ഒപ്റ്റോമെട്രി

(ഒപ്റ്റോമെട്രിസ്റ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാഴ്ചയുടെയും, കണ്ണുകളുടെയും, വിഷ്വൽ സിസ്റ്റത്തിന്റെ ഭാഗമായ മറ്റ് അവയവങ്ങളുടെയും വൈകല്യങ്ങൾ അല്ലെങ്കിൽ അസ്വഭാവികതകൾ എന്നിവ പരിശോധിക്കുന്നതിനൊപ്പം, ഗ്ലാസുകളോ കോൺടാക്റ്റ് ലെൻസുകളോ ഉപയോഗിച്ച് റിഫ്രാക്റ്റീവ് പിശക് തിരുത്തലും, നേത്രരോഗങ്ങളുടെ പ്രാഥമിക ചികിത്സയും ഉൾപ്പെടുന്ന ഒരു ആരോഗ്യ പരിപാലന മേഖലയാണ് ഒപ്റ്റോമെട്രി.

ഒപ്റ്റോമെട്രി
Occupation
Namesഒപ്‌റ്റോമെട്രിസ്റ്റ്, ഡോക്ടർ ഓഫ് ഒപ്‌റ്റോമെട്രി
Occupation type
മെഡിക്കൽ സ്പെഷ്യാലിറ്റി
Activity sectors
ആരോഗ്യ സംരക്ഷണം
Description
Competenciesറിഫ്രാക്റ്റീവ് പിശക്, ഒക്കുലാർ ഡിസീസ് മാനേജ്മെന്റ്, മെഡിക്കൽ തെറാപ്യൂട്ടിക്സ്, ബൈനോക്കുലർ വിഷൻ, സ്പോർട്സ് വിഷൻ, വിഷൻ തെറാപ്പി, കോണ്ടാക്ട് ലെൻസുകൾ
Education required
ഒപ്റ്റോമെട്രിയിയിൽ ഡിപ്ലോമ/ ബിരുദം/ ബിരുദാന്തര ബിരുദം/ ഡൊക്ട്രേറ്റ്
Fields of
employment
ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ
Related jobs
ഒഫ്താൽമോളജിസ്റ്റ്, ഡിസ്പെൻസിങ് ഒപ്റ്റീഷ്യൻ

പരമ്പരാഗതമായി, കണ്ണട ലെൻസുകൾ നിർദ്ദേശിച്ച് റിഫ്രാക്റ്റീവ് പിശക് തിരുത്തുന്നതിൽ പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഒപ്റ്റോമെട്രി എന്ന മേഖല ആരംഭിച്ചത്. എന്നാൽ പിന്നീട് റിഫ്രാക്റ്റീവ് പിശകുകൾ തിരുത്തുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, കാലക്രമേണ കാഴ്ചയുമായി ബന്ധപ്പെട്ട മറ്റ് പല മേഖകളിലേക്കും വ്യാപിച്ച് ആധുനികകാല ഒപ്‌റ്റോമെട്രി വികസിച്ചുവന്നു. ഇന്ന് ലോകത്തെ മിക്ക രാജ്യങ്ങളിലും, നേത്ര രോഗനിർണയത്തിലും, അതിന്റെ മാനേജ്മെന്റിലും ഉള്ള കാര്യമായ പരിശീലനം ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടി ഒപ്റ്റോമെട്രി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് ഈ തൊഴിൽ മേഖല വിപുലീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.

