ഒഡീസ്സി നൃത്തം
ഒഡീഷയിൽ ഉത്ഭവിച്ച ഇന്ത്യൻ നൃത്തരൂപമാണ് ഒഡീസ്സി. ചലിക്കുന്ന ശില്പം എന്നാണ് ഒഡീസ്സി നൃത്തത്തെ വിശേഷിപ്പിക്കുന്നത്. ഒഡീഷയിലെ ഉദയഗിരി താഴ്വാരത്തെയാണ് ഈ നർത്തരുടെ ഉത്ഭവസ്ഥനാമെന്ന് പറയപ്പെടുന്നത്. പുരി ക്ഷേത്രം ഒഡീസ്സിയുടെ നാട്യകുലമായി കണക്കാക്കുന്നു. നാട്യശാസ്ത്രത്തിലെ ‘ഒദ്രന്രത്ത്യ’ത്തിൽ നിന്നാവാം ഒഡീസ്സി ഉത്ഭവിച്ചതെന്ന് കരുതുന്നു. ദാസിയാട്ടത്തിന്റെയും കുച്ചിപ്പുടിയുടെയും ചില സവിശേഷതകൾ സ്വികരിച്ചുകൊണ്ട് ക്ലാസിക്കൽ ശൈലിയിൽ രൂപമെടുത്തതാണ് ഈ നൃത്തവിശേഷം എന്നും കരുതപ്പെടുന്നു.
Native name | ଓଡ଼ିଶୀ (Oriya) |
---|---|
Genre | Indian classical dance |
Origin | Odisha, India |
‘ത്രിഭംഗ’ ഒഡീസ്സിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സംയുക്ത പാണിഗ്രാഹി, സോണാൽ മാൻസിങ്ങ്, മാധവി മുദ്‌ഗൽ, കിരൺ സൈഗാൾ, റാണി കരൺ എന്നിവർ പ്രശസ്തരായ ഒഡീസ്സി നർത്തകരാണ്. ജയദേവരുടെ ‘ഗീതാഗോവിന്ദത്തിലെ’ കവിതകളാണ് ഒഡീസ്സി നൃത്തത്തിന്റെ സംഗീതത്തിനായി പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.
ചരിത്രം
തിരുത്തുകഎഴുന്നൂറു കൊല്ലത്തിലേറെ പഴക്കമുള്ള ഈ നൃത്തരീതി ഒഡീഷയിലെ ഭുവനേശ്വർ പുരി എന്നിവിടങ്ങളിലെ ക്ഷേത്രസങ്കേതങ്ങൾക്കുള്ളിലാണ് വികസിച്ചതും പ്രചാരത്തിലിരുന്നതും. ദേവദാസി നൃത്തത്തിൽനിന്നു തന്നെയാണ് ഒഡീസ്സിയുടെയും ഉത്ഭവം. ഒഡീഷയിലെ ദേവദാസികളെ ‘മഹാരികൾ ‘എന്നു പറയുന്നു. മഹത്-നാരികളത്രേ മഹാരികൾ. മഹാരികൾ എന്ന ദേവദാസികൾ അവരുടെ ഉപജീവന മാർഗ്ഗമെന്ന നിലയിൽ പാരമ്പര്യമായി ഒഡീസി നൃത്തം സ്വീകരിച്ചിരുന്നുവെന്ന് പുരാതനഗ്രന്ഥങ്ങളിലും മറ്റു ലിഖിതങ്ങളിലും രേഖപ്പെടുത്തിക്കാണുന്നു. ശ്രീകോവിലിനുള്ളിൽ പ്രവേശിച്ച്, ദേവനെ സ്തുതിച്ച് നൃത്തം ചെയ്യുന്നവരും, പുറത്ത് നടനമന്ദിരത്തിൽ നൃത്തം ചെയ്യുന്നവരും എന്നു മഹാരികൾ രണ്ട് തരക്കാരുണ്ട്.
