കെ.സി. ജോർജ്ജ്

കേരളാ നിയമസഭയിലെ ഒരു മുൻ മന്ത്രിയായിരുന്നു കെ.സി. ജോർജ്ജ്

കേരളാ നിയമസഭയിലെ ഒരു മുൻ മന്ത്രിയായിരുന്നു കെ.സി. ജോർജ്ജ് (13 ജനുവരി 1903 - 10 ഓഗസ്റ്റ് 1986). ഒന്നാം കേരള നിയമസഭയിൽ മാവേലിക്കര നിയോജകമണ്ഡലത്തേയായിരുന്നു(സി.പി.ഐ.) കെ.സി. ജോർജ്ജ് നിയമസഭയിൽ പ്രതിനിധീകരിച്ചത്. കേരള നിയമസഭയിലൽ ആദ്യമായി ഭക്ഷ്യവകുപ്പും, വനം വകുപ്പും കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു കെ.സി. ജോർജ്ജ്. 1952-54 കാലഘട്ടത്തിൽ ഇദ്ദേഹം രാജ്യസഭാംഗവുമായിരുന്നു.[1]

കെ.സി. ജോർജ്ജ്
K.C. George.jpg
കെ.സി. ജോർജ്ജ്
ഒന്നാം നിയമസഭയിലെ ഭക്ഷ്യമന്ത്രി
ഔദ്യോഗിക കാലം
ഏപ്രിൽ 5, 1957 - ഓഗസ്റ്റ് 31, 1959
മുൻഗാമിഇല്ല
പിൻഗാമിഇ.പി. പൗലോസ്
ഒന്നാം നിയമസഭയിലെ വനംമന്ത്രി
ഔദ്യോഗിക കാലം
ഏപ്രിൽ 5, 1957 - ഓഗസ്റ്റ് 31, 1959
മുൻഗാമിഇല്ല
വ്യക്തിഗത വിവരണം
ജനനം
കെ.സി. ജോർജ്ജ്

(1903-01-13)ജനുവരി 13, 1903
കേരളം
മരണംഓഗസ്റ്റ് 10, 1986(1986-08-10) (പ്രായം 83)
രാജ്യംഇന്ത്യൻ
രാഷ്ട്രീയ പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

തിരുവിതാംകൂർ ഹൈക്കോടതയിൽ 1938വരെ ഒരഭിഭാഷകാനായിരുന്നു കെ.സി. ജോർജ്ജ്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയംഗം, കെ.പി.സി.സി. അംഗം, എന്നീ നിലകളുലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. പുന്നപ്ര വയലാർ സമരങ്ങളിൽ മുഖ്യ പങ്ക് വഹിച്ചിരുന്ന ഇദ്ദേഹം 1939 ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായാത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ച സമയം കേരളത്തിന്റെ പാർട്ടിചുമതല വഹിച്ചത് ജോർജ്ജായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലെത്തുന്ന കേരളത്തിൽ നിന്നുമുള്ള മൂന്നാമത്തെയാളാണ് കെ.സി.ജോർജ്ജ്.

കോൺഗ്രസ്സിൽ അംഗമായി ചേർന്നുവെങ്കിലും കാര്യമായ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്തിയിരുന്നില്ല. മദിരാശിയിലെ പഠനകാലത്ത് കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന ശിങ്കാരവേലു ചെട്ടിയാരെ കണ്ടത് ജീവിതത്തിൽ വഴിത്തിരിവായി. തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനുവേണ്ടി നടന്ന പ്രക്ഷോഭത്തിൽ ഭാഗഭാക്കായി. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിൽ രൂപംകൊണ്ട റാഡിക്കൽ ഗ്രൂപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തി. പാർട്ടി രണ്ടായപ്പോൾ മാതൃസംഘടനയിൽ തന്നെ നിലകൊണ്ടു. സി.പി.ഐ യുടെ കേന്ദ്ര കൺട്രോൾ കമ്മീഷൻ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 1986 ഓഗസ്റ്റ് 10 ന് അന്തരിച്ചു.[2]

