കോണ്ടം
വിക്കിപീഡിയ സെൻസർ ചെയ്തിട്ടില്ല. ഈ ലേഖനം കൈകാര്യം ചെയ്യുന്ന വിഷയം സമ്പൂർണ്ണമായി പ്രതിപാദിക്കുന്നതിന് ആവശ്യമായ വിവരങ്ങളോ ചിത്രങ്ങളോ ചിലർക്ക് അപ്രിയകരമോ എതിർപ്പുണ്ടാക്കുന്നതോ ആകാം.
ഒരു താളിലെ ചിത്രങ്ങൾ മറയ്ക്കുന്നതിന് സഹായം:ഒരു ചിത്രം എങ്ങനെ മറയ്ക്കാം നോക്കുക. |
ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ആഗ്രഹിക്കാത്ത ഗർഭധാരണം ഒഴിവാക്കുവാനോ അഥവാ എയ്‌ഡ്‌സ് ഉൾപ്പെടെയുള്ള സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ തടയുവാനോ ഉപയോഗിക്കുന്ന വളരെ പ്രധാനപ്പെട്ടതും, ഏറ്റവും ലളിതവുമായ ഒരു സുരക്ഷാ മാർഗമാണ് കോണ്ടം (Condom). കുടുംബാസൂത്രണത്തിന് അഥവാ ഗർഭനിരോധനത്തിന് വേണ്ടി ഉപയോഗിക്കുന്നതിനാൽ ഗർഭനിരോധന ഉറ എന്നും അറിയപ്പെടുന്നു. മാത്രമല്ല പെട്ടന്ന് സ്ഖലനം ഉണ്ടാകുന്ന പുരുഷന്മാർക്ക് വേഴ്ചാ സമയം ദീർഘിപ്പിക്കാനും, ചിലപ്പോൾ ശുചിത്വത്തിന് വേണ്ടിയും, ലൈംഗിക അനുഭൂതി വർധിപ്പിക്കാനും ഇത്തരം ഉറകൾ ഉപയോഗിക്കാറുണ്ട്. മാത്രമല്ല ‘ഡെന്റൽ ഡാംസ് അഥവാ ദന്തമൂടികൾ’ എന്ന പേരിൽ വായയിൽ ധരിക്കാവുന്ന തരം കോണ്ടങ്ങളും സ്ത്രീകൾക്കുള്ള കോണ്ടങ്ങളും ഇന്ന് ലഭ്യമാണ്. പല ആളുകൾക്കും ലജ്ജ കൊണ്ടോ, അജ്ഞത കാരണമോ, മതപരമായ വിലക്കുകൾ കൊണ്ടോ മറ്റു കാരണങ്ങൾ കൊണ്ടോ ഇവ ചോദിച്ചു വാങ്ങാനോ, ഉപയോഗിക്കാനോ മടിയാണ്. എന്നാൽ ഇവ വാങ്ങാൻ ലജ്ജയോ മടിയോ വിചാരിക്കേണ്ട കാര്യമില്ല എന്നതാണ് വാസ്തവം. നിങ്ങളുടെ ഡോക്ടറോടോ ഫാർമസിസ്റ്റിനോടോ ആരോഗ്യ പ്രവർത്തകരോടൊ ഇക്കാര്യങ്ങൾ ചോദിച്ചു മനസിലാക്കാവുന്നതാണ്. [1][2][3][4]
കോണ്ടം | |
---|---|
പശ്ചാത്തലം | |
ജനന നിയന്ത്രണ തരം | Barrier |
ആദ്യ ഉപയോഗം | Ancient Rubber: 1855 Latex: 1920 Polyurethane: 1994 Polyisoprene: 2008 |
Pregnancy നിരക്കുകൾ (first year, latex) | |
തികഞ്ഞ ഉപയോഗം | 2% |
സാധാരണ ഉപയോഗം | 10–18% |
ഉപയോഗം | |
User reminders | Latex condoms damaged by oil-based lubricants |
ഗുണങ്ങളും ദോഷങ്ങളും | |
ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളിൽ നിന്നുള്ള സുരക്ഷ | Yes |
മേന്മകൾ | No medications or clinic visits required |
കോണ്ടം നല്ലതിന്
തിരുത്തുകലോകാരോഗ്യ സംഘടന ആരോഗ്യത്തിന്റെയും സുരക്ഷിതത്വത്തിന്റെയും മാർഗമായി ഉറ ഉപയോഗത്തെ വിലയിരുത്തുന്നു. 1960 കളിൽ ഇന്ത്യയിൽ കുടുംബാസൂത്രണ പദ്ധതി ആവിഷ്കരിച്ചപ്പോൾ നിരോധ് എന്ന പേരിൽ ഇവ സർക്കാർ ആശുപത്രികൾ വഴി സൗജന്യമായി ലഭ്യമാക്കി വരുന്നു. 'ഉറ നല്ലതിന്' എന്ന സന്ദേശം ഇന്ന് ആരോഗ്യവകുപ്പ് പ്രചരിപ്പിച്ചു വരുന്നത് സുരക്ഷാ നടപടിയുടെ ഭാഗമാണ്. ബോധവൽക്കരണം ലക്ഷ്യമിട്ടു ഫെബ്രുവരി 13 ലോക ഗർഭനിരോധന ഉറ ദിനമായി പല രാജ്യങ്ങളിലും ആചരിച്ചു വരുന്നു[5].
