നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം

കേരളത്തിന്റെ തെക്കേയറ്റത്തെ ജില്ലയായ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര പട്ടണത്തിന്റെ ഹൃദയഭാഗത്ത് നെയ്യാറിന്റെ തെക്കേക്കരയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം. രണ്ടുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന ഭാവത്തിലുള്ള ഉണ്ണിക്കണ്ണനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി ശിവൻ,ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. 'തിരുവനന്തപുരം ജില്ലയിലെ ഗുരുവായൂർ' എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ചരിത്രവും ഐതിഹ്യം സമ്മേളിച്ചുകിടക്കുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിലൊന്നാണ്. തിരുവതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട അമ്മച്ചിപ്ലാവ് ഈ ക്ഷേത്രത്തോടനുബന്ധിച്ച് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ചുറ്റമ്പലങ്ങളിലെ വിഗ്രഹങ്ങളെയെന്ന പോലെ ഭക്തജനങ്ങൾ ഇതിനെയും വന്ദിച്ചുവരുന്നു. ശത്രുക്കളിൽ നിന്നും സംരക്ഷിക്കപ്പെട്ടതിന്റെ സ്മാരകമായി മാർത്താണ്ഡവർമ മഹാരാജാവ് 1755-ൽ ക്ഷേത്രം പണിയിച്ച് ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം[1]. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തിരുവനന്തപുരം
പ്രദേശം:നെയ്യാറ്റിൻകര
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശ്രീകൃഷ്ണൻ
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം, അഷ്ടമിരോഹിണി, വിഷു
ചരിത്രം
സ്ഥാപിതം:എ.ഡി. 1755
സൃഷ്ടാവ്:അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

ഐതിഹ്യം തിരുത്തുക

വേണാട് രാജാവായിരുന്ന രാമവർമ്മയുടെ കാലത്താണ് ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഐതിഹ്യം നടന്നത്. അന്ന് യുവരാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാർക്കെതിരെ പ്രക്ഷോഭം നയിച്ചുവരികയായിരുന്നു. ആ സമയത്ത് പല തവണ അദ്ദേഹത്തിന് ശത്രുക്കളിൽ നിന്ന് ഒളിച്ചുതാമസിയ്ക്കേണ്ടിവന്നിട്ടുണ്ട്. അത്തരത്തിലൊരു ഘട്ടത്തിൽ അദ്ദേഹത്തിന് ശത്രുക്കളുടെ ആക്രമണമുണ്ടാകുകയും തത്സമയം എവിടെനിന്നോ വന്നൊരു ബാലൻ അദ്ദേഹത്തെ അടുത്തുകണ്ട പ്ലാവിലേയ്ക്ക് വിളിയ്ക്കുകയും ചെയ്തു. അവിടെ ഒളിച്ചിരുന്ന മാർത്താണ്ഡവർമ്മ അങ്ങനെ ശത്രുക്കളിൽ നിന്ന് രക്ഷപ്പെട്ടു. പിന്നീട് പ്രശ്നം വച്ചുനോക്കിയപ്പോൾ കണ്ടത് ബാലനായി വന്ന് തന്നെ രക്ഷിച്ചത് ശ്രീകൃഷ്ണഭഗവാൻ തന്നെയാണെന്നാണ്. അതോടെ മാർത്താണ്ഡവർമ്മ പ്ലാവിനടുത്ത് ഭഗവാന് ക്ഷേത്രം പണിയാൻ തീരുമാനിച്ചു. 1755-ൽ മാർത്താണ്ഡവർമ്മയുടെ ജന്മദിനമായ ഇടവമാസത്തിലെ അനിഴം നക്ഷത്രദിവസമാണ് ക്ഷേത്രം പണിത് പ്രതിഷ്ഠ കഴിച്ചത്.

