ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം

(ചെട്ടിക്കുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ കായംകുളം തിരുവല്ല സംസ്ഥാന പാതയിൽ കായംകുളത്തിനും മാവേലിക്കരയ്ക്കും ഇടയിൽ ചെട്ടികുളങ്ങര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രസിദ്ധമായ ക്ഷേത്രമാണ് ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം. മാവേലിക്കര ടൗണിൽ നിന്ന് 3 കിലോമീറ്റർ അകലെയും കായംകുളത്തിനു വടക്കായി 6 കി.മീ മാറിയും ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. തിരുവിതാംകൂർ ദേവസ്വം കണക്കുകൾ അനുസരിച്ച് ശബരിമല കഴിഞ്ഞാൽ ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ഈ ക്ഷേത്രത്തിൽ നിന്നാണ്[1]. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയും ആദിപരാശക്തിയുമായ ശ്രീ ഭദ്രകാളി ആണ് മുഖ്യ പ്രതിഷ്ഠ. ചെട്ടികുളങ്ങര അമ്മ എന്ന്‌ ഭഗവതി അറിയപ്പെടുന്നു.

ചെട്ടികുളങ്ങര ശ്രീ ഭഗവതിക്ഷേത്രം
ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം
ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം
ചെട്ടികുളങ്ങര ശ്രീ ഭഗവതിക്ഷേത്രം is located in Kerala
ചെട്ടികുളങ്ങര ശ്രീ ഭഗവതിക്ഷേത്രം
ചെട്ടികുളങ്ങര ശ്രീ ഭഗവതിക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°17′5″N 76°30′5″E / 9.28472°N 76.50139°E / 9.28472; 76.50139
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:ആലപ്പുഴ
പ്രദേശം:ചെട്ടികുളങ്ങര, മാവേലിക്കര
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശ്രീ ഭദ്രകാളി
പ്രധാന ഉത്സവങ്ങൾ:കുംഭ ഭരണി

ചെട്ടികുളങ്ങര ഉൾപ്പെടുന്ന മാവേലിക്കര താലൂക്ക്, കാർത്തികപ്പള്ളി താലൂക്ക്, കായംകുളം എന്നിവ ഉൾപ്പെടുന്ന പ്രദേശം പൊതുവെ "ഓണാട്ടുകര" എന്ന പേരിൽ അറിയപ്പെടുന്നു. അതുകൊണ്ട് ചെട്ടികുളങ്ങര അമ്മയെ "ഓണാട്ടുകരയുടെ കുലദൈവം, ദേശദൈവം അഥവാ ഓണാട്ടുകരയുടെ പരദേവത" എന്നും വിളിക്കുന്നു. [2]. കുംഭമാസത്തിലെ ഭരണിനാളിലാണ് വിശ്വപ്രസിദ്ധമായ കെട്ടുകാഴ്ച്ച നടക്കുന്നത്. കുംഭഭരണിക്ക് സ്ഥലവാസികൾ "കൊഞ്ചുമാങ്ങ" എന്ന വിഭവം ഉണ്ടാക്കുന്നു. ഇത് വീട്ടിലെ സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഭഗവതിയുടെ പ്രസാദമായി കണക്കാക്കപ്പെടുന്നു. ചൊവ്വ, വെള്ളി, ഞായർ, പൗർണമി, അമാവാസി ദിവസങ്ങളിൽ ധാരാളം ഭക്തർ ഇവിടെ ദർശനത്തിന് എത്തിച്ചേരുന്നതായി കണ്ടു വരുന്നു.[3]

പ്രതിഷ്ഠ

തിരുത്തുക

മുഖ്യ പ്രതിഷ്ഠ പരാശക്തിയുടെ ഒരു പ്രധാന ഭാവമായ ശ്രീ ഭദ്രകാളി. കിഴക്ക് ദർശനം. മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ബഹുവേര വിധിപ്രകാരമാണ് ചെട്ടികുളങ്ങരയിലെ ഭഗവതി പ്രതിഷ്ഠ നടന്നിട്ടുള്ളത്. വരിക്കപ്ലാവിൽ കൊത്തിയെടുത്ത ഭദ്രകാളിയുടെ ദാരുബിംബമാണ് മുഖ്യ പ്രതിഷ്ഠ. കൂടാതെ കണ്ണാടിയിൽ ഭദ്രകാളിയുടെ ചെറിയ കർമ്മ ബിംബവും, ഭദ്രകാളി രൂപത്തോട് കൂടിയ ഗുരുസി ബിംബവും ചേർന്നതാണ് ഇവിടുത്തെ പ്രതിഷ്ഠ. ദേവി ഭാഗവത പ്രകാരം ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് ഭദ്രകാളി. ദാരികനെ വധിക്കുവാൻ വേണ്ടി ശിവ നേത്രാഗ്നിയിൽ നിന്നും ശ്രീ ഭദ്രകാളി അവതരിച്ചു എന്ന്‌ ശൈവ ശാക്തേയ പുരാണങ്ങൾ പറയുന്നു. പ്രാചീന കാലത്തെ മാതൃദൈവാരാധന, ഊർവരത, മണ്ണിന്റെ ഫലഭൂയിഷ്ടി, കാർഷിക സമൃദ്ധി, യുദ്ധ വിജയം എന്നിവയുമായി മാതൃ ദൈവാരാധന ബന്ധപെട്ടു കിടക്കുന്നു.

13 കരകൾ ഉൾപ്പെട്ടതാണു ഈ ക്ഷേത്രം. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക് എന്നീ കരകൾ ക്ഷേത്രത്തിന്റെ നാലു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. മറ്റുള്ള കരകൾ കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക് ,പേള, കടവൂർ , ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്ക്കാവ് എന്നിവയാണ്.

ചരിത്രം

തിരുത്തുക

ഈ ക്ഷേത്രം ശ്രീ ആദിശങ്കരന്റെ ശിഷ്യനായ പദ്മപാദ ആചാര്യരാൽ സമർപ്പിക്കപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. അതനുസരിച്ച് ക്രി.വ. 843 മകരമാസത്തിലെ ഉത്രട്ടാതി നാളിലാണു ക്ഷേത്രം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്[2]. ഈ പറഞ്ഞത് ഒരുവിഭാഗം ചരിത്രകാരന്മാരുടെ അഭിപ്രായം ആണ്. ഇന്നത്തെ നിലയിലുള്ള ക്ഷേത്രം കാലാകാലങ്ങളായി പല മാറ്റങ്ങൾക്കും വിധേയമായതാണ്.

ഐതിഹ്യം

തിരുത്തുക

ജഗദീശ്വരിയും സാക്ഷാൽ ആദിപരാശക്തിയുമായ ചെട്ടികുളങ്ങര ഭഗവതി കൊടുങ്ങല്ലൂർ അമ്മയുടെ മകളാണെന്നാണു (ചൈതന്യമാണെന്നാണ്) സങ്കല്പം. ഓണാട്ടുകരയിലെ അഞ്ചു പ്രമാണിമാരായിരുന്ന ഈരേഴ തെക്ക് മുറിയിൽ കോട്ടൂർ മണവത്ത് ചെമ്പോലിൽ ആദിചെമ്മൻ ശേഖരൻ താങ്കളും, കൈതതെക്ക് മുറിയിൽ മങ്ങാട്ടേത്ത് മാതുവും, കാട്ടൂർ കൊച്ചുകോമക്കുറുപ്പും, പുതുപ്പുരയ്ക്കൽ മാളിയേക്കൽ ആനന്ദവല്ലീശ്വരനും, ഈരേഴ വടക്ക് മേച്ചേരിൽ കുലശേഖരപണിക്കരുമായി തൊട്ടടുത്ത ഗ്രാമമായ കൊയ്പ്പള്ളി കാരാഴ്മ കുറങ്ങാട്ട് കാരണവരുടെ അധീനതയിലുള്ള ദേവീക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയി. ഉത്സവ ഘോഷങ്ങളും കണ്ട് നടന്ന പ്രമാണിമാരെ കൊയ്പ്പള്ളി കാരാഴ്മ ദേശത്തെ നാട്ടു പ്രമാണിയായിരുന്ന കാക്കനാട്ട് കൈതോന നല്ലതമ്പിയും കൂട്ടരും അധിക്ഷേപിച്ചു.

അധിക്ഷേപത്തിൽ മനംനൊന്ത പ്രമാണിമാർ ഉത്സവം മുഴുവൻ കാണാതെ ചെട്ടികുളങ്ങരയിലേക്ക് മടങ്ങവേ ഈരേഴതെക്ക് കോയിക്കൽ തറയ്ക്ക് സമീപമുള്ള വഴിമണ്ഡപത്തിൽ ഇരുന്ന് പരിഹാരം ചിന്തിക്കുകയും ശ്രീ ഭദ്രകാളിയുടെ മൂലകേന്ദ്രമായ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെത്തി തൊഴുത് അഭയം പ്രാപിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് തങ്ങളുടെ ഭവനങ്ങളിൽ തിരികെയെത്തി ബന്ധുജനങ്ങളോടും ദേശവാസികളോടും വിവരങ്ങൾ പറഞ്ഞ് ഇവർ തീർത്ഥയാത്രയ്ക്ക് പുറപ്പെട്ടു. യാത്രാമദ്ധ്യേ കരിപ്പുഴ തോടിന്റെ കിഴക്കേ ഓരത്ത് വച്ച് തീരുമാനം പുനഃപരിശോധിച്ചു. തങ്ങളുടെ അഭാവത്തിൽ ദേശം അന്യദേശക്കാർ കൈയ്യടക്കുമെന്നും തസ്കരൻമാർ മുതലെല്ലാം കവർന്നെടുക്കുമെന്നും മനസിലാക്കിയ പ്രമാണിമാർ ദേശവാസികളെ പിന്തിരിപ്പിക്കുകയും, അവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുവാൻ ഓടനാട് രാജാവിന്റെ സർവ്വസൈന്യാധിപനായ എരുവ അച്യുതവാര്യരുടെ പ്രിയ ശിഷ്യനും ആയാധനകലയിൽ ആഗ്രഗണ്യനുമായ പുതുപ്പുരയ്ക്കൽ ആനന്ദവല്ലീശ്വരന്റെ ഇളമുറക്കാരനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇത് ശരിയെന്ന് അംഗീകരിച്ച് ദേശവാസികൾ തിരികെ യാത്രയായി. പുതിയ 'ശരി കൈക്കൊണ്ട സ്ഥലം എന്ന നിലയിൽ ഇവിടം 'പുതിയശരി'യെന്നും പിന്നീട് "പുതുശ്ശേരി' എന്നും അറിയപ്പെട്ടു.