ഒഡീഷ ഭരിച്ചിരുന്ന ഗംഗവംശത്തിൽപ്പെട്ട ചോളഗംഗദേവൻ(ഏ.ഡി.1077-1147) പുരിയിലെ ജഗന്നാഥക്ഷേത്രം നിർമ്മിക്കുകയും, അവിടെ നൃത്തം ചെയ്യാൻ നർത്തകിമാരെ നിയമിക്കുകയും ചെയ്തതായി ചരിത്ര രേഖകളുണ്ട്. ജഗന്നാഥിലെ ദേവദാസികൾ വൈഷ്ണവരായിരുന്നു. ഭുവനേശ്വരിൽ ശിവനും, മറ്റ് സ്ഥലങ്ങളിൽ ശക്തിക്കും ദേവദാസികളെ സമർപ്പിച്ചിരുന്നു. ഇപ്പോൾ നിലവിലുള്ള ഏറ്റവും പുരാതന ശാസ്ത്രീയ നിർത്തമാണ് ഒഡീസി. ബ്രീട്ടീഷ് ഭരണത്തിൽ കീഴിൽ ഈ ശാസ്തീയനിർത്താം അടിച്ചമർത്തപ്പെട്ടിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷമാണ് ഈ നൃത്തം വീണ്ടും ഉയർന്നു വന്നത്. (Ref നൃത്തകല - രാജശ്രീ വാര്യർ )
ഒറീസ്സയിലെ ക്ഷേത്രങ്ങളിലെ ശില്പങ്ങൾ ഒഡീസ്സി നൃത്തമാതൃകകളാണ്. കൊണാരക്കിലെ ക്ഷേത്രശില്പങ്ങൾ അധികവും നൃത്തരൂപങ്ങളാണ്. “അലസകന്യ” എന്ന ഇവിടത്തെ ഒരു ശില്പം നൃത്തത്തിലൂടെയുള്ള വിശ്രാന്തിയുടെ പ്രതീകമാണ്. ഭുവനേശ്വരിലെ ആനന്ദവാസുദേവക്ഷേത്രവും ശില്പങ്ങൾ കൊണ്ട് അലംകൃതമാണു.[1]
മധ്യകാലഖട്ടത്തിൽ ഉത്കൽ നഗരം നിരന്തരമായ വിദേശിയ ആക്രമണങ്ങൾക്ക് ഇരയാവുകയാൽ അവിടത്തെ കലാരൂപമായ ഒഡീസി നൃത്തകല നഷ്ടപ്രായമായി. ഒഡീസി നൃത്തത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 1. മംഗലാ ചരൺ 2. ബട്ടൂ നൃത്യ 3. പല്ലവി 4. അഭിനയ 5. നൃത്ത - നാടകം 6. മോക്ഷ [2]
ശാസ്ത്രീയനൃത്തരൂപം
തിരുത്തുകനാട്യശസ്ത്രം (ഭരതമുനി), അഭിനയ ദർപ്പണം (നന്ദികേശ്വരൻ) തുടങ്ങിയ ശാസ്ത്ര ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള നാട്യതത്വങ്ങളെ ആധാരമാക്കിയാണ് ഒഡീസി നൃത്തത്തിന്റെ സാങ്കേതികാംശങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്; എങ്കിലും തനതായ രൂപവും ഭാവവും ശൈലിയും ഇതിനുള്ളതായി കാണാം. താണ്ഡവത്തെക്കാൾ ലാസ്യത്തിനാണ് ഇതിൽ പ്രാധാന്യം. ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നീ നാലുവിധ അഭിനയാംശങ്ങളും ദാസിയാട്ടത്തിലും കഥകളിയിലും കുച്ചിപ്പുടിയിലും എന്നപോലെ ഒഡീസി നൃത്തത്തിലും ദൃശ്യമാണ്. ഭരതനാട്യത്തിലെ അടവുകൾക്ക് തുല്യമായ ഇതിലെ പ്രാരംഭച്ചുവടുകൾക്ക് ബേലി എന്നാണ് പേര്.[3]
അവതരണശൈലി
തിരുത്തുകനാട്യശാസ്ത്രത്തിൽ ദാക്ഷിണാത്യ, പാഞ്ചാലി, ഔഡ്രമാഗധി, അവന്തി എന്നു നാലു തരം പ്രവൃത്തികളെപ്പറ്റി പറയുന്നുണ്ടെങ്കിൽ മഹേശ്വരപത്ര രചിച്ച അഭിനയചന്ദ്രികയിൽ ഒഡീസ്സിക്ക് ഔഡ്രാ ശൈലിയാണ് ആലംബം. നാട്യശാസ്ത്രത്തിലെ “നൃത്തസ്ഥാന”ങ്ങളാണ് ഒഡിസ്സിയിലെ ‘ഭംഗി’കൾ. ശ്രീകൃഷ്ണൻ ഓടക്കുഴൽ ഊതികൊണ്ട് നിൽക്കുന്ന നിലയെ അനുസ്മരിപ്പിക്കുന്നു ഒഡിസ്സിയിലെ ‘ത്രിഭംഗ’. മൂന്ന് വളവുകളുണ്ടായിരിക്കും ഈ നിലക്ക്. സംയുക്തവും അസംയുക്തവും ആയ നൃത്തമുദ്രകൾ ഒഡിസ്സിയിലുണ്ട്. ജംബ, ധ്രുവാ, മാതാ, രൂപക, ത്രിപുട, അട, ഏകതാലി, അടതാലി, ആദിതാളം എന്നിങ്ങനെ ഒമ്പത് തരം താളങ്ങൾ ഒഡിസ്സിക്ക് ഉപയോഗിക്കുന്നു. ഈ താളങ്ങൾ ചവുട്ടുന്നതോടൊപ്പം വൈവിദ്ധ്യമാർന്ന രസഭാവങ്ങളും, ചാരികളും, മണ്ഡലങ്ങളും നൃത്തത്തിൽ പ്രയോഗിക്കുമ്പോൾ ഒഡിസ്സിയുടെ മനോഹാര്യത വർദ്ധിക്കുന്നു. ഏകപാദഭ്രമരിയും, വിപരീതഭംഗിയും ഒഡിസ്സിനൃത്തത്തിന്റെ പ്രത്യേകതകളാണ്. ഒഡിസ്സിയിൽ താണ്ഡവത്തിനും ലാസ്യത്തിനും സ്ഥാനമുണ്ട്. ശബ്ദസ്വരപദം, ബന്ധം, എന്നീ നൃത്തങ്ങൾ താണ്ഡവപ്രധാനമാണ്. ഒഡീഷയിലെ ഉൾനാടുകളിൽ ശിവൻ, കാളി, വിനായകൻ എന്നീ ദേവതകളെ സ്തുതിക്കുന്ന വിവിധതരം ശബ്ദസ്വരപദം നിലവിലുണ്ട്.
