താഴേക്കോട് ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
താഴെക്കോട്

താഴെക്കോട്
10°57′00″N 76°18′58″E / 10.95°N 76.316°E / 10.95; 76.316
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
വില്ലേജ് താഴെക്കോട്,അരക്കുപറമ്പ്
താലൂക്ക്‌ പെരിന്തൽമണ്ണ
ബ്ലോക്ക് പെരിന്തൽമണ്ണ
നിയമസഭാ മണ്ഡലം പെരിന്തൽമണ്ണ
ലോകസഭാ മണ്ഡലം മലപ്പുറം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് സോഫിയ ടീച്ചർ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 45.03ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 21 എണ്ണം
ജനസംഖ്യ 37500
ജനസാന്ദ്രത 832.77/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679341
+04933
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കൊടികുത്തിമല

മലപ്പുറത്ത് പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ ബ്ലോക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ്‌ താഴേക്കോട് ഗ്രാമപഞ്ചായത്ത്. NH966-ൽ ഉള്ള ഒരു ചെറിയ ടൗൺ ആണ്‌ താഴേക്കോട് എങ്കിലും ഇതേ റോഡിൽ കുറച്ചപ്പുറത്തുള്ള കരിങ്കല്ലത്താണിയിലാണ്‌ പഞ്ചായത്താസ്ഥാനം. പെരിന്തൽമണ്ണയിൽനിന്നും 10 കി.മീ അകലെയാണിത് സ്ഥിതിചെയ്യുന്നത്.താഴെക്കോട്, അരക്കുപറമ്പ് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന താഴെക്കോട് ഗ്രാമപഞ്ചായത്തിനു 45.03 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്.

ഐതിഹ്യം

തിരുത്തുക

അരക്കുപറമ്പ്,താഴേക്കോട്,മേലാറ്റൂർ,കീഴാറ്റൂർ,ഭീമനാട്,കുന്തിപ്പുഴ എന്നീ സമീപപ്രദേശങ്ങൾ മഹാഭാരതവുമായി ബന്ധമുള്ളതാണെന്നു വിശ്വസികപ്പെടുന്നു. ഇതിൽ അരക്കുപറമ്പിലാണ്‌ പാണ്ഡവർ അരക്കില്ലമുണ്ടാക്കിയതെന്നും കൗരവർ കത്തിച്ചപ്പോൾ താഴേക്കോട്ടുകൂടി ഗുഹാമാർഗ്ഗം രക്ഷപ്പെട്ടുവെന്നും ചിലരെങ്കിലും കരുതിപ്പോരുന്നു.

ചരിത്രം

തിരുത്തുക

വള്ളുവനാട് രാജാക്കന്മാരുമായി ബന്ധപെടുത്തി താഴേക്കോടിന്റെ പടിഞ്ഞറുവശം വള്ളാംകുറിശ്ശി എന്നുമറിയപ്പെടുന്നു. ഇവിടെ അധികം സ്ഥലവും പണ്ട് പള്ളശ്ശേരി മൂത്തമ്മൻ എന്ന നെടുങ്ങാടി കുടുംബക്കാരുടേതും ചെറിയ ജന്മിമാരുടേതുമായിരുന്നു. വള്ളുവനാട് രാജാക്കന്മാരുടെ പതനത്തിനു ശേഷം ഇവിടുത്തെ അധികാരം മാറിമാറി വന്നു. ഇപ്പോൾ ഇവിടെ പല പ്രസിദ്ധരും അല്ലാത്തവരുമായ മുസ്ലീം ഹിന്ദു ജനങ്ങൾ വസിക്കുന്നു. അധികം കുറവല്ലാത്തെ ക്രിസ്റ്റ്യാനികളും ഉണ്ട്.

കോഴിക്കോടിനെയും, പാലക്കാടിനെയും ബന്ധിപ്പിക്കുന്ന, നൂറ്റാണ്ടു പഴക്കമുള്ള റോഡ്, താഴെക്കോട് ഗ്രാമത്തിന്റെ വളർച്ചയിലെ നാഴികക്കല്ലാണ്.ഈ വഴിയായിരുന്നു, പണ്ട് തമിഴ്നാടും മലബാറുമായുള്ള വ്യാപാരബന്ധം ഊട്ടിയുറപ്പിച്ചിരുന്നത്. കരിങ്കല്ലത്താണി എന്ന സ്ഥലനാമത്തിൽ നിന്നു തന്നെ അറിയാം പഴയ കാലത്ത് ചുമട്ടുകാർക്ക് വിശ്രമിക്കാനായി കരിങ്കല്ലുകൊണ്ടുള്ള അത്താണി സ്ഥാപിച്ചിരുന്ന സ്ഥലമായിരുന്നു അതെന്ന്. ഈ അത്താണി സ്ഥാപിച്ചത് കൊല്ലവർഷം 1055 മകരം 22(1879 ഡിസംബർ അല്ലെങ്കിൽ 1880 ജനുവരി) പനമണ്ണ കയറട്ട കിഴക്കേതിൽ പറങ്ങോടൻ നായർ എന്ന വ്യക്തിയായിരുന്നുവത്രെ.

