യുഫോർബിയേസീ (Euphorbiaceae) സസ്യകുടുംബത്തിലെ സാമ്പത്തിക പ്രാധാന്യമുള്ള വൃക്ഷമാണ് ടങ് മരം. ശാസ്ത്രനാമം: അല്യുറൈടിസ് ഫോർഡിയൈ (Aleurites fordii). ഈ വൃക്ഷത്തിന്റെ വിത്തുകളിൽ നിന്നു ലഭിക്കുന്ന എണ്ണയ്ക്ക് വ്യാവസായിക പ്രാധാന്യമുണ്ട്. ചൈന വുഡ് ഓയിൽ എന്ന പേരിൽ ഈ എണ്ണ പരക്കെ അറിയപ്പെടുന്നു. എണ്ണയ്ക്കുവേണ്ടിയാണ് പ്രധാനമായും ഈ വൃക്ഷം നട്ടുവളർത്താറുള്ളത്. അപൂർവമായി ചോലമരമായും അലങ്കാരവൃക്ഷമായും വളർത്തി വരുന്നുണ്ട്. ഉഷ്ണമേഖലയിലാണ് ഇവ സമൃദ്ധമായുള്ളത്. ഇതിന്റെ ജന്മദേശം മധ്യപശ്ചിമ ചൈനയാണെന്നു കരുതപ്പെടുന്നു.

ടങ് മരം
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽപീഗൈൽസ്
Family: Euphorbiaceae
Genus: Vernicia
Species:
V. fordii
Binomial name
Vernicia fordii
Synonyms

Aleurites fordii Hemsl.

ടങ് മരത്തിന്റെ കൃഷി

തിരുത്തുക

പരീക്ഷണാടിസ്ഥാനത്തിൽ ടങ് മരത്തിന്റെ കൃഷി ബ്രിട്ടണിൽ ആരംഭിച്ചത് 1927-ലാണ്. ഇന്ത്യയിലും മ്യാൻമറിലും തേയിലത്തോട്ടങ്ങളോട് അബന്ധമായിട്ടാണ് ടങ് മരക്കൃഷി തുടങ്ങിയത്. അസം, ബംഗാൾ, ബീഹാർ, കൂർഗ്, മൈസൂർ എന്നിവിടങ്ങളിലായിരുന്നു തുടക്കം. ആദ്യം അല്യുറൈടിസ് ഫോർഡിയൈ എന്ന ഇനത്തിന്റെ കൃഷിയാണ് ആരംഭിച്ചതെങ്കിലും ഇവയേക്കാൾ നന്നായി വളരുന്നത് അല്യുറൈടിസ് മൊണ്ടാന എന്ന ഇനമാണെന്ന് പില്ക്കാലത്ത് തെളിഞ്ഞു. എങ്കിലും ഇന്ത്യയിൽ ഇന്നും വ്യാവസായികാടിസ്ഥാനത്തിൽ ടങ് മരക്കൃഷി ആരംഭിച്ചിട്ടില്ല.

ടങ് മരം 12 മീറ്ററോളം ഉയരത്തിൽ വളരും. 30 വർഷക്കാലം കൊണ്ടു മാത്രമേ ഇതിന്റെ വളർച്ച പൂർത്തിയാവുകയുള്ളൂ. ധാരാളം ശാഖോപശാഖകളോടെ പടർന്നു വളരുന്നു. ശാഖകൾക്ക് ബലം കുറവായതിനാൽ വേഗം ഒടിഞ്ഞുപോകാറുണ്ട്. ടങ് മരങ്ങളുടെ ആകൃതി പരിരക്ഷിക്കാനായി ഒരു വർഷത്തെ വളർച്ചയ്ക്കു ശേഷം ശാഖകൾ മുറിച്ചു നീക്കാറുണ്ട്. ഇലകൾക്ക് കടുംപച്ചനിറവും തിളക്കവുമുണ്ട്. വലിയ ഇലകൾക്ക് 7.5 സെ.മീ. വരെ നീളം വരും. നീളം കൂടിയ ഇലഞെട്ട് പത്രപാളിയോടു ചേരുന്ന ഭാഗത്തായി ചുവപ്പുകലർന്ന തവിട്ടുനിറത്തിലുള്ള 1-4 ഗ്രന്ഥികൾ കാണാറുണ്ട്.