ഈ തീരുമാനത്തിനുശേഷം പ്രമാണിമാർ കൊടുങ്ങല്ലൂർ എത്തി രാജാവിനെ കണ്ട് വിവരം ധരിപ്പിച്ചു.

രാജാവ് പ്രമാണിമാർക്ക് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ ഭജനമിരിക്കുവാൻ വേണ്ട ഏർപ്പാടുകൾ ചെയ്തു കൊടുക്കുകയും ചെയ്തു. (ഇതിന്റെ സ്മരണാർത്ഥമാണ് മീനത്തിലെ അശ്വതി വിശേഷത്തിനു ശേഷം കരനാഥന്മാർ ഒത്തുചേർന്ന് ഇന്നും കൊടുങ്ങല്ലൂർ ശ്രീ കുരുംമ്പ ഭഗവതി ക്ഷേത്രത്തിലേക്ക് തീർത്ഥയാത്ര ചെയ്യുന്നത്)- ദുഃഖത്തോടെ അനേക നാളുകൾ ഭഗവതിയെ പ്രാർഥിച്ചു കൊണ്ട് ഭജനമിരുന്ന ഭക്തർക്ക്, ക്ഷേത്രത്തിലെ വെളിച്ചപ്പാടിലൂടെ താമസംവിന സങ്കട നിവർത്തി വരുത്തി രക്ഷിച്ചുകൊള്ളാമെന്ന് കൊടുങ്ങല്ലൂരമ്മയുടെ അരുളപ്പാട് ഉണ്ടാവുകയും, ഭഗവതിയുടെ വാളും ചിലമ്പും സാന്നിദ്ധ്യമറിയിച്ചു നൽകുകയും ചെയ്തു. സംതൃപ്തരായ കരനാഥന്മാർ കൊടുങ്ങല്ലൂർ ഭഗവതിയുടെ വാളും ചിലമ്പുമായി ചെട്ടികുളങ്ങര ദേശത്തേക്ക് തിരികെ എത്തുകയും പരാശക്തിയുടെ സാന്നിദ്ധ്യത്തിനായി പ്രാർഥന തുടരുകയും ചെയ്തു.

ദിവസങ്ങൾ കഴിഞ്ഞ് ഒരു സന്ധ്യാസമയത്ത് കരിപ്പുഴ തോടിന്റെകരയിൽ ഈനാശു എന്ന കടത്തുകാരൻ തന്റെ ജോലിതീർത്ത് വഞ്ചി ഒതുക്കുന്ന നേരത്ത് മറുകരയിൽ നിന്ന് ഒരു വൃദ്ധ വിളിക്കുന്നത് കണ്ടു. സ്ത്രീയെ ഇക്കരെയെത്തിച്ച് തന്റെ കൂരയിലേക്ക് മടങ്ങാൻ ഭാവിക്കുമ്പോൾ, ശ്രേഷ്ഠികുളങ്ങരയിലേക്ക് (ചെട്ടികുളങ്ങര) പോയിവരാൻ തന്നെ സഹായിക്കണമെന്ന് സ്ത്രി ആവശ്യപ്പെട്ടു. നേരം വൈകിത്തുടങ്ങിയതിനാൽ ആ അഭ്യർത്ഥന അയാൾക്ക് നിരസിക്കുവാൻ കഴിഞ്ഞില്ല. കടത്തുകാരൻ സ്ത്രീയേയും കൂട്ടി യാത്രതിരിച്ചു. യാത്രാക്ഷീണം മൂലം ഈനാശു പുതുശ്ശേരിയിലെ ആഞ്ഞിലിമരച്ചുവട്ടിൽ സ്ത്രീയെ വിശ്രമിക്കുവാൻ ഇരുത്തുകയും അടുത്തുള്ള പതിയാർ ഭവനത്തിൽ ചെന്ന് ദാഹജലവും വസ്ത്രവും വാങ്ങി നൽകുകയും ചെയ്തു. (അമ്മ വിശ്രമിച്ച സ്ഥലമാണ് ഇന്നത്തെ പുതുശ്ശേരി അമ്പലം. അമ്മയ്ക്ക് ദാഹജലം കൊടുത്ത പതിയാർ ഭവനമാണ് ഇന്നത്തെ ചാലുകോയിക്കൽ പതിയാർ ഭവനം. ഈ കുടുംബക്കാർക്ക് ഇതിന്റെ സ്മരണയ്ക്കായി അമ്മയുടെ തിരുവസ്ത്രങ്ങൾ അലക്കുവാനുള്ള അവകാശം പതിച്ചു നൽകുകയും പ്രതിഫലമായി ക്ഷേത്രത്തിൽ നിന്ന് ദക്ഷിണ നൽകുകയും ചെയ്തുവരുന്നു.)

വിശ്രമത്തിനിടയിൽ ജോലിഭാരം മൂലം മയങ്ങിപ്പോയ ഈനാശു ഉണർന്നെണീറ്റപ്പോൾ സ്ത്രീയെ കണ്ടില്ല. പരിഭ്രമിച്ച ഇദ്ദേഹം അടുത്തുള്ള ഭവനങ്ങളിൽ വിവരം അറിയിച്ച് തന്റെ കുടിലിലേക്ക് പോയി. ഈ സംഭവം നടന്നത്തിന്റെ തൊട്ടടുത്ത ദിവസം ചെട്ടികുളങ്ങരയിലെ താഴവന ഇല്ലത്ത് പുരമേച്ചിൽ നടക്കുകയായിരുന്നു. പുരകെട്ടുകാർക്ക് ഉച്ചഭക്ഷണം കഞ്ഞിയും മുതിരപ്പുഴുക്കും അസ്ത്രവുമായിരുന്നു (നടുതല ധാന്യങ്ങൾ കൊണ്ടുണ്ടാക്കുന്ന ഒരു കൂട്ടുകറിയാണ് അസ്ത്രം). മേച്ചിൽകാർക്ക് കഞ്ഞി വിളമ്പിക്കൊണ്ടിരുന്നപ്പോൾ അപരിചിതയായ ഒരു വൃദ്ധ അവിടെയെത്തുകയും തനിക്കും കൂടി ഭക്ഷണം നൽകുവാൻ ആവശ്യപ്പെടുകയും ചെയ്തു. ഗൃഹനാഥൻ ഉടൻ തന്നെ 'ഇല-തട' (ഓലക്കാൽ വളച്ചുണ്ടാക്കുന്ന വളയമാണ് തട) ഇട്ട് ആ സ്ത്രീയ്ക്കും ഭക്ഷണം നൽകി, കഞ്ഞികുടിച്ച ശേഷം സ്ത്രീ വടക്കുഭാഗത്തുള്ള കുളത്തിലിറങ്ങി മുഖം കഴുകി വീണ്ടും വടക്കോട്ട് നീങ്ങി, സ്ത്രീയെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ഇല്ലത്തെ അന്തർജ്ജനം ഒരു പ്രകാശം ജ്വലിച്ചുയർന്ന് ഈ സ്ത്രീ അപ്രത്യക്ഷയാകുന്നത് കാണുകയും ഭയന്ന് ബോധരഹിതയായി വീഴുകയും ചെയ്തു. (ഭഗവതി മുഖം കഴുകിയ കുളം ഇന്നും ഉണ്ട്, ദേവി അപ്രത്യക്ഷമായ സ്ഥലമാണ് ഇന്നു ക്ഷേത്രത്തിലെ മൂലസ്ഥാനം) ബോധം വീണ്ടുകിട്ടിയ അന്തർജ്ജനം തനിക്കുണ്ടായ അനുഭവം കൂടിനിന്നവരെ ധരിപ്പിച്ചു.

