കേരളത്തിലെ മറ്റ്‌ ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ കായംകുളത്തിനടുത്ത് ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രം. "ദക്ഷിണകാശി" എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌. ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനം ആയി പറയപ്പെടുന്നത് വേതാളംകുന്ന് പരബ്രഹ്മക്ഷേത്രം ആണ്. ഹൈന്ദവ ധർമ്മത്തിൽ "പരമാത്മാവ്" അല്ലെങ്കിൽ "നിർഗുണ പരബ്രഹ്മം" എന്നറിയപ്പെടുന്ന അരൂപിയായ പരമശിവൻ തന്നെയാണ് ഇവിടുത്തെ പ്രധാന ആരാധനാമൂർത്തി. കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത്‌[അവലംബം ആവശ്യമാണ്] ശൈവ-വൈഷ്ണവ സങ്കൽപ്പത്തിലുള്ള രണ്ട്‌ ആൽത്തറകളും ചില കാവുകളും അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കൽപം. ഇതിൽ പരമശിവനെയും, ഭഗവാൻ വിഷ്‌ണുവിനെയും രണ്ട് ആൽത്തറകളിൽ ആരാധിക്കുന്നു. അഗതികളും അനാഥരുമായ ധാരാളം ആൾക്കാരുടെ അഭയകേന്ദ്രമാണ് ഈ മഹാക്ഷേത്രം. "ഓം" എന്നതാണ് പരബ്രഹ്മത്തെ കുറിക്കുന്ന ശബ്ദം. ത്രിഗുണത്താൽ പരബ്രഹ്മം രാജസിക ഗുണമുള്ള ബ്രഹ്‌മാവായും, സാത്വിക ഗുണമുള്ള വിഷ്ണുവായും, താമസിക ഗുണമുള്ള മഹാദേവനായും മാറി; രൂപവും, നാമവും, ശക്തിയും ധരിക്കുന്നു എന്ന് വേദങ്ങളും ഭഗവദ്ഗീതയും മറ്റും ഉത്‌ഘോഷിക്കുന്നു. ഇവിടത്തെ "പന്ത്രണ്ട് വിളക്ക്" എന്ന പ്രസിദ്ധമായ ഉത്സവം വൃശ്ചിക മാസത്തിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിൽ നടത്തുന്നു. കുടിൽ കെട്ടി ഭജനം പാർക്കുക, ദരിദ്രർക്കും രോഗികൾക്കും അന്നദാനം നടത്തുക, ഭാഗവതപാരായണം, ത്വക്ക് രോഗങ്ങൾ മാറുവാൻ എട്ടുകണ്ടം ഉരുളിച്ച എന്നിവ പ്രധാന നേർച്ചകളാണ്. മിഥുനമാസത്തിലെ ഓച്ചിറക്കളിയാണ് മറ്റൊരു വിശേഷം.ഓച്ചിറ ക്ഷേത്രത്തോട് അനുബന്ധിച്ച് ഒരു വേദാന്ത പഠന ശാല ഒരു നൂറ്റാണ്ട് മുമ്പ് വരെ പ്രവർത്തിച്ചിരുന്നു. 'ഓണാട്ട് ചിറ' എന്നത് ലോപിച്ചാണ് ഓച്ചിറ ആയതെന്നാണ് ചില ചരിത്രകാരൻമാർ ഊഹിക്കുന്നത് . ഓച്ചിറ പരബ്രഹ്മത്തെ (ശിവൻ) ആരാധിച്ചാൽ ദുരിതശാന്തിയും മോക്ഷപ്രാപ്തിയും ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.

ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിന്റെ ആനക്കൊട്ടിൽ

ഐതിഹ്യം

തിരുത്തുക
 
ഓച്ചിറ പരബ്രഹ്മക്ഷേത്രമൈതാനം

വ്യത്യസ്‌തങ്ങളായ ഐതിഹ്യങ്ങളും വിശ്വാസങ്ങളും ക്ഷേത്രത്തെ സംബന്ധിച്ച്‌ നിലനിൽക്കുന്നു.