ആദ്യകാല ജീവിതംതിരുത്തുക

ചെങ്ങന്നൂരിനും ആറന്മുളക്കും ഇടയിൽ പമ്പാ നദിക്കരയിലുള്ള പുത്തൻ കാവ് എന്ന ഗ്രാമത്തിലായിരുന്നു ജോർജ്ജ് ജനിച്ചത്. പിതാവ് കെ.ജി.ചെറിയാൻ ഒരു സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. മാന്നാർ ഹൈസ്കൂൾ, എടത്വാ ഹൈസ്കൂൾ എന്നിവിടങ്ങളിലായിട്ടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിതാവിന് മാന്നാർ സ്കൂളിൽ ഉദ്യോഗം ലഭിച്ചപ്പോൾ കുടുംബം അങ്ങോട്ടേക്ക് താമസം മാറുകയായിരുന്നു. ചെറുപ്പകാലത്ത് വന്ന പോളിയോ രോഗം കാരണം ഒരു കാൽ മുട്ടിനു താഴെ ശോഷിച്ചുപോയിരുന്നു. നടക്കുമ്പോൾ ചെറിയ മുടന്തുണ്ടായിരുന്നുവെങ്കിലും കളികളിലൊക്കെ ജോർജ്ജ് മറ്റു കുട്ടികൾക്കൊപ്പം തന്നെയായിരുന്നു. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ് കോളേജിലായിരുന്നു ബിരുദ പഠനം, അതിനുശേഷം തിരുവനന്തപുരം ലോ കോളേജിൽ ഉപരിപഠനത്തിനായി ചേർന്നു.[3] കോളേജിൽ അപമര്യാദയായി പെരുമാറി എന്ന കാരണം പറഞ്ഞ് അധികൃതർ ജോർജ്ജിനെ പരീക്ഷയിൽ നിന്നും വിലക്കി. നിയമബിരുദം നേടാനുള്ള വാശിയിൽ ലഖ്നൗവിലേക്ക് പുറപ്പെട്ട കെ.സി.ജോർജ്ജ് അവിടെനിന്നും എൽ.എൽ.ബി ബിരുദവും കരസ്ഥമാക്കി തിരുവിതാംകൂർ ഹൈകോടതിയിൽ അഭിഭാഷകനായി സേവനം ആരംഭിച്ചു.[4][5]

രാഷ്ട്രീയ ജീവിതംതിരുത്തുക

പഠനകാലത്തു തന്നെ ജോർജ്ജിന് രാഷ്ട്രീയത്തോട് ആഭിമുഖ്യമുണ്ടായിരുന്നു. തികഞ്ഞ ക്രിസ്തുമതവിശ്വാസികളായ മാതാപിതാക്കൾക്ക് മകനെ ഒരു പുരോഹിതനാക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ പുരോഹിതന്മാരുടെ ജീവിതത്തെ വളരെ അടുത്തറിയാൻ കഴിഞ്ഞ് ജോർജ്ജ് ആ ആഗ്രഹം പാടേ ഉപേക്ഷിച്ചു. വ്യക്തികളുടെ ആത്മാവിനുവേണ്ടി മാത്രം പരിശ്രമിക്കുന്ന പുരോഹിതപ്രവർത്തിയോട് അദ്ദേഹത്തിന് താൽപര്യം കുറഞ്ഞു കൂടാതെ സാമൂഹ്യപരിവർത്തനത്തിനും, സാമൂഹ്യനീതികൾ നടപ്പിലാക്കുന്നതിനും വേണ്ടി അദ്ധ്വാനിക്കുന്ന രാഷ്ട്രീയത്തിന്റെ ലക്ഷ്യങ്ങളോട് ജോർജ്ജ് കൂടുതൽ അടുത്തു. 1921 ൽ അദ്ദേഹം കോൺഗ്രസ്സിൽ അംഗമായി.[6] എന്നാൽ കോൺഗ്രസ്സിൽ കാര്യമായ പ്രവർത്തനങ്ങൾക്കൊന്നും ജോർജ്ജ് മുന്നിട്ടിറങ്ങിയില്ല.

