വയനാട്ടുകുലവൻ

(തൊണ്ടച്ചൻ തെയ്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്തരകേരളത്തിൽ കെട്ടിയാടുന്ന ഒരു തെയ്യം ആണ് വയനാട്ടു കുലവൻ. തീയ്യർ സമുദായത്തിൽ പെട്ടവരുടെ പ്രധാന ആരാധനാമൂർത്തിയാണ് വയനാട്ടുകുലവൻ. വയനാട്ടുകുലവന്റെ പരികർമ്മിയായി എപ്പോഴും തീയ്യർ സമുദായത്തിൽ പെട്ട ആളാണുണ്ടാവുക. എന്നാൽ നമ്പ്യാർ തറവാടുകളിൽ വയനാട്ടുകുലവന്റെ സ്ഥാനങ്ങളും കോട്ടങ്ങളുണ്ട്. തീയ്യർ സമുദായത്തിൽ പെട്ടവർ വയനാട്ടുകുലവൻ തെയ്യത്തെ തൊണ്ടച്ചൻ തെയ്യമെന്നും വിളിക്കാറുണ്ട്. പരമ്പരാഗതമായി വണ്ണാൻ സമുദായത്തിൽ പെട്ട ആളുകളാണ് ഈ തെയ്യം കെട്ടാറുള്ളത്. ഈ തെയ്യത്തിനു തോറ്റം, വെള്ളാട്ടം, തെയ്യം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ടാകും. ഈ തെയ്യം പ്രസാദമായി കവുങ്ങിൻ(കമുകിൻ) പൂവാണ് നൽകുക.

വയനാട്ടു കുലവൻ

തൊണ്ടച്ചൻ

തിരുത്തുക

പൂർവീകൻ എന്നാണു തൊണ്ടച്ചൻ എന്ന വാക്കിന്റെ അർത്ഥം. സ്വകുടുംബത്തിലോ സ്വജാതിയിലോ പെട്ടവരും ഏതെങ്കിലും തരത്തിൽ പ്രാമുഖ്യമർഹിക്കുന്നവരുമായ പരേതരെ സങ്കൽപിച്ച് ആരാധിക്കുന്ന പതിവ് കോലത്തുനാട്ടിൽ ഉണ്ടായിരുന്നു. പൂർവികാരാധനയുടെ ഒരു രൂപമാണത്. പല സമുദായക്കാരും ഇങ്ങനെയുള്ള പൂർവികരെ “തൊണ്ടച്ചൻ” എന്ന പൊതു സംജ്ഞയിലാണ് സ്മരിക്കുന്നത്. തീയരുടെ ഗുരുകാരണവനായ തൊണ്ടച്ചനാണ് വയനാട്ടുകുലവൻ തെയ്യം. വാണിയരുടെ ഒരു തൊണ്ടച്ചനാണ് പൊന്നൻ തൊണ്ടച്ചൻ. ഗുരുപൂജയിൽ പുലയർ മുൻപന്തിയിലാണ്. മാടായി കാരികുരിക്കൾ (പുലി മറഞ്ഞ തൊണ്ടച്ചൻ ) അവരുടെ തൊണ്ടച്ചൻമാരിൽ പ്രമുഖനാണ്. വെള്ളുകുരിക്കൾ, മരുതിയോടൻ കുരിക്കൾ, തേവര് വെള്ളയൻ, വട്ട്യൻപൊള്ള തുടങ്ങി അനേകം കാരണവൻമാരെ അവർ പൂജിച്ചു പോരുന്നു. രാജശാസന ലംഘിച്ച് നായാട്ടിനുപോകയും പിന്നീട് സ്വയം വെടി വെച്ച് മരിച്ച് ശിവതേജസ്സിൽ ലയിക്കുകയും ചെയ്ത നായരായ ഒരു തൊണ്ടച്ചനെ ആരാധിക്കുന്നവരുണ്ട്. വടവന്നൂരിലുള്ള തൊണ്ടച്ചൻ കോട്ടം ഈ ദേവതയുടെ സ്ഥാനമാണ്.

