പഞ്ചകന്യകമാർ

(പഞ്ചകന്യക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഞ്ചകന്യക (സംസ്കൃതം: पञ्चकन्या, pañcakanyā). ഹൈന്ദവ വിശ്വാസ പ്രകാരം അഹല്യ, ദ്രൗപദി, സീത (കുന്തി), താര, മണ്ഡോദരി എന്നീ സ്ത്രീജനങ്ങൾ പഞ്ച കന്യകമാരാണന്നു പറയുന്നു. ഇവരെല്ലാവരും വിവാഹിതരും ഇവർക്കു മക്കളും ഉണ്ട്. പക്ഷെ തങ്ങൾക്കു കിട്ടിയ വരപ്രസാദം ഇവരെ നിത്യ കന്യകമാരാക്കുന്നു. ചില ഹൈന്ദവപുരാണങ്ങളിൽ സീതയ്ക്കു പകരം കുന്തിയെയാണ് പഞ്ചകന്യകമാരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.[1]

അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി

അഹല്യ ദ്രൗപദി സീത താര മണ്ഡോദരി തഥാ
പഞ്ചകന്യാ സ്മരേ നിത്യം മഹാപാതക നാശനം

 
അഹല്യ
പ്രധാന ലേഖനം: അഹല്യ

മഹാതപസ്വിയായ ഗൗതമ മഹർഷിയുടെ പത്നിയാണ് അഹല്യ. രാമായണത്തിലും മഹാഭാരതത്തിലും ഇതര പുരാണങ്ങളിലും അഹല്യയ്ക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ക്ഷത്രിയകുലത്തിൽ ജനിച്ചെങ്കിലും ആശ്രമത്തിൽ ഒരു മഹർഷിയുടെ പത്നിയായി അഹല്യയ്ക്ക് കഴിയേണ്ടി വന്നു. സുന്ദരിമാരിൽ സുന്ദരിയായി അഹല്യയെ പുരാണങ്ങൾ വർണ്ണിച്ചിരിക്കുന്നു. പുരൂവംശത്തിലെ പ്രസിദ്ധനായ പഞ്ചാശ്വ മഹാരാജാവിന്റെ പുത്രിയായിരുന്നു അഹല്യ. തപസ്വിയായിരുന്ന ഗൗതമ മഹർഷിക്ക് വിവാഹം ചെയ്തു കൊടുത്തു. ഗൗതമമുനിക്ക് അഹല്യയിൽ ജനിച്ച പുത്രനായിരുന്നു വൈദേഹ രാജ്യത്തിന്റെ കുലഗുരുവായിരുന്ന ശതാനന്ദൻ. [2] അരുണപുത്രന്മാരും കിഷ്കിന്ധാപതികളുമായ ബാലിയേയും, സുഗ്രീവനേയും വളർത്തിയത് അഹല്യയായിരുന്നു.[3] പല കൃതികളിലും അഹല്യാ-ദേവേന്ദ്ര കഥ വളരെ വിസ്തരിച്ചു തന്നെ പ്രതിപാദിക്കുന്നുണ്ട്. വാല്മീകിയുടേയും, തുഞ്ചത്ത് രാമാനുജന്റെയും അദ്ധ്യാത്മരാമായണത്തിൽ അഹല്യാമോക്ഷത്തിൽ ഈ കഥ വിവരിക്കുന്നുണ്ട്. സുന്ദരിയായിരുന്ന അഹല്യാദേവിയെ സ്വന്തമാക്കാൻ ഇന്ദ്രൻ ശ്രമിക്കുകയും അതിനെതുടർന്ന് ഇന്ദ്രനേയും അഹല്യയേയും ഗൗതമ മഹർഷി ശപിക്കുകയും ചെയ്തു. [4] ഗൗതമ മഹർഷി ദേവേന്ദ്രനെ സഹസ്രഭഗനായും, അഹല്യയെ ശിലയായുമാണ് ശപിച്ചത്. ശാപമോക്ഷത്തിനായി അഹല്യ ത്രേതായുഗം വരെ കാത്തിരിക്കുകയും ശ്രീരാമ പാദ-സ്പർശനത്തിൽ ശാപമോക്ഷം ലഭിക്കുകയും ചെയ്തു.[5]

