ഉണ്ണായിവാരിയരുടെ നളചരിതം ആട്ടക്കഥ ഒന്നാം ദിവസത്തിലെ ഒരു പദമാണ് അംഗനമാർമൗലേ, ബാലേ.

ദമയന്തിയും സന്ദേശവാഹക അരയന്നവും
ചിത്രകാരൻ:രാജാ രവിവർമ്മ

ആട്ടക്കഥ: നളചരിതം ഒന്നാം ദിവസം
രാഗം: കല്യാണി
താളം: അടന്ത

കഥാപാത്രങ്ങൾ: ഹംസം, ദമയന്തി

ശ്ളോകംതിരുത്തുക

ഇനിയൊരടി നടന്നാൽ കിട്ടുമേ കൈക്കലെന്നും
പ്രതിപദമപി തോന്നുമ്മാറുമന്ദം നടന്നാൻ
അഥ ബത ദമയന്തീമാളിമാരോടു വേറാ-
മതുപൊഴുതരയന്നപ്രൊ‍ൗഢനൂചേ സഹാസം.

പല്ലവിതിരുത്തുക

അംഗനമാർമൗലേ, ബാലേ, ആശയെന്തയി! തേ.

അനുപല്ലവിതിരുത്തുക

എങ്ങനെ പിടിക്കുന്നു നീ ഗഗനചാരിയാമെന്നെ.

ചരണംതിരുത്തുക

യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം;
അവിവേകമിതു കണ്ടാലറിവുള്ളവർ
പരിഹസിക്കും, ചിലർ പഴിക്കും,
വഴിപിഴയ്ക്കും തവ നിനയ്ക്കുമ്പോൾ.


ബന്ധനംചെയ്യേണ്ടാ നീ മാം, ബന്ധുവത്രേ തവ ഞാൻ;
സഖിമാരിലധികം വിശ്വസിച്ചീടെന്നെ,
ജഗത്പതിയും രതിപതിയും
തവ കൊതിയുള്ളൊരുപതിവ രുമേ.


നളനഗരേ വാഴുന്നു ഞാൻ നളിനജന്മവചസാ
നളിനമിഴിമാർക്കെല്ലാം നടപഠിപ്പാൻ
മദലുളിതം മൃദുലളിതം
ഗുണമിളിതം, ഇതുകളിയല്ലേ.

അർത്ഥംതിരുത്തുക

സുന്ദരീരത്നമേ! എന്താണു നിന്റെ മോഹം? ആകാശചാരിയായ എന്നെ നീ എങ്ങനെ പിടിക്കാനാണ്‌! യൗവനത്തിലെത്തിയിട്ടും കുട്ടിക്കളി മാറിയില്ലല്ലൊ! ഈ അവിവേകം കണ്ടാൽ അറിവുള്ളവർ പരിഹസിക്കും. മറ്റു ചിലർ പഴിക്കും. നിനക്കു വഴി പിഴയ്ക്കുകയും ചെയ്യും. നീ എന്നെ പിടിച്ചു ബന്ധിക്കണ്ട. ഞാൻ നിനക്കു ബന്ധുവാണ്‌. നിന്റെ തോഴിമാരേക്കാൾ നിനക്ക്‌ എന്നെ വിശ്വസിക്കാം. നീ കൊതിക്കുംപോലെ ലോകപതിയും കാമദേവനുമായ ഒരാൾ നിന്റെ ഭർത്താവായി വന്നുചേരും. ബ്രഹ്മാവിന്റെ വാക്കനുസരിച്ച്‌ നളന്റെ നഗരത്തിലാണു ഞാൻ വാഴുന്നത്‌. അവിടെയുള്ള സുന്ദരിമാരെ മദംകൊണ്ടു തളർന്നതും മനോഹരവും ഗുണങ്ങൾ ചേർന്നതുമായ നടത്തം പഠിപ്പിക്കാനാണ്‌ ഞാൻ അവിടെ വസിക്കുന്നത്‌. ഇതു കളിയല്ല.


ഹംസത്തെ പിടിക്കാൻ പലതവണ ശ്രമിച്ചെങ്കിലും പറ്റാത്തതിൽ നൈരാശ്യവും കാണെക്കാണെ വളർന്ന താത്പര്യവും പൂണ്ടു നില്ക്കുന്ന ദമയന്തിയോട്‌ ഹംസം പറയുന്ന പദമാണ് ഇത്.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അംഗനമാർമൗലേ,_ബാലേ&oldid=3392040" എന്ന താളിൽനിന്ന് ശേഖരിച്ചത്