ജീവിത
ജീവിതയെഴുന്നുള്ളിപ്പ് |
ക്ഷേത്രങ്ങൾ |
മലമേക്കര മുള്ളുതറ ദേവി ക്ഷേത്രം, കുരമ്പാല പുത്തൻകാവ് ദേവി ക്ഷേത്രം, കടമ്മനിട്ട ഭഗവതി ക്ഷേത്രം |
മാസവും, ദിവസവും |
കേരളത്തിൽ, മധ്യതിരുവിതാംകൂർ ഭാഗത്ത് ദേവിമാർ ഭരദേവതകൾ ആയിട്ടുള്ള ദേശക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച്, തട്ടകത്തെ ഭവനങ്ങളിലേക്ക് ആഘോഷപൂർവം എഴുന്നുള്ളിക്കുന്ന ദേവവാഹനമാണ് ജീവത[1]. ദേവിയുടെ ചൈതന്യത്തെ ആവാഹിച്ചെടുത്ത ഒരു പ്രതിബിംബത്തെ, മഞ്ചൽപോലെ ഒരുക്കിയെടുത്ത രണ്ട് വടികൾക്ക് മേലെ പ്രതിഷ്ഠിച്ചിരുത്തി, മഞ്ചൽ ചുമന്നുകൊണ്ടുപോകുന്നവിധം രണ്ട് ബ്രാഹ്മണർ തോളിലേറ്റി നൃത്തശൈലിയിൽ ചുവടുകൾ വെച്ചാണ് ജീവതയെഴുന്നള്ളിപ്പ് നടത്താറുള്ളത്[2][3]. ഇപ്രകാരം എഴുന്നുള്ളുന്ന ഭഗവതിയുടെ ബിംബത്തേയും ജീവിതയെന്നു വിശേഷിപ്പിക്കാറുണ്ട്.
ചരിത്രം
തിരുത്തുകഇപ്രകാരമുള്ള ദേവീയെഴുന്നള്ളിപ്പുകൾക്ക് 'ജീവിത'യെന്നു പേര് ലഭിക്കാൻ കാരണമായ പ്രധാനപ്പെട്ട രണ്ട് പുരാവൃത്തങ്ങൾ ഉള്ളതായി കാണുന്നു.
കായംകുളവും വേണാടും തമ്മിൽ പതിനെട്ടാം നൂറ്റാണ്ടിൻറെ രണ്ടാം പാദത്തിനും നാലാം പാദത്തിനും മധ്യേ യുദ്ധങ്ങൾ നടന്നിരുന്ന വേളയിൽ കായംകുളത്തെ രാജാവ് കൊടുങ്ങല്ലൂർ ഭഗവതിയുടെ ചൈതന്യം രണ്ട് സേവകർമൂലം ചെട്ടികുളങ്ങരയിലേക്കും രാമപുരത്തേക്കും കൊണ്ടുവരികയുണ്ടായിയെന്നു പറയപ്പെടുന്നു. ഇപ്രകാരം, ഭൃത്യന്മാർ ദേവിയുടെ ചൈതന്യം കൊണ്ടുവന്നത്, രണ്ട് കമ്പുകളാൽ പല്ലക്ക് പോലെയൊരു വാഹനം തയ്യാറാക്കിയാണെന്നാണ് ഒരു പുരാവൃത്തം. അതിനുശേഷമാണ്, ശ്രീകോവിലിൽനിന്നും പുറത്തേക്കെഴുന്നള്ളുന്ന ദേവീ എഴുന്നള്ളിപ്പുകൾക്ക് ഇപ്രകാരമുള്ള രീതി അവലംബിക്കാൻ ആരംഭിച്ചതും അതിനെ, 'ജീവിത' യെന്നു വിശേഷിപ്പിക്കാൻ തുടങ്ങിയതും.
മറ്റൊരു പുരാവൃത്തമുള്ളത്, തൃശ്ശൂരിലെ ഒരു ബ്രാഹ്മണൻ പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലുള്ള മണ്ണടിക്കാവിൽ എത്തുകയും അവിടത്തെ മണ്ണടി ദേവി ക്ഷേത്രത്തിലെ ഭഗവതീ വിഗ്രഹത്തിലെ അതിശക്തമായ ചൈതന്യം കണ്ട് ആ വിഗ്രഹവുമെടുത്ത് തിരികെ മടങ്ങുകയും ചെയ്തു. യാത്രാമദ്ധ്യേ, ആലപ്പുഴ ജില്ലയിലെ കാരാഴ്മയിലുള്ള കാരാഴ്മ ദേവിക്ഷേതത്തിനു സമീപം എത്തിയപ്പോൾ ക്ഷീണം കാരണം വിഗ്രഹത്തെ ഓലക്കുടയുടെ കീഴിൽ വെച്ച് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങി. തിരികെ കയറിവന്ന ബ്രാഹ്മണൻ, തൻറെ ഓലക്കുട തനിയെ തുള്ളുന്നതും വിഗ്രഹം ഒട്ടും അനങ്ങാതെ ഇരിക്കുന്നതും കാണുകയും ചെയ്തു. തുടർന്ന്, വിഗ്രഹത്തെ അവിടത്തന്നെ അദ്ദേഹം പ്രതിഷ്ഠിച്ചുവെന്നും പറയപ്പെടുന്നു[1].
ജീവിതയെഴുന്നുള്ളിപ്പിൻറെ നൃത്തശൈലിയുടെ അടിസ്ഥാനത്തിൽ, രാമപുരംശൈലി, കാരാഴ്മ ശൈലി, ചെട്ടികുളങ്ങരശൈലി എന്നിങ്ങനെ മൂന്നു ദേശഭേദങ്ങൾ നിലവിലുണ്ട്. മലമേക്കര മുള്ളുതറ ദേവി ക്ഷേത്രം, കുരമ്പാല പുത്തൻകാവ് ദേവി ക്ഷേത്രം എന്നിവിടങ്ങളിലും ഓടനാട് പ്രദേശങ്ങളിലും മറ്റും നടക്കുന്ന ആഘോഷങ്ങളിൽ 'ജീവിതയെഴുന്നുള്ളിപ്പ്' ഒരു പ്രധാന ചടങ്ങാണ്[1].
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "ജീവതകളി". deshabhimani. 2018-12-16. Archived from the original on 2023-05-02. Retrieved 2023-05-02.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ആപ്പിണ്ടിവിളക്കും ജീവിതഎഴുന്നെളളിപ്പും ; ആചാരപ്പെരുമയിൽ മുള്ളുതറ ദേവീക്ഷേത്രം". ManoramaOnline. Retrieved 2021-05-19.
- ↑ "ഉദ്ദിഷ്ടകാര്യ സിദ്ധിയ്ക്ക് തൊഴാം മുള്ളുതറയിൽ ശ്രീ ഭദ്രാ കരിംകാളിയമ്മയെ". keralakaumudi. 2019-04-11.