അഴിമതി പരിഹരിക്കുന്നതിന്, സ്വതന്ത്ര അധികാര വ്യവസ്ഥ നടപ്പാക്കുന്നതിനായി നിർദ്ദേശിക്കപ്പെട്ടിരുന്ന ഒരു ഇന്ത്യൻ കരടു നിയമമാണ് ജന ലോക്പാൽ. തെരഞ്ഞെടപ്പ്‌ കമ്മീഷനെപ്പോലെ സ്വതന്ത്ര അധികാരമുള്ള ഈ വ്യവസ്ഥക്ക്, സർക്കാരിന്റെ അനുമതി കൂടാതെ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും വിചാരണ ചെയ്യുവാനും ശിക്ഷിക്കുവാനും അധികാരം ഉണ്ടായിരിക്കണം എന്നതായിരുന്നു ഈ കരടുനിയമത്തിലെ പ്രധാന വ്യവസ്ഥ.[1] ശാന്തി ഭൂഷൺ, കിരൺ ബേഡി, ജസ്റ്റിസ്‌ സന്തോഷ്‌ ഹെഗ്ടെ, അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ, മുൻ തെരഞ്ഞെടുപ്പു കമ്മീഷനാർ ജെ.എം. ലിംഗ്ധോ എന്നിവർ, "അഴിമതിയ്ക്കെതിരെ ഇന്ത്യ " എന്ന സംഘടന, പൊതുജനങ്ങൾ എന്നിവരുമായി കൂടിയാലോചിച്ചാണ് ജന ലോക്പാൽ എന്ന ഈ കരടു നിയമത്തിനു രൂപം നൽകിയത്. കേന്ദ്രത്തിൽ ലോക്പാലും, സംസ്ഥാനങ്ങളിൽ ലോകായുക്തയും ആണ് വിവക്ഷിച്ചിട്ടുള്ളത്. [2][3].

42 വർഷങ്ങൾക്ക് മുൻപ് കേന്ദ്രസർക്കരുണ്ടാകിയ ലോക പാൽ കരടു നിയമം പാസ്സാക്കുവാൻ രാജ്യസഭക്ക് വളരെ കൊല്ലങ്ങളോളം കഴിയാത്തതിനെ തുടർന്നാണ് ജനലോക്പാൽ എന്ന കരടു നിയമം രൂപീകരിക്കപ്പെട്ടത്[4].1969 ലെ നാലാം ലോകസഭ ലോക്പാൽ നിയമം പാസ്സാക്കിയെങ്കിലും രാജ്യസഭ പസ്സാക്കിയില്ല. 1971, 1977,, 1985, 1989, 1996, 1998, 2001, 2005, 2008 എന്നീ വർഷങ്ങളിൽ വീണ്ടും ശ്രമങ്ങൾ ഉണ്ടായെങ്കിലും. പരാജയപ്പെടുകയായിരുന്നു[5]. 2011 ഡിസംബർ 22 ന് ലോകസഭയിൽ ലോക്‌പാൽ ബില്ല് ഒരിക്കൽ കൂടി അവതരിപ്പിക്കുകയും, 2011 ഡിസംബർ 27 ഓട് കൂടി ഈ ബില്ല് ലോകസഭ പാസ്സാക്കുകയും ചെയ്തു. തുടർന്ന്, 2011 ഡിസംബർ 29 ന് രാജ്യസഭയുടെ മുന്നിലെത്തിയ ലോക്പാൽ - ലോകായുക്ത ബില്ല്, നിരന്തരമായ ചർച്ചകൾക്കും രാജ്യസഭ സെലക്ട് കമ്മിറ്റിയുടെ പരിശോധനകൾക്കും ശേഷം, തിരുത്തിയ രൂപത്തിൽ 2013 ഡിസംബർ 17 ന് രാജ്യസഭയും ഡിസംബർ 18ന് ലോക്‌സഭയും പാസ്സാക്കി.

