കാലിച്ചാൻ

(കാലിച്ചാനൂട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൃഷിയും കന്നുകാലി മേയ്ക്കലും മുഖ്യതൊഴിലായി സ്വീകരിച്ച ഒരു ഇടയ സമൂഹത്തിന്റെ ആരാധനകേന്ദ്രങ്ങളാണ് കാലിച്ചാൻ കാവുകൾ‌. കാസർ‌ഗോഡുജില്ലയുടെ വിവിധ സ്ഥലങ്ങളിൽ‌ ഇത്തരം കാവുകൾ‌ കണ്ടുവരുന്നു. കൃഷിയുടെ അഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനുമാണ് പൊതുവേ കാലിച്ചാൻ ദൈവത്തെ ആരാധിക്കുന്നത്. കാലിച്ചാൻ‌ കാവുകളെ കാലിച്ചാമരങ്ങൾ‌ എന്നാണു പൊതുവേ വിളിക്കാറുള്ളത്. കാലിച്ചാൻമര സ്ഥാനങ്ങൾ ഒരു ജാതിയുടേതോ, കുടുംബത്തിന്റെയോ അധീനതയിലല്ല, മറിച്ച് ഒരു സമൂഹത്തിന്റെ പൊതു ആരാധനാലയം ആകുന്നു. കാഞ്ഞിരമരത്തിലാണ് കാലിച്ചാൻ തെയ്യത്തിന്റെ അധിവാസം.

പൊയ്‌ക്കണ്ണണിഞ്ഞ കാലിച്ചാൻ തെയ്യം

പ്രധാന ചടങ്ങുകൾ‌

തിരുത്തുക

തുലാം പത്തിനും പതിനൊന്നിനും ഉണക്കലരി വേവിച്ച് കാലിച്ചാന് ഊട്ടുന്ന ചടങ്ങ് ഈ കാവുകളിൽ പ്രധാനമാണ്. കാലിച്ചാനൂട്ട് എന്നാണിത് അറിയപ്പെടുന്നത്. സമീപപ്രദേശങ്ങളിലെ വീടുകളിൽ നിന്ന് ഉണക്കലരി കാലിച്ചാൻമരത്തിലെത്തിക്കുന്നു. അവിടെ നിന്ന് നിവേദിച്ച ശേഷം എല്ലാ വിടുകളിലേക്കും എത്തിക്കും. മണിയാണി സമുദായത്തിലെ അംഗങ്ങളാണ് ഇതിന് കാർമ്മികത്വം വഹിക്കുന്നത്. കന്നുകാലികളെ കാണാതെ വന്നാൽ കാലിച്ചാൻമരത്തിന്റെ കീഴിൽ പായസവും മറ്റും നിവേദിക്കുന്ന പതിവും ഉണ്ട്.

കാലിച്ചേകോനൂട്ട് എന്നും പറയപ്പെടുന്നു. കന്ന്കാലികളുടെ രക്ഷകനായ ദേവതയാണ് കാലിച്ചേകോൻ. ആ ദേവതയെ തൃപ്തിപ്പെടുത്തുകയെന്നതാണ് കാലിച്ചാനൂട്ടിൻറെ ലക്ഷ്യം. മേച്ചിൽ സ്ഥലങ്ങളിൽ വെച്ച് പാലും പഞ്ചസാരയും അരിയും കൊണ്ട് പായസമുണ്ടാക്കി ദേവതയ്ക്ക് നിവേദിക്കുന്നതാണ് പ്രധാന ചടങ്ങ്.

തെയ്യവുമായി ബന്ധപ്പെട്ടവർ‌

തിരുത്തുക

തെയ്യത്തിന്റെ മുഖ്യകാർ‌മ്മികൻ‌ മണിയാണി അഥവാ യാദവസമുദായത്തിൽ‌ പെട്ട ഒരാളായിരിക്കും. കാലിച്ചാൻ തെയ്യം‌ ഉറയുമ്പോൾ‌‌ തെയ്യത്തിന് അകമ്പടിയായി തീയ്യർ സമുദായത്തിൽ‌പ്പെട്ട ചെറുപ്പക്കാർ‌ ആർ‌പ്പുവിളികളോടുകൂടി പുറകേ നടക്കാറുണ്ട്. ഒരു നായാട്ടു സമൂഹത്തിന്റെ വിശ്വാസസം‌രക്ഷകൻ‌ കൂടിയാണു കാലിച്ചാൻ‌ തെയ്യം. വണ്ണാൻ‌ സമുദായത്തിൽ‌പെട്ടവരാണ് ഈ തെയ്യം കെട്ടാറുള്ളത്. പൊയ്‌ക്കണ്ണണിഞ്ഞു കന്നക്കത്തിയും അമ്പും വില്ലുമായി നടക്കുന്ന കാലിച്ചാൻ‌ തെയ്യത്തിന്റെ രൂപം വയനാട്ടുകുലവനെ ഓർ‌മ്മിപ്പിക്കുന്നതാണ്. തൊണ്ടച്ചന്റെ അഥവാ വയനാട്ടുകുലവന്റെ വെളിച്ചപ്പാടുതന്നെയാണ് കാലിച്ചാൻ‌ തെയ്യത്തിനും അകമ്പടിയായി പോകാറുള്ളത്.

കാലിച്ചാൻ ദേവസ്ഥാനങ്ങൾ

തിരുത്തുക

കാലിച്ചാംപൊതി, ചാളക്കടവ്,വെള്ളൂട, തലയത്ത്, പുളിക്കാൽ, പൂത്തക്കാൽ, കോട്ടക്കുന്ന്, ബങ്കളം, പന്നിപ്പള്ളി, കണ്ടടുക്കം, ഒടയഞ്ചാൽ‌ തുടങ്ങി ഒട്ടനവധി സ്ഥലങ്ങളിൽ കാലിച്ചാമരങ്ങൾ ഉണ്ട്. ജില്ലയിലെ കാലിച്ചാമരം, കാലിച്ചാനടുക്കം, കാലിച്ചാം‌പൊതി, കാലിച്ചാൻ‌പൊയ്യിൽ‌ തുടങ്ങിയ സ്ഥലനാമങ്ങളുടെ രൂപവത്കരണത്തിൽ‌ കാലിച്ചാൻ‌ ദേവസ്ഥാനങ്ങളുടെ സ്വാധീനമുണ്ട്. കാവുകളായാണ് കാലിച്ചാൻ‌ ദേവസ്ഥാനങ്ങൾ‌ കണ്ടുവരുന്നത്. കാവിനുള്ളിൽ‌ അല്പം ഉയർ‌ത്തിക്കെട്ടിയ രണ്ടു ചെറിയ തറകളുണ്ടാവും. ഒരു തറയിൽ‌ തിരി വെക്കാനുള്ള സം‌വിധാനവും മറ്റേതിൽ‌ തെയ്യാട്ട സമയങ്ങളിലും മറ്റും കലശം വെയ്‌ക്കാനുള്ള സം‌വിധാനവും ഉണ്ടായിരിക്കും. തെയ്യാട്ടം നടക്കുന്നതു പൂർ‌ണമായും കാവിനുള്ളിൽ‌ വെച്ചായിരിക്കും.

ചിത്രങ്ങൾ

തിരുത്തുക
  • പുസ്തകം - കാസർഗോഡ് ചരിത്രവും സമൂഹവും - കാസർഗോഡ് ജില്ലാ പഞ്ചായത്ത്
"https://ml.wikipedia.org/w/index.php?title=കാലിച്ചാൻ&oldid=4133248" എന്ന താളിൽനിന്ന് ശേഖരിച്ചത്