ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തിരുവല്ല - കായംകുളം സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം കണക്കുകൾ അനുസരിച്ച് ശബരിമല കഴിഞ്ഞാൽ ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ഈ ദേവീക്ഷേത്രത്തിൽ നിന്നാണ്[1]. "ആദിപരാശക്തിയുടെ" അവതാരമായ "ശ്രീ ഭദ്രകാളി" ആണ് മുഖ്യ പ്രതിഷ്ഠ. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങരയിലാണ്. ചെട്ടികുളങ്ങര ഉൾപ്പെടുന്ന മാവേലിക്കര താലൂക്ക്, കാർത്തികപ്പള്ളി താലൂക്ക് എന്നിവ ഉൾപ്പെടുന്ന പ്രദേശം പൊതുവെ ഓണാട്ടുകര എന്ന പേരിൽ അറിയപ്പെടുന്നു. അതുകൊണ്ട് ചെട്ടികുളങ്ങര അമ്മയെ "ഓണാട്ടുകരയുടെ പരദേവത" എന്നും വിളിക്കുന്നു. മാവേലിക്കരയ്ക്കു പടിഞ്ഞാറായി 5 കി.മീ. മാറിയും കായംകുളത്തിനു വടക്കായി 6 കി.മീ മാറിയും ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പ്രതിഷ്ഠ ശ്രീഭദ്രയാണെങ്കിലും പ്രഭാതത്തിൽ വിദ്യാസ്വരൂപിണിയായ "സരസ്വതിയായും" മധ്യാഹ്നത്തിൽ ഐശ്വര്യദായിനിയായ "മഹാലക്ഷ്മിയായും" സായാഹ്നത്തിൽ ദുഃഖനാശിനിയായ "ദുർഗ്ഗാദേവി" അഥവാ "ശ്രീ പാർവതി"എന്നീ 3 ഭാവങ്ങളിലും വിരാജിക്കുന്നു എന്നു സങ്കല്പം. പരബ്രഹ്മസ്വരൂപിണിയായ ജഗദീശ്വരിയുടെ ത്രിഗുണാത്മകമായ താന്ത്രിക ഭാവങ്ങൾ തന്നെ ആണ് മേൽപ്പറഞ്ഞ മൂന്നു ഭാവങ്ങൾ. അതു കൊണ്ട് മൂന്ന് നേരവും മൂന്നു രീതിയിലുള്ള പൂജകൾ ഇവിടുത്തെ പ്രത്യേകതയാണ്. [2]. കുംഭഭരണി നാളുകളിൽ സ്ഥലവാസികൾ "കൊഞ്ചുമാങ്ങ" എന്ന വിഭവം ഉണ്ടാക്കുന്നു. ഇത് വീട്ടിലെ സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ദേവിയുടെ പ്രസാദമായി കണക്കാക്കപ്പെടുന്നു.[3] "നവരാത്രി" സംഗീതോത്സവവും "വിജയദശമി" വിദ്യാരംഭവുമാണ് മറ്റു പ്രധാന ദിവസങ്ങൾ.

ചെട്ടികുളങ്ങര ശ്രീ ഭഗവതിക്ഷേത്രം
ചെട്ടികുളങ്ങര ശ്രീദേവി ക്ഷേത്രം
ചെട്ടികുളങ്ങര ശ്രീദേവി ക്ഷേത്രം
ചെട്ടികുളങ്ങര ശ്രീ ഭഗവതിക്ഷേത്രം is located in Kerala
ചെട്ടികുളങ്ങര ശ്രീ ഭഗവതിക്ഷേത്രം
ചെട്ടികുളങ്ങര ശ്രീ ഭഗവതിക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°17′5″N 76°30′5″E / 9.28472°N 76.50139°E / 9.28472; 76.50139
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:ആലപ്പുഴ
പ്രദേശം:ചെട്ടികുളങ്ങര
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::ശ്രീ ഭദ്രകാളി
പ്രധാന ഉത്സവങ്ങൾ:കുംഭ ഭരണി