2012 ൽ പുതിയ ജന ലോക്‌പാൽ ബിൽ നിയമമാക്കുന്നതിനു വേണ്ടി അണ്ണാ ഹസാരെ പാർലമെന്റിന് മുന്നിൽ നിരാഹാര സമരം നടത്തുകയും, അതിന്റെ തുടർച്ചയായി പല പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുകയും ചെയ്തിരുന്നു. 2013 ഡിസംബറിൽ ഇതേ ആവശ്യത്തിനായി മറ്റൊരു നിരാഹാരസമരം നടത്തിയ അദ്ദേഹം, ലോക്പാൽ നിയമം പാർലമെന്റ് പാസ്സാക്കിയതിനെ തുടർന്ന് തന്റെ നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു

നിർദ്ദിഷ്ട ലോക്പാൽ ബില്ലിന്റെ പ്രധാന ഭാഗങ്ങൾ

തിരുത്തുക
  1. കേന്ദ്ര സർക്കാർ തലത്തിൽ അഴിമതിക്കെതിരായി ലോക്പാൽ എന്നൊരു സ്ഥാപനം രൂപീകരിക്കുക. സംസ്ഥാനതലത്തിൽ ഇതിന്‌ ലോകായുക്തയുടെ പിന്തുണ ഉണ്ടായിരിക്കും.
  2. സുപ്രീം കോടതിയുടേയും കാബിനറ്റ് സെക്രട്ടേറിയെറ്റിന്റേയും കാര്യത്തിലെന്ന പോലെ ലോക്പാലും കാബിനറ്റ് സെക്രട്ടറിയുടേയും തെരഞ്ഞെടുപ്പ് കമ്മീഷന്റേയും മേൽനോട്ടത്തിലായിരിക്കും. ഇതുവഴി സർക്കാരിൽ നിന്നും പൂർണ്ണമായും സ്വതന്ത്രവും അന്വേഷണങ്ങളിൽ മന്ത്രിമാരുടെ ഇടപെടലിൽ നിന്നും വിമുക്തവുമായിരിക്കും ലോക്പാൽ.
  3. ന്യായാധിപർ, കറപുരളാത്ത ചരിത്രമുള്ള ഐഏസ് ഉദ്യോഗസ്ഥർ, സ്വകാര്യവ്യക്തികൾ, ഭരണഘടനാപരമായ അധികാരസ്ഥാപനങ്ങൾ എന്നിവർ സുതാര്യവും പങ്കാളിത്തപരവുമായൊരു പ്രക്രിയയിലൂടെ ലോക്പാൽ അംഗങ്ങളെ നിയമിക്കും.
  4. ഒരു തെരഞ്ഞെടുപ്പ് സമിതി തെരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളുമായി അഭിമുഖസംഭാഷണം നടത്തുകയും ഇതിന്റെ വീഡിയോദൃശ്യങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുകയും ചെയ്യും.
  5. കൈകാര്യം ചെയ്ത കേസുകൾ, അവയുടെ ഹ്രസ്വവിവരങ്ങ‌‌ൾ, അനന്തരഫലം, കൈക്കൊണ്ട അല്ലെങ്കിൽ നിർദ്ദേശിക്കുന്ന നടപടികൾ എന്നിവ എല്ലാ മാസവും ലോക്പാൽ അതിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മുൻമാസം സ്വീകരിച്ച കേസുകളും, അവയിൽ കൈകാര്യം ചെയ്തതും ബാക്കിനിൽക്കുന്നതുമായ കേസുകളുടെ വിവരങ്ങളും പ്രസിദ്ധീകരിക്കും.
  6. ഓരോ കേസിന്റെ അന്വേഷണവും ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം; തുടർന്നുള്ള വിചാരണ പിന്നൊരു വർഷം കൊണ്ടും. അങ്ങനെ ആകെ രണ്ടു വർഷമാണ്‌ ഓരോ കേസും തീർപ്പാക്കാനുള്ള പരമാവധി കാലാവധി.
  7. അഴിമതിക്കാരനായ ഒരു വ്യക്തി സർക്കാരിനുണ്ടാക്കിയ നഷ്ടങ്ങൾ ശിക്ഷാവിധിയുടെ സമയത്ത് ഈടാക്കും.
  8. പരാതിക്കാരനായ ഒരു പൗരന്‌ ആവശ്യമായ സർക്കാർ ഓഫീസ് നടപടികൾ നിശ്ചിതകാലത്തിനുള്ളിൽ തീർത്തുകൊടുത്തില്ലെങ്കിൽ അതിന്‌ കാരണക്കാരായവരുടെ മേൽ ലോക്പാൽ സാമ്പത്തികമായ പിഴ വിധിക്കും. ഇങ്ങനെ ഈടാക്കുന്ന തുക പരാതിക്കാരന്‌ നൽകും.
  9. ലോക്പാലിലെ ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതികൾ ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുകയും‌‌ കുറ്റക്കാരാണെന്നു കണ്ടാൽ അവരെ രണ്ട് മാസത്തിനുള്ളിൽ പിരിച്ചുവിടുകയും ചെയ്യും.
  10. ഇപ്പോഴുള്ള അഴിമതിവിരുദ്ധസ്ഥാപനങ്ങൾ (സിവിസി, വകുപ്പുതല വിജിലൻസ്, സിബിഐയുടെ അഴിമതിവിരുദ്ധ ശാഖ) ലോക്പാലിലോട്ട് ചേർക്കും. ഇതുവഴി ലോക്പാലിന്‌ ഏതൊരു ഉദ്യോഗസ്ഥനെയോ, ന്യായാധിപനെയോ രാഷ്ട്രീയക്കാരനെയോ സ്വതന്ത്രമായി അന്വേഷണവിധേയനാക്കാനും വിചാരണ ചെയ്യാനും പൂർണ്ണമായ ശക്തിയും അധികാരവും ഉണ്ടായിരിക്കും.
  11. അഴിമതിനടന്നിരിക്കാൻ സാധ്യതയുള്ള കാര്യങ്ങളെക്കുറിച്ച് ലോക്പാലിനെ അറിയിക്കുന്നവർക്ക് ലോക്പാൽ സംരക്ഷണം നൽകും.

