ഇന്ത്യയിലെ ഒരു സാമുഹിക സന്നദ്ധപ്രവർത്തകനാണ് അണ്ണാ ഹസാരെ എന്നറിയപ്പെടുന്ന കിഷൻ ബാപ്പത് ബാബുറാവു ഹസാരെ (ജനനം:ജനുവരി 15, 1940). മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ "റാലിഗാൻസിദ്ദി " എന്ന ഗ്രാമത്തെ ഒരു മാതൃക ഗ്രാമമാക്കി മാറ്റിയതിലുള്ള അണ്ണാ ഹസാരെയുടെ സംഭാവനയെ പരിഗണിച്ച് 1992-ൽ ഭാരത സർക്കാർ അദ്ദേഹത്തിനെ പത്മഭൂഷൺ നൽകി ആദരിച്ചു. ഇതിന് പുറമേ ഭാരത സർക്കാറിന്റെ തന്നെ പത്മശ്രീ അവാർഡും(1990) സാമൂഹിക സേവന മികവിനുള്ള രമൺ മാഗ്സസെ അന്താരാഷ്ട്ര പുരസ്കാരവും ഉൾപ്പെടെയുള്ള മറ്റനേകം ബഹുമതികളും ലഭിച്ചിട്ടുണ്ട്. മിഡിൽ സ്കൂൾ വിദ്യാഭ്യാസം മാത്രം നേടിയ ഹസാരക്ക്, ദിണ്ടിഗൽ ഗാന്ധിഗ്രാം കല്പിത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയിട്ടുണ്ട്.[1]

കിഷൻ ബാപ്പത് ബാബുറാവു ഹസാരെ
ജനനം (1940-01-15) ജനുവരി 15, 1940  (84 വയസ്സ്)
പ്രസ്ഥാനംWatershed Development Programmes; Right To Information Act; Anti Corruption Movement
മാതാപിതാക്ക(ൾ)ബാബുറാവു ഹസാരെ,
ലക്ഷ്മിബായി ഹസാരെ

മോഹൻദാസ് കരംചന്ദ് ഗാന്ധിയെ പോലെ നിരാഹാര സത്യാഗ്രഹം സമരായുധമാക്കി വിജയിച്ച മറ്റൊരു ജനകീയ നേതാവാണ് അണ്ണാ ഹസാരെ. അദ്ദേഹം ഗാന്ധിയൻ ആദർശങ്ങൾ പിന്തുടരുന്നതായി പൊതുവേ കണക്കാക്കപ്പെടുന്നു

ജീവിതവും പോരാട്ടങ്ങളും

തിരുത്തുക

മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിൽ ഭിംഗർ ഗ്രാമത്തിൽ ജനുവരി 15ന് പാവപ്പെട്ട തൊഴിലാളി കുടുംബത്തിലാണ് കിഷൻ ബാപ്പത് ബാബുറാവു ഹസാരെയുടെ ജനനം. അച്ഛൻ ബാബു റാവു ഹസാരെക്ക് അഞ്ചേക്കർ കൃഷിഭൂമി ഉണ്ടായിരുന്നെങ്കിലും കൃഷി നഷ്ടമായതോടെ വീട് ദാരിദ്ര്യത്തിന്റെ പിടിയിലായി. ഹസാരെ റാലിഗാൻസിദ്ദി ഗ്രാമത്തിലെ കുടുംബ വീട്ടിലേക്ക് പോകാൻ നിർബന്ധിതനായി. മക്കളില്ലാത്ത ഒരു അമ്മായിയുടെ സഹായത്താൽ ഏഴാം ക്ളാസ് വരെ പഠിച്ചു. ധനസ്ഥിതി മോശമായതോടെ തുടർപഠനം ഉപേക്ഷിക്കാൻ നിർബന്ധിതനായി. ഉപജീവനത്തിന് പൂക്കൾ വിൽക്കാനും മറ്റും ഇറങ്ങി. 1962ലെ ഇന്ത്യ-ചൈന യുദ്ധവേളയിൽ സേനയിൽ ചേർന്നു. അവിടെ ട്രക്ക് ഡ്രൈവറായി. പഞ്ചാബിലായിരുന്നു പോസ്റ്റിംഗ്. സ്വാമി വിവേകാനന്ദന്റെയും മഹാത്മാ ഗാന്ധിയുടെയും ആചാര്യ വിനോബാഭാവെയുടെയും രചനകൾ വായിച്ചു അക്കാലത്ത്. 1965ലെ ഇന്ത്യ-പാക് യുദ്ധ വേളയിൽ രണ്ടു തവണ ജീവൻ അപകടത്തിലാകുന്ന അപകടങ്ങളിൽപ്പെട്ടു.