നേത്ര പരിശോധനയ്ക്കൊപ്പം കാഴ്ചയിലെ അസാധാരണതകൾ, നേത്രരോഗങ്ങൾ എന്നിവ കണ്ടെത്തി ചികിത്സിക്കുക എന്നിങ്ങനെയുള്ള കടമകളുള്ള, പ്രാഥമിക നേത്ര സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ആരോഗ്യ പ്രൊഫഷണലുകൾ ആണ് ഒപ്റ്റോമെട്രിസ്റ്റ് എന്ന് അറിയപ്പെടുന്നത്. ചില രാജ്യങ്ങളിൽ ഒ.ഡി ബിരുദം ഉള്ളവർ ഡോക്ടെഴ്സ് ഓഫ് ഒപ്റ്റോമെട്രി എന്നും അറിയപ്പെടുന്നു. നിയന്ത്രിത തൊഴിൽ ആയതിനാൽ, ഒപ്‌റ്റോമെട്രിസ്റ്റിന്റെ പരിശീലന വ്യാപ്തി വിവിധ സ്ഥലങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടാം. അതിനാൽ, ഒപ്റ്റോമെട്രിസ്റ്റുകളുടെ പരിശോധനയിൽ കണ്ടെത്തിയ തകരാറുകൾ അല്ലെങ്കിൽ രോഗങ്ങൾ (അതായത് ചില ശസ്ത്രക്രിയാ ഇടപെടലുകൾ ആവശ്യമുള്ളവ) ഒപ്റ്റോമെട്രിയുടെ ചികിത്സാ പരിധിക്കുപുറത്ത് എത്തുന്ന പക്ഷം, ഉചിതമായ പരിചരണത്തിനായി പ്രസക്തമായ മെഡിക്കൽ പ്രൊഫഷണലുകളിലേക്ക് (സാധാരണയായി കണ്ണിന്റെ മെഡിക്കൽ, ശസ്ത്രക്രിയാ പരിചരണത്തിൽ വിദഗ്ധരായ നേത്രരോഗവിദഗ്ദ്ധർ) അയയ്ക്കപ്പെടുന്നു. ഇൻഡ്യയിൽ നേത്ര രോഗ ചികിൽസയും, ശസ്ത്രക്രിയയും മെഡിക്കൽ ഡോക്ടർമാരുടെ, പ്രത്യേകിച്ചും ഒഫ്താൽമോളജിസ്റ്റുകളുടെ ചുമതലയാണ്. ഒപ്റ്റോമെട്രിസ്റ്റുകൾ പ്രാഥമിക നേത്ര സംരക്ഷണം നടത്തുകയും, കണ്ണുമായും കാഴ്ചയുമായും ബന്ധപ്പെട്ട വൈകല്യങ്ങൾ കണ്ടെത്തുകയും, കണ്ണടയും കോണ്ടാക്റ്റ് ലെന്സും നിർദ്ദേശിക്കുകയും ചെയ്യുന്നു. നേത്ര പരിശോധനയുമായി ബന്ധപ്പെട്ട നിരവധി നൂതന ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതും ഒപ്റ്റോമെട്രിസ്റ്റുകളുടെ ചുമതലയിൽ പെട്ട കാര്യമാണ്. കണ്ണിന്റെ ചലനം, കൺവെർജൻസ്/അക്കൊമഡേഷൻ പ്രശ്നങ്ങൾ, കോങ്കണ്ണ്, ലോ-വിഷൻ മുതലായവയും ഒപ്റ്റോമെട്രിസ്റ്റുകൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങളാണ്. ഓപ്റ്റോമെട്രിസ്റ്റ് സാധാരണ ജനങ്ങൾക്ക് ഗുണനിലവാരവും കാര്യക്ഷമവുമായ നേത്ര സംരക്ഷണം നൽകുന്നതിന് നേത്രരോഗവിദഗ്ദ്ധർ, ഒപ്റ്റീഷ്യൻമാർ തുടങ്ങിയരുമായി ചേർന്ന് പ്രവർത്തിക്കുന്നു.

പദോൽപ്പത്തി

തിരുത്തുക

"ഒപ്‌റ്റോമെട്രി" എന്ന പദം ഗ്രീക്ക് പദങ്ങളായ ὄψις (ഓപ്‌സിസ്; കാഴ്ച), μέτρον (മെട്രോൺ; "അളക്കാൻ ഉപയോഗിക്കുന്ന ഒന്ന്" അല്ലെങ്കിൽ "അളക്കുക") എന്നീ വാക്കുകളിൽ നിന്നാണ് വന്നത്. കാഴ്ച അളക്കുന്നതിനുള്ള ഉപകരണത്തെ ഒപ്‌റ്റോമീറ്റർ എന്ന് വിളിച്ച് തുടങ്ങിയതിനുശേഷം (ഫോറോപ്റ്റർ അല്ലെങ്കിൽ റിഫ്രാക്റ്റർ എന്ന പദങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ്) ഒപ്റ്റോമെട്രി എന്ന പദം ഭാഷയിൽ പ്രവേശിച്ചു. ഒപ്റ്റോ എന്ന മൂലപദം "കണ്ണ്" എന്നർഥം വരുന്ന ഒഫ്താൽമോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ചുരുങ്ങിയ രൂപമാണ്. മിക്ക ആരോഗ്യ സംരക്ഷണ തൊഴിലുകളെയും പോലെ, മിക്ക രാജ്യങ്ങളിലും ഒപ്റ്റോമെട്രിസ്റ്റുകളുടെ വിദ്യാഭ്യാസവും സർട്ടിഫിക്കേഷനും നിയന്ത്രിക്കപ്പെടുന്നു. ഒപ്റ്റോമെട്രിസ്റ്റുകളും ഒപ്‌റ്റോമെട്രിയുമായി ബന്ധപ്പെട്ട ഓർഗനൈസേഷനുകളും, സർക്കാർ ഏജൻസികളുമായും മറ്റ് ആരോഗ്യപരിപാലന വിദഗ്ധരുമായും, സമൂഹവുമായും സംവദിച്ച് കണ്ണ്, കാഴ്ച പരിചരണം എന്നിവ നൽകുന്നു.

