ഓയിഗെൻ കാൾ ഡുഹ്റിങ് (12 ജനുവരി 1833 – 21 സെപ്റ്റംബർ 1921) ജർമൻ തത്ത്വചിന്തകനും രാഷ്ട്രീയ-സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു. 1833-ൽ ബെർലിനിൽ ജനിച്ചു. 1856 മുതൽ 1859 വരെയുള്ള കാലയളവിൽ ബെർലിനിൽ നിയമജ്ഞനായി പ്രവർത്തിച്ചു.

ഓയിഗെൻ കാൾ ഡുഹ്റിങ്

തത്ത്വശാസ്ത്ര പഠനം

തിരുത്തുക

എന്നാൽ നേത്ര രോഗം മൂലം അദ്ദേഹത്തിന് നിയമ രംഗം ഉപേക്ഷിക്കേണ്ടിവന്നു. 1861-ൽ ബർലിൻ സർവകലാശാലയിൽ നിന്നും ഇദ്ദേഹത്തിനു തത്ത്വശാസ്ത്രത്തിൽ ദെ ടെംപോർ, സ്പേഷ്യാ, കോസാലിറ്റേറ്റ് അറ്റ്ക് ദെ അനാലിസിസ് ഇൻഫിനിറ്റ്സിമാലിസ് ലോജിക (De Jempore, Spatio, Causalitate atque de anlysis Infinitesimalic Logica) എന്ന പ്രബന്ധത്തെ ആധാരമാക്കി ഡോക്ടറേറ്റ് ലഭിച്ചു. 1863-ൽ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായെങ്കിലും 1877-ൽ പിരിച്ചുവിടപ്പെട്ടു. പിന്നീട് ഇദ്ദേഹം ഔദ്യോഗിക പദവികളൊന്നും സ്വീകരിച്ചില്ല. മതം, സൈനികവൽക്കരണം, മാർക്സിസം, ബിസ്മാർക്ക് സ്റ്റേറ്റ് സർവകലാശാലകൾ തുടങ്ങിയ സമകാലിക പ്രശ്നങ്ങളെ നിശിതമായി വിമർശിച്ചു കൊണ്ട് നിരവധി ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഏതാനും ശിഷ്യന്മാർ ചേർന്ന് പെർസണാലിസ്റ്റ് ഉൺഡ് ഇമാൻസിപാറ്റൊർ (Personalist und emanzipator)[1] എന്ന ഒരു പ്രസിദ്ധീകരണം ആരംഭിച്ചു. മുഖ്യമായും ഡ്യുഹ്റിങ്ങിന്റെ ലേഖനങ്ങൾക്കു വേണ്ടിയുള്ള പ്രസിദ്ധീകരണമായിരുന്നു അത്.

മാറി വന്ന വീക്ഷണം

തിരുത്തുക

ആരംഭത്തിൽ ഡ്യുഹ്റിങ് കാന്റിയൻ വീക്ഷണങ്ങളാണ് പുലർത്തിയിരുന്നത്. എന്നാൽ പിന്നീട് ഇതിൽ ചില മാറ്റങ്ങൾ വരുത്തി. ശാസ്ത്രീയ സിദ്ധാന്തങ്ങളും നാമമാത്ര സിദ്ധാന്തങ്ങളും തമ്മിലുള്ള (ഫിനോമിന-നോമിന) വ്യത്യാസവും, മനസ് യാഥാർഥ്യത്തെ കാണുന്നില്ല എന്ന തത്ത്വവും ഇദ്ദേഹം നിഷേധിച്ചു. ആത്മീയ വാദത്തെയും പ്രകൃത്യതീത ശക്തികളെ കുറിച്ചുള്ള വിശ്വാസത്തെയും നിശിതമായി വിമർശിച്ചിരുന്നു. എങ്കിലും ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾക്കും ആത്മീയ വാദത്തിനും തമ്മിൽ സാമ്യമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ തത്ത്വശാസ്ത്രം യാഥാർഥ്യത്തിന്റെ വിശദമായ ഒരു വിവരണമാണ് നൽകേണ്ടത്. ക്രിയാത്മകവും യുക്ത്യധിഷ്ഠിതവുമായ ഭാവനയുടെ സഹായത്താൽ യാഥാർഥ്യത്തെ പൂർണമായി മനസ്സിലാക്കുവാൻ സാധിക്കുന്നു. ഷോപെൻഹോവർ (Schopenhauer)[2] ഫോയർബാക് (Feuerbach)[3] കോംതെ (Comte)[4] എന്നിവരുടെ സിദ്ധാന്തങ്ങളെയും പരിശ്രമങ്ങളെയും ഡ്യുഹ്റിങ് പ്രകീർത്തിച്ചു.