13 കരകൾ ഉൾപ്പെട്ടതാണു ഈ ക്ഷേത്രം. ഈരേഴ(തെക്ക്), ഈരേഴ(വടക്ക്), കൈത(തെക്ക്), കൈത(വടക്ക്) എന്നിവ ക്ഷത്രത്തിന്റെ നാലു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. മറ്റുള്ള കരകൾ കണ്ണമംഗലം (തെക്ക്), കണ്ണമംഗലം (വടക്ക്),പേള, കടവൂർ , ആഞ്ഞിലിപ്ര, മറ്റം(വടക്ക്), മറ്റം(തെക്ക്), മേനാംപള്ളി, നടക്കാവ് എന്നിവയാണ്.

ചരിത്രംEdit

ഈ ക്ഷേത്രം ശ്രീ ആദിശങ്കരന്റെ ശിഷ്യനായ പദ്മപാദ ആചാര്യരാൽ സമർപ്പിക്കപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. അതനുസരിച്ച് ക്രി.വ. 843 മകരമാസത്തിലെ ഉത്രട്ടാതി നാളിലാണു ക്ഷേത്രം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്[2]. ഈ പറഞ്ഞത് ഒരുവിഭാഗം ചരിത്രകാരന്മാരുടെ അഭിപ്രായം ആണ്. ഇന്നത്തെ നിലയിലുള്ള ക്ഷേത്രം കാലാകാലങ്ങളായി പല മാറ്റങ്ങൾക്കും വിധേയമായതാണ്.

