തെക്കൻ കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ഉത്സവങ്ങളുടെ ഭാഗമായി നടക്കുന്ന ഒരു അനുഷ്ഠാനമാണ് എടുപ്പുകുതിര അല്ലെങ്കിൽ കെട്ടുകുതിര എഴുന്നള്ളത്ത്. കെട്ടുകുതിര എന്നാണ് പേരെങ്കിലും യഥാർഥത്തിലെ കുതിരയുമായി ഇതിന് ഒരു ബന്ധവുമില്ല. പഗോഡകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആകാശത്തിലേക്കു ഉയർന്നു നില്ക്കുന്ന ഒരു രൂപമാണ് എടുപ്പുകുതിരയ്ക്ക്.15 മീറ്റർ വരെ ഉയരമുള്ള കെട്ടുകുതിരകൾ തെക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിൽ കെട്ടിയുണ്ടാക്കാറുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ തെക്കൻ ജില്ലകളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. മലയാളമാസങ്ങളിൽ മകരം, കുംഭം, മീനം മാസങ്ങളിലാണ് എടുപ്പുകുതിരകളെ കെട്ടിയുണ്ടാക്കുക. പുരുഷന്മാരാണ് ഈ അനുഷ്ഠാനത്തിൽ പങ്കെടുക്കാറുള്ളത്.[1]

ചെട്ടികുളങ്ങരയിലെ എടുപ്പുകുതിര

ഉത്ഭവവും ചരിത്രവും

തിരുത്തുക

ഇതിന്റെ ഉത്ഭവവും പ്രകൃതവും കൃത്യമായി കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇത് തുടങ്ങിയത് എപ്പോൾ, പേരിന്റെയും ആചാരത്തിന്റെയും ബന്ധമെന്ത് എന്ന് തുടങ്ങി പല ചോദ്യങ്ങളും ഇപ്പോഴും ബാക്കിയാണ്.

ബൗദ്ധ ബന്ധം

തിരുത്തുക

ബുദ്ധമതം നിലനിന്നിരുന്ന ഇടങ്ങളിലെല്ലാം പഗോഡകളുടെ മാതൃകകൾ കാണാനാകും, കേരളത്തിലെ കെട്ടു കുതിരകളും കേരളത്തിന്റെ ബുദ്ധമതപാരമ്പര്യം പറ്റുന്ന ഒരു ആചാരമായിട്ടാണ് കണക്കാക്കുന്നത്. കാഴ്ചയിലും പഗോഡകളെ അനുസ്മരിപ്പിക്കുന്ന രൂപമാണ് കെട്ടു കുതിരകളുടേത്. പക്ഷേ പഗോഡകളിൽ നിന്നു എടുപ്പുകുതിരകൾക്കുള്ള പ്രധാന വത്യാസം അത് നിലനിൽക്കുന്ന കാലമാണ്, പഗോഡകൾ സ്ഥിരം നിമ്മിതികളാണ്, പക്ഷേ കെട്ടുകുതിരകൾ വെറും ഒന്നോ രണ്ടോ ദിവസം മാത്രമേ നിൽക്കുന്നുള്ളൂ. അതുകഴിഞ്ഞ് അതിനെ അഴിച്ച് മാറ്റുന്നു.