ക്ഷേത്രനിർമ്മിതി തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും തിരുത്തുക

നെയ്യാറ്റിൻകര പട്ടണത്തിന്റെ ഒത്ത മദ്ധ്യത്തിൽ ദേശീയപാതയുടെ കിഴക്കുഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സ്വദേശാഭിമാനി പാർക്ക്, നഗരസഭാ-താലൂക്ക് കാര്യാലയങ്ങൾ, കോടതി, വിദ്യാഭ്യാസസ്ഥാപനങ്ങൾ, കടകംമ്പോളങ്ങൾ തുടങ്ങിയവയെല്ലാം ക്ഷേത്രത്തിന്റെ രണ്ടുകിലോമീറ്റർ ചുറ്റളവിലാണ് സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ഗീതോപദേശരൂപത്തോടുകൂടിയ ക്ഷേത്രത്തിന്റെ പ്രധാന പ്രവേശനകവാടം അത്യാകർഷകമാണ്. ഇതിനടുത്തായി ചെറിയൊരു ശിവക്ഷേത്രവും ഒരു ഗണപതിക്ഷേത്രവും കാണാം. രണ്ടും നെയ്യാറ്റിൻകര ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളാണ്. പ്രവേശനകവാടം കഴിഞ്ഞാൽ ഒരു നെടുനീളൻ ചാർത്താണ്. കരിങ്കല്ലിൽ തീർത്ത ഈ ചാർത്ത് അവസാനിയ്ക്കുന്നത് പടിഞ്ഞാറേ ഗോപുരത്തിന് സമീപമാണ്. ഗോപുരം താരതമ്യേന അനാകർഷകമാണ്. എന്നാൽ, ഇതിനിരുവശവും ഭഗവദ്വാഹനമായ ഗരുഡന്റെയും ഹനുമാന്റെയും രൂപങ്ങളും കാണാം.

ഗോപുരം കടന്ന് അകത്തെത്തുമ്പോൾ കാണുന്നത് ആനക്കൊട്ടിലാണ്. താരതമ്യേന പുതിയ കാലത്ത് നിർമ്മിച്ചതാണിത്. ഇതിനപ്പുറമാണ് ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന സ്വർണ്ണക്കൊടിമരം കാണപ്പെടുന്നത്. ഈ കൊടിമരം താരതമ്യേന പുതിയ കാലത്ത് പ്രതിഷ്ഠിച്ചതാണ്. കൊടിമരത്തിന് ഇരുവശവുമായി ഓരോ ദീപസ്തംഭം കാണാം. കൊടിമരത്തിന് അപ്പുറത്താണ് ബലിക്കൽപ്പുര. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. താരതമ്യേന വളരെ ചെറിയൊരു ബലിക്കല്ലാണ് ഇവിടെയുള്ളത്. ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടുകിടക്കുന്ന അമ്മച്ചിപ്ലാവ് ബലിക്കൽപ്പുരയുടെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. ഇതിന്റെ ചില്ലകളും തടിയും ശോഷിച്ചുപോയെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാൽ ഇത് നല്ലപോലെ സംരക്ഷിച്ചുപോരുന്നുണ്ട്. ബലിക്കൽപ്പുരയുടെ തെക്കുഭാഗത്ത് ക്ഷേത്രത്തിലെ നാഴികമണിയും കാണാം. കേരളത്തിന്റെ തെക്കേയറ്റത്തെ നദിയായ നെയ്യാർ ക്ഷേത്രത്തിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളെ തൊട്ടൊഴുകിപ്പൊരുന്നു. ഭക്തർക്ക് ഇറങ്ങിച്ചെല്ലാൻ നെയ്യാറിൽ പടവുകൾ കെട്ടിയിട്ടുണ്ട്. നെയ്യാറിലെ ജലം തന്നെയാണ് ഇവിടെ അഭിഷേകത്തിനും നിവേദ്യത്തിനുമെല്ലാം ഉപയോഗിയ്ക്കുന്നത്. അതിനാൽ, ക്ഷേത്രത്തിൽ കുളവും കിണറുമില്ല.

ക്ഷേത്രത്തിന്റെ വടക്ക്, കിഴക്ക്, തെക്ക് ഭാഗങ്ങളിൽ പ്രത്യേകിച്ചൊന്നും തന്നെ കാണേണ്ടതില്ല. തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ എന്നിവരുടെ പ്രതിഷ്ഠകളുണ്ട്. ഇവർക്ക് വിശേഷാൽ പൂജകൾ നടത്തിപ്പോരുന്നു.