ഐതിഹ്യംEdit

ചെട്ടികുളങ്ങര ഭഗവതി കൊടുങ്ങല്ലൂർ അമ്മയുടെ മകളാണെന്നാണു സങ്കല്പം. പണ്ട് ഈരേഴ(തെക്ക്) കരയിലെ ചെമ്പോലിൽ വീട്ടിലെ കുടുംബനാഥനും സുഹൃത്തുക്കളും കൊയ്പ്പള്ളി കാരാഴ്മ ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോയി. അവിടുത്തെ കരപ്രമാണിമാർ അവരെ എന്തോ പറഞ്ഞ് അപമാനിച്ചു. ദുഃഖിതരായ അവര് ചെട്ടികുളങ്ങരയിൽ മടങ്ങിയെത്തി പുതിയ ക്ഷേത്രം നിര്മ്മിക്കുന്നതിനേക്കുറിച്ച് ആലോചിച്ചു. അവർ തീർഥാടനത്തിനായി പുറപ്പെടുകയും കൊടുങ്ങല്ലൂരിലെത്തി ഭജനം പാർക്കുകയും ചെയ്തു. പന്ത്രണ്ടാം ദിവസം കൊടുങ്ങല്ലൂരമ്മ അവർക്ക് സ്വപ്ന ദർശനം നൽകുകയും, ചെട്ടികുളങ്ങരയിൽ ഭഗവതീസാന്നിധ്യം ഉണ്ടാവുമെന്ന് അരുളിച്ചെയ്യുകയും ചെയ്തു. ക്ഷേത്രത്തിലെ വെളിച്ചപ്പാട് തന്റെ വാൾ അവര്ക്ക് കൊടുക്കുകയും ചെയ്തു. ഏതാനും നാളുകൾ കഴിഞ്ഞ് ഒരു തേജ്യോമയിയായ ഒരു വൃദ്ധ ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കരിപ്പുഴത്തോടിന്റെ കരയിലെത്തുകയും, അവിടെ കടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന കടത്തുകാരൻ തേജ്യോമയിയായ ആ വൃദ്ധയെ ഇക്കരെ കടത്തുകയും ചെയ്തു. തേജ്യോമയിയായ വൃദ്ധയായ ആ സ്ത്രീ ചെട്ടികുളങ്ങരയിലേക്കാണന്ന് ചോദിച്ചറിഞ്ഞ കടത്തുകാരൻ നേരമിരുട്ടിയത് കൊണ്ട് ഒറ്റ് യാത്ര വേണ്ട എന്നും, ഞാൻ കൂടെ വരാമെന്നു പറയുകയും. തോണി കടവത്ത് കെട്ടിയിട്ടതിനുശേഷം വള്ളക്കാരനും ആ വൃദ്ധയും കൂടി ചെട്ടികുളങ്ങരയ്ക്ക് യാത്ര ചെയ്യുകയും യാത്രാമദ്ധ്യേ ഇന്ന് പുതുശ്ശേരിയന്പലം സ്ഥിതിചെയ്യുന്ന സ്ഥലത്ത് എത്തിച്ചേരുകയും. ക്ഷീണം മൂലം യാത്ര ഇനി നാളെയാക്കാമെന്ന് പറഞ്ഞ് അവിടെയുള്ള ഒരാഞ്ഞിലിയുടെ ചുവട്ടിൽ വിശ്രമിക്കുകയും, തൊട്ടടുത്ത ഇല്ലത്ത് നിന്ന് ഭക്ഷണവും, മറ്റൊരു ഭവനത്തിൽ നിന്ന് വസ്ത്രവും (മാറ്റ്) വാങ്ങി വള്ളക്കാരൻ വൃദ്ധയ്ക്ക് നൽകി. ഭക്ഷണം കഴിച്ചതിനുശേഷം രണ്ടു പേരും അവിടെ കിടന്ന് ഉറങ്ങി. രാവിലെ ഉറക്കമുണർന്ന വള്ളക്കാരൻ വൃദ്ധയെ കാണാതെ വിഷമിച്ചു. പലരോടും ഈ വിവരം വള്ളക്കാരൻ പറയുകയുണ്ടായി. അതിന് ശേഷം ചെട്ടികുളങ്ങരയിലെ ബ്രാഹ്മണ ഗൃഹത്തിന്റെ മേച്ചിൽ ജോലികൾ നടന്നു കൊണ്ടിരിക്കുമ്പോൾ തേജ്യോമയിയായ വൃദ്ധ അവിടെയെത്തുകയും അവിടെ നിന്നും മുതിരപ്പുഴുക്കും കഞ്ഞിയും വാങ്ങിക്കുടിക്കുകയും ചെയ്തു. അതിനു ശേഷം വൃദ്ധ പൊടുന്നനെ അപ്രത്യക്ഷയായി [2]. ഈ സംഭവത്തെത്തുടർന്ന് ജ്യോത്സ്യന്മാരെ വരുത്തി പ്രശ്നം വയ്പ്പിക്കുകയും പരാശക്തി സാന്നിദ്ധ്യം പ്രകടമാണെന്നു തെളിയുകയും ചെയ്തു. തുടർന്ന് നാട്ടുകാർ അവിടെ ദേവീക്ഷേത്രം പണികഴിപ്പിച്ചു. ഈ ക്ഷേത്രമാണ് വിശ്വപ്രസിദ്ധമായ ചെട്ടികുളങ്ങര ദേവീക്ഷേത്രം. കൊടുങ്ങല്ലൂർ നിന്നും ചെട്ടികുളങ്ങരയ്ക്കുള്ള യാത്രാമദ്ധ്യേ ആഞ്ഞിലി ചുവട്ടിൽ ഭക്ഷണം കഴിച്ച് വിശ്രമിച്ച സ്ഥമാണ് ആഞ്ഞിലിപ്രായെന്നപേരിൽ അറിയപ്പെടുന്നത്. ജ്യോത്സ്യമാരുടെ നിർദ്ദേശമനുസരിച്ച് ദേവി ഭക്ഷണം കഴിച്ച് വിശ്രമിച്ച സ്ഥലത്ത് ഒരുക്ഷേത്രം പണികഴിപ്പിച്ചു. ഇതാണ് പുതുശ്ശേരിയന്പലം ക്ഷേത്രം എന്ന പേരിൽ അറിയപ്പെടുന്നത്. ചെട്ടികുളങ്ങര അമ്മതന്നെയായതിനാൽ പുതുശ്ശേരിയന്പലത്തിൽ പ്രതിഷ്ടയില്ല പകരം ഇവിടെ പീഠ പ്രതിഷ്ടയാണുള്ളത്. കൊടുങ്ങല്ലൂർ നിന്നുള്ള യാത്രാമദ്ധ്യേ ദേവി ഭക്ഷണം കഴിച്ച് വിശ്രമിച്ചതിൻെറ ഓർമ്മയ്ക്കായി എല്ലാവർഷവും മീനമാസത്തിലെ രേവതി നാളിൽ പറയെടുപ്പിനായി ആഞ്ഞിലിപ്രാ കരയിലെത്തുന്ന ദേവി ദീപാരാധനയും അത്താഴപ്പൂജയും (ചെട്ടികുളങ്ങര ക്ഷേത്രത്തിലല്ലാതെ ദേവിയ്ക്ക് അത്താഴപ്പൂജ നൽകുന്ന ഏക സ്ഥലം) കഴിഞ്ഞ് പുതുശ്ശേരിയന്പലത്തിൽ വിശ്രമിക്കുന്നു. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ മേൽശാന്തിയാണ് ആ ദിവസം പുതുശ്ശേരിയന്പലത്തിലെ പൂജാദി കർമ്മങ്ങളും അത്താഴപ്പൂജയും നടത്തുന്നത്.

