രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള വാനര രാജ്ഞി. വാനര രാജാവായ ബാലിയുടെ പത്നി. അംഗദൻ ഇവരുടെ പുത്രനാണ്. സുഷേണൻ എന്ന വാനരന്റെ പുത്രിയാണ് താരയെന്നും, പാലാഴി മഥനത്തിൽ നിന്നാണ് താര ജനിച്ചതെന്നും രണ്ട് ഐതിഹ്യങ്ങൾ നിലനില്ക്കുന്നു. ബാലിയുടെ മരണശേഷം താര സുഗ്രീവന്റെ പത്നിയായി. മഹാപാതകനാശനത്തിനായി കേരളീയർ ഭജിക്കുന്ന പഞ്ചകന്യകമാരിൽ ഒരാളാണ് താര.

താരയെ വിവേകമതിയും അനുനയപാടവമുള്ളവളുമായാണ് രാമായണത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. സുഗ്രീവനോട് ഏറ്റുമുട്ടാൻ പോയ ബാലിയെ യുക്തിവാദംകൊണ്ട് താര പിന്തിരിപ്പിക്കുവാൻ ശ്രമിച്ചതായി രാമായണത്തിൽ കാണുന്നു. സീതാന്വേഷണത്തിനു താമസം നേരിടുന്നതിൽ കുപിതനായി സുഗ്രീവനെ ശകാരിക്കാനെത്തിയ ലക്ഷ്മണനെ ശാന്തനാക്കിയതും താരയാണ്.

ദേവഗുരുവായ ബൃഹസ്പതിയുടെ പത്നിയുടെ പേരും താര എന്നാണെന്ന് ഭാഗവതം നവമസ്കന്ധത്തിൽ കാണുന്നു. അതിസുന്ദരിയായ താര ചന്ദ്രനിൽ അനുരക്തയായി അദ്ദേഹത്തോടൊപ്പം താമസം ആരംഭിച്ചു. ഇത് ദേവന്മാരെ പ്രകോപിപ്പിക്കുകയും അവർ ചന്ദ്രനെതിരെ യുദ്ധത്തിനൊരുങ്ങുകയും ചെയ്തു. ഒത്തുതീർപ്പിനു തയ്യാറായ ചന്ദ്രൻ താരയെ ഭർത്തൃഗൃഹത്തിലേക്ക് മടക്കി അയച്ചു. ഇതിനു ശേഷം താര പ്രസവിച്ച ശിശു(ബുധൻ)വിനെച്ചൊല്ലി ബൃഹസ്പതിയും ചന്ദ്രനും തമ്മിൽ തർക്കമുണ്ടായി. ശിശു ചന്ദ്രന്റേതാണെന്ന് താര പറയുകയും ആ ശിശു ചന്ദ്രഭവനത്തിൽ വളരുകയും ചെയ്തു.

തിബത്തൻ പുരാണത്തിലെ ഒരു ദേവിക്കും താര എന്നു പേരുള്ളതായി കാണുന്നു. ബുദ്ധമതത്തിൽ അവലോകിതേശ്വരന്റെ തുല്യ പദവിയുള്ള സ്ത്രീ രൂപമാണ് താരാദേവി.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ താര എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=താര&oldid=1878833" എന്ന താളിൽനിന്ന് ശേഖരിച്ചത്