പത്തിലധികം മലയാള ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ച ഒരു സംഗീതജ്ഞനായിരുന്നു എസ്. ബാലകൃഷ്ണൻ (1948 നവംബർ 8 - 2019 ജനുവരി 17). എണ്ണത്തിൽ കുറവെങ്കിലും സൂപ്പർഹിറ്റുകളായി മാറിയ ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. 'ഒരായിരം കിനാക്കളാൽ', 'ഉന്നം മറന്ന് തെന്നിപ്പറന്ന', 'ഏകാന്തചന്ദ്രികേ', 'നീർപ്പളുങ്കുകൾ', 'പവനരച്ചെഴുതുന്നു', 'പാതിരാവായി നേരം' തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ഗാനങ്ങളാണ്.

ജീവിതരേഖ

തിരുത്തുക

1948 നവംബർ 8-ന് പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയിൽ ശങ്കരയ്യർ, രാജമ്മാൾ ദമ്പതികളുടെ മകനായി ഒരു തമിഴ് ബ്രാഹ്മണകുടുംബത്തിൽ ജനിച്ച ബാലകൃഷ്ണൻ കോയമ്പത്തൂരിലായിരുന്നു ബാല്യകാലത്ത് താമസിച്ചിരുന്നത്. കോയമ്പത്തൂർ വിശ്വനാഥൻ പിള്ളയ്ക്കു കീഴിൽ ശാസ്ത്രീയസംഗീതം, ഓടക്കുഴൽ എന്നിവ അഭ്യസിച്ചു. പ്രായപൂർത്തിയായ ശേഷമാണ് സംഗീതപഠനമാരംഭിച്ചത്. എകണോമിക് ഹിസ്റ്ററിയിൽ ബിരുദത്തിനു ശേഷം ചലച്ചിത്രങ്ങളിൽ അവസരം തേടി ചെന്നൈയിലേക്ക് മാറി. സംഗീതപാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് വന്ന ബാലകൃഷ്ണൻ ഈ തൊഴിൽ തിരഞ്ഞെടുത്തത് കുടുംബത്തിന് എതിർപ്പായിരുന്നു.

1975-ൽ ലണ്ടൻ ട്രിനിറ്റി കോളേജിൽ റെക്കോർഡർ പഠിക്കാനായി പോയി. ഓർക്കെസ്ട്രകളിലും ചലച്ചിത്രഗാനങ്ങളിലുമെല്ലാം ഓടക്കുഴലും റെക്കോർഡറും വായിക്കാറുണ്ടായിരുന്നു. രാജൻ-നാഗേന്ദ്ര, എം.ബി. ശ്രീനിവാസൻ, ഗുണ സിങ് എന്നിവരുടെ സഹായിയായാണ് ചലച്ചിത്രസംഗീതരംഗത്തേക്ക് കടന്നുവന്നത്. 1997-നു ശേഷം സംഗീതം പഠിപ്പിക്കാനാരംഭിച്ചു. എ.ആർ. റഹ്മാന്റെ കെ.എം. മ്യൂസിക് കൺസർവേറ്ററി, ഗലീലി അക്കാദമി, യമഹ മ്യൂസിക് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ പഠിപ്പിച്ചിട്ടുണ്ട്.

രാജലക്ഷ്മിയാണ് ഭാര്യ. ശ്രീവത്സൻ ബാലകൃഷ്ണൻ, വിമൽ ശങ്കർ എന്ന രണ്ട് മക്കളുണ്ട്. 2019 ജനുവരി 17-ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് ചെന്നൈയിലെ നീലാങ്കരയിലെ സ്വവസതിയിൽ വച്ച് 70-ആം വയസ്സിൽ അന്തരിച്ചു. അർബുദമായിരുന്നു മരണകാരണം.

മലയാളചലച്ചിത്രങ്ങൾ

തിരുത്തുക

സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിന്റെ ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നൽകിയതിനാണ് ഏറ്റവും പ്രശസ്തി. റാംജിറാവ് സ്പീക്കിങ്ങ് ആയിരുന്നു ആദ്യ ചിത്രം. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ചിത്രത്തിൽ എം.ബി. ശ്രീനിവാസനെ സഹായിച്ചിരുന്ന ബാലകൃഷ്ണനെ ആ ചിത്രത്തിന്റെ സംവിധായകനായിരുന്ന ഫാസിൽ ആണ് സിദ്ദിഖ്-ലാലിന് നിർദ്ദേശിച്ചത്.

സംഗീതസംവിധാനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എസ്._ബാലകൃഷ്ണൻ&oldid=3091779" എന്ന താളിൽനിന്ന് ശേഖരിച്ചത്