ശ്രീകോവിൽ തിരുത്തുക

ചതുരാകൃതിയിൽ തീർത്ത ഒറ്റനില ശ്രീകോവിലാണ് ക്ഷേത്രത്തിലുള്ളത്. വളരെ ചെറുതാണെങ്കിലും ചുവർച്ചിത്രങ്ങളും ദാരുശില്പങ്ങളും കൊണ്ട് മനോഹരമാക്കിയിട്ടുണ്ട് ശ്രീകോവിൽ. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. അകത്ത് രണ്ടുമുറികളുണ്ട്. അവയിൽ കിഴക്കുഭാഗത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. രണ്ടടിയോളം ഉയരം വരുന്ന പഞ്ചലോഹനിർമ്മിതമായ ശ്രീകൃഷ്ണവിഗ്രഹം പടിഞ്ഞാറോട്ട് ദർശനമായി കുടികൊള്ളുന്നു. രണ്ടുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന ഭഗവാനാണ് ഇവിടെയുള്ളത്. മനോഹരമായ വിഗ്രഹം വിഷുനാളിൽ അസ്തമയസൂര്യന്റെ കിരണങ്ങളേറ്റ് തിളങ്ങുന്ന കാഴ്ച കാണാം. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ ആവാഹിച്ചുകൊണ്ട് ശ്രീകൃഷ്ണഭഗവാൻ, നെയ്യാറ്റിൻകരയിലെ ശ്രീലകത്ത് വെണ്ണക്കണ്ണനായി വാഴുന്നു.

ശ്രീകോവിലിന്റെ ചുറ്റുമുള്ള ചുവർച്ചിത്രങ്ങളിൽ ശ്രീകൃഷ്ണലീല, ദശാവതാരം തുടങ്ങിയ രൂപങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം. വടക്കുഭാഗത്ത് ഓവ് കാണാം. ഭഗവാന് അഭിഷേകം ചെയ്യുന്ന ജലം ഇതിലൂടെ ഒഴുകി നെയ്യാറിലെത്തുന്നു.

നാലമ്പലം തിരുത്തുക

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. വളരെ ചെറിയ നാലമ്പലമാണിവിടെ. എടുത്തുപറയത്തക്ക സവിശേഷതകളൊന്നും തന്നെ നാലമ്പലത്തിനില്ല. നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിനിരുവശവും വാതിൽമാടങ്ങൾ കാണാം. ഭക്തർ ഇവ നാമജപത്തിനും വിശ്രമത്തിനുമായി ഉപയോഗിയ്ക്കുന്നു. നാലമ്പലത്തിന്റെ തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളിയുണ്ട്.

നാലമ്പലത്തിനകത്ത് ശ്രീകോവിലിന്റെ ചുറ്റുമായി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (പടിഞ്ഞാറ്-വരുണൻ, വടക്കുപടിഞ്ഞാറ്-വായു, വടക്ക്-കുബേരൻ, വടക്കുകിഴക്ക്-ഈശാനൻ, കിഴക്ക്-ഇന്ദ്രൻ, തെക്കുകിഴക്ക്-അഗ്നി, തെക്ക്-യമൻ, തെക്കുപടിഞ്ഞാറ്-നിര്യതി), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, ബ്രഹ്മാവ്, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകളിൽ ചവിട്ടാനോ തൊട്ടു തലയിൽ വയ്ക്കാനോ പാടില്ല.

നമസ്കാരമണ്ഡപം തിരുത്തുക

ശ്രീകോവിലിന്റെ മുന്നിൽ സമചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണിതിരിയ്ക്കുന്നു. നാലുകാലുകളോടുകൂടിയ വളരെ ചെറിയൊരു മണ്ഡപമാണിത്. അതിനാൽ, പൂജാരിയ്ക്ക് നമസ്കരിയ്ക്കാനുള്ള സൗകര്യം ഇവിടെയില്ല. മണ്ഡപത്തിന്റെ കിഴക്കേ അറ്റത്ത് ഒരു ഗരുഡപ്രതിമയുണ്ട്. ഭഗവാനെ നോക്കിത്തൊഴുതുന്ന ഭാവത്തിലാണ് ഗരുഡൻ കുടികൊള്ളുന്നത്.