സംഗിതം ഒഡീസി നൃത്തത്തിൽ
തിരുത്തുകദാസിയാട്ടത്തിനും കുച്ചിപ്പുടിക്കും പിന്നണിയിൽ കർണാടക സംഗീതമാലപിക്കുമ്പോൾ ഒഡീസി നൃത്തത്തിന് ഹിന്ദുസ്ഥാനി സംഗീതമാണ് ആലപിക്കുന്നത്. പശ്ചാത്തലത്തിൽ മദ്ദളം, മൻജിര(ഇലത്താളം), ഗിനി, തംബുരു, വയലിൻ എന്നീ വാദ്യങ്ങൾ ഉപയോഗിക്കുന്നു.[4]
അവതരണം
തിരുത്തുകഭൂമിപ്രണാമം, വിഘ്നേശ്വരപൂജ, വടുനൃത്തം, ഇഷ്ടദേവതാവന്ദനം, സ്വരപല്ലവിനൃത്തം, സഭാഭിനയനൃത്തം, സ്‌ഥൂലാപഹപദനൃത്തം, തരിത്സം എന്നിങ്ങനെയാണ് ഒഡീസി നൃത്തപരിപാടിയുടെ അവതരണക്രമം. ഭൂമിദേവിയെ സ്തുതിക്കുന്ന ഭൂമിപ്രണാമം കഥകളിയിലെ തോടയം പോലെ തിരശീലയ്ക്കു പിന്നിൽ നിന്നാണ് അവതരിപ്പിക്കുന്നത്. ഈ നൃത്തം സ്ഥായിഭംഗിയിൽ ആരഭിച്ച് ത്രിഭംഗി സ്ഥാനകത്തിൽ അവസാനിക്കുന്നു. ചൊൽക്കെട്ടുകൾ അനുസരിച്ചാണ് ചുവടുവയ്ക്കുന്നത്.
വന്ദശ്ലൊകം കൊണ്ട് വിഘ്നേശ്വരനെ പ്രകീർത്തിക്കുന്ന നൃത്തമാണ് വിഘ്നേശ്വരപൂജ. ദ്രുതകാലത്തിൽ താളസമ്മിശ്രമായി ചെയ്യുന്ന ഒന്നാണ് വടുനൃത്തം. ഇതിൽ അംഗവിന്യാസങ്ങൾക്കാണ് പ്രാധാന്യം. സാഹിത്യമില്ലാതെ നടത്തുന്ന ഈ വടുനൃത്തത്തിൽ വടുകഭൈരവൻ ചെയ്യുന്ന ഷോഡശോപചാര പൂജയാണ് വിഷയം.
ഇഷ്ടദേവതാവന്ദനം അഭിനയപ്രധാനമാണ്. ഗീതഗോവിന്ദത്തിലെ പദങ്ങളാണ് ഇതിൽ അഭിനയിക്കാറുള്ളത്. ഒഡീസി നൃത്തത്തിൽ കണ്ടുവരുന്ന സ്വരപല്ലവിക്ക് ഭരതനാട്യത്തിലെ ജതിസ്വരത്തോടു സാദൃശ്യമുണ്ട്. രാഗാലാപത്തിൽ ആരംഭിച്ച് ചൊൽക്കെട്ടുകളോടുകൂടി അഭിനയിക്കുന്നതാണ് സ്വരപല്ലവി. സഭാഭിനയം മോഹിനിയാട്ടത്തിലേയും ദാസിയാട്ടത്തിലെയും പദങ്ങളോട് സാമ്യമുള്ളതും അഭിനയ പ്രധാനവുമാണ്.
ചൊൽക്കെട്ടിലും അംഗവിന്യാസത്തിലും തില്ലാനയ്ക്കു സമമായിട്ടുള്ള തരിത്ധം അവതരിപ്പിക്കുന്നതോടുകൂടി നൃത്തപരിപാടിക്ക് സമാപനമാകുന്നു.
മംഗളാചരണം (നൃത്യാഞ്ജലി)
തിരുത്തുകഭൂമിയിൽ ചവിട്ടി നൃത്തം ചെയ്യുന്നതിനു ഭൂമിദേവിയോട് പ്രാർത്ഥിക്കുന്നതും തന്റെ തെറ്റുകുറ്റങ്ങൾ പൊറുക്കാൻ സഭാവാസികളോട് അപേക്ഷിക്കുന്നതും,, ഗുരുവിനെ വണങ്ങുന്നതുമാണ് “മംഗളാചരണം“. ഭൂമിപ്രണാമം, ദേവസ്തുതി, ശബ്ദപ്രണാമം, എന്നു മൂന്നു തരം മംഗളാചരണങ്ങൾ ഉണ്ട്. നൃത്താധിപനായ നടരാജനെ ആരാധിക്കുന്നതോടൊപ്പം അംഗശുദ്ധി പ്രകടിപ്പിക്കുന്ന ഇനമാണ് ഇത്.