സർക്കാരിന്റെയും സമരക്കാരുടെയും കരടുപതിപ്പുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ

തിരുത്തുക
പ്രശ്നം ജന ലോക്പാൽ ബിൽ സർക്കാരിന്റെ ലോക്പാൽ ബിൽ
പ്രധാനമന്ത്രി ഏഴംഗ ലോക്പാൽ ബഞ്ചിന്റെ അനുമതിയോടെ അന്വേഷണവിധേയമാക്കാം. ലോക്പാലിന് അന്വേഷണവിധേയമാക്കാനാവില്ല.
നീതിപീഠം അന്വേഷണവിധേയമാക്കാം, പക്ഷേ ഉന്നതതല അംഗങ്ങളെ ഏഴംഗ ലോക്പാൽ ബഞ്ചിന്റെ അനുമതിയോടെയേ അന്വേഷണവിധേയരാക്കാൻ പറ്റൂ. നീതിപീഠം ലോക്പാലിന്റെ പരിധിയിൽ നിന്നും വിമുക്തമായിരിക്കും. “നീതിപീഠ ഉത്തരവാദിത്ത ബിൽ” എന്ന വേറൊരു ബില്ലിന്റെ പരിധിയിലായിരിക്കും നീതിപീഠം.
‌‌സിബിഐ സിബിഐ യുടെ അഴിമതി വിരുദ്ധ വിഭാഗം ലോക്പാലിനുള്ളിലേക്ക് ചേർക്കും. സിബിഐ സ്വതന്ത്രസ്ഥാപനമായി തുടരും.
പ്രതിനിധിസഭാംഗങ്ങ‌‌ൾ ഏഴംഗ ലോക്പാൽ ബഞ്ചിന്റെ അനുമതിയോടെ അന്വേഷണവിധേയരാക്കാം. അന്വേഷണവിധേയരാക്കാം, പക്ഷേ വോട്ടിങ്ങ് മുതലായ പ്രതിനിധിസഭയ്ക്കുള്ളിലെ പെരുമാറ്റം അന്വേഷണവിധേയമാക്കാൻ പറ്റില്ല.
ലോകായുക്ത ലോകായുക്തയും മറ്റ് പ്രാദേശിക / സംസ്ഥാനതല അഴിമതിവിരുദ്ധ സ്ഥാപനങ്ങളും തുടർന്നും പ്രവർത്തിക്കും. എല്ലാ പ്രാദേശിക / സംസ്ഥാനതല അഴിമതിവിരുദ്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും അവയുടെ ചുമതലകൾ കേന്ദ്രതല ലോക്പാൽ ഏറ്റെടുക്കുകയും ചെയ്യും.
വിവരങ്ങൾ നൽകുന്നവർ വിവരങ്ങൾ നൽകുന്നവർക്ക് നിയമപ്രകാരം സംരക്ഷണം ഉണ്ടായിരിക്കും. വിവരങ്ങൾ നൽകുന്നവർക്ക് സംരക്ഷണം ഉറപ്പുനൽകുന്നില്ല.
‌ പരിധി എല്ലാ അഴിമതിയും അന്വേഷിക്കാം. ഉന്നതതല അഴിമതി മാത്രമേ അന്വേഷിക്കാൻ പറ്റൂ.