കോണ്ടം ഉപയോഗിക്കുന്ന രീതി
തിരുത്തുകസ്ത്രീക്കും പുരുഷനും ഒരുപോലെ ഉപയോഗിക്കാവുന്ന ഉറകൾ (ഉദാ: യൂണിസെക്സ്) ഇന്ന് ലഭ്യമാണ്. പുരുഷന്മാർ ഉദ്ധരിച്ച ലിംഗത്തിൽ ഒരു കവചം പോലെ ഉറ ധരിക്കുന്നു. ഉറയുടെ മുകൾ ഭാഗം അമർത്തിപ്പിടിച്ചു കൊണ്ട് തുറന്ന ഭാഗം വഴി ലിംഗത്തിലേക്ക് ധരിക്കുന്നു.
സ്ത്രീകൾക്കുള്ള കോണ്ടം യോനിയിലേക്ക് തിരുകി വയ്ക്കാവുന്ന രീതിയിൽ ഉള്ളതാണ്. അടഞ്ഞ അറ്റത്ത് വഴക്കമുള്ള മോതിരം/ഫ്രെയിം അല്ലെങ്കിൽ മോതിരം/ഫോം ഡിസ്‌കോടുകൂടിയ നേർത്തതും മൃദുവും അയഞ്ഞതുമായ ഉറയാണ് പെൺ കോണ്ടം. അവ സാധാരണയായി വിവിധ വലുപ്പങ്ങളിൽ വരുന്നു. മിക്ക യോനികൾക്കും, മിതമായ വലിപ്പമുള്ള കോണ്ടം മതിയാകും; അടുത്തിടെ പ്രസവിച്ച സ്ത്രീകൾ ആദ്യം വലിയ വലിപ്പം പരീക്ഷിക്കണം. ഉറയുടെ അടഞ്ഞ അറ്റത്തുള്ള അകത്തെ മോതിരം അല്ലെങ്കിൽ ഫോം ഡിസ്‌ക് യോനിക്കുള്ളിൽ കോണ്ടം തിരുകാനും ലൈംഗിക ബന്ധത്തിൽ പിടിക്കാനും ഉപയോഗിക്കുന്നു. ഉറയുടെ തുറന്ന അറ്റത്ത് ഉരുട്ടിയ പുറം വളയം അല്ലെങ്കിൽ പോളി ഫ്രെയിം യോനിക്ക് പുറത്ത് നിലകൊള്ളുകയും ബാഹ്യ ജനനേന്ദ്രിയത്തിന്റെ ഒരു ഭാഗം മൂടുകയും ചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് പെൺ കോണ്ടം വികസിപ്പിച്ചെടുത്തത് (പുരുഷ കോണ്ടം നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു). ചില പുരുഷന്മാർ കോണ്ടം ഉപയോഗിക്കാൻ വിസമ്മതിച്ചതും രണ്ടാമതായി പുരുഷന് ഒരു എസ്‌ടിഐ പകരും എന്നതിന്റെ സൂചനയുമാണ് ഇത് നിർമ്മിക്കാനുള്ള പ്രാഥമിക കാരണം. ഇതുവഴി ശുക്ലത്തിലെ മാത്രമല്ല, ഉത്തേജനമുണ്ടാകുമ്പോൾ പുരുഷൻ സ്രവിക്കുന്ന ദ്രാവകത്തിലെ (Precum) ബീജങ്ങളും, രോഗാണുക്കളും പങ്കാളിയുടെ ശരീരത്തിൽ എത്താതിരിക്കുന്നു.
ഗുദ ലൈംഗികബന്ധത്തിൽ പങ്കാളിക്ക് ഇത്തരം പെൺ ആന്തരിക കോണ്ടം ഉപയോഗിക്കാം. ഇത് എച്ച് ഐ വി അഥവാ എയ്ഡ്‌സ് ഉൾപ്പടെയുള്ള രോഗങ്ങളുടെ സാധ്യത നല്ല രീതിയിൽ കുറയ്ക്കുന്നു. ഒരു കോണ്ടം ഒരു തവണത്തെ ഉപയോഗത്തിന് വേണ്ടി മാത്രമുള്ളതാണ്.[6][7]
വിവിധ തരത്തിലുള്ള ഉറകൾ
തിരുത്തുകസാധാരണയായി റബ്ബർ ഉത്പന്നമായ ലാറ്റക്സ് കൊണ്ടാണ് ഉറകൾ നിർമ്മിക്കാറുള്ളത്. ലാറ്റക്സ് അലർജി ഉള്ളവർക്ക് പോളിയൂറിത്തീൻ (Polyurethane), പോളിഐസോപ്രീൻ, ഹൈഡ്രോജെൽ തുടങ്ങിയവ കൊണ്ട് നിർമിച്ച ഉറകൾ ലഭ്യമാണ്. എണ്ണ അടങ്ങിയ കൃത്രിമ ലൂബ്രിക്കന്റുകളുടെ കൂടെ ഉപയോഗിച്ചാൽ ലാറ്റക്സ് കോണ്ടം പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. എന്നാൽ ജലാംശമുള്ളതൊ/ സിലിക്കൺ അടിസ്ഥാനമാക്കിയ ലൂബ്രിക്കന്റുകൾക്ക് (Water based Lubricants) ഈ ദോഷമില്ല.
