെരൂദയെ വിഷംകൊടുത്ത് കൊന്നതാണോ എന്ന് അക്കാലത്തു തന്നെ സംശയമുയർന്നിരുന്നു. കവിയുടെ രോഗാവസ്ഥ മുതലാക്കി അദ്ദേഹത്തെ കൊലചെയ്യുകയായിരുന്നുവെന്ന് സംശയിക്കാൻ പ്രാഥമിക തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ചിലിയൻ സർക്കാർ 2015 ജനുവരിയിൽ അറിയിച്ചു. ചിലിയൻ പ്രസിഡന്റ് സാൽവദോർ അലൻഡെയെ അമേരിക്കൻ പിന്തുണയോടെ പിനോഷെയുടെ സൈന്യം അട്ടിമറിച്ച വേളയിൽത്തന്നെ നെരൂദയുടെ മരണം സംഭവിച്ചത് സ്വാഭാവികമല്ലെന്നണ് സംശയം. ഇത് തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2015 ൽ കവിയുടെ മൃതദേഹപരിശോധന ചിലി നടത്തിയിരുന്നു. നെരൂദയുടെ ശരീരാവശിഷ്ടത്തിൽ വിഷാംശം ഉണ്ടോ എന്ന് കണ്ടെത്താൻ 2013ൽ മൃതദേഹപരിശോധന നടത്തിയിരുന്നു. [1] 1973 സെപ്റ്റംബർ 23ന് സാന്തിയാഗോയിലെ ആശുപത്രിയിൽ അദ്ദേഹം മരിച്ചു. പ്രോസ്റ്റേറ്റ് കാൻസറും പോഷകാഹാരക്കുറവുമാണ് മരണകാരണമെന്നായിരുന്നു ആശുപത്രി റിപ്പോർട്ട്. ഏകാധിപതിയായ പിനോഷെയെ എതിർത്തിരുന്ന നെരൂദയെ കൊലപ്പെടുത്തിയതാണെന്ന് അന്നേ സംശയങ്ങളുണ്ടായിരുന്നു. രോഗത്തിന്റെ മറവിൽ അദ്ദേഹത്തെ കൊലപ്പെടുത്തിയെന്ന് സംശയിക്കാൻ പ്രാഥമിക തെളിവുണ്ടെന്ന് ചിലിയൻ സർക്കാർ 2015ൽ വെളിപ്പെടുത്തി.[2]

വിഷം ഉള്ളിൽചെന്നാണ് മരണമെന്നാണ് ഇപ്പോൾ ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞത്. നാഡീവ്യൂഹത്തെ തളർത്തി മരണത്തിനിടയാക്കുന്ന ബോട്ടുലിസം എന്ന രോഗാവസ്ഥയുണ്ടാക്കുന്ന ക്ലോസ്‌ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയെ അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്‌ടങ്ങളിൽ കണ്ടെത്തി. ഉറക്കത്തിൽ വയറ്റിൽ ആരോ കുത്തിവച്ചെന്ന് മരണത്തിന് മുമ്പ് നെരൂദ ആശുപത്രിയിൽനിന്ന് തന്നെ ഫോണിൽ അറിയിച്ചതായി ഡ്രൈവർ മാനുവൽ അരായ വെളിപ്പെടുത്തിയിരുന്നു. നെരൂദയുടെ അനന്തരവനും അഭിഭാഷകനുമായ റൊഡോൾഫോ ഫെയ്സ് നിയമയുദ്ധത്തിലേക്ക് നീങ്ങി. പത്തുവർഷം മുമ്പ് നെരൂദയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ ചിലിയിലെ കോടതി അനുമതി നൽകി. അതനുസരിച്ച് നാല് രാജ്യങ്ങളിലെ ഫോറൻസിക് ലാബുകളിലാണ് പരിശോധന നടന്നത്. ഡെൻമാ‌ർക്കിലും കാനഡയിലും നടത്തിയ പരിശോധനയിൽ നെരൂദയുടെ അസ്ഥികളിൽ ക്ലോസ്‌ട്രിഡിയം ബോട്ടുലിനം ബാക്ടീരിയയെ കണ്ടെത്തി. 2017ൽ ഇവർ തന്നെ നെരൂദയുടെ പല്ലുകളിലും ഈ ബാക്ടീരിയയെ കണ്ടെത്തിയിരുന്നു.[2]

പ്രമുഖരുടെ വാക്കുകൾ

തിരുത്തുക

ഒട്ടേറെ ഭാഷകളിൽ തർജ്ജിമ ചെയ്യപ്പെട്ട നെരൂദയെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ കവികളിൽ ഒരാളായി കരുതപ്പെടുന്നു.

  • വില്യം ഷേക്സ്പിയറിനുശേഷം ഏറ്റവും വായിക്കപ്പെട്ട കവിയാണ് നെരൂദ എന്ന് നിരൂപകനും ജീവചരിത്രകാരനുമായ അലിസ്റ്റർ റീഡ് പറയുന്നു.
  • കൊളംബിയൻ നോവലിസ്റ്റായ ‘ഗബ്രിയേൽ ഗാർസ്യാ മാർക്വേസ്‘ അദ്ദേഹത്തെ 20-ആം നൂറ്റാണ്ടിലെ എല്ലാ ഭാഷകളിലെയും ഏറ്റവും പ്രധാനപ്പെട്ട കവിയായി വാഴ്ത്തുന്നു.

തൂലികാനാമം

തിരുത്തുക

ചെക് എഴുത്തുകാരനായ ഴാൻ നെരൂദയുടെ പേരിൽ നിന്നാണ് നെരൂദ തന്റെ തൂലികാ നാമം സ്വീകരിച്ചത്. പിന്നീട് അദ്ദേഹം തന്റെ നിയമപരമായ പേരായി നെരൂദ എന്ന പദം സ്വീകരിച്ചു.