ദ്രൗപദി

തിരുത്തുക
 
ദ്രൗപദി വിരാട രാജധാനിയിൽ
പ്രധാന ലേഖനം: ദ്രൗപദി

വ്യാസ മഹാഭാരതത്തിൽ നിറഞ്ഞു നിൽക്കുന്ന സ്ത്രീ കഥാപാത്രമാണ് ദ്രൗപദി. പാണ്ഡവ പത്നിയും കുരുക്ഷേത്ര യുദ്ധാനന്തരം ചന്ദ്രവംശത്തിലെ മഹാറാണിയുമായിരുന്നു ദ്രൗപദി. പാഞ്ചാല രാജാവായ ദ്രുപദന്റെ പുത്രിയായതിനാൽ പാഞ്ചാലിയെന്ന പേരിലും അറിയപ്പെട്ടു. ദ്രൗപദിക്ക് പല പൂർവജന്മങ്ങൾ ഉണ്ടായിരുന്നതായി പുരാണങ്ങൾ പരാമർശിക്കുന്നുണ്ട്. മായാസീത, സ്വർഗലക്ഷ്മി, നാളായണി എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. ദ്രൗപദിയ്ക്ക് പൂർവ്വജന്മ സുകൃതമായി ശ്രീപരമേശ്വരന്റെ വരപ്രസാദത്താൽ നിത്യയൗവനം ലഭിച്ചു. പാഞ്ചാല രാജാവായ ദ്രുപദൻ തന്നെ യുദ്ധത്തിൽ തോൽപ്പിച്ച അർജ്ജുനനു വിവാഹം ചെയ്തു കൊടുക്കാനായി തപസ്സനുഷ്ഠിച്ച് യഞ്ജം നടത്തി, അതിൽ ജനിച്ച പുത്രിയാണ് ദ്രൗപദി. ദ്രൗപദിയെകൂടാതെ ഒരു പുത്രൻ (ധ്രുഷ്ടദ്യുമ്നൻ) കൂടി യഞ്ജ ഫലമായി ദ്രുപദനു ലഭിച്ചു. പൂർവ്വജന്മ കാരണത്താൽ ദ്രൗപദി പാണ്ഡവർ അഞ്ചുപേരെയും വിവാഹം കഴിക്കുകയും അവരിൽ അഞ്ചുപേരിലും ഒരോ പുത്രന്മാർ വീതം ദ്രൗപദിക്ക് ഉണ്ടാവുകയും ചെയ്തു. പ്രതിവിന്ധ്യൻ (യുധിഷ്ഠിരൻ), ശുതസോമൻ (ഭീമസേനൻ), ശ്രുതകീർത്തി (അർജ്ജുനൻ), ശതാനികൻ (നകുലൻ), ശ്രുതകർമ്മാവ് (സഹദേവൻ).[6] വിവാഹനന്തരം പാണ്ഡവരെ ഒരിക്കൽ പോലും പിരിയാതെയിരുന്ന ഒരുഭാര്യ ദ്രൗപദിയാണ്. പാണ്ഡവർ വനവാസം നടത്തിയ അവസരങ്ങളിൽ ദ്രൗപദി കൂടെയുണ്ടായിരുന്നു. പാണ്ഡവരുടെ അവസാനകാലത്ത് സന്യാസം സ്വീകരിച്ച് കൊട്ടാരം വിട്ടിറങ്ങുമ്പോൾ ദ്രൗപദിയും കൂടെ അനുഗമിക്കുകയും ഹിമാലയത്തിൽവെച്ച് ദ്രൗപദി മരണപെടുകയും ചെയ്തു.