പല തരത്തിൽ ഉള്ള ഉറകൾ ഇന്ന് ലഭ്യമാണ്. നേർത്തതും, കട്ടിയുള്ളതും, ഡോട്ടുകൾ നിറഞ്ഞതും; ബീജത്തെയും രോഗാണുക്കളെയും ചെറുക്കുന്നതും ലൂബ്രിക്കന്റ് അടങ്ങിയതുമെല്ലാം അവയിൽ ചിലതാണ്. യോനിവരൾച്ച ഉള്ളവർക്ക് സ്നേഹകങ്ങൾ അടങ്ങിയ ഉറകൾ അനുയോജ്യമാണ്. വാനിലാ, ചോക്ലേറ്റ്, ബനാനാ തുടങ്ങിയ പല ഭക്ഷ്യസാധനങ്ങളുടെ രുചിയും മണവുമുള്ള ഉറകൾ ലാടെക്ക്സിന്റെ ഗന്ധം ഒഴിവാക്കുവാനും, വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ളതുമാണ്. തീരെ നേർത്ത ഉറകൾ (ഉദാ: എക്സ്ട്രാതിൻ, സ്കിൻ ഫിറ്റ്) ലൈംഗിക അനുഭൂതി ഒട്ടും കുറക്കുന്നില്ല. അതിനാൽ ഉപഭോക്താക്കൾക്കിടയിൽ ഇവക്ക് സ്വീകാര്യത കൂടുതലാണ് എന്ന് കമ്പനികൾ അവകാശപ്പെടുന്നു. ശീഘ്രസ്കലനം ഉള്ള പുരുഷന്മാർക്ക് കൂടുതൽ സമയം ലഭിക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ഉറകളും ഇന്ന് ലഭ്യമാണ്. ഇവയിൽ അടങ്ങിയ പ്രത്യേകതരം ലൂബ്രിക്കന്റ് ആണ് ഈ പ്രവർത്തനത്തിന് കാരണം. സ്ത്രീക്ക് രതിമൂർച്ഛ ലഭ്യമാക്കാൻ കുത്തുകൾ (ഡോട്ടഡ്), തടിപ്പുകൾ (ribbed) എന്നിവ ഉള്ള ഉറകൾ സഹായിക്കുന്നു. അതിനാൽ ലൈംഗിക ആസ്വാദനം മെച്ചപ്പെടുത്താനും ഇവ ഉപയോഗിക്കുന്നു. ഇവ പലതും ചേർന്നു വരുന്ന രീതിയിൽ ഉള്ള ഉറകളും ധാരാളം. ഇത് ഒരേസമയം പുരുഷന് സമയദൈര്ഖ്യം നൽകുകയും സ്ത്രീക്ക് രതിമൂർച്ഛ ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. മ്യുച്ചൽ ക്ലൈമാക്സ് തുടങ്ങിയ പേരിൽ ലഭിക്കുന്ന ഉറകൾ ഇതിന് ഉദാഹരണമാണ്. വദനസുരതം ഇഷ്ടപ്പെടുന്നവർക്ക് വായയിൽ ധരിക്കാൻ ദന്തമൂടികൾ അഥവാ ഡെന്റൽ ഡാംസ് ലഭ്യമാണ്.[8][9].
വിവിധ ബ്രാന്ഡുകൾ
തിരുത്തുകമൂഡ്സ്, മാൻഫോഴ്സ്, സ്കോർ, കോഹിനൂർ, കെഎസ് തുടങ്ങിയ വിവിധ ബ്രാൻഡുകളിൽ ഇവ വിപണിയിൽ ലഭ്യമാണ്[10].
കോണ്ടം ഉപയോഗത്തിന്റെ ലക്ഷ്യം
തിരുത്തുകഏറ്റവും ലളിതമായ ഒരു കുടുംബാസൂത്രണ മാർഗ്ഗമാണ് ഉറ. ഉറയുടെ കണ്ടുപിടത്തത്തോട് കൂടി ആഗ്രഹിക്കാത്ത ഗർഭധാരണവും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളായ എച്ച്.ഐ.വി./എയ്‌ഡ്‌സ്, HPV അണുബാധ, ഹെർപ്പിസ്, ഗൊണേറിയ, സിഫിലിസ്, പെൽവിക്ക് ഇൻഫെക്ഷൻ, ചിലതരം ഹെപ്പറ്റെറ്റിസ് എന്നിവ വലിയൊരു പരിധിവരെ നിയന്ത്രിക്കപ്പെട്ടു. ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുക എന്നതാണ് ഉറ ഉപയോഗത്തിന്റെ പ്രധാനലക്ഷ്യം. ശീഘ്രസ്ഖലനം ഉള്ള പുരുഷന്മാരിൽ സമയക്കുറവ് പരിഹരിക്കുവാനും, രതിമൂർച്ഛ ഉണ്ടാകുവാനുള്ള സാധ്യത വർധിപ്പിക്കുവാനും ചിലതരം ഉറ ഉപയോഗം കൊണ്ട് സാധിക്കാറുണ്ട് [11] [12].
കോണ്ടത്തിന്റെ ലഭ്യത
തിരുത്തുകഫാർമസി, മെഡിക്കൽ സ്റ്റോർ, സാധാരണ കടകൾ, സൂപ്പർമാർക്കറ്റുകൾ മുതൽ ഓൺലൈനായി വരെ കോണ്ടം വാങ്ങാൻ സാധിക്കും. സർക്കാർ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ വഴി ഇവ സൗജന്യമായി ലഭ്യമാണ്. പലർക്കും ഇവ ചോദിച്ചു വാങ്ങാൻ തന്നെ ലജ്ജയും മടിയുമാണ്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, പബ്ലിക് ഹെൽത്ത് നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ആശ പ്രവർത്തകർ, എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റി തുടങ്ങിയവ വഴി എല്ലാവർക്കും നിരോധ് എന്ന പേരിൽ ഗർഭ നിരോധന ഉറകൾ സൗജന്യമായി ലഭ്യമാണ്. ഉറകൾ വിൽക്കുന്നതിനോ വാങ്ങുന്നതിനോ സൂക്ഷിക്കുന്നതിനോ പ്രത്യേക ലൈസൻസ് ആവശ്യമില്ല. ഇതെപ്പറ്റിയുള്ള ശരിയായ വിവരങ്ങൾ ആരോഗ്യപ്രവർത്തകരോട് ചോദിച്ചു മനസിലാക്കാവുന്നതാണ്[13][14][15].