പൂക്കുന്നകാലം

തിരുത്തുക

ടങ് വൃക്ഷങ്ങൾ മൂന്നരവർഷം പ്രായമാകുമ്പോഴേക്കും പുഷ്പിച്ചു തുടങ്ങും. വൃക്ഷത്തിൽ എക്കാലവും പുഷ്പങ്ങളുണ്ടാകാറുണ്ടെങ്കിലും മേയ്-ആഗസ്റ്റ് മാസങ്ങളാണ് ഇതിന്റെ യഥാർഥ പുഷ്പകാലം. ഈ മാസങ്ങളിൽ ടങ് മരങ്ങളിൽ ഏറ്റവും കൂടുതൽ പുഷ്പങ്ങൾ കാണുന്നു. ശാഖാഗ്രങ്ങളിൽ കുലകളായിട്ടാണ് പുഷ്പങ്ങൾ കാണാറുള്ളത്. ആൺ പെൺ പുഷ്പങ്ങൾ ഒരേ കുലയിലോ വെവ്വേറെ കുലകളിലോ കാണപ്പെടുന്നു. പെൺ പുഷ്പങ്ങൾ കുലകളുടെ മധ്യഭാഗത്തും, അതിനുചുറ്റും ആൺ പുഷ്പങ്ങളും വിന്യസിക്കപ്പെട്ടിരിക്കുന്നു. ആൺപുഷ്പങ്ങളുടെ സംഖ്യ പെൺപുഷ്പങ്ങളേക്കാൾ ഏറിയിരിക്കും. പുഷ്പങ്ങൾക്ക് വെളുപ്പുനിറമാണ്. പെൺപുഷ്പങ്ങൾക്ക് 3-7 സെ. മീ. വരെ നീളമുണ്ട്. ആൺപുഷ്പങ്ങൾ പൊതുവേ ചെറുതായിരിക്കും. അഞ്ചു ദളങ്ങൾ കാണപ്പെടുന്നു. ഇവയിൽ ധാരാളം എണ്ണഗ്രന്ഥികളുണ്ടാകാറുണ്ട്. സ്വതന്ത്രകേസരതന്തുക്കളോടുകൂടിയ 8-20 കേസരങ്ങൾ ഓരോ പുഷ്പത്തിലും കാണപ്പെടുന്നു. കായ്കൾ ശാഖകളിൽ ഒറ്റയായോ കുലകളായോ കാണാം. ഇവയ്ക്ക് തക്കാളിയുടെ ആകൃതിയാണുള്ളത്. ആറുമാസം കൊണ്ട് കായ്കൾ മൂപ്പെത്തി ഉണങ്ങിവീഴും. ഇവയ്ക്ക് ഇളം തവിട്ടുനിറമാണ്. കായ്കൾക്കുള്ളിൽ മൂന്നു വിത്തുകൾ വീതം ഉണ്ടായിരിക്കും. തോടിനു നല്ല കട്ടിയുണ്ട്. ഇതിനുള്ളിലെ വെളുത്തു മാംസളമായ പരിപ്പിലാണ് എണ്ണ അടങ്ങിയിരിക്കുന്നത്.

അനുയോജ്യമായ മണ്ണ്

തിരുത്തുക

നല്ല നീർവാർച്ചയുള്ളതും, കളിമണ്ണിന്റെ അംശം കുറഞ്ഞതും വളക്കൂറുള്ളതുമായ മണ്ണാണ് ടങ് മരത്തിന്റെ കൃഷിക്ക് അനുയോജ്യം. വിത്തു പാകി മുളപ്പിച്ചാണ് കൃഷി ചെയ്യുന്നത്. നന്നായി ഉണങ്ങിയതും ശേഖരിച്ചിട്ട് രണ്ടാഴ്ചയിലധികമാകാത്തതുമായ കായ്കളുടെ പുറന്തോടു മാറ്റി വിത്ത് കേടുകൂടാതെ എടുക്കുന്നു. നല്ല വിത്തുകൾ മാത്രം തിരഞ്ഞെടുത്ത് തടങ്ങളിൽ പാകിമുളപ്പിക്കുകയോ നടാനുള്ള സ്ഥലത്ത് കുഴിയെടുത്ത് നടുകയോ ചെയ്യുന്നു. മൂന്നാഴ്ചയ്ക്കുശേഷം വിത്തുകൾ മുളയ്ക്കുന്നു. 3-4 മാസം പ്രായമാകുമ്പോൾ തൈകൾ പറിച്ചുനടാൻ പ്രാപ്തമാകുന്നു.