== സീത == ( ഹൈന്ദവ പുരാണങ്ങൾ പരിശോധിച്ചാൽ അതിൽ ഒരിടത്തും പഞ്ചകന്യകമാരിൽ ഒരാളായി സീതയെ ഉൾപ്പെടുത്തിയിട്ടില്ല - പകരം കുന്തിയെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത് )

 
സീത അശോകവനികയിൽ
പ്രധാന ലേഖനം: സീത

അയോദ്ധ്യയിലെ മഹാരാജാവായ ശ്രീരാമൻറെ ധർമ്മപത്നിയായിരുന്നു സീത. ഭാരതത്തിലെ ഇതിഹാസങ്ങളിൽ ഒന്നായ രാമായണത്തിലെ നായികയാണ് ഇവർ. മിഥിലിയിലെ രാജാവായ ജനകൻ നിലമുഴുമ്പോൾ കിട്ടിയതിനാൽ സീത എന്നുപേരിട്ടു. [7] ഐതിഹ്യപ്രകാരം ഭൂമീദേവിയുടെ മകളാണ്‌ ജനകമഹാരാജാവിനു നിലമുഴുമ്പോൾ ലഭിച്ചത്. വിദേഹ രാജകുമാരിയായതിനാൽ വൈദേഹിയെന്നും, ജനകന്റെ വളർത്തു പുത്രിയായതിനാൽ ജാനകിയെന്നും, മിഥിലാപുരിയിലെ രാജകുമാരിയായതിനാൽ മൈഥിലിയെന്നും സീതയ്ക്കു പേരുണ്ട്. പിതാവ് ദശരഥന്റെ നിർദ്ദേശത്താൽ രാമൻ പതിനാലു വർഷത്തെ വനവാസത്തിനു പോകുമ്പോൾ സീതയും അനുഗമിച്ചിരുന്നു. വനത്തിൽ പഞ്ചവടിയെന്ന സ്ഥലത്ത് താമസിക്കുമ്പോൾ ലങ്കാധിപതിയായ രാവണൻ സീതയെ കൊണ്ടുപോകുകയും തുടർന്നുണ്ടായ യുദ്ധത്തിൽ രാമൻ രാവണനെ വധിക്കുകയും ചെയ്യുന്നു. രാമ-രാവണ യുദ്ധാനന്തരം സീതാ-രാമന്മാർ അയോദ്ധ്യയിൽ മടങ്ങിയെത്തി രാമൻ അയോദ്ധ്യാധിപതിയായി രാജാഭിഷേകം ചെയ്തു രാജഭാരമേറ്റു. പക്ഷെ പ്രജാതാല്പര്യം മുൻനിർത്തി രാമൻ സീതയെ കാട്ടിൽ ഉപേക്ഷിക്കുകയും പിന്നീട് അയോദ്ധ്യയിലേക്ക് കൂട്ടികൊണ്ടുവരുകയും ചെയ്തു. പക്ഷെ സീതാ തന്റെ മാതാവായ ഭൂമിദേവിയെ പ്രാർത്ഥിക്കുകയും ഭൂമി പിളർന്ന് അതിനുള്ളിലേക്ക് അപ്രത്യക്ഷയാവുകയും ചെയ്തു. രാമനിൽ സീതയ്ക്ക് ജനിച്ച ഇരട്ടകുട്ടികളാണ് ലവനും, കുശനും.