സമാനമായ ഉത്സവങ്ങൾ

തിരുത്തുക
 
നേപ്പാളിലെ സ്വയംഭൂനാഥ ക്ഷേത്രത്തിന്റെ മുകൾ വശം
 
ജപ്പാനിലെ ഒരു പഗോഡ

ടി.എ. ഗോപിനാഥ റാവു 1908-ൽ ട്രാവൻ‌കൂർ ആർക്കിയോളജിക്കൽ സീരീസിൽ പ്രസ്ഥാവിച്ചത് "സവിശേഷവും അപൂർവവുമായ ഈ ആചാരത്തിന്റെ ഉത്ഭവത്തെയോ പ്രകൃതത്തെയോ കുറിച്ച് വിശദീകരിക്കാൻ പ്രദേശത്തെ ആളുകൾക്ക് കഴിഞ്ഞിട്ടില്ല" എന്നാണ്. കേരളത്തിന്റെ ബുദ്ധമത പാരമ്പര്യത്തിലേക്ക് ഈ ഉത്സവത്തെ ബന്ധിപ്പിക്കുന്ന അനവധി വാദമുഖങ്ങളും റാവു ഉന്നയിക്കുന്നു. ചൈനീസ് സഞ്ചാരിയായ ഫാഹിയാൻ ഉത്തരേന്ത്യയിൽ കണ്ട ബുദ്ധമത ഉത്സവങ്ങളുമായി ഇതിന് സാമ്യമുണ്ടെന്ന് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. നേപ്പാളിലെ ക്ഷേത്രങ്ങളോടുള്ള ഇതിന്റെ രൂപസാദൃശ്യവും അദ്ദേഹം പരാമർശിക്കുന്നു. റാവുവിന് പുറമേ കെട്ടുകാഴ്ചകൾക്ക് ബുദ്ധമതവുമായുള്ള ബന്ധം സൂചിപ്പിക്കുന്ന മറ്റു പ്രമുഖരാണ് പി.കെ. ഗോപാലകൃഷ്ണൻ (കേരള വിജ്ഞാനകോശം), ഡോ. എം.വി. വിഷ്ണുനമ്പൂതിരി(ഫോക്‌ലോർ നിഘണ്ടു), ഹിന്ദു എൻസൈക്ലോപീഡിയ ചീഫ് എഡിറ്ററായ നരേന്ദ്രഭൂഷൺ.

ഭാഷാപരമായ കണ്ണികൾ

തിരുത്തുക

എടുപ്പു കുതിരയിലെ ഒരു ഭാഗത്തിന്റെ പേര് പ്രവിട എന്നാണ്. ഇത് ഒരു തനതായ മലയാളപദമല്ലെന്നുള്ളത് ഈ ആചാരത്തിന്റെ കേരളത്തിന്റെ പുറത്തേക്കുള്ള ബന്ധത്തെ കാണിക്കുന്നു. പ്രവിട എന്നത് പ്രഭട അല്ലെങ്കിൽ പ്രവഡ എന്ന സംസ്കൃതവാക്കിന്റെ തത്ഭവമായതാണെന്ന് കരുതപ്പെടുന്നു. ഈ സംസ്കൃതവാക്കിന്റെ അർത്ഥം 'ഗോതമ്പ്' എന്നാണ്. അഫ്ഗാനിസ്താനിൽ നിന്നും കണ്ടെടുത്ത ഒന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ നാണയത്തിന്റെ ഒരു പുറത്തിൽ ഖരോഷ്ഠിയിലെ ലിഖിതത്തിൽ ധർമചക്രപ്രവിട - ധർമ്മ ചക്രം തിരിക്കുന്നവൻ എന്ന് എഴുതിയിരിക്കുന്നത്, പ്രവിട പദത്തിന്റെ പഴക്കത്തെയും വ്യാപ്തമായ ഉപയോഗ ഭൂമികയേയും സൂചിപ്പിക്കുന്നു.[1]

ഐതിഹ്യങ്ങൾ

തിരുത്തുക

ഐതിഹ്യങ്ങൾക്കനുസരിച്ച് കാളിയുടെ വാഹനമായ വേതാളത്തിന്റെ രൂപമാണ് കെട്ടുകുതിര. മറ്റൊരൈതിഹ്യപ്രകാരം ശാസ്താവിന്റെ വാഹനമായ കുതിരതന്നെയാണ് കെട്ടുകുതിര. പക്ഷേ രൂപത്തിലെ വത്യാസം ഈ ഐതിഹ്യങ്ങളെ ശരിയായ ഒരു ചരിത്രവുമായും ഉത്ഭവവുമായും ബന്ധപ്പെടുത്താൻ ചരിത്രകാരന്മാരെ സഹായിച്ചിട്ടില്ല.

