അന്നപൂർണേശ്വരി

(അന്നപൂർണ്ണേശ്വരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഹൈന്ദവ, ശൈവ വിശ്വാസപ്രകാരം ശ്രീ പാർവതിയുടെ ഒരു മൂർത്തീ ഭേദം. ഐശ്വര്യത്തിൻറേയും സമ്പൽ സമൃദ്ധിയുടേയും ആഹാരത്തിന്റെയും പോഷണത്തിൻറേയും ഈശ്വരിയാണ് അന്നപൂർണ്ണേശ്വരിയായ ശ്രീ പാർവതി. ദാരിദ്ര്യത്തിന്റെ അന്തകിയായി ഭഗവതിയെ സങ്കൽപ്പിച്ചിരിക്കുന്നു. ശാക്തേയ വിശ്വാസപ്രകാരം ലോകമാതാവായ ആദിപരാശക്തിയുടെ ആഹാരം നൽകുന്ന ഭാവം. ഒരു കൈയിൽ അന്നപാത്രവും ( വട്ടക ) മറു കൈയിൽ കരണ്ടിയും ( കോരി ) പിടിച്ച് നിൽക്കുന്ന വാത്സല്യത്തോടെയുള്ള മാതൃഭാവമാണ് ഭഗവതിയുടേത്. ശംഖ്, താമര, കോരി, വട്ടക എന്നിവ ധരിച്ച് നാലു കൈകളോടുകൂടിയ ഒരു സങ്കല്പവും ചില രൂപശില്പങ്ങളിൽ കാണാറുണ്ട്. ശൈവ വിശ്വാസ പ്രകാരം അന്നപൂർണ്ണേശ്വരി മഹാലക്ഷ്മിക്ക് സമാനമാണ്.

സകല ജീവജാലങ്ങൾക്കും ആഹാരം നൽകുന്ന പ്രകൃതിയാണ് അന്നപൂർണ്ണേശ്വരി എന്ന് ദേവീപുരാണം പറയുന്നു.

മഹാലക്ഷ്മി പ്രത്യേകിച്ച് ധാന്യലക്ഷ്മി, ശാകംഭരി എന്നിവയാണ് സമാനമായ മറ്റു ദേവി രൂപങ്ങൾ. കാശിയിലുള്ള (വാരണാസി) അന്നപൂര്ണാക്ഷേത്രം പ്രസിദ്ധമാണ്. കേരളത്തിലെ കണ്ണൂർ ചെറുകുന്നിലുള്ള അന്നപൂർണ്ണേശ്വരി ക്ഷേത്രം പ്രധാനമാണ്. തൃശൂർ പഴയന്നൂർ ഭഗവതി ക്ഷേത്രമാണ് മറ്റൊന്ന്. അന്നപൂർണേശ്വരിക്ക് വെള്ളിയാഴ്ച പ്രധാന ദിവസം. പൗർണമി, നവരാത്രി എന്നിവയും വിശേഷം. അക്ഷയ തൃതീയ അന്നപൂർണ്ണേശ്വരിയുടെ അവതാര ദിവസമായി കണക്കാക്കുന്നു.

കേരളത്തിലെ ചില നമ്പൂതിരി ഗൃഹങ്ങളിൽ പെരുംതൃക്കോവിലപ്പനും ( രാജരാജേശ്വരന് ) അന്നപൂർണ്ണേശ്വരിയ്ക്കും നിവേദിയ്ക്കുന്ന ചടങ്ങുണ്ട്.