കോണ്ടത്തിന്റെ ചരിത്രം
തിരുത്തുകചിരപുരാതന കാലം മുതലേ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്ത് ഏതെങ്കിലും വിധത്തിൽ ഒരു തടയോ ആവരണമോ ഉണ്ടാക്കിയെടുത്താൽ ഗർഭനിരോധനത്തിന് പുറമേ ലൈംഗിക രോഗങ്ങളെ തടയുകയും സാധ്യമാണ് എന്ന് മനുഷ്യർ മനസ്സിലാക്കിയിരുന്നു. BC 11000 കാലത്തേതെന്ന് കരുതപ്പെടുന്ന, ഫ്രാൻസിലെ ഒരു ഗുഹയിലെ ചുവരിൽ ആലേഖനം ചെയ്യപ്പെട്ട ഒരു മൈഥുന ചിത്രത്തിൽ ആണിന്റെ ലിംഗത്തിൽ ഗർഭനിരോധന ഉപാധി എന്ന പോലെ തോന്നുന്ന ഒരു സംഗതി കണ്ടെത്തിയിരുന്നു. ഗ്രീക്ക് ഐതിഹ്യത്തിലെ മിനോസ് രാജാവ് (ബി.സി. 3000) "സർപ്പങ്ങളും തേളുകളും " വമിക്കുന്ന തന്റെ ശുക്ലം മൂലം കാലപുരിക്ക് യാത്രയാകുന്ന കാമിനിമാരുടെ ദുരന്തത്തിൽ മനം മടുത്ത് ആടിന്റെ മൂത്രാശയം കൊണ്ടുണ്ടാക്കിയ ഗർഭനിരോധന ഉറ ഉപയോഗിച്ചിരുന്നത്രേ! ഗ്രീക്കുകാരും റോമാക്കാരും ലിനൻ ഉപയോഗിച്ചും ആട് തുടങ്ങിയ മൃഗങ്ങളുടെ കുടൽ, മൂത്രാശയം, എന്നിവ ഉപയോഗിച്ചും ഗർഭനിരോധന ഉറകൾ നിർമ്മിച്ചിരുന്നു. ജപ്പാൻകാർ ആമത്തോടാണ് ഇക്കാര്യത്തിനുതകുന്നതായി കണ്ടെത്തിയത്.
ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും പഴക്കമുള്ള ഗർഭനിരോധന ഉറ കണ്ടെത്തിയത് 1642-ലാണ്. ഇംഗ്ലണ്ടിലെ അതിപുരാതനമായ ഡുഡ്‌ലെ കൊട്ടാരത്തിലെ മാലിന്യക്കുഴിയിൽ നിന്നായിരുന്നു ഇത് കണ്ടെത്തിയത്. മൃഗത്തിന്റെ ആന്തരികസ്തരം ഉപയോഗിച്ച് നിർമിച്ചതായിരുന്നു ആ ഉറ. ബി.സി. 11000-കാലത്തേതെന്ന് കരുതപ്പെടുന്ന, ഫ്രാൻസിലെ ഒരു ഗുഹയിലെ ചുവരിൽ ആലേഖനം ചെയ്തിരുന്ന ഒരു മൈഥുന ചിത്രത്തിൽ ആണിന്റെ ലിംഗത്തിൽ ഗർഭനിരോധന ഉപാധി എന്ന പോലെ തോന്നുന്ന ഒരു വസ്തു കണ്ടെത്തിയിരുന്നു. ഗ്രീക്ക് ഐതിഹ്യത്തിലെ മിനോസ് രാജാവ് (ബി.സി. 3000) 'സർപ്പങ്ങളും തേളുകളും ' വമിക്കുന്ന തന്റെ ശുക്ലം മൂലം മരണപ്പെടുന്ന പ്രണയിനികളുടെ ദുരന്തത്തിൽ മനം മടുത്ത് ആടിന്റെ മൂത്രാശയം കൊണ്ടുണ്ടാക്കിയ ഗർഭനിരോധന ഉറ ഉപയോഗിച്ചിരുന്നുവെന്നതും മറ്റൊരു ഐതിഹ്യം.[16] 1640 മുതൽ കോണ്ടം പ്രചാരത്തിലുണ്ട് എന്നതിനും ചരിത്രപരമായ തെളിവുകളുണ്ട്. ലൈംഗിക തൊഴിലാളികളെ സമീപിക്കുന്ന തന്റെ സൈനികർക്ക് ലൈംഗികരോഗമായ സിഫിലിസ് പിടിപ്പെട്ട് മരണപ്പെടുന്ന അവസ്ഥ ഒഴിവാക്കാനായി ചാൾസ് ഒന്നാമൻ രാജാവ് തന്റെ സൈനികരോട് ഉറകൾ ഉപയോഗിക്കാൻ നിർദേശിച്ചു. ചാൾസ് രണ്ടാമൻ രാജാവും ഉറകളുടെ ഉറകൾ ഉപയോഗിച്ചതായി ചരിത്രമുണ്ട്.