ഉത്സവങ്ങൾEdit

 
ചെട്ടികുളങ്ങര ഭരണി ഉത്സവത്തിനുള്ള ഒരു കെട്ടുകാഴ്ച-2009

ഇവിടത്തെ ഏറ്റവും പ്രശസ്തമായ ഉത്സവം കുംഭ ഭരണി ആണ്. (കുംഭമാസത്തിലെ ഭരണി ദിവസം നടക്കുന്ന ഉത്സവം). എല്ലാ വർഷവും ഫെബ്രുവരി - മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത്. എല്ലാ ദിവസവും ക്ഷേത്രത്തിൽ ചാന്താട്ടം വഴിപാടായി നടത്തുന്നു. 2020 വരെ ദിവസം 9 ആൾക്കാർ വീതം ഈ വഴിപാട് മുൻ‌കൂർ ഉറപ്പിച്ചു കഴിഞ്ഞു.

കുത്തിയോട്ടംEdit

ഭക്തജനങ്ങൾ നടത്തുന്ന കുത്തിയോട്ടം ആണ് ഈ ഉത്സവത്തിലെ പ്രധാന വഴിപാട്. കുത്തിയോട്ടം എന്ന അനുഷ്ഠാന കല ചെട്ടികുളങ്ങരയുടെ പ്രാന്തപ്രദേശങ്ങളിൽ നിലവിലുള്ള ഒന്നാണ്. ഈ പ്രദേശത്ത് നിരവധി കുത്തിയോട്ട സംഘങ്ങൾ ഉണ്ട്. ഓരോ സംഘത്തിനും ഓരോ ആശാൻ ഉണ്ടാകും .പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ കുത്തിയോട്ടത്തിനു പാടുന്നു. ഒരു കുത്തിയോട്ടം ​വഴിപാടായി നടത്തുന്നതിനു ലക്ഷങ്ങൾ വേണ്ടി വരുന്നു.[അവലംബം ആവശ്യമാണ്] കുത്തിയോട്ടത്തിൽ ആൺകുട്ടികൾക്ക് എല്ലാ മതപരമായ ചടങ്ങുകളും ഒരാഴ്ചകൊണ്ട് (ശിവരാത്രി മുതൽ ഭരണി ദിവസം വരെ) പഠിപ്പിച്ചുകൊടുക്കുന്നു. ഈ കാലയളവിൽ കുട്ടി വ്രതാനുഷ്ഠാനം ചെയ്യ്ണം. ഭരണി ദിവസം രാവിലെ കുട്ടിയുടെ ശരീരം സ്വർണ്ണ നൂലു കൊണ്ട് ചുറ്റിക്കെട്ടി ആൺകുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ചൂരൽ മുറിയുന്ന ചടങ്ങ്‌ എന്നാണ് ഈ ചടങ്ങിനു പറയുന്ന പേര്.