ഐതിഹ്യം

തിരുത്തുക

പരാശക്തിയുടെ അന്നപൂർണാഭാവത്തിന്റെ പിന്നിലുള്ള കഥ ഇപ്രകാരമാണ്. തന്റെ ഭിക്ഷാടന യോഗത്തെക്കുറിച്ചു ചിന്താമഗ്നനായിരുന്ന ശിവൻ ഒരിക്കൽ ഭക്ഷണത്തിന് പ്രാധാന്യമില്ലെന്ന് പ്രഖ്യാപിക്കുന്നു. ഭക്ഷണമില്ലാതെയും ജീവിക്കാനാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ ഭക്ഷണത്തിനുള്ള പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കിക്കൊടുക്കാൻ തന്നെ പാർവതി തീരുമാനിച്ചു. ഇതിനായി ശക്തി സ്വരൂപിണിയായ ഭഗവതി സ്വയം അപ്രത്യക്ഷമായി. അതോടെ ഭൂമിയിലുള്ള സകല ഭക്ഷണത്തിന്റെ സ്‌ത്രോതസുകളും അപ്രത്യക്ഷമായി. അധികം വൈകാതെ തന്നെ ശിവന് ഭക്ഷണത്തിന്റെ പ്രാധാന്യം എന്താണെന്ന് ബോധിച്ചു. ഭിക്ഷാടനത്തിന് പോയിട്ടും മഹാദേവന് ഭിക്ഷയായി ഒന്നും ലഭിച്ചില്ല. ആളുകൾ ദരിദ്ര്യരായി മാറി. വിശന്നു വലഞ്ഞ മഹാദേവൻ ദേവി ഐശ്വര്യദായിനിയായി കാശിയിൽ പ്രത്യക്ഷപെട്ടു എല്ലാവർക്കും ഭക്ഷണം വിളമ്പുന്നതായി അറിഞ്ഞു. അതൊരു അക്ഷയ തൃതീയ ദിവസമായിരുന്നു. പാർവതിക്കു മുന്നിൽ ഭക്ഷണം ലഭിക്കാൻ പാത്രവുമായി ശിവനും യാചിച്ചു നിൽക്കേണ്ടിയും വന്നു. ഭക്ഷണത്തിന്റെ ദേവിയായി പാർവതി മാറിയത് ഇങ്ങനെയാണ്. അന്നപൂർണേശ്വരിയായും ശരീരത്തിന് പോഷണം നൽകുന്നവളായും അറിയപ്പെടുന്നു. അത്യന്തം സന്തുഷ്ടനായ ഭഗവാൻ ഉടനെ ഭഗവതിയെ പ്രേമാധിക്യത്തോടു കൂടി കെട്ടിപ്പുണർന്നു. അപ്പോൾ അവരുടെ ശരീരങ്ങൾ പരസ്പരം യോജിച്ച് ഐക്യം പ്രാപിച്ചു. ശിവൻ അങ്ങനെയാണത്രേ അർധനാരീശ്വരനായത് (നോ: അർധനാരീശ്വരൻ). ലോകർക്ക് അന്നം ഊട്ടുന്ന ശ്രീ പാർവതിയെ ആണ് അന്നപൂർണേശ്വരി ആയി സങ്കല്പിച്ചിട്ടുള്ളത്. കാശിയിലെ അന്നപൂർണെശ്വരി ക്ഷേത്രം പ്രസിദ്ധമാണ്.

ധ്യാനശ്ളോകം

തിരുത്തുക

ഒരു ധ്യാനശ്ളോകം താഴെകൊടുക്കുന്നു:

രക്താം വിചിത്രനയനാം നവചന്ദ്രചൂഡാ-

മന്നപ്രദാനനിരതാം സ്തനഭാരനമ്രാം

നൃത്യന്തമിന്ദുസകലാഭരണം വിലോക്യ

ഹൃഷ്ടാം ഭജേ ഭഗവതീം ഭവദുഃഖഹന്ത്രീം.

ഭക്തൻമാർക്ക് അഭീഷ്ടവരങ്ങൾ നല്കുന്നതിൽ സദാസന്നദ്ധയും ദയാപൂർണയും ആയ അന്നപൂർണേശ്വരിയെക്കുറിച്ച് അനേകം സ്തോത്രങ്ങളുണ്ടെങ്കിലും ആദിശങ്കരാചാര്യർ എഴുതിയിട്ടുള്ളതാണ് ദേവ്യുപാസകർക്കിടയിൽ ഏറ്റവും പ്രസിദ്ധം.