[16] ലാറ്റക്സ് അഥവാ റബർ ആണ് ഗർഭനിരോധന ഉറകൾ ഉണ്ടാക്കുന്നതിനുള്ള പ്രധാന അസംസ്‌കൃത വസ്തു. എന്നാൽ, റബർ ഉപയോഗിച്ച് കോണ്ടം നിർമിക്കാമെന്ന് കണ്ടുപിടിക്കുന്നതിന് മുൻപും ആളുകൾ 'ഉറകൾ' ഉപയോഗിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന് മുൻപുവരെ ജീവികളുടെ ആന്തരികാവയവങ്ങളുടെ സ്തരങ്ങളോ രാസപ്രക്രിയയ്ക്ക് വിധേയമാക്കിയ ലിനനോ പ്രത്യേകരീതിയിൽ ഉപയോഗിച്ചുള്ള ഉറകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. ഇത്തരം ഉറകളിൽ എണ്ണ തേച്ച് ഉപയോഗിക്കുന്നതായിരുന്നു പുരാതന ഈജിപ്തുകാരുടെ രീതി. യുദ്ധങ്ങളിലോ ഏറ്റുമുട്ടലുകളിലോ കൊലപ്പെടുത്തുന്ന എതിരാളികളുടെ മസിലുകളോ ചർമമോ പ്രത്യേക രീതിയിൽ തയ്യാറാക്കിയെടുത്ത് 'വിക്ടറി കോണ്ടം' ആക്കി ഉപയോഗിക്കുന്ന രീതി പുരാതന റോമനുകളും സ്വീകരിച്ചിരുന്നു. ഇവ ഗർഭധാരണം തടയാൻ പ്രാപ്തമായിരുന്നെങ്കിലും ലൈംഗികരോഗങ്ങളെ പ്രതിരോധിക്കാൻ ഇവയ്ക്ക് കഴിഞ്ഞിരുന്നില്ലെന്ന് എയ്ൻ കോളിൽ എഴുതിയ 'ദി ഹംബിൾ ലിറ്റിൽ കോണ്ടം; എ ഹിസ്റ്ററി' എന്ന ലേഖനത്തിൽ പറയുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിലാണ് റബർ കൊണ്ട് നിർമിക്കുന്ന ഉറകൾക്ക് പ്രചാരം ലഭിച്ചത്. പിന്നീട് പല പരീക്ഷണങ്ങൾക്കിടെ 1855-ലാണ് റബർ ഉപയോഗിച്ചുള്ള കോണ്ടം വിപണിയിലെത്തിയത്.[16]
ആധുനിക കാലത്തേക്ക് വന്നാൽ ചാൾസ് ഗുഡ് ഇയർ 1839 ൽ റബ്ബർ വൾക്കനൈസേഷൻ കണ്ടുപിടിച്ചത് ഗർഭനിരോധന ഉറകളുടെ സുവർണ കാലത്തിന് തുടക്കം കുറിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ റബ്ബർ കോണ്ടം വ്യാപകമായിത്തുടങ്ങി. നേരത്തേ റബ്ബർ കോണ്ടം നിർമ്മാണത്തിനിടെ ഗ്യാസോലിൻ, ബെൻസീൻ എന്നിവ ഉപയോഗിച്ചിരുന്നതിനാൽ നിർമ്മാണ പ്രക്രിയ തന്നെ തികച്ചും സ്ഫോടനാത്മകമായിരുന്നു! പതിനാറാം നൂറ്റാണ്ടിൽ പടിഞ്ഞാറൻ നാടുകളിൽ സിഫിലിസ് പടർന്നു പിടിച്ചപ്പോൾ ഗബ്രിയേൽ ഫാലോപ്പിനോ എന്ന ഡോക്ടർ ആയിരത്തിലധികം പേരിൽ പുതിയ റബ്ബർ ഉറകൾ പരീക്ഷിക്കുകയും അവ സിഫിലിസ് തടയുന്നതിൽ ഫലപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തു.
തുടക്കത്തിൽ ലിംഗമകുടത്തിൽ മാത്രം ഇടാവുന്ന തരത്തിലുള്ള ഉറകൾ ആണ് ഉണ്ടായിരുന്നത്. ഓരോരുത്തരുടെയും അളവിനനുസരിച്ച് കോണ്ടം ഉണ്ടാക്കേണ്ടിയിരുന്നു. റബ്ബർ കോണ്ടത്തിന്റെ പ്രധാന പോരായ്മകളിലൊന്ന് അതിന്റെ താങ്ങാനാവാത്ത വിലയായിരുന്നു. തന്മൂലം ഉറ ഉന്നതകുലജാതരുടേയും പണക്കാരുടെയും കുത്തകയായി മാറി. 1920 കളിലാണ് ലാറ്റക്സ് കണ്ടു പിടിക്കപ്പെട്ടത്. അതോടെ കോണ്ടം മിനുസമുള്ളതും നേർത്തതും ഇലാസ്തികതയുള്ളതും ആയി മാറി. ഏവർക്കും ഉപയോഗിക്കാവുന്ന തരത്തിൽ ഒരൊറ്റ വലിപ്പത്തിലും അവ ലഭ്യമായി. പിന്നീട് വിവിധ ലൂബ്രിക്കന്റുകളും ബീജനാശിനി അടങ്ങിയതുമായ ലാറ്റക്സ് ഉറകൾ വിപണിയിൽ ലഭ്യമായി. വിവിധ നിറത്തിലും മണത്തിലുമെല്ലാം ഇവ മാർക്കറ്റിലിറങ്ങിത്തുടങ്ങി.