കൊടുങ്ങല്ലൂരിൽ പോയി ഭജനം പാർത്തിരുന്ന കരനാഥന്മാർക്ക് ഭഗവതി സാന്നിദ്ധ്യം സ്വപ്നദർശനത്താൽ ബോധ്യമായി. ഈ സംഭവങ്ങളുടെ വെളിച്ചത്തിൽ ഓണാട്ടുകരയിലെ പ്രസിദ്ധ ജ്യോതിഷ  പണ്ഡിതനായ മങ്കുഴി കണിയാരെ വിളിച്ച് പ്രശ്നം ചിന്തിച്ചതിൽ കൊടുങ്ങല്ലൂരിൽ നിന്നുള്ള ഭഗവതിയുടെ സാന്നിധ്യം ഉണ്ടായതായി തെളിഞ്ഞു. തുടർന്ന് ഓടനാട് നരിയങ്ങമണ്ണൂർ കൊട്ടാരത്തിൽ വിവരം ധരിപ്പിക്കുകയും, ക്ഷേത്ര നിർമ്മാണത്തിന് അന്നത്തെ രാജാവായ ഇരവിമാർത്താണ്ഡവർമ്മൻ ഉത്തരവിടുകയും ചെയ്തു. കൊടുങ്ങല്ലൂരിൽ പോയിവന്ന ആളുകളെ രാജാവ് ക്ഷേത്ര നിർമ്മാണ ചുമതല ഏൽപ്പിക്കുകയും ചെയ്തു. തുടർന്നാണ് അതിഗംഭീരമായ കുംഭ ഭരണി മഹോത്സവം ആരംഭിച്ചത്.

ചെട്ടികുളങ്ങര ഭരണി ഉത്സവം

തിരുത്തുക
 
ചെട്ടികുളങ്ങര ഭരണി ഉത്സവത്തിനുള്ള ഒരു കെട്ടുകാഴ്ച-2009

ഇവിടത്തെ ഏറ്റവും പ്രശസ്തമായ ഉത്സവം കുംഭ ഭരണി ഉത്സവം ആണ്. ഭദ്രകാളി പ്രധാനമായ കുംഭ മാസത്തിലെ ഭരണി നാളിലാണ് പ്രധാന ഉത്സവം. UNESCO പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ളതാണ് ഈ ഉത്സവം. അതിഗംഭീരമായ കെട്ടുകാഴ്ചകളാണ് ഉത്സവത്തിന്റെ പ്രധാന ആകർഷണം. ആയിരക്കണക്കിന് ഭക്തരാണ് ഉത്സവ ദിവസത്തിൽ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. എല്ലാ വർഷവും ഫെബ്രുവരി - മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത്. എല്ലാ ദിവസവും ക്ഷേത്രത്തിൽ ചാന്താട്ടം വഴിപാടായി നടത്തുന്നു.

ഭക്തജനങ്ങൾ നടത്തുന്ന കുത്തിയോട്ടം ആണ് ഈ ഉത്സവത്തിലെ പ്രധാന വഴിപാട്. കുത്തിയോട്ടം എന്ന അനുഷ്ഠാന കല ചെട്ടികുളങ്ങരയുടെ പ്രാന്തപ്രദേശങ്ങളിൽ നിലവിലുള്ള ഒന്നാണ്. ഈ പ്രദേശത്ത് നിരവധി കുത്തിയോട്ട സംഘങ്ങൾ ഉണ്ട്. ഓരോ സംഘത്തിനും ഓരോ ആശാൻ ഉണ്ടാകും. പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ ദേവി സ്തുതികൾ കുത്തിയോട്ടത്തിനു പാടുന്നു. ഒരു കുത്തിയോട്ടം ​വഴിപാടായി നടത്തുന്നതിനു ലക്ഷങ്ങൾ വേണ്ടി വരുന്നു.[അവലംബം ആവശ്യമാണ്] കുത്തിയോട്ടത്തിൽ ആൺകുട്ടികൾക്ക് എല്ലാ മതപരമായ ചടങ്ങുകളും ഒരാഴ്ചകൊണ്ട് (ശിവരാത്രി മുതൽ ഭരണി ദിവസം വരെ) പഠിപ്പിച്ചുകൊടുക്കുന്നു. ഈ കാലയളവിൽ കുട്ടി വ്രതാനുഷ്ഠാനം ചെയ്യ്ണം. ഭരണി ദിവസം രാവിലെ കുട്ടിയുടെ ശരീരം സ്വർണ്ണ നൂലു കൊണ്ട് ചുറ്റിക്കെട്ടി ആൺകുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ചൂരൽ മുറിയുന്ന ചടങ്ങ്‌ എന്നാണ് ഈ ചടങ്ങിനു പറയുന്ന പേര്.

ബാലന്മാരെ ഒരുക്കി തലയിൽ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യിൽ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച്‌ അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാർത്തി, ഇരുകൈകളും ശിരസിനു മുകളിൽ ചേർത്തു പിടിച്ച്‌ കയ്യിൽ പഴുക്കാപ്പാക്ക്‌ തറച്ച കത്തി പിടിപ്പിക്കും. പിന്നീട്‌ കുട്ടികളുടെ അരയിൽ സ്വർണ്ണമോ, വെള്ളിയോ കൊണ്ടു നിർമ്മിച്ച നൂൽ കോർക്കും. ഇതാണ്‌ ചൂരൽ മുറിയൽ.

വെഞ്ചാമരം കൊണ്ടു വീശിയും പനിനീർ തളിച്ചും ഘോഷയാത്രയായാണ്‌ ബാലന്മാരെ ക്ഷേത്രത്തിലേക്ക്‌ കൊണ്ടുവരുന്നത്‌. ലോഹനൂൽ ഊരിയെടുത്ത്‌ ഭദ്രാദേവിക്ക്‌ സമർപ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട്‌ അവസാനിക്കും. ദാരികനെ വധിച്ച ഭഗവതിയുടെ ഭടന്മാർ ആയാണ് കുത്തിയോട്ട ബാലന്മാരെ സങ്കൽപ്പിക്കുന്നത്.

ഈ ക്ഷേത്രത്തിൽ നടത്തിവരുന്ന നൂറ്റണ്ടുകളുടെ പാരമ്പര്യമുള്ള ഒരു ഉത്സവമാണ്‌ കുംഭ ഭരണി നാളിലെ കെട്ടുകാഴ്ച്ച[4]. ചരിത്രപ്രസിദ്ധമായ ചെട്ടികുളങ്ങര കെട്ടുകാഴ്ച്ച UNESCO പൈതൃക പട്ടികയിൽ ഇടം നേടിയിടുടുള്ളതാണ്. ഉത്സവ ദിവസം ഉച്ചകഴിഞ്ഞ് കെട്ടുകാഴ്ച ഉത്സവം നടക്കുന്നു. ക്ഷേത്രത്തിനു ചുറ്റും ഉള്ള 13 കരകളുടെ പങ്കാളിത്തത്തോടെ ആണ് കെട്ടുകഴ്ച നടക്കുന്നത്. ഭീമാകാരമായ അലങ്കരിച്ച ഭീമൻ രഥങ്ങളും , പാഞ്ചാലി, ഹനുമാൻ ഇതിഹാസ രൂപങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഉള്ള വയലിൽ എത്തിക്കുന്നു. രാത്രി സമയത്ത് ഭഗവതി ജിവതയിൽ ഘോഷയാത്രയായി എത്തി വയലിൽ ഉള്ള ഓരോ രൂപങ്ങളെയും സന്ദർശിച്ച് ഭഗവതി 13 കരകളിലും പ്രസാദിച്ചിരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. ഈ രൂപങ്ങൾ പിന്നീട് ഓരോ കരകളുടെയും കാവുകളിലേക്ക് കൊണ്ടുപോവുന്നു. കെട്ടുകാഴ്ച എഴുന്നള്ളത്ത് ഓരോ കരയുടെയും ക്രമം അനുസരിച്ച് വയലിൽ ഇറക്കുകയാണു ചെയ്യുക. ഇതിൽ ഒന്നാമത്തെ കര ഈരേഴ തെക്ക് കരയാണ്. കെട്ടുകാഴ്ചയുടെ ഭാഗമായ കുതിര എന്ന രൂപത്തിനു 'കുതിര' എന്ന ജീവിയുമായി താരതമ്യം ചെയ്യുവാനുള്ള ഒരു രൂപമല്ല ഉള്ളത്. അതിനു അംബരചുംബിയായ ഗോപുരം പൊലെയുള്ള ഒരു രൂപമാണുള്ളത്. ഭീമൻ, പാഞ്ചാലി, ഹനുമാൻ എന്നീ രൂപങ്ങൾ ദാരുശില്പങ്ങളാണ്. ഈ ദാരുശില്പങ്ങൾ ഒരുക്കിയെടുക്കുവാനുള്ള പരമ്പരാഗതമായ അവകാശം ഒരു ആശാരിക്കുടുംബത്തിനു സ്വന്തമാണ്. ഓരോ കരയുടെയും [കുതിരയുടെ] മധ്യഭാഗത്തായി പ്രഭട എന്നു പറയുന്ന ദാരുരൂപം പ്രദർശിപ്പിച്ചിരിക്കുന്നു. ഓരോ കുതിരയ്ക്കും മുകളിൽ ഏഴ് താഴെ ആറ് എന്ന കണക്കിൽ 13 എടുപ്പുകൾ കാണാം. കുതിരയ്ക്ക് 125 അടിയിലധികം പൊക്കം ഉണ്ടാകും.

