ഉണ്ണായിവാര്യർ
പ്രശസ്തനായ കവി, ആട്ടക്കഥാകൃത്ത് എന്നിങ്ങനെ തിളങ്ങിയ വ്യക്തിയാണ് ഉണ്ണായിവാര്യർ. ക്രിസ്തു വർഷം1682 നും 1759 നും ഇടക്കാണ് ജീവിതകാലം എന്ന് വിശ്വസിക്കുന്നു. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ജനനം. സംസ്കൃതത്തിലും, തർക്കശാസ്ത്രത്തിലും, വ്യാകരണത്തിലും, ജ്യോതിഷത്തിലും പാണ്ഡിത്യം നേടി. കുംഭകോണം, തഞ്ചാവൂർ, കാഞ്ചീപുരം എന്നിവടങ്ങളിൽ സഞ്ചരിച്ച് സംഗീതം പഠിച്ചു. ശ്രീരാമനെ സ്തുതിച്ചു കൊണ്ടെഴുതിയ രാമപഞ്ചശതി, ഗിരിജാകല്യാണം, ഗീതപ്രബന്ധം, നളചരിതം ആട്ടക്കഥ എന്നിവയാണ് വാര്യരുടെ കൃതികൾ.
ഉണ്ണായിവാര്യർ | |
---|---|
![]() | |
ജനനം | 17th/18th century CE (estimated) Irinjalakuda, Kerala, India |
Occupation | Poet, writer |
Nationality | Indian |
Notable works | Nalacharitham |
ജീവിതരേഖതിരുത്തുക
നളചരിതം ആട്ടക്കഥയിലൂടെ കേരളഭാഷാസാഹിത്യത്തിൽ അനശ്വര പ്രതിഷ്ഠ നേടിയ ഉണ്ണായിവാര്യർ കൂടൽമാണിക്യസ്വാമിയുടെ ഭക്തനായിരുന്നു. ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിന് വാര്യത്താണ് അദ്ദേഹം ജനിച്ചത്. രാമനെന്നായിരുന്നു പേര്. അത് ഉണ്ണിരാമനായി, ഉണ്ണായി എന്ന ചെല്ലപ്പേരായി രൂപാന്തരം പ്രാപിച്ചു. കൂടൽമാണിക്യസ്വാമിക്ക് മാല കെട്ടലാകുന്ന കഴകം അകത്തൂട്ട് വാര്യത്തേകായിരുന്നു. അതിനാൽ ബാല്യകാലം മുതൽക്ക് തന്നെ കൂടൽമാണിക്യസ്വാമിയെ സേവിക്കാനും,ഭഗവാനിൽ ദാസ്യഭക്തിയെ വളർത്താനും ഉണ്ണായിവാര്യർക്ക് സാധിച്ചു. തന്റെ കുലത്തൊഴിലാകുന്ന മാലകെട്ടലിലൂടെ ദിവസേന സംഗമേശ്വരനെ ആരാധിച്ചിരുന്ന ഒരു ഭക്തനായിരുന്നു ഉണ്ണായിവാര്യർ. ഉണ്ണായിവാര്യരുടെ ഭക്തിനിർഭരമായ ഒരു സ്തോത്രകാവ്യമാണ് ‘ശ്രീരാമപഞ്ചശതി’. ദിവസേന താമര, തുളസി, തെച്ചി എന്നീ പുഷ്പങ്ങളെക്കൊണ്ട് മാലക്കെട്ടി സംഗമേശ്വരന്സമർപ്പിച്ചിരുന്ന അദ്ദേഹത്തിന്, സ്തോത്ര രൂപത്തിലുള്ള ഒരു മാല ഭഗവാന് അർപ്പിക്കണമെന്ന് ഒരാഗ്രഹം തോന്നി. അതിന്റെ ഫലമാണ് മനോഹരമായ ഈ സ്തോത്രഹാരം. മേല്പപ്പത്തൂർ നാരായണ ഭട്ടതിരിയുടെ നാരായണീയത്തെ മാതൃകയാക്കി, ശ്രീ സംഗമേശ്വരനെ അഭിസംബോധന ചെയ്ത്കൊണ്ട്, അമ്പത് ദശകങ്ങളിലൂടെ,അഞ്ഞൂറ്റിമുപ്പത്തിനാല് ശ്ലോകങ്ങളെ കൊണ്ട് സ്തുതിക്കുന്ന അതിമനോഹരമായ ഒരു സ്തോത്ര കാവ്യമാണ്. ശ്രീരാമനെ സ്തുതിക്കുന്നതാണ് ഭരതന് ഏറ്റവും ഇഷ്ടപ്പെടുക എന്നത് കൊണ്ടാവാം വാര്യർ സംഗമേശ്വരനെ ശ്രീരാമനായി വർണ്ണിച്ച് സ്തുതിക്കുന്നത്.
ആട്ടക്കഥതിരുത്തുക
കഥകളിയുടെ സാഹിത്യരൂപത്തിനാണ് ആട്ടക്കഥ എന്നു പറയുന്നത്. അതുകൊണ്ടുതന്നെ അരങ്ങിൽ ആടുമ്പോഴാണ് ആട്ടക്കഥകൾക്കു പൂർണത ലഭിക്കുക. ഇതിനപവാദമാണു നളചരിതം ആട്ടക്കഥ. സാഹിത്യകൃതി എന്ന നിലയിൽ തന്നെ ഇതു ശ്രേഷ്ഠമായി നിലനിൽക്കുന്നു.