അകവൂർ ചാത്തൻ

തിരുത്തുക

പണ്ട് അകവൂർ മനയിലെ ഒരു നമ്പൂതിരിയുടെ സേവാമൂർത്തി/പരദേവതയായിരുന്നു പരബ്രഹ്മം. നമ്പൂതിരിയുടെ ദാസനായിരുന്നു അകവൂർ ചാത്തൻ.നമ്പൂതിരി ദിവസവും ഏഴരനാഴിക വെളുപ്പുള്ളപ്പോൾ എഴുന്നേറ്റു കുളിച്ച് ഉച്ചവരെ പരബ്രഹ്മപൂജ കഴിച്ചിരിന്നു. ഒരിക്കൽ പരബ്രഹ്മധ്യാനനിരതനായി വർത്തിച്ച നമ്പൂതിരിയോട് പരബ്രഹ്മം എങ്ങനെയിരിക്കുമെന്നു ചാത്തൻ ചോദിച്ചതിന് "നമ്മുടെ മാടൻപോത്തിനെപ്പോലിരിക്കും എന്നു നമ്പൂതിരി പരിഹാസമായി മറുപടി പറഞ്ഞുവെന്നും ചാത്തൻ അതുകേട്ട് 41 ദിവസം ധ്യാനിച്ചതിന്റെ ഫലമായി പരബ്രഹ്മം മാടൻപോത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. മാടൻപോത്ത് ചാത്തന് മാത്രമായിരുന്നു കാണാൻ കഴിയുമായിരുന്നു. ചാത്തന് ഇത് പരബ്രഹ്മമാണനും, അതിനെ തനിക്ക് മാത്രമേ കാണാൻ കഴിയുമായിരുന്നു എന്നും ചാത്തന് അറിയില്ലായിരുന്നു. അത് നമ്പൂതിരിയുടെ വീട്ടിലെ മാടൻപോത്തായിരിക്കുമെന്ന് ചാത്തൻ ധരിച്ചു. അവൻ അതിനോട് സംസാരിക്കുകയും തീറ്റ കൊടുക്കുകയും ചെയ്തിരുന്നു. മാടൻപോത്ത് ചാത്തൻ എവിടെ പോയാലും കൂടെയുണ്ടായിരുന്നു. ഒരിക്കൽ ഇന്നത്തെ "ഓച്ചിറ" ഭാഗത്തുകൂടി നമ്പൂതിരി വരികയായിരുന്നു. പിന്നാലെ ചാത്തനും, പുറകെ മാടൻപോത്തും. അന്നവിടെ നിറയെ വയലായിരുന്നു (എട്ടുകണ്ടം ഉരുളിച്ച വഴിപാട് നോക്കുക). പാടങ്ങലെക്കുള്ള പ്രവേശനം ഒരു ചെറിയ വാതിലിൽ കൂടിയായിരുന്നു. നമ്പൂതിരിയും ചാത്തനും കൂടി വാതിൽ കടന്നു. ചാത്തൻ തിരിഞ്ഞുനോക്കിയപ്പോൾ മാടൻപോത്തിന്ൻ തൻറെ വലിയ കൊമ്പ് കാരണം വാതിൽ കടന്നു വരാൻ പ്രയാസമാണന്നു ചാത്തന് മനസ്സില്ലായി. ചാത്തൻ പോത്തിനോട് തല ചരിച്ചു കയറാൻ പറഞ്ഞു. ഇതു കേട്ട നമ്പൂതിരി ചാത്തനോട് ആരോടാ നീ സംസാരിക്കുന്നത് എന്ന് അന്വേഷിച്ചു. "നമ്മുടെ മാടൻപോത്തിനോട്" എന്നായിരുന്നു ചാത്തൻറെ മറുപടി. പക്ഷേ നമ്പൂതിരിക്ക് മാടൻപോത്തിനെ കാണാൻ പറ്റില്ലല്ലോ. അവസാനം നമ്പൂതിരി ചാത്തനെ തൊട്ടുകൊണ്ട് നോക്കിയപ്പോൾ മാടൻപോത്തിനെ കണ്ടു. നമ്പൂതിരിയെ കണ്ടമാത്രയിൽ പോത്തിന്റെ രൂപത്തിലുള്ള പരബ്രഹ്മം ഓടിച്ചെന്നു ഒരു ചിറയിലെയ്ക്ക് ചാടി . ആ ചിറയാണ്‌ "പോത്തിൻച്ചിറ" ആയി മാറിയത്. പിന്നീട് ഓച്ചിറയായും. പരബ്രഹ്മ നാദമായ "ഓംകാരത്തിൽ" നിന്നാണ് ഓച്ചിറ എന്ന പേര് വന്നത്. പോത്തു പോയതോടെ ചാത്തൻ വിഷമത്തിലായി. പിന്നീട് ആ പോത്ത് പരബ്രഹ്മമാണന്ന് മനസ്സിലായതോടെ അവസാനകാലം വരെയും ചാത്തൻ ഓച്ചിറപ്പടനിലത്ത് പരബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് ഭജനമിരിക്കയും അവിടെ ആണ്ടുതോറും നടന്നുവന്നിരുന്ന പടയിലൊന്നിൽ ചേർന്നു മരിച്ചു സായുജ്യം പ്രാപിക്കയും ചെയ്തു.