നാലുചക്രങ്ങളിൽ ഉറപ്പിക്കുന്ന അടിച്ചട്ടത്തിന്റെ മുകളിലാണ് ഓരോതട്ടുകളും പണിതുറപ്പിക്കുക. സമചതുരാകൃതിയിൽ ഒരേ വലിപ്പത്തിൽ മേൽക്കൂടാരം വരെ പോകുന്നതാണ് കുതിരയുടെ ഘടന. അടികൂടാരം ഇടക്കൂടാരം മേൽക്കൂടാരം എന്ന മൂന്നു ഭാഗങ്ങൾ കുതിരയ്ക്കുണ്ട്. ഇടക്കൂടാരത്തിനും അടിക്കൂടാരത്തിനും ഇടയിലുള്ള സ്ഥലത്താണ് നെറ്റിപ്പട്ടവും തിടമ്പും ദാരുശില്പങ്ങളും ഒരുക്കുക. പിരമിഡ് ആകൃതിയും നീണ്ട നാമ്പും കൂടിയതാണ് മേൽക്കൂടാരം. അടിത്തട്ടിനുമുകിലോട്ടുള്ള തട്ടുകൾ നിലത്തുവെച്ച് പണിക്കൂറ തീർത്ത് കപ്പിയും കയറും ഉപയോഗിച്ച് ഉയർത്തി ഒന്നിനുമുകളിലൊന്നായി ചട്ടത്തിൽ ഉറപ്പിക്കുന്നു. വെള്ളത്തുണിയും തൊങ്ങലുകളും വർണ്ണക്കടലാസുകളുമാണ് അലങ്കാരപ്പണിക്ക് ഉപയോഗിക്കുന്നത്. തേരിനെക്കാൾ വർണ്ണവൈവിധ്യം കുതിരയ്ക്കുണ്ടായിരിക്കും.

ചെട്ടികുളങ്ങരയിൽ 13 കരകളിൽ നിന്നുമായി 6 കുതിരയും, 5 തേരും, ഭീമനും ഹനുമാനുമാണ് അണിരക്കുന്നത് ഈരേഴതെക്ക്, ഈരേഴവടക്ക്, കൈത തെക്ക്, കൈതവടക്ക്, പേള, നടയ്ക്കാവ് എന്നീ ആറ് കരകളിൽനിന്ന് കുതിരയും, കണ്ണമംഗലംതെക്ക്, കണ്ണമംഗലംവടക്ക്, കടവൂർ, ആഞ്ഞിലിപ്ര, മേനാമ്പള്ളി എന്നീ അഞ്ചു കരകളിൽനിന്നും തേരുകളുമാണ് കെട്ടുകാഴ്ചയായി വരുന്നത്. മറ്റംവടക്ക് കരക്കാർ ഭീമന്റെയും, മറ്റംതെക്ക് കരക്കാർ ഹനുമാന്റെയും പാഞ്ചാലിയുടെയും രൂപങ്ങളാണ് കെട്ടുകാഴ്ചകളായി ക്ഷേത്രത്തിലെത്തിക്കുന്നത്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള കാഴ്ചക്കണ്ടത്തിൽ കുംഭഭരണി നാളിൽ സന്ധ്യയോടെ അണിനിരക്കുന്ന തേരും കുതിരയും ഭീമനും ഹനുമാനും ഒരുക്കുന്ന വർണ്ണക്കാഴ്ചയ്ക്കു സമാനമായൊരു ദൃശ്യം അപൂർവമാണ്. കറുപ്പിലും ചുവപ്പിലും അഗ്നിപ്രഭയിലും അഭിരമിക്കുന്ന, ആണ്ടിലൊരിക്കൽ ചെട്ടിക്കുളങ്ങര ഭഗവതിനടയിൽ അരങ്ങേറുന്ന, ഈ കെട്ടുകാഴ്ചകൾ ചേതോഹരമാണ്. ചെട്ടികുളങ്ങരയിലുള്ള അത്രയും ഉയരമുള്ള കെട്ടുകാഴ്ചകൾ കേരളത്തിൽ മറ്റൊരിടത്തും കാണാനാവുകയില്ല.

കരകളിലൂടെ....

ഈരേഴ തെക്ക് ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രഥമസ്ഥാന കര. ക്ഷേത്രത്തിന് തെക്ക്_കിഴക്കായി 3 കിലോമീറ്ററോളം ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന ഈ കരയ്ക്കാണ് ഏറ്റവും കൂടുതൽ വിസ്തൃതിയുള്ളത്. അംബരചുംബിയായ കുതിരയാണ് ഈരേഴതെക്കുകാർ അണിയിച്ചൊരുക്കുന്നത്. കായംകുളം - മാവേലിക്കര റോഡിൽ കമുകുംവിള ജംഗ്ഷന് കിഴക്കും കോയിക്കത്തറക്ക് പടിഞ്ഞാറും മാറി സ്ഥിതിചെയ്യുന്ന കുതിരമാളികയ്ക്ക് സമീപത്ത് വെച്ചാണ് ഈ കെട്ടുകാഴ്ച്ച ഒരുക്കുന്നത്. മുൻപ് അവിടെ നിന്നിരുന്ന മാവിന്റെ സഹായത്താലായിരുന്നു നിർമാണം. പിന്നീട് കരയോഗം കൂറ്റൻ ടവർ പണികഴിപ്പിച്ച തോടെ കെട്ടുകാഴ്ചയുടെ ഉയരം കൂട്ടി പുതുക്കിപ്പണിഞ്ഞു. ഏറ്റവും കൂടുതൽ ദൂരം വയലിൽ കൂടിയും കയറ്റയിറക്കങ്ങളിൽ കൂടിയും സഞ്ചരിക്കുന്ന കുതിരയാണിത്. ഇടക്കൂടാരത്തിന് താഴെയായി പ്രഭടക്ക് ഇരുവശത്തും തത്തിക്കളിക്കുന്ന രണ്ടു പാവകളാണ് കുതിരയുടെ എടുത്തുപറയേണ്ട പ്രത്യേകത. ഈരേഴ തെക്ക് ഇലഞ്ഞിലേത്ത് കുടുംബം ആണ് ഈ പാവകളുടെ അവകാശികൾ(ഇലഞ്ഞിലേത്ത്‌ ഗൃഹനാഥൻ മക്കളില്ലാത്ത ദുഃഖം പേറുമ്പോൾ വഴിപാടായി കുതിരയ്ക്കു പാവയെ സമർപ്പിക്കാമെന്നു നേർന്ന്‌ അധികം വൈകാതെ കുടുംബത്തിൽ രണ്ടു പെൺകുട്ടികൾ പിറന്നു. അങ്ങനെ രണ്ടു പാവക്കുട്ടികളെ വഴിപാടായി നൽകി). കുതിരയിൽ ഇടക്കൂടാരത്തിനു തൊട്ടു താഴെയായിട്ടാണു പാവകളുടെ സ്ഥാനം. ശിവരാത്രിമുതൽ ഭരണിനാൾവരെ പാവകൾക്ക് ഉടയാട സമർപ്പിക്കുന്നത് പ്രധാനവഴിപാടാണ്. സന്താനലബ്ധിക്കായി പാവക്കുട്ടിക്ക്‌ ഉടയാട സമർപ്പിക്കുന്നു.

പ്രഭടയിൽ സ്ഥാപിച്ചിട്ടുള്ള ഭദ്രകാളി മുടിയും ഈ കരക്ക് മാത്രം അവകാശപ്പെട്ടതാണ്. ഈരേഴതെക്ക് കരക്കാർ നടത്തുന്ന ഒന്നാം എതിരേൽപ്‌ ഉത്സവദിവസം ഉരുളിച്ച വരവിനു ശേഷം ഭദ്രകാളി മുടി എഴുന്നള്ളിച്ചു ക്ഷേത്രത്തിൽ കൊണ്ടുവന്നു പാട്ടമ്പലത്തിൽ ആചാരപൂർവം എഴുന്നള്ളിച്ചിരുന്നു. ആവശ്യം വേണ്ട ഒരുക്കുകൾ അതിനുമുൻപിൽ തയാറാക്കിയശേഷം കുറപ്പന്മാർ തോറ്റം പാട്ടു നടത്തുന്നു.

കരയിലെ കോയിക്കത്തറ, പരുമലഭാഗം, ളാഹ എന്നിവിടങ്ങളിലെ അൻപൊലി പ്രസിദ്ധമാണ്.