പല്ലവി
തിരുത്തുകപല്ലവി“ ഒഡിസ്സിയിലെ നൃത്തവിഭാഗമാണ്. വാദ്യപല്ലവിയെന്നും, സ്വരപല്ലവിയെന്നും പല്ലവി രണ്ട് വിധം ഉണ്ട്. ഭരതനാട്യത്തിലെ അവസാന ഇനമായ തില്ലാനയോട് ഇതിനു് സാദൃശ്യമുണ്ട്. [5]
അഭിനയം
തിരുത്തുകനൃത്തം സമ്മേളിക്കുന്ന അത്യന്തം മനോഹരമായ ഒരിനമാണ് ഒഡിസ്സിയിലെ “അഭിനയം“. രസാഭിനയവും ഹസ്താഭിനയവും ഇതിൽപെടുന്നു. ഗീതഗോവിന്ദവും, അനേകം പ്രമുഖരായ ഒറിസ്സാകവികളുടെ കൃതികളും ഒഡിസ്സി നർത്തകർ അഭിനയത്തിനു ഉപയോഗിക്കുന്നു.
മോക്ഷം
തിരുത്തുകമോക്ഷത്തിലെ“ പ്രധാനഭാവം ആഹ്ലാദമാണ്. ചലനങ്ങൾ ദൃതങ്ങളാണ്. നർത്തകിയുടെ ആത്മാവ് പരമാത്മാവിൽ ലയിച്ച് പരമാനന്ദം അനുഭവിക്കുന്ന ഭാവപ്രകടനമാണ് മോക്ഷത്തിൽ. നാട്യത്തിന്റെ പരമമായ ലക്ഷ്യം, ജീവാത്മാ-പരമാത്മാ ഐക്യമാണെന്ന് കാണിക്കുന്ന മോക്ഷം എന്ന ഇനത്തോടെ ഒഡിസ്സി നൃത്തപരിപാടി അവസാനിക്കുന്നു.
ചിത്രങ്ങൾ
തിരുത്തുക-
ഒഡീസ്സി പരിശീലനത്തിനിടയിൽ നിന്ന്
-
രുദ്രാക്ഷ്യ എന്ന ഒഡീസ്സിനൃത്തസംഘത്തിന്റെ പരിപാടിയിൽ നിന്ന്
-
നിശാഗന്ധി നൃത്തോത്സവത്തിൽ നിന്ന്
അവലംബം
തിരുത്തുക- ↑ മടവൂർ ഭാസി രചിച്ച “ലഘുഭരതം”
- ↑ http://chandrakantha.com/articles/indian_music/nritya/odissi.html Archived 2016-01-21 at the Wayback Machine. ODISSI
- ↑ http://www.orissatourism.org/orissa-dance-and-music/odissi-dance.html Archived 2010-05-28 at the Wayback Machine. Odissi Dance
- ↑ http://www.orissatourism.org/orissa-dance-and-music/index.html Archived 2010-06-15 at the Wayback Machine. Orissa Dance and Music
- ↑ വിജയഭാനു രചിച്ച “നൃത്യപ്രകാശിക”
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.artindia.net/odissi.html
- http://www.webindia123.com/dances/odissi/ Archived 2008-02-10 at the Wayback Machine.
- http://orissagov.nic.in/culture/odissi.htm Archived 2009-02-03 at the Wayback Machine.
- http://www.chandrakantha.com/articles/indian_music/nritya/odissi.html Archived 2008-12-19 at the Wayback Machine.
- http://www.kanakasabha.com/sapta/odissi.htm Archived 2008-12-20 at the Wayback Machine.