ഹൈന്ദവം

തിരുത്തുക

പരബ്രഹ്മ ചൈതന്യത്തിന്റെ മൂലസ്ഥാനമായ ഓച്ചിറയിൽ വന്നെത്തിയാൽ ആദ്യം കാണുന്നത് അലങ്കരിച്ചു പ്രദക്ഷിണത്തിനു കൊണ്ട് വരുന്ന "കാള"യെയാണ്. ശ്രീകോവിലില്ലാത്ത പ്രതിഷ്ടയില്ലാത്ത മൂലസ്ഥാനത്തിനു ചുറ്റും ത്രിശൂലങ്ങൾ പ്രതിഷ്ടിച്ചിരിക്കുന്നു. ഇവിടെ ഭസ്മം പ്രസാദമായി നൽകുന്നു. ഇവിടെ "ഭസ്മം" ശിവവിഭൂതിയായും "കാള" യെ ശിവ വാഹനമായും" ത്രിശൂലം" ഭഗവാന്റെ ആയുധമായും കാണുന്നു. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് പരബ്രഹ്മ സ്വരൂപം എന്നത് സാക്ഷാൽ ആദിപരാശക്തി സമേതനായ പരമേശ്വരമൂർത്തിയാണെന്നു സാരം..

ഓച്ചിറക്കളി

തിരുത്തുക

രണ്ട്‌ നൂറ്റാണ്ട്‌ മുമ്പ്‌ കായംകുളം രാജാവും അംബലപ്പുഴ രാജാവും തമ്മിൽ യുദ്ധം നടന്ന വേദിയാണ്‌ ഓച്ചിറ പടനിലം എന്നാണ് ശബ്ദതാരവലിയിലും നാഗം അയ്യയുടെ തിരുവിതാംകൂർ ചരിത്രത്തിലും കാണുന്നത് . യുദ്ധത്തിന്റെ അവസാനം പരബ്രഹ്മം പ്രത്യക്ഷപ്പെട്ടു യുദ്ധം അവസാനിപ്പിച്ചത്രേ . ചരിത്രപ്രസിദ്ധമായ ഈ യുദ്ധ്ത്തിന്റെ സ്മരണ നിലനിർത്താനായി വർഷംതോറും മിഥുനം ഒന്ന്‌, രണ്ട്‌ തീയതികളിൽ ഓച്ചിറക്കളി നടത്തിവരുന്നു. കാന്റെർ വിഷർ എന്ന പാശ്ചാത്യൻ എ ഡി 1700 ന്റെ തുടക്കത്തിൽ ഓച്ചിറയിൽ വന്നപ്പോൾ അന്നും ഓച്ചിറക്കളി ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട് . യോദ്ധാക്കൾ രണ്ട് ചേരിയിലായി നിന്ന് യുദ്ധം ചെയ്യുകയാണ് പതിവ് . യുദ്ധം തുടങ്ങുന്നതിന് മുൻപായി ഒരു നമ്പ്യാതിരിയുടെ അനുഗ്രഹം വാങ്ങുമായിരുന്നു എന്നും ചരിത്രത്തിൽ കാണുന്നു .