പുരാവൃത്തം

തിരുത്തുക
 
വയനാട്ടു കുലവൻ തെയ്യത്തിന്റെ വെള്ളാട്ടം

വയനാട്ടുകുലവൻ തെയ്യത്തിന്റെ പുരാവൃത്തം പരമശിവനുമായി ബന്ധപ്പെട്ടതാണ്. ഒരിക്കൽ ശിവബീജം ഭൂമിയിൽ പതിക്കാനിടയാകുകയും, അതിൽ നിന്നും മൂന്ന് വൃക്ഷങ്ങൾ (കരിംതെങ്ങ്) ഉണ്ടാവുകയും ചെയ്തു. ആ വൃക്ഷത്തിന്റെ ചുവട്ടിൽ ‘മധു’ ഊറിവരാറുണ്ടായിരുന്നു. ഒരിക്കൽ വേടരൂപം ധരിച്ച പരമശിവൻ വേട്ടയ്ക്കായി കാട്ടിലെത്തിയപ്പോൾ അങ്ങനെ ഊറി വന്ന ‘മധു’ കാണാനിടയാവുകയും, ‘മധു’ കുടിച്ച് മത്തവിലാസം ശിവഭ്രാന്താടുകയും ശ്രീപാർവ്വതി ഭയപ്പെട്ടോടുകയും ചെയ്തു.

 
തിരുവായുധം

എന്നിങ്ങനെയാണ് ഇതേക്കുറിച്ച് തോറ്റം പാട്ടിൽ പറയുന്നത്.

 
വയനാട്ടു കുലവൻ

ഇതുകണ്ട് ഭയന്ന് പാർവ്വതി തന്റെ മന്ത്രശക്തിയാൽ ‘മധു’ തടവി മുകളിലേക്കുയർത്തി. പിറ്റെ ദിവസം ‘മധു’ കുടിക്കാനായി വന്ന ശിവന് ‘മധു’ തെങ്ങിൻ മുകളിലെത്തിയതായാണ് കാണാൻ കഴിഞ്ഞത്. ഇതു കണ്ട് കോപിഷ്ഠനായ ശിവൻ തൃജ്ജടകൊണ്ട് തൃത്തുടമേൽ തല്ലി ബഹുശോഭയോടുകൂടിയ ‘ദിവ്യനെന്ന’ പുത്രനെ സൃഷ്ടിച്ചു. തെങ്ങിൽ നിന്നും ‘മധു’ എടുക്കുന്ന ജോലിക്കായി അവനെ നിയോഗിച്ചു. പതിവായി ‘മധു’ ശേഖരിക്കുന്ന ദിവ്യനും ‘മധുപാനം’ ആരംഭിച്ചു. ഇതറിഞ്ഞ പരമശിവൻ ‘കദളീമധുവന’ത്തിൽ നായാടരുതെന്നും അവിടുത്തെ ‘മധു’ കുടിക്കരുതെന്നും വിലക്കി. എന്നാൽ വിലക്കു വകവെക്കാതെ ദിവ്യൻ ‘കദളീമധുവന‘ത്തിൽ നായാടുകയും മധുകുംഭം തുറക്കുകയും ചെയ്തു. ശിവകോപത്തിനിരയായ അവന്റെ കണ്ണുകൾ പൊട്ടി മധുകുംഭത്തിൽ വീണു. വാക്കു പാലിക്കാത്ത മകനുള്ള ശിക്ഷ.

 
കണ്ടനാർകേളൻ തെയ്യത്തിന്റ അഗ്നിപ്രവേശം

മാപ്പിരന്ന മകന് പൊയ്‌കണ്ണും മുളം ചൂട്ടും മുള്ളനമ്പും മുളവില്ലും നൽകി അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ചു. ചൂട്ട് പുകഞ്ഞ് കണ്ണ് കാണാതായപ്പോൾ പൊയ്ക്കണും, വിത്തുപാത്രവും മുളം ചൂട്ടും എറിഞ്ഞു കളഞ്ഞു. അവ ചെന്നു വീണത് വയനാട്ടിലെ ആദി പറമ്പൻ കണ്ണന്റെ പടിഞ്ഞാറ്റയിലാണ്. കണ്ണും ചൂട്ടും തുള്ളുന്നതു കണ്ടു പേടിച്ച കണ്ണനോടു് കണ്ണും ചൂട്ടും അകത്തു വെച്ചുകൊള്ളാൻ ദേവൻ ദർശനം നൽകി പറഞ്ഞു. അങ്ങനെ വയനാട്ടിൽ എത്തിച്ചേർന്നതുകൊണ്ട് ‘ദിവ്യൻ’ വയനാട്ടുകുലവനെന്നറിയപ്പെടാൻ തുടങ്ങി.