അതിരുകൾ

തിരുത്തുക

മലപ്പുറം ജില്ലയുടെ തെക്കേ അറ്റത്തുള്ള പഞ്ചായത്താസ്ഥാനം കഴിഞ്ഞാൽ പാലക്കാട് ജില്ലയായി.ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് വെട്ടത്തൂർ പഞ്ചായത്തും, പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയും, പാലക്കാട് ജില്ലയിലെ അലനല്ലൂർ പഞ്ചായത്തും, കിഴക്കുഭാഗത്ത് പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര, അലനല്ലൂർ, കോട്ടോപ്പാടം പഞ്ചായത്തുകളും, തെക്കുഭാഗത്ത് ആലിപ്പറമ്പ് പഞ്ചായത്തും, പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയുമാണ്.

വാർഡുകൾ

തിരുത്തുക
  1. പാണമ്പി
  2. അമ്മിനിക്കാട്
  3. കാപ്പുമുഖം
  4. വെളളപ്പാറ
  5. മാട്ടറക്കൽ
  6. കുറ്റിപ്പുളി
  7. മാന്തോണികുന്ന്
  8. പുത്തൂർ
  9. കൊമ്പാക്കൽകുന്ന്
  10. കാഞ്ഞിരത്തടം
  11. ഓങ്ങോട്
  12. മാടാമ്പാറ
  13. നെല്ലിപ്പറമ്പ്
  14. കാപ്പുപറമ്പ്
  15. കരിങ്കല്ലത്താണി
  16. പൂവ്വത്താണി
  17. താഴെക്കോട്
  18. മുതിരമണ്ണ
  19. മരുതല
  20. അത്തിക്കൽ
  21. പാതാക്കര

ഭൂമിശാസ്ത്രം

തിരുത്തുക

പഞ്ചായത്തിന്റെ വടക്കുഭാഗത്ത് തെക്കും ഉയരം കൂടിയ മലനിരകളും ഉയർന്ന കുന്നുകളുമാണ്. അവയ്ക്കിടയിൽ അനേകം ചെറുകുന്നുകളും ഇടസ്ഥലങ്ങളിൽ ചെറു വിസ്തൃതിയിലുള്ള താഴ്വരകളും ഉണ്ട്. പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങൾ പടിഞ്ഞാറിനെ അപേക്ഷിച്ച ഉയർന്നതാണ്. ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ കുന്നിൻമണ്ട, കുത്തനെയുള്ള ചെരിവ്, ഉയർന്ന സമതലം, ചെറിയ ചെരിവ്, സമതലം, താഴ്വര എന്നിങ്ങനെ ആറ് മേഖലകളായി തരം തിരിക്കാം. ഏറ്റവും ഉയരം കൂടിയ പ്രദേശം സമുദ്രനിരപ്പിൽ നിന്നും രണ്ടായിരം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊടികുത്തി മലയാണ്. ഉത്കൃഷ്ടമായ സാംസ്കാരികപാരമ്പര്യം കൈമുതലായുള്ള ഒരു ഗ്രാമമാണ് താഴേക്കോട്. മലപ്പുറം പാലക്കാട് ജില്ലകളുടെ അതിർത്തിയിലാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