നിത്യാനന്ദകരീ, വരാഭയകരീ, സൌന്ദര്യരത്നാകരീ

നിർധൂതാഖിലഘോരപാവനകരീ, പ്രത്യക്ഷമാഹേശ്വരീ

പ്രാലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ

ഭിക്ഷാംദേഹി കൃപാവലംബനകരീ, മാതാന്നപൂർണേശ്വരീ.

എന്നിങ്ങനെ അത് ആരംഭിക്കുകയും,

അന്നപൂർണേ സദാപൂർണേ

ശങ്കരപ്രാണവല്ലഭേ

ജ്ഞാനവൈരാഗ്യസിധ്യർഥം

ഭിക്ഷാം ദേഹി നമോസ്തുതേ.

എന്നിങ്ങനെ അവസാനിക്കുകയും ചെയ്യുന്നു.

അന്നപൂർണാഷ്ടകമെന്നാണ് ഈ സ്തോത്രരത്നത്തിന്റെ പേര്. ഈ സ്തോത്രം വേദവ്യാസരചിതമാണെന്നും ഒരുപക്ഷമുണ്ട് (ശബ്ദകല്പദ്രുമം). കാശിയിലും കേരളത്തിലെ ചില ക്ഷേത്രങ്ങളിലും അന്നപൂർണേശ്വരീ പ്രതിഷ്ഠകളുണ്ട്. പരശുരാമൻ കാശിയിൽ ചെന്ന് അന്നപൂർണാദേവിയെ പൂജിച്ചു പ്രത്യക്ഷപ്പെടുത്തിയതായി ചില ഐതിഹ്യങ്ങളിൽ കാണുന്നു. ചൈത്രമാസം (മീനം) വെളുത്ത നവമിദിവസം അന്നപൂർണാദേവിയുടെ പൂജ സവിശേഷമായി ചിലയിടങ്ങളിൽ (ഉദാ. ബംഗാൾ) കൊണ്ടാടി വരുന്നുണ്ട്.

അന്നപൂർണാദേവിയുടെ ഉപാസനാക്രമം തന്ത്രസാരത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്നപൂർണേശ്വരി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

വിശേഷ ദിവസങ്ങൾ

തിരുത്തുക

അക്ഷയ തൃതീയ അതിവിശേഷം. ഇത് അന്നപൂർണെശ്വരിയുടെ അവതാര ദിവസമാണ്. വെള്ളിയാഴ്ച, നവരാത്രി, തൃക്കാർത്തിക, പൗർണമി തുടങ്ങിയ ദിവസങ്ങൾ പ്രധാനം.

പ്രധാന ക്ഷേത്രങ്ങൾ

തിരുത്തുക

അന്നപൂർണേശ്വരി ക്ഷേത്രങ്ങൾ പൊതുവേ കുറവാണ്. എങ്കിലും ചില ഭഗവതി ക്ഷേത്രങ്ങളിലും, പാർവതി ക്ഷേത്രങ്ങളിലും ദേവിക്ക് അന്നപൂർണേശ്വരി ഭാവം കൂടി സങ്കൽപ്പിക്കപ്പെടുന്നു.

1.ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം, കണ്ണൂർ

2.പഴയന്നൂർ ഭഗവതി ക്ഷേത്രം, തൃശൂർ

3.തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം, ആലുവ (ദേവിക്ക് അന്നപൂർണേശ്വരി ഭാവം കൂടി സങ്കൽപ്പിക്കപ്പെടുന്നു)

4. ആറ്റുകാൽ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം (ദേവിക്ക് അന്നപൂർണേശ്വരി ഭാവം കൂടി സങ്കൽപ്പിക്കപ്പെടുന്നു)

"https://ml.wikipedia.org/w/index.php?title=അന്നപൂർണേശ്വരി&oldid=4111570" എന്ന താളിൽനിന്ന് ശേഖരിച്ചത്