ജൻലോക്പാൽ ബില്ലിനുവേണ്ടിയുള്ള പ്രചരണം

തിരുത്തുക

2010 -ൽ കേന്ദ്രസർക്കാർ തയ്യാറാക്കിയ കരടു ബില്ലിന്റെ ആദ്യ പതിപ്പ് അഴിമതിയെ തടയാൻ അപര്യാപ്തം എന്ന് വിശേഷിപ്പിച്ചു കൊണ്ട് അഴിമതി വിരുദ്ധ പ്രവർത്തകരായ പൊതു സമൂഹ പ്രതിനിധികൾ തള്ളുകയുണ്ടായി. ഈ പ്രവർത്തകർ 'ഇന്ത്യ എഗയ്ൻസ്റ്റ് കറപ്ഷൻ' എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കുകയും പൌരന്മാരുടെതായ ഒരു ലോക്പാൽ ബില്ലിന് രൂപം നൽകുകയും ചെയ്തു. ഇതിനു പിന്നീട് 'ജൻലോക്പാൽ ബിൽ' എന്ന് പേര് നൽകി. ബില്ലിന്റെ പ്രചാരണത്തിനായി പബ്ലിക് അവയർനെസ്സ് പ്രോഗ്രാമ്മുകളും പ്രതിഷേധ മാർച്ചുകളും നടത്തി. 2011 ഏപ്രിൽ അഞ്ചിന് അണ്ണാ ഹസാരെ ജൻലോക്പാൽ ബിൽ പാസ്സാക്കുന്നതിനായി അനിശ്ചിത കാല നിരാഹാരം ആരംഭിച്ചതോടെ ബില്ലിനുള്ള ജനപിന്തുണ വൻതോതിൽ വർദ്ധിക്കാൻ തുടങ്ങി.

ഹസാരയെ ഈ അനിശ്ചിത കാല നിരാഹാരത്തിൽ നിന്ന് പിന്തിരിപ്പിക്കാനായി പ്രധാനമന്ത്രിയുടെ ഓഫീസ് പേഴ്സണൽ, നിയമ മന്ത്രാലയങ്ങളോട് സാമൂഹ്യ പ്രവർത്തകരുടെ കാഴ്ചപ്പാടുകൾ എങ്ങനെയാണ് ഈ നിയമത്തിൽ ഉൾപ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് പരിശോധിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ദേശീയ ഉപദേശക സമിതി ഏപ്രിൽ അഞ്ചിന് കേന്ദ്ര സർക്കാരിന്റെ കരട് ലോക്പാൽ ബിൽ തള്ളി. ബില്ലിന് മേലിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്ര മാനവ ശേഷി വകുപ്പുമന്ത്രി കപിൽ സിബൽ സാമൂഹ്യ പ്രവർത്തകരായ സ്വാമി അഗ്നിവേശിനേയും അരവിന്ദ് കേജ്രിവാളിനെയും ഏപ്രിൽ ഏഴിന് കണ്ടു. എന്നാൽ ഈ ചർച്ച ഫലം കണ്ടില്ല.

സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ നിരസിച്ചതിൽ പ്രതിഷേധിച്ചു ഏപ്രിൽ 13 മുതൽ ജയിൽ നിറയ്ക്കൽ പ്രക്ഷോഭം നടത്താൻ ഏപ്രിൽ 7 -ന് അണ്ണാ ഹസാരെ ആഹ്വാനം ചെയ്തു. പിന്തുണയുമായി ആറ് കോടി എസ്.എം.എസ്സുകൾ ലഭിച്ചതായും കൂടാതെ ഇന്റർനെറ്റിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നതായും ഹസാരെ അവകാശപ്പെട്ടു. സമരത്തിന്‌ ലഭിച്ച പിന്തുണ കൂടുതലും രാഷ്ട്രീയച്ചുവ ഇല്ലാത്തതായിരുന്നു. രാഷ്ട്രീയ പാർട്ടികൾ പൊതുവേ ഈ പ്രക്ഷോഭത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ടു. സമൂഹത്തിൽ നിന്നുയർന്നു വന്ന സമ്മർദ്ദം മൂലം സർക്കാർ ഏതാണ്ട് എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതിനെത്തുടർന്നു 98 മണിക്കൂറിനു ശേഷം ഏപ്രിൽ 9 -ന് ഹസാരെ നിരാഹാരസമരം അവസാനിപ്പിച്ചു. ആഗസ്റ്റ്‌ പതിനഞ്ചിന് മുൻപ് ബിൽ പാർലമെന്റ് പാസാക്കിയില്ലെങ്കിൽ പതിനാറു മുതൽ വീണ്ടും നിരാഹാര സമരം ആരംഭിക്കുമെന്ന് ഹസാരെ പ്രഖ്യാപിച്ചു. സമരത്തെത്തുടർന്നു കേന്ദ്ര സർക്കാർ ഒരു ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിക്കാൻ സമ്മതം മൂളി.

പ്രധാനമായി പിന്തുണച്ചവരും എതിർത്തവരും

തിരുത്തുക

അരവിന്ദ് കെജ്രിവാൾ‍‍‍‍‍‍, ശ്രീ ശ്രീ രവിശങ്കർ, ബാബാ രാംദേവ് തുടങ്ങിയ ആത്മീയ നേതാക്കളും ബി.ജെ.പിയുടെ അജിത്‌ സിംഗ്, മൻപ്രീത് സിംഗ് ബാദൽ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ഈ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചവരിൽ പ്രമുഖരാണ്. ഇതുകൂടാതെ ബോളീവുഡിടിൽ നിന്നുള്ള അനവധി നടന്മാർ, സംവിധായകർ, സംഗീതജ്ഞർ എന്നിവർ ഈ ബില്ലിന് പിന്തുണയുമായി രംഗത്ത് വന്നു.

കേന്ദ്രമന്ത്രി കപിൽ സിബൽ, മറ്റു കോണ്ഗ്രസ് നേതാക്കൾ, മമത ബാനർജി, അകാലി ദാൽ നേതാവ് പ്രകാശ്‌ സിംഗ് ബാദൽ, ബാൽ താക്കറേ, മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ജഗദീഷ് ശരൺ വർമ്മ എന്നിവരാണ് ഈ ബില്ലിനെ എതിർത്തവരിൽ പ്രമുഖർ. ബി.ജെ.പി ആദ്യം ഈ ബില്ലിനെ പിന്തുണച്ചിരുന്നെങ്കിലും പിന്നീട് 'പൊതു സമൂഹം പാർലമെന്റിന് നിയമനിർമ്മാനത്തിന് ഉള്ള അവകാശത്തിൽ മേൽക്കൈ നേടുമോ' എന്ന കോണ്ഗ്രസ്സിന്റെ ആശങ്ക പങ്ക് വെച്ചു.

ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി

തിരുത്തുക

അംഗങ്ങൾ യോഗ്യതയും സ്ഥാനവും

  • പ്രണബ് മുഖർജി (അപ്പോഴത്തെ)ധനകാര്യമന്ത്രി, സഹ ചെയർമാൻ
  • ശാന്തിഭൂഷൺ മുൻ നിയമമന്ത്രി, സഹ ചെയർമാൻ
  • പി.ചിദംബരം ആഭ്യന്തരവകുപ്പ് മന്ത്രി
  • വീരപ്പ മൊയ്ലി കോർപ്പറേറ്റ് അഫയേഴ്സ് വകുപ്പ് മന്ത്രി
  • കപിൽ സിബൽ വാർത്താവിനിമയ വിവരസാങ്കേതിക വകുപ്പ് മന്ത്രി
  • സൽമാൻ ഖുർഷിദ് നിയമവകുപ്പ് മന്ത്രി
  • അണ്ണാ ഹസാരെ സാമൂഹ്യപ്രവർത്തകൻ
  • പ്രശാന്ത് ഭൂഷൺ അഭിഭാഷകൻ
  • എൻ. സന്തോഷ് ഹെഗ്ഡെ മുൻ കർണ്ണാടക ലോകായുക്ത
  • അരവിന്ദ് കെജ്രിവാൾ വിവരാവകാശ പ്രവർത്തകൻ.

ഡ്രാഫ്റ്റ് കമ്മിറ്റി രൂപീകരിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ നിലപാടുകളെ ബി.ജെ.പി, ബി.ജെ.ഡി, ടി.ഡി.പി, അണ്ണാ ഡി.എം.കെ, സി.പി.ഐ (എം), ആർ.ജെ.ഡി, ജെ.ഡി.(യു), എസ്.പി എന്നിങ്ങനെ പ്രധാന പ്രതിപക്ഷ പാർട്ടികളെല്ലാം വിമർശിച്ചു. ബില്ലിൽ ഒരു സമവായത്തിൽ എത്താൻ സമിതി പരാജയപ്പെടുകയും സർക്കാർ സ്വന്തം രീതിയിൽ കരട് 2011 ആഗസ്റ്റിൽ പാർലമെന്റിൽ കൊണ്ട് വരികയും ചെയ്തു. ഇതിനെത്തുടർന്ന് ആഗസ്റ്റ്‌ പതിനാറു മുതൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് അണ്ണ ഹസാരെ പ്രഖ്യാപിച്ചു. എന്നാൽ അന്ന് രാവിലെ ഡൽഹി പോലീസ് ഹസാരയെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു. ഹസാരെ ജയിലിൽ വെച്ചു സത്യാഗ്രഹം ആരംഭിച്ചു. എന്നാൽ സമൂഹത്തിന്റെ എല്ലാ കോണുകളിലും നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടായതിനെതുടർന്നു രണ്ട് ദിവസത്തിന് ശേഷം ഹസാരയെ മോചിപ്പിച്ചു. പിന്നീട് ഹസാരെ രാംലീല മൈതാനിയിൽ നിരാഹാരം ആരംഭിച്ചു. 2011 ആഗസ്റ്റ് 29 ന് ലോക്പാൽ ബില്ല് സർക്കാർ അംഗീകരിച്ചതിനെ തുടർന്ന് അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചു

ബില്ലിനെക്കുറിച്ചുള്ള പ്രധാന വിമർശനങ്ങൾ

തിരുത്തുക

ഈ ബില്ലിനെക്കുറിച്ചുള്ള ഒരു വലിയ വിമർശനം അഴിമതിയെ നേരിടുന്ന കാര്യത്തിൽ ഈ ബിൽ തീർത്തും നിഷ്കളങ്കമായ അല്ലെങ്കിൽ തീർത്തും ലളിതമായ പ്രായോഗികമല്ലാത്ത ഒന്നാണ് എന്നതാണ്. ഡൽഹിയിലെ സെൻറർ ഫോർ പോളിസി റിസർച്ചിന്റെ പ്രസിഡന്റ്‌ ആയ പ്രതാപ്‌ ഭാനു മേഹ്ത ഈ ബില്ലിനെ വിശേഷിപ്പിച്ചത്‌ 'ഏറ്റവും നല്ല അവസ്ഥയിൽ തീരെ നിഷ്കളങ്കവും എന്നാൽ ഏറ്റവും മോശം അവസ്ഥയിൽ പ്രാധിനിത്യ ജനാധിപത്യത്തെത്തന്നെ അട്ടിമറിക്കാൻ ശ്രമിക്കുന്നതുമായ ഒന്ന്' എന്നാണ്. കേന്ദ്ര മന്ത്രി കപിൽ സിബൽ ലോക്പാൽ എന്ന ആശയത്തെ ഉത്തരാവാദിത്വമില്ലാത്തതും ക്രൂരവും ജനാധിപത്യവിരുദ്ധവുമായ ഒന്ന് എന്നാണ് വിശേഷിപ്പിച്ചത്‌.