മദിരാശിയിൽ പഠിക്കുന്ന സമയത്ത് പ്രഥമ കമ്മ്യൂണിസ്റ്റും, തൊഴിലാളിയൂണിയൻ നേതാവുമായ ശിങ്കാരവേലു ചെട്ടിയാരെക്കുറിച്ച് കൂടുതൽ അറിയാനിടയായി. അതോടെ കോൺഗ്രസ്സിന്റെ നയങ്ങളോട് അദ്ദേഹത്തിന് എതിർപ്പായിത്തീർന്നു. 1934 ൽ കോൺഗ്രസ്സ് സമരരംഗത്തു നിന്നും പിൻമാറിയതോടെ, കോൺഗ്രസ്സിലൂടെ മാത്രം സ്വാതന്ത്ര്യ നേടിയെടുക്കാം എന്ന വിശ്വാസം ജോർജ്ജിനു നഷ്ടപ്പെട്ടു. കൂടാതെ ഇക്കാലഘട്ടത്തിൽ സോഷ്യലിസ്റ്റ് സാഹിത്യം കൂടുതലായി അടുത്തറിയാൻ തുടങ്ങി. 1938 ൽ ഹരിപുര സമ്മേളനത്തിലൂടെ നാട്ടുരാജ്യങ്ങളുടെ രാഷ്ട്രീയ അവകാശം കോൺഗ്രസ്സ് അംഗീകരിക്കുകയും, ഇതിന്റെ ഭാഗമായി തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് നിലവിൽ വരുകയും ചെയ്തു. തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ തുടങ്ങി. ദിവാൻ സി.പി.രാമസ്വാമി അയ്യർ സമരത്തെ അടിച്ചമർത്താൻ നോക്കുകയും പ്രവർത്തകരെ ജയിലിലടക്കുകയും ചെയ്തു. കെ.സി.യുടെ ആദ്യ ജയിൽവാസം.[7]

കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക്തിരുത്തുക

തിരുവിതാംകൂറിൽ ഉത്തരവാദപ്രക്ഷോഭം നടക്കുന്ന സമയത്ത് ശക്തിയാർജ്ജിച്ച് ഒരു പാർട്ടിയായിരുന്നു കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതിക്കാർ ചേർന്ന് രൂപംകൊടുത്ത കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ പ്രവർത്തനത്തോട് എതിർപ്പു പ്രകടിപ്പിച്ചിരുന്ന യുവാക്കളുടെ ഒരു റാഡിക്കൽ ഗ്രൂപ്പ് കോൺഗ്രസ്സിൽ രൂപപ്പെട്ടു വരുന്നുണ്ടായിരുന്നു.[8] കെ.സി.ജോർജ്ജ് ആ ഗ്രൂപ്പിന്റെ വക്താവു കൂടിയായിരുന്നു. സോഷ്യലിസത്തോട് അടുപ്പം പുലർത്തിയിരുന്ന ജോർജ്ജ് ജയിൽ വിമോചിതനായതോടെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി. റാഡിക്കൽ ഗ്രൂപ്പിലെ അംഗങ്ങളാണ് 1940 ൽ തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിൽ മുൻകൈയ്യെടുത്തത്, എന്നാൽ ജോർജ്ജ് അവരേക്കാളും മുമ്പേ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നു.[9]

തിരുവിതാംകൂറിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തു.[10] ജോർജ്ജ് എഴുതിയ പുന്നപ്ര-വയലാർ എന്ന ഗ്രന്ഥം പുന്നപ്ര-വയലാർ സമരത്തെക്കുറിച്ചുള്ള ആധികാരിക പുസ്തകമായി പരിഗണിക്കപ്പെടുന്നു. 1946 മുതൽ 1952 വരെ ജയിൽവാസമായിരുന്നു. 1952 ൽ രാജ്യസഭാംഗമായി. 1957 ലെ പൊതുതിരഞ്ഞെടുപ്പിൽ മാവേലിക്കര നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു ഒന്നാം കേരള നിയമസഭയിലെത്തി. ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട മന്ത്രിസഭയിൽ ഭക്ഷ്യ വനംവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു. സി.പി.ഐ.യുടെ രണ്ടാം കേന്ദ്രകമ്മിറ്റിയിൽ അംഗമായിരുന്നു. പാർട്ടി പിളർന്നപ്പോൾ മാതൃസംഘടനയായ സി.പി.ഐ.യിൽ ഉറച്ചു നിന്നു. സി.പി.ഐ.യുടെ കേന്ദ്ര കൺട്രോൾ കമ്മീഷൻ അംഗമായിരുന്നു. 1986 ഓഗസ്റ്റ് 10 ന് അന്തരിച്ചു.

രാജ്യസഭാംഗത്വംതിരുത്തുക

 • 1952-1954 : കെ.എസ്.സി., തിരു-കൊച്ചി. 1954-ൽ രാജി വെച്ചു.

പ്രസിദ്ധീകരണങ്ങൾതിരുത്തുക

 • ഇമ്മോർട്ടൽ പുന്നപ്ര-വയലാർ
 • എന്റെ ജീവിത യാത്ര

അവലംബംതിരുത്തുക

 1. "ഒന്നാം കേരള നിയമസഭ". ശേഖരിച്ചത് 15-സെപ്തംബർ-2013. കെ.സി.ജോർജ്ജ് Check date values in: |accessdate= (help)
 2. "കെ.സി.ജോർജ്ജ്". സ്റ്റേറ്റ് ഓഫ് കേരള.ഇൻ. ശേഖരിച്ചത് 15-സെപ്തംബർ-2013. Check date values in: |accessdate= (help)
 3. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 251-252. ISBN 81-262-0482-6. കെ.സി.ജോർജ്ജ് - ആദ്യകാല ജീവിതം
 4. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 253. ISBN 81-262-0482-6. കെ.സി.ജോർജ്ജ് - വിദ്യാഭ്യാസം,തൊഴിൽ
 5. "കേരളത്തിലെ ആദ്യ മന്ത്രി സഭ". കേരള സർക്കാർ. ശേഖരിച്ചത് 15-സെപ്തംബർ-2013. Check date values in: |accessdate= (help)
 6. കെ.സി, ജോർജ്ജ്. എന്റെ ജീവിതയാത്ര. p. 15.
 7. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 255. ISBN 81-262-0482-6. കെ.സി.ജോർജ്ജ് - കമ്മ്യൂണിസത്തിലേക്ക്
 8. കെ., കരുണാകരൻ നായർ (1975). ഹൂ ഈസ് ഹൂ ഓഫ് ഫ്രീഡം ഫൈറ്റേഴ്സ് ഓഫ് കേരള. റീജിയണൽ റെക്കോഡ് സർവ്വേ കമ്മിറ്റി (കേരള സംസ്ഥാനം). p. 259.
 9. കെ.സി, ജോർജ്ജ്. എന്റെ ജീവിതയാത്ര. p. 445-446.
 10. തോമസ് ജോൺസൺ, നൊസ്സിദർ (1983). കമ്മ്യൂണിസം ഇൻ കേരള എ സ്റ്റഡി ഇൻ പൊളിറ്റിക്കൽ അഡാപ്ടേഷൻ. കാലിഫോർണിയ സർവ്വകലാശാല പ്രസ്സ്. p. 90. ISBN 978-0520046672.
"https://ml.wikipedia.org/w/index.php?title=കെ.സി._ജോർജ്ജ്&oldid=3270100" എന്ന താളിൽനിന്ന് ശേഖരിച്ചത്