ഈരേഴ വടക്ക് ക്ഷേത്രവുമായി ബന്ധപ്പെട്ട രണ്ടാം കര. അമ്പരചുംബിയായ കുതിരയാണ് ഈ കരക്കാർ അണിയിച്ചൊരുക്കുന്നത്. ക്ഷേത്രത്തിന് വടക്ക്_കിഴക്കായി 2 കി.മീ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന കരയിൽ മണ്ഡപത്തിന് അരകിലോമീറ്റർ വടക്ക് മാറി സ്ഥാപിച്ചിട്ടുള്ള ടവറിന്റെ സഹായത്തിലാണ് കെട്ട്കാഴ്ചയുടെ നിർമാണം. വർഷങ്ങൾക്ക് മുമ്പ് ഒരു ഭരണി കാലത്ത് കൂടാരം ഉയർത്തുന്നതിനിടയിൽ മാവിന്റെ ശിഖരം ഒടിയുകയും പെട്ടെന്ന് തിരുവല്ലയിൽ ഒരു പള്ളി ഉയർത്താൻ കൊണ്ടുവന്ന ക്രെയിൻ എത്തിച്ച് ടവർ നിർമിച്ച്. ആദ്യമായി ടവർ നിർമ്മിച്ച കരയെന്ന് പേര് നേടി. ഇടക്കൂടാരത്തിന് താഴെ കൂമ്പി വിടരുന്ന മനോഹരമായ താമരയാണ് ഈ കുതിരയുടെ പ്രത്യേകത. നാമ്പിൽ സ്ഥാപിച്ചിരിക്കുന്ന ഗരുഢ വാഹനവും ഈ കരക്ക് അവകാശപ്പെട്ടതാണ്. കുത്തിയോട്ട രംഗത്ത് പ്രസിദ്ധനായ പരമേശ്വരൻപിള്ള എന്ന പാച്ചനാശാന്റെ പേരിൽ അഭിമാനം കൊള്ളുന്ന ഈ കരയിലാണ് ഏറ്റവുമധികം കുത്തിയോട്ട സമിതികളുള്ളത്. ക്ഷേത്രത്തിലെ തന്ത്രി കുടുംബമായ പ്ലാക്കുടി ഇല്ലവും ഈ മണ്ണിലാണ്. പ്രശസ്‌തരായ കലാകാരന്മാരെ അണിനിരത്തി കരക്കാർ ഒരുക്കുന്ന സേവ പ്രശസ്‌തമാണ്‌. ചെട്ടികുളങ്ങര ഭഗവതിയുടെ ആഗമനവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ മേച്ചേരിൽ കുടുംബം ഈ കരയിലാണ്‌. കരയിലെ പറയ്ക്കെഴുന്നള്ളത്ത്‌ ദിനം മേച്ചേരിൽ കളരിയിൽ ഇറക്കിപ്പൂജയും സദ്യയും നടക്കുന്നു.ക്ഷേത്രത്തിലെ സംബന്ധി അധികാരം ഈ കുടുംബത്തിൽ നിക്ഷിപ്‌തമാണ്‌. ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ട ഏക ക്രിസ്‌ത്യൻ കുടുംബമായ നടേവീട്ടിൽ കുടുംബവും ഈ കരയിലാണ്‌. കമ്പിനിപ്പടിക്ക് സമീപമുള്ള അൻപൊലിക്കളം പ്രസിദ്ധമാണ്. ഈ കരയിലെ എതിരേൽപ്പ് ഘോഷയാത്ര കരപ്രദക്ഷിണം നടത്തിയാണ് ക്ഷേത്രത്തിൽ എത്തുന്നത്.


കൈത തെക്ക് ക്ഷേത്രവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കര. ക്ഷേത്രത്തിന് തെക്ക് പടിഞ്ഞാറായി ഒന്നര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന കരയുടെ തെക്കുഭാഗം പത്തിയൂർ പഞ്ചായത്തുമായി അതിർത്തിപങ്കിടുന്നു. മനോഹരമായ കുതിരയാണ് ഈ കരക്കാർ അണിയിച്ചൊരുക്കുന്നത്. കമുകുംവിള ജംഗ്ഷന് പടിഞ്ഞാറ് മാറി വയലോരത്ത് സ്ഥാപിച്ചിട്ടുള്ള ടവറിന്റെ സഹായത്തിലാണ് കെട്ടുകാഴ്ച്ച നിർമാണം. ഇടക്കൂടാരത്തിന് താഴെയായി സ്ഥാപിച്ചിട്ടുള്ള രസകുടുക്കയാണ് കുതിരയുടെ പ്രത്യേകത. മങ്ങാട്ടേത്ത്,അക്കരക്കളരി എന്നിവിടങ്ങളിലെ ഇറക്കി പൂജ പ്രസിദ്ധമാണ്. മീനഭരണിയോട് അനുബന്ധിച്ചുള്ള യാത്ര ചോദിപ്പിന് മുമ്പായി കരയുടെ ആസ്ഥാനമായ ചെട്ടിയാത്ത് ആലുംമൂട്ടിൽ എഴുന്നുള്ളത്തും പോളവിളക്കും വർഷം തോറും നടന്നുവരുന്നു. ചെട്ടികുളങ്ങര ഭഗവതി ആദ്യമായി വന്ന് മുതിരയും കഞ്ഞിയും ഭക്ഷിച്ചെന്ന് ഐതിഹ്യങ്ങളിൽ പറയപ്പെടുന്ന ബ്രാഹ്മണ ഇല്ലമായ താഴവന ഇല്ലം ഈ കരയിലാണ്.

കൈതവടക്ക് ക്ഷേത്രവുമായി ബന്ധപ്പെട്ട നാലാമത്തെ കര. അമ്പരചുംബിയായ കുതിരയാണ് ഈ കരക്കാർ കുംഭഭരണി ദിവസം അണിയിച്ചൊരുക്കുന്നത്. ക്ഷേത്രത്തിന് വടക്ക് പടിഞ്ഞാറായി ഒന്നര കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന കരയിൽ അമ്പലത്തിന് വടക്ക് വശം തട്ടക്കാട്ട് പടി ജംഗ്ഷന് സമീപം സ്ഥാപിച്ചിരിക്കുന്ന ടവറിലാണ് കെട്ടുകാഴ്ച്ചയൊരുക്കുന്നത്.മുൻപ് റോഡരികിൽ നിന്നിരുന്ന കൂറ്റൻ മാവിന്റെ സഹായത്താലായിരുന്നു നിർമാണം. ഏറ്റവും കുറവ് ദൂരം സഞ്ചരിക്കുന്ന ഈ കുതിരയിലും ഇടക്കൂടാരത്തിന് താഴെയായി കൂമ്പിവിടരുന്ന താമര കുതിരയുടെ ശോഭ വർദ്ധിപ്പിക്കുന്നു. ഇന്ദ്രപുരിയെ വെല്ലുന്ന മണ്ഡപത്തറ കുതിരയുടെ പ്രത്യേകതയാണ്. കരയുടെ ഉത്സവദിവസം നടക്കുന്ന നെടുവേലിപ്പടി അൻപൊലി പ്രസിദ്ധമാണ്.

കണ്ണമംഗലം തെക്ക് ക്ഷേത്രവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കര. കണ്ണമംഗലം മഹാദേവർ ക്ഷേത്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന കരയിൽ അധികഭാഗവും എള്ളുപാടങളാൽ സമൃദ്ധമാണ്. മനോഹരമായ തേരാണ് ഈ കരക്കാർ അണിയിച്ചൊരുക്കുന്നത്. ഏറ്റവും കൂടുതൽ ദൂരം വയൽതാണ്ടി വരുന്ന ഈ തേരിന്റെ മണ്ഡപത്തറയിൽ ചെട്ടികുളങര ജീവതയുടെ തടിയിൽ കടഞ്ഞരുപമാണ് സ്ഥാപിച്ചിരിക്കുന്നത്. ശിവരാത്രി നാളിലാണ് ഈ കരയിലെ പറയെടുപ്പ്, ശിവരാത്രി ദിനത്തിൽ കണ്ണമംഗലം മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന ചെട്ടികുളങ്ങര ഭഗവതിയുടെ എഴുന്നള്ളത്തിനെ പിതൃ-പുത്രീ സംഗമമെന്നറിയപ്പെടുന്നു. മുൻപ് മഹാദേവക്ഷേത്രത്തിന് സമീപം നിന്ന മാവിന്റെ സഹായത്തിലായിരുന്ന കെട്ടുകാഴ്ച്ച നിർമാണം ഇപ്പോൾ ടവറിലാണ് നടക്കുന്നത്.

കണ്ണമംഗലം വടക്ക് ക്ഷേത്രവുമായി ബന്ധപ്പെട്ട ആറാമത്തെ കര. കെട്ട് വൃത്തിയാർന്ന മനോഹരമായ തേരാണ് ഈ കരയിലേത്. ചെട്ടികുളങ്ങര പഞ്ചായത്തിന്റെ പടിഞ്ഞാറ് അതിർത്തി പ്രദേശങ്ങൾ ചേർന്നതാണ് ഈ കര. ക്ഷേത്രത്തിൽനിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറുമാറി വയൽക്കരയായ മൂലയ്ക്കാട്ട്ചിറയിലാണ് ഈ തേര് കെട്ടിയൊരുക്കുന്നത്. മുൻപ് മാവിന്റെ സഹായത്താൽ ഒരുക്കിയിരുന്ന തേരിന്റെ കൂടാരം ഇപ്പോൾ ടവറിലാണ് ഉയർത്തുന്നത്. കരയിലെ ഉത്സവദിവസം നടക്കുന്ന മൂലയ്ക്കാട്ട്ചിറ അൻപൊലിയും പോളവിളക്കും പ്രസിദ്ധമാണ്.

പേള ക്ഷേത്രവുമായി ബന്ധപ്പെട്ട ഏഴാമത്തെ കര. പനച്ചമൂടിന് പടിഞ്ഞാറായി ഒന്നര കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന പ്രദേശം കടവൂരുമായും കൈതവടക്കുമായും അതിർത്തി പങ്കിടുന്നു. ക്ഷേത്രത്തിന് വടക്ക് കായംകുളം-തിരുവല്ല സംസ്ഥാനപാതയിൽ പനച്ചമൂട് ജംഗ്ഷനിലാണ് അമ്പരചുംബിയായ കുതിരയെ പേള കരക്കാർ ഒരുക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇവിടെ നിന്നിരുന്ന പനച്ചമരത്തിന്റെ സഹായത്താലാണ് കൂടാരം കയറ്റിയിരുന്നത്. അതുകൊണ്ടാണ് പനച്ചമൂടെന്ന് ഈ സ്ഥലം അറിയപ്പെടുന്നത്. കുതിരയുടെ മണ്ഡപത്തറയിൽ സ്ഥാപിച്ചിട്ടുള്ള ഭദ്രകാളി മുടിയാണ് എടുത്തുപറയേണ്ട പ്രത്യേകത. പൂർണ്ണമായും റോഡിൽകൂടി മാത്രം സഞ്ചരിക്കുന്ന ഈ കുതിരയ്ക്കാണ് രണ്ടാമതായി ടവർ പണികഴിപ്പിച്ചത്.