സാധാരണയായി ഓരോ ക്ഷേത്രത്തിന്റെയും കരക്കാരുടെ അവകാശമാണ് കെട്ടുകുതിരയും കെട്ടുകാഴ്ചയും നടത്തുക എന്നത്. കെട്ടു കുതിരയെ ക്ഷേത്രത്തിലേക്ക് കൊണ്ട് വരുന്നതും കരക്കാർ ചേർന്നു തന്നെയാണ്. ഇതിനെ ക്ഷേത്രം വരെ എത്തിക്കുക എന്ന ശ്രമകരമായ ചുമതല ഓരോ കരക്കാരും അവരുടെ ശക്തിയുടേയും സമ്പന്നതയുടേയും അടയാളമായി കണക്കാക്കുന്നു. വഴിയിൽ മുതിരയെ മുന്നോട്ടെടുക്കാനാവാത്ത വണ്ണം കുടുങ്ങിപ്പോകുന്നത് കരക്കാർ ഒരപമാനമായി കണക്കാക്കുന്നു. ഒരിക്കൽ കുതിരയെ മുന്നോട്ടെടുക്കാനാവാതെ വഴിയിൽ ഇറക്കേണ്ടി വന്നാൽ, കുതിരകെട്ടാനുള്ള ആ കരക്കാരുടെ അവകാശം എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരുന്നതായി കേരളചരിത്ര നിഘണ്ടുവിൽ പ്രൊ.എസ്.കെ. വസന്തൻ പ്രസ്താവിക്കുന്നുണ്ട്.[1]

നിർമ്മിതി

തിരുത്തുക
 
ചിറ്റുമല ദേവീക്ഷേത്രത്തിലെ കെട്ടുകുതിര

ഓരോ കുതിരയ്ക്കും മുകളിൽ ഏഴ് താഴെ ആറ് എന്ന കണക്കിൽ 13 എടുപ്പുകൾ കാണാം. കുതിരയ്ക്ക് 125 അടിയിലധികം പൊക്കം ഉണ്ടാകും. നാലുചക്രങ്ങളിൽ ഉറപ്പിക്കുന്ന അടിച്ചട്ടത്തിന്റെ മുകളിലാണ് ഓരോതട്ടുകളും പണിതുറപ്പിക്കുക. സമചതുരാകൃതിയിൽ ഒരേ വലിപ്പത്തിൽ മേൽക്കൂടാരം വരെ പോകുന്നതാണ് കുതിരയുടെ ഘടന. കെട്ടുകുതിരയ്ക്ക് പ്രധാനമായ മൂന്നു ഭാഗങ്ങളുണ്ട്.

  1. അടിക്കൂടാരം
  2. ഇടക്കൂടാരം
  3. തൊപ്പിക്കൂടാരം

ആഞ്ഞിലിയിലോ തേക്കിലോ എട്ട് അംഗുലം കനത്തിൽ ചെയ്ത്തി പാകപ്പെടുത്തിയ രണ്ട് മരങ്ങളാണ് അടിക്കൂടാരം നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. കുതിരക്കാൽ നിർമ്മിക്കാൻ നാല് തെങ്ങിൻ കുറ്റികൾ ഉപയോഗിക്കുന്നു. ആ നാലു കുറ്റികൾ തമ്മിൽ കവുങ്ങിന്റെ അലകുകൾ വെച്ച് കൂട്ടിക്കെട്ടുന്നു. ഈ കുതിരക്കാലിന്റെ മുകളിലാണ് ഇടക്കൂടാരം ഉറപ്പിക്കുക. ഇടക്കൂടാരത്തിനും അടിക്കൂടാരത്തിനും ഇടയിലുള്ള സ്ഥലത്താണ് നെറ്റിപ്പട്ടവും തിടമ്പും ദാരുശില്പങ്ങളും ഒരുക്കുക. ഇടക്കൂടാരത്തിന്റെ മുകളിൽ മേൽക്കൂടാരം ഉറപ്പിക്കുന്നു. പിരമിഡ് ആകൃതിയും നീണ്ട നാമ്പും കൂടിയതാണ് മേൽക്കൂടാരം. അടിത്തട്ടിനു മുകിലോട്ടുള്ള തട്ടുകൾ നിലത്തുവെച്ച് പണിക്കുറ തീർത്ത് കപ്പിയും കയറും ഉപയോഗിച്ച് ഉയർത്തി ഒന്നിനുമുകളിലൊന്നായി ചട്ടത്തിൽ ഉറപ്പിക്കുന്നു. വെള്ളത്തുണിയും തൊങ്ങലുകളും വർണ്ണക്കടലാസുകളുമാണ് അലങ്കാരപ്പണിക്ക് ഉപയോഗിക്കുന്നത്. തേരിനെക്കാൾ വർണ്ണവൈവിധ്യം കുതിരയ്ക്കുണ്ടായിരിക്കും.