എന്നാൽ ബിൽ ഭരണഘടനാ വിരുദ്ധമാണ് എന്ന വാദത്തെ ബില്ലിനുവേണ്ടി പ്രവർത്തിക്കുന്ന അരവിന്ദ് കേജ്രിവാൾ തള്ളിക്കളയുന്നു. അദ്ദേഹം പറയുന്നത് ലോക്പാൽ അഴിമതിയെക്കുറിച്ച് അന്വേഷിച്ചു ചാർജ്ജ് ഷീറ്റ് സമർപ്പിക്കുകയെ ഉള്ളൂ എന്നും അതിൽ വാദം നടത്തി ശിക്ഷ വിധിക്കേണ്ടത് കോടതികളാണ് എന്നുമാണ്. സമാനസ്വഭാവമുള്ള വേറെയും സ്ഥാപനങ്ങൾ നിലവിലുണ്ട്. കൂടാതെ ബില്ലിൽ സുപ്രീം കോടതിയ്ക്ക് ലോക്പാലിനെ പിരിച്ചു വിടാനുള്ള അധികാരം നൽകുന്ന വ്യവസ്ഥകളും ഉണ്ട്.

ഈ വിശദീകരണങ്ങൾ ഉണ്ടെങ്കിലും ലോക്പാലിന്റെ വിമർശകർ പറയുന്നത് ലോക്പാലിന്റെ യഥാർഥ ജുഡീഷ്യൽ അധികാരങ്ങൾ അതിന്റെ അന്വേഷണ അധികാരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അവ്യക്തം ആണ് എന്നാണ്. ലോക്പാലിലെ അംഗങ്ങളും അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും പോലീസുകാർ ആയിരിക്കണമെന്ന് ബിൽ ആവശ്യപ്പെടുന്നു. ബില്ലിനെ പിന്തുണയ്ക്കുന്നവരിൽ ചിലരെങ്കിലും ലോക്പാലിനു ജുഡീഷ്യൽ അധികാരങ്ങൾ ഉണ്ട് എന്നത് നിഷേധിച്ചിട്ടുണ്ട് എങ്കിലും സർക്കാരും ചില വിമർശകരും അതിനു അർദ്ധ-ജുഡീഷ്യൽ അധികാരങ്ങൾ ഉള്ളതായി കരുതുന്നു.

ബില്ലിൽ പറയുന്ന പ്രകാരം കോടതിയലക്ഷ്യത്തിന് ഒരു ഹൈക്കോടതിക്ക് ഉള്ള അധികാരങ്ങൾ ലോക്പാലിനുണ്ടാവും. കൂടാതെ ലോകപാലിന്റെ ഒരു നടപടിയെയോ തീരുമാനത്തേയോ കോടതിൽ പോലും ചോദ്യം ചെയ്യാൻ കഴിയില്ല. അതുകൊണ്ടു തന്നെ ബില്ലിൽ വിചാരണ എങ്ങനെയായിരിക്കുമെന്ന് വ്യക്തത ഇല്ലാത്ത അവസരത്തിൽ തന്നെ പ്രത്യേക കോടതികളും ജഡ്ജുമാരും ലോക്പാലിനു ആവശ്യമായി വരും. കൂടാതെ ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുകയും വേണം. ചുരുക്കിപ്പറഞ്ഞാൽ ഒരു ജുഡീഷ്യൽ മേല്നോട്ടമില്ലാത്ത, ഭരണഘടനയ്ക്ക് പുറത്തുള്ള, അന്വേഷണ-ജുഡീഷ്യൽ അധികാരങ്ങളുള്ള സാധാരണ കോടതിയിൽ തീരുമാനങ്ങൾ ചോദ്യം ചെയ്യാൻ കഴിയാത്ത ഒരു സ്ഥാപനമായി മാറും ലോക്പാൽ.