യാത്രാ പ്രിയനായ കുലവൻ വടക്കോട്ട് യാത്ര ചെയ്ത് കേളന്റെ വീട്ടിലെത്തി. കുലവന്റെ ദൈവിക ശക്തി തിരിച്ചറിഞ്ഞ കേളൻ തൊണ്ടച്ചനെന്നു വിളിച്ചു സൽക്കരിച്ചു. ഇതിനെ അനുസ്മരിക്കുന്നതാണ് കണ്ടനാർ കേളൻ തെയ്യത്തിന്റെ ബപ്പിടൽ ചടങ്ങ്.

കോട്ടപ്പാറ വീട്ടിൽ വയനാട്ടു കുലവൻ വാണിരുന്ന കാലത്ത് തറവാട്ടിൽ അതി ഭക്തനായ കുഞ്ഞിക്കോരൻ എന്ന കാരണവർ ജീവിച്ചിരുന്നു. കുഞ്ഞിക്കോറനെ അമരക്കാരനാക്കി കുലവൻ കൂടെ ചേർത്തു് കോരച്ചൻ തെയ്യമാക്കി. കാരണവർ മരിച്ചപ്പോൾ കാരണവരേയും ഈ തറവാട്ടിൽ തെയ്യമാക്കി സങ്കൽപ്പിക്കുന്നു.

ഈ ദൈവം വാണവർകോട്ടയിൽ എഴുന്നള്ളിയതായും, ദൈവത്തിന്റെ കോലം കെട്ടിയാടണമെന്നും അവിടുത്തെ വാഴുന്നവർക്ക് സ്വപ്നമുണ്ടായി. അപ്രകാരമാണ് വയനാട്ടുകുലവൻ തെയ്യം കെട്ടിയാടാൻ തുടങ്ങിയതത്രെ.

വയനാട്ടുകുലവന്റെ ഉരിയാട്ടം അതീവ രസകരമാണ്. തമാശരൂപത്തിൽ ഗൌരവമായ കാര്യങ്ങൾ പറയുന്ന ശൈലിയാണ് വയനാട്ടുകുലവന്റേത്.

വളരെ അർത്ഥവത്തായ ഇത്തരം വാചകങ്ങളാണ് ഭക്തർക്ക് അനുഗ്രഹം നൽകികൊണ്ട് വയനാട്ടുകുലവൻ തെയ്യം പറയാറ്.

പൊയ്ക്കണ്ണ്, മുളം ചൂട്ട്, ചെറിയ തിരുമുടി, മുഖമെഴുത്ത് വട്ടക്കണ്ണിട്ട്, വട്ടത്തിലുള്ള മുഖമെഴുത്ത് ഇതൊക്കെയാണ് വേഷവിതാനം.

 
വയനാട്ടു കുലവൻ തെയ്യം

കണ്ണൂർ ജില്ലയിലെ പലഭാഗങ്ങളിലും എല്ലാ വർഷവും വയനാട്ടുകുലവൻ തെയ്യം കെട്ടിയാടുമെങ്കിലും, കാസർഗോഡ് ജില്ലയിൽ വയനാട്ടുകുലവൻ ദൈവ കെട്ട് വളരെ വർഷം കൂടുമ്പോൾ മാത്രമേ ആഘോഷിക്കാറുള്ളൂ. പെരുങ്കളിയാട്ടം പോലെ വമ്പിച്ച ഒരു പരിപാടിയായാണ് വയനാട്ടുകുലവൻ ദൈവ് കെട്ട് നടക്കുക.

