മാധവി മുദ്ഗൽ
അറിയപ്പെടുന്ന ഒരു ഇന്ത്യൻ ശാസ്ത്രീയ നർത്തകിയാണ് മാധവി മുദ്‌ഗൽ. ഒഡീസി നൃത്ത ശൈലിയിലാണ് ഇവരുടെ പ്രാഗൽഭ്യം. 1984-ൽ സംസ്കൃതി അവാർഡ്, 1990-ൽ പത്മശ്രീ, 1996-ൽ ഒറീസ്സ സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡ്, 1997-ൽ ഫ്രഞ്ച് ഗവണ്മെന്റിന്റെ ഗ്രാൻഡ് മെഡയിൽ ഡി ലാ വിൽ, 2000-ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, 2002ൽ ഡൽഹി സംസ്ഥാന പരിഷത്ത് സമ്മാൻ എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. 2004-ൽ നൃത്യചൂഡാമണി എന്ന ബഹുമതിക്കർഹയായി. പ്രശസ്ത നർത്തകിയായ ആരുഷി മുദ്‌ഗൽ അനന്തരവളാണ്[1]
മാധവി മുദ്ഗൽ | |
---|---|
ജനനം | |
തൊഴിൽ | ഒഡീസി നൃത്തം, അഭിനേത്രി, ഗുരു |
Current group | ഗന്ധർവ മഹാദ്യാലയ, ന്യൂഡൽഹി |
നൃത്തം | ഒഡീസി, ഭരതനാട്യം, കഥക് |
ആദ്യകാലജീവിതം
തിരുത്തുകഹിന്ദുസ്ഥാനി സംഗീതം, ക്ലാസിക്കൽ നൃത്തം എന്നിവയ്ക്ക് ന്യൂ ഡെൽഹിയിൽ ഏറ്റവും പ്രസിദ്ധമായ ഗന്ധർവ മഹാദ്യാലയത്തിന്റെ സ്ഥാപകനായ പ്രൊഫസർ വിനയ് ചന്ദ്ര മൗദ്ഗല്യയുടെ മകളായി മാധവി മുദ്ഗൽ ജനിച്ചു. കലയും നൃത്തവുമായി ആഴത്തിലുള്ള സ്നേഹം കുടുംബ പാരമ്പര്യത്തിൽ നിന്ന് ലഭിച്ചു. ഗുരു ശ്രീ ഹരേകൃഷ്ണ ബേർഹയുടെ ശിക്ഷണത്തിൽ നൃത്തമഭ്യസിച്ചു തുടങ്ങിയ മാധവിയുടെ മികവ് വൈകാതെ തിരിച്ചറിയപ്പെട്ടു. നാലാം വയസ്സിൽ തന്നെ അരങ്ങേറ്റം നടത്തി[2]. തുടക്കത്തിൽ അവർ ഭരതനാട്യം, കഥക് തുടങ്ങിയവ പഠിച്ചു. പിന്നീട് ഒഡീസി തിരഞ്ഞെടുക്കുകയായിരുന്നു. മഹാനായ ഗുരു കേളു ചരൺ മഹാപത്രയുടെ കീഴിൽ[3] ഒരു മികച്ച നർത്തകിയായി മാധവി മുദ്ഗൽ പേരെടുത്തു.
കുടുംബം
തിരുത്തുകപ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും പത്മശ്രീ ജേതാവുമായ മധുപ് മുദ്ഗൽ സഹോദരനാണ്. ഇദ്ദേഹത്തിന്റെ മകളാണ് പ്രശസ്ത നർത്തകിയായ ആരുഷി മുദ്ഗൽ. മറ്റൊരു സഹോദരൻ മുകുൾ മുദ്ഗൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. 2013-ലെ ഐ.പി.എൽ വാതുവെയ്പ് കേസ് അന്വേഷിച്ച മുദ്ഗൽ കമ്മിറ്റിയുടെ തലവൻ ഇദ്ദേഹമായിരുന്നു. മുകുൾ മുദ്ഗലിന്റെ മുൻഭാര്യയായിരുന്നു പ്രശസ്ത ഗായിക ശുഭാ മുദ്ഗൽ. ഇവരുടെ മകനും മാധവിയുടെ അനന്തരവനുമായ ധവൾ, ‘ഹാഫ് സ്റ്റെപ്പ് ഡൗൺ’ എന്ന പ്രശസ്ത റോക്ക് ബാൻഡിലെ പ്രധാന ഗായകനാണ്[4].