കടവൂർ ക്ഷേത്രത്തിലെ എട്ടാമത്തെ കര.ചെട്ടികുളങ്ങര ഭഗവതി ആദ്യമായി കടത്തിറങ്ങി കാലുകുത്തിയ മണ്ണാണ് കടവൂർ എന്നാണ് ഐതിഹ്യം. മനോഹരമായ തേരാണ് ഈ കരക്കാർ അണിയിച്ചൊരുക്കുന്നത്. മുൻപ് ക്ഷേത്രത്തിന് രണ്ടര കിലോമീറ്റർ പടിഞ്ഞാറുള്ള വടക്കേത്തുണ്ടം ജംഗ്ഷന് സമീപം നിന്നിരുന്ന മാവിന്റെ സഹായത്തിൽ ഒരുക്കിയിരുന്ന തേര് സഞ്ചാരം ദുർഘടമായതിനാൽ ഇപ്പോൾ ക്ഷേത്രത്തിന് അരകിലോമീറ്റർ പടിഞ്ഞാറുമാറി ടവർ നിർമിച്ചാണ് കെട്ടുന്നത്. കരിപ്പുഴ ജംഗ്ഷനു കിഴക്കുവശമാണ് ഈ കരപ്രദേശം. അഞ്ചു തേരുകളുള്ളതിൽ ഉയരത്തിൽ മൂന്നാമതാണ് ഈ കെട്ടുകാഴ്ച്ച.

ആഞ്ഞിലിപ്ര ക്ഷേത്രത്തിലെ ഒമ്പതാമത്തെ കര. തട്ടാരമ്പലത്തിന് പടിഞ്ഞാറ് മറ്റം ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശമാണ് ഈ കരഭാഗം. മറ്റുകരകളെ അപേക്ഷിച്ച് വിസ്തീർണം കുറവാണ്. ഈ കരയിലെ കെട്ടുകാഴ്ചയായ തേര് ക്ഷേത്രാങ്കണത്തിൽ വെച്ചുതന്നെയാണ് അണിയിച്ചൊരുക്കുന്നത്. ആലിന്റെ സഹായത്താലാണ് കൂടാരം കയറ്റിയുറപ്പിക്കുന്നത്. ചെട്ടികുളങ്ങര ഭഗവതി കരിപ്പുഴ കടത്തിറങ്ങി വന്ന് വിശ്രമിച്ച സ്ഥലമാണ് ഇന്ന് പുതുശ്ശേരി അമ്പലമായി മാറിയത്. ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ തേരാണ് ഇത്. മേൽക്കൂടാരത്തിന്റെ നാമ്പിൽ ഒരു പ്രാവിന്റെ തടിയിൽകടഞ്ഞ രൂപം സ്ഥാപിച്ചിരിക്കുന്നു.

മറ്റം വടക്ക് ക്ഷേത്രത്തിലെ പത്താമത്തെ കരയായ മറ്റം വടക്ക് കരക്കാർ ഇതിഹാസകഥാപാത്രമായ ഭീമസേനനെയാണ് അണിയിച്ചൊരുക്കുന്നത്. പോത്തിനെ കെട്ടിയ വണ്ടിയിൽ ബകന് ഭക്ഷണവുമായി പോകുന്ന ഭീമന്റെ രൂപം ആണിത്. തട്ടാരമ്പലത്തിന് വടക്ക് ചെന്നിത്തല റോഡിൽ ആൽത്തറമൂട്ടിൽ വെച്ചാണ് കെട്ടിയൊരുക്കുന്നത്. ഭീമന്റെ മീശ ഒരുക്കുന്നത് മാത്രം അഞ്ച് തച്ച് പണിയാണുള്ളത്. ഭീമന് കണ്ണുതട്ടാതിരിക്കാനെന്നോണം കെട്ടുകാഴ്ച്ചയുടെ ഭാഗമായി ഈച്ചാടി വല്ല്യമ്മയെ സ്ഥാപിച്ചിട്ടുണ്ട്.

മറ്റം തെക്ക് ക്ഷേത്രവുമായി ബന്ധപ്പെട്ട പതിനൊന്നാമത്തെ കരയായ മറ്റം തെക്കുകാർ ഇതിഹാസകഥാപാത്രമായ ഹനുമാനെയും ഒപ്പം പാഞ്ചാലിയെയുമാണ് അണിയിച്ചൊരുക്കുന്നത്. പത്തിച്ചിറ സ്കൂളിന് സമീപമുള്ള ആഞ്ഞിലി മരത്തിന്റെ സഹായത്താലാണ് ഉടലും മറ്റു ശരീരഭാഗങ്ങളും കയറ്റിയുറപ്പിക്കുന്നത്. ഈ കെട്ടുകാഴ്ചക്ക് മൊത്തം രണ്ട് ടൺ ഭാരമാണുള്ളത്. പനച്ചമൂട് മുതൽ തട്ടാരമ്പലം വരെയുള്ള റോഡിന് ഇരുവശങ്ങളും ഉൾപ്പെടുന്നതാണ് ഈ കരപ്രദേശം. ഹനുമാന് വെറ്റമാല, വടമാല, കദളിപ്പഴം. പാഞ്ചാലിക്ക് വസ്ത്രം എന്നിവ സമർപ്പിക്കുന്നത് പ്രധാന വഴിപാടായി നടന്നു വരുന്നു.

മേനാമ്പള്ളി ക്ഷേത്രത്തിലെ പന്ത്രണ്ടാമത്തെ കരയായ മേനാമ്പള്ളി ഏറ്റവും ഉയരം കൂടിയ മനോഹരമായ തേരാണ് അണിയിച്ചൊരുക്കുന്നത്. ക്ഷേത്രത്തിന് ഒന്നര കിലോമീറ്റർ തെക്ക് മാറിയുള്ള ചെറുകര ആലിന് സമീപമാണ് കെട്ടുകാഴ്ച ഒരുക്കുന്നത്. പരമ്പരാഗതമായി ഇന്നും മാവിന്റെ സഹായത്താൽ കൂടാരം കയറ്റുന്ന ഒരേയൊരു കെട്ടുകാഴ്ച്ചയിതു മാത്രമാണ്. ഒരുക്കുന്നിടം മുതൽ വയലേലകളും എള്ളു പാടങ്ങളും താണ്ടി വരുന്ന ഈ തേര് ക്ഷേത്രത്തിന് കിഴക്ക് 300 മീറ്റർ മാത്രമാണ് റോഡിൽ സഞ്ചരിക്കുന്നത്. നാമ്പിൽ സ്ഥാപിച്ചിരിക്കുന്ന പക്ഷിയുടെ രൂപം ഭംഗി വർദ്ധിപ്പിക്കുന്നു. കൊയ്പ്പള്ളികാരഴ്മയ്ക്ക് പടിഞ്ഞാറുള്ള പ്രദേശങ്ങൾ ചേർന്നതാണ് ഈ കര.

നടയ്ക്കാവ് ചെട്ടികുളങ്ങരയിലെ പതിമൂന്നാമത്തേതും അവസാനത്തേതുമായ കരയാണ് നടയ്ക്കാവ്. ക്ഷേത്രത്തിന് തെക്കാണ് കരയുടെ സ്ഥാനം. ചെട്ടികുളങ്ങര പഞ്ചായത്ത് കായംകുളം മുൻസിപ്പാലിറ്റിയുമായി അതിർത്തി പങ്കിടുന്ന തെക്കുഭാഗങ്ങൾ ചേർന്നതാണ് ഈ കര. കായംകുളം രാജാവ് ചെട്ടികുളങ്ങര ഭഗവതിക്ക് സമർപ്പിച്ചത് എന്ന ഐതീഹ്യമാണ് നടക്കാവിനുള്ളത്. കുതിരയാണ് കരയുടെ കെട്ടുകാഴ്ച്ച. തണ്ടിന്റെ അഗ്രത്ത് നക്രമുഖം ഈ കുതിരയുടെ പ്രത്യേകതയാണ്. ചെട്ടികുളങ്ങര-കായംകുളം പാതയിൽ തട്ടാവഴി ജങ്ഷന് സമീപമാണ് കരയുടെ കെട്ടുകാഴ്ച്ച നിർമ്മാണം. നടയ്ക്കാവ് കരയുടെ കുതിര കാഴ്ച്ചക്കണ്ടത്തിലിറങ്ങുന്നതോടെ കുംഭഭരണി കെട്ടുകാഴ്ച്ച പൂർണ്ണമാകുന്നു.

കാർത്തിക പൊങ്കാല

തിരുത്തുക

ക്ഷേത്രാവകാശികളായ 13 കരകളുടെയും ഏകീകൃത സംഘടന ആയ ശ്രീദേവിവിലാസം ഹിന്ദുമത കൺവെൻഷന്റെ നേതൃത്വത്തിൽ മകരമാസത്തിലെ കാർത്തികനാളിൽ ചെട്ടികുളങ്ങര പൊങ്കാല നടക്കുന്നു. ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ടവഴിപാടുകളിലൊന്നാണ് കാർത്തികപൊങ്കാല. പൊങ്കാല ദിവസം രാവിലെ തന്ത്രി ശ്രീലകത്തുനിന്ന് അഗ്‌നി ക്ഷേത്രത്തിൽ പ്രത്യേകമായി ഒരുക്കിയ പൊങ്കാല അടുപ്പിലേക്ക് പകർന്നു നൽകും. തുടർന്ന് ക്ഷേത്രവളപ്പിൽ നിന്ന് പൊങ്കാല അടുപ്പുകളിലേക്ക് അഗ്‌നി കൈമാറും. പൊങ്കാല തിളയ്ക്കുന്നതോടെ നിവേദ്യം അതിനുശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പൂജാരിമാർ പൊങ്കാല അടുപ്പുകൾക്ക് സമീപമെത്തി തീർത്ഥം തളിച്ചും പുഷ്പാഭിഷേകം നടത്തിയും പൊങ്കാല സമർപ്പണം നടത്തും.