3 ദിവസങ്ങളായി നടക്കുന്ന ദൈവം കെട്ടിന് മുന്നോടിയായി മറയൂട്ട് , കൂവം അളക്കൽ, അടയാളം കൊടുക്കൽ അതിനു ശേഷം കലവറ നിറക്കൽ തുടങ്ങിയ പരിപാടികൾ ഉണ്ടാവും. കലവറ നിറച്ചാൽ തേങ്ങ, പച്ചക്കറികൾ, കായക്കുലകൾ എന്നിവ നാട്ടുകാർ എത്തിയ്ക്കും.അരി മാത്രമെ വാങ്ങുകയുള്ളു. വിവിധ സംഘങ്ങളായി കാട്ടിലേക്ക് നായാട്ടിനു പോകുകയും കാട്ടുപന്നിപോലുള്ള കാട്ടുമൃഗങ്ങളെ വേട്ടയാടി കൊണ്ടുവരികയും ചെയ്യും. വളരെ അനുഷ്ഠാനങ്ങളോടു കൂടിയാണ് ഇത്തരം ചടങ്ങുകൾ നടത്തുക. ഇത്തരം മൃഗനായാട്ട് കേരള സർക്കാർ ഔദ്യോഗികമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും നിർബാധം തുടരുന്നുണ്ട് [1], [2], [3].

കാർന്നോൻ, കോരച്ചൻ, കണ്ടനാർകേളൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടിയ ശേഷമാണ് വയനാട്ടുകുലവൻ തെയ്യം വരുന്നത്.

പ്രമാണം:തൊണ്ടച്ചൻ തെയ്യം പന്തവുമായി.jpg
വയനാട്ടു കുലവൻ തെയ്യം

കലവറ നിറയ്‌ക്കൽ

തിരുത്തുക
 
വയനാട്ടു കുലവൻ

മൂന്നു ദിവസങ്ങളിലായാണ് തെയ്യം കെട്ടിയാടുന്നത്. കലവറ നിറയ്ക്കൽ അതിനു മുന്നോടിയായി നടക്കുന്ന ഒരു ചടങ്ങാണ്. മൂന്നു ദിവസങ്ങളിലും അവിടെ എത്തുന്നവർക്ക് ഉച്ചയ്‌ക്കും രാത്രിയിലും അന്നദാനം ഉണ്ടായിരിക്കും. ഇതിനാവശ്യമായ പച്ചക്കറികളും അരിസാധനങ്ങളും മറ്റും മുൻകൂട്ടി കലവറയിൽ എത്തിക്കുന്ന ചടങ്ങാണ് കലവറനിറയ്‌ക്കൽ. ഒരു പ്രത്യേക ദിവസം തെരഞ്ഞെടുത്ത് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഭക്തജനങ്ങൾ ഒന്നിച്ച് സാധനസാമഗ്രികൾ കൊണ്ടുവരുന്ന ചടങ്ങാണിത്. ചെണ്ടമേളത്തോടെ വരിവരിയായി സ്ത്രീജനങ്ങളാണ് ഈ ചടങ്ങിനു മുന്നിട്ടിറങ്ങുന്നത്.

  • കളിയാട്ടം, സി.എം.എസ്.ചന്തേര
  • നാടൻ പാട്ടു മഞ്ജരി, ഡോ.എം.വി.വിഷ്ണു നമ്പൂതിരി
  • തെയ്യത്തിലെ ജാതിവഴക്കം, ഡോ.സഞ്ജീവൻ അഴീക്കോട്
  • കെ. വിനോദ് ചന്ദ്രൻ, മാതൃഭൂമി കാഴ്ച സപ്ലിമെന്റ്, ഡിസംബർ 3, 2010
  1. [1]|വയനാട്ടുകുലവൻ വരവായി: മലയോരത്ത് നായാട്ടു സംഘങ്ങൾ ഉണർന്നു- e-visionnews
  2. [2]|kasargodvartha.com
  3. [3]|ബപ്പിടലിന് മൃഗബലി വേണം: ഹിന്ദു സംഘടനകൾ-http://malayalam.webdunia.com
"https://ml.wikipedia.org/w/index.php?title=വയനാട്ടുകുലവൻ&oldid=3609291" എന്ന താളിൽനിന്ന് ശേഖരിച്ചത്