1975ൽ സേനയിൽ നിന്ന് സ്വയം വിരമിച്ച് സാമൂഹിക പ്രവർത്തനത്തിനായി ഇറങ്ങിത്തിരിച്ചു. സ്വന്തം ഗ്രാമമായ റാലിഗാൻസിദ്ദിയിൽ ദാരിദ്ര്യവും വരൾച്ചയും പരിഹരിക്കാൻ ഗ്രാമവാസികളെ സന്നദ്ധ സേവനത്തിനിറക്കുന്നതിൽ വിജയിച്ചു. ഗാന്ധിയൻ ആദർശങ്ങളായിരുന്നു ഉത്തേജനം. സ്വന്തം സമ്പാദ്യമത്രയും ഗ്രാമത്തിലെ വികസന പദ്ധതിയ്ക്കായി വിനിയോഗിച്ചു. കനാലുകളും ബണ്ടുകളും നിർമ്മിക്കുകയും. മഴവെള്ളം ശേഖരിക്കാൻ സംവിധാനമുണ്ടാക്കുകയും ചെയ്തു. അങ്ങനെ ഗ്രാമത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിൽ മാത്രമല്ല കൃഷിയ്ക്ക് ജലസേചനം സാദ്ധ്യമാക്കുന്നതിലും വിജയിച്ചു. സൌരോർജ്ജം ഉപയോഗിച്ച് ഗ്രാമത്തിൽ വൈദ്യുതി വിതരണം സാദ്ധ്യമാക്കി. പിന്നാക്ക ദരിദ്ര ഗ്രാമമായിരുന്ന റാലിഗാൻസിദ്ദി പുരോഗതിയുടെ പാതയിലായി. ഗ്രാമത്തിലെ ആളുകളെ മദ്യപാന വിപത്തിൽ നിന്ന് അകറ്റി നിറുത്തുന്നതിലും ഹസാരെ വിജയിച്ചു. സ്കൂൾ സ്ഥാപിച്ച് അയിത്തം എന്ന ദുരാചാരം ഇല്ലാതാക്കി. ഗ്രാമീണർ ബഹുഭൂരിപക്ഷവും അദ്ദേഹത്തെ ജ്യേഷ്ഠസഹോദരനെപ്പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. അങ്ങനെ കിഷൻ ബാബുറാവു ഹസാരെ അവർക്ക് 'അണ്ണാ' ഹസാരെയായി.

പൊതുജീവിതത്തിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വിവരാവകാശ നിയമം പ്രാബല്യത്തിൽ വരുത്തുന്നതിന്‌ ശ്രമിച്ച പ്രമുഖരിൽ ഒരാൾ കൂടിയാണ്‌ ഹസാരെ.മഹാരാഷ്ട്ര സർക്കാരിനെ ശക്തമായ വിവരാവകാശ നിയമം നിർമ്മിക്കാൻ നിർബന്ധിതമാക്കിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് അണ്ണാ ഹസാരെയാണ്.

അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ 1991ൽ ഭ്രഷ്ടാചാർ വിരോധി ജന ആന്ദോളൻ (അഴിമതി വിരുദ്ധ ജനകീയ പ്രക്ഷോഭം) മഹാരാഷ്ട്രയിലുടനീളം ജില്ലാതലങ്ങളിൽ വരെ വ്യാപിച്ചു.