ലാറ്റക്സ് കോണ്ടംസിന് പുറമേ പോളിയൂറെത്തേൻ, പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഗർഭനിരോധന ഉറകൾ എന്നിവ വിപണിയിൽ ലഭ്യമാണ്. പോളിയൂറെത്തേൻ ഉറകൾ ലാറ്റക്സ് അലർജി ഉള്ളവർക്ക് സുരക്ഷിതമായി ഉപയോഗിക്കാം. പ്രകൃതിദത്തമായ ഉറവിടത്തിൽ നിന്നുള്ള ഉറകൾ (മൃഗങ്ങളുടെ കുടൽ സ്തരത്തിൽ നിന്നും മറ്റും) കൂടുതൽ നേർത്തതും നനുത്തതും അനുഭൂതി പകരുന്നതുമത്രേ. പക്ഷേ അവയിലെ നേർത്ത സുഷിരങ്ങൾ എച്ച്.ഐ.വി അടക്കമുള്ള ലൈംഗിക രോഗങ്ങൾ തടയുന്നതിൽ പിന്നോക്കമാണ്.പ്രചുരപ്രചാരം നേടുന്നതിനൊപ്പം തന്നെ ഗർഭനിരോധന ഉറകൾക്കെതിരായ പ്രചരണവും ശക്തമായിരുന്നു. സ്ത്രീകൾക്കായുള്ള ഉറകളും യൂണിസെക്സ് ഉറകളും വിപണിയിലെത്താൻ പിന്നെയും ഏറെക്കാലമെടുത്തു[17]. ചില രാജ്യങ്ങളിൽ പ്രത്യേകിച്ച് പടിഞ്ഞാറൻ വികസിത രാജ്യങ്ങളിൽ സ്കൂൾ, കോളേജ് തലങ്ങളിൽ ആരോഗ്യപ്രവർത്തകർ ഇവ വിതരണം ചെയ്യാറുണ്ട്[18].
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുത്തുകലൈംഗിക ബന്ധത്തിനിടെ ഉറ പൊട്ടിപ്പോകാനുള്ള സാധ്യത 2% ആണ്. ലിംഗത്തിൽ നിന്നും കോണ്ടം വഴുതിപ്പോകാനും 2 % സാധ്യതയുണ്ട്. അതുവഴി ശുക്ലം യോനിയിലെത്തി ഗർഭധാരണം നടക്കാനോ രോഗം പകരാണോ നടക്കാനിടയുണ്ട്. അതിനാൽ ഇങ്ങനെ സംഭവിച്ചാൽ ഉടനെ മറ്റ് അടിയന്തിര ഗര്ഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാനോ രോഗപ്രതിരോധ ചികിത്സ തേടാനോ മടിക്കരുത്.
കൃത്യമായി ഉപയോഗിക്കാതിരിക്കുക, വീണ്ടും ഉള്ള ഉപയോഗം, എണ്ണ അടങ്ങിയ ലൂബ്രിക്കന്റ് കൂട്ടത്തിൽ ഉപയോഗിക്കുക എന്നിവയെല്ലാം ഉറയുടെ ഫലപ്രാപ്തി കുറയ്ക്കും.
നഖമോ മോതിരമോ കൊണ്ട് ഉറ കീറാനും ഇടയുണ്ടെന്ന് ഓർക്കുക.
ഉറയൊടൊപ്പം ബീജനാശിനി അടങ്ങിയ ജെല്ലുകൾ കൂടി ഉപയോഗിക്കുന്നത് ഗർഭനിരോധനം ഉറപ്പ് വരുത്താൻ സഹായകരമാണ്.
ഉദ്ധരിച്ച ലിംഗത്തിൽ മാത്രമേ ഉറ ധരിക്കാവൂ. ഇവ ഉപയോഗിക്കുമ്പോൾ ഉള്ളിൽ വായു കുമിള (എയർ ഗ്യാപ്) ഉണ്ടാകാതെ നോക്കണം.
ഉറ കൈകാര്യം ചെയ്യുമ്പോൾ അവ പൊട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരേസമയം ഒന്നിലധികം ഉറകൾ ഉപയോഗിച്ചാലോ അല്ലെങ്കിൽ സ്ത്രീപുരുഷന്മാർ രണ്ടുപേരും ഉറയുപയോഗിച്ചാലോ ഘർഷണം കൊണ്ട് അവ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. അതിനാൽ പങ്കാളികളിൽ ഒരാൾ മാത്രം ഉറ ഉപയോഗിക്കുന്നതാണ് അഭികാമ്യം.
ഉറയൊടൊപ്പം ജലാംശമുള്ള ലൂബ്രിക്കന്റുകൾ അഥവാ കൃത്രിമ സ്നേഹകങ്ങൾ മാത്രം ഉപയോഗിക്കുക. ലാടെക്സ് കോണ്ടം എണ്ണ അടങ്ങിയവ ഉപയോഗിച്ചാൽ പൊട്ടിപ്പോകാൻ സാധ്യത ഉണ്ട്.
എക്സ്പയറി ഡേറ്റ് കഴിയാത്ത ഉറകൾ മാത്രം തിരഞ്ഞെടുക്കുക[19][20].
കോണ്ടത്തിന്റെ പ്രാധാന്യം
തിരുത്തുകഗർഭധാരണം ഉണ്ടാകാതിരിക്കാൻ ധാരാളം ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് പിൻവലിക്കൽ രീതി (Withdrawal method). സ്കലനത്തിന് മുൻപ് ലിംഗം യോനിയിൽ നിന്നും പുറത്തെടുത്ത് ശുക്ളം പുറമേ വിസർജിക്കുന്നതാണ് ഇതിൽ ചെയ്യുന്നത്. വളരെയധികം ആത്മനിയന്ത്രണം ഉള്ളവർക്ക് മാത്രമെ ഇത് സാധ്യമാകുകയുള്ളൂ. മാത്രമല്ല
രതിമൂർച്ഛയ്ക്കു മുമ്പുള്ള ലിംഗസ്രവത്തിൽ പുരുഷബീജം കാണാം എന്നതിനാൽ ഈ രീതിയിലുള്ള ഗർഭനിരോധനം പരാജയപ്പെടാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യം ഒഴിവാക്കാൻ ഉറ ഉപയോഗം അനുയോജ്യമാണ്.