ചരിത്രം

തിരുത്തുക

വേലുത്തമ്പി ദളവ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച അവസരത്തിൽ ഓച്ചിറയിലും ഒരു ക്ഷേത്രം പണികഴിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ദേവ പ്രശ്നത്തിൽ ക്ഷേത്രം നിർമ്മിക്കുന്നത്‌ ദേവന്‌ ഇഷ്ടമല്ലെന്ന്‌ തെളിഞ്ഞു. ഇന്നു കാണുന്ന പ്രധാന ആരാധനാകേന്ദ്രങ്ങളായ ആൽത്തറകൾ രണ്ടും വേലുത്തമ്പി ദളവ പണികഴിപ്പിച്ചവയാണ്‌. ഈ ആൽമരത്തറകളിൽ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ്‌ സങ്കൽപം.

ക്ഷേത്രപ്രവേശനവിളംബരത്തിനു മുൻപുതന്നെ ഇവിടെ എല്ലാ ഹിന്ദുക്കൾക്കും ഒരു പോലെ ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതാണ്‌ പരബ്രഹ്മം എന്ന നാമം അന്വർത്ഥമാക്കുന്ന മറ്റൊന്ന്‌. ആൽത്തറയിലെ ചുറ്റുവിളക്കിന്‌ പുറത്ത്‌ എവിടെയും അഹിന്ദുക്കൾക്കും പ്രവേശനമുണ്ട്‌. പുരാതനകാലം മുതൽക്കുതന്നെ നാനാ ജാതിമതസ്ഥർ ഇവിടെ ആരാധന നടത്തി വരുന്നു.

പ്രത്യേകതകൾ

തിരുത്തുക
 
ഓച്ചിറ അന്നദാന മന്ദിരം

ഓച്ചിറക്കളിയും ഓച്ചിറക്കാളകളും ഇവിടുത്തെ പ്രത്യേകതകളാണ്‌. മണ്ണ്‌ പ്രസാദമായി നൽകുന്ന താണ്‌ മറ്റൊരു സവിശേഷത. ദരിദ്രർക്കും രോഗികൾക്കും യാചകർക്കുമായുള്ള 'കഞ്ഞിപ്പകർച്ച' പ്രധാന നേർച്ചയാണ്‌. മിഥുനമാസത്തിലെ ഓച്ചിറക്കളിയും വൃശ്ചികമാസത്തിലെ പന്ത്രണ്ട്‌ വിളക്ക്‌ മഹോത്സവവും പ്രാധാന്യമർഹിക്കുന്നു. വൃശ്ചികം ഒന്നു മുതൽ പന്ത്രണ്ട്‌ വരെയുള്ള ദിവസങ്ങളിൽ കുടിൽകെട്ടി 'ഭജനം' പാർക്കുക എന്നുള്ളതാണ്‌ ഭക്‌തജനങ്ങളുടെ പ്രധാന വഴിപാട്‌.

ഓച്ചിറ പന്ത്രണ്ട് വിളക്ക്

തിരുത്തുക

​ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ വൃശ്ചികം 1 മുതൽ 12 വരെ ആഘോഷിക്കുന്ന ഉത്സവമാണ് ഓച്ചിറ പന്ത്രണ്ട് വിളക്ക്.[1] ഓച്ചിറ പടനിലത്തിൽ കുടിലുകൾ നിർമ്മിച്ച് ഭക്തർ ഭജനം പാർക്കുന്ന സമയമാണ് ഇത്. ഈ അവസരത്തിൽ ഒട്ടേറെ കച്ചവടക്കാരാലും വിനോദ ഉപാധികളാലും പടനിലം നിറഞ്ഞിരിക്കും. പല ജില്ലകളിൽ നിന്നും ഈ കാഴ്ചകൾ കാണാൻ ആളുകൾ എത്തുന്നു.