1995-1999ൽ മഹാരാഷ്ട്രയിലെ ശിവസേന-ബി.ജെ.പി മന്ത്രിസഭയിൽ നിന്ന് അഴിമതിക്കാരായ മൂന്നു പേരെ രാജി വയ്പിക്കുന്നതിൽ അണ്ണാ ഹസാരെ വിജയിച്ചു. ശശികാന്ത് സുതർ, മഹാദേവ് ശിവശങ്കർ, ബബൻ ഗോലാപ് എന്നിവരാണ് രാജിവച്ചു പോകേണ്ടി വന്ന മന്ത്രിമാർ.[2][3] 2003ൽ കോൺഗ്രസ്-എൻ.സി.പി മന്ത്രിസഭയിലെ സുരേഷ്ദാദ ജയിൻ, നവാബ് മാലിക്, വിജയകുമാർ ഗവിത്, പദംസിംഗ് പാട്ടീൽ എന്നീ മന്ത്രിമാർ അഴിമതിക്കാരാണെന്നും അവരെ പുറത്താക്കണമെന്നും പറഞ്ഞ് അണ്ണാ ഹസാരെ നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചു.[4]

ജന ലോക്പാൽ സമരം

തിരുത്തുക

പൊതുജീവിതത്തിലെ അഴിമതി തടയാൻ കഴിയും വിധം ജന ലോക്പാൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്ന ആവശ്യത്തിന്മേൽ സർക്കാർ ചെവികൊടുക്കാത്തതിൽ പ്രതിഷേധിച്ച് ഡെൽഹിയിലെ ജന്തർ മന്തറിൽ 2011 ഏപ്രിൽ 5 മുതൽ മരണം വരെ അദ്ദേഹം നിരാഹാരസമരം ആരംഭിച്ചു.[5] രാജ്യവ്യാപകമായ പിന്തുണ അദ്ദേഹത്തിന് ലഭിച്ചു. വിദ്യാർഥികളും വീട്ടമ്മമാരും യുവജനങ്ങളും അടങ്ങിയ സാധാരണക്കാർക്ക് പുറമേ വ്യവസായികളും ചലച്ചിത്ര താരങ്ങളും വരെയുള്ളവർ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തിന് പിന്തുണയുമായി മുന്നോട്ട് വന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രകടനങ്ങളുണ്ടായി. ഇതിന് പുറമേ രാജ്യത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിനു ഭാരതീയർ ഇന്റർനെറ്റിലെ സൗഹൃദ വെബ്സൈറ്റുകൾ വഴി ഹസാരെക്കു പിന്തുണ പ്രഖ്യാപിക്കുകയും സമഗ്രമായ ഒരു ലോക്പാൽ ബില്ലിനുവേണ്ടിയുള്ള ആശയപ്രചരണം ത്വരിതപ്പെടുത്തുകയും ചെയ്തു. ഏപ്രിൽ 9-നു് ,ബിൽ തയ്യാറാക്കുന്നതിനുള്ള സമിതിയിൽ 50 ശതമാനം പേരും, കൂടാതെ സമിതി സഹാദ്ധ്യക്ഷനും രാഷ്ട്രീയമേഖലയിൽ നിന്നല്ലാത്തവരാവണമെന്ന ആവശ്യം അംഗീകരിച്ച് കൊണ്ടുള്ള ഗവൺമെന്റു് വിജ്ഞാപനം പുറത്തു വന്നതിനെ തുടർന്ന് അദ്ദേഹം നിരാഹാരസമരം അവസാനിപ്പിച്ചു.[6]

പുരസ്കാരം

തിരുത്തുക

ഡൽഹി ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പ്ലാനിങ് ആന്റ് മാനേജ്‌മെന്റ് എന്ന സ്ഥാപനം ഏർപ്പെടുത്തിയ 2011 - ലെ രബീന്ദ്രനാഥ് ടാഗോർ സമാധാന സമ്മാനം അണ്ണാ ഹസാരെ നിരസിച്ചു [7].

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-11. Retrieved 2011-04-09.
  2. http://netindian.in/news/2011/04/09/00012408/anti-corruption-campaign-caretakers-jan-lokpal-bill
  3. http://indiatoday.intoday.in/site/story/the-story-of-social-activist-anna-hazare/1/134525.html
  4. http://news.keralakaumudi.com/news.php?nid=bcdb5f4042dafb981c19f2a26316f38e
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-10. Retrieved 2011-04-05.
  6. http://timesofindia.indiatimes.com/india/Govt-agrees-to-Anna-Hazares-demands-on-Lokpal-Bill-Reports/articleshow/7916949.cms
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-08. Retrieved 2011-05-05.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക"https://ml.wikipedia.org/w/index.php?title=അണ്ണാ_ഹസാരെ&oldid=4098545" എന്ന താളിൽനിന്ന് ശേഖരിച്ചത്