നാഴിക

കേരളത്തിൽ സമയത്തിന്റേയും ദൂരത്തിന്റേയും മാത്രയായി ഉപയോഗിച്ചിരുന്ന ഏകകം

കേരളത്തിൽ സമയത്തിന്റേയും ദൂരത്തിന്റേയും മാത്രയായി ഉപയോഗിച്ചിരുന്ന ഏകകമാണ്‌ നാഴിക. ഒരു ദിവസത്തെ 60 നാഴികകളായി തിരിച്ചിരിക്കുന്നു. (ഭൂമി 360 ഡിഗ്രി തിരിയുന്ന സമയം). അതായത് ഒരു നാഴിക സമയം കൊണ്ട് ഭൂമി ആറു ഡിഗ്രി തിരിയുന്നു. ഇതിൽ നിന്നും രണ്ടര നാഴികയാണ്‌ ഒരു മണിക്കൂർ എന്നു മനസ്സിലാക്കാം. നാഴികയെ വീണ്ടും 60 വിനാഴികകളായി തിരിച്ചിരിക്കുന്നു. [1]. ഇതനുസരിച്ച് 1 മണിക്കൂർ = 2 1/2 നാഴികയും, 1 മിനിട്ട് = 2 1/2 വിനാഴികയും, 1 സെക്കണ്ട് = 2 1/2 ഗുർവക്ഷരവും ആണ്.


ചരിത്രം

തിരുത്തുക

കോണുകളും സമയവും അളക്കാൻ പ്രാചീനകാലം മുതൽ വിവിധ സംസ്കാരങ്ങൾ 6, 60 എന്നീ സംഖ്യകളുടെ ഗുണിതങ്ങളാണ് ഉപയോഗിച്ചിരുന്നത്. ക്രാന്തിപഥത്തിലൂടെ 'സൂര്യൻ ഭൂമിയെ ഒരു വട്ടം ചുറ്റാൻ' 360 ദിവസമെടുക്കുന്നു എന്ന ആദ്യകാല ധാരണയിൽനിന്നാവാം ഈ രീതിയുടെ തുടക്കം. സൂര്യൻ ഒരു ദിവസംകൊണ്ട് ഭൂമിയെ ചുറ്റി 1 ഡിഗ്രി സഞ്ചരിക്കുന്നു എന്ന് പുരാതന കാൽദിയർ (മെസപ്പൊട്ടേമിയയിലെ ഒരു പ്രദേശമാണ് കാൽദിയ) കണക്കാക്കി. അപ്പോൾ ക്രാന്തിപഥത്തിന്റെ ആകെ (കോണീയ) ദൈർഘ്യം 3607deg;. അതിനെ 30° വീതമുള്ള 12 രാശികളും സൂര്യൻ രാശിചക്രപഥം പൂർത്തിയാക്കാൻ എടുക്കുന്ന കാലം 12 മാസവുമായി പരിഗണിച്ചു. സൂര്യന്റെ വാർഷിക ഗതിപോലെ ദിനഗതിയെയും സൂക്ഷ്മകാലഗണനയ്ക്കായി പ്രാചീനർ പ്രയോജനപ്പെടുത്തി. ഭൂമിക്കു ചുറ്റുമുള്ള ഒരു ദിനചലനത്തിന് സൂര്യൻ എടുക്കുന്ന സമയം 24 മണിക്കൂർ എന്ന് കാൽദിയരും (അതാണ് പിന്നീട് ഗ്രീക്കുകാർ സ്വീകരിച്ചത് - ഗ്രീക്കു ഭാഷയിൽ ഹോര -Hour) 60 നാഴിക എന്ന് ഭാരതീയരും കണക്കാക്കി. പിന്നീട് ഗ്രീക്ക് ജ്യോതിഷം ഇന്ത്യയിൽ പ്രചാരത്തിലായപ്പോൾ ഇന്ത്യയിലും 'ഹോര' പ്രാബല്യത്തിലായി. എന്നാൽ കേരള ജ്യോതിഷികൾ തുടർന്നും നാഴിക-വിനാഴിക ക്രമംതന്നെ നിലനിർത്തി. ദിവസത്തെ 24 മണിക്കൂർ എന്നും 60 നാഴിക എന്നും വിഭജിച്ചതൊഴിച്ചാൽ, പിന്നീടുള്ള വിഭജനം 60 കൊണ്ടുതന്നെയാണ് ഇരുകൂട്ടരും നടത്തിയത്. അതായത്, കാൽദിയർ-ഗ്രീക്ക് ക്രമമനുസരിച്ച് 1 ദിവസം = 24 മണിക്കൂർ, 1 മണിക്കൂർ = 60 മിനിട്ട്, 1 മിനിട്ട് = 60 സെക്കണ്ട്. കേരളീയ ക്രമമനുസരിച്ച്, 1 ദിവസം = 60 നാഴിക, 1 നാഴിക = 60 വിനാഴിക, 1 വിനാഴിക = 60 ഗുർവക്ഷരം.

മാറ്റ പട്ടിക

തിരുത്തുക
  • 1 നാഴിക = 24 മിനുട്ട്
  • 1 ദിവസം=60 നാഴിക
  • 1 നാഴിക =60 വിനാഴിക
  • 2.5 നാഴിക = 1 മണിക്കൂർ

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-27. Retrieved 2007-08-17.


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാഴിക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാഴിക&oldid=3696913" എന്ന താളിൽനിന്ന് ശേഖരിച്ചത്