പ്രതിഷ്ഠ തിരുത്തുക

നെയ്യാറ്റിൻകര ഉണ്ണിക്കണ്ണൻ തിരുത്തുക

നെയ്യാറ്റിൻകര ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന ബാലരൂപത്തിലുള്ള ശ്രീകൃഷ്ണഭഗവാനാണ് നെയ്യാറ്റിൻകര ഉണ്ണിക്കണ്ണൻ. രണ്ടടിയോളം ഉയരം വരുന്ന പഞ്ചലോഹനിർമ്മിതമായ വിഗ്രഹം പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കൃഷ്ണശിലയിൽ തീർത്ത വിഗ്രഹമാണ് ആദ്യം പ്രതിഷ്ഠിയ്ക്കാൻ നിർദ്ദേശിച്ചിരുന്നതെന്നും, എന്നാൽ പ്രതിഷ്ഠയ്ക്ക് വിഗ്രഹം അനുയോജ്യമല്ലെന്ന് കണ്ടെത്തിയപ്പോൾ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിയ്ക്കുകയുമായിരുന്നു എന്നുമാണ് കഥ. ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന ഭാവമായതിനാൽ വെണ്ണയാണ് ഭഗവാന്റെ പ്രധാന നിവേദ്യം. പൂജാസമയത്ത്, മറ്റുനിവേദ്യങ്ങളുണ്ടെങ്കിലും ഭഗവാന് വെണ്ണ സമർപ്പിച്ചുകൊണ്ടിരിയ്ക്കും. വെണ്ണ കൂടാതെ പാൽപ്പായസം, അപ്പം, അട, അവിൽ, കളഭാഭിഷേകം, ഉദയാസ്തമനപൂജ തുടങ്ങിയവയും ഭഗവാന്റെ പ്രധാന വഴിപാടുകളാണ്.

ഉപദേവതകൾ തിരുത്തുക

ഗണപതി തിരുത്തുക

നാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം ശ്രീകോവിലിലാണ് ഗണപതിഭഗവാന്റെ പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. മുഖപ്പോടുകൂടിയ ചെറിയ ശ്രീകോവിലാണ് ഗണപതിയ്ക്ക്. സാധാരണ വിഗ്രഹങ്ങളുടെ അതേ രൂപവും ഭാവവുമാണ് ഇവിടത്തെ വിഗ്രഹത്തിനും. ഗണപതിഹോമം, ഒറ്റയപ്പം, മോദകം, കറുകമാല തുടങ്ങിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ.

അയ്യപ്പൻ തിരുത്തുക

ഗണപതിയുടെ ശ്രീകോവിലിനടുത്തുതന്നെയാണ് സഹോദരനായ അയ്യപ്പന്റെയും പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന അയ്യപ്പന്റെ മുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. നെയ്യഭിഷേകം, അപ്പം, അട, എള്ളുപായസം തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. ശനിയാഴ്ച, മണ്ഡല മകരവിളക്ക് കാലം അയ്യപ്പന് പ്രധാനം.

നാഗദൈവങ്ങൾ തിരുത്തുക

ഗണപതിയുടെയും അയ്യപ്പന്റെയും പ്രതിഷ്ഠകൾക്കടുത്താണ് നാഗദൈവങ്ങളുടെയും പ്രതിഷ്ഠ. മേൽക്കൂരയില്ലാത്ത തറയിലാണ് പ്രതിഷ്ഠ. നാഗരാജാവായി അനന്തനും നാഗയക്ഷിയും പരിവാരങ്ങളുമടങ്ങുന്നതാണ് പ്രതിഷ്ഠ. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം എന്നിവയാണ് പ്രധാന വഴിപാടുകൾ.

നിത്യപൂജകളും തന്ത്രവും തിരുത്തുക

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് നടതുറക്കുന്നു.

വിശേഷദിവസങ്ങൾ തിരുത്തുക

ബുധൻ, വ്യാഴം പ്രധാന ദിവസങ്ങൾ. തിരുവുത്സവം, അഷ്ടമി രോഹിണി, വിഷു, ദീപാവലി, വൈകുണ്ഠ ഏകാദശി, അക്ഷയ തൃതീയ തുടങ്ങിയവ വിശേഷ ദിവസങ്ങൾ. മണ്ഡല മകരവിളക്ക് കാലം ഉപദേവൻ അയ്യപ്പന് പ്രധാനം.

തിരുവുത്സവം തിരുത്തുക

അഷ്ടമി രോഹിണി തിരുത്തുക

വിഷു തിരുത്തുക

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. [1]|സർവ്വവിജ്‍ഞാനകോശം
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.