ടങ് മരങ്ങളെ വിവിധയിനം കീടങ്ങൾ ആക്രമിക്കാറുണ്ട്. അസ്പിഡിയോട്ടസ് (Aspidiotus), സെറിക്ക (Serica), സ്പീഷീസ് പ്രധാനമായും ടങ് മരത്തിന്റെ ഇലകളെയാണ് ആക്രമിക്കാറുള്ളത്. ലാക്ട്രോസ്റ്റോമ (Lactrostoma), അനോമല (Anomala) എന്നീ സ്പീഷീസ് മരത്തൊലിക്കാണ് നാശമുണ്ടാക്കുന്നത്. നിരവധി ഇനം കുമിളുകൾ വേരിലും ശാഖകളിലും ഇലകളിലും പരാദങ്ങളായി ജീവിക്കാറുമുണ്ട്.

കായ്കൾ വറുത്തശേഷം തിളച്ച വെള്ളത്തിലിട്ടു വിത്തുകൾ പുറത്തെടുക്കുകയോ, കായ്കൾ കൂട്ടിയിട്ടു വയ്ക്കോൽ കൊണ്ട് കുറേ ദിവസം മൂടിവച്ച് അഴുകുമ്പോൾ വിത്തുകൾ പുറത്തെടുക്കുകയോ ചെയ്യുന്നു. വിത്തുകൾ ഉണക്കിയശേഷം ആട്ടി എണ്ണയെടുക്കുന്നു.

ടങ് എണ്ണയ്ക്ക് വ്യാവസായിക പ്രാധാന്യമുണ്ട്. ഇത് എളുപ്പത്തിൽ ഉണങ്ങി കട്ടിയേറിയ ജലസഹപാളിയായി മാറും എന്നതിനാൽ പെയിന്റുകൾ, വാർണീഷുകൾ തുടങ്ങിയ സംരക്ഷണ ലേപനങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുവാൻ സാധിക്കും. അമ്ല-ക്ഷാര പ്രതിരോധകഗുണവും ഈ എണ്ണയ്ക്കുണ്ട്. ടങ് എണ്ണ 8-10 മിനിട്ട് ചൂടാക്കിയാൽ കുറുകി കുഴമ്പുരൂപത്തിലായിത്തീരുന്നു. ടങ് എണ്ണയുടെ ഒരു പ്രത്യേകതയാണിത്. അ. ഫോർഡിയൈ ഇനത്തിന്റെ എണ്ണയിൽ പ്രധാനമായും മ-എലെയോസ്റ്റിയറിക് ഗ്ലിസറൈഡുകളും ഒലിയിക് ആസിഡുകളും അടങ്ങിയിരിക്കുന്നു. അ. ഫോർഡിയൈയുടേയും അ. മൊണ്ടാനയുടേയും എണ്ണയ്ക്ക് ഒരേ ഗുണങ്ങളാണുള്ളത്. ഇവ തമ്മിൽ കൂട്ടിക്കലർത്തിയും ഉപയോഗിക്കാറുണ്ട്.

ഉപ്പുവെള്ളം ടങ് എണ്ണയ്ക്ക് യാതൊരു കേടും ഉണ്ടാക്കാത്തതിനാൽ ബോട്ടുകൾ പെയിന്റു ചെയ്യാൻ ഉപയോഗിക്കുന്നു. ലിനോളിയം, ഓയിൽ ക്ളോത്ത്, പ്രിന്റിംഗ് മഷികൾ, ബ്രേക് ലൈ നിങ്, പശ വസ്തുക്കൾ എന്നിവയുടെ ഉത്പാദനത്തിനും ടങ് എണ്ണ പ്രയോജനപ്പെടുന്നു. എണ്ണ ആട്ടിയശേഷം ലഭിക്കുന്ന പിണ്ണാക്ക് നല്ല വളമാണ്. സാപ്പോനിൻ എന്ന വിഷവസ്തു അടങ്ങിയിട്ടുള്ളതിനാൽ പിണ്ണാക്ക് കാലിത്തീറ്റയായി ഉപയോഗിക്കാറില്ല.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടങ് മരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടങ്_മരം&oldid=3804656" എന്ന താളിൽനിന്ന് ശേഖരിച്ചത്