'സുരക്ഷിത ദിനങ്ങളിലും' യോനിയിൽ നിന്നും രക്തസ്രാവം ഉള്ള സമയങ്ങളിലും പലരും ഗർഭധാരണം സംഭവിക്കുകയില്ല എന്ന് കരുതി മുൻകരുതലുകൾ ഇല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ട്. ഇത് ശരിയല്ല. സ്ത്രീകളിൽ ആർത്തവചക്രം എപ്പോഴും കൃത്യമാകണം എന്ന് നിർബന്ധമില്ല. അതിനു വ്യത്യാസങ്ങൾ വരാം. അത് പോലെ യോനിയിൽ നിന്നുള്ള ബ്ലീഡിംഗ് എല്ലാം ആർത്തവം തന്നെ ആകണമെന്നില്ല, സ്പോട്ടിംഗ് പോലെയുള്ള അവസരങ്ങളിലും രക്തസ്രാവം വരാം. സ്ത്രീകളുടെ ശരീരത്തിൽ 2-5 ദിവസം വരെ ബീജാണുക്കൾ ഉത്പാദനശേഷിയോടെ ഇരിക്കുന്നതാണ്. ആയതിനാൽ അണ്ഡവിസർജനം (ഓവുലേഷൻ) നേരത്തെ സംഭവിച്ചാൽ അത് ഗർഭത്തിലേക്ക് നീങ്ങാവുന്നതാണ്.
സുരക്ഷിതമായ ലൈംഗികത ഏറെ പ്രാധാന്യമുള്ള ഒന്നാണ്. പങ്കാളിയോടുള്ള അന്ധമായ വിശ്വാസത്തിന്റെ പേരിൽ സുരക്ഷിതമല്ലാത്ത ശാരീരിക ബന്ധത്തിനൊരുങ്ങുന്നത് അപകടകരമാണ്. കോണ്ടം ഗർഭനിരോധന ഉറ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും അത് എയിഡ്സ് ഉൾപ്പെടെയുള്ള ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ഉത്തമ മാർഗ്ഗമാണ്. ആയതിനാൽ മറ്റ് ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നെങ്കിലും കോണ്ടം ഒപ്പം ഉപയോഗിക്കുന്നത് നല്ലതാണ്.
അത് പോലെ ഒരു ഗർഭപ്രതിരോധ മാർഗ്ഗവും 100% ഫലപ്രദം അല്ലാത്തതിനാൽ ഒപ്പം കോണ്ടം കൂടി ഉപയോഗിക്കുന്നത് ഗർഭപ്രതിരോധ ക്ഷമത വർദ്ധിപ്പിക്കും. ഉറയുടെ ഗുണങ്ങൾ താഴെ കൊടുത്തിരിക്കുന്നത് നോക്കുക.
▪ കൃത്യമായി ഉപയോഗിച്ചാൽ (സംഭോഗ സമയത്ത് തുടക്കം മുതൽ ഒടുക്കം വരെ) ഗർഭധാരണം തടയാനുള്ള മികച്ച ഉപാധികളിലൊന്നാണിത്. ഏത് പ്രായക്കാർക്കും ഇവ വാങ്ങുവാൻ സാധിക്കും.
▪ എച്ച്ഐവിയും മറ്റു ലൈംഗികരോഗങ്ങളും തടയുന്നു. (96% വരെ കേസുകളിൽ എച്ച്ഐവി പകരുന്നത് കോണ്ടം തടയുന്നതായി പഠനങ്ങൾ തെളിയിക്കുന്നു)
▪ എളുപ്പത്തിൽ ലഭ്യമാവുന്ന ഇവ, കൊണ്ടു നടക്കാനും ഉപയോഗിക്കാനും എളുപ്പമാണ്. താരതമ്യേന വിലയും കുറവ്.
▪ രണ്ടുമൂന്ന് ശതമാനം ആളുകളിൽ ലാറ്റക്സ് അലർജി ഉണ്ടാകാനിടയുണ്ട് എന്നതൊഴിച്ചാൽ പാർശ്വഫലങ്ങളില്ല എന്നുതന്നെ പറയാം.
▪ ശുക്ലം ഉറയിൽ തന്നെ സംഭരിക്കപ്പെടുന്നതിനാൽ കൂടുതൽ വൃത്തിയും ഉറപ്പു വരുത്താൻ കഴിയുന്നു.
▪ ഗൊണേറിയ, സിഫിലിസ് തുടങ്ങിയ ലൈംഗിക രോഗങ്ങൾ തടയുന്നതിലൂടെ സ്ത്രീ പങ്കാളികളിൽ പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസും (PID) അതുവഴി അണ്ഡവാഹിനിക്കുഴൽ സംബന്ധമായ വന്ധ്യതയും ഉണ്ടാകാനുള്ള സാധ്യത ഉറകൾ കുറയ്ക്കുന്നു.
▪ ഒരു പരിധി വരെ ഹ്യൂമൻ പാപ്പില്ലോമ വൈറസിന്റെ വ്യാപനം തടയാൻ സഹായിക്കുന്നു[21].
▪ ചില പുരുഷന്മാരിലെങ്കിലും ഉദ്ധാരണം നീണ്ടു നിൽക്കാനും അതുവഴി തൃപ്തികരമായ ലൈംഗിക ജീവിതത്തിനും ഇവ പ്രയോജനപ്പെടുന്നു[22].