ഒപ്‌റ്റോമെട്രിയുടെയും ഒപ്‌റ്റോമെട്രിസ്റ്റിന്റെയും നിർവചനം

തിരുത്തുക
 
സ്ലിറ്റ് ലാമ്പ് ബയോമൈക്രോസ്കോപ്പ് ഉപയോഗിച്ച് രോഗിയുടെ കണ്ണുകൾ പരിശോധിക്കുന്ന ഒപ്റ്റോമെട്രിസ്റ്റ്

വേൾഡ് കൗൺസിൽ ഓഫ് ഒപ്‌റ്റോമെട്രി, ലോകാരോഗ്യ സംഘടന, ലോകമെമ്പാടുമുള്ള 40 ഓളം രാജ്യങ്ങളിൽ നിന്നുള്ള 75 ഒപ്‌റ്റോമെട്രി ഓർഗനൈസേഷനുകൾ എന്നിവ ഒരുമിച്ച് ചേർന്ന് ഒപ്റ്റോമെട്രിയെയും ഒപ്‌റ്റോമെട്രിസ്റ്റിനെയും വിവരിക്കാൻ ഇനിപ്പറയുന്ന നിർവചനം സ്വീകരിച്ചു.[1]

"സ്വയംഭരണാധികാരമുള്ള, വിദ്യാസമ്പന്നരായ, നിയന്ത്രിത (ലൈസൻസുള്ള / രജിസ്റ്റർ ചെയ്ത) ആരോഗ്യസംരക്ഷണ തൊഴിലാണ് ഒപ്‌റ്റോമെട്രി. കൂടാതെ കണ്ണ് ഉൾപ്പടെയുള്ള വിഷ്വൽ സിസ്റ്റത്തിന്റെ പ്രാഥമിക ആരോഗ്യപരിപാലകരാണ് ഒപ്റ്റോമെട്രിസ്റ്റുകൾ. ഒപ്റ്റോമെട്രിസ്റ്റുകൾ സമഗ്രമായ നേത്ര-കാഴ്ച പരിചരണം നൽകുന്നു, അതിൽ റിഫ്രാക്ഷൻ, ഡിസ്പെൻസിംഗ്, രോഗനിർണയം, കണ്ണിലെ രോഗം കൈകാര്യം ചെയ്യൽ, വിഷ്വൽ സിസ്റ്റത്തിന്റെ അവസ്ഥകളുടെ പുനരധിവാസം എന്നിവ ഉൾപ്പെടുന്നു."[2]

ചരിത്രം

തിരുത്തുക
 
വില്യം പോർട്ടർഫീൽഡ് എഴുതിയ, 1759ൽ എഡിൻബർഗിൽ പ്രസിദ്ധീകരിച്ച "A treatise on the eye, the manner and phaenomena of vision" എന്ന പുസ്തകത്തിലെ 423ആം പേജ്. ഈ പുസ്തകത്തിൽ ആണ് "ഒപ്റ്റോമീറ്റർ" എന്ന വാക്ക് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.

ഒപ്‌റ്റോമെട്രിയുടെ ചരിത്രം താഴെ പറയുന്ന വിവിധ മേഖലകളുടെ വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നു:

"ഒപ്റ്റോമെട്രി" യുടെ ചരിത്രം (റിഫ്രാക്റ്റിംഗ് ഒപ്റ്റിഷ്യൻമാർ) കണ്ണിന്റെ ഒപ്റ്റിക്സ്, ഇമേജ് രൂപീകരണം എന്നിവയെക്കുറിച്ചുള്ള ആദ്യകാല പഠനങ്ങളിൽ നിന്ന് മനസ്സിലാക്കാം. ഒപ്റ്റിക്കൽ സയൻസിന്റെ (ഒപ്റ്റിക്സ്, അടിസ്ഥാന ഭൗതികശാസ്ത്ര ക്ലാസ്സിൽ പഠിപ്പിച്ചതുപോലെ) ചരിത്രം ഏതാനും ആയിരം ബി.സി വർഷങ്ങൾ പഴക്കമുള്ളതാണ്, അലങ്കാരത്തിനുള്ള ലെൻസുകൾ ഉണ്ടെന്നതിന്റെ തെളിവുകൾ ഗ്രീസിലും നെതർലാൻഡിലും കണ്ടെത്തിയിട്ടുണ്ട്. ആദ്യത്തെ കണ്ണട എപ്പോൾ നിർമ്മിച്ചുവെന്ന് അറിയില്ല. ബ്രിട്ടീഷ് ശാസ്ത്രജ്ഞനും ചരിത്രകാരനുമായ സർ ജോസഫ് നീധാം തന്റെ Science and Civilization in China (ചൈനയിലെ ശാസ്ത്രവും നാഗരികതയും) എന്ന പുസ്തകത്തിൽ, കണ്ണടയെക്കുറിച്ച് ആദ്യം പരാമർശിച്ചത്, 1300 ലെ വെനീഷ്യൻ ഗിൽഡ് റെഗുലേഷൻസിൽ ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനയിൽ ആണ് ആദ്യമായി കണ്ണട കണ്ടുപിടിച്ചത് എന്ന അവകാശവാദം ലോഫറിന്റെ ഒരു പേപ്പറിൽ നിന്നായിരിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നീധാമിന്റെ അഭിപ്രായത്തിൽ ലോഫറിന്റെ പേപ്പറിന് നിരവധി പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു, കൂടാതെ ലോഫർ ഉപയോഗിച്ച പ്രമാണത്തിലെ പരാമർശങ്ങൾ യഥാർത്ഥ പകർപ്പുകളിൽ ഇല്ലെന്നും മറിച്ച് മിംഗ് രാജവംശത്തിന്റെ കാലത്താണ് ഇത് ചേർത്തത് എന്ന് പറയുന്നു. ആദ്യകാല ചൈനീസ് വൃത്തങ്ങൾ കണ്ണടകൾ ഇറക്കുമതി ചെയ്തതായി പരാമർശിക്കുന്നുണ്ട്.[3]

അമേരിക്കൻ ഐക്യനാടുകളിലെ ഡേവിഡ് എ. ഗോസിന്റെ ഗവേഷണങ്ങൾ കാണിക്കുന്നത് 13-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇറ്റലിയിൽ ആണ് കണ്ണടകൾ ഉത്ഭവിച്ചതെന്നാണ്. 1305ലെ ഒരു കൈയ്യെഴുത്തുപ്രതിയിൽ പിസയിൽ നിന്നുള്ള റിവാൾട്ടോ എന്ന സന്യാസി "കണ്ണട നിർമ്മിക്കാനുള്ള കല കണ്ടെത്തിയിട്ട് 20 വർഷമായിട്ടില്ല" എന്ന് പ്രസ്താവിച്ചിട്ടുണ്ട്.[4] 1300 ഓടെ ഇറ്റലി, ജർമ്മനി, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ കണ്ണടകൾ നിർമ്മിച്ചിരുന്നു. 1286 ന് തൊട്ടുപിന്നാലെയാവാം കണ്ണട ആദ്യമായി നിർമ്മിച്ചതെന്ന് നീധാം പറഞ്ഞു. [5]

1907-ൽ ഒരു ജർമ്മൻ അമേരിക്കൻ നരവംശശാസ്ത്രജ്ഞനായിരുന്ന പ്രൊഫസർ ബെർത്തോൾഡ് ലോഫർ തന്റെ കണ്ണടയുടെ ചരിത്രത്തെക്കുറിച്ചുള്ള പഠനത്തിൽ, കണ്ണടകൾ ഇന്ത്യയിൽ ഉത്ഭവിച്ചിരിക്കാനാണ് ഏറ്റവും വലിയ സാധ്യതയെന്നും, യൂറോപ്പിനേക്കാൾ മുമ്പുതന്നെ കണ്ണട ഉപയോഗത്തെക്കുറിച്ച് ഇന്ത്യയിൽ അറിഞ്ഞിരിക്കാമെന്നും പറഞ്ഞു.[6] [7] എന്നിരുന്നാലും, ലോഫർ ഉദ്ധരിച്ച പരാമർശങ്ങൾ ലോഫർ ഉപയോഗിച്ച പ്രമാണത്തിന്റെ പഴയതും മികച്ചതുമായ പതിപ്പുകളിലില്ലെന്ന് കാണിച്ച് അദ്ദേഹത്തിന്റെ അവകാശവാദങ്ങൾക്ക് പിന്തുണയില്ല എന്ന് ജോസഫ് നീധാം അവകാശപ്പെട്ടു.