നളചരിതംആട്ടക്കഥയിൽ നിന്ന്തിരുത്തുക
“ | അംഗനമാർ മൗലേ ബാലേ ആശയെന്തയിതേ |
” |
ഹംസം ദയമന്തിയോട് പറയുന്ന ഈ വരികൾ മലയാള സാഹിത്യത്തിൽ ചിരകാലപ്രതിഷ്ഠ നേടിയവയാണ്.
നളചരിതം ആട്ടക്കഥ ചുരുക്കത്തിൽതിരുത്തുക
മഹാഭാരതം ആരണ്യപർവത്തിലെ 52 മുതൽ 79 വരെയുള്ള അധ്യായങ്ങളിൽ വർണിക്കപ്പെട്ട "നളോപാഖ്യാന“മാണു നാലുദിവസത്തെ അഭിനയത്തിനുതകുന്ന വിധത്തിൽ ഉണ്ണായി വാര്യർ നളചരിതം ആട്ടക്കഥയിലൂടെ പുനരാഖ്യാനം നിർവഹിച്ചത്. നിഷധരാജാവായ നളൻ വിദർഭ രാജപുത്രിയായ ദമയന്തിയെക്കുറിച്ചു കേട്ടറിഞ്ഞ് അവളിൽ അനുരാഗബദ്ധനാവുന്നു. ഒരു സ്വർണഹംസം നളനുവേണ്ടി ദമയന്തിയുടെയടുത്തു ദൂതുപോവാൻ സമ്മതിക്കുന്നു. ഹംസം ദമയന്തിയോടു നളകഥ പറഞ്ഞ് അവളിൽ നളനോടുള്ള അനുരാഗം ജനിപ്പിക്കുന്നു. ഒരുപാടു തടസ്സങ്ങൾക്കൊടുവിൽ നളൻ ദമയന്തിയെ വിവാഹം കഴിച്ചുവെങ്കിലും കലിബാധിതനായി ദമയന്തിയെ ഉപേക്ഷിക്കേണ്ടിവരുന്നു- ഒപ്പം രാജ്യവും നഷ്‌ടപ്പെട്ടു. പിന്നീടു പലവിധ പരീക്ഷണങ്ങൾ നേരിട്ടു കലിവിമുക്തനായിത്തീർന്നു നഷ്‌ടപ്പെട്ട രാജ്യം തിരികെപ്പിടിച്ചു ശിഷ്‌ടകാലം ദമയന്തിയോടൊന്നിച്ചു സുഖജീവിതം നയിക്കുന്നതാണു നളചരിതത്തിലെ കഥ.
പ്രത്യേകതകൾതിരുത്തുക
ആട്ടക്കഥയുടെ നിയതമായ ചിട്ടവട്ടങ്ങളെ വാര്യർ ലംഘിച്ചിരുന്നതായി കാണാം.പദ്യങ്ങൾ സംസ്കൃതത്തിലും പദങ്ങൾ മലയാളത്തിലും രചിക്കുന്ന രീതിയൊന്നും അദ്ദേഹം പിന്തുടർന്നു കാണുന്നില്ല. നാടകീയതയാണ് ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത. കാവ്യഗുണത്തിൻറെ കാര്യത്തിൽ മുന്പുണ്ടായിരുന്ന എല്ലാ കാവ്യങ്ങളെയും പിന്തള്ളാൻ നളചരിതം ആട്ടക്കഥയ്ക്കായി.
വാര്യരുടെ കൃതികൾതിരുത്തുക
കൃതികളെക്കുറിച്ച് തർക്കമുണ്ട്. എത്ര കൃതികൾ രചിച്ചുവെന്നോ അവയേതെന്നോ ഉള്ള കാര്യത്തിലൊന്നും ഒരു തിട്ടവുമില്ല. എന്നാൽ നളചരിതം ആട്ടക്കഥ ഉണ്ണായി വാര്യരുടേതാണെന്ന കാര്യത്തിൽ പണ്ഡിതന്മാർ എല്ലാവരും ഏകാഭിപ്രായക്കാരാണ്. ഈയൊരൊറ്റ കൃതി മതി അദ്ദേഹത്തിന്റെ കവിത്വസിദ്ധിക്കു നിദർശനമായി ചൂണ്ടിക്കാട്ടാൻ. രാമപഞ്ചശതി, ഗിരിജാകല്യാണം എന്നീ കൃതികളും ഉണ്ണായി വാര്യരുടേതാണെന്നു ചില പണ്ഡിതന്മാർ അവകാശപ്പെടുന്നു.
ഇതും കാണുകതിരുത്തുക
- പ്രിയമാനസം - ഉണ്ണായിവാര്യരുടെ ജീവിതകഥയെ ആസ്പദമാക്കി 2015-ൽ പുറത്തിറങ്ങിയ സംസ്കൃത ചലച്ചിത്രം