ബാലന്മാരെ ഒരുക്കി തലയിൽ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യിൽ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച്‌ അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാർത്തി, ഇരുകൈകളും ശിരസിനു മുകളിൽ ചേർത്തു പിടിച്ച്‌ കയ്യിൽ പഴുക്കാപ്പാക്ക്‌ തറച്ച കത്തി പിടിപ്പിക്കും. പിന്നീട്‌ കുട്ടികളുടെ അരയിൽ സ്വർണ്ണമോ, വെള്ളിയോ കൊണ്ടു നിർമ്മിച്ച നൂൽ കോർക്കും. ഇതാണ്‌ ചൂരൽ മുറിയൽ.

വെഞ്ചാമരം കൊണ്ടു വീശിയും പനിനീർ തളിച്ചും ഘോഷയാത്രയായാണ്‌ ബാലന്മാരെ ക്ഷേത്രത്തിലേക്ക്‌ കൊണ്ടുവരുന്നത്‌. ലോഹനൂൽ ഊരിയെടുത്ത്‌ ഭദ്രാദേവിക്ക്‌ സമർപ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട്‌ അവസാനിക്കും. മഹിഷാസുരമർദ്ദിനിയായ ഭഗവതിയുടെ മുറിവേറ്റ ഭടന്മാർ ആയാണ് കുത്തിയോട്ട ബാലന്മാരെ സങ്കൽപ്പിക്കുന്നത്.

കെട്ടുകാഴ്ചEdit

ഈ ക്ഷേത്രത്തിൽ നടത്തിവരുന്ന നൂറ്റണ്ടുകളുടെ പാരമ്പര്യമുള്ള ഒരു ഉൽസവമാണ്‌ കെട്ടുകാഴ്ച[4].

ഉത്സവ ദിവസം ഉച്ചകഴിഞ്ഞ് കെട്ടുകാഴ്ച ഉത്സവം നടക്കുന്നു. ക്ഷേത്രത്തിനു ചുറ്റും ഉള്ള 13 കരകളുടെ പങ്കാളിത്തത്തോടെ ആണ് കെട്ടുകഴ്ച നടക്കുന്നത്. ഭീമാകാരമായ അലങ്കരിച്ച എടുപ്പുകുതിരകളും രഥങ്ങളും ഭീമൻ, പാഞ്ചാലി, ഹനുമാൻ തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളുടെ രൂപങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഉള്ള വയലിൽ എത്തിക്കുന്നു. രാത്രി സമയത്ത് ദേവിയുടെ രൂപം ഘോഷയാത്രയായി വയലിൽ ഉള്ള ഓരോ രൂപങ്ങളെയും സന്ദർശിച്ച് ദേവി 13 കരകളിലും പ്രസാദിച്ചിരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. ഈ രൂപങ്ങൾ പിന്നീട് ഓരോ കരകളുടെയും കാവുകളിലേക്ക് കൊണ്ടുപോവുന്നു. കെട്ടുകാഴ്ച എഴുന്നള്ളത്ത് ഓരോ കരയുടെയും ക്രമം അനുസരിച്ച് വയലിൽ ഇറക്കുകയാണു ചെയ്യുക. ഇതിൽ ഒന്നാമത്തെ കര ഈരേഴ(തെക്ക്) കരയാണ്. കെട്ടുകാഴ്ചയുടെ ഭാഗമായ കുതിര എന്ന രൂപത്തിനു 'കുതിര' എന്ന ജീവിയുമായി താരതമ്യം ചെയ്യുവാനുള്ള ഒരു രൂപമല്ല ഉള്ളത്. അതിനു അംബരചുംബിയായ ഗോപുരം പൊലെയുള്ള ഒരു രൂപമാണുള്ളത്. ഭീമൻ,പാഞ്ചാലി,ഹനുമാൻ എന്നീ രൂപങ്ങൾ ദാരുശില്പങ്ങളാണ്. ഈ ദാരുശില്പങ്ങൾ ഒരുക്കിയെടുക്കുവാനുള്ള പരമ്പരാഗതമായ അവകാശം ഒരു ആശാരിക്കുടുംബത്തിനു സ്വന്തമാണ്. ഓരോ കരയുടെയും [കുതിരയുടെ] മധ്യഭാഗത്തായി പ്രഭട എന്നു പറയുന്ന ദാരുരൂപം പ്രദർശിപ്പിച്ചിരിക്കുന്നു. ഓരോ കുതിരയ്ക്കും മുകളിൽ ഏഴ് താഴെ ആറ് എന്ന കണക്കിൽ 13 എടുപ്പുകൾ കാണാം. കുതിരയ്ക്ക് 125 അടിയിലധികം പൊക്കം ഉണ്ടാകും.