ഒരു പ്രധാന തർക്കവിഷയം ജുഡീഷ്യറിയേയും ഇന്ത്യൻ പ്രധാനമന്ത്രിയേയും ലോക്പാലിനു പ്രോസിക്യൂട്ട് ചെയ്യാൻ കഴിയുമോ എന്നുള്ളതാണ്. ജോയിന്റ് പാനലിൽ അന്നയുടെ നോമിനിയും പാനലിന്റെ കോ-ചെയർമാനുമായ ജസ്റ്റിസ്‌ വർമ്മ പറയുന്നത് പ്രധാനമന്ത്രിയെയും ഉയർന്ന തലത്തിലെ ജുഡീഷ്യറിയേയും ലോക്പാലിനു കീഴിൽ കൊണ്ട് വരുന്നതിന് ഭരണഘടനയിൽ തന്നെ തടസ്സങ്ങൾ ഉണ്ട് എന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇതു ഭരണഘടനയുടെ അടിസ്ഥാന രൂപത്തെത്തന്നെ അട്ടിമറിക്കും. മാഗ്സസെ അവാർഡ് ജേതാവ് അരുണ റോയുടെ അഭിപ്രായത്തിൽ 'ഭരണ സംവിധാനത്തിന് നെടുകെയും കുറുകെയും അധികാരപരിധി നൽകുന്നത് വളരെക്കൂടുതൽ അധികാരങ്ങൾ ഒരു പ്രത്യേക സ്ഥാപനത്തിന് ലഭിക്കുന്നതിനു ഇടയാക്കും. കൂടാതെ അമിതമായ ജോലിഭാരം സ്ഥാപനത്തിന്റെ പ്രവർത്തനം ദുഷ്കരമാക്കും.'

വിവാദങ്ങൾ

തിരുത്തുക

2011 ഏപ്രിലിൽ ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി കോ-ചെയർമാൻ ശാന്തി ഭൂഷന്റെത് എന്ന് അവകാശപ്പെടുന്ന ഒരു സി.ഡി. പുറത്തു വന്നു. ഇതിൽ അദ്ദേഹം അമർ സിങ്ങിനോടും മുലായം സിങ്ങിനോടും ഒരു ജട്ജിനെ സ്വാധീനിക്കുന്നതിനെപ്പറ്റി സംസാരിക്കുന്നു എന്നായിരുന്നു ആരോപണം. എന്നാൽ ഇതിൽ ഉൾപ്പെട്ട എല്ലാവരും സി.ഡി. കൃത്രിമം ആണ് എന്ന് വാദിക്കുകയും ഇതിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ആഗസ്റ്റ്‌ പതിനാറിന് നിരാഹാര സമരത്തിനു പുറപ്പെടാനിരുന്ന അണ്ണ ഹസാരയെ പോലീസ് അറസ്റ്റ് ചെയ്തു. ക്രമസമാധാന പ്രശ്നം ഉണ്ടാകും എന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. ഇതേ സമയം പോലീസ് അരവിന്ദ് കേജ്രീവാളിനെയും മറ്റു അനുയായികളെയും അറസ്റ്റ് ചെയ്തു. ഇതിനെതിരെ നാല് കോണിൽ നിന്നും പ്രതിഷേധം ഉയർന്നു. ഇന്ത്യാ ഗേറ്റിൽ നടന്ന മെഴുകുതിരി കത്തിച്ചുള്ള പ്രകടനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. പിന്നീട് അന്നയെ വിട്ടയച്ചു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-29. Retrieved 2011-04-07.
  2. "Activists Take Out March to Demand Jan Lokpal Bill". Outlook (magazine). Jan 30, 2011. {{cite web}}: Italic or bold markup not allowed in: |publisher= (help)
  3. "Hazare fears govt may block Lokpal Bill". The Times of India. Mar 17, 2011. {{cite news}}: Italic or bold markup not allowed in: |publisher= (help)[പ്രവർത്തിക്കാത്ത കണ്ണി][പ്രവർത്തിക്കാത്ത കണ്ണി][പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-10. Retrieved 2011-04-07.
  5. "Lokpal bill to cover PM". CNN-IBN. Nov 21, 2010. Archived from the original on 2011-02-04. Retrieved 2011-04-07. {{cite news}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=ജന_ലോക്പാൽ&oldid=3776525" എന്ന താളിൽനിന്ന് ശേഖരിച്ചത്