സാംസ്കാരിക ചരിത്രവും വിശേഷങ്ങളും

തിരുത്തുക

വട്ടപ്പറമ്പ് മഹല്ല് ജുമാമസ്ജിദ് ആണ് പഞ്ചായത്തു പ്രദേശത്തെ ആദ്യ മുസ്ളീംപള്ളി. ഇവിടെനിന്നും 950 വർഷം മുമ്പ് രേഖപ്പെടുത്തപ്പെട്ട ചെമ്പുതകിടുകൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്തെ ഏറ്റവും പ്രാചീനമായ ഹൈന്ദവ ആരാധനാലയം അരക്കുപറമ്പിലെ ശ്രീതിരുനാരായണപുരം ശിവക്ഷേത്രമാണ്.വളരെ ശതാബ്ദങ്ങൾക്കുമുമ്പ് കറുത്തേടത്ത് മന,മൂത്തേടത്ത് മന എന്നീ ഇപ്പോൾ ശേഷിച്ചിട്ടുള്ള രണ്ട് കുടുംബങ്ങൾ ഉൾപ്പെടെ 41 നമ്പൂതിരികുടുംബങ്ങളുടെ ഊരാഴ്മയിൽ ഉണ്ടാക്കിയതെന്നു പറയപ്പെടുന്ന ഈ ക്ഷേത്രം ഇന്ന് ദേവസ്വംബോർഡിന്റെ കീഴിലാണ്‌. താഴെക്കോട് പഞ്ചായത്തിലെ വിവിധമതജനാധിവാസത്തിനു സഹസ്രാബ്ദം പഴക്കമുണ്ടെന്നതിന് തെളിവാണിവ. നേർച്ചയും, താലപ്പൊലിയും, പെരുന്നാളും, ഓണവും, വായനശാലാ വാർഷികങ്ങളുമെല്ലാം പഞ്ചായത്തിൽ സമുചിതം കൊണ്ടാടാറുണ്ട്. ഇവയിൽ എടുത്തു പറയാവുന്ന ആഘോഷങ്ങൾ കമ്മുസ്സൂഫിജാറത്തിലുള്ള ആണ്ടു നേർച്ചയും, മാട്ടറക്കൽ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന താലപ്പൊലി മഹോത്സവവും, വെള്ളപ്പാറ ക്രിസ്ത്യൻ പള്ളി തിരുനാളുമാണ്. ശൈവാരാധനയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങൾ വച്ചുപുലർത്തുന്ന, കുടുംബപരദേവതകളെ പ്രതിഷ്ഠിച്ചിട്ടുള്ള മണ്ഡപപുരകൾ ചില ഹൈന്ദവവീടുകളിലുണ്ട്. ഭൂതവുംതിറയും, മുടിയാട്ടം, കോൽക്കളി, ചവിട്ടുകളി, അയ്യപ്പൻവിളക്ക്, കാക്കരശ്ശിനാടകം തുടങ്ങിയ പഴയ അനുഷ്ഠാനകലാരൂപങ്ങൾ ഇന്നും സംരക്ഷിക്കപ്പെടുന്നു.

1970-കളുടെ പകുതി വരെ കൃഷിയെ മാത്രം ആശ്രയിച്ചിരുന്ന ഇവിടുത്തെ ജനങ്ങളധികവും ഇന്ന് പ്രവാസികളാണ്‌. സാമ്പത്തികരംഗത്ത് ഗൾഫ് പണത്തിന്റെ സ്വാധീനം വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളിൽ പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്. പഞ്ചായത്തിൽ 12 വായനശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മൂന്നെണ്ണം കേരള ഗ്രന്ഥശാലാ സംഘത്തോട് അഫിലീയേറ്റ് ചെയ്തു പ്രവർത്തിക്കുന്നു.

തൊഴിൽ/വ്യവസായം/ആരോഗ്യം/വിദ്യാഭ്യാസം

തിരുത്തുക

ഇവിടുത്തെ പ്രധാന തൊഴിൽ കൃഷിയാണ്. നെല്ല്, വാഴ, റബ്ബർ, മരച്ചീനി, തെങ്ങ്, കുരുമുളക്, അടക്ക എന്നിവയാണ് പ്രധാന കൃഷിവിളകൾ. ബാക്കിയുള്ളവരിലധികവും വ്യവസായങ്ങളും സ്ഥാപനങ്ങളിലെ ജോലികളുമായി കഴിയുന്നു.വളരെ ഉയർന്ന നിലയിലുള്ളവർ മുതൽ കാട്ടിൽനിന്നും തേനും പഴങ്ങളും തിന്നും ശേഖരിച്ചും ജീവിക്കുന്ന ആദിവാസിവർഗ്ഗക്കാരും ഇവിടെ ഉണ്ട്. എന്നിരുന്നലും ഇവിടേക്കൊഴുകുന്ന രൂപയുടെ പ്രധാനസ്രോതസ്സ് പ്രവാസികളാണ്‌.

ന്യൂട്രിമിക്സ് യൂണിറ്റ്, കറിപൌഡർ നിർമ്മാണം, റബ്ബർപാൽ സംസ്കരണം, ബീഡി നിർമ്മാണം എന്നിവയാണ് ഇവിടുത്തെ പ്രധാന വ്യവസായങ്ങൾ.