നാലുചക്രങ്ങളിൽ ഉറപ്പിക്കുന്ന അടിച്ചട്ടത്തിന്റെ മുകളിലാണ് ഓരോതട്ടുകളും പണിതുറപ്പിക്കുക. സമചതുരാകൃതിയിൽ ഒരേ വലിപ്പത്തിൽ മേൽക്കൂടാരം വരെ പോകുന്നതാണ് കുതിരയുടെ ഘടന. അടികൂടാരം ഇടക്കൂടാരം മേൽക്കൂടാരം എന്ന മൂന്നു ഭാഗങ്ങൾ കുതിരയ്ക്കുണ്ട്. ഇടക്കൂടാരത്തിനും അടിക്കൂടാരത്തിനും ഇടയിലുള്ള സ്ഥലത്താണ് നെറ്റിപ്പട്ടവും തിടമ്പും ദാരുശില്പങ്ങളും ഒരുക്കുക. പിരമിഡ് ആകൃതിയും നീണ്ട നാമ്പും കൂടിയതാണ് മേൽക്കൂടാരം. അടിത്തട്ടിനുമുകിലോട്ടുള്ള തട്ടുകൾ നിലത്തുവെച്ച് പണിക്കൂറ തീർത്ത് കപ്പിയും കയറും ഉപയോഗിച്ച് ഉയർത്തി ഒന്നിനുമുകളിലൊന്നായി ചട്ടത്തിൽ ഉറപ്പിക്കുന്നു. വെള്ളത്തുണിയും തൊങ്ങലുകളും വർണ്ണക്കടലാസുകളുമാണ് അലങ്കാരപ്പണിക്ക് ഉപയോഗിക്കുന്നത്.തേരിനെക്കാൾ വർണ്ണവൈവിധ്യം കുതിരയ്ക്കുണ്ടായിരിക്കും.

ചെട്ടികുളങ്ങരയിൽ 5 തേരുകളും 6 കുതിരകളുമാണ് കെട്ടുകാഴ്ചയായി വരുന്നത്. മറ്റംവടക്ക്, തെക്ക് കരക്കാരാണ് ഭീമന്റെയും ഹനുമാന്റെയും രൂപങ്ങൾ കെട്ടുകാഴ്ചകളായി ക്ഷേത്രത്തിലെത്തിക്കുന്നത്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള കാഴ്ചക്കണ്ടത്തിൽ കുംഭഭരണി നാളിൽ സന്ധ്യയോടെ അണിനിരക്കുന്ന തേരും കുതിരയും ഭീമനും ഹനുമാനും ഒരുക്കുന്ന വർണ്ണക്കാഴ്ചയ്ക്കു സമാനമായൊരു ദൃശ്യം ലോകത്തൊരിടത്തുനിന്നും ലഭിക്കുന്നതല്ല. കറുപ്പിലും ചുവപ്പിലും അഗ്നിപ്രഭയിലും അഭിരമിക്കുന്ന, ആണ്ടിലൊരിക്കൽ ചെട്ടിക്കുളങ്ങര ഭഗവതിനടയിൽ അരങ്ങേറുന്ന, ഈ കെട്ടുകാഴ്ചകൾ ചേതോഹരമാണ്. ചെട്ടികുളങ്ങരയിലുള്ള അത്രയും ഉയരമുള്ള കെട്ടുകാഴ്ചകൾ കേരളത്തിൽ മറ്റൊരിടത്തും കാണാനാവുകയില്ല.