 
ബാലിയുടെ മൃതശരീരം മടിയിൽവെച്ച് കരയുന്ന താര
പ്രധാന ലേഖനം: താര

കിഷ്കിന്ധാധിപതിയായ ബാലിയുടെ പത്നിയാണ് താര, വാനര രാജ്ഞിയായ താരയെക്കുറിച്ച് രാമായണത്തിൽ കിഷ്കിന്ധാകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും പരാമർശിച്ചിട്ടുണ്ട്. വാനര രാജാവായ ബാലിയിൽ താരയ്ക്കു ജനിച്ച പുത്രനാണ് അംഗദൻ. വാസുകിയുടെ തലഭാഗം ഒറ്റക്ക് പിടിച്ച് ബാലി മന്ദരപർവ്വതത്തെ ഉപയോഗിച്ച് പാലാഴി മഥനം നടത്തിയവസരത്തിൽ പാലാഴിയിൽനിന്നും ഉയർന്നു വന്നതാണ് താര. മറ്റുദേവന്മാർ പിന്മാറിയ ആ അവസരം ബാലിക്കു പ്രയോജനപ്പെട്ടു, സുന്ദരിയായ താരയെ ബാലി വിവാഹം ചെയ്തു. ബാലിയുടെ മരണശേഷം താര സുഗ്രീവന്റെ പത്നിയായി. താരയെ വിവേകമതിയും അനുനയ പാടവമുള്ളവളുമായാണ് രാമായണത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. സുഗ്രീവനോട് ഏറ്റുമുട്ടാൻ പോയ ബാലിയെ യുക്തിവാദംകൊണ്ട് താര പിന്തിരിപ്പിക്കുവാൻ ശ്രമിച്ചതായി രാമായണത്തിൽ കാണുന്നു. സീതാന്വേഷണത്തിനു താമസം നേരിടുന്നതിൽ കുപിതനായി സുഗ്രീവനെ ശകാരിക്കാനെത്തിയ ലക്ഷ്മണനെ ശാന്തനാക്കിയതും താരയാണ്.

മണ്ഡോദരി

തിരുത്തുക
 
മണ്ഡോദരി
പ്രധാന ലേഖനം: മണ്ഡോദരി

ലങ്കാധിപതിയായിരുന്ന രാവണന്റെ ധർമ്മപത്നിയാണ് മണ്ഡോദരി. അസുരന്മാരുടെ ശില്പിയായ മയന്റെ വളർത്തു പുത്രി. പൂർവ്വജന്മത്തിൽ മധുര എന്ന ശിവഭക്തയായിരുന്നു മണ്ഡോദരി. സോമവാരവ്രതം നോക്കി ശിവപൂജചെയ്തെങ്കിലും വിധിഹിതത്താൽ മധുര പാർവ്വതി ശാപത്തിനിരയായി. ശാപഫലത്താൽ മണ്ടൂകമായി (തവള) പന്ത്രണ്ട് വർഷം ഒരു പൊട്ടക്കിണറ്റിൽ കിടന്നു. ശ്രീപരമേശ്വരന്റെ അനുഗ്രഹത്താൽ പന്ത്രണ്ടു വർഷങ്ങൾക്കുശേഷം തവളയ്ക്കു ശാപമോക്ഷം ലഭിച്ച് ഒരു പെൺകുഞ്ഞായി, കൂടാതെ ശ്രീമഹാദേവന്റെ വരപ്രസാദത്താൻ നിത്യകന്യകയുമായി. പൊട്ടകിണറ്റിൽ നിന്നും ഈ പെൺകുഞ്ഞിനെ മയനും ഹേമയും എടുത്തു വളർത്തി. മണ്ഡൂകം പെൺകുഞ്ഞായി മാറിയതിനാൽ മണ്ഡോദരിയെന്നു പേരിട്ടു വിളിച്ചു. അതിസുന്ദരിയായ മണ്ഡോദരിയെ ലങ്കാധിപതി രാവണൻ വിവാഹം ചെയ്തു. സീതാന്വേഷണാർത്ഥം ലങ്കയിൽ എത്തിയ ഹനുമാൻ ആദ്യമായി സുന്ദരിയായ മണ്ഡോദരിയെ കാണാൻ ഇടയായപ്പോൾ സീതയാണെന്നു തെറ്റിധരിച്ചതായി വാല്മീകി രാമായണത്തിൽ പറയുന്നുണ്ട്. രാവണനിൽ മണ്ഡോദരിയ്ക്കു ഇന്ദ്രജിത്ത് ശ്രീ പരമേശ്വരന്റെ അനുഗ്രഹത്താൽ ലഭിച്ച പുത്രനാണ് ഇന്ദ്രജിത്തെന്നും വരപ്രസാദത്താൽ അതീവ ശക്തനായതിനാൽ ദേവേന്ദ്രനെ യുദ്ധത്തിൽ പരാജിതനാക്കിയതിനാൽ ഇന്ദ്രജിത്തെന്ന പേരു ലഭിച്ചതെന്നും പറയുന്നു. , അതികായൻ, അക്ഷകുമാരൻ എന്നിങ്ങനെ മൂന്നു പുത്രന്മാരുണ്ട്.