ഡുഹ്റിങിന്റെ സിദ്ധാന്തങ്ങൾ

തിരുത്തുക

പ്രപഞ്ചത്തിൽ അനിശ്ചിതമായി ഒന്നുമില്ല എന്ന് ഇദ്ദേഹം പറഞ്ഞു. പ്രാകൃതവും പ്രാഥമികവുമായ ജീവന്റെ തുടുപ്പിൽ നിന്നും പരിണാമം മുഖേന വ്യത്യസ്ത ജീവജാലങ്ങൾ ഉണ്ടായി. കാലം കഴിയും തോറും പുതിയ ജീവജാലങ്ങൾ രൂപം കൊള്ളുവാൻ സാധ്യതയുണ്ട്. പുതുമ ഏതു രീതിയിലാണ് രൂപം കൊള്ളുന്നത് എന്ന് വിവരിക്കാൻ തത്ത്വചിന്തകനും സാധിക്കുന്നില്ല. ഭാവി പ്രവചിക്കുവാനും അവൻ അശക്തനാണ്. അചേതനമായ പ്രവർത്തനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ബോധപ്രവർത്തനങ്ങൾ (Consciousness) ദ്രവ്യവും ഭൗതിക ശക്തികളും മാത്രമുള്ള ലോകമല്ല, മറിച്ച് ജീവനും തുടിപ്പും ഉള്ള ഒരു ലോകമാണ് ബോധത്തിന്റെ വിഷയം എന്നിവയായിരുന്നു ഡുഹ്റിങിന്റെ സിദ്ധാന്തങ്ങൾ.

മതത്തിനോടുള്ള ശക്തമായ എതിർപ്പ്

തിരുത്തുക

മതത്തെ ഡ്യുഹ്റിങ് ശക്തിയായി എതിർത്തു. ഭ്രാന്തൻ വിശ്വാസങ്ങളുടെ തൊട്ടിലാണ് മതം എന്ന് ഇദ്ദേഹം പരസ്യമായി പ്രസ്താവിച്ചു. നാം ജീവിക്കുന്ന ലോകത്തിൽ തന്നെയാണ് നമ്മുടെ ആനന്ദവും മൂല്യങ്ങളും കണ്ടെത്തേണ്ടത്. ഈ ലോകത്തിനുപരിയായി മറ്റൊരു ലോകമുണ്ടെന്ന വിശ്വാസം യഥാർഥ ആനന്ദം കണ്ടെത്തുന്നതിന് വിലങ്ങു തടിയാകുന്നു. ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ ഇദ്ദേഹം നിരാകരിച്ചു. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിലെ ശാസ്ത്രവും മതത്തെപ്പോലെ അന്ധവിശ്വാസങ്ങളുടേയും നിസ്സംഗതയുടേയും മറ്റും കലവറയായിരുന്നു.

ധാർമികതയുടേയും സദാചാരത്തിന്റേയും അടിത്തറ പാകുന്നത് സഹതാപമാണെന്ന് ഇദ്ദേഹം വിശ്വസിച്ചു. ഇദ്ദേഹം ഈ തത്ത്വത്തെ സാമ്പത്തിക ശാസ്ത്രത്തിൽ പ്രയോഗിക്കുകയും, അപ്രകാരം തൊഴിലാളിയുടേയും മുതലാളിയുടേയും താത്പര്യങ്ങൾ വിരുദ്ധങ്ങളല്ല, മറിച്ച്, ഒന്നു തന്നെയാണ് എന്ന് വാദിക്കുകയും ചെയ്തു.

ജർമൻ ദേശീയ വാദി

തിരുത്തുക

ഡുഹ്റിങ് ഒരു ജർമൻ ദേശീയ വാദിയായിരുന്നു. ഫ്രെഡറിക് ദ് ഗ്രേറ്റിനെ (Frederick the great) ഇദ്ദേഹം ആരാധിച്ചു. എന്നാൽ ജൂതന്മാരെയും ഗ്രീക്കുകാരെയും മറ്റും തുല്യരായി കാണുവാൻ വിസമ്മതിച്ചു. ഗെയ്ഥെ (goethe)യുടെ ആശയങ്ങളെ അംഗീകരിക്കുവാനും ഇദ്ദേഹത്തിനു പ്രയാസമായിരുന്നു.

പ്രധാന കൃതികൾ

തിരുത്തുക

ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ

  • കോഴ്സ് ഒഫ് നാഷണൽ ആന്റ് സോഷ്യൽ ഇക്കോണമി (1873)
  • കോഴ്സ് ഒഫ് ഫിലോസഫി (1875)
  • തിങ്സ്, ലൈഫ് ആന്റ് എനിമീസ് (1882)

എന്ന ജീവചരിത്രകൃതിയുമാണ്.

ഇദ്ദേഹത്തിന്റെ ആശയങ്ങളെ ഫ്രീദ് റിഷ് എംഗൽസ് (1820-1895) ആന്റിഡുഹ്റിങ് (1878) എന്ന കൃതിയിലൂടെ അതിനിശിതമായി വിമർശിച്ചിട്ടുണ്ട്. ഈ കൃതിയുടെ പരിഭാഷയും 1935-ൽ പ്രസിദ്ധീകൃതമായി. 1921-ൽ ഡുഹ്റിങ് അന്തരിച്ചു.

  1. http://www.bookrags.com/research/dhring-eugen-karl-18331921-eoph/ Dühring, Eugen Karl (1833–1921) Research & Articles
  2. http://www.brainyquote.com/quotes/authors/a/arthur_schopenhauer.html Arthur Schopenhauer Quotes
  3. http://plato.stanford.edu/entries/ludwig-feuerbach/ Ludwig Andreas Feuerbach (Stanford Encyclopedia of Philosophy)
  4. http://plato.stanford.edu/entries/comte/ Auguste Comte (Stanford Encyclopedia of Philosophy)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡുഹ്റിങ്, ഓയിഗെൻ കാൾ (1833 - 1921) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഓയിഗെൻ_കാൾ_ഡുഹ്റിങ്&oldid=3659170" എന്ന താളിൽനിന്ന് ശേഖരിച്ചത്