കുതിരമൂട്ടിൽ കഞ്ഞിEdit

ഭക്തജനങ്ങൾ നടത്തുന്ന ഒരു നേർച്ചയാണ് കുതിരമൂട്ടിൽ കഞ്ഞി. പരമ്പരാഗതമായ രീതിയിൽ തന്നയാണ് ഇന്നും ഈ വഴിപാട് നടത്തുന്നത്. ഭദ്രാ ഭഗവതി ഈ നാട്ടിൽ വന്നപ്പോൾ ആദ്യമായി കഴിച്ച ആഹാരം എന്നൊരു സങ്കല്പവും ഇതിനു പിന്നിൽ കാണാം. ഇലയും,തടയും,പ്ലാവിലയും മറ്റുമാണ് ഇപ്പോഴും ഇതിനുപയോഗിക്കുന്നത്.മുതിരപ്പുഴുക്കും,അസ്ത്രവും,കടുകുമാങ്ങയും ഇതിലെ ഒഴിച്ചു കൂടാനാവത്ത വിഭവങ്ങളാണ്. വഴിപാട് നടത്തുന്ന ആളിന്റെ കഴിവനുസരിച്ച് കഞ്ഞിസദ്യയിലെ വിഭവങ്ങളുടെ എണ്ണവും കൂടും. മധ്യതിരുവിതാംകൂറിന്റെ കാർഷിക സമൃദ്ധിയുടെ പഴയ ഓർമ്മകൾ ഇതുപോലെ ഇവിടുത്തെ പല കാര്യങ്ങളിലും കാണാം.

കൊഞ്ചും മാങ്ങ കറിEdit

ഒരു ഭരണി നാളിൽ കൊഞ്ചും മാങ്ങ പാകം ചെയ്യുന്നത്തിനിടെ വിടിനു സമീപത്തു കൂടെ കുത്തിയോട്ട ഘോഷയാത്ര കടന്നു പോയപ്പോൾ, ഘോഷയാത്ര കാണണം എന്ന് ആ വീട്ടമ്മക്ക്‌ അതിയായ ആഗ്രഹം ഉണ്ടായി. എന്നാൽ അടുപ്പിൽ ഇരിക്കുന്ന കൊഞ്ചും മാങ്ങ വിട്ടുപോകാൻ വിട്ടമ്മക്ക് ആകുമായിരുന്നില്ല. ഒടുവിൽ കറി കരിയരുതേ എന്ന് ഭഗവതിയെ വിളിച്ച്കേണപേക്ഷിച്ച് വിട്ടമ്മ കുത്തിയോട്ടം കാണാൻ പോയി . മടങ്ങി എത്തിയപ്പോൾ കറി തയ്യാറായിരുന്നു . ഈ കാര്യം പ്രദേശമാകെ പരന്നു . കാലാന്തരത്തിൽ കൊഞ്ചും മാങ്ങ എന്ന വിഭവം കുംഭഭരണിക്ക് ചെട്ടികുളങ്ങരകാർക്ക്‌ ഒഴിച്ചു കുടാനാവാത്തതായി . കൊടുങ്ങല്ലൂരിൽ നിന്നും ചെട്ടികുളങ്ങരയിലെത്തിയ ഭദ്രകാളിക്ക് കരയിലെ ഒരു വിട്ടിൽ നിന്നും കൊഞ്ചും മാങ്ങയും കൂട്ടി ഭക്ഷണം നൽകി എന്നാണ് മറ്റൊരു ഐതിഹ്യം.

ചിത്രശാലEdit

അവലംബംEdit

  1. മാതൃഭൂമി കോട്ടയം എഡിഷൻ - 2009 ഫെബ്രുവരി 23 - പേജ് 3 (നാട്ടുവർത്തമാനം) (ശേഖരിച്ചത് 2009 മാർച്ച് 30)
  2. 2.0 2.1 2.2 ചെട്ടിക്കുളങ്ങര ഭഗവതീക്ഷേത്രം ക്ഷേത്രത്തിന്റെ വെബ് ഇടത്തിൽനിന്നും
  3. Empty citation (help)
  4. മാതൃഭൂമി (ഓൺലൈൻ) (2009 ഫെബ്രുവരി 23) (ശേഖരിച്ചറ്റ് 2009 മാർച്ച് 30)