പറയെടുപ്പ് മഹോത്സവം

തിരുത്തുക

ചെട്ടികുളങ്ങര ഗ്രാമത്തിന്റെ ഉത്സവഘോഷങ്ങളിൽ പ്രധാനമാണ് ഭഗവതിയുടെ പറയ്ക്കെഴുന്നള്ളത്ത്. വാദ്യമേളങ്ങളോടെ മെഴുവട്ടകുടകൾക്കൊപ്പം ജീവതയിലേറി സന്തോഷത്തോടെ അമ്മ ഭക്തരെ കാണാൻ വീടുകളിൽ എത്തുന്നു. ജാതിമതഭേദമില്ലാതെ എല്ലാവരും ഇതിൽ പങ്കുകൊള്ളുന്നു.

പറയെടുപ്പിന്റെ ആരംഭം ഭഗവതി കൈവട്ടകയിലേറി ഈരേഴ തെക്ക് ചെമ്പോലിൽ വീട്ടിലെത്തി കൈനീട്ടപറ സ്വീകരിച്ചുകൊണ്ടാണ്. തുടർന്ന് പതിമൂന്ന് കരകളിലും, മാവേലിക്കര, കായംകുളം, കണ്ടിയൂർ, പത്തിയൂർ എന്നിങ്ങനെയുള്ള ചെട്ടികുളങ്ങരയുടെ സമീപപ്രദേശങ്ങളിലും എഴുന്നള്ളത്ത് നടക്കുന്നു. പറയെടുപ്പിനോട് അനുബന്ധിച്ച് അൻപൊലിയും, പോളവിളക്കും, ക്ഷേത്രവുമായി ബന്ധപ്പെട്ടയിടങ്ങളിലും മറ്റും ഇറക്കിപൂജയും നടക്കുന്നു. ഈരേഴതെക്ക് കരയിലെ-കാട്ടൂർ, പുല്ലമ്പള്ളിൽ, പുതുപ്പുരയ്ക്കൽ; ഈരേഴവടക്ക്-മേച്ചേരിൽ; കൈത തെക്ക് കരയിലെ-മങ്ങാട്ടേത്ത്,മുടുവൻപുഴത്ത്; കൈതവടക്ക്-കോളശ്ശേരിൽ; പേള-മുടിയിൽ; ആഞ്ഞിലിപ്രാ-പുതുശ്ശേരിയമ്പലം; മേനാമ്പള്ളികരയിലെ കോയിക്കൽ എന്നിവിടങ്ങൾ ക്ഷേത്രപുറപ്പെടാമേൽശാന്തി നേരിട്ട് ചെന്ന് ഇറക്കിപൂജ നടത്തുന്ന കളരികളാണ്. ചെട്ടികുളങ്ങര ക്ഷേത്രത്തിനു പുറത്ത് ഭഗവതി ദീപാരാധന സ്വീകരിക്കുന്ന ഏക സ്ഥലമാണ് ആഞ്ഞിലിപ്ര പുതുശ്ശേരിയമ്പലം.

പറയെടുപ്പിനോട് അനുബന്ധിച്ച് വിവിധക്ഷേത്രങ്ങളിലും, പ്രധാനകവലകളിലും മറ്റും ചെട്ടികുളങ്ങര ഭഗവതിയുടെ കുടിയെഴുന്നള്ളത്തും നടക്കുന്നു. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കണ്ണമംഗലം മഹാദേവക്ഷേത്രം എന്നിവിടങ്ങളിലെ ഭഗവതിയുടെ കുടിയെഴുന്നള്ളത്ത് പ്രസിദ്ധമാണ്.

കുതിരമൂട്ടിൽ കഞ്ഞി

തിരുത്തുക

ഭക്തജനങ്ങൾ നടത്തുന്ന ഒരു നേർച്ചയാണ് കുതിരമൂട്ടിൽ കഞ്ഞി. പരമ്പരാഗതമായ രീതിയിൽ തന്നയാണ് ഇന്നും ഈ വഴിപാട് നടത്തുന്നത്. ഭദ്രാ ഭഗവതി ഈ നാട്ടിൽ വന്നപ്പോൾ ആദ്യമായി കഴിച്ച ആഹാരം എന്നൊരു സങ്കല്പവും ഇതിനു പിന്നിൽ കാണാം. ഇലയും, തടയും, പ്ലാവിലയും മറ്റുമാണ് ഇപ്പോഴും ഇതിനുപയോഗിക്കുന്നത്. മുതിരപ്പുഴുക്കും, അസ്ത്രവും, കടുമാങ്ങയും ഇതിലെ ഒഴിച്ചു കൂടാനാവത്ത വിഭവങ്ങളാണ്. വഴിപാട് നടത്തുന്ന ആളിന്റെ കഴിവനുസരിച്ച് കഞ്ഞിസദ്യയിലെ വിഭവങ്ങളുടെ എണ്ണവും കൂടും.

ഓലക്കാല് തട കെട്ടി നിലത്തു വെച്ച് അതിൽ വാഴയില കുമ്പിള് കുത്തി വെച്ചശേഷം ചൂട് കഞ്ഞി അതിൽ പകരുന്നു. ഒപ്പം മുതിരപ്പുഴുക്ക്, അസ്ത്രം, അവിൽ, കടുമാങ്ങ, പപ്പടം, ഉണ്ണിയപ്പം, പഴം എന്നിവ ഉണ്ടാകും. പ്ലാവിലയാണ് കഞ്ഞി കുടിക്കാനുപയോഗിക്കുന്നത്

പണ്ഡിത_പാമര,കുബേര_കുചേല,ജാതി-മത ഭേദമന്യേ എല്ലാവരും നിലത്ത് ഇരുന്ന് കഞ്ഞി കുടിക്കുകയാണ് പതിവ്.

കുംഭഭരണിയോടാനുബന്ധിച്ച് നടക്കുന്ന ഭരണിചന്ത പ്രസിദ്ധമാണ്. ഓണാട്ടുകരയുടെ കാർഷികസാംസ്‌കാരത്തിന്റെ മുഖമുദ്രയാണ് ഇത്.

മധ്യതിരുവിതാംകൂറിന്റെ കാർഷിക സമൃദ്ധിയുടെ പഴയ ഓർമ്മകൾ ഇതുപോലെ ഇവിടുത്തെ പല കാര്യങ്ങളിലും കാണാം. കുതിരമൂട്ടിൽ കഞ്ഞിയും, ഭരണിയോട് അനുബന്ധിച്ച് നടത്തുന്ന ഭരണിചന്തയും പരമ്പരാഗതമായുള്ള ശൈലികളിൽ നിർമ്മിക്കുന്ന കെട്ടുകാഴ്ച്ചയും മറ്റും ചെട്ടികുളങ്ങര ജനതയുടെ ഐക്യവും സാംസ്കാരികപൈതൃകവും അടയാളപെടുത്തുന്നു...

എതിരേൽപ്പ് ഉത്സവം

തിരുത്തുക

കുംഭഭരണിക്കും ശേഷം മീനമാസത്തിലെ അശ്വതിക്ക് മുൻപായി ഓരോ ദിവസവും ഓരോ കരയ്ക്ക് എന്ന ക്രമത്തിൽ 13 ദിനങ്ങളിലായി എതിരേൽപ്പ് മഹോത്സവം നടക്കുന്നു. കരക്രമത്തിലാണ് എതിരേൽപ്പ് നടക്കുക. ഒന്നാം ദിവസം ഈരേഴ തെക്ക് കരയുടെ എതിരേൽപ്പ് ഘോഷയാത്രയോട് അനുബന്ധിച്ച് ഭദ്രകാളി മുടി വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ക്ഷേത്രത്തിലെത്തുന്നു. തുടർന്ന് ഭദ്രകാളിമുടി പാട്ടമ്പലത്തിൽ വെച്ച് തോറ്റംപാട്ടും ഒപ്പം ക്രമത്തിൽ ബാക്കി 12 കരക്കാരും എതിരേൽപ്പ് ഉത്സവം നടത്തുന്നു.

മീനം- അശ്വതി, ഭരണി, കാർത്തിക

തിരുത്തുക

ചെട്ടികുളങ്ങര ഭഗവതി വർഷംതോറും മീനഭരണിക്ക് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പോകുമെന്നാണ് വിശ്വാസം. മീനമാസത്തിലെ അശ്വതിക്ക് അമ്മയ്ക്ക് കാഴ്ച വിരുന്നൊരുക്കാൻ ചെറുതും വലുതുമായ നൂറിലധികം കെട്ടുകാഴ്ചകളുമായി കുരുന്നുകളെത്തുന്നു. ഓണാട്ടുകരയുടെ പരദേവത ഒരുദിനമെങ്കിലും ചെട്ടികുളങ്ങരയോട് വിടപറയുമ്പോൾ തിങ്ങി നിറയുന്ന ഭക്തജനങ്ങളും ഉണ്ടാകുന്ന വിങ്ങലുകളും ഒരു രാത്രി പുലരുവോളം ചെട്ടികുളങ്ങരയിൽ ഉണ്ടാകും. ഒരു ദേശത്തിന് തങ്ങളുടെ പരദേവതയോടുള്ള നിർമ്മല ഭക്തിയും സ്നേഹവും ഇത്ര കണ്ട് അറിയാൻ ചെട്ടികുളങ്ങരയല്ലാതെ മറ്റെങ്ങുമില്ല.

