തണ്ണീർമുക്കം ബണ്ട്

(തണ്ണീർമുക്കം റഗുലേറ്റർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുട്ടനാട്ടിലെ സമുദ്രനിരപ്പിനേക്കാൾ താഴെയുള്ള കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനായി നിർമ്മിച്ച ബണ്ടാണ്‌ തണ്ണീർമുക്കം ബണ്ട്. നിർമ്മാണം 1958ൽ ആരംഭിച്ച് 1975ൽ പൂർത്തിയാക്കി. വടക്ക് വെച്ചൂർ മുതൽ തെക്ക് തണ്ണീർമുക്കം വരെ വേമ്പനാട്ടു കായലിനു കുറുകേയാണിതു പണിഞ്ഞിരിക്കുന്നത്. ഡിസംബർ മാസത്തിൽ ഷട്ടറുകൾ താഴ്ത്തുകയും മെയ് മാസത്തിൽ ഉയർത്തുകയും ചെയ്യുന്നു.

തണ്ണീർമുക്കം ബണ്ട് അകലെനിന്നുള്ള ദൃശ്യം

പശ്ചാത്തലം തിരുത്തുക

 
തണ്ണീർമുക്കം ബണ്ട് അടുത്തുനിന്നുള്ള ദൃശ്യം.

കുട്ടനാട്ടിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയാണ്‌. നെല്ല് ഒരു പ്രധാന കാർഷികവിളയാണ്. കുട്ടനാട്ടിന് കേരളത്തിന്റെ നെല്ലറ എന്നും പേരുണ്ട്. പഴയകാലത്തെ ഇരുപ്പൂ (വർഷത്തിൽ രണ്ടു പ്രാവശ്യം കൃഷി ഇറക്കുന്ന സമ്പ്രദായം) മാറ്റി ഇന്ന് മുപ്പൂ സമ്പ്രദായം ആണ് കൂടുതൽ (വർഷത്തിൽ മൂന്ന് വിളവെടുപ്പ്). വേമ്പനാട്ടുകായലിന് സമീപമുള്ള വലിയ കൃഷിസ്ഥലങ്ങൾ പലതും കായൽ നികത്തി ഉണ്ടാക്കിയവയാണ്.

മുൻപ് മഴക്കാലത്ത് മലകളിൽ നിന്നു വരുന്ന വെള്ളം മാത്രമേ കൃഷിക്ക് അനുയോജ്യമായിരുന്നുള്ളൂ. വേനൽക്കാലത്ത് കുട്ടനാട്ടിൽ കടൽ‌വെള്ളം കയറി കൃഷിക്ക് അനുയോജ്യമല്ലാത്ത വെള്ളം കുട്ടനാട്ടിൽ നിറച്ചിരുന്നു. അതായത് കായൽ ജലവും കടലിലെ ഉപ്പ് ജലവും ചേർന്ന ഈ വെള്ളത്തെ ഓരുവെള്ളം എന്നാണ് പറയുന്നത്. മുൻപ് കടലിൽ നിന്നും വേമ്പനാട്ടു കായൽ വഴി കുട്ടനാട്ടിലേക്ക് ഓരുവെള്ളം കയറി നെൽകൃഷിയും മറ്റും നശിക്കുകയും സാധാരണമായിരുന്നു. കേരളത്തിലെ രണ്ട് മഴക്കാലങ്ങളോട് അനുബന്ധിച്ച് വർഷത്തിൽ രണ്ട് കൃഷി മാത്രമേ അക്കാലത്ത് സാധ്യമായിരുന്നുള്ളൂ.

തടയണയുടെ നിർമ്മാണം തിരുത്തുക

1968-ൽ ഭാരത സർക്കാർ, നദിയിൽ ഒരു തടയണ കെട്ടാം എന്ന് ശുപാർശചെയ്തു. ഇതുകൊണ്ട് വേനൽക്കാലത്ത് കടൽ‌വെള്ളം നദിയിലേക്ക് പ്രവേശിക്കുന്നതു തടയാൻ കഴിയും. അങ്ങനെ കർഷകർക്ക് വർഷത്തിൽ മൂന്ന് കൃഷി ഇറക്കുവാനും കഴിയും. പദ്ധതി മൂന്നുഘട്ടങ്ങളായി തീർക്കുവാനായിരുന്നു ഉദ്ദേശിച്ചിരുന്നത് - തെക്ക് ഭാഗം, വടക്കു ഭാഗം, ഇതു രണ്ടിനെയും കൂട്ടിയോജിപ്പിക്കുന്ന മൂന്നാമത്തെ ഭാഗം. എന്നാൽ പദ്ധതി പല കാരണങ്ങൾ കൊണ്ടും താമസിച്ചു. തെക്കും വടക്കും ഭാഗങ്ങൾ നിർമ്മിച്ചുതീർന്നപ്പോൾ തന്നെ പദ്ധതിക്കായി അനുവദിച്ച മുഴുവൻ തുകയും തീർന്നു. മൂന്നാം ഘട്ടം അനിശ്ചിതത്വത്തിലായി. ഈ പദ്ധതികൊണ്ട് ഒരുപാട് സാമ്പത്തികനേട്ടങ്ങൾ പ്രതീക്ഷിച്ചിരുന്ന കർഷകർ 1972-ൽ ഒരു രാത്രികൊണ്ട് തെക്കും വടക്കും ഭാഗങ്ങൾക്ക് ഇടയ്ക്കുള്ള ഭാഗം ചെളി കൊണ്ട് നിർമ്മിച്ചു. ഇന്നും ഈ രണ്ടു ഭാഗങ്ങൾക്കിടയ്ക്ക് കർഷകർ നിർമ്മിച്ച ഭാഗം നിലനിൽക്കുന്നു.