മേൽക്കൂടാരം കൂമ്പത്തൊപ്പി എന്നും പള്ളിമുഖം എന്നും രണ്ടു വിധത്തിലുള്ളവയുണ്ട്. കൂമ്പത്തൊപ്പിക്ക് നാല് മുഖങ്ങളുണ്ടാകും അതേ സമയം പള്ളിമുഖത്തിന് മൂന്നു വശങ്ങളും. വടക്കോട്ടേക്ക് ദർശനമുള്ള ദേവീക്ഷേത്രങ്ങളിൽ പള്ളിമുഖം (മൂന്ന് മുഖം) ഉള്ള എടുപ്പുകുതിരയാണ് ഉപയോഗിക്കാറ്.

എടുപ്പു കുതിര കെട്ടാൻ പല രീതികൾ ഉപയോഗിക്കാറുണ്ട്. ചിലപ്പോൾ കുതിരയെ നിർത്തിക്കൊണ്ട് തന്നെ കെട്ടിയുണ്ടാക്കും. ചിലപ്പോൾ നിലത്ത് കിടത്ത് കെട്ടിയുണ്ടാക്കി കയർ കൊണ്ട് വലിച്ചുയർത്തി നിർത്താറുമുണ്ട്. ഇങ്ങനെ നിലത്ത് കിടത്തി കുതിരയുണ്ടാക്കുന്നയിടങ്ങളിൽ ഒരു ഉയരമുള്ള തട്ട് നിർമ്മിച്ചു വെക്കാറുണ്ട്. തൃക്കടവൂർ ക്ഷേത്രത്തിൽ കുതിരകെട്ടാൻ ഒരു വലിയ മാവാണ് ഉപയോഗിക്കാറ്, അതിന്റെ പേരും കുതിരമാവ് എന്നാണ്.

ചിലയിടങ്ങളിലെ എടുപ്പുകുതിരയിൽ പ്രവിടയ്ക്കു മുകളിൽ ഒരു ബൊമ്മയെ വെക്കാറുണ്ട്. അതിനോടനുബന്ധിച്ച് വെച്ചിരിക്കുന്ന പമ്പരം കാറ്റിൽ കറങ്ങുമ്പോൾ ബൊമ്മ കൈകൊണ്ട് ചക്രം കറക്കുന്ന പ്രതീതിവരുത്തുന്ന രീതിയിലാണ് ബൊമ്മയെ വെക്കാറ്. കുതിരയെ ബൊമ്മ പ്രവർത്തിപ്പിക്കുന്നതായുള്ള സങ്കല്പത്തിലാണ് ഈ ബൊമ്മയെന്ന് ചരിത്രകാരന്മാർ കരുതുന്നു.[1]

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 1.3 ചന്ദ്രകുമാർ (2014 ഫെബ്രുവരി 23). "കേരളത്തിന്റെ പഗോഡകൾ". മാതൃഭൂമി. Archived from the original (വാരാന്തപ്പതിപ്പ്) on 2014-02-23 05:20:39. Retrieved 2014 ഫെബ്രുവരി 23. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
"https://ml.wikipedia.org/w/index.php?title=എടുപ്പുകുതിര&oldid=3016231" എന്ന താളിൽനിന്ന് ശേഖരിച്ചത്