1623-ൽ ബെനിറ്റോ ദാസ ഡി വാൽഡെസ് ഒപ്റ്റീഷ്യൻമാരെക്കുറിച്ചുള്ള ആദ്യത്തെ പൂർണ്ണ പുസ്തകം പ്രസിദ്ധീകരിച്ചു, അതിൽ അദ്ദേഹം കണ്ണടയുടെ ഉറപ്പിക്കലും ഉപയോഗവും പരാമർശിച്ചു.[8] 1692-ൽ വില്യം മോളിനെക്സ് ഒപ്റ്റിക്സ്, ലെൻസുകൾ എന്നിവയെക്കുറിച്ച് ഒരു പുസ്തകം എഴുതി, അതിൽ മയോപിയയെക്കുറിച്ചും സമീപ കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും ഉള്ള തന്റെ ആശയങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്. ക്ലോഡിയസ് ടോളമി, ജോഹന്നാസ് കെപ്ലർ എന്നീ ശാസ്ത്രജ്ഞരും ഒപ്‌റ്റോമെട്രി എന്ന തൊഴിൽ സൃഷ്ടിക്കുന്നതിന് സംഭാവന നൽകിയിട്ടുണ്ട്. കണ്ണിലെ റെറ്റിന എങ്ങനെ കാഴ്ച സൃഷ്ടിക്കുന്നുവെന്ന് കെപ്ലർ കണ്ടെത്തി. 1773 നും 1829 നും ഇടയിൽ, തോമസ് യംഗ് അസ്റ്റിഗ്മാറ്റിസം എന്ന വൈകല്യം കണ്ടെത്തി. ജോർജ്ജ് ബിഡെൽ എറിയാണ് സ്ഫീറോ-സിലിണ്ടർ ലെൻസ് ഉൾപ്പെടുന്ന ഈ പ്രശ്നം പരിഹരിക്കാൻ ഗ്ലാസുകൾ രൂപകൽപ്പന ചെയ്തത്.[9]

സ്കോട്ടിഷ് വൈദ്യനായ വില്യം പോർട്ടർഫീൽഡിന്റെ 1759-ലെ A Treatise on the Eye: The Manner and Phenomena of Vision എന്ന പുസ്തകത്തിൽ ഒപ്‌റ്റോമീറ്റർ എന്ന പദം പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഒരു തൊഴിലിനെ പരാമർശിക്കാൻ "ഒപ്‌റ്റോമെട്രി" എന്ന വാക്ക് ഉപയോഗിച്ചു തുടങ്ങിയിരുന്നില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഡിസ്പെൻസിംഗ് ഒപ്റ്റിഷ്യൻമാരുമായുള്ള വ്യത്യാസം അടയാളപ്പെടുത്തുവാൻ ഉപയോഗിച്ചാണ് ഇത് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട പദമായി മാറിയത്.

ഇതും കാണുക

തിരുത്തുക

പരാമർശങ്ങൾ

തിരുത്തുക
  1. Developer, Pixl8. "Case study". Archived from the original on 2 February 2017.{{cite web}}: CS1 maint: numeric names: authors list (link)
  2. Prieto, Laura. "Who is an optometrist?". Archived from the original on 2017-02-02. Retrieved 2020-09-30.
  3. Sir Joseph Needham. "Science and Civilization in China—Volume 4: Physics and Physical Technology; Part 1: Physics Archived 2016-08-23 at the Wayback Machine.. Monoskop.org. Retrieved 1 June 2015. pages 118 - 120
  4. "History of Optometry" (PDF). Archived from the original (PDF) on 2019-02-14. Retrieved 8 March 2010.
  5. Science and Civilization in China: Volume 4, Part 1. page 120
  6. Laufer, Berthold (1907), Geschichte der Brille, Mitteilungen Zur Geschichte der Medizin und der Naturwissenschaften, no. 23, vi Bd., no.4, Leipzig,1907, pages 379-385
  7. Agarwal R.K. (1971), Origin of Spectacles in India, British Journal of Ophthalmology, 55(2), 128-29.
  8. "History of Optometry". fs.aoa.org (in ഇംഗ്ലീഷ്). Archived from the original on 2019-05-01. Retrieved 2018-08-03.
  9. "Thomas Young". Retrieved 8 March 2010.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒപ്റ്റോമെട്രി&oldid=3988143" എന്ന താളിൽനിന്ന് ശേഖരിച്ചത്