പ്രമാണം:Marraiage of Kunti.jpg
കുന്തിസ്വയംവരം
പ്രധാന ലേഖനം: കുന്തി

ചന്ദ്രവംശത്തിലെ പാണ്ഡു മഹാരാജാവിന്റെ പത്നിയാണ് കുന്തി. പഞ്ചപാണ്ഡവരിലെ ആദ്യ മൂന്ന് പേരുടെ അമ്മയുമാണിവർ. യാദവകുലത്തിലെ ശൂരസേനന്റെ പുത്രിയും കൃഷ്ണന്റെ പിതാവ്‌ വാസുദേവരുടെ സഹോദരിയുമാണ്‌. ശരിക്കുള്ള പേർ പൃഥ എന്നാണ്. ശൂരസേനൻ മക്കളില്ലാതിരുന്ന തന്റെ സുഹൃത്ത് കുന്തിഭോജന് ദത്തുപുത്രിയായി നൽകി.[8]. കുന്തീഭോജന്റെ പുത്രിയായതിനാലാണ് കുന്തിയെന്നറിയപ്പെട്ടത്. ചെറുപ്പമായിരുന്നപ്പോൾ ദുർവാസാവ് മഹർഷി കുന്തിക്ക്‌ ദേവതകളെ പ്രസാദിപ്പിക്കുന്നതിലൂടെ പുത്രസമ്പാദ്യം കൈവരിക്കുന്നതിനുള്ള വരം നൽകി. ഈ വരത്തിൽ വിശ്വാസം വരാതെ പരീക്ഷണാർഥം കുന്തി സൂര്യഭഗവാനെ വിളിച്ചു. തൽഫലമായാണ്‌ കർണ്ണൻ ജനിച്ചത്‌. അവിവാഹിതയായ കുമാരിക്ക് പുത്രൻ ജനിച്ചാൽ ഉണ്ടാവുന്ന ദുരന്തം മുന്നിൽ കണ്ട് കുന്തി കർണ്ണനെ ഒരു കുട്ടയിലാക്കി നദിയിൽ ഉപേക്ഷിച്ചു. പിന്നീട് ഹസ്തിനപുരിയിലെ രാജാവായ പാണ്ഡുവിനെ വിവാഹം കഴിച്ചു. പാണ്ഡുവിന്‌ ശാപം നിമിത്തം മക്കളുണ്ടാവാതായപ്പോൾ പാണ്ഡുവിന്റെ അനുവാദത്തോടെ തനിക്കു ലഭിച്ച വരം ഉപയോഗിച്ച്‌ കുന്തി യമൻ, ഇന്ദ്രൻ, വായു ദേവന്മാരെ പ്രാപിച്ച് യുധിഷ്ഠിരൻ, ഭീമൻ, അർജുനൻ എന്നിവർക്ക്‌ ജന്മം നൽകി.

  1. http://www.starsai.com/panchakanya-ahalyadraupadikuntitara-mandodari-five-virgins/
  2. അയോദ്ധ്യാകാണ്ഡം -- രാമായണം, മലയാള വിവർത്തനം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
  3. കിഷ്കിന്ദാകാണ്ഡം -- രാമായണം, മലയാള വിവർത്തനം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
  4. അയോദ്ധ്യാകാണ്ഡം -- രാമായണം, മലയാള വിവർത്തനം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
  5. www.karava.org/religious The Kaurava race of Sri Lanka and the worship of Draupadi
  6. www.dollsofindia.com/draupadi.htm Draupadi, the Woman: Epitome of Feminity and Feminism] by Madhuri Guin
  7. http://www.mythfolklore.net/india/encyclopedia/sita.htm
  8. http://veekshanam.com/content/view/20087/1/
"https://ml.wikipedia.org/w/index.php?title=പഞ്ചകന്യകമാർ&oldid=4018610" എന്ന താളിൽനിന്ന് ശേഖരിച്ചത്