പാരിസ്ഥിതികപ്രശ്നങ്ങൾ തിരുത്തുക

 
തണ്ണീർമുക്കം ബണ്ട് മൂന്നാം ഘട്ടം.

തോട്ടപ്പള്ളി സ്പിൽവേ, കുട്ടനാടിന്റെ തെക്കുഭാഗത്തെ തടയണ ഈ ബണ്ട് കർഷകരുടെ സാമ്പത്തികസ്ഥിതി ഉയർത്തി എങ്കിലും ധാരാളം പരിസ്ഥിതി പ്രശ്നങ്ങൾ ഇതുകൊണ്ട് ഉണ്ടായി എന്ന് ആരോപിക്കപ്പെടുന്നു. ബണ്ട് നിർമ്മാണത്തിനു മുൻപ് കുട്ടനാട്ടിലെ കായലുകളിൽ ധാരാളം മത്സ്യസമ്പത്തുണ്ടായിരുന്നു. ഈ മത്സ്യങ്ങളുടെ പ്രജനനത്തിന് ഉപ്പുവെള്ളം ആവശ്യമായിരുന്നു. ബണ്ട് നിർമ്മാണം കായലിലെ മത്സ്യങ്ങളുടെ എണ്ണത്തെ ബാധിച്ചു എന്ന് ആരോപിച്ച് പ്രദേശത്തെ മുക്കുവർ 2005 മുതൽ ബണ്ടിനെ എതിർക്കുന്നു. കായലും കടലുമായി ഉള്ള ഒന്നുചേരൽ ബണ്ട് തടയുന്നതുമൂലം ആണ് കായലുകളിൽ ഇന്ന് ആഫ്രിക്കൻ പായൽ വ്യാപകമാവുന്നത് എന്നും പറയപ്പെടുന്നു. മുൻപ് കടൽ വെള്ളത്തിൽ നിന്നുള്ള ഉപ്പ് കായലിനെ ശുദ്ധീകരിച്ചിരുന്നു. ഇന്ന് കായലുകളും കായലോരവും പായൽ കൊണ്ട് മൂടിയിരിക്കുന്നു. കൂടാതെ ഒഴുക്ക് തടഞ്ഞതിനെ തുടർന്നു കായലിൽ മാലിന്യങ്ങൾ കേട്ടികിടന്നു കായലുകൾ മലിനപ്പെടാനും തുടങ്ങി. മനുഷ്യർ കായലിലേക്ക് തള്ളുന്ന ജൈവ-പ്ലാസ്റ്റിക് മാലിന്യങ്ങളും ഈ മലിനീകരണത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു.

കുട്ടനാടൻ പാടശേഖരങ്ങളിൽ നെൽകൃഷിക്കായി ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും കായലിൽ കലരുന്നതും ബണ്ട് മൂലം ഇവ കായലിൽത്തന്നെ നിലനിൽക്കുന്നതും മറ്റൊരു പ്രശ്നമാണ്. ഇത് കായലുകളിലെ സസ്യങ്ങളുടെയും ജലജീവികളുടെയും ജനിതകഘടനയിൽ മാറ്റങ്ങൾ വരുത്തുന്നതിന് കാരണമായിട്ടുണ്ടെന്ന് പറയപ്പെടുന്നു. കുട്ടനാട്ടിലെ വിനോദസഞ്ചാരവികസനം മൂലം ധാരാളം ഹൗസ്ബോട്ടുകൾ കായലുകളിൽ പ്രവർത്തനം നടത്തുന്നു. ഇവയുടെ പ്രവർത്തനം കായലുകൾ കൂടുതൽ മലിനപ്പെടാനും ബോട്ടുകളുടെ ശബ്ദം മൂലം കായൽമൽസ്യങ്ങൾ കൂട്ടത്തോടെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് പലായനം ചെയ്യപെടുന്നതിനും കാരണമായിട്ടുണ്ടെന്നും പറയപ്പെടുന്നു.

ചിത്രശാല തിരുത്തുക

അവലംബങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തണ്ണീർമുക്കം_ബണ്ട്&oldid=3771013" എന്ന താളിൽനിന്ന് ശേഖരിച്ചത്