കാവ്യശൈലി

തിരുത്തുക

സ്വന്തം പാർട്ടിയെപ്പറ്റി നെരൂദ എഴുതിയ വരികൾ

ലോകത്തുള്ള ഒന്നും കവിതയ്ക്ക്‌ അന്യമല്ലെന്ന്‌ അദ്ദേഹം തെളിയിച്ചു. അനീതിക്കെതിരെയുള്ള ശബ്ദമായിരിക്കണം കവിതയെന്നു ശാഠ്യം പിടിക്കുമ്പോഴും, അത്‌ വെറും പ്രചാരണവസ്തുവാകരുതെന്ന നിർബന്ധം നെരൂദയ്ക്കുണ്ടായിരുന്നു.

നെരൂദ പല വ്യത്യസ്തശൈലികളിലും എഴുതിയിട്ടുണ്ട്. നെരൂദയുടെ കാവ്യങ്ങൾ കാ‍മം നിറഞ്ഞ പ്രേമഗാനങ്ങൾ മുതൽ നവഭാവുക (surrealist) കവിതകൾ വരെയും, ചരിത്രഗാനങ്ങൾ വരെയും രാഷ്ട്രീയ പത്രികകൾ വരെയും പരന്നുകിടക്കുന്നു. നെരൂദയുടെ പ്രശസ്തമായ കാവ്യങ്ങളിൽ “സാധാരണ കാര്യങ്ങൾക്ക് ഒരു അഞ്ജലി” - പല വാല്യങ്ങളായി പ്രസിദ്ധീകരിച്ച കവിതാസമാഹാരം എന്ന കൃതി ഉൾപ്പെടുന്നു. തന്റെ രാഷ്ട്രീയ ചായ്‌വുകൾ കൊണ്ട് വളരെ വർഷങ്ങളോളം നോബൽ സമ്മാനത്തിനു പരിഗണിക്കപ്പെടാതിരുന്ന അദ്ദേഹത്തിന് 1971-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

മലയാള പരിഭാഷകൾ

തിരുത്തുക

മലയാളികൾ നെരൂദയുടെ കവിതകൾ നെഞ്ചിലേറ്റി. മലയാള കവിതയിൽ 1970-കൾ മുതൽ നെരുദ ശക്തമായ സാന്നിധ്യമാണ്. നെരുദക്കവിതകൾ ആദ്യമായി മലയാളത്തിലാക്കിയത് സച്ചിദാനന്ദനാണ്.[അവലംബം ആവശ്യമാണ്] നേരുദയുടെ പ്രണയ കവിതകൾ എൻ.പി. ചന്ദ്രശേഖരൻ മൊഴി മാറ്റി. നേരുദയുടെ വിഖ്യാത രചന ദി സാഡസ്റ്റ് ലൈൻസിന് മലയാളത്തിൽ സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചന്ദ്രമോഹൻ, എൻ.പി. ചന്ദ്രശേഖരൻ തുടങ്ങിയവരുടെ യും പൊയട്രിഎന്ന കവിതയ്ക്ക് ഗോപകുമാർ ബി യുടെയും പരിഭാഷകൾ ഉണ്ട്.

ഇതും കാണുക

തിരുത്തുക
  1. "നെരൂദയുടെ മരണം: വീണ്ടും വിഷപരിശോധന". www.deshabhimani.com. Retrieved 24 ജനുവരി 2015.
  2. 2.0 2.1 Daily, Keralakaumudi. "പൂന്തോട്ടത്തിലെ കെടാക്കനൽ" (in ഇംഗ്ലീഷ്). Retrieved 2023-03-14.

മറ്റ് ഉറവിടങ്ങൾ

തിരുത്തുക
  • Feinstein, Adam Pablo Neruda: A Passion for Life, Bloomsbury, 2004. ISBN 1-58234-410-8
  • Neruda, Pablo. Memoirs (translation of Confieso que he vivido: Memorias), translated by Hardie St. Martin, Farrar, Straus, and Giroux, 1977. (1991 edition is ISBN 0-374-20660-0)
  • Shull, Jodie. Pablo Neruda: Passion, Poetry, Politics. Enslow. ISBN 978-0-7660-2966-8. Archived from the original on 2011-07-10. Retrieved 2009-02-23.
  • Tarn, Nathaniel, Ed (1975) Pablo Neruda: Selected Poems Penguin.
  • Burgin, Richard (1968) Conversations with Jorge Luis Borges, Holt, Rhinehart, & Winston
  • Consuelo Hernández."El Antiorientalismo en Pablo Neruda;" Voces y perspectivas en la poesia latinoamericanana del siglo XX. Madrid: Visor 2009.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ പാബ്ലോ നെരൂദ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:



സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1951-1975)

1951: ലാഗെർക്വിസ്റ്റ് | 1952: മൗറിയാക് | 1953: ചർച്ചിൽ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാർക്ക് | 1959: ക്വാസിമൊഡോ | 1960: പെർസെ | 1961: ആൻഡ്രിക്ക് | 1962: സ്റ്റെയിൻബെക്ക് | 1963: സെഫെരിസ് | 1964: സാർത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോൺസാഷ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോൾഷെനിറ്റ്സിൻ | 1971: നെരൂദ | 1972: ബോൾ | 1973: വൈറ്റ് | 1974: ജോൺസൺമാർട്ടിൻസൺ | 1975: മൊണ്ടേൽ




"https://ml.wikipedia.org/w/index.php?title=പാബ്ലോ_നെരൂദ&oldid=4113381" എന്ന താളിൽനിന്ന് ശേഖരിച്ചത്