മീനഭരണി ദിനത്തിൽ ഭഗവതി കൊടുങ്ങല്ലൂർ പോയതിനാൽ അന്നേദിവസം ചെട്ടികുളങ്ങര നട തുറക്കില്ല. പിറ്റേന്ന് കാർത്തിക ദിവസം തിരുവാഭരണം ചാർത്തി ദേവിദർശനം നടക്കുന്നു. ഇതോടെ ഓണാട്ടുകരയുടെ ഒരുവർഷത്തെ ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്നു.

കൊഞ്ചും മാങ്ങ കറി

തിരുത്തുക

കൊഞ്ചുംമാങ്ങ കറി പാകം ചെയ്യുന്നതിനിടെ വീടിനു സമീപത്തു കൂടെ കുത്തിയോട്ട ഘോഷയാത്ര കടന്നു പോയപ്പോൾ, ഘോഷയാത്ര കാണണം എന്ന് ആ വീട്ടമ്മക്ക്‌ അതിയായ ആഗ്രഹം ഉണ്ടായി. എന്നാൽ അടുപ്പിൽ ഇരിക്കുന്ന കൊഞ്ചുംമാങ്ങ വിട്ടുപോകാൻ വീട്ടമ്മയ്ക്ക് ആകുമായിരുന്നില്ല. ഒടുവിൽ കറി കരിയരുതേ എന്ന് ഭഗവതിയെ വിളിച്ച്കേണപേക്ഷിച്ച് വീട്ടമ്മ കുത്തിയോട്ടം കാണാൻ പോയി. മടങ്ങി എത്തിയപ്പോൾ കറി തയ്യാറായി അടുപ്പിൽ നിന്ന് വാങ്ങി വെച്ചിരിക്കുന്നു. ഈ കാര്യം പ്രദേശമാകെ പരന്നു. കാലാന്തരത്തിൽ കൊഞ്ചുംമാങ്ങ എന്ന വിഭവം കുംഭഭരണിക്ക് ചെട്ടികുളങ്ങരക്കാർക്ക്‌ ഒഴിച്ചു കുടാനാവാത്തതായി. കൊടുങ്ങല്ലൂരിൽ നിന്നും ചെട്ടികുളങ്ങരയിലെത്തിയ ഭഗവതിക്ക് കരയിലെ ഒരു വിട്ടിൽ നിന്നും കൊഞ്ചും മാങ്ങയും കൂട്ടി ഭക്ഷണം നൽകി എന്നാണ് മറ്റൊരു ഐതിഹ്യം. ശാക്തേയ കൗളമാർഗ്ഗത്തിലുള്ള പൂജയിൽ ഉൾപ്പെട്ട മത്സ്യം കൊണ്ടുള്ള നൈവേദ്യം ആണിതെന്നും വിശ്വാസമുണ്ട്.

പ്രധാന ദിവസങ്ങൾ

തിരുത്തുക

ചൊവ്വ, വെള്ളി, പൗർണ്ണമി, അമാവാസി, അഷ്ടമി, നവമി, മാസത്തിലെ ഒന്നാം തീയതി, ജന്മ നക്ഷത്ര ദിവസം, ഭരണി ദിവസം തുടങ്ങിയവ ദർശനത്തിന് പ്രധാനം.

നവരാത്രി, തൃക്കാർത്തിക, ദീപാവലി തുടങ്ങിയവ വിശേഷം. മകര മാസത്തിലെ കാർത്തിക ദിവസം പൊങ്കാല. കുംഭ മാസത്തിലെ ഭരണി അതിഗംഭീരമായ ഉത്സവം.

പ്രാർത്ഥനാ ശ്ലോകങ്ങൾ

തിരുത്തുക

ദേവി മാഹാത്മ്യം

സർവ്വമംഗളമാംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ.

ശരണാഗത ദീനാർത്ത പരിത്രാണപരായണേ സർവ്വസ്യാർത്തിഹരേ ദേവീ നാരായണി നമോസ്തുതേ.

സർവ്വസ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ ഭയേഭ്യ സ്ത്രാഹിനോദേവി ദുർഗ്ഗേ ദേവി നമോസ്തുതേ.

ജ്വാലാ കരാള മത്യുഗ്രം അശേഷാസുരസൂദനം തൃശൂലം പാതു നോ ഭീതേർ ഭദ്രകാളി നമോസ്തുതേ.

രോഗാനശേഷാന പഹംസി തുഷ്ടാ രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ ത്വാമാശ്രിതാനാം ന വിപന്നരാണാം ത്വാമാശ്രിതാ ഹ്യാശ്രയതാം പ്രയാന്തി.

സർവ്വബാധാ പ്രശമനം ത്രൈലോകസ്യാഖിലേശ്വരീ ഏവമേവ ത്വയാ കാര്യം അസ്മദ്വൈരി വിനാശനം.

2. കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ.

3. മഹൈശ്വര്യപ്രദേ ദേവി ! മഹാത്രിപുരസുന്ദരി ! മഹാവീര്യേ മഹേശീ ! ശ്രീ ഭദ്രകാളി നമോസ്തുതേ!

സർവ്വവ്യാധിപ്രശമനി ! സർവ്വമൃത്യുനിവാരിണി! സർവ്വമന്ത്രസ്വരൂപേ ! ശ്രീ ഭദ്രകാളി നമോസ്തുതേ!

പുരുഷാർഥപ്രദേ ദേവി ! പുണ്യാപുണ്യഫലപ്രദേ! പരബ്രഹ്മസ്വരൂപേ ! ശ്രീ ഭദ്രകാളി നമോസ്തുതേ! (ഭദ്രകാളി പത്ത്)

4. ഈശ്വരി പരമേശ്വരി ജഗദീശ്വരി മഹേശ്വരി ദേവി ദേവി മഹാഭയങ്കരി ഭദ്രകാളി നമോസ്തുതേ.

6. മഹാകാളി നമസ്തുഭ്യം നമസ്തുഭ്യം സുരേശ്വരി ഭദ്രകാളി നമസ്തുഭ്യം നമസ്തുഭ്യം ദയാനിധേ.

7. ഓം ആയുർദേഹി ധനംദേഹി വിദ്യാംദേഹി മഹേശ്വരീ സമസ്തമഖിലം ദേഹി ദേഹിമേ പരമേശ്വരീ.

8. ലളിതേ സുഭഗേ ദേവി സുഖസൗഭാഗ്യദായിനി അനന്തം ദേഹി സൗഭാഗ്യം മഹ്യം തുഭ്യം നമോനമ:

9. കാത്യായനീ മഹാമായേ ഭവാനീ ഭുവനേശ്വരീ സംസാരസാഗരേ മഗ്നം ദീനം മാം കരുണാമയീ ബ്രഹ്മവിഷ്ണുശിവാരാദ്ധ്യേ പ്രസീദ ജഗദംബികേ മനോഭിലഷിതം ദേവീ വരംദേഹീ നമോസ്തുതേ.

10. അംബികാ അനാദിനിധനാ ആശ്വാരൂഡാ അപരാജിത

11. ‘’‘ദേവി മാഹാത്മ്യം’‘’

യാ ദേവീ സർവ്വ ഭൂതേഷു ശക്തിരൂപേണ സംസ്ഥിതാ നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

എത്തിച്ചേരാനുള്ള വഴി

തിരുത്തുക

കായംകുളം തിരുവല്ല സംസ്ഥാന പാതയിൽ കായംകുളത്തിനും മാവേലിക്കരയ്ക്കും ഇടയിൽ ചെട്ടികുളങ്ങര എന്ന സ്ഥലത്താണ് ഈ ക്ഷേത്രം. മാവേലിക്കര ടൗണിൽ നിന്ന് 3 കിലോമീറ്റർ അകലെ. കായംകുളത്തിനു വടക്കായി 6 കി.മീ മാറിയും ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

മാവേലിക്കര, തിരുവല്ല, കായംകുളം റൂട്ടിൽ ധാരാളം ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇവയിൽ കയറി ക്ഷേത്രത്തിൽ എത്തിച്ചേരവുന്നതാണ്.

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ- മാവേലിക്കര

അടുത്തുള്ള മറ്റ് പ്രധാന റെയിൽവേ സ്റ്റേഷനുകൾ - കായംകുളം, ചെങ്ങന്നൂർ.

ചിത്രശാല

തിരുത്തുക
  1. മാതൃഭൂമി കോട്ടയം എഡിഷൻ - 2009 ഫെബ്രുവരി 23 - പേജ് 3 (നാട്ടുവർത്തമാനം) (ശേഖരിച്ചത് 2009 മാർച്ച് 30)
  2. 2.0 2.1 ചെട്ടിക്കുളങ്ങര ഭഗവതീക്ഷേത്രം Archived 2009-06-26 at the Wayback Machine. ക്ഷേത്രത്തിന്റെ വെബ് ഇടത്തിൽനിന്നും
  3. {{cite web}}: Empty citation (help)
  4. മാതൃഭൂമി (ഓൺലൈൻ) (2009 ഫെബ്രുവരി 23) (ശേഖരിച്ചറ്റ് 2009 മാർച്ച് 30)[പ്രവർത്തിക്കാത്ത കണ്ണി]