പന്ത്രണ്ടുനാൾ നീളുന്ന വൃശ്ചിക മഹോത്സവം കരകൂടൽ ഘോഷയാത്രകളോടെയാണ് തുടങ്ങുന്നത്. ക്ഷേത്രത്തിന് വടക്കുഭാഗത്തെ കരകളുടെ ഘോഷയാത്ര ആശാന്റെ മുക്കിൽനിന്നും തെക്കുഭാഗത്തെ കരകളുടെ ഘോഷയാത്ര മുതുകാട്ടുകര ദേവീക്ഷേത്രത്തിൽനിന്നുമാണ് ആരംഭിക്കുന്നത്. വാദ്യമേളങ്ങളും വേലകളിയും ഘോഷയാത്രയ്ക്ക് പകിട്ടേകും. നൂറനാട്ട് നടന്ന പടയോട്ടത്തിന്റെയും പടവെട്ടിന്റെയും ചരിത്രസ്മരണ ഉണർത്തുന്നതാണ് കരകൂടൽ. യുദ്ധം നീണ്ടുപോയപ്പോൾ സമാധാന കാംക്ഷികളായ നൂറനാട്ടെ കരനാഥന്മാർ പാഴൂർ മനയിലെത്തി തമ്പുരാനെ മധ്യസ്ഥനായി ക്ഷണിച്ചുവരുത്തി പടവെട്ട് അവസാനിപ്പിച്ചതായാണ് ചരിത്രം. പാഴൂർ തമ്പുരാന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും വൃശ്ചികച്ചിറപ്പിന് കേരളത്തിന് കിഴക്കുവശത്തായി കുടിൽ സ്ഥാപിച്ച് അദ്ദേഹത്തിന്റെ വാളും പീഠവും പൂജിച്ച് കെടാവിളക്ക് വെയ്ക്കുന്നു. യുദ്ധത്തിന്റെ ചരിത്രപരമായ അവശേഷിപ്പാണ് ക്ഷേത്രത്തിന് വടക്കുവശത്തുള്ള ചിറ. പാഴൂർ തമ്പുരാന്റെ പിൻതലമുറക്കാരൻ കൃഷ്ണൻ നമ്പൂതിരിപ്പാടാണ് വാളും പീഠവും സമർപ്പിച്ചത്[2]

എട്ടുകണ്ടം ഉരുളിച്ച

തിരുത്തുക

ഓച്ചിറയിലെ എട്ട് കണ്ടങ്ങളിലും ഉരുളുന്നത് ഒരു വഴിപാടാചാരമാണ്.ത്വക് രോഗങ്ങൾ മാറാനാണ് ഇങ്ങനെ ചെയ്യുന്നത്.മറ്റ് കാര്യലബ്ധിക്കായും ഉരുളിച്ച നടത്താറുണ്ട്.പണ്ട് രോഗം മാറേണ്ടുന്നവർ തന്നെ എട്ടു കണ്ടങ്ങളിലും ഉരുണ്ടിരുന്നു.ഇവിടത്തെ മണ്ണ് ഔഷധഗുണമുള്ളതാണെന്ന് ദേശവാസികൾ വിശ്വസിക്കുന്നു.ഇപ്പോൾ വഴിപാടുകാരന് പകരം ഉരുളുവാൻ പ്രത്യേകം ആൾക്കാരുണ്ട്.

ചലച്ചിത്രങ്ങളിൽ

തിരുത്തുക

ആർ. സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പാദമുദ്ര എന്ന മലയാളചലച്ചിത്രത്തിൽ ഓച്ചിറയിലെ വിശ്വാസങ്ങളെപ്പറ്റി പരാമർശം ഉണ്ട്. ഈ ചിത്രത്തിൽ കുടപ്പനക്കുന്ന് ഹരി രചിച്ച് വിദ്യാധരൻ സംഗീതസംവിധാനം നിർവഹിച്ച് യേശുദാസ് ആലപിച്ച അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാരമൂർത്തി ഓച്ചിറയിൽ എന്ന ഗാനം വളരെ പ്രശസ്തമാണ്.

സാഹിത്യത്തിൽ

തിരുത്തുക

തകഴിയുടെ അ‍‌‍‍ഞ്ചുപെണ്ണുങ്ങൾ എന്ന നോവൽ ആരംഭിക്കുന്നത് ഓച്ചിറ പടനിലത്തുനിന്നാണ്.

  1. Online, Janmabhumi (2023-11-13). "ഓച്ചിറ പന്ത്രണ്ട് വിളക്ക്: വൃശ്ചികോത്സവത്തിനൊരുങ്ങി പടനിലം" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-11-12.
  2. .http://www.mathrubhumi.com/alappuzha/news/1949592-local_news-Charummoodu-%E0%B4%9A%E0%B4%BE%E0%B4%B0%E0%B5%81%E0%B4%82%E0%B4%AE%E0%B5%82%E0%B4%9F%E0%B5%8D.html

ചിത്രശാല

തിരുത്തുക