കോണ്ടം സ്റ്റെൽതിങ്
തിരുത്തുകലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ പങ്കാളിയുടെ സമ്മതം കൂടാതെ കോണ്ടം ഊരി മാറ്റുകയോ, അതിനെ മനഃപൂർവം നശിപ്പിക്കുകയോ ചെയ്യുന്നതിനെയാണ് സ്റ്റെൽത്തിങ് എന്ന് പറയുന്നത്. സ്റ്റെൽത്തിങ് നടന്ന ശേഷം സ്ത്രീകൾ തങ്ങളുടെ പങ്കാളികളുമായി ഇതേപ്പറ്റി ചർച്ചചെയ്യുമ്പോൾ പലപ്പോഴും അവർക്കു കിട്ടുന്ന മറുപടി, "ഇതിത്ര കാര്യമാക്കാനുണ്ടോ? എന്നെ വിശ്വാസമില്ലേ?" എന്നാവും. എന്നാൽ, വിശ്വസിക്കാൻ പറ്റാത്ത ആളാണ് തന്റെ കാമുകനെന്ന് അയാൾ തെളിയിച്ച സംഭവമായിരുന്നു തനിക്ക് നേരിടേണ്ടി വന്ന "കോണ്ടം സ്റ്റെൽത്തിങ്" എന്ന് 2017 -ൽ അമേരിക്കയിൽ നടന്ന ഒരു സർവേയിൽ സാറ എന്ന യുവതി ഗാർഡിയന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. അത്രമേൽ വിശ്വാസയോഗ്യനായിരുന്നു എങ്കിൽ തന്റെ അറിവോ സമ്മതമോ കൂടാതെ ഉറ ഊരി മാറ്റില്ലായിരുന്നു എന്നാണ് സാറ പറയുന്നത്. ഇതിന് ഇരയായ പങ്കാളികൾ പിന്നീട് ഗർഭം ധരിക്കുകയും എയ്ഡ്‌സ്, സിഫിലിസ് പോലെയുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ രോഗങ്ങൾ ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതിന് എതിരെ നിയമനിർമാണത്തിന് ഒരുങ്ങുകയാണ് അമേരിക്ക. ഇങ്ങനെ ചതിക്കപ്പെടുന്ന യുവതികൾക്ക് അധികം താമസിയാതെ തന്നെ തങ്ങളെ വഞ്ചിക്കുന്ന പങ്കാളികളിൽ നിന്ന് കനത്ത തുക തന്നെ നഷ്ടപരിഹാരമായി ഈടാക്കാനുള്ള നിയമവ്യവസ്ഥതന്നെ അമേരിക്കയിൽ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്[23].
അന്താരാഷ്ട്ര കോണ്ടം ദിനം
തിരുത്തുകഎല്ലാവർഷവും ഫെബ്രുവരി മാസത്തിലെ പതിമൂന്നാം തീയതി അന്താരാഷ്ട്ര കോണ്ടം ദിനമായി ആചരിച്ചു വരുന്നു. സാമൂഹികമായ ആരോഗ്യത്തെ മുൻനിർത്തി പ്രധാനമായും കോണ്ടത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും ഉപയോഗത്തെപ്പറ്റിയും ബോധവൽക്കരണം നടത്തുക എന്നതാണ് അന്താരാഷ്ട്ര കോണ്ടം ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. പങ്കാളിയുമായി സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ മാത്രം ഏർപ്പെടുക, ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എച്ച്ഐവി ഉൾപ്പടെയുള്ള രോഗങ്ങൾ ചെറുക്കുക, ആഗ്രഹിക്കാത്ത ഗർഭധാരണം ഒഴിവാക്കുക, കുടുംബാസൂത്രണം തുടങ്ങിയ സന്ദേശങ്ങളാണ് കൊണ്ടു ഉദ്ദേശിക്കുന്നത്. പല രാജ്യങ്ങളിലും ബോധവൽക്കരണ പരിപാടികൾ ഉൾപ്പെടെ നടത്തിക്കൊണ്ട് ഈ ദിവസം ആചരിക്കാറുണ്ട്[24].
ഇതും കാണുക
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ "Condom - Wikipedia". en.wikipedia.org.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Everything You Need to Know About How to Use Condoms". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "7 inexcusable reasons why people don't use condoms". www.capetalk.co.za.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Why are we still embarrassed about using them?". www.bbc.com.
- ↑ "condom - തിരയുക". Retrieved 2022-05-19.
- ↑ "ലളിതം, സുരക്ഷിതം ഉറകൾ" (പത്രലേഖനം). മലയാളമനോരമ. ആഗസ്റ്റ് 14, 2014. Archived from the original on 2014-08-14. Retrieved ആഗസ്റ്റ് 14, 2014.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "How to Use a Internal Condom". www.cdc.gov.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "7 Best Condoms for Lasting Longer During Sex - Healthline". www.healthline.com. Retrieved 27/01/2024.
{{cite web}}
: Check date values in:|access-date=
(help) - ↑ "What are the best condoms? A guide to different condom types". patient.info.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Best Condom Brands Available In India - Condom Market". condommarket.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Condoms - World Health Organization (WHO)". www.who.int.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "What are the Benefits and Advantages of Using Condoms?". www.plannedparenthood.org.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "How old do you need to be to buy condoms in India?". timesofindia.indiatimes.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Family Planning Association Of India | FPA India". fpaindia.org.
- ↑ "Family planning in India - Wikipedia". en.wikipedia.org.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 16.0 16.1 16.2 "ലോക ജനസംഖ്യ നിയന്ത്രിക്കുന്നത് ഇന്ത്യൻ പട്ടണമോ? കോണ്ടം ഹബ്ബായി മാറിയ ഔറംഗാബാദ്" (in ഇംഗ്ലീഷ്). Retrieved 2023-03-13.
- ↑ "From Animal Intestines to Latex: The History of Condoms". www.historyhit.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "History of the Condom". www.historynet.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "How to Use a Condom Correctly - Verywell Health". www.verywellhealth.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Everything You Need to Know About How to Use Condoms". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "importance of condom - തിരയുക". Retrieved 2022-05-19.
- ↑ "Condoms - World Health Organization (WHO)". www.who.int.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Stealthing: 'I didn't realise it's rape until it happened to me'". www.bbc.co.uk.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "INTERNATIONAL CONDOM DAY - February 13, 2024 - National Today". nationaltoday.com.[പ്രവർത്തിക്കാത്ത കണ്ണി]