പഞ്ചായത്തിലെ ഏക പെട്രോൾ പമ്പ് കരിങ്കല്ലത്താണിയിലെ ഹിന്ദുസ്ഥാൻ പെട്രോളിയമാണ്. നീതി ഗ്യാസിന്റെ ഒരു ഗ്യാസ് ഏജൻസിയും ഇവിടുണ്ട്. പൊതുവിതരണ സംവിധാനത്തിൻ കീഴിൽ 12 റേഷൻകടകളും ഒരു മാവേലിസ്റ്റോറും പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ വാണിജ്യമേഖല താഴേക്കോട്, കരിങ്കല്ലത്താണി, വില്ലേജ്പടി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ സാംസ്കാരികമേഖലയിൽ 8 മുസ്ളീം ആരാധനാലയങ്ങളും നാല് പ്രധാന ക്ഷേത്രങ്ങളും രണ്ട് ക്രിസ്ത്യൻ പള്ളികളും സ്ഥിതി ചെയ്യുന്നു. കാപ്പുമുഖം താലപ്പൊലി മഹോത്സവം, നീർപ്പുത്തൂർ ശിവക്ഷേത്ര മഹോത്സവം എന്നിവ പ്രധാന ഉത്സവങ്ങളാണ്.ഇവിടെ ഒരു ഫെഡറൽ ബാങ്കും സഹകരണമേഖലയിലെ ആറു ബാങ്കുകളും ഒരു സ്വകാര്യബാങ്കും പ്രവർത്തിക്കുന്നു. പഞ്ചായത്തിലെ ഒരേയൊരു കമ്മ്യൂണിറ്റി ഹാൾ കരിങ്കല്ലത്താണിയിൽ പഞ്ചായത്താസ്ഥാനത്തിനു തൊട്ടു താഴെയായി സ്ഥിതി ചെയ്യുന്നു. ഷാലിമാർ, സ്വാഗത് എന്നിവയാണ് പഞ്ചായത്തിലെ രണ്ടു കല്ല്യാണമണ്ഡപങ്ങൾ. ഇവിടുത്തെ വൈദ്യുതി ബോർഡ് ഓഫീസ്, കൃഷിഭവൻ, മൃഗാശുപത്രി എന്നിവ താഴേക്കോട് കാപ്പുപറമ്പിൽ സ്ഥിതി ചെയ്യുന്നു.താഴേക്കോടുള്ള വലിയ ടെലിഫോൺ എക്സ്ച്ചേഞ്ചിനു പുറമെ ചില ചെറു എക്സ്ച്ചേഞ്ചുകളൂമുണ്ട്

പെരിന്തൽമണ്ണയിൽനിന്നും വെറും 3 കിമീ അകലെ താഴേക്കോട് പഞ്ചായത്തതിർത്തിയിലെ പാണമ്പിയിലുള്ള ഇ.എം.എസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി മലപ്പുറത്തെ എന്നല്ല കേരളത്തിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ്‌.10-ൽ കൂടുതൽ നിലകളിൽ പ്രവർത്തിക്കുന്ന ഇവിടെ ഒരു റിസേർച്ച് സെന്ററും ഉണ്ട്. ഇതിനു പുറമെ കരിങ്കല്ലത്താണി പ്രാഥമിക ആരോഗ്യകേന്ദ്രം ഉൾപ്പെടെ അലോപ്പതി, ആയുർവ്വേദ, ഹോമിയോ വിഭാഗങ്ങളിലായി പത്ത് ആശുപത്രികളും അതിലധികം സ്വകാര്യ ഡിസ്പെൻസറികളും പ്രവർത്തിക്കുന്നു.മൃഗാരോഗ്യസംരക്ഷണത്തിനായി കാപ്പുപറമ്പിൽ സർക്കാർ മൃഗാശുപത്രി പ്രവർത്തിക്കുന്നു.

വിദ്യാഭ്യാസരംഗത്ത് സർക്കാർ മേഖലയിൽ 12 സ്കൂളുകളും സ്വകാര്യമേഖലയിൽ നാലിലധികം സ്കൂളുകളും സ്ഥാപിതമാണ്. താഴേക്കോട് പി.ടി.എം.എച്ച്.എസ്, താഴേക്കോട് എൽ.പി, അരക്കുപറമ്പ് അ.യു.പി, നായാട്ടുതൊടി എൽ.പി, പാണമ്പി എം.ജെ.അക്കാദമി എന്നിവയാണിതിൽ മുൻപന്തിയിൽ.

  • NH213-ൽ പെരിന്തൽമണ്ണ, മണ്ണാർക്കാട് എന്നിവിടങ്ങൾക്കു നടുവിലായി (perinthalmanna 10 km mannarkkad 20km) അകലെ ആസ്ഥാനം.എങ്കിലും പഞ്ചായത്തിലേക്ക് പെരിന്തൽമണ്ണയിൽനിന്നും വെറും 3 കിമീ
  • അടുത്ത ബസ് സ്റ്റേഷൻ - പെരിന്തൽമണ്ണ
  • അടുത്ത റയിൽ‌വേ സ്റ്റേഷൻ - അങ്ങാടിപ്പുറം
  • അടുത്ത വിമാനത്താവളം -കരിപ്പൂർ

കേരള സർക്കാർ - താഴേക്കോട് ഗ്രാമപഞ്ചായത്ത് Archived 2013-11-30 at the Wayback Machine.